Random Post

സഹസ്രയോഗം എന്ന ആയുർവേദ ഗ്രന്ഥത്തിൽ പറയുന്ന വളരെ ലഘു ആയ ചില കഷായങ്ങൾ

ഞാനിവിടെ സാധാരണ ജനങ്ങൾക്ക് ഉപകാരപ്പെടുകയും മനസ്സിലാക്കാൻ കഴിയുന്ന വിധം ''സഹസ്രയോഗം'' എന്ന ആയുർവേദ ഗ്രന്ഥത്തിൽ പറയുന്ന വളരെ ലഘുവും പ്രായോഗികവും ആയ ചില കഷായങ്ങളെ കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. കഷായം എന്ന് കേൾക്കുമ്പോൾ തന്നെ നിങ്ങളുടെ നാവിൻതുമ്പിൽ ഒരു അരോചകം വരുന്നുണ്ടാവും എന്നാൽ രോഗം വന്നാൽ കഷായം കഴിച്ച് മാറ്റണം എന്നാണ് പഴമക്കാർ പറയാറ്. കഷായം എന്ന് കേൾക്കുമ്പോൾ തന്നെ ഈ ലേഖനം വായിക്കാതിരിക്കരുത് ഈ ലേഖനത്തിൽ പറയുന്ന കൊച്ചു കൊച്ചു കഷായയോഗങ്ങൾ നിങ്ങളുടെ നിത്യ ജീവിതത്തിൽ എപ്പോഴെങ്കിലും തീർച്ചയായും ഉപകാരപ്പെടും. എന്നെ കാണാൻ വരുന്ന രോഗികളോട് ഞാനൊരു കഷായത്തിന്റെ കുറിപ്പടി എഴുതട്ടെ എന്ന് ചോദിച്ചാൽ പലപ്പോഴും രോഗികൾ വേണ്ടെന്നാണ് പറയാറ് കടയിൽ മേടിക്കാൻ കിട്ടുന്ന റെഡിമെയ്ഡ് കഷായം മതിയെന്നാണ് പലപ്പോഴും കിട്ടുന്ന ഉത്തരം ഇതിനുകാരണം കഷായം ഉണ്ടാക്കുന്നതിനുള്ള ചെറിയൊരു കഷ്ടപ്പാടാണ് നമ്മുടെ മുത്തശ്ശനും മുത്തശ്ശിയുമൊക്കെ പണ്ട് അങ്ങാടി മരുന്ന് കടയിൽ നിന്നു കിട്ടുന്ന മരുന്നുകൾ വാങ്ങിച്ച് കഴുകിച്ചതച്ച് കഴിച്ചാണ് പലപ്പോഴും പഴക്കം ചെന്ന പല രോഗത്തിൽ നിന്നും മോചനം നേടിയത് എന്ന് നമ്മൾ ഒരിക്കലും മറക്കരുത്. നിങ്ങളുടെ ജീവിതകാലത്ത് ഉണ്ടാകുന്ന അസുഖങ്ങൾക്കുള്ള ശമനത്തിന് ഈ അറിവ് പ്രയോജനപ്പെടുമെന്നു വിശ്വസിക്കുന്നു.


1)അതിസാരത്തിന് അഥവാ വയറിളക്കത്തിന് മുത്തങ്ങക്കിഴങ്ങ് കഷായംവച്ച് പിഴിഞ്ഞരിച്ച് തണുത്തതിനുശേഷം തേൻ മേമ്പൊടി ചേർത്ത് സേവിക്കുന്നത് വളരെ നല്ലതാണ്.


2) കൂവളത്തിന്റെ കായുടെ മജ്ജ, മാങ്ങയണ്ടി പരിപ്പ് ഇവ കഷായം വച്ച് ആറിയാൽ പഞ്ചസാരയും തേനും മേമ്പൊടി ചേർത്ത് സേവിക്കുന്നത് ഛർദ്ദിക്കും വയറിളക്കത്തിനും നല്ലതാണ്


3) പുളിയാറില നീരും, മോരും സമം ചേർത്ത് മലർ പൊടിയിട്ട് കഞ്ഞിവെച്ച് കുടിച്ചാൽ വയറിളക്കം ശമിക്കും ദഹനശക്തി ഉണ്ടാകും


4) മുത്തങ്ങക്കിഴങ്ങ് ,ചന്ദനം, ചുക്ക് ഇരുവേലി, പർപ്പടകപ്പുല്ല്, രാമച്ചം ഇവ കഷായം വച്ച് തണുപ്പിച്ച് ജലം സേവിക്കുന്നത് പനിയെ ശമിപ്പിക്കുന്നതാണ്.


5) ചിറ്റമൃത്, കടുക്കാത്തോട്, ചുക്ക് ഇവ കഷായം വെച്ച് കഴിക്കുന്നത് പനിയെ (ജ്വരം) ശമിപ്പിക്കുന്നു.


6) പർപ്പടകപ്പുല്ല്, ചിറ്റമൃത്, നെല്ലിക്കാത്തോട് ഇവ കഷായം വെച്ച് കഴിക്കുന്നത് പനിയെ ശമിപ്പിക്കുന്നതാണ്.


7) നെല്ലിക്കാത്തോട് ,കടുക്കാത്തോട്, തിപ്പലി, കൊടുവേലിക്കിഴങ്ങ് ഇവ കഷായം വെച്ച് സേവിക്കുന്നത് എല്ലാ പനികളും ശ്രമിക്കുന്നതാണ്.


8) ചുക്ക്, കുറുന്തോട്ടിവേര് കുവളത്തിന്റെ വേര് ഇവ കഷായം വച്ച് മലർപ്പൊടി മേമ്പൊടി ചേർത്ത് സേവിക്കുന്നത് വെള്ളം ദാഹം അഥവാ തണ്ണീർദാഹം ശമിപ്പിക്കുന്നതാണ്.


9) ചുക്ക്, അതിവിടയം, മുത്തങ്ങ കിഴങ്ങ് ഇവ കഷായം വെച്ച് സേവിക്കുന്നത് ദഹനശക്തി കൂട്ടുന്നതാണ്.


10) കൊടിത്തൂവവേര്, കൂവളത്തിന്റെ വേര് ,ജീരകം, ചുക്ക് ഇവ കഷായം വെച്ച് സേവിക്കുന്നത് പൈൽസിനെ ശമിപ്പിക്കുന്നതാണ്.


11) പേരാൽ മൊട്ട്, ആടലോടകത്തിൻറെ ഇവ പാൽക്കഷായം ഉണ്ടാക്കി തേനും പഞ്ചസാരയും മേമ്പൊടി ചേർത്ത് കഴിയ്ക്കുന്നത് രക്തപിത്തം ശരീരത്തിൽ നവദ്വാരങ്ങൾ ഏതെങ്കിലും ഒരു ദ്വാരത്തിലൂടെ രക്തം ശ്രവിക്കുന്ന അവസ്ഥ എന്ന അസുഖത്തിനും വിട്ടു വിട്ടു വരുന്ന പനിക്കും വളരെ നല്ലതാണ്.


12) ഉഴുന്ന്, ദേവതാരം, കുറുന്തോട്ടി വേര് ഇവ കഷായം വെച്ച് സേവിക്കുന്നത് ഹൃദ്രോഗം ശമിപ്പിക്കും.


13) ചുക്ക് കഷായം വെച്ച് ചൂടോടുകൂടി കുടിച്ചാൽ ദഹനശക്തി വർദ്ധിക്കും.


14) ദശമൂലം കഷായംവെച്ച് ഇന്തുപ്പ് മേമ്പൊടി ചേർത്ത് സേവിച്ചാൽ ഹൃദ്രോഗം ശമിക്കും


15) ദശമൂലം കഷായംവച്ച് തിപ്പലിപ്പൊടി മേമ്പൊടി ചേർത്ത് സേവിച്ചാൽ ചുമയും കഫക്കെട്ടും ശമിക്കും. ( ഓരിലവേര് ,മൂവിലവേര്, ചെറുവഴുതിനവേര് ,വെൺവഴുതിന വേര് ,ഞെരിഞ്ഞിൽ, കുമിഴിൻ വേര് കൂവളം വേര് , പാതിരി വേര് പയ്യാഴാന്ത വേര്, മുഞ്ഞ വേര് ഇവയാണ് ദശമൂലങ്ങൾ)


16) കരിങ്കുറിഞ്ഞി വേര്, നീർമാതളത്തിന്റെ വേര്, ദേവതാരം കൊണ്ടുള്ള കഷായം കഴിച്ചാൽ വലിവ് ശമിക്കും.


17) വേങ്ങാക്കാതൽ കൊണ്ടുള്ള കഷായം തേൻ മേമ്പൊടി ചേർത്ത് സേവിച്ചാൽ പൊണ്ണത്തടി ശമിക്കും.


18) അതിരാവിലെ തേനും വെള്ളവും കൂട്ടിക്കലർത്തി സേവിച്ചാൽ ശരീരം ശോഷിക്കും


19) ദശമൂലം കഷായം വച്ച് പുഷ്കരമൂലം പൊടിച്ച് മേമ്പൊടി ചേർത്ത് സേവിച്ചാൽ ചുമ, ശ്വാസം മുട്ട് ഇവ ശമിക്കും.


20) മുതിര, ചുക്ക്, ചെറുവഴുതിനവേര്, ആടലോടകത്തിൻറെ വേര് കഷായം വെച്ച് വെള്ളക്കൊട്ടം പൊടിച്ച് മേമ്പൊടി ചേർത്ത് സേവിച്ചാൽ ശ്വാസംമുട്ട്, ഇക്കിൾ ശമിക്കും.


21) അശോകത്തിന്റെ തൊലി കഷായംവച്ച് പിഴിഞ്ഞരിച്ച് തണുത്താൽ തേൻ മേമ്പൊടി ചേർത്ത് കഴിക്കുക ഒച്ചയടപ്പ് ശമിക്കും.


22) മാതളനാരങ്ങയുടെ നീരും, വിളയുപ്പ് പൊടിയും, തേനും ചേർത്ത് വായിൽ കവിൾകൊണ്ടാൽ രുചിക്കുറവ് ശമിക്കും.


23) മലര്, ചുക്ക്, കൂവളത്തിന്റെ വേര് കഷായം വെച്ച് കഴിച്ചാൽ ഛർദ്ദി ശമിക്കും.


24) ഞാവൽ തളിര്, മാവിൻ തളിര്, മുത്തങ്ങക്കിഴങ്ങ്, ഇരുവേലി, രാമച്ചം, ചുക്ക് ഇവ കൊണ്ടുള്ള കഷായം തേൻ ചേർത്ത് കഴിച്ചാൽ രക്തം ഛർദ്ദിക്കുന്നത് ശമിക്കും.


25) ബ്രഹ്മി ,കുമ്പളങ്ങ ,വയമ്പ് ശംഖുപുഷ്പം ഇവ ഓരോന്നിന്റെയും നീരിൽ വെള്ളകൊട്ടത്തിൻ പൊടിയും തേനും ചേർത്ത് സേവിച്ചാൽ ഉന്മാദം എന്നുവച്ചാൽ ഭ്രാന്ത് ശമിക്കും.


26) കുറുന്തോട്ടിവേര്, മുന്തിരിങ്ങാപ്പഴം, ശതാവരിക്കിഴങ്ങ് ഇവ പാൽക്കഷായമായി സേവിച്ചാൽ മദ്യപാനം കൊണ്ടുണ്ടായ ലഹരി ശമിക്കും.


27) കരിങ്കുറിഞ്ഞി വേര്, ദേവതാരം, ചുക്ക് ഇവ കഷായം വെച്ച് എള്ളെണ്ണ മേമ്പൊടി ചേർത്ത് സേവിക്കുക എല്ലാവിധ വാതരോഗങ്ങൾക്കും ശമിക്കും.


28) ചുക്ക് ,കുറുന്തോട്ടിവേര് ആനക്കുറുന്തോട്ടി വേര് ഇവ കഷായംവച്ച് സേവിക്കുക എല്ലാവിധ വാതരോഗങ്ങളും ശമിക്കും.


29) ഓരിലവേര്, മൂവിലവേര്, ചെറുവഴുതിനവേര് , വെൺവഴുതിന വേര്, ഞെരിഞ്ഞിൽ ഇവ പാൽക്കഷായമാക്കി സേവിച്ചാൽ രക്തവാതം ശമിക്കും.


30) ചിറ്റമൃത് ,ചുക്ക്, കൊത്തമ്പാലയരി ഇവ കഷായം വച്ച് സേവിച്ചാൽ രക്തവാത സംബന്ധമായ ത്വക്ക് രോഗങ്ങൾ ശമിക്കും.


31)കരിങ്ങാലിക്കാതൽ, വേപ്പിൻതൊലി, ചിറ്റമൃത്, പടവലതണ്ട്, മരമഞ്ഞൾതൊലി, കൊടിത്തൂവ വേര് ഇവ കഷായം വച്ച് സേവിച്ചാൽ എല്ലാവിധത്തിലുള്ള ത്വഗ്രോഗങ്ങൾ ശമിക്കും.


32) പ്ലാശിൻതൊലി, തമിഴാമ വേര്, ചുക്ക് ഇവ കഷായം വച്ച് ഇന്തുപ്പ് മേമ്പൊടി ചേർത്ത് സേവിച്ചാൽ വയറിലും ശരീരത്തിലുണ്ടാകുന്ന കല്ലിപ്പ് അതുപോലെതന്നെ ആമാശയത്തിലും വയറിന്റെ ഭാഗങ്ങളിലുണ്ടാകുന്ന വേദന ശമിക്കും.


33) അയമോദകം, തമിഴാമ വേര് കഷായം വെച്ച് പിഴിഞ്ഞരിച്ച് ഇന്തുപ്പും കായം വറുത്തുപൊടിച്ചത് മേമ്പൊടി ചേർത്ത് സേവിച്ചാൽ വയറുവേദന ശമിക്കും.


34) ത്രിഫലത്തോട് ,വേപ്പിൻതൊലി, ഇരട്ടിമധുരം, കടുകരോഹിണി കുവളകായയുടെ മജ്ജ ഇവ കഷായം വെച്ച് തേൻ ചേർത്ത് സേവിച്ചാൽ ശരീരം മുഴുവൻ ചുട്ടുപൊള്ളുന്നു അവസ്ഥ ശമിക്കും.


35) പ്ലാശിൻതൊലി കഷായംവച്ച് തേങ്ങാപ്പാൽ ചേർത്ത് സേവിച്ചാൽ എല്ലാവിധത്തിലുള്ള വയറ്റിലെ വേദനകളും ശമിക്കും.


36)കൊടുവേലിക്കിഴങ്ങ് ,കാട്ടുതിപ്പലി വേര്, ചുക്ക്, വെളുത്ത ആവണക്കിൻ വേര് ഇവ കഷായം വെച്ച് വിളയുപ്പ്, ഇന്ദുപ്പ് ,കായം ഇവ വെറുത്ത് പൊടിച്ച് മേമ്പൊടി ചേർത്ത് സേവിച്ചാൽ എല്ലാവിധത്തിലുള്ള വയറുവേദന വയറുവീർപ്പ് മലബന്ധം ശമിക്കും.


37)കാരെള്ള് കഷായത്തിൽ ചുക്ക്, കുരുമുളക്, തിപ്പലി, കായം ചെറുതേക്ക് ഇവയുടെ പൊടിയും ശർക്കരയും ചേർത്ത് സേവിച്ചാൽ നഷ്ടപ്പെട്ടുപോയ ആർത്തവം വീണ്ടും വരും.


38) പ്ലാശിൻ പൂവു കൊണ്ടുള്ള കഷായത്തിൽ പഞ്ചസാര മേമ്പൊടി ചേർത്ത് സേവിച്ചാൽ പ്രമേഹം ശമിക്കും.


39) വിഴാലരിപ്പരിപ്പ്, വരട്ടുമഞ്ഞൾ, ഇരട്ടിമധുരം ,ചുക്ക് ,ഞെരിഞ്ഞിൽ ഇവകൊണ്ടുള്ള കഷായം തേൻ മേമ്പൊടി ചേർത്ത് സേവിച്ചാൽ പ്രമേഹം ശമിക്കും.


40) ശതാവരിക്കിഴങ്ങ് പാൽക്കഷായമായി പഞ്ചസാര ചേർത്ത് സേവിച്ചാൽ മൂത്രതടസ്സം മാറിക്കിട്ടും.


41) ശതാവരിക്കിഴങ്ങ്, പാൽമുതുക്കിൻ കിഴങ്ങ്, ഞെരിഞ്ഞിൽ, മുത്തങ്ങാക്കിഴങ്ങ് കിഴങ്ങ് ഇവ കഷായം വച്ച് സേവിച്ചാൽ മൂത്രതടസ്സം ശമിക്കും.


42)ചിറ്റമൃത് ,ചുക്ക് ,നെല്ലിക്കാത്തോട് അമുക്കുരം ,ഞെരിഞ്ഞിൽ ഇവ കഷായം വച്ച് സേവിച്ചാൽ വേദനയോടു കൂടിയ മൂത്രതടസ്സം ശമിക്കും.


43) കുശ വേര്, ആറ്റുദർഭ വേര്, അമ വേര്, ദർഭ വേര്, കരിമ്പിന്റെ വേര് ഇവ കഷായം വെച്ച് സേവിച്ചാൽ ചുട്ടുനീറ്റലോടും, വേദനയോടുകൂടി രക്തം പോകുന്ന തരത്തിലുള്ള മൂത്രതടസ്സം മാറിക്കിട്ടും.


44) നെല്ലിക്കാത്തോട്, നിലപ്പനക്കിഴങ്ങ് ,കരിങ്ങാലിക്കാതൽ, ഞെരിഞ്ഞിൽ ,ഞാവൽത്തൊലി, ശതാവരിക്കിഴങ്ങ് ഇവ കഷായം വെച്ച് ആറിയാൽ തേൻ മേമ്പൊടി ചേർത്ത് സേവിക്കുക അസ്ഥിസ്രാവം അസ്ഥിയുരുക്കം രക്തസ്രാവം മുതലായ സ്ത്രീകൾക്കുണ്ടാകുന്ന അസുഖങ്ങൾ ശമിക്കും.


45) ആടലോടകവേര് ,ചെറുകടലാടി , ശതാവരിക്കിഴങ്ങ് ,രാമച്ചം, കുറുന്തോട്ടിവേര്, ചെമ്പരത്തി വേര് ഇവകൊണ്ടുള്ള കഷായം പഞ്ചസാരയും തേനും മേമ്പൊടി ചേർത്ത് സേവിച്ചാൽ അസ്ഥിയുരുക്കം ശമിക്കും


46) തെങ്ങിൻ പൂക്കുലയരി, ചെമ്പരത്തിവേര്, കുറുന്തോട്ടിവേര്, ഞാവൽത്തൊലി കൊണ്ടുള്ള കഷായം അസ്ഥിയുരുക്കം ശമിപ്പിക്കും


47) ചെറുകടലാടി യുടെ ഇല അരച്ച് വെണ്ണയിൽ കലക്കി സേവിച്ചാൽ അസ്ഥിയുരുക്കം ശമിക്കും.


48)ഗർഭിണിയായിരിക്കുമ്പോൾ ഒന്നാം മാസത്തിൽ കുറുന്തോട്ടിവേരും ,രണ്ടാം മാസത്തിൽ തിരുതാളിയും, മൂന്നാം മാസത്തിൽ ചെറുവഴുതിന വേര്, നാലാം മാസത്തിൽ ഓരില വേര്, അഞ്ചാം മാസത്തിൽ ചിറ്റമൃത് ആറാം മാസത്തിൽ പുത്തരിച്ചുണ്ട വേരും, ഏഴാം മാസത്തിൽ യവവും, എട്ടാം മാസത്തിൽ പെരുംകുറുമ്പ വേരും, ഒമ്പതാം മാസത്തിൽ ശതാവരിക്കിഴങ്ങും വിധി പ്രകാരം 50 ഗ്രാം ദിവസവും കിഴികെട്ടി പാൽക്കഷായം വെച്ച് കഴിക്കുന്നത് ഗർഭിണികൾക്ക് ഗർഭം സംരക്ഷിക്കുന്നതിനും ഗർഭത്തിന്റെ വളർച്ചയ്ക്കും വളരെ നല്ലതാണ്.


49) താമരക്കിഴങ്ങ് പാലിൽ കുറുക്കി പഞ്ചസാര മേമ്പൊടി ചേർത്ത് രാത്രിയിൽ സേവിച്ചാൽ ഗർഭം അലസുന്നത് തടയും.


50) ഗർഭിണികൾക്ക് രക്തം പോക്ക്, വയറ്റിൽ വേദനയോ ഉണ്ടായാൽ കുറുന്തോട്ടിവേര്, അടപതിയൻ വേര്, നറുനീണ്ടിക്കിഴങ്ങ് ,രാമച്ചം, ചെങ്ങഴിനീർക്കിഴങ്ങ്, ഇരുവേലി ഇവ കഷായം വച്ച് പിഴിഞ്ഞരിച്ച് പാൽ ചേർത്ത് വറ്റിച്ച് പഞ്ചസാര ചേർത്ത് സേവിക്കുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ പാൽ കടഞ്ഞെടുത്ത വെണ്ണ പഞ്ചസാര ചേർത്ത് സേവിക്കുന്നത് നല്ലതാണ്.


51) കരിങ്കുറിഞ്ഞി വേര് ,പഴമുതിര, വെള്ളക്കൊട്ടം, ദേവതാരം, മഞ്ഞൾ, മരമഞ്ഞൾതൊലി ഇവകൊണ്ടുള്ള കഷായം കായവും, ഇന്തുപ്പും വറുത്തുപൊടിച്ച് മേമ്പൊടി ചേർത്ത് സേവിച്ചാൽ പ്രസവശേഷം സ്ത്രീകൾക്ക് ഉണ്ടാകുന്ന വയറുവേദന ,പനി ഇവ ശമിക്കും.


52) ത്രികോൽപ്പക്കൊന്ന നാഗദന്തിവേര് ത്രിഫലത്തോട് ഇവ കഷായം വച്ച് സേവിച്ചാൽ മലശോധന ഉണ്ടാകും.


53) ചമത തൊലി 50ഗ്രാം കഷായംവെച്ച് നിത്യവും രാവിലെ സേവിക്കുന്നത് ആർത്തവരക്ത തടസ്സം ശമിക്കുകയും ആർത്തവ ശുദ്ധമാക്കുകയും ചെയ്യും.


54) ചിറ്റരത്ത, ദേവതാരം, കുറുന്തോട്ടിവേര്, ദർഭ വേര്, മുത്തങ്ങക്കിഴങ്ങ്, രാമച്ചം, തമിഴാമ വേര് കഷായം വെച്ച് തേനും പഞ്ചസാരയും മേമ്പൊടി ചേർത്ത് സേവിക്കുന്നത് യോനിക്കകത്ത് ഉണ്ടാകുന്ന വേദന (യോനിശൂല) ശമിക്കും.


55) ഞെരിഞ്ഞിൽ, ഇഞ്ചി, തമിഴാമവേര് ,കടുക്കാത്തോട്, ദേവതാരം ,ചുക്ക് ,വെള്ളുള്ളി വയൽചുള്ളി വേര് ഇവ കഷായം വെച്ച് സേവിക്കുന്നത് ശരീരത്തിലെ നീർക്കെട്ട് ശമിപ്പിക്കും.


56) തമിഴാമവേര് ,ദേവതാരം ,ചുക്ക് ഇവ കഷായം വെച്ച് ഗുഗ്ഗുലു മേമ്പൊടി ചേർത്ത് സേവിച്ചാൽ ശരീരത്തിലെ നീർക്കെട്ട് ശമിക്കും.


57) ആടലോടകത്തിന്റെ വേര്, ചിറ്റമൃത് ,ഇരട്ടിമധുരം ,തേറ്റാമ്പരൽ ഇരുവേലി, വേപ്പീൻ തൊലി കൊണ്ടുള്ള കഷായം തേനും നെയ്യും മേമ്പൊടി ചേർത്ത് സേവിച്ചാൽ മഞ്ഞപ്പിത്തം ശമിക്കും.


58) നറുനീണ്ടി കിഴങ്ങ്, ചന്ദനം, രാമച്ചം, ഇരട്ടിമധുരം, താമരയല്ലി, മഞ്ചട്ടി, വരട്ടുമഞ്ഞൾ, കടുക്കാത്തോട് ഇവ കഷായം വച്ച് സേവിച്ചാൽ ഹെർപ്പിസ് അഥവാ വിസർപ്പം ശമിക്കും.


59) കൊന്നത്തൊലി, ചിറ്റമൃത്, കടുക്കാത്തോട് ,കരിങ്ങാലിക്കാതൽ ഇവ കഷായം വച്ച് സേവിച്ചാൽ ത്വക്കിനുണ്ടാകുന്ന രോഗങ്ങൾ ശമിക്കും.


60) വേപ്പിൻതൊലി, ചിറ്റമൃത്, ചുക്ക്, വരട്ടുമഞ്ഞൾ, ആടലോടകത്തിന്റെ വേര്, ത്രിഫലത്തോട്, പടവലത്തണ്ട്, ചെറുവഴുതിന വേര് ഇവ കഷായം വെച്ച് തേനും ഗുഗ്ഗുലുവും മേമ്പൊടി ചേർത്ത് സേവിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന കുരുക്കൾ പൊട്ടി ഉണങ്ങും.


61) മുരിങ്ങ തൊലി കഷായത്തിൽ കായവും ഇന്തുപ്പും വറുത്തുപൊടിച്ച് മേമ്പൊടി ചേർത്ത് എന്നും രാവിലെ സേവിച്ചാൽ ശരീരത്തിലുണ്ടാവുന്ന പരു വേഗത്തിൽ പൊട്ടി ഉണങ്ങും.


62) പാടക്കിഴങ്ങ് അരിക്കാടിയിൽ അരച്ച് തേൻ മേമ്പൊടി ചേർത്ത് സേവിച്ചാൽ ശരീരത്തിലെ അകത്താകുന്ന പരുക്കൾ പൊട്ടി ചലം പുറത്തുവരും.


63) തമിഴാമവേര്, കടുക്കാത്തോട് കൊന്നത്തൊലി, ആവിൽ തളിര് ചുക്ക്, ചുണ്ട് വേര് ഇവകൊണ്ടുള്ള കഷായം സേവിച്ചാൽ ഉദരം അഥവാ അസ്സെറ്റിസ് ശമിക്കും.


64) കടുക്കാത്തോട്, ചുക്ക്, ദേവതാരം ,തമിഴാമവേര്, ചിറ്റമൃത്, ഇവ കഷായം വെച്ച് ഗോമൂത്രവും മേമ്പൊടി ചേർത്ത് സേവിച്ചാൽ ശരീരത്തിലാകമാനം ഉണ്ടാകുന്ന നീരും മഹോദരവും ശമിക്കുന്നു.


65) തമിഴാമവേര്, വേപ്പിൻതൊലി പടവലം, ചുക്ക്, പുത്തരിച്ചുണ്ടവേര്, ചിറ്റമൃത്, മരമഞ്ഞൾതൊലി കടുക്കാത്തോട് ഇവ കഷായം വച്ച് സേവിച്ചാൽ ദേഹമാസകലം ഉണ്ടാകുന്ന നീര് മഹോദരം, പാണ്ഡുരോഗം, ശ്വാസംമുട്ട് മുതലായവ ശമിക്കുന്നു.


66) ചുക്ക്, തിപ്പലി, കുരുമുളക്, ത്രിഫലത്തോട് ,കരിഞ്ജീരകം ,വരട്ട് മഞ്ഞൾ ,ഉലുവ, ചീനപ്പാവ് ഇവ കഷായം വച്ച് തേൻ മേമ്പൊടി ചേർത്ത് സേവിച്ചാൽ സിഫലിസ്സ് ശമിക്കുന്നു.


ഞാൻ ഈ ലേഖനത്തിൽ ഏകദേശം 66 ഓളം കഷായങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട് അതിൽ എല്ലാ മരുന്നുകളും തനെ അങ്ങാടി മരുന്നുകടകളിൽ ലഭ്യമാണ് നിങ്ങളുടെ രോഗാവസ്ഥക്ക് അനുസരിച്ച് മരുന്നുകൾ വാങ്ങി കഴുകി ഉണക്കി ചതച്ച് ഒരു വൈദ്യ നിർദ്ദേശാനുസരണം കഷായം വെച്ച് സേവിക്കുന്നത് രോഗങ്ങൾ വളരെ പെട്ടെന്ന് സുഖപ്പെടാൻ നിങ്ങളെ സഹായിക്കും അതുപോലെതന്നെ യാതൊരുവിധ പ്രിസർവേറ്റീവുകൾ ഇല്ലാത്ത മരുന്നുകൾ കഴിക്കുവാനും നിങ്ങൾക്ക് സാധിക്കും. കഷായമുണ്ടാക്കുന്നതിനും രണ്ട് രീതികൾ അവലംബിക്കാവുന്നതാണ്


1) സാധാരണ കഷായം വെക്കാൻ പറഞ്ഞ മരുന്നുകളെല്ലാം തുല്യമായ അളവിൽ വാങ്ങിച്ചു കഴുകി ഉണക്കി ചതച്ചുവയ്ക്കുക അതിൽനിന്ന് 60 ഗ്രാം മരുന്ന് എടുത്തത് 1500 ml വെള്ളത്തിൽ കഷായംവെച്ച് അതിനെ കുറുകി വറ്റിച്ച് 150 ml ആക്കി 75 മില്ലി വീതം രണ്ടുനേരം രാവിലെയും വൈകിട്ടും വെറുംവയറ്റിൽ നിർദേശിച്ചിട്ടുള്ള മേമ്പൊടിയും ചേർത്ത് കുടിക്കുക.


2) കഷായമുണ്ടാക്കുന്നതിനു വേറൊരു രീതി കൂടി അവലംബിക്കാവുന്നതാണ് 60 gm മരുന്ന് 16 ഇരട്ടി വെള്ളത്തിൽ (960 ml) കഷായം വച്ച് കുറുക്കി വറ്റിച്ച് എട്ടിൽ ഒന്നാക്കി (1/8) വററിച്ച് 120 ml ആക്കി 60 ml വീതം രണ്ട് നേരം വെറും വയറ്റീൽ വൈദ്യ നിർദ്ദേശാനുസരണം കഴിക്കുക.


നന്ദി നിങ്ങൾക്ക് എല്ലാവർക്കും എൻറെ ഈ ആർട്ടിക്കിൾ ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.നിങ്ങൾക്കിഷ്ടപ്പെട്ടാൽ ഈ അറിവ് ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും കൂടി ഏത്തിക്കു.


ഡോ. പൗസ് പൗലോസ് BAMS, MS(Ay)


സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments