വിഷ ചികിത്സ ആയുർവേദ ശാസ്ത്രത്തിൽ

സുഹൃത്തുക്കളെ, ഞാൻ നിങ്ങളുമായി പങ്കു വെക്കുന്നു കൊച്ചു കൊച്ചു അറിവുകൾ നിങ്ങൾക്ക് ഉപകാരപ്പെടുന്നു എന്നറിയുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ഇന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് വിവിധ തരത്തിലുള്ള വിഷ ചികിത്സയെ കുറിച്ചാണ്.

....................................................

ആയുർവേദ ശാസ്ത്രവിധിപ്രകാരം ചെയ്യുന്ന വിഷ ചികിത്സയെ വളരെ ചുരുക്കി സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഞാൻ ഇവിടെ പറഞ്ഞിട്ടുണ്ട്. പാമ്പ് കടിച്ചാൽ ഉടനെ തന്നെ കടിച്ച പ്രദേശത്തിന്റെ ഏകദേശം എട്ട് സെന്റീമീറ്റർ മുകളിൽ വസ്ത്രം മുതലായവകൊണ്ട് ശക്തമായി കെട്ടണം ശേഷം വിഷത്തെ നശിപ്പിക്കുന്ന പ്രയോഗങ്ങൾ ചെയ്യണം. ഈ ലേഖനത്തിൽ ആധുനിക വൈദ്യശാസ്ത്ര രീതികളെക്കുറിച്ചല്ല പ്രാചീനകാലം മുതൽ ആയുർവേദശാസ്ത്രത്തിൽ ഉപയോഗിച്ചിരുന്ന ചില രീതികളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. പാലിൽ അമുക്കുരം അരച്ച് സേവിച്ചാൽ മൂർഖൻപാമ്പ് കടിച്ച് വിഷത്തിന് നല്ല ശമനം ഉണ്ടാകുന്നതാണ്. അതുപോലെതന്നെ തകരവും കൊട്ടവും കൂടി 120 ഗ്രാം എടുത്ത് പൊടിച്ച് നെയ്യും തേനും ചേർത്ത് സേവിച്ചാൽ ഏത് പാമ്പുകടിച്ചു വിഷം ആയാലും ശമനമുണ്ടാകും. പാമ്പ് കടിച്ചാൽ പുകയറ, മഞ്ഞൾ, മരമഞ്ഞൾ, ചെറുചീര ഇവ സമൂലം അരച്ച് നെയ് ചേർത്ത് കുടിക്കണം.
മഞ്ഞൽ ഇന്തുപ്പ് ഇവ പൊടിച്ച് തേനും നെയ്യും ചേർത്ത് സേവിച്ചാൽ വിഷമുള്ള മുള്ള് അതുപോലെ മറ്റുള്ള വിഷമുള്ള വസ്തുക്കൾ കൊണ്ടുണ്ടായ വിഷബാധ ശമിക്കും. താമ്രഭസ്മവും, സ്വർണഭസ്മവും പഞ്ചസാരയും തേനും ചേർത്ത് നക്കിയാൽ ഏത് കൂട്ടു വിഷവും ശമിക്കും. പുകയറയും, കുരുമുളകും കൂടി പൊടിച്ച് വെണ്ണയിൽ കഴിച്ചാൽ വിഷം ശമിക്കും. വയമ്പ്, ചുക്ക്, കുരുമുളക്, ഇന്തുപ്പ് ഇവ നാല് ഗ്രാം വീതം അരച്ച് വെണ്ണയിൽ സേവിച്ചാൽ വിഷം ശമിക്കും. ഇന്തുപ്പ് പശുവിന്റെ വെണ്ണയിൽ മർദ്ദിച്ച വിഷമേറ്റ സ്ഥലത്ത് പുരട്ടിയാൽ വിഷമേറ്റ ഭാഗത്തെ ചുട്ടുനീറ്റൽ ശമിക്കും. ചന്ദനവും, രാമച്ചവും അരച്ച് ധാരകോരിയാൽ വിഷബാധ കൊണ്ടുണ്ടായ ചുട്ടുനീറൽ ശമിക്കും. ചേര പാമ്പ് കടിച്ചാൽ പ്ലാവിൻ തേല് അരച്ച് തേക്കുക അത് ശമിക്കും. ചേരപ്പാമ്പ് കടിച്ചാൽ ചുക്ക് ചൂടുവെള്ളത്തിൽ സേവിക്കയും പ്ലാശിൻതൊലി അരച്ച് പൂശുകയും ചെയ്യുക ചേര കടിച്ച് ഉണ്ടായ വിഷം ശമിക്കും. മഞ്ഞൾ അരച്ച് ഗോമൂത്രത്തിൽ ചാലിച്ച് തേക്കുക നീർക്കോലി വിഷം ശമിക്കും. പഴുതാര കടിച്ച വിഷത്തിന് കറുന്തകാളിയും, പച്ചമഞ്ഞളും മുലപ്പാലിൽ അരച്ച് തേക്കുക. കടുക്കാത്തോട്, കറുകനാമ്പ് പച്ചമഞ്ഞൾ ഇവ പനിനീരിൽ അരച്ച് സേവിച്ചാൽ പഴുതാര കടിച്ചു വിഷമിക്കും. അട്ട കടിച്ചു ഉണ്ടായ വിഷത്തിന് മഞ്ഞൾ മുലപ്പാലിൽ അരച്ച് തേക്കുക. ചിലന്തിവിഷത്തിന് തുളസിനീരിൽ മഞ്ഞൾ അരച്ചു കലക്കി അകത്തൂട്ട് സേവിക്കുകയും പുറമേ തേക്കുകയും ചെയ്യുക.
കുടകപ്പാല തൊലിയും, തൃച്ചടയും കൂടി അരച്ച് തേച്ചാൽ കടന്നൽ കടിച്ചു ഉണ്ടായ വിഷം ശമിക്കും. മുക്കുറ്റി അരച്ച് വെണ്ണയിൽ അരച്ച് സേവിക്കുകയും കടന്നൽ കടിച്ച ഭാഗത്ത് പുരട്ടുകയും ചെയ്യുക കടന്നൽ വിഷം ശമിക്കും. പുലിച്ചുവടി അരച്ച് കരിക്കിൻവെള്ളത്തിൽ സേവിച്ചാൽ കടന്നൽ വിഷം ശമിക്കും. മഞ്ഞൾ, മരമഞ്ഞൾതൊലി ഇവ സമം അരച്ച് തേച്ചാൽ വണ്ട് കുത്തിയ വിഷം ശമിക്കും.
തേൾ കുത്തിയ വിഷത്തിന് പൊന്നാവീരത്തിൻ ഇല വായിലിട്ട് ചവച്ച് തേൾ കുത്തിയ വ്യക്തിയുടെ ചെവിട്ടിൽ ഊതിയാൽ പെട്ടെന്ന് തേൾ വിഷം ശമിക്കും. തേൾ കടിച്ച കോൾ വായില് മുകളിൽ തുളസി വേരരച്ച് ഗുലുഗുലു ചേർത്തു പുകച്ചാൽ തേൾ വിഷം പെട്ടെന്ന് ശമിക്കും. പുളിയിലയും, മുരിങ്ങയിലയും കൂടി പിഴിഞ്ഞ് നസ്യം ചെയ്താൽ തേൾ വിഷം ശമിക്കും. പുകയിറ, മഞ്ചട്ടി, മഞ്ഞൾ, ഇന്തുപ്പ് ഇവ അരച്ച് തേച്ചാൽ എലി വിഷം ശമിക്കും. ചെറുചീര, മുത്തങ്ങക്കിഴങ്ങ്, തമിഴാമ വേര് ഇവ പാലിൽ അരച്ച് സേവിച്ചാൽ എലി വിഷം ശമിക്കും. അങ്കോലത്തിൻ വേര് പാലിലോ കാടിയിലോ അരച്ച് സേവിച്ചാൽ എലി വിഷം ശമിക്കും. കുപ്പമേനി ഇലയുടെ നീരിൽ കലങ്കൊമ്പ് അരച്ച് തേച്ചാൽ പൂച്ച വിഷം ശമിക്കും. വമനവിരേചനങ്ങൾ യഥാവിധി ചെയ്തതിനുശേഷം വയമ്പ്, രുദ്രാക്ഷം, അമുക്കുരം ഇവ പാലിൽ അരച്ചുകലക്കി സേവിക്കുകയും കൂടാതെ സ്വർണ്ണ ഭസ്മം തേൻ ചേർത്ത് സേവിക്കുക കൈ വിഷം ശമിക്കും. പേപ്പട്ടിവിഷത്തിന് ഉമ്മത്തിൻകായ അത്തിക്കായ ഇവ അരിക്കാടിയിൽ അരച്ച് കൊടുക്കുകയോ, ഉമ്മത്തില ഇടിച്ചുപിഴിഞ്ഞ നീര് നെയ്യ് ശർക്കര ഇവയെല്ലാംകൂടി 60 ഗ്രാം എടുത്ത് സേവിക്കുകയോ ചെയ്താൽ പേപ്പട്ടി കടിച്ചു ഉണ്ടായ വിഷം ശമിക്കും. ഞാൻ മുകളിൽ പറഞ്ഞ പ്രയോഗങ്ങളെല്ലാം തന്നെ ആയുർവേദ ശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്ന് കടമെടുത്തിട്ട് ഉള്ളവയാണ് ഈ മരുന്നിന്റെ പ്രയോഗങ്ങളെല്ലാം ഒരു വൈദ്യ നിർദ്ദേശാനുസരണം മാത്രം ചെയ്യേണ്ടതാണ് സ്വയംചികിത്സ ആപൽക്കരമാണ്. ഈ അറിവുകൾ നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു. ഇന്ന് മാർക്കറ്റിൽ ലഭ്യമായിട്ടുള്ള വില്വാദിഗുളിക, ദൂഷീവിഷാരി ഗുളിക, ദശാങ്കം ഗുളിക, ജീവരക്ഷ ഗുളിക, കൈവിഷപരിഹാരി ഗുളിക മുതലായ ഔഷധങ്ങൾ വിഷചികിത്സയിൽ സർവ്വ സാധാരണമായി ഉപയോഗിച്ചുവരുന്നതാണ്.

നന്ദി

നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഈ ആർട്ടിക്കിൾ ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾക്കിഷ്ടപ്പെട്ടാൽ ഈ അറിവ് ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും കൂടി ഏത്തിക്കു.

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Comments