Random Post

ഗർഭിണിയായ സ്ത്രീകളുടെ പരിചരണവും അവർക്കുണ്ടാകുന്ന അസുഖങ്ങൾക്കുള്ള ആയുർവേദ ചികിൽസ

ഗർഭിണിയായ സ്ത്രീകളുടെ പരിചരണവും അവർക്കുണ്ടാകുന്ന അസുഖങ്ങൾക്കുള്ള കുറിച്ചും അവയ്ക്കുള്ള ആയുർവേദ ചികിൽസ കുറിച്ചുമാണ് ഞാൻ ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത് ഈ ലേഖനം എല്ലാ സാധാരണ ജനങ്ങൾക്കും മനസ്സിലാകുമെന്നും ഉപകാരപ്പെടും എന്നും പ്രതീക്ഷിക്കുന്നു.

.............................................................................

ഗർഭാശയത്തിൽ ശോണിതശുക്ലങ്ങൾ സംഘടിക്കുമ്പോൾ അതൊരു ശിശുവായിത്തീരുന്നു. അ ശിശു നല്ല ഒരു സന്താനമായി തീരണമെങ്കിൽ അതിന്റെ മാതാപിതാക്കളുടെ ശുക്ലവും അണ്ഡവും ദോഷങ്ങളാൽ വിമുക്തം ആയിരിക്കണം. തെറ്റായ ആഹാരവിഹാരങ്ങൾ കൊണ്ടും ത്രിദോഷങ്ങളുടെ കോപംകൊണ്ടും ഗർഭ കോശം ദുഷിക്കുകയും തന്മൂലം ജനിക്കാൻ പോകുന്ന ശിശുവിന് വൈകല്യങ്ങൾ ഉണ്ടാവുകയും ചെയ്യും. ഒരു പുരുഷന്റെ തെറ്റായ ജീവിതരീതികൊണ്ടും അന്നപാനങ്ങൾ മൂലവും ശുക്ലം ദുഷിക്കുകയും അത് ഗർഭധാരണത്തിന് അയോഗ്യമായി തീരുകയും ചെയ്യുന്നു. ബീജ ശുദ്ധീകരണത്തിനായി ശതാവരിക്കിഴങ്ങ് ,നിലപ്പനക്കിഴങ്ങ് ഇട്ടു കാച്ചിയ പാൽ കുടിക്കുന്നത് വളരെ നല്ലതാണ് അതുപോലെതന്നെ നായ്ക്കുരണപ്പരിപ്പ് എടുത്ത് പാലിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ച് 5 ഗ്രാം പൊടി പാലിൽ ചേർത്ത് കുറുക്കി പഞ്ചസാര ചേർത്ത് അത്താഴത്തിനുശേഷം കഴിക്കുന്നത് വളരെ നല്ലതാണ് ഇതെല്ലാം ശുക്ലത്തെ ശുദ്ധീകരിക്കുന്നതാണ്. ത്രിഫലത്തോട് , ത്രികടു, ശുദ്ധിചെയ്ത കൊടുവേലി 12 ഗ്രാം വീതം ഉണക്കിപ്പൊടിച്ചത് രണ്ടു ഗ്ലാസ് പാലിൽ തിളപ്പിച്ച് ഒരു ഗ്ളാസ് പാൽ ആക്കി അരിച്ച് ആർത്തവ ദിവസങ്ങളിൽ രാവിലെ കഴിക്കുന്നത് ആർത്തവത്തെ ശുദ്ധീകരിക്കാൻ സഹായിക്കും. അതുപോലെ തന്നെ ചുവന്ന ചെമ്പരത്തി പൂവ് ഒരു ചെറുനാരങ്ങയുടെ നീരിൽ അരച്ച് ആർത്തവ ദിവസങ്ങളിൽ രാവിലെ സേവിക്കുന്നത് ആർത്തവത്തെ ശുദ്ധീകരിക്കുന്നതാണ്. ശുദ്ധമായ ശുക്ലാർത്തവങ്ങൾ സംയോജിച്ചാൽ മാത്രമേ ഒരു വൈകല്യങ്ങളും ഇല്ലാത്ത ഒരു സന്താനത്തെ ലഭിക്കുകയുള്ളൂ. സുകുമാരഘൃതം സാമാന്യേന ഗർഭധാരണത്തിന് സഹായിക്കുന്നതാണ്. ഒരു ടീ സ്പൂൺ ജീരകപ്പൊടിയും നെയ്യിൽ കുഴച്ച് സേവിക്കുന്നത് ഗർഭിണികൾക്കുണ്ടാകുന്ന വായിലെ പുണ്ണ് കരിയുന്നതിന് ഉത്തമമാണ്. കരിഞ്ചീരകം പൊടിച്ച് ആവണക്കെണ്ണയിൽ മൂപ്പിച്ച് അതിൽ രാസ്നാദി പൊടി കുഴച്ച് തലയിൽ തളം വയ്ക്കുന്നത് പ്രസവശേഷം ഉണ്ടാകുന്ന പനിക്ക് വളരെ നല്ലതാണ്. അതുപോലെ പ്രസവശേഷം ഉണ്ടാകുന്ന വയറിളക്കത്തിന് പാടകിഴങ്ങും, പുളിയാറില, മുത്തങ്ങയും ,അതിവിടെയവും പുളിച്ച തൈരിൽ അരച്ചു കലക്കി ഒരു ഗ്ലാസ് കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെ പ്രസവശേഷം ഉണ്ടാകാറുള്ള ചർദ്ദിക്ക് രാമച്ചം, മലര്, കൂവളത്തിന്റെ വേര് ചതച്ചിട്ട് ഇവ തിളപ്പിച്ച വെള്ളം ഏലത്തരി പൊടിച്ചിട്ട സേവിക്കുന്നത് വളരെ നല്ലതാണ്. അമിതമായ ഉറക്കം,ക്ഷീണം വരുന്നുണ്ടെങ്കിൽ നെയ്യും പഞ്ചസാരയും തേനും കൂട്ടി കുഴച്ചു കഴിക്കുന്നതും ,സൂപ്പും പാലും കഴിക്കുന്നത് ക്ഷീണമകറ്റാൻ നല്ലതാണ്. പ്രസവത്തിനു ശേഷം ചില സ്ത്രീകൾക്കുണ്ടാകുന്ന മനോവിഭ്രാന്തിക്ക് ദശപുഷ്പം ഇടിച്ചിട്ടു വെന്ത വെള്ളം തണുപ്പിച്ച അര മണിക്കൂർ വരെ തലയിൽ ധാരകോരുന്നത് വളരെ നല്ലതാണ് . അതുപോലെതന്നെ ഉണക്കനെല്ലിക്ക മോരിലരച്ച് പഞ്ചഗന്ധ ചൂർണ്ണം ചേർത്ത് അരച്ച് നിറുകയിൽ തളം വെയ്ക്കുന്നതും വളരെ നല്ലതാണ്. സ്ത്രീകളുടെ മുലപ്പാൽ ദുഷിച്ചാൽ കുട്ടിക്ക് പലവിധത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നതാണ് അതിനാൽ ദുഷിച്ച മുലപ്പാൽ ശുദ്ധിയാക്കാൻ അതിനുവേണ്ടി കുടകപ്പാലയരി, പുത്തരിച്ചുണ്ടവേര് ,കടുകരോഹിണി, പെരുംകുറുമ്പ വേര്, അമൃത്, നറുനീണ്ടിക്കിഴങ്ങ്, മുത്തങ്ങക്കിഴങ്ങ്, ദേവതാരം ,ചുക്ക് മുതലായവ കഷായം ഉണ്ടാക്കി കഴിക്കുന്നത് മുലപ്പാൽ ശുദ്ധിയാക്കാൻ വളരെ നല്ലതാണ്. സ്തനത്തിനു മുകളിൽ പരു ഉണ്ടായാൽ മഞ്ഞളും, വേപ്പിൻ തൊലിയും, ചിറ്റമൃത്, ഇന്തുപ്പും സമം അരച്ച് പരുവിന്റെ മൂലത്തിൽ തേക്കുക. അതുകൂടാതെ നിംബാദി കഷായം സേവിക്കുന്നതും നല്ലതാണ്. ഗർഭിണിയായിരിക്കുമ്പോൾ ഒന്നാം മാസത്തിൽ കുറുന്തോട്ടിവേരും ,രണ്ടാം മാസത്തിൽ തിരുതാളിയും, മൂന്നാം മാസത്തിൽ ചെറുവഴുതിന വേര്, നാലാം മാസത്തിൽ ഓരില വേര്, അഞ്ചാം മാസത്തിൽ ചിറ്റമൃത് ആറാം മാസത്തിൽ പുത്തരിച്ചുണ്ട വേരും, ഏഴാം മാസത്തിൽ യവവും, എട്ടാം മാസത്തിൽ പെരുംകുറുമ്പ വേരും, ഒമ്പതാം മാസത്തിൽ ശതാവരിക്കിഴങ്ങും വിധി പ്രകാരം ഓരോ പലം വീതം (50 ഗ്രാം ) ദിവസവും കിഴികെട്ടി പാൽക്കഷായം വെച്ച് കഴിക്കുന്നത് ഗർഭിണികൾക്ക് ഗർഭം സംരക്ഷിക്കുന്നതിനും ഗർഭത്തിന്റെ വളർച്ചയ്ക്കും വളരെ നല്ലതാണ്. ഗർഭിണികൾക്ക് രക്തം പോക്ക് വയറ്റിൽ വേദന ഉണ്ടായാൽ പാൽ കടഞ്ഞെടുത്ത വെണ്ണ പഞ്ചസാര ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. പ്രസവശേഷം ഉണ്ടാകുന്ന പനിക്കും വയറുവേദനക്കും കരിങ്കുറിഞ്ഞി വേര്, പഴ മുതിര , വെള്ളക്കൊട്ടം ,ദേവതാരം, മഞ്ഞൾ മരമഞ്ഞൾതൊലി ,ആറ്റുവഞ്ചി എല്ലാംകൂടി 50ഗ്രാം എടുത്ത് രണ്ടര ലിറ്റർ വെള്ളത്തിൽ കഷായംവെച്ച് വറ്റിച്ച് 750 ml ആക്കി വീണ്ടും വറ്റിച്ചു 150 ml ലാക്കി 75 വീതം രാവിലെയും വൈകിട്ടും വെറുംവയറ്റിൽ കായവും ഇന്തുപ്പും മേമ്പൊടി ചേർത്ത് സേവിക്കുന്നത് പ്രസവശേഷം സ്ത്രീകൾക്ക് ഉണ്ടാകുന്ന വയറുവേദന ,പനി മാറാനും വളരെ നല്ലതാണ്.

ഒരു സ്ത്രീയുടെ ഗർഭധാരണത്തിനു മുമ്പ് ഗർഭിണിയായിരിക്കുമ്പോഴും പ്രസവശേഷവും അവൾ ശ്രദ്ധിക്കേണ്ടതായ വസ്തുതകളെക്കുറിച്ചും അവൾക്ക് ഉണ്ടാകുന്ന രോഗങ്ങൾക്കുള്ള ആയുർവേദ ചികിത്സയെ കുറിച്ചും വളരെ സംക്ഷിപ്തമായി രൂപത്തിൽ ഞാൻ ഇവിടെ വിവരിച്ചിട്ടുണ്ട് ഇത് നിങ്ങൾക്കോ നിങ്ങൾക്ക് പരിചയമുള്ള മറ്റാർക്കെങ്കിലുമോ ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.

നന്ദി നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഈ ആർട്ടിക്കിൾ ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.നിങ്ങൾക്ക് ഈ ലേഖനം ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്ത് എത്തിക്കുമല്ലോ

ഡോ. പൗസ് പൗലോസ് BAMS, MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments