▼

Mathala Rasayanam with its Indication and Dosage

Mathala Rasayanam with its indication and dosage

Mathala Rasayanam is an Ayurvedic medicine used in digestive and respiratory diseases. Mathalam means pomegranate in Sanskrit.


Mathala Rasayanam uses:

Kasa,  Swasa ,Kshaya, Hicca ,Vidradhi,Antravidradhi ,Agnimandya,Vami ,Gulma ,Kshata ,Arochaka ,Hrit Ruja ,Pleeha roga ,Yakrit roga ,Raktapitta ,Swarabhanga

Matala Rasayama dose: 5-10 grams once or twice a day

Dosage for children below 5 years of age – 1 – 2 grams, once or twice a day, along with a teaspoon of honey or warm water.

Dosage for children between 5 – 12 years of age – 5 grams once or twice a day along with a teaspoon of honey or warm water.

Mathala Rasayanam ingredients:

Dadima rasa – juice extract of pomegranate – 288 grams
Stanya – breast milk (or cow milk) – 288 ml
Atarusha rasa – juice extract of Adhatoda vasica – 288 ml
Ardraka rasa – ginger juice extract – 288 ml
Sita – sugar – 576 grams
Guda – jaggery – 576 grams
Khanda Sita – sugar candy – 576 ml

The above mixture is heated to semi solid consistency.Taken out of fire and following ingredients are added

Rala – Sarjarasa – Copal Tree (resin) – Vateria indica
Shringi – Colocynth (dried pulp) – Citrulus colocynthis
Chaturjata
Kataka – Clearing nut (seed) – Strychnos potatorum
Renuka – Vitex agnus-castus
Kushta – Saussurea lappa
Yashtimadhu – Licorice – Glycyrrhiza glabra
Lavanga – Clove – Syzigium aromaticum
Ishwari – Aristolochia indica
Krishajeeraka – Cumin
Jatipatra – Nutmeg (leaf) – Myristica fragrans
Jatiphala – Nutmeg (fruit) – Myristica fragrans
Nagakana – Gajapippali – Scindapsus officinalis / Piper chaba
Gopangana – Sariva – Indian Sarsaparilla (root) – Hemidesmus indicus
Vrisha – Vasa – Malabar nut tree (whole plant) – Adhatoda vasica
Saindhava – Rock Salt
Nagakusuma – Nagakeshara – Mesua ferrea
Akarakarabha – Anacyclus pyrethrum
Chandana – Sandalwood – Santalum album
Kasturi – Musk
Gorochana – cow bile
Mukta Bhasma – Bhasma (Calx) of Pearl
Indu – Karpoora – Camphor – Cinnamomum camphora
Mrigaretasi – Marjalaveerya – Caveat cat semen
Pravala Bhasma – Bhasma (Calx) of Coral
Swarnamakshika Bhasma – Calx of Pyrite of Iron and Copper

After cooling down, honey is added.

ചർമ്മ രോഗങ്ങളും അവയുടെ ആയുർവേദ പരിഹാരമാർഗ്ഗങ്ങളും

പ്രിയ സുഹൃത്തുക്കളെ ഞാൻ നിങ്ങളുമായി പങ്കു വെക്കുന്നു  അറിവുകൾ നിങ്ങൾക്ക് ഉപകാരപ്പെടുന്നു എന്നറിയുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ഈ ലേഖനത്തിൽ ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് വിവിധ തരത്തിലുളള ചർമ്മ രോഗങ്ങളും അവയുടെ ആയുർവേദ പരിഹാര മാർഗ്ഗങ്ങളെയും കുറിച്ചാണ് ഇത് ഞാൻ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ലേഖനമാണിത് എന്നാൽ ഇപ്പോൾ നിങ്ങളുടെ അറിവിലേക്കായി ചെറിയ ചില മാറ്റങ്ങൾ വരുത്തി സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന വിധം അതിനെയൊന്നും ചിട്ടപ്പെടുത്തി നിങ്ങളുമായി പങ്കുവയ്ക്കുന്നു  ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്പെടുമെന്നും ചർമ്മ രോഗങ്ങളെ കുറിച്ചുള്ള അവബോധം നിങ്ങളിൽ ഉണ്ടാക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
...................................................

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമം വിവിധതരത്തിലുള്ള രോഗങ്ങൾ അതിനെ ബാധിക്കാറുണ്ട്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ എളുപ്പത്തിൽ മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടുന്നതിനാൽ അത് സാമൂഹികവും മാനസികവുമായ പല പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്. ശരീരത്തിൻറെ ബാഹ്യമായ ഒരു ആവരണം ആണ് ചർമ്മം എന്നു പറയുന്നത്, അതുകൊണ്ടുതന്നെ  ശരീരഭാഗങ്ങളും ബാഹ്യാന്തരീക്ഷവും ആയുള്ള മധ്യസ്ഥം ചർമ്മത്തിന് നിർവഹിക്കേണ്ടിവരും അതിനാൽ ത്വക്കിൽ ഉണ്ടാകുന്ന രോഗങ്ങൾ ശരീരത്തിൻറെ ബാഹ്യമായ മാലിന്യങ്ങൾ കൊണ്ടും ആന്തരികമായ മാലിന്യങ്ങൾ കൊണ്ടും ഉണ്ടാകുന്നു. അപൂർവമായി ചില ചർമ്മ രോഗങ്ങൾ പാരമ്പര്യ കാരണങ്ങൾ കൊണ്ടും ഉണ്ടാവുന്നു ചില രോഗങ്ങൾ ശരീരത്തെ മുഴുവനായി ബാധിക്കുന്നു എന്നാൽ മറ്റു ചിലരാകട്ടെ ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളിൽ മാത്രം ബാധിക്കുന്നു. ഒട്ടുമിക്ക ചർമരോഗങ്ങളും ഗുരുതരമല്ല  എന്നാൽ സോറിയാസിസ് ,എക്സിമ, പൂപ്പൽ രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ പഴക്കം ചെല്ലുമ്പോൾ ഗുരുതരമായി തീരാറുണ്ട് മാത്രമല്ല ഇവയ്ക്ക് ദീർഘകാല ചികിത്സയും ആവശ്യമാണ്. ചർമ്മ രോഗങ്ങൾ വരാതിരിക്കാൻ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് ചോദിച്ചാൽ വ്യക്തിശുചിത്വം നിയമങ്ങൾ പാലിക്കുക എന്നതാണ്. ജനങ്ങൾക്കിടയിൽ സർവസാധാരണയായി കണ്ടുവരുന്ന ചില ചർമ്മ രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങളും അവയ്ക്കുള്ള പരിഹാര മാർഗങ്ങളും ഞാൻ താഴെക്കൊടുത്തിരിക്കുന്നു.

1) ഇന്നത്തെ കാലത്ത് അലർജി സർവ്വസാധാരണമായി കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്നുണ്ട് ചുവന്ന നിറത്തിൽ തടിപ്പോടു  കൂടിയും, ചൊറിച്ചിലോടു കൂടിയും ആണ് ഇവ പ്രധാനമായും കണ്ടുവരുന്നത് ഇവക്ക് പ്രധാനകാരണം ആഹാരവുമായും, മാനസിക സംഘർഷവുമായും ബന്ധപ്പെട്ടാണ് കൂടുതൽ കണ്ടുവരുന്നത്, വളർത്തുമൃഗങ്ങളുമായുള്ള അമിതമായി സമയം ചെലവഴിക്കുക, ചില പ്രാണികൾ ദേഹത്ത് വന്നിരിക്കുക അതുപോലെതന്നെ ചില ചെടികളുടെയും വൃക്ഷങ്ങളുടെ സാന്നിധ്യം കൊണ്ടും അലർജി ഉണ്ടാകാറുണ്ട്. ഇതിന് നല്ല ആയുർവേദ ചികിത്സ തുടക്കത്തിൽ തന്നെ വളരെ അത്യാവശ്യമാണ്. ചർമം ഈർപ്പമുള്ളതായി നിലനിർത്തിയാൽ ത്വഗ്രോഗങ്ങൾ തടയുവാനായി സാധിക്കും അതിന് ആയുർവേദ തൈലങ്ങൾ ദിവസവും ഉപയോഗിക്കുന്നത് വളരെ നല്ലതാണ് ഉദാഹരണത്തിന് ഏലാദിതൈലം, ദിനേശവല്യാദിതൈലം മുതലായവ . കട്ടിയില്ലാത്ത അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ചർമരോഗങ്ങൾ നിയന്ത്രിക്കുവാൻ വളരെയധികം സഹായിക്കും. അലർജി ബാധിച്ച ചർമ്മ ഭാഗങ്ങൾക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടാൽ അവിടെ കൈകൾകൊണ്ട് മറ്റു വസ്തുക്കൾ കൊണ്ടോ ചൊറിയാൻ ശ്രമിക്കരുത് അത് അലർജിയുമായി ബന്ധപ്പെട്ട അസുഖമുള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആര്യവേപ്പിലയും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് അലർജിയുള്ളവർക്ക് അതിന്റെ ലക്ഷണങ്ങൾ കുറയാൻ വളരെ ശ്രേഷ്ഠമാണ്. അതുപോലെതന്നെ ചെറുനാരങ്ങാനീരിൽ ഇന്തുപ്പ് പൊടിച്ച് ചാലിച്ച് പുരട്ടുന്നത് ദേഹത്തിലുള്ള ചൊറിച്ചിൽ കുറയ്ക്കുവാൻ സഹായിക്കും. ഹരിദ്രാഖണ്ഡം ,വില്വാദി ഗുളിക, ദൂഷീവിഷാരി ഗുളിക മുതലായവ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

2) ഇന്ന് ചൂടുകാലത്ത് സർവ്വസാധാരണമായി കണ്ടുവരുന്ന അസുഖമാണ് ചൂടുകുരു എന്ന് പറയുന്നത് കൈകളിലും തോളിലും കഴുത്തിലും മുഖത്തും ആണ് അത് സാധാരണയായി കണ്ടുവരുന്നത് തേങ്ങാപ്പാൽ വെള്ളം ചേർക്കാതെ ദേഹത്തു പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് കുളിക്കുന്നത് ഇതിന് വളരെ നല്ലതാണ് അതുപോലെതന്നെ ആയുർവേദ തൈലങ്ങൾ ആയ ചെമ്പരത്തിയാദി വെളിച്ചെണ്ണ, ലാക്ഷാദി വെളിച്ചെണ്ണ മുതലായവയും ഇതിന് ശ്രേഷ്ഠമാണ്.

3)അതുപോലെതന്നെ ഇന്നത്തെ തെറ്റായ ഭക്ഷണരീതി കൊണ്ടുണ്ടും,
മാനസികമായി ഉണ്ടാകുന്ന സമ്മർദ്ദങ്ങൾ കൊണ്ടും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട അസുഖമാണ് സോറിയാസിസ് എന്നുപറയുന്നത് സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി ചർമ്മകോശങ്ങൾ നിയന്ത്രണാതീതമായി വളരുകയും ചർമ്മത്തിന്റെ ഉപരിതലത്തിൽ പൂർണ വളർച്ചയെത്താതെ വെളുത്ത ശകലങ്ങളായി കാണപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് സോറിയാസിസ്. ആയുർവേദത്തിൽ സോറിയാസിസ് വളരെ ശക്തമായതും ഫലപ്രദവുമായ ചികിത്സാരീതികളുണ്ട്, ഇന്ന് സോറിയാസിസിന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് ദന്തപാല വെളിച്ചെണ്ണ  അതുപോലെതന്നെ ആയുർവേദ പഞ്ചകർമ ചികിത്സാ രീതികൾ കൊണ്ട് സോറിയാസിസ് പൂർണ്ണമായും ചികിത്സിച്ച് സുഖപ്പെടുത്താം സാധിക്കും. പലപ്പോഴും സോറിയാസിസ് എന്ന രോഗം പാരമ്പര്യമായി കണ്ടുവരുന്നുണ്ട് അതിനാൽ തന്നെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ചർമ്മരോഗങ്ങൾ കുറയ്ക്കാൻ നമുക്ക് ചില പൊടിക്കൈകൾ പ്രയോഗിക്കാം അമിതമായി സൂര്യതാപം ഏൽക്കുന്നത് ഒഴിവാക്കുക ,മദ്യവും, പുകവലിയും ഒഴിവാക്കുക, വിരുദ്ധാഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക ഉദാഹരണം, പാലും, പുളിയുള്ള പഴങ്ങളും കഴിക്കുന്നത് ഒഴിവാക്കുക മാനസികസമ്മർദം കുറയ്ക്കുവാനായി യോഗയും മറ്റും ചെയ്യുക , മുതലായവ ചർമ്മ രോഗങ്ങൾ തടയാൻ നമ്മളെ സഹായിക്കുന്ന ചില പൊടിക്കൈകൾ ആണ്. ആയുർവേദ പഞ്ചകർമ ചികിത്സാ രീതികൾ ആയ അഭ്യംഗം, സ്നേഹപാനം,ഉഴിച്ചിൽ, പിഴിച്ചിൽ, ഞവര കിഴി, ധാര, ഇലക്കിഴി , വസ്തി തുടങ്ങിയ ചികിത്സകൾ ചെയ്താൽ ശരീരത്തിന്റെ രക്തയോട്ടം വർദ്ധിക്കുകയും പലതരത്തിലുള്ള ചർമരോഗങ്ങൾ സുഖപ്പെടുകയും ചെയ്യും. ആയുർവേദ ഔഷധങ്ങളായ ദന്തപാല വെളിച്ചെണ്ണ, ആരഗ്വധാദി കഷായം, തിക്തം കഷായം മഞ്ജിഷ്ഠാദി കഷായം മുതലായവ ചികിത്സയിൽ ഉപയോഗിക്കാറുണ്ട്

4)നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചില വസ്തുക്കൾ ചർമ്മ രോഗങ്ങൾക്ക് പ്രധാനമായും എക്സിമയ്ക്ക് കാരണമാകാറുണ്ട് ഉദാഹരണത്തിന് ചില ചായങ്ങൾ, സോപ്പുകൾ ,രാസവസ്തുക്കൾ , ചില ചെടികളും ആയുള്ള സംസർഗം, അമിതമായ തണുപ്പും, അമിതമായ ചൂടും, ശരീരത്തിൽ മലശോധന ഇല്ലാത്തത് കൊണ്ടാണ് പ്രധാനമായും എക്സിമക്ക് കാരണമാകുന്നത്. സാധാരണയായി ശിശുക്കളിലും പ്രായംകുറഞ്ഞ കുട്ടികളിലും ആണ് എക്സിമ ധാരാളമായി കണ്ടുവരുന്നത്. എക്സിമ എന്നുപറയുന്നത് പകരുന്ന ഒരു രോഗമല്ല നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന "കരപ്പൻ" "വരട്ടുചൊറി" എന്ന പേരുകളിലറിയപ്പെടുന്ന അസുഖം തന്നെയാണ് എക്സിമ. ഈ രോഗികൾ വീര്യം കുറഞ്ഞ സോപ്പുകളും, ഡിറ്റർജന്റുകളും മാത്രം ഉപയോഗിക്കുക  ഇളംചൂടുവെള്ളത്തിൽ മാത്രം കുളിക്കുക ,ചർമത്തിൽ അമിതമായി ചൊറിയാതെ ഇരിക്കുക ഇതെല്ലാം എക്സിമ രോഗികൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ചർമരോഗങ്ങൾ കൂട്ടുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അതിനാൽ തന്നെ അത്തരം വസ്ത്രങ്ങൾ ഒഴിവാക്കി ലൂസായ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിച്ചാൽ ചർമ്മ രോഗങ്ങൾ ഒരു പരിധിവരെ തടയാൻ സാധിക്കും. പലതരത്തിലുള്ള ചർമരോഗങ്ങൾക്കും ഞാൻ പറഞ്ഞ കാരണങ്ങൾ കൂടാതെ ഒരു ഡോക്ടറുടെ സഹായത്താൽ നിങ്ങളുടെ ജീവിതരീതിയെ കൂടെ കൂടി ഒന്ന് ചിട്ടപ്പെടുത്തി ആയുർവേദ ഔഷധങ്ങൾ അതുപോലെതന്നെ പഞ്ചകർമ ചികിത്സകൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ ചർമ്മരോഗങ്ങളെ വേരോടു കൂടി പിഴുതെറിയാൻ നിങ്ങൾക്ക് സാധിക്കുന്നതാണ് അതിനാൽ തന്നെ സ്വയം ചികിൽസ ഒഴിവാക്കി ഒരു ആയുർവേദ ഡോക്ടറുടെ ഉപദേശാനുസരണം മാത്രം ചർമ്മ രോഗങ്ങളെ ചികിത്സിക്കുക ഇല്ലെങ്കിൽ ശരീരത്തിൻറെ ഏറ്റവും വലിയ അവയവമായ ചർമത്തിൽ നിങ്ങൾ പല മരുന്നുകൾ പരീക്ഷിച്ചു അതിന്റെ സ്വാഭാവിക പ്രവർത്തനങ്ങളിൽ നിങ്ങൾ കാരണം വൈകല്യങ്ങളും വൈകൃതവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ഒരു അവസ്ഥ വരാതിരിക്കുവാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. എക്സിമ എന്നറിയപ്പെടുന്ന കരപ്പൻ എന്ന രോഗം ഒരു അലർജിയിൽ സാധാരണയായി തുടങ്ങുകയും പിന്നീട് അവിടെ ചൊറിച്ചിലും, ചുവപ്പും അനുഭവപ്പെട്ട് കാലക്രമത്തിൽ വ്രണത്തിൽ അവസാനിക്കുകയും ചെയ്യും  ചുവന്നുതടിച്ച് അടയാളങ്ങൾ ഉണ്ടാകുന്നു അസഹ്യമായ ചൊറിച്ചിലും, നീറ്റലും ,വേദനയും ഉണ്ടാകുന്നു പിന്നീട് അതൊരു വ്രണം ആയിത്തീരുന്നു അതിൽ നിന്നുവരുന്ന സ്രാവം ഈ രോഗം പടർന്നു പിടിക്കുന്നതിന് കാരണമാകുന്നു  ഇത് പ്രധാനമായും കാൽമുട്ട്, തോൾ , നെഞ്ചിന്റെ ഭാഗം, പുറം ഭാഗങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. ആയുർവേദ ഔഷധങ്ങളായ കരപ്പൻ കഷായം, മക്കിപ്പൂവാദി കഷായം, രജന്യാദി ചൂർണ്ണം, മൂലകാസവം, ഖദിരാരിഷ്ടം, ചെമ്പരത്യാദി വെളിച്ചെണ്ണ മുതലായവ ഇതിന്റെ ചികിത്സയിൽ ഉപയോഗിക്കാറുണ്ട്

5)ശരീരത്തിലെ പല ഭാഗങ്ങളിലായി കാണപ്പെടുന്ന പൂപ്പൽ രോഗങ്ങൾ പലപേരുകളിൽ അറിയപ്പെടുന്നു കാൽപ്പാദങ്ങളിലും, വിരലുകൾക്കിടയിലും, കക്ഷത്തും, ഗുഹ്യ ഭാഗങ്ങളിലും ചൊറിച്ചിലും, പുകച്ചിലും, ചുവപ്പുനിറവും ആയി ഇവ സാധാരണയായി കാണപ്പെടുന്നു. ചിലപ്പോൾ ചർമ്മ ഇളകി പോവുകയും ചെയ്യുന്നു ഇതിന് പ്രധാനമായ കാരണം പൊതു നീന്തൽക്കുളങ്ങൾ, ഷൂസ്, സോക്സ് മുതലായവയും, പൊതു ടോയ്‌ലറ്റുകളുടെ ഉപയോഗവും ആണ്. ഇത്തരത്തിൽ അസുഖങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ സാധാരണ അമിതമായി സ്റ്റീറോയിഡുകൾ ഉപയോഗിക്കാറാണ് പതിവ് ഇവ ഭാവിയിൽ മാരക ചർമരോഗങ്ങൾക്ക് വഴിതെളിക്കുന്നു. യോനിഭാഗത്ത് പൂപ്പൽ രോഗം ഉണ്ടായാൽ അവിടെ അണുബാധയുണ്ടാവുകയും മഞ്ഞനിറത്തിലുള്ള സ്രാവം ഉണ്ടാകുകയും ചെയ്യുന്നു ഇതിനു പ്രധാനകാരണം ശുചിത്വമില്ലായ്മയാണ് . വായ്ക്കകത്തും യോനിയുടെ ഭാഗത്തും ഉണ്ടാകുന്ന പൂപ്പൽ രോഗങ്ങൾ ക്യാൻസറിന് കാരണമാകാറുണ്ട്.

6)ഇതല്ലാതെ തൊലിപ്പുറത്തുണ്ടാകുന്ന മറ്റൊരു പ്രധാന സുഖമാണ് "വിറ്റിലിഗോ" എന്ന അസുഖം അഥവാ വെള്ളപ്പാണ്ട് എന്ന് പറയുന്നത് . ഈ രോഗം ശരീരത്തിൻറെ തന്നെ പ്രതിരോധ വ്യവസ്ഥ ശരീരത്തിന് എതിരെ പ്രവർത്തിക്കുന്ന ഒരു സ്വയം പ്രതിരോധ അവസ്ഥയാണ് ഇതുകാരണം തൊലിയുടെ "മെലാനിൻ പിഗ്മെന്റ്" നഷ്ടപ്പെടാൻ ഈ രോഗം കാരണമാകും. ഈ രോഗം പാരമ്പര്യമായി പലരിലും കണ്ടുവരുന്നു, ഇത്തരം രോഗികൾ രക്തത്തെ ദുഷിപ്പിക്കുന്ന എരിവ്, പുളി ,ഉപ്പ്, അച്ചാർ മുതലായവ പൂർണമായും ഉപേക്ഷിക്കേണ്ടതാണ്. ത്വക് രോഗികൾ പൊതുവേ മത്സ്യമാംസങ്ങൾ പൂർണമായും ഉപേക്ഷിക്കുന്നതാണ് നല്ലത് ഇവയുടെ അമിതമായ ഉപയോഗം ഈ രോഗം വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ. ആയുർവേദ ഔഷധങ്ങളായ മഹാമഞ്ചിഷ്ടാദി കഷായം, തിക്തം കഷായം, മഹാതിക്തകം കഷായം, ആരോഗ്യവർദ്ധിനി വടി മുതലായവ ഇതിൻറെ ചികിത്സയിൽ ഉപയോഗിക്കാറുണ്ട്.

7)അതുപോലെ തന്നെ ഇന്ന് യൗവനാരംഭ കാലത്ത് പ്രധാനമായും കണ്ടുവരുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു ചർമത്തിലുണ്ടാകുന്ന ഗ്രന്ഥികളിലെ തടസ്സവും, ഹോർമോണുകളുടെ വ്യതിയാനവുമാണ് ഇതിന് പ്രധാന കാരണം. ചിലരിൽ ഈ അസുഖം വളരെ സങ്കീർണമായി ഉണ്ടാവുകയും മുഖസൗന്ദര്യം നശിപ്പിക്കുകയും ചെയ്യുന്നു  വറുത്തതും, പൊരിച്ചതുമായ പലഹാരങ്ങളുടെ  അമിതമായ ഉപയോഗവും, അമിതമായ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗവും മുഖക്കുരു വർദ്ധിക്കുന്ന വർദ്ധിപ്പിക്കാൻ തക്കതായ ഒരു കാരണമായി കണ്ടുവരുന്നു. മുഖക്കുരു ഒരു പരിധിവരെ നമുക്ക് സ്വയം നിയന്ത്രിക്കാൻ സാധിക്കും വളരെ വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കുന്നതും ഇളം ചൂടുവെള്ളം ഉപയോഗിച്ച് ദിവസേന രണ്ടു നേരമെങ്കിലും മുഖം കഴുകുന്നത് ചർമത്തിന് വളരെ നല്ലതാണ്. മുഖക്കുരു കാരണമുണ്ടാകുന്ന ചർമ്മത്തിലെ കലകൾ ആയുർവേദ ചികിത്സയിലൂടെ നമുക്ക് മാറ്റിയെടുക്കുവാൻ സാധിക്കും അതുപോലെതന്നെ ആയുർവേദ ചികിത്സയിലൂടെ മുഖക്കുരു വരുന്നത് തടയുവാനും സാധിക്കും. ആയുർവേദ ഔഷധങ്ങളായ നിംബാദി കഷായം, പടോല മൂലാദി കഷായം, ആരഗ്വധാദി കഷായം , ത്രിഫല ചൂർണം , ഏലാദി ചൂർണ്ണം, നിംബാദി ചൂർണം മുതലായവ ഇതിന്റെ ചികിത്സയിൽ ഉപയോഗിക്കാറുണ്ട്

8)കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന ചർമരോഗമാണ് ചൊറിയും, ചിരങ്ങും  ചർമത്തിൽ മുട്ടയിട്ട് പെരുകുന്ന "മൈറ്റുകൾ" എന്നറിയപ്പെടുന്ന പ്രത്യേകതരം സൂക്ഷ്മജീവികളാണ്   ചൊറിക്കും, ചിരങ്ങിനും പ്രധാനമായും കാരണമാകുന്നത്. മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന ജീവികൾ ആണിത്, മറ്റുള്ളവരിലേക്കും ഈ രോഗം പകരുവാൻ സാധ്യതയുണ്ട്. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, വിരിപ്പുകൾ എന്നിവ അലക്കി വെയിലത്തുണക്കി ഇസ്തിരിയിട്ട വയ്ക്കണം. അതുപോലെതന്നെ  അണുനാശിനികൾ കൊണ്ട് ശരീരം വൃത്തിയായി സൂക്ഷിക്കണം. പട്ടികളുമായോം പൂച്ചകളുമായും നിരന്തരം സംസർഗത്തിൽ ഏർപ്പെടുന്ന മനുഷ്യരിലേക്ക് ഇത് പകരുവാൻ കൂടുതൽ സാധ്യതയുണ്ട്. അതിനാൽ ഇവയുമായുള്ള സംസർഗ്ഗം ഇത്തരത്തിലുള്ള രോഗികൾ ഒഴിവാക്കണം. ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് വളരെ നല്ലതാണെന്ന്. അതുപോലെതന്നെ ഗുഗ്ഗുലുപഞ്ചപല ചൂർണം പുകക്കുന്നത്(ധൂപനം) ചെയ്യുന്നതും വളരെ നല്ലതാണ്

9)പുഴുക്കടി എന്ന രോഗം നിങ്ങളെല്ലാവരും സർവ്വസാധാരണയായി കേട്ടിട്ടുണ്ടാകും വിരകളോ, കീടങ്ങളോ അല്ല ഈ രോഗം ഉണ്ടാകുന്നതാണ് മോതിരത്തിന്റെ ആകൃതിയിൽ വൃത്താകൃതിയിൽ ചൊറിച്ചിലോടുകൂടി ചർമത്തിലുണ്ടാകുന്ന ചുവന്നതോ, വെളുത്തതോ ആയ പാടുകൾ ആണ് ഇവയുടെ ലക്ഷണം. നായ്ക്കളിൽ നിന്നോ, പൂച്ചകളിൽ നിന്നോ അതോ മറ്റു വളർത്തുമൃഗങ്ങളിൽ നിന്നുമാണ് കൂടുതലായും കുട്ടികളിലേക്കും മുതിർന്നവരിലേക്കും ഈ രോഗം ബാധിക്കുന്നത്. തുടക്കത്തിലെ തന്നെ ആയുർവേദ ചികിത്സകൾ ചെയ്യുകയാണെങ്കിൽ നമുക്കീ രോഗത്തെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കും, കാലപ്പഴക്കം എത്തിയാൽ ഈ രോഗം ചികിത്സ എന്നത് ഒരു ബാലികേറാമലയാണ്.

10) ശിശുക്കളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ചർമ്മരോഗമാണ് "ഡയപർ റാഷ്" പ്ലാസ്റ്റിക് ഡയപർ ഉപയോഗിക്കുന്ന കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത് വിസർജനം കഴിഞ്ഞ ഉടനെ മാറ്റിയില്ലെങ്കിൽ അണുബാധയുണ്ടാകാനും ശക്തമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതായും കണ്ടുവരുന്നുണ്ട്. ഇത് കുട്ടികളുടെ ഗുഹ്യഭാഗത്തും തുടയിലും ചുവപ്പുനിറത്തോടുകൂടിയ കുരുക്കൾ ഉണ്ടാകുന്നു ഇടയ്ക്കിടയ്ക്ക് മാറ്റുക എന്നതാണ് രോഗം വരാതിരിക്കാനുള്ള മുൻകരുതൽ, വിസർജനം കഴിഞ്ഞ ഉടനെ തന്നെ ചെറുചൂടുവെള്ളത്തിൽ മുക്കി കുട്ടികളുടെ ഗുഹ്യഭാഗങ്ങൾ വൃത്തിയാക്കണം. ശരീരഭാഗം വളരെ വൃത്തിയായി സൂക്ഷിക്കുക ഗുളൂച്യാദി കഷായം കൊണ്ട് അ ഭാഗം കഴുകുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ ആ ഭാഗത്ത് മുറിവെണ്ണയൊ, ജാത്യാദി തൈലമേ പുരട്ടുന്നതും വളരെ ഫലം ചെയ്യും

11)അടുത്തതായി നമ്മളെയെല്ലാം വളരെയധികം അലട്ടുന്ന മറ്റൊരു ചർമരോഗമാണ് താരൻ അഥവാ ഡാൻഡ്രഫ് തലയോട്ടിയിലെ ഉപരിതല ചർമം അമിതമായി കൊഴിഞ്ഞുപോകുന്ന രോഗാവസ്ഥയാണിത് കൊഴിയുന്ന മൃതകോശങ്ങൾ മുടിയിൽ അടിഞ്ഞുകൂടുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും. ആയുർവേദൗഷധങ്ങൾ ആയ ദാരുണക തൈലം, ദന്തപാല വെളിച്ചെണ്ണ, ദുർദുര പത്രാദി വെളിച്ചെണ്ണ മുതലായവ  ഉപയോഗിക്കുന്നതുകൊണ്ട് ഈ രോഗം നമുക്ക് നിശേഷം മാറ്റുവാൻ സാധിക്കും.

12) പ്രായമാകുന്തോറും നമ്മളെ അലട്ടുന്ന മറ്റൊരു ചർമരോഗമാണ് ത്വക്കിലെ ചുളിവ്, ചർമ്മത്തിന്റെ തിളക്കവും പ്രസരിപ്പും സ്നിഗ്ധതയും നഷ്ടമാകുന്നത് കാരണമാണ് ഇതുണ്ടാകുന്നത്. ഇതിന് പ്രധാന കാരണം ചർമ്മത്തിലെ "കൊളാജിൻ" എന്നുപറയുന്ന ഘടകത്തിന്റെ കുറവാണ് ഈ ഘടകത്തിന്റെ കുറവ് കാരണം ശരീരത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നു. ഇത്തരത്തിൽ ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ ആയുർവേദ ശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന  തൈലങ്ങളുടെ ശാസ്ത്രീയമായ ഉപയോഗമുണ്ട് പൂർണമായും സുഖപ്പെടുത്തുവാൻ സാധിക്കും. ആയുർവേദ ഔഷധങ്ങളായ ധന്വന്തരം തൈലം, മഹാനാരായണ തൈലം മുതലായവയുടെ ഉപയോഗം ഇത്തരം അവസ്ഥകളിൽ വളരെ നല്ലതാണ്.

13.കീലോയിഡ് ഒരു രോഗമല്ല സർജറി മുതലായ പല കാരണങ്ങൾ കൊണ്ട് ഉണ്ടായ മുറിവിൽ കല പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരവസ്ഥയാണിത്,  അനാകർഷകമായ ഒരു കലയായി കരുതി അവഗണിച്ചാൽ ഒരു കുഴപ്പവുമില്ല അത് പൂർണമായി എടുത്ത് മാറ്റണമെങ്കിൽ ലേസർ ചികിത്സയും , ക്രയോ സർജറിയോ ചെയ്യേണ്ടിവരും എന്നാൽ അത് തിരിച്ചു വരാനും സാധ്യതയുണ്ട് മാംസ ധാതുക്കളുടെ വികൃതി യാണ് ഇതിന് കാരണം. അത് സാധാരണയായി ശരീരത്തിൽ നെഞ്ചിലെ ഭാഗത്തും തോൾ ഭാഗത്തും ചെവിയിലും മുഖത്തും ആണ് പ്രധാനമായി കണ്ടുവരുന്നത് ചൊറിച്ചിലും , തൊടുമ്പോൾ വേദനയും, പുറമേക്ക് തള്ളിനിൽക്കുന്ന മാംസളമായ കലയും ഇതിന്റെ പ്രധാന ലക്ഷണമാണ്.ആയുർവേദ മരുന്നുകൾ ആയ ഖദിരാരിഷ്ടം ,ശാരിബാദ്യാസവം കുമാര്യാസവം, മഹാതിക്ത കഷായം, കാഞ്ചനാര ഗുൽഗുലു , ഗുഗ്ഗുലു തിക്തക ഘൃതം, ജാത്യാദിഘൃതം , മുറിവെണ്ണ പുറത്തു പുരട്ടാൻ ഉപയോഗിക്കാം. ഇത്തരം രോഗികളിൽ കിലോയിഡിന് മുകളിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്  ഈ അവസരത്തിൽ ഏലാദി വെളിച്ചെണ്ണ, ഹരിദ്രാഖണ്ഡം, ദൂഷിവിഷാരി ഗുളിക മുതലായവ ഉപയോഗിക്കുന്നതു കൊണ്ട് പെട്ടെന്ന് ശമനം കിട്ടാറുണ്ട്. ആയുർവേദ ചികിത്സാരീതികൾ ആയ ക്ഷാരകർമ്മവും അഗ്നി കർമ്മവും ഒരു പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തു നോക്കാവുന്നതാണ് പൂർണതോതിൽ ഫലം കിട്ടിയില്ലെങ്കിലും ഒരുപരിധിവരെ ആ കലയെ അവിടെനിന്നും നീക്കം ചെയ്യാൻ ഇതുകൊണ്ട് സാധിക്കും.

ചർമ്മത്തിന്റെ ആരോഗ്യം ആഗ്രഹിക്കുന്നവർ പാലിക്കേണ്ട  ജീവിതചര്യയും ഭക്ഷണരീതികളും
..........................................

ഇനി ഞാൻ ത്വക്കിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പൊതുവായ കുറച്ച് കാര്യങ്ങൾ നിങ്ങളോട് പറയാം ദിവസേന 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക ഭക്ഷണത്തിൽ പഴങ്ങളും, പച്ചക്കറികളും, ഇലക്കറികളും ധാരാളമായി ഉപയോഗിക്കുക , ആയുർവേദ വിധിപ്രകാരം തയ്യാറാക്കിയ തൈലം പുരട്ടി ദിവസവും കുളിക്കുക വിരുദ്ധ വിരുദ്ധാഹാരങ്ങൾ ഒഴിവാക്കുക അമിതമായ ചൂടും, മസാലയും, എരിവും, പുളിയും, ഉപ്പും ഉള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക കോട്ടൺ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക ലഘുവായ വിനോദങ്ങളിലും, ധ്യാനത്തിലും, വ്യായാമങ്ങളിലും ഏർപ്പെടുക മനസിനെയും ശരീരത്തിനെയും ശാന്തമായി സൂക്ഷിക്കുക ഇത്തരത്തിലുള്ള ആഹാരങ്ങളും, പ്രവൃത്തികളും നിങ്ങളുടെ ജീവിതത്തിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ അത് നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കും. ആരോഗ്യമുള്ള  ശരീരവും ഉള്ളവർക്ക് ആരോഗ്യമുള്ള  ഒരു മനസ്സും ആരോഗ്യമുള്ള മനസ്സുള്ളവർക്ക് ആരോഗ്യമുള്ള ചർമ്മവും ഉണ്ടാകും. അതിനാൽ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് വേണ്ട കാര്യങ്ങൾ ദിനവും ചെയ്യുക. ചർമരോഗങ്ങൾ സാധാരണ മാനസികപിരിമുറുക്കം ഉള്ളവർക്ക് വർധിക്കുന്നതായി കണ്ടുവരുന്നു അതിനാൽ മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കുന്ന പ്രവർത്തികളിൽ ഇത്തരത്തിലുള്ളവർ വ്യാപരിക്കേണ്ടതാണ് അലർജി, മുടികൊഴിച്ചിൽ, താരൻ, മുഖക്കുരു മുതലായവ ഇതിന്റെ ഫലമാണ്. പരിസ്ഥിതിയുടെ മാറ്റങ്ങളും ത്വക്കിന്റെ ആരോഗ്യത്തെ സ്വാധീനിക്കും സൂര്യാഘാതം മൂലം ഓരോവർഷവും ധാരാളം ആൾക്കാരാണ് മരണമടയുന്നത് സൂര്യാഘാതം, അലർജി, സോറിയാസിസ് എന്നീ അസുഖങ്ങൾ പിൽക്കാലത്ത് ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നതായി കണ്ടുവരുന്നു. അതിനാൽത്തന്നെ അമിതമായ സൂര്യതാപം ഏൽക്കുന്നതും, അമിതമായി കാറ്റു കൊള്ളുന്നതും, അമിതമായി മഞ്ഞു കൊള്ളുന്നതും ത്വക്കിന് ഹാനികരമാണ്. അതിനാൽ തന്നെ ചർമരോഗം ഉള്ളവർ ഇവയെ പൂർണ്ണമായും വർജിക്കേണ്ടതാണ്. ഒരു ആയുർവേദ ഡോക്ടറുടെ ഉപദേശ അനുസരണം മാത്രമേ ഈ ഔഷധങ്ങൾ  ഉപയോഗിക്കാവൂ സ്വയംചികിത്സ ആപൽക്കരമാണ്.

നന്ദി

പ്രിയ സുഹൃത്തുക്കളെ നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഈ
ലേഖനം ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.നിങ്ങൾക്കിഷ്ടപ്പെട്ടാൽ ഈ അറിവ് ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും കൂടി ഏത്തിക്കു.

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

കർക്കിടകമാസവും മുരിങ്ങയുടെ പ്രാധാന്യവും

കർക്കിടകമാസവും മുരിങ്ങയുടെ പ്രാധാന്യവും

ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നത് നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന മുരിങ്ങയില, മുരിങ്ങാ പൂവ് ഇവ തോരൻ വെച്ചു കർക്കിടകമാസത്തിൽ കഴിച്ചാൽ ഉണ്ടാകുന്ന ദൂഷ്യ വശങ്ങളെ കുറിച്ചാണ് .ആയുർവേദത്തിൽ വളരെയധികം ഔഷധ ഗുണമുള്ളതും പല പല ഔഷധങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു പ്രധാന ഔഷധസസ്യമാണ് മുരിങ്ങ. മുരിങ്ങയുടെ വേരുകൾക്ക് വിഷം വലിച്ചെടുക്കിനുള്ള ശക്തി ഉണ്ട് എന്ന് പഴമക്കാർ പറയാറുണ്ട്, പിന്നീട് അതിന്റെ ഇലകൾ സൂര്യ പ്രകാശം ഏൽക്കുമ്പോൾ ഈ
വിഷാംശം സംസ്കാരിക്കുന്നു എന്ന് നമ്മുടെ പൂർവ്വികർ പറഞ്ഞുകേട്ടിട്ടുണ്ട് ഇതൊരു നാട്ടറിവ് ആണ്. നമ്മുടെ പൂർവികർ കിണറ്റിൻ വക്കിൽ മുരിങ്ങ നടണം എന്ന് പറയാറുണ്ട് കാരണം മുരിങ്ങ കിണറിൽ എന്തെങ്കിലും വിഷാംശം ഉണ്ടെങ്കിൽ അതിനെ വലിച്ചെടുക്കാൻ കഴിവുണ്ട് എന്ന് ഉള്ള വിശ്വാസം ആണ് .അത്തരത്തില്‍ വലിച്ചെടുക്കുന്ന വിഷാംശമെല്ലാം അതിന്റെ തടിയിൽ സൂക്ഷിച്ചു വക്കുകയാണ് മുരിങ്ങ ചെയ്യുന്നത്. എന്നാൽ കടുത്ത മഴയുള്ള സമയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം മൂലം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉള്‍ക്കൊള്ളാൻ തടിക്കു സാധിക്കാതെ വരും. അങ്ങനെ വരുമ്പോൾ ആ വിഷത്തെ ഇലയിൽ കൂടി പുറത്തേക്ക് കളയാനാണ് മുരിങ്ങ ശ്രമിക്കുക. അപ്പോള്‍ അതിലെ ഇലകള്‍ മുഴുവൻ വിഷമയമായി മാറുകയും ചെയ്യും. ഈ വിഷം ഇലയിൽ നില നില്‍ക്കുന്നതിനാലാണ് കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പഴമക്കാര്‍ പറയുന്നത്. ഇത്തരത്തിൽ ആഗിരണം ചെയ്യപ്പെടുന്നത് ഹെവി മെറ്റൽ ആകാനാണ് സാധ്യത, കർക്കടകത്തിൽ മുരിങ്ങയുടെ ഇല കഴിക്കരുത്‌ എന്ന് നമ്മുടെ പൂർവ്വികർ പറയുന്നതിന് പ്രധാന കാരണം മഴയും,മഴക്കാരും കാരണം ഈ വീഷ സംസ്കാരണം ശരിക്ക്‌ നടക്കുന്നില്ല. കർക്കിടക മാസത്തിൽ മുരിങ്ങ ഇലയും, പൂവും തോരൻ വെച്ച് കഴിച്ചാൽ ശരീരത്തിലെത്തിയാൽ ദഹനസംബന്ധമായ പല അസുഖങ്ങളും ഉണ്ടായി കാണാറുണ്ട്. അതിനാൽ മുരിങ്ങയിലയും, പൂക്കളും കൊണ്ട് തോരൻ ഉണ്ടാക്കി കർക്കിടക മാസത്തിൽ കഴിക്കുന്നത് ഒഴിവാക്കുക.

മുരിങ്ങയില ആയുർവേദത്തിൽ
........................................................

ആയുർവേദ ഗ്രന്ഥങ്ങളിലൊന്നും
കൃത്യമായി ഇത്തരമൊരു മുരിങ്ങയില നിഷേധത്തെ കുറിച്ച് സൂചനയില്ല. മുരിങ്ങ ഒരു ശാഖാവർഗ്ഗം ആയതുകൊണ്ട് നിരന്തരമായ ഉപയോഗം ഹിതകരമല്ല എന്ന സൂചിപ്പിക്കുന്നുണ്ട്. മുരിങ്ങയില വിഡ്ഭേദി (മലം ഇളക്കുന്നത് ) ഗുണമുള്ളതാണ്. ഈ രണ്ടു കാരണങ്ങളാൽ മഴക്കാലത്ത് മുരിങ്ങയില കഴിക്കാതിരിക്കുന്നതാണു നല്ലത്. ദഹനശക്തി അനുസരിച്ച് ഇവ ഉപയോഗിക്കാം. വർഷകാലത്ത് ചയിക്കുന്ന പിത്തം ശരത്തെത്തും മുമ്പെ മുരിങ്ങയിലയുടെ ഉഷ്ണം കൊണ്ടു കോപിക്കുവാനും അതിന്റെ അനുബലമായി രൂക്ഷത കൊണ്ടുള്ള വാതവൃദ്ധിയും ഉണ്ടാകും. മുരിങ്ങയില ഉഷ്ണ വീര്യം, ആകുന്നത്തിന് പുറമെ, തീഷ്‌ണം, സരം, ലഘു, രൂക്ഷം എന്നീ ഗുണങ്ങൾ കാണുന്നു. അവയാണ് ഗാസ്ട്രിക് മൊബിലിറ്റി കൂട്ടി ശോധന വർധിപ്പിക്കുന്നത്. കൊഴുപ്പുള്ള ഭക്ഷണത്തോടൊപ്പം മുരിങ്ങയില കൂടെ കഴിയ്ക്കുന്നത് കൊഴുപ്പിന്റെ ആഗിരണത്തെ കുറയ്ക്കുന്നതായി പoനങ്ങൾ പറയുന്നു. കർക്കിടകത്തിൽ കഴിക്കുവാൻ പറയുന്ന പത്തിലകൾ താള് , തകര , കുമ്പളം , മത്തൻ , വെള്ളരി , ചീര , ചേന, ചേമ്പ്, നെയ്യുരുണി , തഴുതാമ, പയർ മുതലായവ സാമാന്യം സെല്ലുലോസ് കുറഞ്ഞവയും ദഹിക്കാൻ വലിയ വിഷമമില്ലാത്തതുമാണ്. എന്നാൽ കർക്കടകത്തിൽ പൊതുവേ ദഹനശക്തി ഏറിയും കുറഞ്ഞുമിരിക്കുമ്പോൾ മുരിങ്ങയില പോലെ ഉള്ള ഒരു മരത്തിന്റെ ഇലകൾ കഴിക്കുന്നത്‌ ദഹന പ്രശ്നം ഉണ്ടാക്കും. മുരിങ്ങയില കർക്കിടക മാസത്തിൽ കേരളത്തിലെ കാലാവസ്ഥയിൽ കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറച്ച് ഇനിയും കൂടുതൽ ശാസ്ത്രീയമായ ഒരു പഠനം ആവശ്യമാണ്. സാധാരണയായി കേരളത്തിലെ ജനങ്ങൾക്ക് കർക്കിടകമാസത്തിൽ ധാരാളമായി ഉണ്ടാകുന്ന മുരിങ്ങയുടെ ഇല കഴിച്ചാൽ ദഹനസംബന്ധമായ സംബന്ധമായ രോഗങ്ങൾ ഉണ്ടാക്കാറുണ്ട് പ്രധാനമായും അതിസാരം ,വയറുവേദന, ചർദ്ദി മുതലായവ കണ്ടുവരുന്നു.

ഉപസംഹാരം
.......................

കർക്കിടക മാസത്തിൽ മുരിങ്ങയിലയും പൂവും തോരൻ വെച്ച് കഴിക്കുന്നതിനെ സംബന്ധിച്ച് ആയുർവേദ ഡോക്ടർമാരുടെ ഇടയിൽ തന്നെ ഭിന്നാഭിപ്രായം നിലനിൽക്കുന്നതിനാൽ ഇത്തരത്തിലുള്ള ദഹനസംബന്ധമായ അസുഖങ്ങൾ കേരളത്തിൻറെ കാലാവസ്ഥയിൽ കർക്കിടക മാസത്തിൽ എന്തുകൊണ്ടാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ ആധികാരികവും കൂലങ്കുഷമായ ഗവേഷണ പഠനം ആവശ്യമാണ്. എങ്കിൽ മാത്രമേ ഇന്നും തീർത്തും തൃപ്തികരമായ രീതിയിൽ ഉത്തരം കിട്ടാതെയുള്ള ഒരു നാട്ടറിവിലെ ആധികാരികത സംബന്ധിച്ച് ഉള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം മറനീക്കി പുറത്തു വരികയുള്ളു.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

നിങ്ങൾക്കിഷ്ടപ്പെട്ടാൽ ഈ അറിവ് ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും ഏത്തിക്കു.

ഒറ്റമൂലി ചികിത്സകളും ,സ്വയം ചികിൽസയും ദോഷകരമാണോ അല്ലയോ

ഒറ്റമൂലി ചികിത്സകളും ,സ്വയം ചികിൽസയും ദോഷകരമാണോ അല്ലയോ



കുറച്ച് ദിവസം മുൻപ് പത്രത്തിൽ ഒരു വാർത്ത വായിച്ചു ചുരക്ക ജ്യൂസ് കുടിച്ച് ഒരാൾ മരിച്ച കാര്യം. ഇതൊരു ഉദാഹരണം മാത്രമാണ് ഇതേപോലെ പല സംഭവങ്ങളും ഇതിനുമുമ്പും നടന്നിട്ടുണ്ട് . ജനങ്ങൾ ഇന്ന് വളരെയധികം ഹെൽത്ത് കോൺഷ്യസ് ആണ് എന്തെങ്കിലും ഒരു സാധനം നല്ലതാണ് എന്ന് കണ്ടാൽ അതിനെ അപ്പോ ജ്യൂസ് അടിച്ചു കൂടിക്കും അതിന്റെ ദീർഘകാല ഉപയോഗം ശരീരത്തിന് ദോഷകരമാണോ അല്ലയോ എന്നൊന്നും ചിന്തിക്കാൻ സമയമീല്ല. ആരേലും എന്തേലും പറഞ്ഞാൽ കേട്ട പാതി കേൾക്കാത്ത പാതി യാതൊരു വീണ്ടുവിചാരവും ഇല്ലാതെ അതിനെ ജ്യൂസ് അടിച്ചു അകത്താക്കി പരിപൂർണ്ണ തൃപ്തിയടയും. ഇന്ന് സാധാരണ എല്ലാവരും ജ്യൂസ് അടിച്ച് ദിവസവും സേവിക്കുന്ന സാധനങ്ങളാണ് ഇരുമ്പൻപുളി, പച്ച മഞ്ഞൾ , ബീൻസ്, വീറ്റ് ഗ്രാസ്, കറുകയില വാഴപ്പിണ്ടി, പുതിനയില ,മല്ലിയില കറിവേപ്പില, ചെറുനാരങ്ങ, കുക്കുമ്പർ, നെല്ലിക്ക, ക്യാരറ്റ് ,ബീറ്റ്‌റൂട്ട് ,പാവക്ക, പപ്പായ, നോനി, കറ്റാർവാഴ പിന്നെ പറമ്പിലും തൊടിയിലും നല്ലതെന്ന് കാണുന്ന എന്തും യാതൊരു പേടിയും, ചിന്തയം, വീണ്ടുവിചാരവും ഇല്ലാതെ ജ്യൂസ് അടിച്ചു കൂടിക്കും. പിന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ കാന്താരി മുളകും , വെളുത്തുള്ളിയും വരെ ജ്യൂസ് അടിച്ചു കുടിച്ച വിദ്വാന്മാർ നമ്മുടെ ഇടയിൽ ഉണ്ട്. അതുകൊണ്ട് കരളിനും, കിഡ്നിക്കും, ഹൃദയത്തിനും എന്തെങ്കിലും ദോഷം ഉണ്ടാകുമോ എന്നും കൂടി ചിന്തിക്കുന്നില്ല ഇത്തരത്തിലുള്ള ഒറ്റമൂലി ചികിത്സകളും ,സ്വയം ചികിൽസയും ചെയ്യുന്നതിനുമുമ്പ് ആ മൊബൈലെടുത്തു ഒന്ന് കുത്തി നോക്കി കഴിക്കുന്ന സാധനങ്ങൾ ഉപകാരപ്രദമാണോ ഉപദ്രവകരമാണോ എന്ന് സ്വയം ബോധ്യപ്പെടുന്നത് നന്നായിരിക്കും. നിങ്ങൾ യഥാർത്ഥത്തിൽ ഹെൽത്ത് കോൺഷ്യസ് ആണെങ്കിൽ നിങ്ങളുടെ ജീവന് അൽപമെങ്കിലും വില കൽപ്പിക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറുടെ ഉപദേശം അനുസരണം ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ സ്വന്തം ശരീരത്തിൽ ചെയ്യുന്നത് നന്നായിരിക്കും. ഇത്തരത്തിൽ നമ്മൾ ജൂസുകൾ ഉണ്ടാക്കി കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ''ഇലക്ട്രോളയ്റ്റ് ഇംബാലൻസ്'' (electrolyte imbalance) ഉണ്ടാവാൻ സാധ്യതയുണ്ട് (ധാതുലവണങ്ങളിൽ ഉള്ള വ്യതിയാനം അതിലെ ഏറ്റക്കുറച്ചിലുകൾ) , അതുപോലെതന്നെ "ഹൈപ്പർവൈറ്റമിനോസിസ്"( hypervitaminosis) എന്ന ഒരു അസുഖം ഉണ്ടാകാം മറ്റുചിലപ്പോൾ ഇത്തരത്തിലുള്ള പഴച്ചാറുകളും (ജ്യൂസുകൾ) ലിവറിനും, കിഡ്നിക്കും ദീർഘകാല ഉപയോഗത്തിലൊ ഹൃസ്വകാല ഉപയോഗത്തിലൊ ഹാനികരമായിരിക്കിം (hepatotoxic or nephrotoxic ) അതുമല്ലെങ്കിൽ നമ്മുടെ ദഹനേന്ദ്രിയത്തിന്റ പ്രവർത്തനത്തെ ( digestive system) ഇത് വളരെ ഹാനികരമായി ബാധിക്കും കാലക്രമത്തിൽ ദഹനേന്ദ്രിയ സംബന്ധമായ പല തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകും . അതുപോലെതന്നെ ദിവസവും ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നവർക്ക് ഹൃദ്രോഗസാധ്യത (heart disease) കൂടുതലാണ് അതുപോലെതന്നെ പരിചയമില്ലാത്ത ചില വസ്തുക്കളുടെ പെട്ടെന്നുള്ള ഉപയോഗം അലർജിക്കും കാരണമാകാം (allergy) . ഇതിനെ കുറിച്ചുള്ള വിശദമായ പഠനങ്ങൾ, വിവരങ്ങൾ ഇൻറർനെറ്റിൽ ലഭ്യമാണ്. അതുപോലെതന്നെ ഷുഗർ രോഗികൾ പഴച്ചാറുകൾ കഴിച്ചാൽ "ഇൻസുലിൻ റസിസ്റ്റൻസ് " എന്നു പറയുന്ന അവസ്ഥ ഉണ്ടാകും (insulin resistance). ഇന്ന് പ്രചരത്തിലുള്ള ആര്യ വൈദ്യമായാലും, ദ്രാവിഡ വൈദ്യമായാലും, നാട്ടുവൈദ്യം ആയാലും, ഗൃഹവൈദ്യം ആയാലും അതിലെ പൊടികൈകൾ മറ്റുള്ളവർ പറഞ്ഞു കേട്ടും, വായിച്ചും ,അമ്മമാരും ബന്ധുമിത്രാദികളും, സുഹൃത്തുളിൽ നിന്നും പറഞ്ഞു , കേട്ടും അറിഞ്ഞു നമ്മൾ നമ്മുടെ രോഗം മാറാൻ സ്വന്തം ശരീരത്തിൽ പരീക്ഷിക്കുമ്പോൾ ആ സ്വയംചികിത്സ പിഴച്ചാൽ ആരോഗ്യത്തിന് പകരം നല്ല ഉശിരുള്ള രോഗങ്ങളെ വിളിച്ചു വരുത്തും.



നന്ദി



ഡോ. പൗസ് പൗലോസ് BAMS, MS(Ay)



സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

ആരോഗ്യവും ഭക്ഷണരീതിയും

ആരോഗ്യവും ഭക്ഷണരീതിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് ആരോഗ്യം ഉള്ള ഭക്ഷണ രീതി തന്നെയാണ് നല്ല ആരോഗ്യത്തിന് അടിസ്ഥാനം. അത് ഞാൻ ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു
..............................................

ദൈവത്തിന്റെ ഏറ്റവും മഹത്തായ സൃഷ്ടിയാണ് മനുഷ്യൻ വിശേഷബുദ്ധിയാൽ അനുഗ്രഹീതൻ നൂറ്റാണ്ടുകളായുള്ള പരിണാമത്തിലൂടെ പക്ഷേ മറ്റൊന്ന് സംഭവിച്ചു തനിക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുന്നതിൽ അവനുള്ള സാമാന്യ ബുദ്ധി നഷ്ടപ്പെടു. ദൈവത്തിൻറെ കരവിരുതിൽ പിറന്ന ഏതു ജീവജാലത്തിനും വിഷമുള്ളതും വിഷമില്ലാത്തതും തിരിച്ചിറഞ്ഞ് വിഷമുള്ളവ ദൂരെ മാറ്റി നിർത്താനും വിഷമില്ലാത്തവ ഭക്ഷിക്കാനും ഉള്ള ഒരു സാമാന്യ ബോധം ഉണ്ട് , എന്നാൽ മനുഷ്യനു പരിണാമ പ്രക്രിയയിൽ അത് നഷ്ടപ്പെട്ടു . നാവിന് രുചിയുള്ളതും, നാസാ ദ്വാരങ്ങൾക്ക് ഹൃദ്യമായതും ആയ ഏത് ഭക്ഷണപദാർത്ഥവും അവനെ സംബന്ധിച്ച് ആരോഗ്യത്തെക്കാൾ പ്രഥമസ്ഥാനം നൽകുന്നതാണ്. എല്ലാ ഭക്ഷണ പദാർത്ഥങ്ങളും അയാൾക്ക് ഒരുപോലെയാണ് ഇഷ്ടമായത് എല്ലാം ഭക്ഷിച്ചതിന് ശേഷം ഔഷധങ്ങൾക്കും ഡോക്ടർമാർക്കും പിന്നാലെ പോകുന്നു. വിവരസാങ്കേതികവിദ്യയുടെ വിപ്ലവം നടക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാം അറിഞ്ഞുകൊണ്ട് രോഗിയാകുന്നത് ചിലപ്പോൾ മനുഷ്യരാശി തന്നെയാകും. ഒരു കാലഘട്ടത്തിലും പരസ്പരം സഹകരിച്ചും, പങ്കുവച്ചും, സഹായിച്ചും ജീവിച്ചിരുന്ന മനുഷ്യർ ഇന്ന് സ്നേഹപൂർവ്വം പരസ്പരം പങ്കുവെക്കുന്നത് നല്ല മാരക രോഗങ്ങളാണ് ഞാൻ ചെറിയ ഒരു ഉദാഹരണത്തിലൂടെ താഴെ കൊടുത്തിരിക്കുന്നതു വായിച്ചിൽ നിങ്ങൾക്കത് മനസ്സിലാക്കും ,മീൻ മുതലാളി മീനിൽ വിഷം ചേർത്ത് ലാഭമുണ്ടാക്കി അരിവാങ്ങുന്നു. അരി മുതലാളി അരിയിൽ വിഷം ചേർത്ത് ലാഭമുണ്ടാക്കി മീൻ വാങ്ങി കഴിക്കുന്നു, വെളിച്ചെണ്ണ മുതലാളി എണ്ണയിൽ വിഷം ചേർത്ത്‌ ലാഭമുണ്ടാക്കി കോഴി വാങ്ങി കഴിക്കുന്നു,കോഴി മുതലാളി കോഴിക്ക് വിഷം കുത്തിവെച്ച് ലാഭമുണ്ടാക്കുന്നു എന്നിട്ട് എണ്ണയിൽ പൊരിച്ച മീൻ കഴിക്കുന്നു, പച്ചക്കറി കർഷകർ വിഷം ചേർത്ത പച്ചക്കറി കൊണ്ട് ലാഭമുണ്ടാക്കി മീനും കോഴിയും വാങ്ങി കഴിക്കുന്നു, പാൽ മുതലാളി പാലിൽ വിഷം ചേർക്കുമ്പോൾ മറ്റൊരാൾ ചായപ്പൊടിയിൽ വിഷം ചേർക്കുന്നു, ഹോട്ടലുകാരൻ ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി വീട്ടിൽ പോയി പാലും ചായ പൊടിയും ചേർത്ത് ചായയുണ്ടാക്കി കുടിക്കുന്നു,
കറിമസാല പൊടിയിൽ വിഷം ചേർക്കുന്നവൻ ആട്ടവാങ്ങി ചപ്പാത്തിയുണ്ടാക്കി കഴിക്കുന്നു. ഇത്തരത്തിൽ പരസ്പര സഹായസഹകരണ സംഘങ്ങൾ ആയി പ്രവർത്തിക്കുന്ന ജീവികളുടെ പേരാണ് മനുഷ്യൻ.
ഭൂമിയിലെ മറ്റൊരു ജീവിയും വിഷം ചേർത്ത ഭക്ഷണം കഴിക്കില്ല കാരണം അതിന് ഒരു സാമാന്യ ബുദ്ധിയുണ്ട്. വിഷം തിരിച്ചറിഞ്ഞ് അവ മാറി പോകുന്നു ബുദ്ധിമാനെന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യന് വിഷത്തെ തിരിച്ചറിയുന്ന ഒരു കീടത്തിന്റെ തിരിച്ചറിവു പോലുമില്ല.അവൻ വിഷം കഴിച്ച് വിഷമയമായ ഭക്ഷണത്തിൻറെ പരിണിതഫലമായ രോഗങ്ങൾ ഉള്ള ചികിത്സ തേടി ഡോക്ടറുടെ പിന്നാലെ പായുന്നു. നാം ദിനംപ്രതി മാധ്യമങ്ങളിലൂടെ വായിക്കുന്ന വാർത്തയാണ് കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ എല്ലാം വിഷമയം എന്നുള്ളത് ഇതിനെ പ്രതിരോധിക്കാൻ നാം എന്ത് ചെയ്യുന്നു എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. ഒരു വ്യക്തിയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രഥമമായും ആ വ്യക്തിയുടെ തന്നെ ഉത്തരവാദിത്തമാണ് അത് ചെയ്യാതെ ഉപഭോഗ സംസ്കാരത്തിൻറെ പിന്നാലെ പോയി സാമൂഹ്യ വ്യവസ്ഥയേയും അധികാരികളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഏതെല്ലാമാണ് എന്റെ ശരീരത്തിനും മനസ്സിനും നല്ലതും ഹിതകരം ആയിട്ടുള്ള ഭക്ഷണ സാധനങ്ങൾ എന്നുള്ളത് സ്വയം കണ്ടെത്തി അത് തീന്മേശയിലേക്ക് കൊണ്ടുവരേണ്ടതും, നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കൻ ദൈനംദിന ജീവിതത്തിലെ നമ്മുടെ ഭക്ഷണക്രമത്തിൽ അവ ഉൾപ്പെടുത്തേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. ആരോഗ്യം നശിച്ച് മരുന്നുകൾക്ക് പിന്നാലെ പോകുന്നതിനും നല്ലത് കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും സ്വന്തം ശരീരത്തിന് ഏറ്റവും ഹിതകരം ആയ വിഷാംശം ഇല്ലാത്ത ആഹാര പദാർത്ഥങ്ങൾ കണ്ടെത്തി അവ നമ്മുടെ തീന്മേശയിൽ എത്തിക്കുകയും കുറച്ചു രുചിയും, നിറവും, സുഗന്ധവും കുറവാണെങ്കിലും ആരോഗ്യം തരുന്ന ഈ ഭക്ഷണപദാർത്ഥങ്ങൾ ഇഷ്ടപ്പെടാനും, അത് നമ്മുടെ ഭക്ഷണ ശീലമായി വളർത്തി എടുക്കാനും സാധിക്കുക എന്നതിലാണ് അപ്പോൾ ആരോഗ്യം എന്ന അനുഭവം ആസ്വദിക്കാൻ നമ്മുക്ക് കഴിയും

നന്ദി

സുഹൃത്തുക്കളെ നിങ്ങൾക്ക് ഈ ലേഖനം ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.ഇഷ്ടപ്പെട്ടാൽ ഈ അറിവ് ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും കൂടി ഏത്തിക്കു.

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ