എലിപ്പനിയെ സംബന്ധിച്ച് ഉണ്ടാകുന്ന ചില സംശയങ്ങളും ഉത്തരങ്ങളും

എലിപ്പനിയെ സംബന്ധിച്ച് സാധാരണ ജനങ്ങൾക്ക് ഉണ്ടാകുന്ന ചില സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും താഴെ കൊടുത്തിരിക്കുന്നു. അതുപോലെതന്നെ ആയുർവേദ ശാസ്ത്രത്തിൽ ഈ രോഗത്തിന് ലഭ്യമായ ചികിത്സാരീതികളെ ക്കുറിച്ചും വളരെ ലഘുവായി ഈ ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്.

1: ഏതാണ് എലിപ്പനിക്ക് കാരണമാകുന്ന രോഗാണു?

ലെപ്‌റ്റോസ്‌പൈറ വിഭാഗത്തിൽപ്പെട്ട ബാക്ടീരിയ ആണ് എലിപ്പനിക്ക് കാരണമാകുന്നത്.

2:എലിപ്പനി എങ്ങനെയാണ് പടരുന്നത്?

എലികളുടെ മൂത്രത്തിലൂടെയാണ് പ്രധാനമായും രോഗാണുക്കൾ പുറത്തുവരുന്നത്. സ്ഥിര രോഗാണുവാഹകരായ എലികളെ കൂടാതെ കന്നുകാലികളും, പട്ടി, പന്നി തുടങ്ങിയ വളർത്തുമൃഗങ്ങളും രോഗാണുവാഹകരായി മാറിയേക്കാം.

3: എലിപ്പനിക്ക് പ്രതിരോധമരുന്ന് ലഭ്യമാണോ?

ഡോക്സി സൈക്ലിൻ ഗുളിക (ആധുനിക വൈദ്യശാസ്ത്രത്തിൽ ലഭ്യമാണ് വൈദ്യ നിർദ്ദേശാനുസരണം കഴിക്കുക)

4: ഏതവസ്ഥയിലാണ് എലിപ്പനി മാരകമാകുന്നത്?

ശരീരത്തിലെ ആന്തരാവയവങ്ങളെ എലിപ്പനി ബാധിക്കുമ്പോഴാണ് അത് മാരകമാകുന്നത്.
ഹൃദയത്തെ ബാധിച്ചാല്‍ നെഞ്ച് വേദന,ശ്വാസം മുട്ടൽ, ക്ഷീണം, തളർച്ച, കിതപ്പ് മുതലായ ലക്ഷണങ്ങൾ ഉണ്ടാകും. വൃക്കകളെ ബാധിച്ചാല്‍ മൂത്രത്തിന്റെ അളവ് കുറയുക, രക്തത്തിന്റെ നിറം വരിക, കാലിലും മുഖത്തും നീരുണ്ടാകുക തുടങ്ങിയ ലക്ഷണങ്ങളും. കരളിനെ ബാധിക്കുന്നവര്‍ക്ക് മഞ്ഞപിത്തം, കരൾ വീക്കം പോലെയുള്ള ലക്ഷണങ്ങള്‍ കാണാം . തലച്ചോറിനെ ബാധിച്ച മെനിൻജൈറ്റിസ് (തലച്ചോറിൽ നീർക്കെട്ട്) മുതലായ രോഗങ്ങളും ഉണ്ടാകും.ഈ അവസ്ഥയിൽ രോഗത്തെ വീൽസ് സിൻഡ്രോം (Weils Sindrome) എന്നു വിളിക്കുന്നു.

5: എലിപ്പനി ബാധിച്ചാൽ ഉണ്ടാവുന്ന ലക്ഷണങ്ങൾ?

രോഗാണു അകത്തു കിടന്നാല്‍ ഏകദേശം 5-15 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകും. കടുത്ത പനി, തലവേദന, മസിലുകളുടെ വേദന, വിറയല്‍, കടുത്ത ക്ഷീണം, ഛർദ്ദി ഇവയാണ് പ്രാഥമികമായി കാണുന്ന ആദ്യ ലക്ഷണങ്ങള്‍.

6:എലിപ്പനി നിർണയിക്കാൻ സഹായിക്കുന്ന രക്ത പരിശോധനകൾ ഏതെല്ലാം?

സാധാരണയായി എലിപ്പനി നിർണയിക്കാൻ ഉപയോഗിക്കുന്ന സിറോളജിക്കൽ ടെസ്റ്റ് ആണ് Microscopic Agglutination Test (MAT) അതുപോലെതന്നെ Immunoglobulin M antibodies (IgM) ടെസ്റ്റ്. എലിപ്പനി ബാധിച്ചു എന്ന സംശയം നിങ്ങൾക്കുണ്ടെങ്കിൽ ഒരു വൈദ്യം നിർദ്ദേശാനുസരണം നിങ്ങൾക്കിത് ചെയ്തു നോക്കാവുന്നതാണ്.

7: ആയുർവേദത്തിൽ എലിപ്പനിക്ക് ചികിത്സയുണ്ടോ?

എലിപ്പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം ചികിത്സ നടത്താതെ ഉടന്‍ വൈദ്യസഹായം തേടണം ഉടനെതന്നെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രോഗ വിവരമറിയിക്കണം. കഠിനമായ ജോലികൾ ഒന്നും ചെയ്യരുത് വിശ്രമം, എരുവും, പുളിയും, ഉപ്പും അധികം ഇല്ലാത്ത ലഘുഭക്ഷണം കഴിക്കുന്നത് ഇത്തരം രോഗികൾക്ക് അഭികാമ്യം. അതുപോലെതന്നെ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആധുനിക വൈദ്യശാസ്ത്രത്തിലെ പ്രതിരോധമരുന്നായ ഡോക്സിസൈക്ലിൻ മുതലായ ഔഷധങ്ങൾ കഴിക്കുന്നവർക്ക് ആ ഔഷധങ്ങളോട് കൂടെത്തന്നെ ആയുർവേദ മരുന്നുകൾ വൈദ്യ നിർദ്ദേശാനുസരണം ഉപയോഗിക്കാവുന്നതാണ് രോഗപ്രതിരോധശേഷി കൂട്ടുവാൻ ഇത് വളരെയധികം സഹായിക്കും . രോഗം ബാധിച്ചവർ അവസ്ഥാനുസരണം ആയുർവേദ മരുന്നുകൾ ഒരു ആയുർവേദ ഭിഷഗ്വരന്റെ മേൽനോട്ടത്തിൽ ഉപയോഗിക്കാവുന്നതാണ് . അതുമൂലം രോഗിയുടെ പ്രതിരോധശേഷി കൂടുകയും, രക്തശുദ്ധി ഉണ്ടാകുകയും, ആന്തരികാവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുകയും, ജ്വരവും മറ്റു അനുബന്ധ ലക്ഷണങ്ങളും കുറയുന്നതിനും സഹായിക്കും.ആയുർവേദ ഔഷധങ്ങളായ, പടോലമൂലാദി കഷായം , പടോലകടുരോഹിണ്യാദി കഷായം, വില്വാദിഗുളിക, ദൂഷീവിഷാരി ഗുളിക, ലക്ഷ്മിവിലാസ രസം, മൃത്യുഞ്ജയ രസം, സുവർണ്ണമുക്താദി ഗുളിക, ഗോരോചനാദി ഗുളിക, ഗോപിചന്ദനാദി ഗുളിക , വെട്ടുമാറൻ ഗുളിക , സൂര്യപ്രഭ ഗുളിക,സുദർശനം ഗുളിക, അന്നഭേദി സിന്ദൂരം, ലോഹ സിന്ദൂരം, കാന്ത സിന്ദൂരം, ഷഡംഗം കഷായം ,അമൃതോത്തരം കഷായം, പാചനാമൃതം കഷായം, ഇന്ദുകാന്തം കഷായം, വാശാഗുളുച്യാദി കഷായം, ദ്രാക്ഷാദി കഷായം, ഗുളുച്യാദി ഗണം കഷായം, ബ്രഹത്യാദി കഷായം, തൃണപഞ്ചമൂലം കഷായം , ശീതജ്വരാരി കഷായം, വൈശ്വാനര ചൂർണ്ണം, അവിപത്തി ചൂർണ്ണം, ആമവാതാരീ രസം, അഭയാരിഷ്ടം, അമൃതാരിഷ്ടം, പർപ്പടകാസവം മുതലായ ഔഷധങ്ങൾ വൈദ്യ നിർദ്ദേശാനുസരണം ഉപയോഗിക്കുക. ഒരു കാര്യം എടുത്തു പറയാൻ ഞാനാഗ്രഹിക്കുന്നു സ്വയംചികിത്സ ഇത്തരം രോഗങ്ങളിൽ അപകടം ക്ഷണിച്ചുവരുത്തും അതിനാൽ സ്വയം ചികിത്സ ഒഴിവാക്കുക.

നന്ദി

സുഹൃത്തുക്കളെ നിങ്ങൾക്ക് ഈ ലേഖനം ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇഷ്ടപ്പെട്ടാൽ ഈ അറിവ് ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും കൂടി ഏത്തിക്കു. ഈ ലേഖനവുമായി ബന്ധപ്പെട്ട എന്തു സംശയങ്ങൾക്കും നിങ്ങൾക്ക് pousepoulose@gmail.com എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ് തീർച്ചയായും ഞാൻ മറുപടി നൽകുന്നതായിരിക്കും.

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Comments