Random Post

അജീർണം (ദഹനക്കേട് ) എന്ന അസുഖത്തിൽ ആയുർവേദ പ്രതിവിധികൾ

ഞാനെഴുതുന്ന ലേഖനങ്ങൾ നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്പെടുന്നുണ്ട് എന്നറിയുന്നതിൽ വളരെയധികം സന്തോഷമുണ്ട്. നിങ്ങളെല്ലാവരും അജീർണം എന്ന അസുഖത്തെ കുറിച്ച് കേട്ടിട്ടുണ്ടാകും. അതിനെ ചുരുക്കി നമുക്ക് വേണമെങ്കിൽ ദഹനക്കേട് എന്ന് പറയാം.നമ്മൾ കഴിച്ച ഭക്ഷണം ദഹിക്കാതെ ആമാശയത്തിൽ കെട്ടിക്കിടന്നാൽ അതിനെ അജീർണം എന്നു പറയും. അജീർണ്ണത്തിന് പല നാടൻ പ്രയോഗങ്ങളും നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട് എന്നാൽ ആയുർവേദ ശാസ്ത്രവിധിപ്രകാരം ഞാനതിന്റെ പ്രതിവിധികൾ ക്രോഡീകരിച്ചത് സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ആണ് ഈ ലേഖനം എഴുതിയിരിക്കുന്നത് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.

1. ഇലക്കറി കഴിച്ച് ദഹനക്കേട് ഉണ്ടായാൽ ചെറുനാരങ്ങ നീര് പിഴിഞ്ഞ് ഒരു ടീ സ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി കുടിക്കണം ദഹനക്കേട് മാറിക്കിട്ടും.

2. ഉഴുന്നു കഴിച്ച് അല്ലെങ്കിൽ ഉഴുന്ന് ചേർത്ത പലഹാരങ്ങൾ കഴിച്ച് ദഹനക്കേട് ഉണ്ടായാൽ ഒന്നോ രണ്ടോ ടീസ്പൂൺ എള്ളെണ്ണ കഴിക്കുക.

3. ചക്ക കഴിച്ച് ദഹനക്കേട് ഉണ്ടായാൽ ചുക്ക് ഇട്ടു തിളപ്പിച്ച വെള്ളം ചൂടോടുകൂടി കുടിക്കുക.

4. പഴങ്കഞ്ഞി കഴിച്ച് ദഹനക്കേട് ഉണ്ടായാൽ തമിഴാമ കഷായം വച്ച് കഴിക്കുക.

5. നെയ്യ് സേവിച്ച് ദഹനക്കേട് ഉണ്ടായാൽ സ്വല്പം ഉപ്പ് വെള്ളത്തിൽ കലക്കി സേവിക്കുക.

6. ഏതുതരത്തിലുള്ള പയറു കഴിച്ച് ദഹനക്കേട് ഉണ്ടായാലും (ചെറുപയർ, വൻപയർ എന്തായാലും കുഴപ്പമില്ല) ലേശം മുളകുപൊടി പുളിയില്ലാത്ത മോരിൽ കലക്കി സേവിക്കുക.

7. പാലു കുടിച്ച ദഹനക്കേട് ഉണ്ടായാൽ തിപ്പലിപ്പൊടി തേനിൽ ചാലിച്ചു സേവിക്കുക.

8. മാങ്ങ കഴിച്ച് ദഹനക്കേട് ഉണ്ടായാൽ ലേശം ഉപ്പുനീര് വെള്ളത്തിൽ കലക്കി സേവിക്കുക അല്ലെങ്കിൽ കുറച്ച് തേങ്ങ പാൽ കഴിക്കുക.

9. മുതിര കഴിച്ച് ദഹനക്കേടും ഉണ്ടായാൽ സ്വല്പം വെണ്ണ കഴിക്കുക ദഹനക്കേടു മാറിക്കിട്ടും.

10. മുളക് കഴിച്ച് അല്ലെങ്കിൽ എരിവുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിച്ച് ദഹനക്കേട് ഉണ്ടായാൽ പാൽ കുടിക്കുക.

11. 🍌 വാഴപ്പഴം കഴിച്ച് ദഹനക്കേട് ഉണ്ടായാൽ സ്വല്പം കല്ലുപ്പ് വെള്ളത്തിൽ കലക്കി കുടിക്കുക.

12. വേകാത്ത ചോറു കഴിച്ച് ദഹനക്കേട് ഉണ്ടായാൽ സ്വല്പം ഇന്തുപ്പ് പൊടിച്ച് ഇളം ചൂടുവെള്ളത്തിൽ കലക്കി സേവിക്കുക.

13. ശർക്കര കഴിച്ച് ദഹനക്കേട് ഉണ്ടായാൽ അല്ലെങ്കിൽ ശർക്കര കൊണ്ടുണ്ടാക്കിയ പലഹാരങ്ങൾ കഴിച്ചത് ദഹനക്കേട് ഉണ്ടായാൽ ഉണക്കലരി പൊടിച്ച് നെയിൽ കുഴച്ച് സേവിക്കുക ദഹനക്കേട് മാറിക്കിട്ടും.

സാധാരണയായി കണ്ടു വരാറുള്ളതും പല തരത്തിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചതു കൊണ്ടുള്ള
അജീർണ്ണത്തിന് ( ദഹനക്കേടിന്) സ്വീകരിച്ചുവരുന്ന വളരെ ലളിതവും പ്രായോഗികവുമായ ചികിത്സകളെ കുറിച്ചാണ് ഞാൻ ഈ ലേഖനത്തിൽ വിവരിച്ചത് നിങ്ങൾക്കെല്ലാവർക്കും ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു. നമ്മുടെ കാർന്നോന്മാർ പറയാറുണ്ട് വയറുനിറച്ചു ഭക്ഷണം കഴിക്കരുത്, കുറച്ചുഭാഗം വെള്ളത്തിനും കുറച്ചുഭാഗം ദഹന പ്രക്രിയയുമായി ഒഴിച്ചിടണം .അതുപോലെതന്നെ അമിതമായി ഭക്ഷണം കഴിക്കരുത്, അതുകൂടാതെ അമിതമായി വെള്ളവും കുടിക്കരുത് അതും ദഹനശക്തി കുറയ്ക്കും. ചില ഭക്ഷണങ്ങളോട് ശരീരത്തിൽ അലർജി ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് പലർക്കും ഗോതമ്പ്, ചെമ്മീൻ, കപ്പലണ്ടി മുതലായവയും അലർജിക്ക് കാരണമാകുന്നതായി കണ്ടുവരാറുണ്ട്. അത്തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ നിങ്ങൾക്ക് അലർജിയുണ്ടാക്കുന്നു എങ്കിൽ അത് കഴിക്കാതിരിക്കുക. അലർജിയുണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ നിങ്ങൾ കഴിച്ചാൽ അത് നിങ്ങളുടെ ശരീരത്തിന് വിഷം പോലെ അപകടകാരിയാണ്. അതുപോലെതന്നെ ചില ചില ഭക്ഷണപദാർത്ഥങ്ങൾ യോജിപ്പിച്ച് (ഉദാഹരണത്തിന് തുല്യ അളവിൽ നെയ്യും തേനും കഴിക്കുക അതുപോലെതന്നെ തൈരും മീനും ഒരുമിച്ച് കഴിക്കുക പാലും പുളിയുള്ള പഴവർഗങ്ങൾ കഴിയ്ക്കുക മുതലായവ ) കഴിയുമ്പോൾ ശരീരത്തിനകത്ത് ഭക്ഷണപദാർത്ഥങ്ങളിൽ സംയോജിച്ച് പ്രതിപ്രവർത്തിക്കുമ്പോൾ വിഷത്തെ പോലെ പ്രവർത്തിക്കാൻ കാരണമാകും ഇത്തരത്തിലുള്ള ഭക്ഷണപദാർഥങ്ങൾ പിൽക്കാലത്ത് ശരീരത്തിലെ സൂക്ഷ്മ കോശങ്ങളിൽ പുറന്തള്ളപ്പെടാതെ കെട്ടിക്കിടന്ന് പല രോഗങ്ങൾക്കും പിൽക്കാലത്ത് ഭാവിയിൽ കാരണമാകുന്നു .ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ''ദൂഷീവിഷം" എന്നാണ് ആയുർവേദം പറയുന്നത്. ഇത്തരത്തിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ചില പ്രത്യേക കാലാവസ്ഥകളിലും, ത്രിദോഷങ്ങൾ കോപിക്കുമ്പോഴും, ശരീരത്തിന് ബലം കുറഞ്ഞിരിക്കുമ്പോഴും പലതരത്തിലുള്ള മാറാ രോഗങ്ങൾ ആയി പിൽക്കാലത്ത് ഒരു ശാപം എന്ന പോലെ പുനരുദ്ഭവിക്കുന്നു. അതിനാൽ ദഹനക്കേടുണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ നിങ്ങളുടെ നിത്യോപയോഗ ഭക്ഷണപദാർത്ഥങ്ങളിൽ നിന്ന് മാറ്റിനിർത്താൻ ശ്രദ്ധിക്കുമല്ലോ. ഇതെല്ലാം പറയുമ്പോൾ ഞാൻ നിങ്ങളെ പറഞ്ഞ് പേടിപ്പിക്കുകയാണ് എന്ന് വിചാരിക്കരുത് ഇതെല്ലാം ശാസ്ത്ര അധിഷ്ഠിതമായ സത്യങ്ങളാണ്.

നന്ദി

നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഈ ആർട്ടിക്കിൾ ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്കിഷ്ടപ്പെട്ടാൽ ഈ അറിവ് ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും കൂടി ഏത്തിക്കു.

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments