ക്ഷുദ്രജീവികൾക്ക് എതിരായ ഒറ്റമൂലികളും ആയുർവേദ മരുന്നുകളും

ക്ഷുദ്രജീവികൾക്ക് എതിരായ ഒറ്റമൂലികളും ആയുർവേദ മരുന്നുകളും
..........................................................

മഴ മാറി , മാനം തെളിഞ്ഞു ഇപ്പോൾ എല്ലാവരും പരസ്പര സഹകരണത്തോടുകൂടി ഭവനം വൃത്തിയാക്കി താമസം ആരംഭിക്കുന്നതിനുള്ള തത്രപ്പാടിലാണ്. യാതൊരു ആപത്തും കൂടാതെ ഈ യജ്ഞം പൂർത്തീകരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.ഭവനം വൃത്തിയാക്കുന്നതിനിടയിൽ ക്ഷുദ്രജീവികളുടെ ആക്രമണമുണ്ടായാൽ പ്രയോഗിക്കാവുന്ന ചില ഒറ്റമൂലികളും, ആയുർവേദ മരുന്നുകളും ഞാൻ ഈ ലേഖനത്തിൽ നിങ്ങളുമായി പങ്കുവെക്കുന്നു . ആയുർവേദ ശാസ്ത്രത്തിന്റെ പ്രധാന സംഭാവനകളിൽ ഒന്നാണ് വിഷചികിത്സ. ദംഷ്ട്രചികിത്സ എന്നും ഇതിനു പേരുണ്ട്. ആയുർവേദ ശാസ്ത്രത്തിൽ അഗദതന്ത്രം എന്ന വിഭാഗത്തിലാ‍ണ് വിഷചികിത്സയെപ്പറ്റി വിവരിക്കുന്നത്.

ദയവായി ശ്രദ്ധിക്കുക
................................

വീട് വൃത്തിയാക്കുമ്പോൾ ടി. ടി ഇഞ്ചക്ഷൻ (പോയിസന് എതിരായ കുത്തിവെപ്പ് ) എടുക്കുക. അതുപോലെതന്നെ എലിപ്പനിക്ക് എതിരായ പ്രതിരോധമരുന്ന് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വൈദ്യ നിർദ്ദേശാനുസരണം കഴിക്കുന്നതും നിങ്ങളെ കൂടുതൽ സുരക്ഷിതർ ആകുന്നതാണ്.

ക്ഷുദ്രജീവികൾക്ക് എതിരായ ഒറ്റമൂലികൾ
....................................................

1:കടന്നല്‍, തേനീച്ച കുത്തിയാല്‍:

നിങ്ങൾ ഭവനം വൃത്തിയാക്കുമ്പോൾ കടന്നല്‍, തേനീച്ച എന്നിവ കുത്തിയാല്‍ യഥാക്രമം ചുണ്ണാമ്പും, നാരങ്ങാനീരും കടിച്ച ഭാഗത്ത് പുരട്ടാം. വേദനയ്ക്കും, നീർക്കെട്ടിനും നല്ല ശമനമുണ്ടാകും
മുക്കുറ്റി വെണ്ണയിൽ അരച്ചു പുരട്ടുക , അതുപോലെ തന്നെ അകത്തേക്ക് സേവിക്കുകയും ചെയ്യുക കടന്നൽ വിഷം ശമിക്കും. ശതധൗതഘൃതം പുറമെ പുരട്ടാൻ നന്ന്.

2:തേൾ കുത്തിയാൽ:

മഞ്ഞള്‍, മരമഞ്ഞള്‍ ഇവ തുളസിനീരില്‍ അരച്ചിടുക തേളു കടിച്ചാൽ ഉള്ള വിഷം ശമിക്കും.തേള്‍ കുത്തിയാല്‍ എരിക്കിന്റ ഇലയും, നെയ്യും, ഉപ്പും ചേര്‍ത്ത് ചൂടാക്കി ഉഴിയുക. ഗുഗ്ഗുലു കനലിലിട്ട് കടിച്ച ഭാഗത്ത് പുകയേല്പിക്കുന്നതും നല്ലതാണ്.

3:പഴുതാര കടിച്ചാല്‍:

സാമാന്യ വിഷചികിത്സയ്ക്ക് വിഭിന്നമായി ഉഷ്ണക്രിയയാണ് ചെയ്യേണ്ടത്. ഇതിനായി മണല്‍കിഴി കൊണ്ട് ചൂടുവെക്കുക. പച്ചമഞ്ഞളും, കറുകനാമ്പും പനിനീരിൽ കടിവായിൽ അരച്ചിടുക.

4: ചിലന്തി കടിച്ചാൽ :

മഞ്ഞൾ തുളസിനീരിൽ അരച്ച് കലക്കി സേവിക്കുക. അതുപോലെതന്നെ പുറമെ പുരട്ടുകയും ചെയ്യുക ചിലന്തി വിഷം ശമിക്കും.

5: നീർക്കോലി കടിച്ചാൽ :

മഞ്ഞൾ ഗോമൂത്രത്തിൽ അരച്ച് കടിച്ച ഭാഗത്ത് പുരട്ടുക. ഒരു ദിവസം പട്ടിണി കിടക്കുക നീർക്കോലി വിഷം ശമിക്കും. അതാണ് നമ്മുടെ കാർന്നോൻമാര് പറയുന്നത് "നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും" എന്ന വിശ്വവിഖ്യാതമായ പഴഞ്ചൊല്ല്.

6:അട്ട കടിച്ചാൽ:

അട്ട രണ്ടുതരമുണ്ട് വിഷമുള്ള അട്ടയും വിഷമില്ലാത്ത അട്ടയും. കടിച്ചത് വിഷമുള്ള അട്ട ആണെങ്കിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ആദ്യമായി അട്ട കടിച്ച സ്ഥലത്ത് നിന്ന് അട്ടയെ വിടീപ്പിക്കണം അതിന് ഉപ്പുനീര് ,മഞ്ഞപ്പൊടി, കടുക് പൊടിച്ചത് അട്ടയുടെ തലയുടെ ഭാഗത്ത് ഇട്ടാൽ അട്ട വിട്ടുപോകും. അട്ട കടിച്ചാൽ അവിടെ നിന്ന് രക്തം നന്നായി ഒഴുകും അത് നിർത്തുവാൻ നല്ല ശുദ്ധമായ പൊടിപ്പിച്ച മഞ്ഞപ്പൊടി വെച്ച് കെട്ടണം പിന്നീട് വിഷാംശം മാറുവാനായി മഞ്ഞപ്പൊടി, തുളസിനീരിൽ അരച്ച് വെച്ച് കെട്ടണം. അതുപോലെതന്നെ മഞ്ഞൾ, നറുനീണ്ടിക്കിഴങ്ങ് ഇവ അരച്ചു നെയ്യ് ചേർത്ത ലേപനം ചെയ്താൽ അട്ട വിഷം ശമിക്കും.

7:വിഷപാമ്പ് കടിച്ചാൽ:

പാമ്പ് കടിച്ചാൽ ഭയപ്പെടാതിരിക്കുക ഭയപ്പെട്ട് ടെൻഷനടിച്ചാൽ രക്തയോട്ടം കൂടും വിഷം വ്യാപിക്കാനിടയുണ്ട്, അതുപോലെതന്നെ കടി കിട്ടിയതിനുശേഷം വെപ്രാളം പിടിച്ചു ഓടുകയും മറ്റും ചെയ്യരുത് വിഷം വ്യാപിക്കാൻ ഇടയാകും. കടിയേറ്റ ഭാഗം പ്രത്യകിച്ചും, ശരീരം മുഴുവനായും തന്നെ അധികം ഇളക്കം തട്ടിക്കാതെ , സൗകര്യപൂർവം ഇരുക്കുകയോ , കിടക്കുകയോ ചെയ്യുക അതിനുശേഷം ഏറ്റവും അടുത്ത ആൻറിവെനം സൗകര്യങ്ങൾ ( വിഷത്തിന് എതിരെയുള്ള കുത്തിവെപ്പ്) ഉളള ആശുപത്രിയിലോ, മെഡിക്കൽ കോളേജിലോ കൊണ്ടുപോകുന്നതാണ് എപ്പോഴും അഭികാമ്യം. കടിയേറ്റ ഭാഗത്തു വൈദഗ്ധ്യം ഇല്ലാത്തവർ കീറിമുറിക്കുന്നതും, രക്തം വായ വച്ച് വലിച്ചെടുക്കുന്നതും ഒക്കെ വളരെ അപകടകരമാണ്. അത്തരത്തിലുള്ള സാഹസങ്ങൾ ഒന്നും തന്നെ ചെയ്യാതിരിക്കുന്നതാണ് നല്ലത്. കടിച്ച ഭാഗത്തിന് മുകളിൽ അധികം മുറുക്കവും അയവുമില്ലാതെ ഒരു വിരൽ കടക്കുന്ന രീതിയിൽ ഒരു കെട്ടിടുന്നത് നന്നായിരിക്കും. അതുകൂടാതെ കടിച്ച പാമ്പ് ഏതെന്ന് അറിഞ്ഞിരുന്നാൽ ചികിത്സ എളുപ്പം ആകും.

8: കീടനാശിനി അടങ്ങിയ ഭക്ഷ്യവസ്തുക്കൾ അകത്തു ചെന്നാൽ :

ഉപ്പു കലക്കിയ വെള്ളം കടുകും അരച്ചത് ചേർത്ത് കുടിച്ചാൽ വിഷം ഛർദ്ദിച്ചു പോകും .ധാരാളം വെള്ളം കുടിച്ചാൽ വിഷത്തിന്റെ കാഠിന്യം കുറയും . അതിനുശേഷം മഞ്ഞ പൊടി, അല്പം കരി കുടി കലക്കിയ വെള്ളം കുടിക്കാൻ കൊടുക്കുക വിഷത്തിന്റെ കാഠിന്യം കുറയും.

9: ഉറുമ്പ് കടിച്ചാൽ:

അപ്പയില, കോവയില, തുമ്പയില ഇവ തുമ്പ നീരിൽ അരച്ച് ലേപനം ചെയ്യുക ഉറുമ്പ് വിഷം ശമിക്കും.

10: വണ്ട് കുത്തിയാൽ:

വണ്ട് കുത്തിയാൽ തകര, വരട്ടുമഞ്ഞൾ, മരമഞ്ഞൾതൊലി ഇവ തുളസിനീരിൽ അരച്ച് സേവിക്കുകയും, പുരട്ടുകയും ചെയ്യുക.

ക്ഷുദ്രജീവികളുടെ വിഷത്തിനെതിരെ സാമാന്യം പ്രയോഗിക്കാവുന്ന ആയുർവേദ മരുന്നുകൾ
.............................................

ഏത് ക്ഷുദ്രജീവി കടിച്ചാലും അത് അട്ട ആയിക്കോട്ടെ, തേൾ ആയിക്കോട്ടെ, പഴുതാര ആയിക്കോട്ടെ, കടന്നൽ ആയിക്കോട്ടെ നിരുപദ്രവകാരിയായ ഉറുമ്പ് ആയിക്കോട്ടെ കടിച്ച സ്ഥലത്ത് വില്വാദിഗുളിക അല്ലെങ്കിൽ വിഷ വില്വാദിഗുളിക തുളസിനീരിൽ അല്പം മഞ്ഞപ്പൊടിയും ചേർത്ത് അരച്ച് ഒരു ലേപനം ഇടുന്നത് വളരെ നന്നായിരിക്കും വേദനയും, നീർക്കെട്ടും, ചുവപ്പും പോകുന്നതു വരെ ഇത് ദിവസവും ആവർത്തിക്കണം. അതേപോലെതന്നെ വില്വാദി ഗുളികയും,ദൂഷീവിഷാരി ഗുളികയും ഓരോ ഗുളിക വീതം തുളസിനീരും തിളപ്പിച്ചാറിയ വെള്ളവും ചേർത്ത് അരച്ച് ഭക്ഷണശേഷം 2 നേരം ഒരാഴ്ച കഴിക്കുന്നത് നന്നായിരിക്കും (ഇത് മുതിർന്നവർക്കുള്ള ഡോസേജ് ആണ്, വൈദ്യനിർദേശം നിർദ്ദേശാനുസരണം മാത്രം ചെയ്യുക ). ഏത് ക്ഷുദ്രജീവി കടിച്ചാലും അതിന് ചെറിയൊരു വിഷാംശം ഉണ്ടാകും ഒരുപാട് നാള് ശരീരത്തിൽ കടന്നാൽ "ദൂഷീവിഷം" എന്ന് പറയുന്ന അവസ്ഥയിലേക്ക് അത് എത്തിചേരും. പിന്നീട് ദോഷകോപത്തിനും, ദേഹ പ്രകൃതിക്കും, കാലാവസ്ഥക്കും അനുസരിച്ച് ഓരോരോ രോഗങ്ങൾക്ക് അത് കാരണമാകുന്നു. അത്തരത്തിലുള്ള ഒരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഈ ആയുർവേദ മരുന്ന് കഴിക്കുന്നത് ഈ നിർദേശങ്ങൾ ആയുർവേദ വൈദ്യന്റെ മേൽനോട്ടത്തിൽ മാത്രം കഴിക്കുക. ഞാൻ മുകളിൽ പറഞ്ഞ ഏതെങ്കിലും ക്ഷുദ്രജീവി കടിച്ചാൽ നിങ്ങൾക്ക് കഠിനമായ പനി, ഇൻഫെക്ഷൻ, അലർജി മുതലായവ കാണുകയാണെങ്കിൽ ഉടനെ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതാണ്. അല്ലെങ്കിൽ കാര്യം ഇവർ ഉപദ്രവകാരികൾ അല്ലെങ്കിലും ചിലപ്പോൾ വളരെയധികം ഉപദ്രവകാരികളായി കാണാറുണ്ട് ചില അവസ്ഥകളിൽ മരണം വരെ സംഭവിക്കാം. ഇതു വളരെ ചെറിയ ലേഖനമാണ് ഞാൻ ഇവിടെ പരാമർശിച്ചിരിക്കുന്നത് വളരെ ചെറുതും പ്രായോഗികവുമായ കാര്യങ്ങളാണ്. ഇത്തരത്തിലുള്ള ക്ഷുദ്രജീവികൾ കടിച്ചാൽ ആയുർവേദശാസ്ത്രത്തിൽ ഉപയോഗിക്കുന്ന ചില മരുന്നുകളാണ് വില്വാദി ഗുളിക,ദൂഷീവിഷാരി ഗുളിക, ദശാങ്കം ഗുളിക, വിഷവില്വാദിഗുളിക, വെട്ടുമാറൻ ഗുളിക, അമൃതാരിഷ്ടം, ഗുളുച്യാദികഷായം, നീലിതുളസ്യാദി കഷായം, ചന്ദ്രപ്രഭാ ഗുളിക, പാരന്ത്യാദി വെളിച്ചെണ്ണ , മൃത്യുഞ്ജയ രസം, ലക്ഷ്മിവിലാസ രസം, സ്വർണ്ണ ഭസ്മം, രജത ഭസ്മം, മുറിവെണ്ണ, ജാത്യാദി തൈലം, ആരോഗ്യവർദ്ധിനി വടി, പടോലകടുരോഹിണ്യാദി കഷായം, ശതധൗതഘൃതം മുതലായവ ഇവയെല്ലാം ഒരു ആയുർവേദ വൈദ്യന്റെ നിർദ്ദേശാനുസരണം മാത്രം ഉപയോഗിക്കേണ്ടതാണ്. ഞാൻ എഴുതിയ ഈ ലേഖനം ആയുർവേദത്തിൽ വിഷചികിത്സയിൽ ഫലപ്രദമായ മരുന്നുകൾ ഉണ്ട് എന്ന് നിങ്ങളെ ബോധവത്കരിക്കുക എന്ന സദുദ്ദേശത്തോടു കൂടി മാത്രമാണ് ദയവുചെയ്ത് ഈ ലേഖനം വായിച്ച് സ്വയം ചികിത്സ ചെയ്യരുത് ഒരു വൈദ്യ മേൽനോട്ടത്തിലും നിർദ്ദേശാനുസരണ വും മാത്രം ചെയ്യേണ്ട കാര്യങ്ങളാണ് ഇതെല്ലാം സ്വയം ചികിത്സ അപകടങ്ങളെ ക്ഷണിച്ചുവരുത്തും.

നന്ദി

സുഹൃത്തുക്കളെ നിങ്ങൾക്ക് ഈ ലേഖനം ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇഷ്ടപ്പെട്ടാൽ ഈ അറിവ് ഷെയർ ചെയ്തു മറ്റുള്ളവരിലേക്കും കൂടി ഏത്തിക്കു. ഈ ലേഖനവുമായി ബന്ധപ്പെട്ട എന്തു സംശയങ്ങൾക്കും നിങ്ങൾക്ക് pousepoulose@gmail.com എന്ന ഈമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ് തീർച്ചയായും ഞാൻ മറുപടി നൽകുന്നതായിരിക്കും.

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Comments