Random Post

ആരോഗ്യവും ഭക്ഷണരീതിയും

ആരോഗ്യവും ഭക്ഷണരീതിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് ആരോഗ്യം ഉള്ള ഭക്ഷണ രീതി തന്നെയാണ് നല്ല ആരോഗ്യത്തിന് അടിസ്ഥാനം. അത് ഞാൻ ഈ ലേഖനത്തിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു
..............................................

ദൈവത്തിന്റെ ഏറ്റവും മഹത്തായ സൃഷ്ടിയാണ് മനുഷ്യൻ വിശേഷബുദ്ധിയാൽ അനുഗ്രഹീതൻ നൂറ്റാണ്ടുകളായുള്ള പരിണാമത്തിലൂടെ പക്ഷേ മറ്റൊന്ന് സംഭവിച്ചു തനിക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കുന്നതിൽ അവനുള്ള സാമാന്യ ബുദ്ധി നഷ്ടപ്പെടു. ദൈവത്തിൻറെ കരവിരുതിൽ പിറന്ന ഏതു ജീവജാലത്തിനും വിഷമുള്ളതും വിഷമില്ലാത്തതും തിരിച്ചിറഞ്ഞ് വിഷമുള്ളവ ദൂരെ മാറ്റി നിർത്താനും വിഷമില്ലാത്തവ ഭക്ഷിക്കാനും ഉള്ള ഒരു സാമാന്യ ബോധം ഉണ്ട് , എന്നാൽ മനുഷ്യനു പരിണാമ പ്രക്രിയയിൽ അത് നഷ്ടപ്പെട്ടു . നാവിന് രുചിയുള്ളതും, നാസാ ദ്വാരങ്ങൾക്ക് ഹൃദ്യമായതും ആയ ഏത് ഭക്ഷണപദാർത്ഥവും അവനെ സംബന്ധിച്ച് ആരോഗ്യത്തെക്കാൾ പ്രഥമസ്ഥാനം നൽകുന്നതാണ്. എല്ലാ ഭക്ഷണ പദാർത്ഥങ്ങളും അയാൾക്ക് ഒരുപോലെയാണ് ഇഷ്ടമായത് എല്ലാം ഭക്ഷിച്ചതിന് ശേഷം ഔഷധങ്ങൾക്കും ഡോക്ടർമാർക്കും പിന്നാലെ പോകുന്നു. വിവരസാങ്കേതികവിദ്യയുടെ വിപ്ലവം നടക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാം അറിഞ്ഞുകൊണ്ട് രോഗിയാകുന്നത് ചിലപ്പോൾ മനുഷ്യരാശി തന്നെയാകും. ഒരു കാലഘട്ടത്തിലും പരസ്പരം സഹകരിച്ചും, പങ്കുവച്ചും, സഹായിച്ചും ജീവിച്ചിരുന്ന മനുഷ്യർ ഇന്ന് സ്നേഹപൂർവ്വം പരസ്പരം പങ്കുവെക്കുന്നത് നല്ല മാരക രോഗങ്ങളാണ് ഞാൻ ചെറിയ ഒരു ഉദാഹരണത്തിലൂടെ താഴെ കൊടുത്തിരിക്കുന്നതു വായിച്ചിൽ നിങ്ങൾക്കത് മനസ്സിലാക്കും ,മീൻ മുതലാളി മീനിൽ വിഷം ചേർത്ത് ലാഭമുണ്ടാക്കി അരിവാങ്ങുന്നു. അരി മുതലാളി അരിയിൽ വിഷം ചേർത്ത് ലാഭമുണ്ടാക്കി മീൻ വാങ്ങി കഴിക്കുന്നു, വെളിച്ചെണ്ണ മുതലാളി എണ്ണയിൽ വിഷം ചേർത്ത്‌ ലാഭമുണ്ടാക്കി കോഴി വാങ്ങി കഴിക്കുന്നു,കോഴി മുതലാളി കോഴിക്ക് വിഷം കുത്തിവെച്ച് ലാഭമുണ്ടാക്കുന്നു എന്നിട്ട് എണ്ണയിൽ പൊരിച്ച മീൻ കഴിക്കുന്നു, പച്ചക്കറി കർഷകർ വിഷം ചേർത്ത പച്ചക്കറി കൊണ്ട് ലാഭമുണ്ടാക്കി മീനും കോഴിയും വാങ്ങി കഴിക്കുന്നു, പാൽ മുതലാളി പാലിൽ വിഷം ചേർക്കുമ്പോൾ മറ്റൊരാൾ ചായപ്പൊടിയിൽ വിഷം ചേർക്കുന്നു, ഹോട്ടലുകാരൻ ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി വീട്ടിൽ പോയി പാലും ചായ പൊടിയും ചേർത്ത് ചായയുണ്ടാക്കി കുടിക്കുന്നു,
കറിമസാല പൊടിയിൽ വിഷം ചേർക്കുന്നവൻ ആട്ടവാങ്ങി ചപ്പാത്തിയുണ്ടാക്കി കഴിക്കുന്നു. ഇത്തരത്തിൽ പരസ്പര സഹായസഹകരണ സംഘങ്ങൾ ആയി പ്രവർത്തിക്കുന്ന ജീവികളുടെ പേരാണ് മനുഷ്യൻ.
ഭൂമിയിലെ മറ്റൊരു ജീവിയും വിഷം ചേർത്ത ഭക്ഷണം കഴിക്കില്ല കാരണം അതിന് ഒരു സാമാന്യ ബുദ്ധിയുണ്ട്. വിഷം തിരിച്ചറിഞ്ഞ് അവ മാറി പോകുന്നു ബുദ്ധിമാനെന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യന് വിഷത്തെ തിരിച്ചറിയുന്ന ഒരു കീടത്തിന്റെ തിരിച്ചറിവു പോലുമില്ല.അവൻ വിഷം കഴിച്ച് വിഷമയമായ ഭക്ഷണത്തിൻറെ പരിണിതഫലമായ രോഗങ്ങൾ ഉള്ള ചികിത്സ തേടി ഡോക്ടറുടെ പിന്നാലെ പായുന്നു. നാം ദിനംപ്രതി മാധ്യമങ്ങളിലൂടെ വായിക്കുന്ന വാർത്തയാണ് കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ എല്ലാം വിഷമയം എന്നുള്ളത് ഇതിനെ പ്രതിരോധിക്കാൻ നാം എന്ത് ചെയ്യുന്നു എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. ഒരു വ്യക്തിയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രഥമമായും ആ വ്യക്തിയുടെ തന്നെ ഉത്തരവാദിത്തമാണ് അത് ചെയ്യാതെ ഉപഭോഗ സംസ്കാരത്തിൻറെ പിന്നാലെ പോയി സാമൂഹ്യ വ്യവസ്ഥയേയും അധികാരികളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഏതെല്ലാമാണ് എന്റെ ശരീരത്തിനും മനസ്സിനും നല്ലതും ഹിതകരം ആയിട്ടുള്ള ഭക്ഷണ സാധനങ്ങൾ എന്നുള്ളത് സ്വയം കണ്ടെത്തി അത് തീന്മേശയിലേക്ക് കൊണ്ടുവരേണ്ടതും, നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കൻ ദൈനംദിന ജീവിതത്തിലെ നമ്മുടെ ഭക്ഷണക്രമത്തിൽ അവ ഉൾപ്പെടുത്തേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്. ആരോഗ്യം നശിച്ച് മരുന്നുകൾക്ക് പിന്നാലെ പോകുന്നതിനും നല്ലത് കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും സ്വന്തം ശരീരത്തിന് ഏറ്റവും ഹിതകരം ആയ വിഷാംശം ഇല്ലാത്ത ആഹാര പദാർത്ഥങ്ങൾ കണ്ടെത്തി അവ നമ്മുടെ തീന്മേശയിൽ എത്തിക്കുകയും കുറച്ചു രുചിയും, നിറവും, സുഗന്ധവും കുറവാണെങ്കിലും ആരോഗ്യം തരുന്ന ഈ ഭക്ഷണപദാർത്ഥങ്ങൾ ഇഷ്ടപ്പെടാനും, അത് നമ്മുടെ ഭക്ഷണ ശീലമായി വളർത്തി എടുക്കാനും സാധിക്കുക എന്നതിലാണ് അപ്പോൾ ആരോഗ്യം എന്ന അനുഭവം ആസ്വദിക്കാൻ നമ്മുക്ക് കഴിയും

നന്ദി

സുഹൃത്തുക്കളെ നിങ്ങൾക്ക് ഈ ലേഖനം ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.ഇഷ്ടപ്പെട്ടാൽ ഈ അറിവ് ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും കൂടി ഏത്തിക്കു.

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments