ആയുർവേദ ശസ്ത്രക്രിയ ചരിത്രം

ആയുർവേദ ശസ്ത്രക്രിയ ചരിത്രം
.....................................................

"ആയുർവേദം" ഒരു രോഗിയുടെ ആയുസ്സിന്റെ നീളം കൂട്ടാൻ മാത്രം ശക്തമായ വേദശാസ്ത്രം ആദ്യകാലത്ത് ഔഷധ ദ്രവ്യങ്ങളും, ധാതുലവണങ്ങളും കൊണ്ടുള്ള ചികിത്സയായിരുന്നു കൂടുതൽ പ്രചാരത്തിൽ ഉണ്ടായത്. പിന്നീട് ഈ ചികിത്സാരീതിയിൽ അപര്യാപ്തത ഉണ്ടെന്ന് ആയുർവേദ ആചാര്യൻമാരായ ധന്വന്തരിക്കും അദ്ദേഹത്തിൻറെ ശിഷ്യന്മാർക്കും അതിൽ പ്രധാനിയായ സുശ്രുതാചാര്യനും നൂറ്റാണ്ടുകൾക്കുമുമ്പ് തോന്നിയപ്പോൾ ( ഏകദേശം 2600 വർഷങ്ങൾക്കുമുമ്പ്) ശസ്ത്രക്രിയയിൽ ഊന്നി നിന്നുകൊണ്ടുള്ള ഒരു ചികിത്സാ ശാസ്ത്രം ആയുർവേദത്തിന്റ ഒരു വിഭാഗം ആയി വളർത്തി ക്കൊണ്ടുവരാൻ തീരുമാനിച്ചു അതിൽ നിന്നാണ് ഇന്നത്തെ "ശല്യതന്ത്രം" അഥവാ ആയുർവേദ ശസ്ത്രക്രിയ ശാഖ രൂപീകൃതമായത്. ശവശരീരങ്ങളെ തൊടുന്നതും അവയുമായുള്ള ഏത് രീതിയിലുള്ള സംസർഗവും നിന്ദ്യവും ഒരു ശാപമായി കരുതിയിരുന്ന ഒരു കാലഘട്ടത്തിൽ വളരെ രഹസ്യമായി ശവശരീരങ്ങൾ കീറിമുറിച്ച് ആന്തരികഘടനകളെ കുറിച്ച് പഠിച്ച് അവ രേഖപ്പെടുത്തി, ചികിത്സയിൽ പ്രയോഗിക്കാൻ അന്ന് ചങ്കൂറ്റത്തോടെ ആചാര്യന്മാർ എടുത്ത നിശ്ചയദാർഢ്യത്തിന്റ ഫലമാണ് ഇന്ന് വളർന്നു വികസിച്ച ശസ്ത്രക്രിയ ശാസ്ത്രം. ശസ്ത്രക്രിയയുടെ പിതാവെന്ന്‌ ലോകം അംഗീകരിക്കുന്ന പുരാതന ഭാരതീയശാസ്ത്ര പ്രതിഭയാണ്‌ സുശ്രുതന്‍. വിശ്വാമിത്ര മഹര്‍ഷിയുടെ മകനായ സുശ്രുതന്‍, ആയുര്‍വേദ വിദഗ്ധനായ കാശിരാജാവ്‌ ദിവോദാസ ധന്വന്തരിയുടെ ശിക്ഷ്യനായിരുന്നു. വാരണാസിയില്‍ വെച്ച്‌ സുശ്രുതന്‍ ഗുരുമുഖത്തുനിന്ന്‌ വൈദ്യം അഭ്യസിച്ചു. ശസ്ത്രക്രിയയില്‍ മാത്രമല്ല, ഇതര വൈദ്യശാസ്ത്രശാഖകളിലും പില്‍ക്കാലത്ത്‌ അദ്ദേഹം വിദഗ്ധനായി. ശല്യചികിത്സാ പ്രധാനമായ ആയുര്‍വേദം വികസിപ്പിച്ചത്‌ സുശ്രുതനാണ്‌. അദ്ദേഹം തന്റെ കണ്ടെത്തലുകള്‍ 'ശല്യതന്ത്രം' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി സൂക്ഷിച്ചു. അത്‌ എ.ഡി. നാലാം ശതകത്തില്‍ നാഗാര്‍ജുനന്‍ എന്ന ആയുർവേദ ആചാര്യൻ പരിഷ്ക്കരിച്ചതാണ്‌ ഇന്നു ലഭ്യമായ 'സുശ്രുതസംഹിത' എന്ന അതിബൃഹത്തായ ഗ്രന്ഥം. സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങൾ കൂടാതെ, 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉൾപ്പെട്ടതാണ്‌ 'സുശ്രുതസംഹിത' അഥർവവേദത്തിന്റെ ഉപാംഗമാണ്. എന്നാൽ എനിക്ക് പലപ്പോഴും ഇത് സാമവേദത്തിന്റ ഉപവേദമാകുമെന്ന് തോന്നിയിട്ടുണ്ട്. കാരണം ഈ ശാസ്ത്രം പഠിക്കുമ്പോഴും പ്രയോഗിക്കുമ്പോഴും പലയിടത്തും ഒരു ദൈവത്തിന്റെ കയ്യൊപ്പ് കാണുവാനായി നമ്മുക്ക് സാധിക്കും. ഗുരുക്കന്മാരെ ദേവതുല്യരായി കാണുന്നതാണ് ഭാരതീയ സംസ്കാരം , പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ ആയുർവേദ ആചാര്യനും ശല്യതന്ത്ര വിദഗ്ധനുമായ ധന്വന്തരിയേ വൈദ്യ സമൂഹവം ഉപാസനാമൂർത്തിയായി ആരാധിച്ച് പോരുന്നു.


സുശ്രുതാചാര്യൻ എന്ന ശസ്ത്രക്രിയ വിദഗ്ധനും ശസ്ത്രക്രിയ അദ്ധ്യാപകനും
..................................................

വളരെ പ്രഗത്ഭനായ അധ്യാപകന്‍ കൂടിയായിരുന്നു സുശ്രുതാചാര്യൻ. വൈദ്യന്‍മാര്‍ പാലിക്കേണ്ട ധര്‍മ്മങ്ങളും മര്യാദകളും ( മെഡിക്കൽ എത്തിക്സ്) ശിക്ഷ്യന്‍മാര്‍ക്ക്‌ ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃതശരീരങ്ങൾ അറപ്പ് മാറ്റിവെച്ചു കീറിമുറിച്ചു പഠിക്കാനാണ് അദ്ദേഹം ശിഷ്യര്‍ക്കു നല്‍കിയിരുന്ന നിര്‍ദ്ദേശം. എട്ടുതരത്തിലുള്ള ശസ്ത്രക്രിയകളെക്കുറിച്ച്‌ സുശ്രുതസംഹിതയിൽ അദ്ദേഹം വിവരിക്കുന്നു-ഛേദ്യം(മുറിക്കല്‍), ഭേദ്യം(പിളര്‍ക്കല്‍), ലേഖ്യം(ഉരക്കൽ), വേധ്യം(തുളയ്ക്കല്‍), ഏഷ്യം(ശസ്ത്രം കടത്തല്‍), ആഹാര്യം(പിടിച്ചെടുക്കല്‍), വിസ്രാവ്യം(ചോര്‍ത്തിയെടുക്കല്‍), സീവ്യം(തുന്നല്‍) എന്നിങ്ങനെ. ഒരു ശല്യതന്ത്രജ്ഞൻ ശസ്ത്രക്രിയയ്ക്ക് ആരംഭിക്കുന്നതിന്നു മുമ്പായി ശസ്ത്രക്രിയക്ക് ആവശ്യമായ എല്ലാവിധ സാമഗ്രികളും സംഭരിച്ചിട്ടുണ്ടായിരിക്കണം എന്നും, ആയാൾക്ക് ഈ വക പ്രവൃത്തി ചെയ്തിട്ടു നല്ല തഴക്കവും, മറ്റുള്ളവർ ഇങ്ങിനെ പല ശസ്ത്രക്രിയകളും ചെയ്യുന്നതു കണ്ടിട്ടുള്ള പരിചയവും ഉണ്ടായിരിക്കണം. ആയാൾ ബുദ്ധിമാനും, ധീരനും, സമർത്ഥനും ആയിരിക്കേണ്ടതാണ് എന്ന് എടുത്തുപറയുന്നുണ്ട്. അദ്ദേഹത്തിന്റെ സഹായത്തിന്നായി നല്ല ധൈര്യവും ശക്തിയുമുള്ള പരിചാരകന്മാർ അടുത്തുണ്ടായിരിക്കുകയും വേണം. ഏതെങ്കിലും ഒരു ശസ്ത്രക്രിയ ചെയ്യുന്നതിന്നു മുമ്പു രോഗിക്ക് ലഘുവായ ഭക്ഷണമേ കൊടുക്കാവൂ. ഉദരത്തിലോ, വായിലോ അല്ലെങ്കിൽ ഗുദത്തിന്നു സമീപത്തോ വല്ല ശസ്ത്രക്രിയയും ചെയ്യണമെങ്കിൽ രോഗി ഉപവസിച്ചിരിക്കണം ഇന്നും ആചാര്യൻ പറയുന്നു.ശസ്ത്രക്രിയ ചെയ്തതിനു ശേഷമുള്ള വ്രണം ഉണങ്ങുന്നതിനായി പലതരത്തിലുള്ള വ്രണരോപണ ഔഷധങ്ങളെ കുറിച്ച് സുശ്രുതൻ വിശദമായി ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. അതുപോലെതന്നെ മുറിവിൽ കലശലായി വേദനയുണ്ടെങ്കിൽ ഇരട്ടിമധുരം പോടിച്ചിട്ടു കാച്ചിയ നെയ്യുകൊണ്ട് ധാരയിടുകയോ, അതിൽതന്നെ ശീലമുറുക്കി മുറിവുകൾക്ക് മീതെ ഇടണമെന്നും അനുശാസിക്കുന്നു.സുശ്രുതന്‍ രചിച്ച സുശ്രുത സംഹിത എന്ന പുസ്തകത്തില്‍ 1200 രോഗങ്ങളും 700 ഔഷധ സസ്യങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാട്ടസിന് 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പും, യൂറോപ്യന്‍ ഭിഷഗ്വരന്‍മാരായ സെല്‍സ്യസിനും, ഗാലെനും 2000 വര്‍ഷം മുന്‍പും സുശ്രുതന്‍ ഭാരതത്തില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു .
ആയുർവേദ ആചാര്യന്മാർ ആയിരുന്നു ധന്വന്തരി, സുശ്രുതൻ, ഔപധേനൻ, ഔരഭ്രൻ, പൗഷ്കലാവതൻ മുതലായവരെല്ലാം ആ കാലഘട്ടത്തിലെ അതിപ്രഗൽഭരും പ്രശസ്തരുമായ ശസ്ത്രക്രിയ വിദഗ്ധർ ആയിരുന്നു . ആ കാലഘട്ടത്തിൽ വിദൂരദേശങ്ങളിൽ നിന്നുപോലും പല രോഗികളും ശസ്ത്രക്രിയ ചെയ്യുന്നത് രാജാക്കന്മാരുടെ അനുമതിയോടുകൂടി ഇവരെ സമീപിക്കാമായിരുന്നു. ഇത്തരത്തിൽ സമീപിക്കുന്ന രോഗികളെ ശസ്ത്രക്രിയ ചെയ്യേണ്ട വരാണെങ്കിൽ രാജാവിൻറെ അനുമതി പത്രത്തോട് കൂടി സുശ്രുതാചാര്യൻ അന്ന് ലഭ്യമായ എല്ലാ വിധ സൗകര്യങ്ങളോടും കൂടി ശസ്ത്രക്രിയ ചെയ്തിരുന്നു. ഇവരാകട്ടെ യന്ത്രങ്ങളെക്കൊണ്ടും, ഉപയന്ത്രങ്ങളെ കൊണ്ടും, അനുശാസ്ത്രങ്ങളെ കൊണ്ടും, ശസ്ത്രങ്ങളെക്കൊണ്ടും പലവിധ ധൂപങ്ങളെക്കൊണ്ട് പുകച്ച് അണുവിമുക്തമാക്കിയ അന്തരീക്ഷത്തിൽ വളരെ വിജയകരമായി ശസ്ത്രക്രിയ ചെയ്തിരുന്നു. ഭാരതത്തിലെ ശല്യതന്ത്ര വിദഗ്ധർ ശസ്ത്രക്രിയ ചെയ്യുന്നതിനു 101 യന്ത്രങ്ങളെയും 20 ശസ്ത്രങ്ങളെയും കുറിച്ച് ശാസ്ത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.
ഇനി അവസാനത്തേതും എന്നാൽ പ്രാധാന്യത്തിൽ ഒട്ടും കുറവില്ലാത്തതുമായ ഒരു യന്ത്രം കയ്യാണ്. ശസ്ത്രക്രിയയുടെ കാര്യത്തിൽ അതാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു ആയുധമായി ഗണിക്കപ്പെട്ടിട്ടുള്ളത്. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളുടെയും ശസ്ത്രങ്ങളുടെയും വലിപ്പവും മറ്റും സുശ്രുത സംഹിതയിൽ വിശദമായി വിവരിച്ചു കാണിച്ചിട്ടുണ്ട്. അതിന്നു പുറമെ ഓരൊ സന്ദര്‍ഭങ്ങളിൽ നേരിടുന്ന ആവശ്യങ്ങൾക്കും വൃദ്ധവൈദ്യന്മാരുടെ ഉപദേശങ്ങൾക്കും അനുസരിച്ച് ഇനിയും ഓരോ യന്ത്രങ്ങളേയും ശസ്ത്രങ്ങളേയും ഉണ്ടാക്കാമെന്നും അവർതന്നെ പറയാതിരുന്നിട്ടില്ല. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങളും, ശസ്ത്രങ്ങളും മേൽത്തരം ഉരുക്കുകൊണ്ട് ഉണ്ടാക്കേണ്ടതാണെന്നും പ്രത്യേകം പറയുന്നു. ശസ്ത്രക്രിയ ചെയ്യുമ്പോൾ സൂക്ഷ്മക്കുറവുകൊണ്ട് മര്‍മ്മങ്ങൾക്കോ, സിരകൾക്കോ, സന്ധികൾക്കോ അല്ലെങ്കിൽ എല്ലിനോ യാതൊരു കേടും തട്ടാതിരിക്കുവാനും, ശസ്ത്രം ആവശ്യത്തിൽ അധികം ഒട്ടും ഉള്ളിലേക്കു കടക്കാതിരിപ്പാനും വൈദ്യൻ പ്രത്യേകം മനസ്സിരുത്തേണ്ടതാണ് എന്ന് ആചാര്യൻ ഊന്നിപ്പറയുന്നുണ്ട്. ഔഷധപ്രയോഗം കൊണ്ടു രോഗശമനം വരുത്തുന്ന വൈദ്യന്മാർ ശസ്ത്രക്രിയവേണ്ടതായ ഏതെങ്കിലും രോഗത്തിൽ, "അത്ര ധന്വന്തരീണാമധികാരഃ ക്രിയാവിധൗ" അതായത് ഈ വിഷയത്തിൽ പ്രവൎത്തിക്കുവാനുള്ള അധികാരം ധന്വന്തരിയുടെ ശിഷ്യന്മാരായ ശസ്ത്രക്രിയ വിദഗ്ധർക്കാണ് എന്നു അടിവരയിട്ടു പറഞ്ഞിരുന്നു. അപ്പോൾ ഇവർ ശസ്ത്രക്രിയ രംഗങ്ങളിൽ എത്രമാത്രം വിദഗ്ധരായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളു. സുശ്രുതസംഹിതയിൽ വിവിധ രോഗങ്ങൾക്ക് 125 ൽ പരം ശസ്ത്രക്രിയാ കർമ്മങ്ങളെ കുറച്ചു പറഞ്ഞിട്ടുമുണ്ട്. സിസേറിയന്‍ നടത്താന്‍ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണ് . അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയില്‍ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ. തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകള്‍ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകള ചികിത്സിക്കുന്നതിലും, വ്രണങ്ങൾ ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതന്‍.

പ്ലാസ്റ്റിക് സർജറിയുടെ അല്ലെങ്കിൽ അംഗനവീകരണ ശാസ്ത്രക്രിയ ചരിത്രം
..................................................

ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ്‌ പ്ലാസ്റ്റിക്‌ സര്‍ജറിയെന്ന്‌ പലരും കരുതുന്നു. എന്നാല്‍, ഇന്ന്‌ ലോകമെങ്ങുമുള്ള പ്ലാസ്റ്റിക്‌ സര്‍ജന്‍മാര്‍ ചെയ്യുന്നത്‌, 26 നൂറ്റാണ്ട്‌ മുമ്പ്‌ സുശ്രുതന്‍ ചെയ്ത ശസ്ത്രക്രിയകളില്‍ നിന്ന്‌ വലിയ വ്യത്യാസമില്ലാത്ത കാര്യമാണെന്ന്‌ അറിയുമ്പോഴോണ് ആയുർവേദ ശാസ്ത്രത്തിന്റെ മഹത്വം മനസിലാക്കുന്നത് . അതുകൊണ്ടുതന്നെ സുശ്രുതാചാര്യനെ പ്ലാസ്റ്റിക്‌ സര്‍ജറിയുടെ പിതാവായി ലോകം അംഗീകരിക്കുന്നതും. ഈ കാലഘട്ടത്തിൽ ചെയ്തിരുന്ന പ്രധാന അംഗ നവീകരണ ശസ്ത്രക്രിയകൾ ആയിരുന്നു അറ്റുപോയ ചെവിയും, മൂക്കും തുന്നിപ്പിടിപ്പിക്കുന്ന പ്ലാസ്റ്റിക് സർജറി രീതികൾ, അതുപോലെ തന്നെ മുറിച്ചുണ്ടിന് വേണ്ട ശസ്ത്രക്രിയകളും മറ്റും പ്രാചീന കാലത്ത് സുശ്രുതാചാര്യൻ അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ വിവരിച്ചതിന്റ ഒരു തനിയാവർത്തനമാണ് ചെറിയ ചില മിനുക്കുപണികളോടെ ഇന്നും അനുവർത്തിച്ചു പോരുന്നത് . അന്ന് ഭാരതത്തിൽ ചെവികളും, മൂക്കും ഛേദിക്കുക എന്നുള്ളതു വളരെ സാധാരണയായ ഒരു ശിക്ഷയായിരുന്നതുകൊണ്ട് ഇവിടെ ഈ ശസ്ത്രക്രിയ പ്രയോഗം അനവധി കാലമായി ചെയ്തു വന്നിട്ടുള്ളതാകുന്നു. ഇന്ത്യയിലുള്ള ആയുർവേദ ശസ്ത്രക്രിയ വിദഗ്ധരുടെ സൂത്രങ്ങൾ മനസ്സിലായപ്പോഴാണു യൂറോപ്പിലെ 'പ്ലാസ്റ്റിക് സർജറി' അല്ലെങ്കിൽ അംഗനവീകരണം എന്ന വൈദ്യശാസ്ത്ര വിഭാഗം മുഴുവൻ ഇപ്പോഴത്തെ നിലയിൽ ഒരു പരിഷ്കൃതരീതിയിലായത്. അന്ന് ഭാരതത്തിൽ മനുഷ്യർക്കും മൃഗങ്ങൾക്കുമുണ്ടാകുന്ന അസ്ഥി ഭംഗങ്ങളേയും, സ്ഥാനഭ്രംശങ്ങളേയും നേരെയാക്കി കെട്ടുകയും, ആന്ത്രവൃദ്ധിയെ (ഹെർണിയ) ഒതുക്കിനിൎത്തുകയും, മൂലക്കുരു, ഭഗന്ദരം മുതലായ ശസ്ത്രക്രിയ ആവശ്യമായ പല രോഗങ്ങളെയും ശസ്ത്രക്രിയയിലൂടെ ചികിത്സിച്ച് സുഖപ്പെടുത്തുകയും, അന്തശ്ശല്യങ്ങളെ എടുത്തുകളയുകയും ചെയ്തിരുന്നു.
ആ കാലഘട്ടത്തിൽ ഭാരതത്തിൽ കൂടക്കൂടെ ഉണ്ടായിരുന്ന യുദ്ധങ്ങളും ആഭ്യന്തരകലഹങ്ങളും നിമിത്തം ഇവിടെയുള്ള ആയുർവേദ ശസ്ത്രക്രിയ വിദഗ്ധർക്ക് തങ്ങളുടെ പ്രവൃത്തിയിലുള്ള വൈദഗ്ദ്ധ്യം കാണിച്ചു പ്രസിദ്ധി സമ്പാദിപ്പാനും, ആ പ്രവൃത്തിയിൽ പിന്നെയും അധികമായ പരിചയവും സാമർത്ഥ്യവും ഉണ്ടാക്കിത്തീർക്കുവാനും ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നു.

വിവിധതരം രോഗ പരീക്ഷ ഉപകരണങ്ങൾ
.........................................

അചാര്യന്‍മാര്‍ അവരുടെ കാലത്ത് ഉപയോഗിക്കുവാന്‍ പറ്റുമായിരുന്ന ഏത് സാങ്കേതിക വിദ്യയും
രോഗികളെ പരിശോധിക്കുവാൻ ഉപയോഗിച്ചിരുന്നു. സുശ്രുത സംഹിതയില്‍ രോഗദര്‍ശനാര്‍ത്ഥം (രോഗഭാഗം നേരിട്ട്കാണുവാന്‍) നാഡി യന്ത്രങ്ങള്‍ (കുഴല്‍ രൂപത്തിലുള്ള ഉപകരണങ്ങള്‍) ഉപയോഗിക്കുന്നതിന്‍റെ വിവരണങ്ങളുണ്ട്. മലദ്വാരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന അര്‍ശസുകളെ കാണുവാന്‍ ഉപയോഗിച്ചിരുന്ന ഉപകരണ മാണ് ആര്‍ശോ യന്ത്രം. അതേ അര്‍ശോയന്ത്രം തന്നെയാണ് ഇന്ന് പ്രൊക്ടോസ്കോപ് എന്ന പേരില്‍ അധുനികര്‍ ഉപയോഗിക്കുന്നത്. പഴയ നാഡി യന്ത്രതിന്‍റെ അതേ ഉപയോഗവും ധര്‍മ്മവുമാണ് ഇന്നത്തെ എന്‍ഡോസ്കോപ്പും കൊളാനോസ്കോപ്പും ഒക്കെ ചെയ്യുന്നത്. ശാസ്ത്രത്തിന്‍റെ വളര്‍ച്ച പഴയ നാഡി യന്ത്രത്തിന്‍റെ സാധ്യതകളെ വിപുലീകരിച്ചു. ഇത്തരത്തിൽ പലതരത്തിലുള്ള പരീക്ഷണ , നിരീക്ഷണ ഉപകരണങ്ങളും പണ്ടുകാലത്ത് ആചാര്യന്മാർ രോഗികളെ പരിശോധിക്കുന്നതിന് ഉപയോഗിച്ചിരുന്നു.

പ്രാചീന ശസ്ത്രക്രിയ പരിശീലന രീതികൾ
.................................................

അക്കാലങ്ങളിൽ സുശ്രുതാചാര്യൻ തൻറെ ശിഷ്യന്മാർ ശസ്ത്രക്രിയയിൽ നല്ല സമർത്ഥരും പ്രാഗത്ഭരും ആകുന്നതിന് അതാത് ശസ്ത്രക്രിയാ രീതികൾക്ക് അനുയോജ്യമായ വസ്തുക്കൾ തിരഞ്ഞെടുത്ത് പലതരം ശസ്ത്ര പ്രയോഗങ്ങൾ അവരെക്കൊണ്ടു ചെയ്യിച്ചിരുന്നു. അതെങ്ങനെയെന്ന് താഴെക്കൊടുത്തിരിക്കുന്നു.
ഛേദനം(കീറുക, മുറിക്കുക) മുതലായ കൎമ്മങ്ങൾ കുമ്പളങ്ങ, ചുരക്ക, കുമ്മട്ടിക്കായ, വെള്ളരിയ്ക്ക എന്നീ വക ഫലങ്ങളിന്മേലാണു അവർ പ്രവൃത്തിച്ചു പരിചയം വരുത്തിയിരുന്നത്. ഭേദനം (പിളർക്കുക) എന്ന ശസ്ത്രകർമ്മം ചെയ്തു ശീലിച്ചിരുന്നതു ദൃതി (വെള്ളം നിറക്കുന്ന തോൽസഞ്ചി), ചത്ത ജന്തുക്കളുടെ മൂത്രാശയങ്ങൾ മുതലായകളിന്മേലും ആയിരുന്നു. ലേഖനം (ഉരസുക) എന്ന ക്രിയ ചെയ്തിരുന്നതു രോമത്തോടുകൂടിയ മൃഗചൎമ്മത്തിന്മേലും, സിരാവേധം (രക്തമോക്ഷം) അഭ്യസിച്ചിരുന്നതു ചത്ത മൃഗങ്ങളുടെ സിരകളിലും, അംഗങ്ങളിലും, ഉല്പലനാളം എന്നിവകളിന്മേലും ആയിരുന്നു.അവർ ഏഷണം (തിരയൽ) എന്ന ശസ്ത്രക്രിയാഭാഗം അഭ്യസിച്ചിരുന്നത് ഓടമുള, ചിലതരം പുല്ലുകൾ ഇവയുടെ ദ്വാരങ്ങളിലൊ, വൃക്ഷങ്ങൾ, ഉണങ്ങിയ ചുരക്ക ഇവയുടെ തുളകളിലോ യന്ത്രശസ്ത്രങ്ങൾ എന്തെങ്കിലും കടത്തീട്ടായിരുന്നു . ശല്ല്യങ്ങൾ എടുക്കുന്ന ക്രിയയായ (ആഹരണം) ശീലിച്ചിരുന്നതു പനസം, കൂവളക്കായ, ചത്തുപോയ ജന്തുക്കളുടെ പല്ലുകൾ എന്നീവക സാധങ്ങളിന്മേലായിരുന്നു. ശാൽമലീഫലകത്തിന്മേൽ (പൂളപ്പലകമേൽ) മെഴുകു പരത്തി അതിന്മേലായിരുന്നു അന്നു വിസ്രാവണക്രിയ ശീലിച്ചിരുന്നത്. സീവനം (തുന്നിക്കെട്ടുക) മുതലായ പ്രവൃത്തികൾ, തടിച്ചതും തടികുറഞ്ഞതുമായ വസ്ത്രഖണ്ഡങ്ങൾ, മനുഷ്യരുടെയോ മൃഗങ്ങളുടേയോ തോലുകൾ എന്നിവകളിന്മേലും, പിന്നെ മുറികെട്ടുക മുതലായതെല്ലാം കൃത്രിമങ്ങളായ മനുഷ്യ ശരീരങ്ങളുണ്ടാക്കി അവയുടെ അംഗപ്രത്യംഗങ്ങളിന്മേലുമായിരുന്നു. ക്ഷാരാഗ്നികർമ്മങ്ങൾ പഠിച്ചിരുന്നതു മൃദുക്കളായ മാംസഖണ്ഡങ്ങളിൽ പ്രവർത്തിച്ചു നോക്കീട്ടായിരുന്നു. അതുപോലെ വസ്തിയന്ത്രം മുതലായവയുടെ പ്രയോഗം വെള്ളം നിറച്ച കുടത്തിന്റേയും മറ്റും പാൎശ്വഭാഗങ്ങളിലുള്ള സ്രോതസ്സുകളിൽകൂടി ആവ കടത്തി നോക്കീട്ടുമായിരുന്നു ഇവയെല്ലാം പരിശീലിപ്പിച്ചിരുന്നത്. ഇതുപോലെ പലതരത്തിലുള്ള യന്ത്ര ശാസ്ത്രങ്ങളുടെ പ്രയോഗങ്ങളെക്കുറിച്ചും എവിടെ പ്രയോഗിക്കണം എവിടെ പ്രയോഗിക്കാൻ പാടില്ല എന്നതിനെക്കുറിച്ചും അതിന്റെ അപകട സാധ്യതകളെ കുറിച്ചും വിശദമായി ശാസ്ത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.

ആയുർവേദ അനസ്തേഷ്യയുടെ ( മയക്ക് വിദ്യ) ചരിത്രം
................................................

പണ്ടുകാലം മുതലേ ശസ്ത്രക്രിയ എന്നത് മനുഷ്യന് ഏറ്റവും പേടിയുള്ള ചികില്‍സാമുറയാണ്. ആ പേടിയുടെ മുഖ്യ കാരണം വേദനയാണെന്ന കണ്ടത്തെലിൽ നിന്നാണ് മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആചാര്യന്മാർ ചിന്തിച്ചുതുടങ്ങിയത്.ശസ്ത്രപ്രയോഗങ്ങളിലും മറ്റും വേദന കലശലായിട്ടുണ്ടാകുവാൻ ഇടയുള്ള രോഗങ്ങളിലും, രോഗിക്കു ബോധക്ഷയം വരുത്തുന്ന മരുന്നുകൾ ഉപയോഗിച്ചു ബോധം കെടുത്തിയശേഷം ശസ്ത്രക്രിയ ചെയ്യുവാൻ ആചാര്യൻ അനുശാസിക്കുന്നു.
മയക്കി ഉറക്കിയശേഷം ശരീരത്തില്‍ ശസ്ത്രക്രിയകള്‍ നടത്തുന്ന രീതി അങ്ങനെ ആരംഭിച്ചു. ശസ്ത്രക്രിയയുടെ പിതാവായ സുശ്രുതന്‍ കഞ്ചാവും, കറുപ്പും കലർത്തിയ മദ്യവും, പുകയിലയും മറ്റു ലഹരി വസ്തുക്കൾ ചേര്‍ത്ത് പ്രത്യേക മരുന്നുകൾ ഉണ്ടാകി ആളുകളെ മയക്കി കിടത്തി വേദനാരഹിതമായി ശസ്ത്രക്രിയാ ചെയ്തതായി സുശ്രുത സംഹിതയില്‍ പറയുന്നുണ്ട്. രോഗിയെ വേദനയില്ലാതെ ഉറക്കിയാല്‍ ചികില്‍സ സുഗമമാകുമെന്ന തിരിച്ചറിവാണ് അനസ്തേഷ്യയെന്ന ചികില്‍സാ ശാസ്ത്രത്തിന് അന്ന് വഴിയൊരുക്കിയത്. പിന്നീട് ശസ്ത്രക്രിയയ്ക്കു ശേഷം മയങ്ങിയ ആൾക്കാരെ ഉണർത്തുന്നതിനു വേണ്ടി തീഷ്ണമായ ചൂർണ്ണങ്ങൾ കൊണ്ടും സ്വരസങ്ങൾ കൊണ്ടും നാസാ ദ്വാരങ്ങളിൽ കൂടി നസ്യം ചെയ്യുമായിരുന്നു വെളുത്തുള്ളി, വയമ്പ്, കാട്ടുമുളക് മുതലായ തീഷ്ണമായ സസ്യങ്ങളെ ചൂർണ്ണ രൂപത്തിലും സ്വരസ രൂപത്തിലും ആയിരുന്നു അതിനുവേണ്ടി എടുത്തിരുന്നത്. അന്നത്തെക്കാലത്ത് ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആചാര്യന്റെ ചികിത്സ വൈഭവവത്തിന് മുന്നിൽ ആരും ഒന്നു ശിരസ്സ് നമിച്ച് പോകും.

സുശ്രുതാചാര്യന്റ പിന്മുറക്കാരുടെ ഇപ്പോഴത്തെ അവസ്ഥ
................................................

എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നമുക്ക് ചുറ്റും കുടികൊള്ളുന്ന ആയുർവേദാചാര്യമാരായ ധന്വന്തരിയുടെയും, സുശ്രുതന്റയും അദൃശ്യമായ ഒരു ചൈതന്യം ഇന്ന് നമ്മുടെ അവസ്ഥ കണ്ട് വിഷമിക്കുന്നുണ്ടാവും. കേരളത്തിലെ ആയുർവേദ കോളേജ് വിദ്യാർത്ഥികളുടെ സർജറി, ഗൈനക്കോളജി പരിശീലനത്തിനെ കേരളത്തിലെ ആധുനിക വൈദ്യശാസ്ത്ര സമൂഹം എന്നും എതിർത്ത ചരിത്രമാണുള്ളത് അതിനാൽ തന്നെ ആയുർവേദ ഡോക്ടർമാരുടെ ശസ്ത്രക്രിയയിൽ ഉള്ള പ്രായോഗിക പരിശീലനം പലഘട്ടങ്ങളിലും വിവിധ കാരണങ്ങൾ പറഞ്ഞ് അവർ മനപൂർവ്വം തടസ്സപ്പെടുത്തിയതായി നമ്മൾ പത്രമാധ്യമങ്ങളിൽ മറ്റും പലപ്പോഴും വായിക്കാറുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിൽ വിപ്ലവങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ അവർ എത്ര തെറ്റിദ്ധാരണ പരത്തിയാലും മൂടിവെച്ചാലും നമ്മുടെ ആചാര്യൻമാരാൽ തറക്കല്ലിട്ട ഒരു ആയുർവേദ ശസ്ത്രക്രിയ ചരിത്രം നമുക്കുണ്ട് അതുപോലെതന്നെ അതിൽ നിന്ന് കടം കൊണ്ടു വികസിച്ച ഒരു ആധുനിക വൈദ്യശാസ്ത്രത്തിന്റെ ജീവചരിത്രവും. ഒരു ജന്മത്തിന്റെ തപസ്സ് കൊണ്ട് സ്വരുക്കൂട്ടിയ അറിവുകൾ മറ്റുള്ളവരിൽ നിന്നും മറച്ചു വെയ്ക്കുക അല്ല ശസ്ത്രക്രിയയുടെ പിതാവായി അവർ കൊട്ടിഘോഷിച്ച് നടക്കുന്ന സുശ്രുതാചാര്യൻ ചെയ്തത് അത് ജനങ്ങളുടെ നന്മക്കായി നിസ്വാർത്ഥമായി പകർന്നു നൽകുകയായിരുന്നു. ആയുർവേദ വിദ്യാർത്ഥികൾ ആധുനിക വൈദ്യശാസ്ത്രം പഠിക്കുന്നതിനോട് എന്നും ആധുനിക വൈദ്യശാസ്ത്ര സമൂഹത്തിന് അസഹിഷ്ണുതയാണ് കേന്ദ്രസർക്കാർ മറ്റു സംസ്ഥാനങ്ങളിൽ നടപ്പാക്കിയ കോലൊക്കേഷൻ പദ്ധതി സംസ്ഥാനത്ത് അട്ടിമറിക്കപ്പെട്ടത് ഈ അസഹിഷ്ണുത മൂലമാണ്. ഇതര വൈദ്യശാസ്ത്രങ്ങളെ ഒഴിവാക്കി അലോപ്പതി കേന്ദ്രീകൃതമായ ആരോഗ്യ സംവിധാനം കെട്ടിപ്പെടുത്തുന്നത് ആ ശാസ്ത്ര ശാഖയിലെ കച്ചവടതാൽപര്യം സംരക്ഷിക്കുകയെന്ന ഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ട്.ആയുർവേദ വിദ്യാർത്ഥികൾക്ക് ആധുനിക വൈദ്യ ശാസ്ത്ര സങ്കേതങ്ങൾ പരിചയപ്പെടുത്തുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ 1979 മുതൽ നടപ്പാക്കിയിട്ടുള്ള സിലബസിൽ സർജറി ഗൈനക്കോളജി എന്നിവയിൽ പരിശീലനം നിർദ്ദേശിച്ചിട്ടുണ്ട്. സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ ആണ് ഈ കാലാകാലങ്ങളിൽ ആയുർവേദ വിദ്യാർത്ഥികളുടെ സിലബസ് പരിഷ്കരണം നടത്തുന്നത് ഇതനുസരിച്ച് നടന്നുവരുന്ന പരിശീലനത്തിന്‌ അന്ധമായ ആയുർവേദ വിരോധത്തിന്റെ പേരിൽ തടസ്സം സൃഷ്ടിക്കാൻ കേരളത്തിലെ ചില അലോപ്പതി ഡോക്ടർമാർ ശ്രമിച്ചു വരുന്നുണ്ട്. 2015ൽ ഇതുപോലെ ആയുർവേദ ഹൗസ് സർജെൻസി ചെയ്യുന്ന ആയുർവേദ ഡോക്ടർമാരുടെ സർജറി, ഗൈനക്കോളജി പരിശീലനം തടഞ്ഞുവെക്കുകയുണ്ടായി. അത് പുനരാരംഭിക്കാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ അലോപ്പതി സംഘടന ഹൈക്കോടതിയിൽ പോയെങ്കിലും പരിശീലനം തുടരണമെന്ന് ഡിവിഷൻ ബഞ്ച് വിധിക്കുകയുണ്ടായി. ഈ അടുത്ത കാലത്ത് സർജറി ഗൈനക്കോളജി പരിശീലനം തടസ്സപ്പെടുത്താനുള്ള ശ്രമം ഉണ്ടായപ്പോൾ സംസ്ഥാന സർക്കാർ അത് തുടരണം എന്ന ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. അവർ ശസ്ത്രക്രിയയുടെ പിതാവ് എന്ന് അംഗീകരിക്കുന്ന സുശ്രുതൻ പറഞ്ഞ ഒരു മഹത്തായ കാര്യമുണ്ട് ഇനി ഭാവിയിൽ നിങ്ങൾ നേടാൻ പോകുന്ന പുതിയ അറിവുകൾ, നൂതന ചികിത്സാരീതികൾ, ഇനിയും പേരിടാനുള്ള രോഗങ്ങൾ, കണ്ടെത്തുന്ന പുതിയ മരുന്നുകൾ, പുതിയ ശസ്ത്രക്രിയാ രീതികൾ ഇവയെ കുറിച്ചുള്ള അറിവുകൾ എന്റെ ഗ്രന്ഥത്തോട് കൂട്ടിച്ചേർക്കണം എന്ന് എക്കാലവും ആ ആയുർവേദാചാര്യൻ ആഗ്രഹിച്ചിരുന്നു . അതിന്നു നടക്കുന്നില്ല ഞങ്ങൾ അത്രമാത്രം ആഗ്രഹിക്കുന്നുമില്ല എന്നാൽ ഞങ്ങളുടെ അടിസ്ഥാന അവകാശമാണ് ശസ്ത്രക്രിയ പരിശീലനം എന്നത്. ശാസ്ത്രം പഠിച്ചു പുറത്തിറങ്ങി വരുന്ന ഓരോ ആയുർവേദ വിദ്യാർത്ഥികൾക്കും അത് ലഭിച്ചേ തീരു. അത് ഞങ്ങളുടെ ശാസ്ത്രത്തിൽ നിന്ന് കടംകൊണ്ട് വളർന്ന ആധുനിക വൈദ്യ സമൂഹം ഞങ്ങൾക്ക് നൽകുന്ന ഔദാര്യമല്ല , ഈ ശാസ്ത്രം പഠിച്ചിറങ്ങുന്ന ഓരോ വിദ്യാർത്ഥികളുടെയും അവകാശമാണ്.

കുറച്ചു നാളുകൾക്ക് ശേഷമാണ് വീണ്ടും ഒരു ലേഖനം ഫേസ്ബുക്കിൽ എഴുതുന്നത് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്കും പങ്കുവെച്ച് എത്തിക്കുക.......

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Comments