Random Post

കർക്കിടകമാസവും മുരിങ്ങയുടെ പ്രാധാന്യവും

കർക്കിടകമാസവും മുരിങ്ങയുടെ പ്രാധാന്യവും

ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നത് നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന മുരിങ്ങയില, മുരിങ്ങാ പൂവ് ഇവ തോരൻ വെച്ചു കർക്കിടകമാസത്തിൽ കഴിച്ചാൽ ഉണ്ടാകുന്ന ദൂഷ്യ വശങ്ങളെ കുറിച്ചാണ് .ആയുർവേദത്തിൽ വളരെയധികം ഔഷധ ഗുണമുള്ളതും പല പല ഔഷധങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു പ്രധാന ഔഷധസസ്യമാണ് മുരിങ്ങ. മുരിങ്ങയുടെ വേരുകൾക്ക് വിഷം വലിച്ചെടുക്കിനുള്ള ശക്തി ഉണ്ട് എന്ന് പഴമക്കാർ പറയാറുണ്ട്, പിന്നീട് അതിന്റെ ഇലകൾ സൂര്യ പ്രകാശം ഏൽക്കുമ്പോൾ ഈ
വിഷാംശം സംസ്കാരിക്കുന്നു എന്ന് നമ്മുടെ പൂർവ്വികർ പറഞ്ഞുകേട്ടിട്ടുണ്ട് ഇതൊരു നാട്ടറിവ് ആണ്. നമ്മുടെ പൂർവികർ കിണറ്റിൻ വക്കിൽ മുരിങ്ങ നടണം എന്ന് പറയാറുണ്ട് കാരണം മുരിങ്ങ കിണറിൽ എന്തെങ്കിലും വിഷാംശം ഉണ്ടെങ്കിൽ അതിനെ വലിച്ചെടുക്കാൻ കഴിവുണ്ട് എന്ന് ഉള്ള വിശ്വാസം ആണ് .അത്തരത്തില്‍ വലിച്ചെടുക്കുന്ന വിഷാംശമെല്ലാം അതിന്റെ തടിയിൽ സൂക്ഷിച്ചു വക്കുകയാണ് മുരിങ്ങ ചെയ്യുന്നത്. എന്നാൽ കടുത്ത മഴയുള്ള സമയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം മൂലം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉള്‍ക്കൊള്ളാൻ തടിക്കു സാധിക്കാതെ വരും. അങ്ങനെ വരുമ്പോൾ ആ വിഷത്തെ ഇലയിൽ കൂടി പുറത്തേക്ക് കളയാനാണ് മുരിങ്ങ ശ്രമിക്കുക. അപ്പോള്‍ അതിലെ ഇലകള്‍ മുഴുവൻ വിഷമയമായി മാറുകയും ചെയ്യും. ഈ വിഷം ഇലയിൽ നില നില്‍ക്കുന്നതിനാലാണ് കർക്കിടകത്തിൽ മുരിങ്ങയില കഴിക്കരുതെന്ന് പഴമക്കാര്‍ പറയുന്നത്. ഇത്തരത്തിൽ ആഗിരണം ചെയ്യപ്പെടുന്നത് ഹെവി മെറ്റൽ ആകാനാണ് സാധ്യത, കർക്കടകത്തിൽ മുരിങ്ങയുടെ ഇല കഴിക്കരുത്‌ എന്ന് നമ്മുടെ പൂർവ്വികർ പറയുന്നതിന് പ്രധാന കാരണം മഴയും,മഴക്കാരും കാരണം ഈ വീഷ സംസ്കാരണം ശരിക്ക്‌ നടക്കുന്നില്ല. കർക്കിടക മാസത്തിൽ മുരിങ്ങ ഇലയും, പൂവും തോരൻ വെച്ച് കഴിച്ചാൽ ശരീരത്തിലെത്തിയാൽ ദഹനസംബന്ധമായ പല അസുഖങ്ങളും ഉണ്ടായി കാണാറുണ്ട്. അതിനാൽ മുരിങ്ങയിലയും, പൂക്കളും കൊണ്ട് തോരൻ ഉണ്ടാക്കി കർക്കിടക മാസത്തിൽ കഴിക്കുന്നത് ഒഴിവാക്കുക.

മുരിങ്ങയില ആയുർവേദത്തിൽ
........................................................

ആയുർവേദ ഗ്രന്ഥങ്ങളിലൊന്നും
കൃത്യമായി ഇത്തരമൊരു മുരിങ്ങയില നിഷേധത്തെ കുറിച്ച് സൂചനയില്ല. മുരിങ്ങ ഒരു ശാഖാവർഗ്ഗം ആയതുകൊണ്ട് നിരന്തരമായ ഉപയോഗം ഹിതകരമല്ല എന്ന സൂചിപ്പിക്കുന്നുണ്ട്. മുരിങ്ങയില വിഡ്ഭേദി (മലം ഇളക്കുന്നത് ) ഗുണമുള്ളതാണ്. ഈ രണ്ടു കാരണങ്ങളാൽ മഴക്കാലത്ത് മുരിങ്ങയില കഴിക്കാതിരിക്കുന്നതാണു നല്ലത്. ദഹനശക്തി അനുസരിച്ച് ഇവ ഉപയോഗിക്കാം. വർഷകാലത്ത് ചയിക്കുന്ന പിത്തം ശരത്തെത്തും മുമ്പെ മുരിങ്ങയിലയുടെ ഉഷ്ണം കൊണ്ടു കോപിക്കുവാനും അതിന്റെ അനുബലമായി രൂക്ഷത കൊണ്ടുള്ള വാതവൃദ്ധിയും ഉണ്ടാകും. മുരിങ്ങയില ഉഷ്ണ വീര്യം, ആകുന്നത്തിന് പുറമെ, തീഷ്‌ണം, സരം, ലഘു, രൂക്ഷം എന്നീ ഗുണങ്ങൾ കാണുന്നു. അവയാണ് ഗാസ്ട്രിക് മൊബിലിറ്റി കൂട്ടി ശോധന വർധിപ്പിക്കുന്നത്. കൊഴുപ്പുള്ള ഭക്ഷണത്തോടൊപ്പം മുരിങ്ങയില കൂടെ കഴിയ്ക്കുന്നത് കൊഴുപ്പിന്റെ ആഗിരണത്തെ കുറയ്ക്കുന്നതായി പoനങ്ങൾ പറയുന്നു. കർക്കിടകത്തിൽ കഴിക്കുവാൻ പറയുന്ന പത്തിലകൾ താള് , തകര , കുമ്പളം , മത്തൻ , വെള്ളരി , ചീര , ചേന, ചേമ്പ്, നെയ്യുരുണി , തഴുതാമ, പയർ മുതലായവ സാമാന്യം സെല്ലുലോസ് കുറഞ്ഞവയും ദഹിക്കാൻ വലിയ വിഷമമില്ലാത്തതുമാണ്. എന്നാൽ കർക്കടകത്തിൽ പൊതുവേ ദഹനശക്തി ഏറിയും കുറഞ്ഞുമിരിക്കുമ്പോൾ മുരിങ്ങയില പോലെ ഉള്ള ഒരു മരത്തിന്റെ ഇലകൾ കഴിക്കുന്നത്‌ ദഹന പ്രശ്നം ഉണ്ടാക്കും. മുരിങ്ങയില കർക്കിടക മാസത്തിൽ കേരളത്തിലെ കാലാവസ്ഥയിൽ കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറച്ച് ഇനിയും കൂടുതൽ ശാസ്ത്രീയമായ ഒരു പഠനം ആവശ്യമാണ്. സാധാരണയായി കേരളത്തിലെ ജനങ്ങൾക്ക് കർക്കിടകമാസത്തിൽ ധാരാളമായി ഉണ്ടാകുന്ന മുരിങ്ങയുടെ ഇല കഴിച്ചാൽ ദഹനസംബന്ധമായ സംബന്ധമായ രോഗങ്ങൾ ഉണ്ടാക്കാറുണ്ട് പ്രധാനമായും അതിസാരം ,വയറുവേദന, ചർദ്ദി മുതലായവ കണ്ടുവരുന്നു.

ഉപസംഹാരം
.......................

കർക്കിടക മാസത്തിൽ മുരിങ്ങയിലയും പൂവും തോരൻ വെച്ച് കഴിക്കുന്നതിനെ സംബന്ധിച്ച് ആയുർവേദ ഡോക്ടർമാരുടെ ഇടയിൽ തന്നെ ഭിന്നാഭിപ്രായം നിലനിൽക്കുന്നതിനാൽ ഇത്തരത്തിലുള്ള ദഹനസംബന്ധമായ അസുഖങ്ങൾ കേരളത്തിൻറെ കാലാവസ്ഥയിൽ കർക്കിടക മാസത്തിൽ എന്തുകൊണ്ടാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ ആധികാരികവും കൂലങ്കുഷമായ ഗവേഷണ പഠനം ആവശ്യമാണ്. എങ്കിൽ മാത്രമേ ഇന്നും തീർത്തും തൃപ്തികരമായ രീതിയിൽ ഉത്തരം കിട്ടാതെയുള്ള ഒരു നാട്ടറിവിലെ ആധികാരികത സംബന്ധിച്ച് ഉള്ള ചോദ്യങ്ങൾക്കുള്ള ഉത്തരം മറനീക്കി പുറത്തു വരികയുള്ളു.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

നിങ്ങൾക്കിഷ്ടപ്പെട്ടാൽ ഈ അറിവ് ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും ഏത്തിക്കു.

Post a Comment

0 Comments