പ്രളയ ശേഷമുള്ള പകർച്ച വ്യാധികളെ നമുക്ക് ആയുർവേദത്തിലൂടെ പ്രതിരോധിക്കാം
........................................................
പ്രിയ സുഹൃത്തുക്കളെ കുറച്ചു നാളുകൾക്ക് ശേഷമാണ് ഞാൻ ഫേസ്ബുക്കിൽ വീണ്ടും ഒരു ലേഖനം എഴുതുന്നത്. ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത് എങ്ങനെ ഈ ദുരന്ത കാലത്തിൽ നമ്മളെ പിടികൂടാൻ സാധ്യതയുള്ള പകർച്ചവ്യാധികളെ ആയുർവേദ മാർഗ്ഗങ്ങളിലൂടെ പ്രതിരോധിക്കാനും അതിജീവിക്കാനും കഴിയും എന്നതിനെ കുറിച്ചുള്ള ചില പ്രായോഗിക മാർഗങ്ങളെ പറ്റിയാണ്. പകർച്ചവ്യാധികൾ വന്നാൽ പുറത്തു പറയാൻ മടി കാണിക്കാതെ എത്രയും പെട്ടെന്ന് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികളെ അതേക്കുറിച്ച് വിവരമറിയിക്കുക. ഇത് യാതൊരു കാരണവശാലും മറച്ചുവെക്കരുത്. അങ്ങനെ ചെയ്തില്ലെങ്കിൽ നമ്മൾ കാരണം ഒരുപാട് പേരുടെ ജീവൻ ബലി കൊടുക്കേണ്ടി വരും.എന്ത് ദുരന്തം വന്നാലും വളരെ സംഘടിതമായി പ്രതിരോധിക്കാൻ നമ്മൾ കേരളീയർക്ക് സാധിക്കും എന്ന് നമ്മൾ ഈ പ്രളയ കാലത്ത് വീണ്ടും ലോകത്തിന് കാണിച്ചുകൊടുത്തു. കുറച്ചുനാളുകൾക്ക് മുമ്പ് "നിപ്പാ" വൈറസിനെ നാം പ്രതിരോധിച്ചത് ഈ രാജ്യവും, ലോകവും കണ്ടതാണ് പരസ്പരം പഴിചാരാതെ നാട്യങ്ങളോ, നാടകങ്ങളൊ ഇല്ലാതെ ഒരു കുടക്കീഴിൽ ആയിരിക്കുവാനും പരസ്പരം കൈമെയ് മറന്ന് സഹായിക്കുവാനും സഹകരിക്കുവാനും കഴിയുന്ന നമ്മൾ കേരളീയർ രാജ്യത്തിനും ലോകത്തിനും മാതൃക തന്നെയാണ് . അതുകൊണ്ടു തന്നെയാണ് ഈ നാടിനെ ദൈവം ദത്തെടുത്ത് ദൈവത്തിന്റെ സ്വന്തം ജനതയും സ്വന്തം നാടും ആക്കി മാറ്റിയതും. ഞാൻ താഴെ 22 ഓളം സാംക്രമിക രോഗങ്ങളെ യും അവയുടെ ലക്ഷണങ്ങളെ ക്കുറിച്ചും അവയെ എങ്ങനെ പ്രതിരോധിക്കണമെന്ന തിനെ കുറിച്ചും അതിനായി സാധാരണ ഉപയോഗിക്കാറുള്ള ആയുർവേദ ഔഷധങ്ങളെ കുറിച്ചും ഒരു ലഘു വിവരണം കൊടുത്തിട്ടുണ്ട് . അത് വായിച്ച് ആരും സ്വയം ചികിത്സ ചെയ്യരുത് അതിനു വേണ്ടിയല്ല ഞാൻ അത് എഴുതിയത് അടുത്തുള്ള ഏതെങ്കിലും ആയുർവേദ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ ഈ മരുന്നുകൾ ഉപയോഗിക്കാവൂ അല്ലെങ്കിൽ നിങ്ങൾ അനാവശ്യമായി അപകടങ്ങളെ ക്ഷണിച്ചുവരുത്തും. വളരെ ലഘുവായി ഏത് സാധാരണക്കാരനും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ ആണ് ഞാൻ ഇത് എഴുതിയിട്ടുണ്ട് . അത് ദയവു ചെയ്തു വായിച്ചു മനസ്സിലാക്കുക. ഇത്തരത്തിലുള്ള പകർച്ചവ്യാധികളിൽ ആയുർവേദ ശാസ്ത്രത്തിലും പ്രതിരോധ മാർഗ്ഗങ്ങൾ ഉണ്ട് എന്നുള്ള ഒരു അവബോധം നിങ്ങളിൽ സൃഷ്ടിക്കുക എന്നത് മാത്രമാണ് ഈ ലേഖകന്റെ ലക്ഷ്യം.
ജലജന്യ രോഗങ്ങള്‍
.............................................
മലിനമായ ജലം ഭക്ഷണ പാനീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിലൂടെ യാണ് മനുഷ്യശരീരത്തില്‍ ഈ രോഗാണുക്കൾ പ്രവേശിച്ച് ജലജന്യ സാംക്രമിക രോഗങ്ങൾ ഉണ്ടാകുന്നത്.
1: അതിസാരം (കോളറ)
''വിബ്രിയോ കോളറെ’' എന്ന ബാക്ടീരിയ ആണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലത്തെുകയും കടുത്ത ഛര്‍ദിയും, അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ഇപ്രകാരം അമിതമായ തോതില്‍ ശരീരത്തിലെ ജലവും, ലവണാംശവും നഷ്ടപ്പെടുകയാണെങ്കില്‍ അത് രോഗിയുടെ മരണത്തിനുവരെ ഇടയാക്കുന്നു. ഒ.ആര്‍.എസ് ലായനിയുടെ ഉപയോഗത്തിലൂടെ ശരീരത്തിലെ നഷ്ടപ്പെട്ട ജലം ഒരളവ് വരെ നിലനിര്‍ത്താനാവും .തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ശാരീരിക വൃത്തിയുണ്ടാവുക, വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ നിർബന്ധമാണ്. ഇത് വന്ന രോഗി ധാരാളം വെള്ളം കുടിക്കണം. അല്ലാത്തപക്ഷം രോഗം ഗുരുതരമാവും. മലരിട്ട തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഈ അവസരത്തിൽ നല്ലതാണ്. വില്വാദിലേഹ്യം, വില്വാദിഗുളിക, സേതുബന്ധം ഗുളിക, കുടജാരിഷ്ടം, കുടജാവലേഹ്യം,ചാർങ്ങേര്യാദി ഘൃതം മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം ഈ രോഗത്തിന് ഉപയോഗിക്കാവുന്നതാണ്.
ഒ ആര്‍ എസ് ലായനി തയ്യാറാക്കുന്ന വിധം
.................................................
ഉപ്പും പഞ്ചസാരയും ചേര്‍ന്ന ഒരു മിശ്രിതമാണ് ഒ ആര്‍ എസ് ലായനി. ഇത് ശരീരത്തിന് നഷ്ടപ്പെട്ട ലവണങ്ങള്‍ നിലനിർത്തുകയും ജലം ആഗീരണം ചെയ്യുന്നതിന്റെ അളവു വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഒ ആര്‍ എസ് ലായനി വീട്ടില്‍ തയ്യാറാക്കുകയും ചെയ്യാം. ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ 6 ടീ സ്പൂണ്‍ പഞ്ചസാര, അര ടീസ്പൂണ്‍ ഉപ്പ്, എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി ഉപയോഗിക്കാം. ഈ അളവ് കൃത്യമായിരിക്കണം. അല്ലെങ്കില്‍ വയറിളക്കം വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. ഒരിക്കല്‍ ലായനി തയ്യാറാക്കിയാല്‍ 24 മണിക്കൂറിനകം ഉപയോഗിക്കണം.
2: ഡയേറിയ (വയറുകടി)
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണത്തിന്‍െറ രണ്ടാമത്തെ കാരണം വയറിളക്കം ആണ്. ഓരോവര്‍ഷവും അഞ്ചു വയസ്സില്‍ താഴെയുള്ള ലക്ഷക്കണക്കിന് കുട്ടികളാണ് ഇതുകാരണം മരിക്കുന്നത്. ശരീരത്തില്‍ നിന്നുള്ള അമിത ജലനഷ്ടമാണ് ഈ രോഗത്തെ ഇത്രയും മാരകമാക്കുന്നത്. ഒരു ദിവസം മൂന്നോ അതില്‍ കൂടുതലോ തവണ മലം ഇളക്കി പോവുകയാണെങ്കില്‍ അതിനെ വയറിളക്കമായി കണക്കാക്കാം. ആയുർവേദ ഔഷധങ്ങളായ കുടജാരിഷ്ടം ,ചാർങ്ങേര്യാദി ഘൃതം, വില്വാദി ഗുളിക, വില്വാദി ലേഹ്യം, കുടജഘന വടി, സേതു ബന്ധം ഗുളിക മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം ഈ രോഗത്തിന് ഉപയോഗിക്കാവുന്നതാണ്.
3:ടൈഫോയിഡ്
‘സാല്‍മൊണെല്ല’ എന്ന ബാക്ടീരിയ പരത്തുന്ന ടൈഫോയിഡ് പനി, മലിനജലത്തിലൂടെയും രോഗിയുടെ വിസര്‍ജ്യത്തിന്റെ അംശമടങ്ങിയ ഭക്ഷണപദാര്‍ഥത്തിലൂടെയുമാണ് പകരുന്നത്. ആഴ്ചകള്‍ നീണ്ട് നില്‍ക്കുന്ന കടുത്തപനി, മലം പോകുമ്പോൾ രക്തത്തോടുകൂടി പോകുക, കടുത്ത വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തുറസ്സായ സ്ഥലങ്ങളിലുള്ള വിസര്‍ജനം, വൃത്തിരഹിതമായ ജീവിതരീതി, കൈകഴുകാതെ ഭക്ഷണം കഴിക്കല്‍ എന്നിവ ഈ രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ആയുർവേദ മരുന്നുകൾ ആയ കുടജാരിഷ്ടം ,ചാർങ്ങേര്യാദി ഘൃതം, വില്വാദി ഗുളിക, വില്വാദി ലേഹ്യം, കുടജഘന വടി, സേതു ബന്ധം ഗുളിക, താലീസപത്രാദി ചൂർണ്ണം മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം ഈ രോഗത്തിന് ഉപയോഗിക്കാവുന്നതാണ്.
4: മഞ്ഞപ്പിത്തരോഗങ്ങള്‍
ഹെപ്പറ്റെറ്റിസ് എ, ബി, ഇ മുതലായ രോഗാണുക്കൾ ശരീരത്തില്‍ കയറി രണ്ട്-ആറ് ആഴ്ച കഴിഞ്ഞാലേ രോഗലക്ഷണങ്ങള്‍ പൂര്‍ണമായും വെളിവാകൂ. ക്ഷീണം, പനി, ഓക്കാനം, വിശപ്പില്ലായ്മ, കണ്‍വെള്ളയിലും തൊലിപ്പുറത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് പകരുന്നത്. മൂത്രത്തിനു നിറവ്യത്യാസം, കണ്ണിനു മഞ്ഞനിറം എന്നിവ കണ്ടാൽ എത്രയും വേഗം വൈദ്യസഹായം തേടുക. ആരോഗ്യവർദ്ധിനി വടി, വില്വാദി ഗുളിക,ദൂഷീവിഷാരി ഗുളിക വാശാഗുളുച്യാദി കഷായം , ദ്രാക്ഷാദി കഷായം,
പടോലകടുകുരോഹിണ്യാദി കഷായം മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം ഉപയോഗിക്കാവുന്നതാണ്.
കൊതുക് പരത്തുന്ന പകര്‍ച്ചവ്യാധികള്‍
............................................
കൊതുക് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചില്ലറയൊന്നുമല്ല
വ്യാപകമായി പടരുന്ന പകര്‍ച്ച പനികളിലധികവും പരത്തുന്നത് കൊതുകുകളാണ്. മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടുകളിലാണ് കൊതുകുകള്‍ അധികവും മുട്ടയിട്ടു പെരുകുന്നത്. ഒരു സ്പൂണ്‍ വെള്ളം ധാരാളം മതി കൊതുകിന് മുട്ടയിട്ട് പെരുകാന്‍. വീടിന്‍െറ പരിസരങ്ങളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം, ചിരട്ടകൾ, ടയറുകള്‍ എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം കളയുന്നതോടെ ഇവയുടെ ലാര്‍വകളെ നശിപ്പിക്കാന്‍ കഴിയും.
5: ചിക്കന്‍ ഗുനിയ
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ സജീവമായ പനിയാണ് ചികുന്‍ഗുനിയ. "ഈഡിസ് ഈജിപ്തി" വര്‍ഗത്തില്‍പെടുന്ന കൊതുകുകളാണ് ഇവ പരത്തുന്നത്. ശരീരത്തില്‍ രോഗാണു പ്രവേശിച്ച് രണ്ടു മൂന്നു ദിവസത്തിനകം രോഗം പ്രകടമാകും. കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മെനിഞ്ചൈറ്റിസ് എന്‍സഫലോപതിയെന്ന അവസ്ഥയിലേക്ക് ചികുന്‍ഗുനിയ രോഗികളെ കൊണ്ടെത്തിക്കാറുണ്ട്. വൈറസ് പരത്തുന്ന രോഗമായതിനാല്‍ നല്ല വിശ്രമമാണ് ആവശ്യം. ചില രോഗികളിൽ ശക്തമായ സന്ധിവേദനകള്‍, പ്രത്യേകിച്ച് കൈകാല്‍വിരലുകളെ ബാധിക്കാറുണ്ട്. കൈയിലും കാലിലും നെഞ്ചത്തും കാണുന്ന ചുവന്ന പാടുകള്‍ ശ്രദ്ധേയമാണ്. ചിലരില്‍ പ്രകാശത്തിലേക്കു നോക്കുമ്പോള്‍ കണ്ണിന് വേദന ഉണ്ടാകാറുണ്ട്. പ്രായമേറിയവരിലും പ്രതിരോധശേഷി കുറഞ്ഞവരിലും നവജാത ശിശുക്കളിലും ചിക്കുന്‍ ഗുനിയ ഗുരുതരമാകാറുണ്ട്. മിക്ക രോഗികളിലും സന്ധിവേദന ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകാറുണ്ട്. എന്നാൽ ചില രോഗികളിൽ സന്ധികളുടെ വീക്കവും, വേദനയും മാസങ്ങളോളം മാറാതിരിക്കും. ആയുർവേദമരുന്നുകൾ ആയ അമൃതോത്തരം കഷായം,കോകിലാക്ഷം കഷായം, അമൃതാരിഷ്ടം, കൈശോരഗുഗുലു ഗുളിക , വെട്ടുമാറൻ ഗുളിക, അമൃത ഗുഗുലു, സിംഹനാദ ഗുഗുലു, മുറിവെണ്ണ, മഹാനാരായണ തൈലം,മധൂയഷ്ട്യാദി തൈലം മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം ഉപയോഗിക്കാവുന്നതാണ്.
6: റോസ് റിവര്‍ ഫീവര്‍(തക്കാളി പനി)
പനി ബാധിച്ചയാളുടെ കവിളുകള്‍ റോസ് നിറത്തില്‍ തടിച്ചു തിണര്‍ക്കുന്നതു മൂലമാണത്രെ ഈ പനിക്ക് ഈ പേരു വന്നത്. കൊതുകിലൂടെ ഈ പനി പടര്‍ത്തുന്നത്. ചികുന്‍ഗുനിയയുടെ ലക്ഷങ്ങളാണ് പനിക്കുള്ളതെങ്കിലും രക്തപരിശോധന നടത്തിയാല്‍ ചികുന്‍ഗുനിയ പോസിറ്റീവ് ഫലം ലഭിക്കില്ലെന്നതാണ് രോഗത്തിന്റെ പ്രത്യേകത. ശക്തമായ പനി, നീര്‍വീക്കം, സന്ധികളിലെ നീര്‍കെട്ട് എന്നിവ ഉണ്ടാകുന്നതിനാല്‍ രോഗം ബാധിച്ചയാള്‍ക്ക് ദിനചര്യകള്‍ ചെയ്യാന്‍പോലും പ്രയാസം അനുഭവപ്പെടുന്ന അവസ്ഥയാണുണ്ടാകുക. ഈസിഡ് പോളിനെസിസ്, ക്യൂലക്‌സ് അനുലിറോക്ടിസ് എന്നീ വിഭാഗത്തിലുള്ള കൊതുകുകളാണ് രോഗം പരത്തുന്നത്. ആയുർവേദമരുന്നുകൾ ആയ ഇന്ദുകാന്തം കഷായം, അമൃതോത്തരം കഷായം, ഗുളുച്യാദികഷായം, വെട്ടുമാറൻ ഗുളിക , ഗോരോചനാദി ഗുളിക , സുവർണ്ണമുക്തി ഗുളിക മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം ഉപയോഗിക്കാവുന്നതാണ്.
7: ഫ്‌ളു അഥവാ വൈറല്‍ പനി
പനി വന്നാല്‍ പൊതുവെ പറയുന്നൊരു ചൊല്ലുണ്ട്. മരുന്നെടുത്താല്‍ ഏഴ് ദിവസവും മരുന്ന് എടുത്തില്ലെങ്കില്‍ ഒരാഴ്ചയും വേണം പനി മാറാന്‍ എന്ന്. ശക്തമായ പനി, ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന, ശരീരവേദന, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൈറല്‍ പനിയുടെ മുഖ്യലക്ഷണങ്ങള്‍. തുറസ്സായ അന്തരീക്ഷത്തില്‍ വളരെ ലഘുവായ ഭക്ഷണം മാത്രം കഴിച്ച് പൂര്‍ണ്ണമായ വിശ്രമത്തിലൂടെ മാറ്റിയെടുക്കാവുന്നതാണ്. നനഞ്ഞ തുണി കൊണ്ട് ദേഹം മുഴുവന്‍ ഇടക്കിടെ തുടച്ചെടുക്കുന്നതും നെറ്റി, വയറ് ഭാഗങ്ങളില്‍ നനഞ്ഞ തുണി വെക്കുന്നതും പനി കുറക്കാന്‍ സഹായിക്കുന്നു
പകര്‍ച്ചപ്പനിയെന്ന പേരില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ബാധിക്കുന്ന പനിയാണ് വൈറല്‍ പനി. മഴക്കാലത്ത് കുട്ടികളിലാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത്. റൈനോ, അഡിനോ, കൊറോണാ വൈറസുകളാണ് രോഗം പരത്തുന്നത്. വായുവിലൂടെ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ് ഈ പനി.ചുക്ക് കഷായം അഥവാ തുളസി കഷായം കുടിക്കുന്നത് ഇത്തരം വൈറല്‍ പനി കുറയാന്‍ വളരെ നല്ലതാണ്.മതിയായ വിശ്രമം, ആഹാരം, ധാരാളം വെള്ളം കുടിക്കുക എന്നിവ കൊണ്ട് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈറല്‍ പനി ഭേദമാകുന്നതാണ്. ആയുർവേദ മരുന്നുകൾ ആയ ദശമൂലകടുത്രയം കഷായം , ഷഡംഗം കഷായം, അമൃതാരിഷ്ടം, വെട്ടുമാറൻ ഗുളിക, വില്ലാദി ഗുളിക, താലീസപത്രാദി ചൂർണം, ചുക്കുംതിപ്പലി ഗുളിക, പാചനാമൃതം കഷായം മുതലായവ അവസ്ഥാനുസരണം ഉപയോഗിക്കാവുന്നതാണ്
8: ഡെങ്കിപ്പനി
'‘ഈഡിസ് ഈജിപ്തി'’ കൊതുകുകള്‍ പ്രധാന വാഹകരായുള്ള വൈറല്‍ പനിയാണ് ഡെങ്കിപ്പനി. കടുത്ത പനി, തലവേദന, പേശിയിലേയും സന്ധിയിലേയും വേദന, തൊലിപ്പുറത്തെ തിണര്‍പ്പുകള്‍ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.ആന്തരിക രക്തസ്രാവമാണ് ഈ രോഗത്തിന്റെ വില്ലന്‍. ശക്തമായ പനി, സന്ധിവേദന, അസ്ഥിവേദന, തലവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. കുട്ടികളിലും ശിശുക്കളിലും ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ മാത്രമായിരിക്കും ലക്ഷണങ്ങള്‍. ഒന്നിലേറെ തവണ രോഗാണുബാധയേല്‍ക്കുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നമാണ് ഡെങ്കിപ്പനിയുണ്ടാക്കുക. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറക്കാനും, രക്തസ്രാവത്തിനും ഇടയാകും. മൂക്കില്‍നിന്നും വായില്‍നിന്നും രക്തസ്രാവം ഉണ്ടാകുന്നു എന്നതാണ് മറ്റു പനികളില്‍നിന്നു ഡെങ്കിപ്പനിയെ വ്യത്യസ്തമാക്കുന്നത്. കുടലിലും ചിലര്‍ക്ക് രക്തസ്രാവമുണ്ടാകാറുണ്ട്. രോഗത്തെ തുടര്‍ന്ന് രക്തസമ്മർദ്ദം അമിതമായി താഴുന്നത് ഷോക്ക് എന്ന അവസ്ഥയുണ്ടാക്കും. കൈകാലുകള്‍ തണുത്തിരിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസതടസ്സം എന്നീ ലക്ഷണങ്ങള്‍ രോഗി പ്രകടിപ്പിച്ചാല്‍ രോഗിയുടെ നില അതീവ ഗുരുതരമാണെന്ന് മനസ്സിലാക്കാം. ഇത്തരം ഘട്ടങ്ങളില്‍ തീവ്രപരിചരണ ചികിത്സയാണ് രോഗിക്ക് നല്‍കേണ്ടിവരിക. പനി ശക്തമാകുമ്പോള്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നത് രക്തസ്രാവത്തിന് ഇടയാക്കും. വായ, മൂക്ക്, കുടല്‍ തുടങ്ങിയ ഭാഗങ്ങളില്‍നിന്നുള്ള രക്തസ്രാവം ഡെങ്കിപ്പനി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍, ചെറിയ പനിയും, ചുവന്ന പാടുകളും മാത്രമേ പലപ്പോഴും കുട്ടികളില്‍ കാണാറുള്ളു. രക്തസ്രാവത്തോടൊപ്പം മയക്കം, മരവിച്ച കൈകാലുകള്‍, മൂത്രത്തിന്റെ അളവ് കുറയുക തുടങ്ങിയവ രോഗം സങ്കീര്‍ണമാകുന്നതിന്റെ ലക്ഷണങ്ങളാണ്. രോഗാണുബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകള്‍ ഏഴുദിവസങ്ങള്‍ക്ക് ശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്താനുള്ള ശേഷി നേടുന്നു. ആയുർവേദ ഔഷധങ്ങളായ ഗുളുച്യാദികഷായം, വാശാഗുളുച്യാദികഷായം, പാചനാമൃതം കഷായം, കോകിലാക്ഷം കഷായം, വെട്ടുമാറൻ ഗുളിക, സുദർശനം ഗുളിക, സുദർശന ചൂർണ്ണം, സുവർണ്ണമുക്തി ഗുളിക,ദൂഷീവിഷാരി ഗുളിക, മാതള രസായനം, അമൃതഗുൽഗുലു ഗുളിക, സിദ്ധമകരധ്വജം, പ്രവാള ഭസ്മം, തങ്കഭസ്മം, കന്മദഭസ്മം, കാന്തഭസ്മം, കൈശോരഗുല്ഗുലു ഗുളിക മുതലായവ അവസ്ഥാനുസരണം ഉപയോഗിക്കാവുന്നതാണ്.
9:ജപ്പാന്‍ ജ്വരം
ജപ്പാന്‍ ജ്വരം പരത്തുന്ന ‘'ഫ്ളാവി’' വൈറസിനെ ക്യൂലക്സ് കൊതുകുകളാണ് വഹിക്കുന്നത്. ശരീരപേശികള്‍ ഉറച്ച് പോവുക, പനി, തലവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. ശരീരോഷ്മാവ് ക്രമാതീതമായി ഉയരുക, കഴുത്തും മറ്റു സന്ധികളും ഇളക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക, അപസ്മാരം പോലുള്ള ലക്ഷണം, പെരുമാറ്റ വ്യതിയാനം എന്നിവയാണ് പിന്നീട് പ്രത്യക്ഷപ്പെടുന്നത്. കുട്ടികളില്‍ ഈ രോഗം ഉണ്ടാക്കുന്ന മരണനിരക്ക് വളരെ ഉയര്‍ന്നതാണ്. രോഗാണുക്കള്‍ തലച്ചോറിനെ ബാധിച്ച് അപസ്മാര ലക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന മാരകമായ കൊതുകുജന്യരോഗമാണിത് വളർത്തുമൃഗങ്ങൾ, കന്നുകാലികള്‍, പന്നി, വവ്വാല്‍ തുടങ്ങിയവയില്‍ ജപ്പാന്‍ ജ്വരത്തിനു കാരണമാകുന്ന രോഗാണുക്കള്‍ ദീര്‍ഘനാള്‍ സജീവമായി കഴിയാറുണ്ട്. രോഗം തടയാന്‍ ശരിയായ രീതിയിലുള്ള ജന്തുപരിപാലനം അനിവാര്യമാണ്. ശക്തമായ പനി, കുളിര്, അപസ്മാരം, ശ്വാസതടസ്സം, തലച്ചോറില്‍ നീര്‍ക്കെട്ട്, നാഡീസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങിയ സങ്കീര്‍ണതകള്‍ കാണുന്നു. ആയുർവേദ ഔഷധങ്ങളായ വില്വാദിഗുളിക, ഗോരോചനാദി ഗുളിക, ഗോപിചന്ദനാദി ഗുളിക, സുവർണ്ണമുക്തി ഗുളിക, വെട്ടുമാറൻ ഗുളിക, കൈശോര ഗുഗ്ഗുലു, അമൃതഗുഗ്ഗുലു, സിംഹനാദഗുഗ്ഗുലു, അമൃതോത്തരം കഷായം പിചനാമൃതം കഷായം, ശ്വാസാനന്ദം ഗുളിക, കസ്തൂര്യാദി ഗുളിക, ധാന്യന്തരം ഗുളിക മുതലായവ അവസ്ഥാനുസരണം ഉപയോഗിക്കുക.
10:യെല്ലോ ഫീവര്‍ (മഞ്ഞപ്പനി)
''ഈഡിസ് ഈജിപ്തി'' വിഭാഗത്തില്‍പ്പെടുന്ന കൊതുകുകള്‍ പരത്തുന്ന പകര്‍ച്ചവ്യാധിയാണ് യെല്ലോ ഫീവര്‍. കരളിനെയാണ് ഈ വൈറസ് പ്രധാനമായും ബാധിക്കുന്നത്. പനിയെത്തുടര്‍ന്നുണ്ടാകുന്ന കടുത്ത മഞ്ഞപ്പിത്തത്തില്‍ നിന്നാണ് പകര്‍ച്ചവ്യാധിക്ക് ഈ പേരുണ്ടായത്. ആയുർവേദ ഔഷധങ്ങളായ വാശാഗുളൂച്യാദി കഷായം, ദ്രാക്ഷാദികഷായം, പാചനാമൃതം കഷായം, ഗുളുച്യാദികഷായം, വൈശ്വാനര ചൂർണം, അവിപത്തി ചൂർണ്ണം, ലോഹ സിന്ദൂരം, ലക്ഷ്മിവിലാസ രസം, ഗോരോചനാദി ഗുളിക, സുവർണ്ണമുക്തി ഗുളിക ആരോഗ്യവർദ്ധിനി വടി , കാന്തസിന്ദൂരം, ലോഹസിന്ദൂരം, കൗടജത്രിഫല, അവിപത്തി ചൂർണ്ണം മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം ഉപയോഗിക്കുക.
11: വെസ്റ്റ് നൈല്‍ ഫീവര്‍
വനാന്തരങ്ങളില്‍ വിഹരിച്ചിരുന്ന പക്ഷികളിലേക്ക് ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് രോഗം പരത്തിയിരുന്നത്. ഈ രോഗം പിടിപെട്ട പക്ഷികളിൽനിന്നു കൊതുകിലേക്കും കൊതുകിൽനിന്നു മനുഷ്യരിലേക്കും പകരും. മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു നേരിട്ടു പകരില്ല. കൊതുകു കടിയേൽക്കുന്നതിലൂടെ മാത്രമേ രോഗം പകരൂ. പനി, തലവേദന, ഛർദി എന്നിവയും ദേഹത്തു പാടുകൾ വരുന്നതുമാണു വെസ്റ്റ് നൈൽ പനിയുടെ ലക്ഷണം. രോഗം പിടിപെടുന്നവരിൽ ഒരു ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രം മസ്തിഷ്കജ്വരം വരാം. അങ്ങനെയുള്ളവർക്കു മരണം സംഭവിക്കാനുള്ള സാധ്യത പത്തു ശതമാനം മാത്രമാണ്. വൈറസാണു രോഗകാരണം. ആയുർവേദ ഔഷധങ്ങളായ ഗോരോചനാദി ഗുളിക, സുവർണ്ണമുക്തി ഗുളിക, ഗുളുച്യാദി കഷായം വാശാഗുളുച്യാദി കഷായം, അമൃതോത്തരം കഷായം, ഇന്ദുകാന്തം കഷായം, ലക്ഷ്മിവിലാസ് രസം, വെട്ടുമാറൻ ഗുളിക, വില്വാദി ഗുളിക ,ദൂഷീവിഷാരി ഗുളിക മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം ഉപയോഗിക്കുക.
12: ടോണ്‍സിലൈറ്റിസ്
മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ
സുപ്രധാന കണ്ണികളാണ് ടോണ്‍സിലുകള്‍. തൊണ്ടയില്‍ നാവിന്റെ ഉത്ഭവസ്ഥാനത്ത് അണ്ണാക്കിന്റെ ഇരുവശങ്ങളിലുമായാണ് ടോണ്‍സിലുകളുടെ സ്ഥാനം. അന്നനാളം, ശ്വാസനാളം, വായു, ഭക്ഷണം ഇവയിലൂടെയെല്ലാം എത്തിപ്പെടുന്ന അണുക്കളെ ആദ്യം നേരിടുന്നത് ടോണ്‍സിലുകളാണ്. ആയുര്‍വേദം ടോണ്‍സിലുകളെ "താലുഗ്രന്ഥി' എന്നാണ് പറയുക.ഈ ടോണ്‍സില്‍ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അണുബാധയാണ് ടോണ്‍സിലൈറ്റിസ് എന്ന് പറയുന്നത്. അതിൽ സാധാരണയായി കണ്ടുവരാറുള്ള ലക്ഷണം
തൊണ്ടവേദനക്കൊപ്പം പനി, ആഹാരമിറക്കാന്‍ പ്രയാസം, ചുമ എന്നിവയുണ്ടാവും. വായിക്കകത്ത് ടോർച്ചടിച്ചു നോക്കിയാൽ ടോൺസിൽ ഗ്രന്ഥി വീർത്തം, ചുവന്നും ചിലപ്പോൾ പഴുപ്പോടു കൂടിയിരിക്കുന്നതും ആയിട്ട് കാണുവാൻ സാധിക്കും. ആയുർവേദ ഔഷധങ്ങളായ അമൃതോത്തരം കഷായം, പാചനാമൃതം കഷായം, സുദർശന ചൂർണ്ണം, സുദർശനം ഗുളിക, അമൃതാരിഷ്ടം, പർപ്പടകാസവം, സുവർണ്ണമുക്തി ഗുളിക, ഗോരോചനാദി ഗുളിക ,മുക്കാമുക്കടുകാദി ഗുളിക മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം സേവിക്കുക.
13:മന്തുരോഗം
"എലിഫന്റിയാസിസ്" എന്നറിയപ്പെടുന്ന മന്തുരോഗത്തെപ്പറ്റിയുള്ള ആധികാരിക വിവരം ആദ്യമായി നല്‍കിയത് ഡോ. പാട്രിക് മാന്‍സന്‍ ആണ്. മന്തുരോഗിയില്‍ ലിംഫ് ദ്രാവകത്തിന്റെ ഒഴുക്കിന് നൂല് പോലെ നേർത്ത ഉരുളൻ വിരകൾ തടസ്സമുണ്ടാവുകയും കെട്ടിക്കിടക്കുകയും ചെയ്യും. ചിലരില്‍ പൊട്ടി അണുബാധ ഉണ്ടാകാറുണ്ട്. ''മാന്‍സോണിയ" കൊതുകുകളാണ് മന്തു പരത്തുന്നത്. ആയുർവേദ ഔഷധങ്ങളായ മഞ്ചിഷ്ടാദി കഷായം, മഹാമഞ്ചിഷ്ടാദി കഷായം തിക്തം കഷായം, വില്വാദിഗുളിക, ദൂഷീവിഷാരി ഗുളിക, മഹാതിക്ത ഘൃതം, മാണിഭദ്രഗുളം മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം ഉപയോഗിക്കുക.
14:മലേറിയ (മലമ്പനി)
കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണിത്. പെണ്‍ അനോഫിലിസ് കൊതുകാണ് രോഗം പരത്തുന്നത് കൊതുകിൽ വളരുന്ന ഒരു പാരസൈറ്റ് ആണ് ഈ രോഗം ഉണ്ടാകുന്നത്. പനി, വിറയല്‍, പേശീവേദന, ക്ഷീണം തുടങ്ങിയവയൊക്കെയാണ് ലക്ഷണങ്ങളൾ. മൂന്ന് നാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാള്‍ രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് ഈ രോഗത്തിന്‍റെ പ്രത്യേകതാണ്. അനോഫിലസ് കൊതുകുകളാണ് മലമ്പനി പരത്തുന്നത്. രോഗം പരത്തുന്ന കൊതുകിന്റെ കടിയേറ്റാല്‍ 7-14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ചെറിയ തണുപ്പാണ് ആദ്യലക്ഷണം. പിന്നീടത് വിറയലായി മാറും. വിയര്‍പ്പിലൂടെ ധാരാളം ജലനഷ്ടവും ഉണ്ടാകും.കൊതുകുകടിയിലൂടെ മനുഷ്യരക്തത്തിലെത്തുന്ന രോഗാണു കരളില്‍ പെരുകുകയും രക്തത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇവ ചുവന്നരക്താണുക്കളെ ആക്രമിച്ച് രക്തകോശത്തിനുള്ളില്‍ താവളമുറപ്പിക്കും. രോഗാണുക്കള്‍ പെരുകി രക്തകോശം പൊട്ടി നൂറുകണക്കിന് അണുക്കള്‍ മറ്റു കോശങ്ങളിലേക്കു കടക്കുകയും ചെയ്യുന്നു. രോഗത്തിനും ദുരിതത്തിനും ഇടയാക്കുന്ന പാര സൈറ്റുകൾ വളരെ ചെറുതാണ് വലുപ്പത്തില്‍. ഒരു കോശത്തിനകത്തു തന്നെ ലക്ഷക്കണക്കിന് പാരസൈറ്റുകൾ ഉണ്ടാകാം. ആയുർവേദ ഔഷധങ്ങളായ അന്നഭേദി സിന്ദൂരം, വില്വാദിഗുളിക,ദൂഷീ വിഷാരി ഗുളിക, വെട്ടുമാറൻ ഗുളിക, ലോഹ സിന്ദൂരം, കാന്തസിന്ദൂരം, സുവർണ്ണമുക്തി ഗുളിക, ഗോരോചനാദി ഗുളിക, ചന്ദ്രപ്രഭാ ഗുളിക, അമൃത ഗൂഗ്ഗുലു ,കൈശോര ഗുഗ്ഗുലു, സുദർശനം ഗുളിക, അമൃതോത്തരം കഷായം, കൃമിഘ്നവടിക, വാശാഗുളൂച്യാദി കഷായം, പാചനാമൃതം കഷായം, കോകിലാക്ഷം കഷായം, അമൃതാരിഷ്ടം, പർപ്പടകാസവം, വിളങ്കതണ്ഡുലാദി ചൂർണ്ണം മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം ഉപയോഗിക്കുക
15:എലിപ്പനി (ലെപ്‌റ്റോസ്‌പൈറോസിസ്)
മണ്ണിലും ജലത്തിലും കാണപ്പെടുന്ന ‘ലെപ്റ്റോ സ്പൈറ’ എന്ന ബാക്ടീരിയയുടെ പ്രധാന വാഹകർ എലികളാണ് അതാണ് എലിപ്പനിക്ക് കാരണമാകുന്നത്. രോഗാണുക്കള്‍ എലിയുടെ മൂത്രത്തിലൂടെ വെള്ളത്തിലത്തെുന്നു. ആ വെള്ളം നമ്മൾ തിളപ്പിക്കാതെ കുടിക്കുകയോ അല്ലെങ്കിൽ മുറിവിൽ അവ പറ്റുകയോ ചെയ്താൽ ആ രോഗാണു മനുഷ്യ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നു. രോഗ ലക്ഷണങ്ങൾ
കടുത്ത പനി, കഠിനമായ തലവേദന, കണ്ണിനു ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ്, ത്വക്കിനടിയിൽ രക്തം പൊടിയുക, വെളിച്ചത്തിലേക്കു നോക്കാന്‍ പ്രയാസം എന്നിവയാണു . ശരീരത്തിൽ മുറിവുള്ളവർ മലിനജല സമ്പർക്കം ഒഴിവാക്കണം.
ശരീരത്തില്‍ രോഗാണു പ്രവേശിച്ച് നാല് മുതല്‍ 14 ദിവസം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. മറ്റു പനികളില്‍നിന്ന് വ്യത്യസ്തമായി ബാക്ടീരിയ പരത്തുന്ന രോഗമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്.
വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന എലിപ്പനി മിക്കവരെയും മരണത്തിലേക്ക് എത്തിക്കുകയാണ് പതിവ്. രോഗത്തിന്റെ രണ്ടാം ഘട്ടത്തിൽ പനി വീണ്ടും തുടങ്ങുകയും തലച്ചോറിനെയും നാഡികളെയും ബാധിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കിയാല്‍ രോഗം തീവ്രത കുറഞ്ഞ് സുഖപ്പെടുകയും ചെയ്യും. ആയുർവേദ ഔഷധങ്ങളായ ചന്ദ്രപ്രഭാ ഗുളിക, സുവർണ്ണമുക്താദി ഗുളിക, ഗോരോചനാദി ഗുളിക, ഗോപിചന്ദനാദി ഗുളിക , വെട്ടുമാറൻ ഗുളിക , സുദർശനം ഗുളിക, വില്വാദി ഗുളിക, അന്നഭേദി സിന്ദൂരം, ലോഹ സിന്ദൂരം, കാന്ത സിന്ദൂരം, ഷഡംഗം കഷായം ,അമൃതോത്തരം കഷായം, ഇന്ദുകാന്തം കഷായം, വാശാഗുളുച്യാദി കഷായം, ദ്രാക്ഷാദി കഷായം, ഗുളുച്യാദി കഷായം, ബ്രഹത്യാദി കഷായം, തൃണപഞ്ചമൂലം കഷായം , വൈശ്വാനര ചൂർണ്ണം, അവിപത്തി ചൂർണ്ണം, ആമവാതാരീ രസം, അഭയാരിഷ്ടം, അമൃതാരിഷ്ടം, പർപ്പടകാസവം, പത്ഥ്യാക്ഷധാത്യാദി കഷായം, മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം ഉപയോഗിക്കുക
16:ഇൻഫ്ലുവൻസ (പക്ഷിപ്പനി)
പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്,മനുഷ്യരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. ഈ രോഗം ചികിത്സ തേടാതെ മൂർച്ഛിക്കുകയാണെങ്കിൽ കുട്ടികളിലും, മുതിർന്നവരിലും ന്യൂമോണിയ എന്ന രോഗമായിത്തീരാൻ സാദ്ധ്യതയുണ്ട്.
ചുമ, കഫക്കെട്ട്, നെഞ്ചിൽപഴുപ്പ്, പനി, ശ്വാസമ്മുട്ടൽ, നെഞ്ചു വേദന എന്നിവയാണു ന്യുമോണിയയുടെ മുഖ്യ ലക്ഷണങ്ങൾ. ശ്വാസകോശത്തിലെ പഴുപ്പുബാധയുടെ സ്ഥാനമനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം.
സാധാരണ ജലദോഷ പനിയുടെ ലക്ഷണങ്ങളില്‍ തുടങ്ങി ശ്വാസകോശങ്ങളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്നു. അപ്രകാരം ശ്വാസതടസ്സം നേരിടുകയും അത് രോഗിയുടെ മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ശക്തമായ പനി,പൊതുവായ ബലഹീനത, പേശികൾ, സന്ധികൾ എന്നിവയിൽ വേദന,തലവേദനയും തലകറക്കവും, തുമ്മൽ, വയറിളക്കം, വയറുവേദന, ഛർദ്ദി മുതലായവയാണ്. ഏത് പ്രായ പരിധിയിലുമുള്ള വ്യക്തികൾക്കും അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. ആയുർവേദ മരുന്നുകൾ ആയ വില്വാദിഗുളികയും , ദൂഷിവിഷാരി ഗുളികയും , ഗോരോചനാദി ഗുളിക, ധാന്യന്തരം ഗുളികയും, വായുഗുളിക, വെട്ടുമാറൻ ഗുളിക, സുവർണ്ണമുക്തി ഗുളിക, അമൃതാരിഷ്ടം, വാശാരിഷ്ടം, കനകാസവം ,അഭയാരിഷ്ടം, ശിരശൂലാദിവജ്ര രസം, കൈശോര ഗുഗ്ഗുലു, സിംഹനാദഗുഗ്ഗുലു ഗുളിക, അമൃത ഗുഗ്ഗുലു ഗുളിക,താലീസപത്രാദി ചൂർണം, ദശമൂല രസായനം, ചന്ദ്രപ്രഭാ ഗുളിക, സുവർണ്ണമുക്തി ഗുളിക ,ശ്വാസാനന്ദം ഗുളിക, ലക്ഷ്മിവിലാസരസം ,ദശാങ്കം ഗുളിക, വില്വാദി ലേഹ്യം, അഗസ്ത്യരസായനം മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം ഉപയോഗിക്കാവുന്നതാണ്.
17:ത്വക്ക് രോഗങ്ങളൾ
പുഴുക്കടി, കാല്‍വിരലുകള്‍ക്കിടയില്‍ ചൊറിഞ്ഞുപൊട്ടുക തുടങ്ങിയവ മഴക്കാലത്ത് സാധാരണക്കാരില്‍ കുടുതലായി കാണപ്പെടുന്നുണ്ട്. ഒരുതരം ഫംഗസ് ബാധയാണിത്. മഴക്കാലത്ത് വസ്ത്രങ്ങള്‍ ശരിയായി ഉണങ്ങാതെ ധരിക്കുന്നതും അഴുക്കുവെള്ളത്തില്‍ കുളിക്കുന്നതും, നടക്കുന്നതും ഒക്കെ രോഗങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്നു. നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കല്‍, കൈകാലുകള്‍ ഇളം ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കഴുകിയശേഷം ഉണങ്ങിയ തുണികൊണ്ട് ഒപ്പിയെടുക്കല്‍ തുടങ്ങിയവ ഇത്തരം ഘട്ടങ്ങളില്‍ സഹായിക്കുന്നു. ആര്യവേപ്പില ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളത്തില്‍ കഴുകുന്നതും കുളിക്കുന്നതും നല്ലതുതന്നെ. ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ചിടുന്നതും ഉത്തമം തന്നെ. ആയുർവേദ ഔഷധങ്ങളായ ആരഗ്വധാദി കഷായം , നിംബാദി കഷായം, അമൃതോത്തരം കഷായം, അഭയാരിഷ്ടം, മൂലകാസവം, കരപ്പൻ കഷായം , മക്കിപ്പൂവാദി കഷായം , ദൂഷീവിഷാരി ഗുളിക, വില്വാദി ഗുളിക , അമൃതാരിഷ്ടം, അഭയാരിഷ്ടം , ഏലാദി വെളിച്ചെണ്ണ, ദാരുണക തൈലം, ദിനേശവല്യാദി വെളിച്ചെണ്ണ, ആദിത്യപാക തൈലം, ആരോഗ്യവർദ്ധിനി വടി, യശദ ഭസ്മം, ഗോപീചന്ദനാദി ഗുളിക, അവിപത്തി ചൂർണ്ണം, മാണിഭദ്ര ഗുളം, രസോത്തമാദിലേപം, നീലിദളാദി തൈലം, മുസ്താകരാഞ്ചാദി കഷായം മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം ഉപയോഗിക്കുക.
18:മീസിൽസ് (അഞ്ചാം പനി)
കുട്ടികളിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒരുതരം പൊങ്ങൻ പനിയാണ് റുബെല്ല അഥവാ ജർമ്മൻ മീസൽസ്.പകരുവാനുള്ള സാദ്ധ്യത ഏറെയുള്ള അസുഖമാണ്. 90% ആൾക്കാരെയും പതിനഞ്ചു വയസ്സിനുള്ളിൽ മീസിൽസ് ബാധിക്കാറുണ്ട്. മീസിൽസ് മനുഷ്യ സമൂഹങ്ങളിൽ സ്ഥിരമായി നിലനിൽക്കുന്ന തരം അസുഖമാണ് (എൻഡെമിക് അസുഖം). ഇതുകാരണം ധാരാളം ആൾക്കാർക്ക് അസുഖത്തിനെതിരേ പ്രതിരോധശേഷിയുണ്ടാവും. ജനങ്ങൾക്ക് പ്രതിരോധശേഷിയില്ലാത്ത സ്ഥലങ്ങളിൽ മീസിൽസ് പുതുതായി എത്തിപ്പെട്ടാലുണ്ടാകുന്ന വിപത്ത് കടുത്തതായിരിക്കും. ഇതുമൂലം ശരീരത്തിൽ തടിപ്പുകൾ ആണ് ആദ്യം പ്രകടമാകുന്ന രോഗലക്ഷണം, അതു തന്നെ എണ്‍പത് ശതമാനം രോഗികളില്‍ മാത്രമേ കാണപ്പെടുകയുള്ളൂ.റുബെല്ല മൂലമുള്ള പനി സാധാരണയായി 5 ദിവസമേ നീണ്ടുനില്‍ക്കുകയുള്ളൂ. കഴുത്തിൽ ചെവിക്കു പുറകിലായി ലസികാഗ്രന്ഥി വീർത്തുവരുന്നു. ഇതോടൊപ്പം അപൂര്‍വ്വമായി മൂക്കൊലിപ്പ്, സന്ധിവേദന, തലവേദന, ചെങ്കണ്ണ് എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. ആയുർവേദ ഔഷധങ്ങളായ ഷഡംഗം കഷായം, അമൃതോത്തരം കഷായം, പാചനാമൃതം കഷായം, ഇന്ദുകാന്തം കഷായം, ഗുളുച്യാദികഷായം ,സുദർശന ചൂർണ്ണം, സുദർശനം ഗുളിക, അവിപത്തി ചൂർണം, വൈശ്വാനര ചൂർണം, ഗോരോചനാദി ഗുളിക, ചന്ദനാദി വർത്തി ,ഗോപിചന്ദനാദി ഗുളിക, വെട്ടുമാറൻ ഗുളിക ,വില്ലാദി ഗുളിക, സുവർണ്ണമുക്തി ഗുളിക ,ചന്ദ്രപ്രഭാ ഗുളിക, മുക്കാമുക്കടുകാദി ഗുളിക, അമൃതാരിഷ്ടം, അഭയാരിഷ്ടം, പർപ്പടകാസവം, ത്രിഫല ചൂർണ്ണം, ജീവന്ത്യാദി ഘൃതം മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം സേവിക്കുക.
19:ക്ഷയം
ക്ഷയരോഗകാരിയായ മൈകോബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന അണു ലോകജനസംഖ്യയുടെ മൂന്നിലൊന്ന് ആൾക്കാരിലും കാണപ്പെടുന്നു. ഒരു സെക്കന്റിൽ ഒരാൾക്കെന്ന നിരക്കിൽ ഈ രോഗാണു പുതിയ ആൾക്കാരെ ബാധിക്കുന്നുമുണ്ട്. ഇത്തരം രോഗാണുബാധയുടെ 5–10% ആൾക്കാർക്ക് ഭാവിയിൽ ക്ഷയരോഗമുണ്ടാകാൻ സാദ്ധ്യതയുണ്ട് (രോഗാണു ബാധിച്ച എല്ലാവർക്കും രോഗമുണ്ടാവില്ല). ആയുർവേദ ഔഷധങ്ങളായ ഏലാകണാദി കഷായം, ഇന്ദുകാന്തം കഷായം, വെട്ടുമാറൻ ഗുളിക, സുദർശനം ഗുളിക, സുദർശന ചൂർണ്ണം, ലക്ഷ്മി വിലാസം, ഗോരോചനാദി ഗുളിക, ഗോപിചന്ദനാദി ഗുളിക, ധന്വന്തരം ഗുളിക, ശ്വാസാനന്ദം ഗുളിക, കസ്തൂര്യാദി ഗുളിക, വില്വാദി ഗുളിക, ദൂഷീവിഷാരി ഗുളിക, പ്രവാള ഭസ്മം, കന്മദ ഭസ്മം,അന്നഭേദീ സിന്ദൂരം, കാന്ത സിന്ദൂരം, ലോഹ സിന്ദൂരം, താളക ഭസ്മം മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം സേവിക്കുക.
20:മംപ്‌സ്(മുണ്ടിനീര്):
കുട്ടികളിൽ കണ്ടുവരുന്ന വൈറസ് രോഗമാണ് മംപ്‌സ് അഥവാ മുണ്ടിനീര്. ഉമിനീർഗ്രന്ഥികൾ വീർത്തുവരിക, പേശിവേദന, പനി, തലവേദന, തളർച്ച, വിശപ്പില്ലായ്‌മ എന്നിവ പ്രധാന ലക്ഷണങ്ങൾ. രോഗബാധയുള്ളയാളുടെ ചുമയിലൂടെയും നാസാദ്രവത്തിലൂടെയും രോഗം പകരാം. ആയുർവേദ ഔഷധങ്ങളായ അമൃതോത്തരം കഷായം, പാചനാമൃതം കഷായം, ഇന്ദുകാന്തം കഷായം, വില്വാദി ഗുളിക, വെട്ടുമാറൻ ഗുളിക ,സുവർണ്ണമുക്തി ഗുളിക, ഗോരോചനാദി ഗുളിക മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം ഉപയോഗിക്കുക.
21:സ്കാബീസ്
"സർകോപ്റ്റെസ് സ്കാബീ" എന്ന മൈറ്റ് മൂലം തൊലിയിൽ ഉണ്ടാകുന്ന ചൊറി രോഗമാണ് സ്കാബീസ് അതിവേഗം പകരുന്ന ഒരു ചർമ്മരോഗമാണിത്. എല്ലാ പ്രായക്കാരെയും ഈ രോഗം ബാധിക്കുന്നു. നേരിട്ടുള്ള സ്പർശനം വഴി മാത്രമാണ് രോഗം പകരുന്നത്. ഹസ്തദാനം നൽകിയാൽ പോലും ഈ രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു. അസാധ്യമായ ചൊറിച്ചിലും, ചർമ്മത്തിലെ ചുവന്ന പാടുകളും കുരുക്കളുമാണ് ഇതിന്റെ പ്രധാന ലക്ഷണം. രാത്രിയിലാണ് ചൊറിച്ചിൽ കൂടുന്നത്. മൈറ്റുകൾ ചർമ്മം തുരക്കുമ്പോളും, സഞ്ചരിക്കുമ്പോഴുമാണ് ചൊറിച്ചിലിനു കാരണമാകുന്നത്. നഗ്ന നേത്രങ്ങൾ കൊണ്ട് ഈ ജീവികളെ കാണുവാൻ സാധ്യമല്ല. മൈക്രോസ്കോപ്പിലൂടെയാണ് ഇവയെ നിരീക്ഷിക്കാൻ സാധിക്കുക. കൂടിയ ആർദ്രതയും കുറഞ്ഞ ഊഷ്മാവും രോഗത്തിന് അനുകൂല സാഹചര്യമൊരുക്കുന്നു. സാധാരണ തണുപ്പുകാലങ്ങളിലാണ് ഈ അസുഖം കൂടുതലായും കാണപ്പെടാറുള്ളത്. ആയുർവേദ ഔഷധങ്ങളായ വില്വാദിഗുളിക ,ദൂഷീ വിഷാരി ഗുളിക,ദശാങ്കം ഗുളിക, ആരഗ്വദാധി കഷായം, തിക്തകം കഷായം ,പഞ്ചതിക്തകം കഷായം, ഏലാദി തൈലം, ദിനേശവല്യാദി വെളിച്ചെണ്ണ , ദാരുണക തൈലം, ആദിത്യപാക തൈലം, ദുർദുരപത്രാദി വെളിച്ചെണ്ണ, കരപ്പൻ കഷായം, മക്കിപ്പൂവാദി കഷായം, ആരോഗ്യവർദ്ധിനി വടി, ഏലാദിചൂർണം, മാണിഭദ്ര ഗുളം, ചിക്കുംതിപ്പല്യാദി ഗുളിക, രസോത്തമാദി ലേപം, ജാത്യാദി തൈലം ,മുറിവെണ്ണ മുതലായവ മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം ഉപയോഗിക്കുക.
22:ചിക്കൻപോക്സ്
വേഗത്തിൽ പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്.
രോഗത്തിന്റെ ആരംഭത്തിൽ തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ചെറിയ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടുന്നു, കൈകളേക്കാളുപരി തലയിലും ഉടലിലുമാണ് കൂടുതലും കാണപ്പെടുക. ഈ രോഗം ബാധിച്ചയാൾ മൂക്ക് ചീറ്റൂന്നത് മൂലമോ, തുമ്മുന്നത് മൂലമോ രോഗം ബാധിച്ച ശരീരഭാഗങ്ങളിൽ സ്പർശിക്കുമ്പോഴോ വളരെ വേഗം വായുവിലൂടെ രോഗം പകരുന്നു. നേരിയ ചൊറിച്ചിലോടു കൂടെ ആരംഭിക്കുന്ന ചുവന്നു തിണര്‍ത്ത പാടുകളില്‍ നിന്നും, തൊലിപ്പുറത്ത് വെള്ളം നിറഞ്ഞിരിക്കുന്ന ചെറിയ കുമിളകള്‍ പോലുള്ള പൊങ്ങലുകളായി മാറുന്നതാണ് ചിക്കന്‍ പോക്‌സിന്റെ പ്രധാന ലക്ഷണം. ത്വക്കില്‍ കുരുക്കള്‍ ഉണ്ടാവുന്നതിനു മുന്‍പ് തന്നെ തുടങ്ങി തലവേദന, പനി, ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയവ ഉണ്ടാകാവുന്നതാണ്.
നെഞ്ചിലോ, പുറകിലോ, മുഖത്തോ ആരംഭിക്കുന്ന ഈ കുരുക്കള്‍ പതുക്കെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ കൂടെ നിറയുന്നു. അസുഖത്തിന്റെ കഠിന്യമനുസരിച്ചു വായ, ഗുഹ്യഭാഗങ്ങള്‍ എന്നീ ഇടങ്ങള്‍ വരെ വൈറസ് കയ്യേറി കുരുക്കള്‍ വിതയ്ക്കുന്നു. ഈ ഘട്ടത്തില്‍ ശരീരം മുഴുവന്‍ ചൊറിച്ചിലും ഉണ്ടാവും.ക്രമേണ കുരുക്കള്‍ പൊട്ടി വടുക്കളോ പൊറ്റകളോ ആയി മാറുന്നു. അഞ്ചു മുതല്‍ ഏഴ് ദിവസം വരെ ശരീരത്തില്‍ ഈ ലക്ഷണങ്ങള്‍ നിലനില്‍ക്കും. ആയുർവേദ ഔഷധങ്ങളായ നിംബാദി കഷായം, അമൃതോത്തരം കഷായം, ഗുളുച്യാദികഷായം, ഇന്ദുകാന്തം കഷായം , ഗോരോചനാദി ഗുളിക ചന്ദ്രപ്രഭാ ഗുളിക, വില്വാദി ഗുളിക വെട്ടുമാറൻ ഗുളിക , ഹരിദ്രാഖണ്ഡം, അമൃതാരിഷ്ടം, മൂലകാസവം, നിംബാദി ചൂർണം, സുവർണ്ണമുക്തി ഗുളിക മുതലായ ഔഷധങ്ങൾ അവസ്ഥാനുസരണം ഉപയോഗിക്കുക.
പകർച്ചവ്യാധികൾ ക്കുള്ള ആയുർവേദ ചികിത്സ
...................................................
ജലത്തിൽ കൂടിയും, വായുവിൽ കൂടിയും, മണ്ണിൽ കൂടിയും, മൃഗങ്ങളിൽ കൂടിയും പകരുന്ന സാംക്രമിക രോഗങ്ങളെ കുറിച്ചും അവയുടെ ചികിത്സയെക്കുറിച്ചും ആയുർവേദത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് .രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാത്ത രീതിയിൽ അതിനെ എങ്ങനെ പ്രതിരോധിക്കാൻ സാധിക്കും എന്നതിനാണ് ആയുർവേദം കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. നമ്മുടെ ഇപ്പോഴത്തെ അവസ്ഥയിൽ അതിന് തന്നെയാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതും.
ഇത്തരത്തിലുള്ള സാംക്രമിക രോഗങ്ങൾക്കുള്ള ചികിത്സയിൽ "രോഗത്തെ ചികിത്സയ്ക്കുമ്പോഴും രോഗിയെ ചികിത്സിക്കുമ്പോഴും" ആയുർവേദ അടിസ്ഥാന സിദ്ധാന്തമായ "ത്രിദോഷ സിദ്ധാന്തത്തിന്റെ" അടിസ്ഥാനത്തിൽ ദോഷങ്ങളെയും , ധാതുക്കളുടെ യും, മലങ്ങളുടെ യും അവസ്ഥയനുസരിച്ച് ദോഷ നിരൂപണം നടത്തിയിട്ടാണ് ചികിത്സ നിശ്ചയിക്കുന്നത്. ഈ ലേഖനം വായിച്ചാൽ ജ്വര ചികിൽസയുടെ (പനിയുടെ ചികിത്സ) പ്രധാന്യത്തെ കുറിച്ച് നിങ്ങൾക്ക് മനസ്സിലാകും ആയുർവേദ മരുന്നുകൾ ആയ വില്വാദിഗുളികയും , ദൂഷിവിഷാരി ഗുളികയും , ഗോരോചനാദി ഗുളിക, ധാന്വന്തരം ഗുളികയും (എപ്പോഴും കയ്യിൽ കരുതേണ്ട 4 ഗുളികളാണ് ഇവ പകർച്ച വ്യാധികൾക്ക് ഉപയോഗിക്കുന്ന പ്രധാന ആയുർവേദ ഔഷധങ്ങളാണ്) അതുകൂടാതെ കസ്തൂര്യാദി ഗുളിക, വായുഗുളിക, വെട്ടുമാറൻ ഗുളിക, സുവർണ്ണമുക്തി ഗുളിക, അമൃതാരിഷ്ടം, വാശാരിഷ്ടം, ലക്ഷ്മിവിലാസ രസം, കനകാസവം ,അഭയാരിഷ്ടം, താലീസപത്രാദി ചൂർണം, ദശമൂല രസായനം, മുറിവെണ്ണ ,ജാത്യാദി തൈലം, ധന്വന്തരം തൈലം, മഹാനാരായണ തൈലം, ദിനേശവല്യാദി വെളിച്ചെണ്ണ, അമൃതോത്തരം കഷായം, ബൃഹത്യാദി കഷായം, നീലീതുളസ്യാദി കഷായം, ദശാങ്കം ഗുളിക, വില്വാദി ലേഹ്യം, അഗസ്ത്യരസായനം, മുസ്താകരഞ്ചാതി കഷായം, രസോത്തമാദി ലേപം മുതലായ അനവധി ഔഷധങ്ങൾ അവസ്ഥാനുസരണം ഉപയോഗിക്കാവുന്നതാണ് ഇത് ഒരു വൈദ്യ നിർദ്ദേശാനുസരണം മാത്രം ഉപയോഗിക്കേണ്ടതാണ് അതല്ലാതെ ഇൻറർനെറ്റ് നോക്കിയുള്ള ആയുർവേദ ചികിത്സ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും പുതിയ രോഗങ്ങളെ വിളിച്ച് വരുത്തുകയും ചെയ്യും.ആയുർവേദ ശാസ്ത്രത്തിൽ ഇത്തരത്തിലുള്ള പകർച്ചവ്യാധികൾക്ക് പണ്ടുമുതൽക്കേ ശാസ്ത്ര അധിഷ്ഠിതമായ ഒരു ചികിത്സാരീതി നിലവിലുണ്ടെന്നുളള ഒരു അവബോധം ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുക എന്നത് മാത്രമാണ് ഞാൻ ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ മുകളിൽ പറഞ്ഞ രോഗങ്ങൾക്ക് ഞാൻ സാമാന്യമായി കുറച്ച് മരുന്നുകളെക്കുറിച്ച് പറഞ്ഞെന്ന് മാത്രം , അത് നിശ്ചയിക്കുക എന്നത് ഞാൻ രോഗാവസ്ഥയ്ക്കനുസരിച്ച് വൈദ്യന്റെ യുക്തിക്ക് വിട്ടുകൊടുക്കുന്നു.
സ്വസ്ഥവൃത്തം (പ്രതിരോധ മാര്‍ഗങ്ങള്‍)
..............................................
1:വെള്ളക്കെട്ടിനു മീതെ ഡീസല്‍, മണ്ണെണ്ണ എന്നിവ ഒഴിക്കുന്നത് കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കും. വാട്ടര്‍ ടാങ്കുകളും, സെപ്റ്റിക് ടാങ്കുകളുടെ ഓപണിംഗുകളും വല ഉപയോഗിച്ച് മൂടണം.
2:തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം ഉപയോഗിക്കുക. ചുക്കോ , ജീരകമോ ഇട്ട് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.ജലസംഭരണികള്‍ അടച്ചു സൂക്ഷിക്കുക.
3:കുട്ടികളും മുതിർന്നവരും പ്രതിരോധ കുത്തിവെപ്പുകളും വാക്സിനേഷനും യഥാസമയം എടുക്കുക. സ്വയം ചികിൽസ ഒഴിവാക്കുക. അതുപോലെതന്നെ അശാസ്ത്രീയ ചികിൽസ രീതികൾ ഒഴിവാക്കുക.
4:വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കാതിരിക്കുക. ചിരട്ടകള്‍, ചട്ടികള്‍, പൊട്ടിയ പാത്രങ്ങള്‍, ഉപയോഗശൂന്യമായ സംഭരണികള്‍ എന്നിവയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയുക.
വെള്ളം കെട്ടിനിര്‍ത്തല്‍ അനിവാര്യമാണെങ്കില്‍ അതില്‍ ഗപ്പി, ഗാമ്പൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളര്‍ത്തുക. ഇവ കൊതുകിന്‍െറ കൂത്താടികളെ നശിപ്പിക്കുന്നു.
5:പകര്‍ച്ചവ്യാധികളുടെ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍തന്നെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരമറിയിക്കുക അതുകൂടാതെ അംഗീകൃത ഡോക്ടര്‍മാരില്‍ നിന്നും ചികിത്സ തേടുക. സ്വയം ചികിത്സ തീര്‍ത്തും ഒഴിവാക്കുക.
6:മഴക്കാലത്ത് ശരീരബലവും ദഹനശക്തിയും പൊതുവെ കുറവായിരിക്കും. അതിനാല്‍ രോഗപ്രതിരോധശേഷിയും ദഹനശക്തിയും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ആഹാരൗഷധങ്ങളാണ് ആയുര്‍വേദം നിര്‍ദേശിക്കുക.
7:മഴക്കാലത്ത് എളുപ്പം ദഹിക്കുന്ന ലഘുവായ ഭക്ഷണങ്ങളാണ് ഉചിതം. ഗോതമ്പ്, ചെറുപയര്‍, തവിട് കളയാത്ത അരി, വഴുതനങ്ങ, വാഴക്കൂമ്പ്, പാവക്ക, നെല്ലിക്ക, കോവക്ക, മുരിങ്ങക്ക മുതലായ പച്ചക്കറികൾ, ചെറുമത്സ്യങ്ങൾ എന്നിവ ഭക്ഷണത്തില്‍പെടുത്താം.
8:പച്ചക്കറികൾ ചേര്‍ത്ത സൂപ്പുകള്‍, മാംസസൂപ്പുകള്‍ എന്നിവയും മഴക്കാലത്ത് അനുയോജ്യമാണ്.
9:മഴക്കാലം വാതരോഗങ്ങളുടെ കാലമാണ്. ധന്വന്തരം കുഴമ്പ്, സഹചരാദി തൈലം, പ്രഭഞ്ജനം തൈലം, മഹാനാരായണ തൈലം ഇവയിലൊന്ന് പുറമേ പുരട്ടി കുളിക്കുന്നത് വേദനകള്‍ അകറ്റും.
10:ഒപ്പം മുരിങ്ങയില, പുളിയില, ആവണക്കില, കുരുമുളകിൻറെ ഇല ഇവ ചേര്‍ത്ത് ചൂടാക്കിയ വെള്ളം ഉപയോഗിച്ച് കുളിക്കുന്നത് വാതരോഗങ്ങൾക്ക് നല്ല ഫലം തരും.
11: പരിസര ശുചിത്വത്തോടൊപ്പം വ്യക്തിശുചിത്വത്തിനും പ്രാധാന്യം നല്‍കണം. ഒപ്പം ജലശുചിത്വവും , ഭക്ഷണ ശുചിത്വവും പാലിക്കേണ്ടതുണ്ട്.
12:ചുക്കും, മല്ലിയും , ജീരകവും ചേര്‍ത്ത് തിളപ്പിച്ച വെള്ളം ധാരാളം കുടിക്കുക. തിളപ്പിച്ച വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കണം. മലരിട്ട് വെന്ത വെള്ളം ഛര്‍ദിയെയും, മുത്തങ്ങ ചേര്‍ത്ത് തിളപ്പിച്ച വെള്ളം നിര്‍ജലീകരണത്തെയും തടയും. അതുപോലെതന്നെ ജീരകം ഇട്ട് തിളപ്പിച്ച വെള്ളം വായു കോപത്തെ തടയും.
13:കുട, റെയ്ൻ കോട്ട്, ഷൂ എന്നിവ നിർബന്ധമാക്കുക.
14:ചൂടുവെള്ളമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം ഉപയോഗിക്കുക. ചൂടുവെള്ളം രോഗാണുക്കളെ ചെറുക്കുകയും ജലദോഷം കുറക്കുകയും ചെയ്യും.
15:തോട്ടിലും, അഴുക്കുവെള്ളത്തിലും കുളിക്കുന്നതും കാൽ കഴുകുന്നതും ഒഴിവാക്കുക.
16:ചെരിപ്പിടാതെ നടക്കരുത്. അതുപോലെതന്നെ പോഷകാഹാരങ്ങൾ കഴിക്കുക.
17:മഴക്കാലത്ത് നാം ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും ശുദ്ധമായ ജലത്തില്‍ വൃത്തിയായി കഴുകുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
18: പഴകിയ ഭക്ഷണ സാധനങ്ങൾ എടുത്ത് ദൂരെ കളയുക. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ നന്നായി കഴുകുക.തുറസായ സ്ഥലത്ത് തുപ്പുക, മലമൂത്രവിസർജനം ചെയ്യുക എന്നിവ ഒഴിവാക്കുക.
ചുമയ്ക്കുമ്പൊഴും , തുമ്മുമ്പൊഴും കർച്ചീഫോ മറ്റോ ഉപയോഗിക്കുക.കടുത്ത പനിയും മറ്റ് രോഗലക്ഷണങ്ങളുമുള്ളപ്പോൾ കഴിവതും പൊതുസ്ഥലങ്ങളും ആളുകൾ കൂടുന്ന ഫങ്ങ്ഷനുകളും ഒഴിവാക്കുക.
19:മലവിസർജനത്തിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. രോഗികളെ ശുശ്രൂഷിക്കുന്നവർ വേണ്ട മുൻകരുതലുകൾ എടുക്കണം അല്ലെങ്കിൽ രോഗം പകരാനിടയുണ്ട്.
20:മുറിവുകൾ ഉള്ളവർ അഴുക്ക് വെള്ളത്തിൽ ജോലി ചെയ്യരുത്. പനി, വയറിളക്കം, ജലദോഷം അവഗണിക്കരുത്. സ്വയം ചികിത്സയും ചെയ്യരുത്. എത്രയും വേഗം വൈദ്യസഹായം തേടണം.
21: സാധാരണ നീർക്കോലിയല്ലാത്ത പാമ്പുകൾ വെള്ളത്തിൽ ഉണ്ടാവാറില്ല. എന്നാൽ ഈ പ്രത്യേക സാഹചര്യത്തിൽ വെള്ളക്കെട്ടുകളിൽ ധാരാളം പാമ്പുകളുണ്ടെന്നാണു മനസ്സിലാവുന്നത്. പാമ്പുകൾ ഉണ്ടെന്ന് സംശയം തോന്നുന്ന സ്ഥലത്ത് വെളുത്തുള്ളി ചതച്ചിട്ടാൽ അത് അവിടെനിന്ന് പോകുന്നതാണ് അതുപോലെ മണ്ണെണ്ണ ഒഴിച്ചാലും മറ്റേതെങ്കിലും സ്ഥലങ്ങളിലേക്ക് പോകുന്നതാണ്. ഏതെങ്കിലും കാരണവശാൽ പാമ്പ് കടിയേറ്റാൽ അത് നിസ്സാരമായി കാണാതെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം എറ്റവും അടുത്ത ആശുപത്രിയിൽ എത്തിക്കുക. പാമ്പ് ചികിൽസ വിഭാഗമുള്ള ആശുപത്രികൾക്ക് മുൻ ഗണന നൽകുക.കഴിയുമെങ്കിൽ ഏത് ഇനം പാമ്പാണു കടിച്ചതെന്ന് തിരിച്ചറിയാൻ ശ്രമിക്കുക.
പാമ്പിന്റെ ഒരു ഫോട്ടോ എങ്കിലും ലഭിച്ചാൽ അനുയോജ്യമായ ചികിൽസ പെട്ടെന്ന് ലഭിക്കുന്നതായിരിക്കും.
22:കുന്തിരിക്കം, അപരാജിതാധൂപ ചൂർണ്ണം പോലെയുള്ളവ പുകച്ച് അണുവിമുക്തമാക്കിയ ശേഷം മാത്രം വീടിനകത്ത് താമസം തുടങ്ങുക. വീട് വൃത്തിയാക്കുന്നതിന് കയ്യുറകളും, കണ്ണടയും, നീളമുള്ള ഷൂസും ഉപയോഗിക്കുക കാലിലോ കൈയിലോ മുറിവുകളുണ്ടെങ്കിൽ വൃത്തിയാക്കുന്നതിന് മുമ്പ് എലിപ്പനിക്ക് എതിരെയുള്ള പ്രതിരോധ മരുന്ന് കഴിക്കേണ്ടതാണ്.
23:വീടിന്റെ വാതിലും ജനാലയും വെയിലുള്ള സമയത്ത് തുറന്നിടുക. ശുദ്ധമായ വായുവും, സൂര്യപ്രകാശവും സമൃദ്ധമായി നിങ്ങളുടെ ഭവനങ്ങളിലേക്ക് ഇരച്ചുകയറട്ടെ അവയ്ക്കും ഒരു അണുനശീകരണ ശക്തിയുണ്ട്.
24: വീടുകളിൽ നിന്നും വെള്ളം ഒഴിഞ്ഞു പോയതിനുശേഷം വീടുകളിൽ തിരിച്ചെത്തുമ്പോൾ ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍ തന്നെ ആണ്. കിണറിലെ വെള്ളം ശുദ്ധീകരിക്കുന്നതിന് ആദ്യം തന്നെ ചെയ്യേണ്ടത് മലിനജലവുമായി കലർന്ന കിണറ്റിലെ വെള്ളം മുഴുവൻ ഒരു പമ്പ് ഉപയോഗിച്ച് അടിച്ചു വറ്റിക്കുക അതിന് ശേഷം കിണർ മുഴുവൻ ക്ലീൻ ചെയ്യുക തുടർന്ന് ഉണ്ടാകുന്ന ഉറവ് വെള്ളത്തിലാണ് ക്ലോറിൻ ലായനി ഉപയോഗിച്ച് ശുദ്ധി ചെയ്യേണ്ടത് എന്നാൽ ശുദ്ധീകരിക്കൽ യജ്ഞം കൂടുതൽ ഫലപ്രദമായിരിക്കും. സാധാരണ വാങ്ങാന്‍ ലഭിക്കുന്ന ബ്ലീച്ചിംഗ് പൌഡറില്‍ 35 % വരെ ആണ് ക്ലോറിന്‍റെ അളവ്. സാധാരണ ക്ലോറിനേഷന്‍ നടത്താന്‍ 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൌഡര്‍ ആണ് ആവശ്യം വരിക. എന്നാല്‍ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം അതീവ മലിനം ആയിരിക്കും എന്നത് കൊണ്ട് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂൺ) ബ്ലീച്ചിംഗ് പൌഡര്‍ ആണ് ആവശ്യം.വെള്ളത്തിന്‍റെ അളവ് വച്ച് ആവശ്യം ആയ ബ്ലീച്ചിംഗ് പൌഡര്‍ ഒരു പ്ലാസ്റ്റിക് ബക്കറ്റില്‍ എടുക്കുക. ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കുക. നന്നായി കുഴമ്പ് ആയ ശേഷം ബക്കറിൽ വെള്ളം ഒഴിച്ച് ഇളക്കുക. ശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വെക്കുക 10 മിനിറ്റ് കഴിയുമ്പോള്‍ ലായനിയിലെ ചുണ്ണാമ്പ് അടിയില്‍ അടിയും. മുകളില്‍ ഉള്ള വെള്ളത്തില്‍ ക്ലോറിന്‍ ലയിച്ചു ചേര്‍ന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഈ തെളി ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്‍റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തില്‍ ക്ലോറിന്‍ ലായനി നന്നായി കലര്‍ത്തുക. അതിനുശേഷം 24 മണിക്കൂർ പിന്നീട് കിണറ്റിലെ വെള്ളം ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. പിന്നീട് കിണറ്റിലേക്ക് ഉറവയായി വരുന്ന ശുദ്ധജലം തിളപ്പിച്ച് ഉപയോഗിച്ച് തുടങ്ങാവുന്നതാണ്.
വീടിന്‍റെ തറയും പരിസരവും വൃത്തിയാക്കുന്നതിന് 10 ലിറ്റർ വെള്ളത്തിൽ 150 ഗ്രാം ബ്ലീച്ചിംഗ് പൗഡറും ഒരു ടീസ്പൂൺ ഡിറ്റർജന്റ് പൗഡറും ചേർത്തിട്ടുള്ള മിശ്രണം കൊണ്ടു കഴുകി വൃത്തിയാക്കുക.
ഉപസംഹാരം
..................................
ഇന്ന് നമ്മൾ വലിയൊരു ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇനിയങ്ങോട്ടുള്ളത് അതിജീവനത്തിന്റെ കാലഘട്ടമാണ് വളരെ ബുദ്ധിപൂർവ്വവും, ശാന്തവും, സൗമ്യവുമായി നേരിട്ടാൽ ഇതിനെ നമുക്ക് അതിജീവിക്കുവാൻ സാധിക്കും. സ്വജീവൻ പോലും പണയപ്പെടുത്തി പലരും കയ്യും മെയ്യും മറന്ന് പരസ്പരം സഹായിക്കുന്ന മനുഷ്യത്വത്തിന്റെ മഹനീയമായ മാതൃക നാം ഇപ്പോൾ കേരളത്തിൽ കണ്ടുകൊണ്ടിരിക്കുകയാണ്. ഈ വെള്ളക്കെട്ട് ഇറങ്ങിയശേഷം നാം ഇനി തിരിച്ച് സ്വന്തം വീട്ടിലേക്ക് പോവുകയാണ് കുറച്ച് സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ അവിടെ എത്തിക്കഴിഞ്ഞാൽ ഇനി നമ്മളെ കാത്തിരിക്കുന്നത് പലതരത്തിലുള്ള മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും ആകാം.വളരെ ബുദ്ധിപൂർവ്വം മുന്നോട്ടുപോയാൽ ഈ രോഗങ്ങളെ പ്രതിരോധിക്കാൻ നമുക്ക് തീർച്ചയായും സാധിക്കും. ഈ പ്രളയത്തിന് ശേഷം
സാംക്രമിക രോഗങ്ങള്‍ കൂട്ടമായി എത്തും എന്നുള്ളത് ഈ മഴക്കാലത്തിന്റെ പ്രത്യേകതയാണ്. രോഗപ്പകര്‍ച്ചക്ക് അനുകൂലമായ സാഹചര്യങ്ങളാണ് മഴക്കാല രോഗങ്ങൾക്ക് കാരണമാകുന്നത്. രോഗവാഹകര്‍, മലിനമായ ജലവും, മലിനമാക്കപ്പെട്ട പരിസരവും, ഉയര്‍ന്ന ജനസാന്ദ്രതയും രോഗപ്പകര്‍ച്ച സുഗമമാക്കുന്ന പ്രധാന ഘടകങ്ങളാണ്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാലും മിക്കവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകാതെ തന്നെ ശരീരത്തില്‍ നിലനില്‍ക്കും. ഇവര്‍ ഉടനെ രോഗികളാകണമെന്നില്ല.
ഇവരുടെ മലമൂത്രങ്ങളില്‍ കൂടി ലക്ഷക്കണക്കിന് രോഗാണുക്കളാണ് വിസര്‍ജിക്കുന്നത്. ശുചിത്വവും രോഗപ്രതിരോധശേഷിയും മഴക്കാലത്ത് കുറയുന്നതിനാല്‍ രോഗങ്ങള്‍ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നു.
കുടിവെള്ളം മലിനപ്പെടുന്നതാണ് മഴക്കാല രോഗങ്ങള്‍ ഉണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണം. ഫാക്ടറികളിലെയും, ആശുപത്രികളിലേതു മടക്കം വിവിധ മാലിന്യങ്ങളുടെ സംഭരണകേന്ദ്രങ്ങളാണ് ജലസ്രോതസ്സുകളായ തണ്ണീര്‍ത്തടങ്ങളും, പുഴകളും, കൈത്തോടുകളുമെല്ലാം. മഴക്കാലമാകുന്നതോടെ കരകവിഞ്ഞൊഴുകുന്ന തോടുകളിലെയും പുഴകളിലെയും മാലിന്യങ്ങള്‍ കിണറിലെ വെള്ളവുമായി കലരുന്നതാണ് ജലജന്യ രോഗങ്ങള്‍ക്ക് കളമൊരുക്കുന്നത്. വേണ്ടത്ര മുന്‍കരുതലുകളില്ലാതെ മലിനജലം കുടിക്കുന്നതും ഈ വെള്ളത്തില്‍ ഭക്ഷണം പാകംചെയ്യുന്നതും പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ കഴുകാനുപയോഗിക്കുന്നതുമെല്ലാം വിവിധ രോഗങ്ങള്‍ക്കിടയാക്കുന്നു.ഈ മഴക്കാലത്ത് നമ്മളെ പിടികൂടാൻ സാധ്യതയുള്ള ചില രോഗങ്ങളെക്കുറിച്ചും അവയെ പ്രതിരോധിക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങളെ കുറിച്ചും ആണ് ഞാൻ ഈ ലേഖനത്തിൽ എഴുതിയിരിക്കുന്നത് ഒന്നു മനസ്സിരുത്തി വായിച്ചാൽ ഈ അറിവ് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും എന്ന് എനിക്ക് വളരെ ഉറപ്പിച്ചു പറയുവാൻ സാധിക്കും. ചെറിയ മുൻകരുതലുകൾ വലിയ വിലയുള്ള നമ്മുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യവും, ജീവനും സംരക്ഷിക്കുവാൻ നമ്മളെ സഹായിക്കും.
നന്ദി
സുഹൃത്തുക്കളെ നിങ്ങൾക്ക് ഈ ലേഖനം ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇഷ്ടപ്പെട്ടാൽ ഈ അറിവ് ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും കൂടി ഏത്തിക്കു. ഈ ലേഖനവുമായി ബന്ധപ്പെട്ട എന്തു സംശയങ്ങൾക്കും നിങ്ങൾക്ക് pousepoulose@gmail.com എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ് തീർച്ചയായും ഞാൻ മറുപടി നൽകുന്നതായിരിക്കും.
ഡോ. പൗസ് പൗലോസ് BAMS, MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW