ചർമ്മ രോഗങ്ങളും അവയുടെ ആയുർവേദ പരിഹാരമാർഗ്ഗങ്ങളും

പ്രിയ സുഹൃത്തുക്കളെ ഞാൻ നിങ്ങളുമായി പങ്കു വെക്കുന്നു  അറിവുകൾ നിങ്ങൾക്ക് ഉപകാരപ്പെടുന്നു എന്നറിയുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ഈ ലേഖനത്തിൽ ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത് വിവിധ തരത്തിലുളള ചർമ്മ രോഗങ്ങളും അവയുടെ ആയുർവേദ പരിഹാര മാർഗ്ഗങ്ങളെയും കുറിച്ചാണ് ഇത് ഞാൻ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ലേഖനമാണിത് എന്നാൽ ഇപ്പോൾ നിങ്ങളുടെ അറിവിലേക്കായി ചെറിയ ചില മാറ്റങ്ങൾ വരുത്തി സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന വിധം അതിനെയൊന്നും ചിട്ടപ്പെടുത്തി നിങ്ങളുമായി പങ്കുവയ്ക്കുന്നു  ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്പെടുമെന്നും ചർമ്മ രോഗങ്ങളെ കുറിച്ചുള്ള അവബോധം നിങ്ങളിൽ ഉണ്ടാക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
...................................................

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചർമം വിവിധതരത്തിലുള്ള രോഗങ്ങൾ അതിനെ ബാധിക്കാറുണ്ട്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ എളുപ്പത്തിൽ മറ്റുള്ളവരുടെ ദൃഷ്ടിയിൽ പെടുന്നതിനാൽ അത് സാമൂഹികവും മാനസികവുമായ പല പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട്. ശരീരത്തിൻറെ ബാഹ്യമായ ഒരു ആവരണം ആണ് ചർമ്മം എന്നു പറയുന്നത്, അതുകൊണ്ടുതന്നെ  ശരീരഭാഗങ്ങളും ബാഹ്യാന്തരീക്ഷവും ആയുള്ള മധ്യസ്ഥം ചർമ്മത്തിന് നിർവഹിക്കേണ്ടിവരും അതിനാൽ ത്വക്കിൽ ഉണ്ടാകുന്ന രോഗങ്ങൾ ശരീരത്തിൻറെ ബാഹ്യമായ മാലിന്യങ്ങൾ കൊണ്ടും ആന്തരികമായ മാലിന്യങ്ങൾ കൊണ്ടും ഉണ്ടാകുന്നു. അപൂർവമായി ചില ചർമ്മ രോഗങ്ങൾ പാരമ്പര്യ കാരണങ്ങൾ കൊണ്ടും ഉണ്ടാവുന്നു ചില രോഗങ്ങൾ ശരീരത്തെ മുഴുവനായി ബാധിക്കുന്നു എന്നാൽ മറ്റു ചിലരാകട്ടെ ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളിൽ മാത്രം ബാധിക്കുന്നു. ഒട്ടുമിക്ക ചർമരോഗങ്ങളും ഗുരുതരമല്ല  എന്നാൽ സോറിയാസിസ് ,എക്സിമ, പൂപ്പൽ രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ പഴക്കം ചെല്ലുമ്പോൾ ഗുരുതരമായി തീരാറുണ്ട് മാത്രമല്ല ഇവയ്ക്ക് ദീർഘകാല ചികിത്സയും ആവശ്യമാണ്. ചർമ്മ രോഗങ്ങൾ വരാതിരിക്കാൻ നമ്മൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് ചോദിച്ചാൽ വ്യക്തിശുചിത്വം നിയമങ്ങൾ പാലിക്കുക എന്നതാണ്. ജനങ്ങൾക്കിടയിൽ സർവസാധാരണയായി കണ്ടുവരുന്ന ചില ചർമ്മ രോഗങ്ങളെ കുറിച്ചുള്ള വിവരങ്ങളും അവയ്ക്കുള്ള പരിഹാര മാർഗങ്ങളും ഞാൻ താഴെക്കൊടുത്തിരിക്കുന്നു.

1) ഇന്നത്തെ കാലത്ത് അലർജി സർവ്വസാധാരണമായി കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്നുണ്ട് ചുവന്ന നിറത്തിൽ തടിപ്പോടു  കൂടിയും, ചൊറിച്ചിലോടു കൂടിയും ആണ് ഇവ പ്രധാനമായും കണ്ടുവരുന്നത് ഇവക്ക് പ്രധാനകാരണം ആഹാരവുമായും, മാനസിക സംഘർഷവുമായും ബന്ധപ്പെട്ടാണ് കൂടുതൽ കണ്ടുവരുന്നത്, വളർത്തുമൃഗങ്ങളുമായുള്ള അമിതമായി സമയം ചെലവഴിക്കുക, ചില പ്രാണികൾ ദേഹത്ത് വന്നിരിക്കുക അതുപോലെതന്നെ ചില ചെടികളുടെയും വൃക്ഷങ്ങളുടെ സാന്നിധ്യം കൊണ്ടും അലർജി ഉണ്ടാകാറുണ്ട്. ഇതിന് നല്ല ആയുർവേദ ചികിത്സ തുടക്കത്തിൽ തന്നെ വളരെ അത്യാവശ്യമാണ്. ചർമം ഈർപ്പമുള്ളതായി നിലനിർത്തിയാൽ ത്വഗ്രോഗങ്ങൾ തടയുവാനായി സാധിക്കും അതിന് ആയുർവേദ തൈലങ്ങൾ ദിവസവും ഉപയോഗിക്കുന്നത് വളരെ നല്ലതാണ് ഉദാഹരണത്തിന് ഏലാദിതൈലം, ദിനേശവല്യാദിതൈലം മുതലായവ . കട്ടിയില്ലാത്ത അയഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് ചർമരോഗങ്ങൾ നിയന്ത്രിക്കുവാൻ വളരെയധികം സഹായിക്കും. അലർജി ബാധിച്ച ചർമ്മ ഭാഗങ്ങൾക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടാൽ അവിടെ കൈകൾകൊണ്ട് മറ്റു വസ്തുക്കൾ കൊണ്ടോ ചൊറിയാൻ ശ്രമിക്കരുത് അത് അലർജിയുമായി ബന്ധപ്പെട്ട അസുഖമുള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആര്യവേപ്പിലയും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് അലർജിയുള്ളവർക്ക് അതിന്റെ ലക്ഷണങ്ങൾ കുറയാൻ വളരെ ശ്രേഷ്ഠമാണ്. അതുപോലെതന്നെ ചെറുനാരങ്ങാനീരിൽ ഇന്തുപ്പ് പൊടിച്ച് ചാലിച്ച് പുരട്ടുന്നത് ദേഹത്തിലുള്ള ചൊറിച്ചിൽ കുറയ്ക്കുവാൻ സഹായിക്കും. ഹരിദ്രാഖണ്ഡം ,വില്വാദി ഗുളിക, ദൂഷീവിഷാരി ഗുളിക മുതലായവ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

2) ഇന്ന് ചൂടുകാലത്ത് സർവ്വസാധാരണമായി കണ്ടുവരുന്ന അസുഖമാണ് ചൂടുകുരു എന്ന് പറയുന്നത് കൈകളിലും തോളിലും കഴുത്തിലും മുഖത്തും ആണ് അത് സാധാരണയായി കണ്ടുവരുന്നത് തേങ്ങാപ്പാൽ വെള്ളം ചേർക്കാതെ ദേഹത്തു പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് കുളിക്കുന്നത് ഇതിന് വളരെ നല്ലതാണ് അതുപോലെതന്നെ ആയുർവേദ തൈലങ്ങൾ ആയ ചെമ്പരത്തിയാദി വെളിച്ചെണ്ണ, ലാക്ഷാദി വെളിച്ചെണ്ണ മുതലായവയും ഇതിന് ശ്രേഷ്ഠമാണ്.

3)അതുപോലെതന്നെ ഇന്നത്തെ തെറ്റായ ഭക്ഷണരീതി കൊണ്ടുണ്ടും,
മാനസികമായി ഉണ്ടാകുന്ന സമ്മർദ്ദങ്ങൾ കൊണ്ടും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട അസുഖമാണ് സോറിയാസിസ് എന്നുപറയുന്നത് സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി ചർമ്മകോശങ്ങൾ നിയന്ത്രണാതീതമായി വളരുകയും ചർമ്മത്തിന്റെ ഉപരിതലത്തിൽ പൂർണ വളർച്ചയെത്താതെ വെളുത്ത ശകലങ്ങളായി കാണപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് സോറിയാസിസ്. ആയുർവേദത്തിൽ സോറിയാസിസ് വളരെ ശക്തമായതും ഫലപ്രദവുമായ ചികിത്സാരീതികളുണ്ട്, ഇന്ന് സോറിയാസിസിന് സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു ആയുർവേദ ഔഷധമാണ് ദന്തപാല വെളിച്ചെണ്ണ  അതുപോലെതന്നെ ആയുർവേദ പഞ്ചകർമ ചികിത്സാ രീതികൾ കൊണ്ട് സോറിയാസിസ് പൂർണ്ണമായും ചികിത്സിച്ച് സുഖപ്പെടുത്താം സാധിക്കും. പലപ്പോഴും സോറിയാസിസ് എന്ന രോഗം പാരമ്പര്യമായി കണ്ടുവരുന്നുണ്ട് അതിനാൽ തന്നെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ചർമ്മരോഗങ്ങൾ കുറയ്ക്കാൻ നമുക്ക് ചില പൊടിക്കൈകൾ പ്രയോഗിക്കാം അമിതമായി സൂര്യതാപം ഏൽക്കുന്നത് ഒഴിവാക്കുക ,മദ്യവും, പുകവലിയും ഒഴിവാക്കുക, വിരുദ്ധാഹാരങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക ഉദാഹരണം, പാലും, പുളിയുള്ള പഴങ്ങളും കഴിക്കുന്നത് ഒഴിവാക്കുക മാനസികസമ്മർദം കുറയ്ക്കുവാനായി യോഗയും മറ്റും ചെയ്യുക , മുതലായവ ചർമ്മ രോഗങ്ങൾ തടയാൻ നമ്മളെ സഹായിക്കുന്ന ചില പൊടിക്കൈകൾ ആണ്. ആയുർവേദ പഞ്ചകർമ ചികിത്സാ രീതികൾ ആയ അഭ്യംഗം, സ്നേഹപാനം,ഉഴിച്ചിൽ, പിഴിച്ചിൽ, ഞവര കിഴി, ധാര, ഇലക്കിഴി , വസ്തി തുടങ്ങിയ ചികിത്സകൾ ചെയ്താൽ ശരീരത്തിന്റെ രക്തയോട്ടം വർദ്ധിക്കുകയും പലതരത്തിലുള്ള ചർമരോഗങ്ങൾ സുഖപ്പെടുകയും ചെയ്യും. ആയുർവേദ ഔഷധങ്ങളായ ദന്തപാല വെളിച്ചെണ്ണ, ആരഗ്വധാദി കഷായം, തിക്തം കഷായം മഞ്ജിഷ്ഠാദി കഷായം മുതലായവ ചികിത്സയിൽ ഉപയോഗിക്കാറുണ്ട്

4)നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചില വസ്തുക്കൾ ചർമ്മ രോഗങ്ങൾക്ക് പ്രധാനമായും എക്സിമയ്ക്ക് കാരണമാകാറുണ്ട് ഉദാഹരണത്തിന് ചില ചായങ്ങൾ, സോപ്പുകൾ ,രാസവസ്തുക്കൾ , ചില ചെടികളും ആയുള്ള സംസർഗം, അമിതമായ തണുപ്പും, അമിതമായ ചൂടും, ശരീരത്തിൽ മലശോധന ഇല്ലാത്തത് കൊണ്ടാണ് പ്രധാനമായും എക്സിമക്ക് കാരണമാകുന്നത്. സാധാരണയായി ശിശുക്കളിലും പ്രായംകുറഞ്ഞ കുട്ടികളിലും ആണ് എക്സിമ ധാരാളമായി കണ്ടുവരുന്നത്. എക്സിമ എന്നുപറയുന്നത് പകരുന്ന ഒരു രോഗമല്ല നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന "കരപ്പൻ" "വരട്ടുചൊറി" എന്ന പേരുകളിലറിയപ്പെടുന്ന അസുഖം തന്നെയാണ് എക്സിമ. ഈ രോഗികൾ വീര്യം കുറഞ്ഞ സോപ്പുകളും, ഡിറ്റർജന്റുകളും മാത്രം ഉപയോഗിക്കുക  ഇളംചൂടുവെള്ളത്തിൽ മാത്രം കുളിക്കുക ,ചർമത്തിൽ അമിതമായി ചൊറിയാതെ ഇരിക്കുക ഇതെല്ലാം എക്സിമ രോഗികൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇന്നത്തെ കാലഘട്ടത്തിൽ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ചർമരോഗങ്ങൾ കൂട്ടുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് അതിനാൽ തന്നെ അത്തരം വസ്ത്രങ്ങൾ ഒഴിവാക്കി ലൂസായ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിച്ചാൽ ചർമ്മ രോഗങ്ങൾ ഒരു പരിധിവരെ തടയാൻ സാധിക്കും. പലതരത്തിലുള്ള ചർമരോഗങ്ങൾക്കും ഞാൻ പറഞ്ഞ കാരണങ്ങൾ കൂടാതെ ഒരു ഡോക്ടറുടെ സഹായത്താൽ നിങ്ങളുടെ ജീവിതരീതിയെ കൂടെ കൂടി ഒന്ന് ചിട്ടപ്പെടുത്തി ആയുർവേദ ഔഷധങ്ങൾ അതുപോലെതന്നെ പഞ്ചകർമ ചികിത്സകൾ നിങ്ങൾ ചെയ്യുകയാണെങ്കിൽ ചർമ്മരോഗങ്ങളെ വേരോടു കൂടി പിഴുതെറിയാൻ നിങ്ങൾക്ക് സാധിക്കുന്നതാണ് അതിനാൽ തന്നെ സ്വയം ചികിൽസ ഒഴിവാക്കി ഒരു ആയുർവേദ ഡോക്ടറുടെ ഉപദേശാനുസരണം മാത്രം ചർമ്മ രോഗങ്ങളെ ചികിത്സിക്കുക ഇല്ലെങ്കിൽ ശരീരത്തിൻറെ ഏറ്റവും വലിയ അവയവമായ ചർമത്തിൽ നിങ്ങൾ പല മരുന്നുകൾ പരീക്ഷിച്ചു അതിന്റെ സ്വാഭാവിക പ്രവർത്തനങ്ങളിൽ നിങ്ങൾ കാരണം വൈകല്യങ്ങളും വൈകൃതവും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ഒരു അവസ്ഥ വരാതിരിക്കുവാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. എക്സിമ എന്നറിയപ്പെടുന്ന കരപ്പൻ എന്ന രോഗം ഒരു അലർജിയിൽ സാധാരണയായി തുടങ്ങുകയും പിന്നീട് അവിടെ ചൊറിച്ചിലും, ചുവപ്പും അനുഭവപ്പെട്ട് കാലക്രമത്തിൽ വ്രണത്തിൽ അവസാനിക്കുകയും ചെയ്യും  ചുവന്നുതടിച്ച് അടയാളങ്ങൾ ഉണ്ടാകുന്നു അസഹ്യമായ ചൊറിച്ചിലും, നീറ്റലും ,വേദനയും ഉണ്ടാകുന്നു പിന്നീട് അതൊരു വ്രണം ആയിത്തീരുന്നു അതിൽ നിന്നുവരുന്ന സ്രാവം ഈ രോഗം പടർന്നു പിടിക്കുന്നതിന് കാരണമാകുന്നു  ഇത് പ്രധാനമായും കാൽമുട്ട്, തോൾ , നെഞ്ചിന്റെ ഭാഗം, പുറം ഭാഗങ്ങളിലാണ് സാധാരണയായി കണ്ടുവരുന്നത്. ആയുർവേദ ഔഷധങ്ങളായ കരപ്പൻ കഷായം, മക്കിപ്പൂവാദി കഷായം, രജന്യാദി ചൂർണ്ണം, മൂലകാസവം, ഖദിരാരിഷ്ടം, ചെമ്പരത്യാദി വെളിച്ചെണ്ണ മുതലായവ ഇതിന്റെ ചികിത്സയിൽ ഉപയോഗിക്കാറുണ്ട്

5)ശരീരത്തിലെ പല ഭാഗങ്ങളിലായി കാണപ്പെടുന്ന പൂപ്പൽ രോഗങ്ങൾ പലപേരുകളിൽ അറിയപ്പെടുന്നു കാൽപ്പാദങ്ങളിലും, വിരലുകൾക്കിടയിലും, കക്ഷത്തും, ഗുഹ്യ ഭാഗങ്ങളിലും ചൊറിച്ചിലും, പുകച്ചിലും, ചുവപ്പുനിറവും ആയി ഇവ സാധാരണയായി കാണപ്പെടുന്നു. ചിലപ്പോൾ ചർമ്മ ഇളകി പോവുകയും ചെയ്യുന്നു ഇതിന് പ്രധാനമായ കാരണം പൊതു നീന്തൽക്കുളങ്ങൾ, ഷൂസ്, സോക്സ് മുതലായവയും, പൊതു ടോയ്‌ലറ്റുകളുടെ ഉപയോഗവും ആണ്. ഇത്തരത്തിൽ അസുഖങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ സാധാരണ അമിതമായി സ്റ്റീറോയിഡുകൾ ഉപയോഗിക്കാറാണ് പതിവ് ഇവ ഭാവിയിൽ മാരക ചർമരോഗങ്ങൾക്ക് വഴിതെളിക്കുന്നു. യോനിഭാഗത്ത് പൂപ്പൽ രോഗം ഉണ്ടായാൽ അവിടെ അണുബാധയുണ്ടാവുകയും മഞ്ഞനിറത്തിലുള്ള സ്രാവം ഉണ്ടാകുകയും ചെയ്യുന്നു ഇതിനു പ്രധാനകാരണം ശുചിത്വമില്ലായ്മയാണ് . വായ്ക്കകത്തും യോനിയുടെ ഭാഗത്തും ഉണ്ടാകുന്ന പൂപ്പൽ രോഗങ്ങൾ ക്യാൻസറിന് കാരണമാകാറുണ്ട്.

6)ഇതല്ലാതെ തൊലിപ്പുറത്തുണ്ടാകുന്ന മറ്റൊരു പ്രധാന സുഖമാണ് "വിറ്റിലിഗോ" എന്ന അസുഖം അഥവാ വെള്ളപ്പാണ്ട് എന്ന് പറയുന്നത് . ഈ രോഗം ശരീരത്തിൻറെ തന്നെ പ്രതിരോധ വ്യവസ്ഥ ശരീരത്തിന് എതിരെ പ്രവർത്തിക്കുന്ന ഒരു സ്വയം പ്രതിരോധ അവസ്ഥയാണ് ഇതുകാരണം തൊലിയുടെ "മെലാനിൻ പിഗ്മെന്റ്" നഷ്ടപ്പെടാൻ ഈ രോഗം കാരണമാകും. ഈ രോഗം പാരമ്പര്യമായി പലരിലും കണ്ടുവരുന്നു, ഇത്തരം രോഗികൾ രക്തത്തെ ദുഷിപ്പിക്കുന്ന എരിവ്, പുളി ,ഉപ്പ്, അച്ചാർ മുതലായവ പൂർണമായും ഉപേക്ഷിക്കേണ്ടതാണ്. ത്വക് രോഗികൾ പൊതുവേ മത്സ്യമാംസങ്ങൾ പൂർണമായും ഉപേക്ഷിക്കുന്നതാണ് നല്ലത് ഇവയുടെ അമിതമായ ഉപയോഗം ഈ രോഗം വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ. ആയുർവേദ ഔഷധങ്ങളായ മഹാമഞ്ചിഷ്ടാദി കഷായം, തിക്തം കഷായം, മഹാതിക്തകം കഷായം, ആരോഗ്യവർദ്ധിനി വടി മുതലായവ ഇതിൻറെ ചികിത്സയിൽ ഉപയോഗിക്കാറുണ്ട്.

7)അതുപോലെ തന്നെ ഇന്ന് യൗവനാരംഭ കാലത്ത് പ്രധാനമായും കണ്ടുവരുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു ചർമത്തിലുണ്ടാകുന്ന ഗ്രന്ഥികളിലെ തടസ്സവും, ഹോർമോണുകളുടെ വ്യതിയാനവുമാണ് ഇതിന് പ്രധാന കാരണം. ചിലരിൽ ഈ അസുഖം വളരെ സങ്കീർണമായി ഉണ്ടാവുകയും മുഖസൗന്ദര്യം നശിപ്പിക്കുകയും ചെയ്യുന്നു  വറുത്തതും, പൊരിച്ചതുമായ പലഹാരങ്ങളുടെ  അമിതമായ ഉപയോഗവും, അമിതമായ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗവും മുഖക്കുരു വർദ്ധിക്കുന്ന വർദ്ധിപ്പിക്കാൻ തക്കതായ ഒരു കാരണമായി കണ്ടുവരുന്നു. മുഖക്കുരു ഒരു പരിധിവരെ നമുക്ക് സ്വയം നിയന്ത്രിക്കാൻ സാധിക്കും വളരെ വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിക്കുന്നതും ഇളം ചൂടുവെള്ളം ഉപയോഗിച്ച് ദിവസേന രണ്ടു നേരമെങ്കിലും മുഖം കഴുകുന്നത് ചർമത്തിന് വളരെ നല്ലതാണ്. മുഖക്കുരു കാരണമുണ്ടാകുന്ന ചർമ്മത്തിലെ കലകൾ ആയുർവേദ ചികിത്സയിലൂടെ നമുക്ക് മാറ്റിയെടുക്കുവാൻ സാധിക്കും അതുപോലെതന്നെ ആയുർവേദ ചികിത്സയിലൂടെ മുഖക്കുരു വരുന്നത് തടയുവാനും സാധിക്കും. ആയുർവേദ ഔഷധങ്ങളായ നിംബാദി കഷായം, പടോല മൂലാദി കഷായം, ആരഗ്വധാദി കഷായം , ത്രിഫല ചൂർണം , ഏലാദി ചൂർണ്ണം, നിംബാദി ചൂർണം മുതലായവ ഇതിന്റെ ചികിത്സയിൽ ഉപയോഗിക്കാറുണ്ട്

8)കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന ചർമരോഗമാണ് ചൊറിയും, ചിരങ്ങും  ചർമത്തിൽ മുട്ടയിട്ട് പെരുകുന്ന "മൈറ്റുകൾ" എന്നറിയപ്പെടുന്ന പ്രത്യേകതരം സൂക്ഷ്മജീവികളാണ്   ചൊറിക്കും, ചിരങ്ങിനും പ്രധാനമായും കാരണമാകുന്നത്. മൈക്രോസ്കോപ്പിലൂടെ മാത്രം കാണാൻ കഴിയുന്ന ജീവികൾ ആണിത്, മറ്റുള്ളവരിലേക്കും ഈ രോഗം പകരുവാൻ സാധ്യതയുണ്ട്. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, വിരിപ്പുകൾ എന്നിവ അലക്കി വെയിലത്തുണക്കി ഇസ്തിരിയിട്ട വയ്ക്കണം. അതുപോലെതന്നെ  അണുനാശിനികൾ കൊണ്ട് ശരീരം വൃത്തിയായി സൂക്ഷിക്കണം. പട്ടികളുമായോം പൂച്ചകളുമായും നിരന്തരം സംസർഗത്തിൽ ഏർപ്പെടുന്ന മനുഷ്യരിലേക്ക് ഇത് പകരുവാൻ കൂടുതൽ സാധ്യതയുണ്ട്. അതിനാൽ ഇവയുമായുള്ള സംസർഗ്ഗം ഇത്തരത്തിലുള്ള രോഗികൾ ഒഴിവാക്കണം. ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് വളരെ നല്ലതാണെന്ന്. അതുപോലെതന്നെ ഗുഗ്ഗുലുപഞ്ചപല ചൂർണം പുകക്കുന്നത്(ധൂപനം) ചെയ്യുന്നതും വളരെ നല്ലതാണ്

9)പുഴുക്കടി എന്ന രോഗം നിങ്ങളെല്ലാവരും സർവ്വസാധാരണയായി കേട്ടിട്ടുണ്ടാകും വിരകളോ, കീടങ്ങളോ അല്ല ഈ രോഗം ഉണ്ടാകുന്നതാണ് മോതിരത്തിന്റെ ആകൃതിയിൽ വൃത്താകൃതിയിൽ ചൊറിച്ചിലോടുകൂടി ചർമത്തിലുണ്ടാകുന്ന ചുവന്നതോ, വെളുത്തതോ ആയ പാടുകൾ ആണ് ഇവയുടെ ലക്ഷണം. നായ്ക്കളിൽ നിന്നോ, പൂച്ചകളിൽ നിന്നോ അതോ മറ്റു വളർത്തുമൃഗങ്ങളിൽ നിന്നുമാണ് കൂടുതലായും കുട്ടികളിലേക്കും മുതിർന്നവരിലേക്കും ഈ രോഗം ബാധിക്കുന്നത്. തുടക്കത്തിലെ തന്നെ ആയുർവേദ ചികിത്സകൾ ചെയ്യുകയാണെങ്കിൽ നമുക്കീ രോഗത്തെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കും, കാലപ്പഴക്കം എത്തിയാൽ ഈ രോഗം ചികിത്സ എന്നത് ഒരു ബാലികേറാമലയാണ്.

10) ശിശുക്കളിൽ സാധാരണയായി കണ്ടുവരുന്ന ഒരു ചർമ്മരോഗമാണ് "ഡയപർ റാഷ്" പ്ലാസ്റ്റിക് ഡയപർ ഉപയോഗിക്കുന്ന കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത് വിസർജനം കഴിഞ്ഞ ഉടനെ മാറ്റിയില്ലെങ്കിൽ അണുബാധയുണ്ടാകാനും ശക്തമായ ചൊറിച്ചിൽ അനുഭവപ്പെടുന്നതായും കണ്ടുവരുന്നുണ്ട്. ഇത് കുട്ടികളുടെ ഗുഹ്യഭാഗത്തും തുടയിലും ചുവപ്പുനിറത്തോടുകൂടിയ കുരുക്കൾ ഉണ്ടാകുന്നു ഇടയ്ക്കിടയ്ക്ക് മാറ്റുക എന്നതാണ് രോഗം വരാതിരിക്കാനുള്ള മുൻകരുതൽ, വിസർജനം കഴിഞ്ഞ ഉടനെ തന്നെ ചെറുചൂടുവെള്ളത്തിൽ മുക്കി കുട്ടികളുടെ ഗുഹ്യഭാഗങ്ങൾ വൃത്തിയാക്കണം. ശരീരഭാഗം വളരെ വൃത്തിയായി സൂക്ഷിക്കുക ഗുളൂച്യാദി കഷായം കൊണ്ട് അ ഭാഗം കഴുകുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ ആ ഭാഗത്ത് മുറിവെണ്ണയൊ, ജാത്യാദി തൈലമേ പുരട്ടുന്നതും വളരെ ഫലം ചെയ്യും

11)അടുത്തതായി നമ്മളെയെല്ലാം വളരെയധികം അലട്ടുന്ന മറ്റൊരു ചർമരോഗമാണ് താരൻ അഥവാ ഡാൻഡ്രഫ് തലയോട്ടിയിലെ ഉപരിതല ചർമം അമിതമായി കൊഴിഞ്ഞുപോകുന്ന രോഗാവസ്ഥയാണിത് കൊഴിയുന്ന മൃതകോശങ്ങൾ മുടിയിൽ അടിഞ്ഞുകൂടുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും. ആയുർവേദൗഷധങ്ങൾ ആയ ദാരുണക തൈലം, ദന്തപാല വെളിച്ചെണ്ണ, ദുർദുര പത്രാദി വെളിച്ചെണ്ണ മുതലായവ  ഉപയോഗിക്കുന്നതുകൊണ്ട് ഈ രോഗം നമുക്ക് നിശേഷം മാറ്റുവാൻ സാധിക്കും.

12) പ്രായമാകുന്തോറും നമ്മളെ അലട്ടുന്ന മറ്റൊരു ചർമരോഗമാണ് ത്വക്കിലെ ചുളിവ്, ചർമ്മത്തിന്റെ തിളക്കവും പ്രസരിപ്പും സ്നിഗ്ധതയും നഷ്ടമാകുന്നത് കാരണമാണ് ഇതുണ്ടാകുന്നത്. ഇതിന് പ്രധാന കാരണം ചർമ്മത്തിലെ "കൊളാജിൻ" എന്നുപറയുന്ന ഘടകത്തിന്റെ കുറവാണ് ഈ ഘടകത്തിന്റെ കുറവ് കാരണം ശരീരത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നു. ഇത്തരത്തിൽ ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ ആയുർവേദ ശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന  തൈലങ്ങളുടെ ശാസ്ത്രീയമായ ഉപയോഗമുണ്ട് പൂർണമായും സുഖപ്പെടുത്തുവാൻ സാധിക്കും. ആയുർവേദ ഔഷധങ്ങളായ ധന്വന്തരം തൈലം, മഹാനാരായണ തൈലം മുതലായവയുടെ ഉപയോഗം ഇത്തരം അവസ്ഥകളിൽ വളരെ നല്ലതാണ്.

13.കീലോയിഡ് ഒരു രോഗമല്ല സർജറി മുതലായ പല കാരണങ്ങൾ കൊണ്ട് ഉണ്ടായ മുറിവിൽ കല പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരവസ്ഥയാണിത്,  അനാകർഷകമായ ഒരു കലയായി കരുതി അവഗണിച്ചാൽ ഒരു കുഴപ്പവുമില്ല അത് പൂർണമായി എടുത്ത് മാറ്റണമെങ്കിൽ ലേസർ ചികിത്സയും , ക്രയോ സർജറിയോ ചെയ്യേണ്ടിവരും എന്നാൽ അത് തിരിച്ചു വരാനും സാധ്യതയുണ്ട് മാംസ ധാതുക്കളുടെ വികൃതി യാണ് ഇതിന് കാരണം. അത് സാധാരണയായി ശരീരത്തിൽ നെഞ്ചിലെ ഭാഗത്തും തോൾ ഭാഗത്തും ചെവിയിലും മുഖത്തും ആണ് പ്രധാനമായി കണ്ടുവരുന്നത് ചൊറിച്ചിലും , തൊടുമ്പോൾ വേദനയും, പുറമേക്ക് തള്ളിനിൽക്കുന്ന മാംസളമായ കലയും ഇതിന്റെ പ്രധാന ലക്ഷണമാണ്.ആയുർവേദ മരുന്നുകൾ ആയ ഖദിരാരിഷ്ടം ,ശാരിബാദ്യാസവം കുമാര്യാസവം, മഹാതിക്ത കഷായം, കാഞ്ചനാര ഗുൽഗുലു , ഗുഗ്ഗുലു തിക്തക ഘൃതം, ജാത്യാദിഘൃതം , മുറിവെണ്ണ പുറത്തു പുരട്ടാൻ ഉപയോഗിക്കാം. ഇത്തരം രോഗികളിൽ കിലോയിഡിന് മുകളിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്  ഈ അവസരത്തിൽ ഏലാദി വെളിച്ചെണ്ണ, ഹരിദ്രാഖണ്ഡം, ദൂഷിവിഷാരി ഗുളിക മുതലായവ ഉപയോഗിക്കുന്നതു കൊണ്ട് പെട്ടെന്ന് ശമനം കിട്ടാറുണ്ട്. ആയുർവേദ ചികിത്സാരീതികൾ ആയ ക്ഷാരകർമ്മവും അഗ്നി കർമ്മവും ഒരു പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തു നോക്കാവുന്നതാണ് പൂർണതോതിൽ ഫലം കിട്ടിയില്ലെങ്കിലും ഒരുപരിധിവരെ ആ കലയെ അവിടെനിന്നും നീക്കം ചെയ്യാൻ ഇതുകൊണ്ട് സാധിക്കും.

ചർമ്മത്തിന്റെ ആരോഗ്യം ആഗ്രഹിക്കുന്നവർ പാലിക്കേണ്ട  ജീവിതചര്യയും ഭക്ഷണരീതികളും
..........................................

ഇനി ഞാൻ ത്വക്കിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പൊതുവായ കുറച്ച് കാര്യങ്ങൾ നിങ്ങളോട് പറയാം ദിവസേന 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക ഭക്ഷണത്തിൽ പഴങ്ങളും, പച്ചക്കറികളും, ഇലക്കറികളും ധാരാളമായി ഉപയോഗിക്കുക , ആയുർവേദ വിധിപ്രകാരം തയ്യാറാക്കിയ തൈലം പുരട്ടി ദിവസവും കുളിക്കുക വിരുദ്ധ വിരുദ്ധാഹാരങ്ങൾ ഒഴിവാക്കുക അമിതമായ ചൂടും, മസാലയും, എരിവും, പുളിയും, ഉപ്പും ഉള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക കോട്ടൺ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക ലഘുവായ വിനോദങ്ങളിലും, ധ്യാനത്തിലും, വ്യായാമങ്ങളിലും ഏർപ്പെടുക മനസിനെയും ശരീരത്തിനെയും ശാന്തമായി സൂക്ഷിക്കുക ഇത്തരത്തിലുള്ള ആഹാരങ്ങളും, പ്രവൃത്തികളും നിങ്ങളുടെ ജീവിതത്തിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ അത് നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കും. ആരോഗ്യമുള്ള  ശരീരവും ഉള്ളവർക്ക് ആരോഗ്യമുള്ള  ഒരു മനസ്സും ആരോഗ്യമുള്ള മനസ്സുള്ളവർക്ക് ആരോഗ്യമുള്ള ചർമ്മവും ഉണ്ടാകും. അതിനാൽ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് വേണ്ട കാര്യങ്ങൾ ദിനവും ചെയ്യുക. ചർമരോഗങ്ങൾ സാധാരണ മാനസികപിരിമുറുക്കം ഉള്ളവർക്ക് വർധിക്കുന്നതായി കണ്ടുവരുന്നു അതിനാൽ മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കുന്ന പ്രവർത്തികളിൽ ഇത്തരത്തിലുള്ളവർ വ്യാപരിക്കേണ്ടതാണ് അലർജി, മുടികൊഴിച്ചിൽ, താരൻ, മുഖക്കുരു മുതലായവ ഇതിന്റെ ഫലമാണ്. പരിസ്ഥിതിയുടെ മാറ്റങ്ങളും ത്വക്കിന്റെ ആരോഗ്യത്തെ സ്വാധീനിക്കും സൂര്യാഘാതം മൂലം ഓരോവർഷവും ധാരാളം ആൾക്കാരാണ് മരണമടയുന്നത് സൂര്യാഘാതം, അലർജി, സോറിയാസിസ് എന്നീ അസുഖങ്ങൾ പിൽക്കാലത്ത് ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്നതായി കണ്ടുവരുന്നു. അതിനാൽത്തന്നെ അമിതമായ സൂര്യതാപം ഏൽക്കുന്നതും, അമിതമായി കാറ്റു കൊള്ളുന്നതും, അമിതമായി മഞ്ഞു കൊള്ളുന്നതും ത്വക്കിന് ഹാനികരമാണ്. അതിനാൽ തന്നെ ചർമരോഗം ഉള്ളവർ ഇവയെ പൂർണ്ണമായും വർജിക്കേണ്ടതാണ്. ഒരു ആയുർവേദ ഡോക്ടറുടെ ഉപദേശ അനുസരണം മാത്രമേ ഈ ഔഷധങ്ങൾ  ഉപയോഗിക്കാവൂ സ്വയംചികിത്സ ആപൽക്കരമാണ്.

നന്ദി

പ്രിയ സുഹൃത്തുക്കളെ നിങ്ങൾക്ക് എല്ലാവർക്കും എന്റെ ഈ
ലേഖനം ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു.നിങ്ങൾക്കിഷ്ടപ്പെട്ടാൽ ഈ അറിവ് ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും കൂടി ഏത്തിക്കു.

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Comments