മനുഷ്യന്റെ ദുഃഖം നിർണയിക്കുന്ന ഹോർമോണുകൾ

മനുഷ്യന്റെ ദുഃഖം നിർണയിക്കുന്ന ഹോർമോണുകൾ
.......................................................

ഞാൻ കുറച്ചു ദിവസങ്ങൾക്ക് മുൻപ് നിങ്ങളുമായി പങ്കു വഹിച്ച "മനുഷ്യന്റെ സന്തോഷം നിർണയിക്കുന്ന ഹോർമോണുകൾ" എന്ന ലേഖനം നിങ്ങൾക്ക് ഇഷ്ടപ്പെട്ടതിൽ വളരെയധികം സന്തോഷമുണ്ട് ആ ലേഖനത്തിന്റെ തുടർച്ചയെന്നോണം നമ്മുടെ ശരീരത്തിലെ ദുഃഖത്തെ നിർണയിക്കുന്ന നാല് ഹോർമോണുകളെ കുറിച്ചും ആവ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തും എന്നതിനെക്കുറിച്ചും അവയുടെ അമിതമായ ഉല്പാദനം എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ചും ഒരു ചെറിയ ലേഖനം കൂടി നിങ്ങളുമായി പങ്കുവയ്ക്കുന്നു.

പ്രധാനമായും നമ്മുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന നാല് ഹോർമോണുകളാണ് നമ്മുടെ ദുഃഖത്തിന്റെ അളവുകോൽ.

1:അഡ്രിനാലിൻ (എപ്പിനെഫ്രിൻ)

2:കോർട്ടിസോൾ

3:നോർഅഡ്രിനാലിൻ(നോർഎപ്പിനെഫ്രിൻ)

4:പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ സ്ത്രീ ഹോർമോണായ പ്രൊജസ്ട്രോൺ

നമ്മുടെ ദൈനംദിന ജീവിതത്തിൽ ബാഹ്യലോകത്തുനിന്നും സ്വശരീരത്തിൽനിന്നും ഉണ്ടാകുന്ന എല്ലാത്തരം ശാരീരികവും മാനസികവുമായ സമ്മർദങ്ങളെയും ചെറുത്ത് നില്ക്കുവാനുള്ള ശക്തി നിങ്ങളുടെ ശരീരത്തിനും മനസിനും പ്രദാനം ചെയ്യുന്നത് നിങ്ങളുടെ വൃക്കകൾക്ക് മുകളിൽ സ്ഥിതിചെയ്യുന്ന അഡ്രിനൽ ഗ്രന്ഥി (അധിവൃക്ക ഗ്രന്ഥി) ആണ്. ജീവിതത്തിൽ ആകസ്മികമായുണ്ടാകുന്ന ഏതെങ്കിലും പ്രതിസന്ധിഘട്ടത്തിൽ പ്രതിരോധമുറയുടെ ആദ്യഭാഗമെന്ന നിലയിൽ നിങ്ങളുടെ ശരീരം അഡ്രിനാലിൻ ഉൽപാദിപ്പിക്കുന്നു ചുറ്റുപാടും നല്ലവണ്ണം കാണാനായി ഈ ഹോർമോൺ നിങ്ങളുടെ കൃഷ്ണമണികളെ വികസിപ്പിക്കുകയും കാഴ്ച ശക്തിപ്പെടുത്തുകയും ചെയ്യും. ആ സംരംഭത്തിൽ സഹായിക്കാനായി ദഹനേന്ദ്രിയ രക്തധമനികളുടെ വ്യാസം ചുരുക്കുകയും പ്ളീഹയുടെ വലിപ്പം കുറയ്ക്കുകയും തദ്വാരാ ധാരാളം രക്തം ടിഷ്യൂകളിലേക്കും ഹൃദയത്തിലേക്കും പായിക്കുകയും ചെയ്യും. ഗ്ളൈക്കൊജൻ-തൻമാത്രകളെ വിയോജിപ്പിച്ച് ഗ്ളൂക്കോസ് നിർമ്മിക്കുക കാരണം അത് രക്തത്തിൽ പഞ്ചസാരയുടെ അളവു വർധിപ്പിക്കുന്നു .കൂടുതൽ രക്തം പ്രദാനം ചെയ്യുന്നതുകൊണ്ടും ഊർജ്ജത്തിനാവശ്യമായടെ പഞ്ചസാര ധാരാളമായി നല്കുന്നതുകൊണ്ടും അതു മാംസപേശികളുടെ കൃത്യനിർവഹണത്തിന് ഏറ്റവും പറ്റിയ വ്യവസ്ഥ സൃഷ്ടിക്കുന്നതാണ്. അപകടകരമായ ഒരു സാഹചര്യത്തിൽ നിന്ന്,അതുമല്ലെങ്കിൽ ഭയപ്പെടുത്തുന്ന സാഹചര്യത്തിൽനിന്ന് സമ്മർദ്ദ ജനകമായ സാഹചര്യത്തിൽനിന്ന് നിങ്ങളുടെ ശരീരത്തെ സംരക്ഷിക്കാൻ വേണ്ടിയാണ് ഈ ഹോർമോൺ ഉത്പാദിപ്പിക്കുന്നത്. അനാവശ്യമായി ചെറിയ കാര്യങ്ങളിൽപോലും , മറ്റുള്ളവരുമായി വഴക്കിടുകയും ചെറിയ കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടുന്ന സ്വഭാവം നിങ്ങൾക്കുണ്ടെങ്കിൽ ഈ ഹോർമോൺ നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിനും, അനാവശ്യത്തിനും ഉൽപാദിപ്പിക്കപ്പെടും. അതിനാൽ ഇത്തരത്തിലുള്ള സ്വഭാവവൈകല്യങ്ങൾ നിങ്ങൾ നിയന്ത്രിക്കണം അല്ലെങ്കിൽ ആവശ്യത്തിനും അനാവശ്യത്തിനും ഈ ഹോർമോൺ നിങ്ങളുടെ ശരീരത്തിൽ ഉൽപാദിപ്പിക്കുകയും അത് നിങ്ങൾക്ക് സ്വഭാവവൈകല്യങ്ങൾ ഉണ്ടാകാൻ കാരണമാകുകയും ചെയ്യും.

അഡ്രീനൽ ഗ്രന്ഥികൾ പുറത്തുവിട്ട സ്ട്രെസ് ഹോർമോൺ ആണ് കോർട്ടിസോൾ. സമ്മർദ്ദകരമായ സാഹചര്യങ്ങളെ നേരിടാൻ നിങ്ങൾക്ക് ഈ ഹോർമോൺ ആവശ്യമാണ്. അത്തരം സാഹചര്യങ്ങൾ നേരിടേണ്ടതായി ഉണ്ട് എന്ന് നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ ഒരു സന്ദേശം നിങ്ങളുടെ തലച്ചോറിന് ലഭിക്കുമ്പോൾ ഈ ഹോർമോൺ ഉൽപാദിപ്പിക്കാൻ നിങ്ങളുടെ വൃക്കകളുടെ മുകളിൽ കാണുന്ന അഡ്രിനൽ ഗ്രന്ഥികൾക്ക് തലച്ചോർ നിർദ്ദേശം നൽകുന്നു.ഏത് സാഹചര്യത്തിലാണ് കോർട്ടിസോൺ നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നത് എന്ന് നോക്കാം തലച്ചോറിന്റെ ഭാഗമായ അമാഗ്ഡാല നമ്മുടെ ശരീരത്തിനോ, മനസ്സിനോ നേരിടേണ്ട ഏതെങ്കിലും ഒരു ഭീഷണി തിരിച്ചറിയുന്നു തുടർന്ന് ഇത് ഹൈപ്പോത്രമലസ് എന്ന മസ്തിഷ്കത്തിന്റെ ഭാഗത്തേക്ക് ഒരു സന്ദേശം അയയ്ക്കുന്നു. തുടർന്ന് ഹൈപ്പോതലാമസ് കോർട്ടികോട്രോപിൻ-റിലീസിംഗ് ഹോർമോൺ (സി.ആർ.എച്ച്) ഉൽപ്പാദിപ്പിച്ച് പിറ്റുവേറ്ററി ഗ്രന്ഥിയെ കാര്യം അറിയിക്കുന്നു ഇത് കേട്ട പാതി കേൾക്കാത്ത പാതി പിറ്റ്യൂട്ടറി ഗ്രന്ഥി, അഡ്രിനോ കോർട്ടിക്കോ ട്രോപിക് ഹോർമോൺ (എ.സി.ടി.എച്ച്) എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്നു ഈ ഹോർമോൺ വൃക്കകളുടെ മുകളിൽ സ്ഥിതിചെയ്യുന്ന അഡ്രീനൽ ഗ്രന്ഥിക്ക് കോർട്ടിസോൾ ഉൽപാദിപ്പിക്കാൻ നിർദേശം കൊടുക്കുന്നു . അത് ലഭിച്ച ഉടനെ തന്നെ അഡ്രീനൽ ഗ്രന്ഥി കോർട്ടിസോൾ ഉൽപാദിപ്പിച്ച് തുടങ്ങുന്നു എന്നാൽ ഇത് കൂടിയ അളവിൽ നിങ്ങളുടെ രക്തത്തിൽ കാണപ്പെട്ടാൽ അല്ലെങ്കിൽ അഡ്രീനൽ ഗ്രന്ഥി ഉത്പാദിപ്പിച്ചാൽ നിങ്ങളെ ഈ ഹോർമോൺ കൂടുതൽ വേദനിപ്പിക്കും ഇതിന്റെ കൂടി അളവ് നിങ്ങളുടെ ശരീരഭാരം ഉയരുന്നതിനും, ഉയർന്ന രക്തസമ്മർദ്ദം, ഉറക്കത്തെ തടസ്സപ്പെടുത്തുക, പ്രതികൂലമായ മൂഡ് ഇഫക്റ്റ് (അസന്തുലിതമായ വികാരങ്ങൾ), നിങ്ങളുടെ ഊർജ്ജ നിലകൾ കുറയ്ക്കുക, മുതലായവയ്ക്ക് കാരണമാകാം. അതുപോലെതന്നെ ഉയർന്ന അളവിലുള്ള കോർട്ടിസോൾ നിങ്ങളുടെ ശരീരത്തിലെ ലൈംഗിക ഹോർമോണുകളെ അടിച്ചമർത്താൻ കാരണമാകും(അത് സ്ത്രീകളിൽ ഈസ്ട്രോജനും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ ഉൽപാദനത്തെ ബാധിക്കും) അതുമൂലം സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗികമായ കാര്യങ്ങളിൽ താൽപര്യമില്ലായ്മയും, ലൈംഗികമരവിപ്പ് വരെ അനുഭവപ്പെടാം. അമിതമായി കരയും, അവഗണന അനുഭവിക്കുകയും, സമ്മർദ്ദ ജനകമായ സാഹചര്യത്തിൽ ജീവിക്കേണ്ടി വരികയും ചെയ്യുന്ന കുട്ടികളിൽ ഈ ഹോർമോൺ അമിതമായ അളവിൽ കാണപ്പെടുന്നു. അതുപോലെതന്നെ സമ്മർദ്ദ ജനകമായ സാഹചര്യത്തിൽ ജീവിക്കേണ്ടിവരുന്ന, ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകളിലും, പുരുഷന്മാരിലും അതുപോലെതന്നെ ഈ ഹോർമോൺ അമിതമായ തോതിൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു .ഇത് തികഞ്ഞ മാനസികസമ്മർദ്ദത്തിന് അടിമയാകുന്ന വിധത്തിൽ ആ വ്യക്തിയെ അല്ലെങ്കിൽ ആ കുട്ടിയെ കൊണ്ടുവന്ന് എത്തിക്കാൻ മാത്രം ശക്തനാണ് അതിനാൽ ഇവനെ ഭയപ്പെടണം.കോർട്ടിസോൾ ഉചിതമായ അളവുകൾ ജീവൻ രക്ഷിക്കാനാകും അതുപോലെതന്നെ ശരീരത്തിലെ രക്ത സമ്മർദ്ദം നിലനിർത്താൻ ഇത് സഹായകമാകുന്നുണ്ട്, പ്രത്യുൽപാദന ക്ഷമത, പ്രതിരോധശക്തി, ദഹനശക്തി, വളർച്ച, വ്യക്തിത്വവികാസം തുടങ്ങിയ ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ഇതിന് ശക്തമായ സ്വാധീനമുണ്ട്.ഈ ഹോർമോണിനെ അമിതമായ ഉത്പാദനം ഉണ്ടാകാതിരിക്കുന്നതിന് ശരിയായ ഉറക്കം അത്യാവശ്യമാണ് ഈ ഹോർമോൺ അമിതമായി ഉൽപാദനം നിങ്ങളുടെ ചർമ്മത്തിന് കാന്തി നഷ്ടപ്പെടുത്തും. ഉറങ്ങാതിരിക്കുമ്പോൾ അത് കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് വർധിപ്പിക്കുന്നു. കോർട്ടിസോൺ ശരീരത്തിന് ആവശ്യമായ ഹോർമോൺ ആണെങ്കിലും ഇതിന്റെ അമിത സാന്നിദ്ധ്യത്തിന് ഒരു ഓമനപ്പേരുണ്ട്. മരണ ഹോർമോൺ. ഒരുപാട് പാർശ്വഫലങ്ങളുള്ള ഹോർമോണാണിത്. കോർട്ടിസോൺ അമിതമായാൽ അതു കോശങ്ങളുടെ നാശത്തിനു കാരണമാകും. ഇതിലൂടെ ചർമത്തിൽ ചുളിവുകൾ ഉണ്ടാകുകയും ചെയ്യും.

നിങ്ങളുടെ അഡ്രീനൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന മറ്റൊരു പ്രധാന ഹോർമോണാണ് നോർഅഡ്രിനാലിൻ. നിങ്ങളെ ഒരു പ്രത്യേക സാഹചര്യം നേരിടുന്നതിന് കൂടുതൽ ബോധവാനാകുക, നിങ്ങളുടെ മസ്തിഷ്കത്തെ കൂടുതൽ ഉണർത്തുക, നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവുന്ന പ്രതികൂലസാഹചര്യങ്ങളെ അല്ലെങ്കിൽ നിർണ്ണായകമായ ഘട്ടങ്ങളിൽ നേരിടാൻ നിങ്ങളുടെ ശരീരത്തെയും,മാംസപേശികളുടെയും, ഇന്ദ്രിയങ്ങളെയും സാധാരണയിൽ കൂടുതൽ പ്രാപ്തിയുള്ളതാക്കി മാറ്റുക എന്നതാണ് ഈ ഹോർമോൺ ധർമ്മം ഹോർമോൺ ധർമ്മം. അങ്ങനെ നിങ്ങൾക്ക് സമ്മർദപൂരിതമായ അവസ്ഥകളിൽ നിന്ന് രക്ഷപ്പെടാനും സമയോജിതമായി പ്രതികരിക്കാനും സാധിക്കും.

സ്ത്രീകളിലും പുരുഷന്മാരിലും ഈ ഹോർമോൺ വ്യതിയാനം എപ്രകാരം ബാധിക്കും
....................................................

നിങ്ങളിൽ ഹോർമോൺ വ്യതിയാനം ഉണ്ടാകുന്നു എന്ന് തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്ന ചില ലക്ഷണങ്ങൾ ആണ് ഞാൻ പറയാൻ പോകുന്നത് നിങ്ങളിൽ പെട്ടെന്ന് ദേഷ്യം വരാത്ത വ്യക്തി ആയാൽ കൂടി നിയന്ത്രണാതീതമായി ദേഷ്യം വരലുണ്ടാകുണ്ടോ,ചെറിയ കാരണങ്ങൾക്ക് പോലും പൊട്ടിത്തെറിക്കുന്നുണ്ടോ നിങ്ങളുടെ ഹോർമോൺ പരിശോധിക്കാൻ സമയമായി. അകാരണമായ വിഷമം, ഏകാന്തത, നിരാശ, മടുപ്പ്, അകാരണമായ സന്തോഷം, ഹൈപ്പർ ആക്ടിവിസം, നിരുത്സാഹം, വ്യക്തിത്വ വൈകല്യം, സ്വഭാവവൈകല്യം, വൈകാരിക പക്വത ഇല്ലായ്മ എന്നിവ എല്ലാം ഹോർമോൺ വ്യതിയാനമാകാം. സ്ത്രീകളിൽ പ്രൊജസ്ട്രോൺ കുറയുന്നതാണ് നിരാശയും, സങ്കടവും ഒക്കെ കൂട്ടുന്നതിന് ഒരു പ്രധാന കാരണം. അതുപോലെതന്നെ ലൈംഗിക താത്പര്യക്കുറവ് ഹോർമോൺ വ്യതിയാനങ്ങളുടെ ഒരു പ്രധാന ലക്ഷണമാണ്. സ്ത്രീകളിൽ പ്രൊജസ്ട്രോൺ കുറഞ്ഞാൽ ലൈംഗിക വിരക്തിയും , ലൈംഗിക ബന്ധത്തോടുള്ള അകാരണമായ വെറുപ്പും ഉണ്ടാകും. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ കുറഞ്ഞാലും സമാനരീതിയിലുള്ള ലക്ഷണങ്ങളാണ് കാണുക. പുരുഷന്മാരിൽ കാണപ്പെടുന്ന ഉദ്ധാരണ ശേഷിക്കുറവും, ലൈംഗികകാര്യങ്ങളിൽ താൽപര്യമില്ലായ്മയും, ഉന്മേഷക്കുറവ്, വൈകാരിക പക്വതയില്ലായ്മ എന്നിവയെല്ലാം ടെസ്റ്റോസ്റ്റിറോണ് കുറഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥാന്തരങ്ങൾ ആണ്. സന്തോഷകരമായി മുന്നോട്ടു പോകേണ്ട പല ദാമ്പത്യ ബന്ധങ്ങളും തകർത്തിട്ടുള്ള ഹോർമോണുകളാണ് ടെസ്റ്റോസ്റ്റിറോണും, പ്രൊജസ്ട്രോണും അതിനാൽ അവയുടെ കുറവ് നിങ്ങൾക്കുണ്ടെങ്കിൽ അവയെ എത്രയും പെട്ടെന്ന് പരിഹരിക്കേണ്ടതാണ്. അതുപോലെ തന്നെ ഇന്ന് ആത്മഹത്യ പ്രവണതകൾ വളരെയധികം വർധിച്ചു വരുന്നുണ്ട് അതിന് ഒരു പ്രധാനകാരണം പ്രൊജസ്ട്രോൺ, ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ ഹോർമോണുകളിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കൊണ്ടാണ്. അതുപോലെതന്നെ നമ്മുടെ തലച്ചോറിൽ ഉല്പാദിപ്പിക്കപ്പെടുന്ന സിറോട്ടോണിൻ എന്ന് പറയുന്ന ഹോർമോൺ കുറവ് ആത്മഹത്യപ്രവണതയ്ക്ക് കാരണമാകാറുണ്ട്. ഇത്തരം ഹോർമോണുകളുടെ വൈകല്യം പരിഹരിക്കുന്നതിന് ഇന്ന് ചികിത്സ ലഭ്യമാണ് അതിനാൽ അവയുടെ ഏറ്റക്കുറച്ചിലുകൾ നേരത്തെ കൂട്ടി കണ്ടറിയാനും അവയ്ക്ക് ചികിത്സ നേടാനും നമുക്ക് സാധിച്ചാൽ നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളെ നമുക്ക് അകറ്റി നിർത്തുവാൻ സാധിക്കും.

നിങ്ങളുടെ മനോനിലയെ നിർണയിക്കുന്ന ഈ ഹോർമോണുകളുടെ അമിത ഉൽപാദനം
................................................

ഈ ഹോർമോണുകൾ അമിതമായ തോതിൽ നിങ്ങളുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെട്ടാൽ അത് നിങ്ങളുടെ ശരീരത്തിന് ആരോഗ്യത്തിന് വളരെ ഹാനികരമാണ് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങൾക്കും അത് കാരണമാകും. നിങ്ങളുടെ ചിന്തകളെയും, വികാരങ്ങളെയും, നിങ്ങളുടെ സ്വഭാവത്തെയും വരെ അത് ബാധിക്കും. അമിതമായി ഈ ഹോർമോണുകൾ നിങ്ങളുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെട്ടാൽ നിങ്ങൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങളിൽ ചിലതുമാത്രം ഞാൻ താഴെ പറയുന്നു അമിതമായ ഉത്കണ്ഠ,പ്രചോദനം അല്ലെങ്കിൽ ഫോക്കസ് അഭാവം,ആശങ്കാകുലനായി തോന്നുക, കോപം,വിഷാദം ,തലവേദന,
ക്ഷീണം,ലൈംഗിക ഡ്രൈവറിൽ മാറ്റം വരുക,ഉറക്ക പ്രശ്നങ്ങൾ മുതലായവ ഇതിൽ ചിലതുമാത്രം.

ഹോർമോണുകളുടെ അസന്തുലിതാവസ്ഥ നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില പ്രായോഗിക മാർഗങ്ങൾ
.....................................................
ഞാൻ മുകളിൽ പറഞ്ഞ ഹോർമോണുകളുടെ അസാധാരണമായ ഉൽപാദനം നിങ്ങൾക്ക് നിയന്ത്രിക്കാനാകും ചില കുറുക്കു വഴികളിലൂടെ അത് എങ്ങനെയാണെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞ് തരാം.

1:കഫീൻ, മദ്യം, നിക്കോട്ടിൻ മുതലായ നിങ്ങൾക്കൊരു അടിമത്തത്തെ ഉണ്ടാകുന്ന ലഹരിപാനീയങ്ങൾ എങ്കിൽ ഉത്തേജക വസ്തുക്കൾ ഒഴിവാക്കുക

2:ശാരീരിക വ്യായാമം മുടങ്ങാതെ ചെയ്യുക.

3: നന്നായി ഉറങ്ങുക

4: മാനസികസമ്മർദ്ദത്തെ കുറയ്ക്കാൻ യോഗ മുതലായവയും, ധ്യാന രീതികളും അതുപോലെതന്നെ റിലാക്സേഷൻ ടെക്നിക്സും പരീക്ഷിക്കുക

5: ആരെങ്കിലും ആയി ഒന്ന് മനസ്സുതുറന്ന് നിങ്ങളുടെ ഉള്ളു തുറന്ന് സംസാരിക്കുക.

6:ഒരു സ്ട്രെസ്സ് ഡയറി സൂക്ഷിക്കുക
ഏതാനും ആഴ്ചകൾ നിങ്ങൾക്ക് സമ്മർദ്ദത്തെ ഉണ്ടാക്കുന്ന കാര്യങ്ങൾ അവയുടെ കാരണങ്ങൾ ഈ ഡയറിയിൽ കുറിച്ച് വെക്കുക ഇത് ഫലപ്രദമായ സ്ട്രെസ് മാനേജുമെന്റ് ഉപകരണമാണ്. കാരണം നിങ്ങളിൽ മാനസികസമ്മർദ്ദങ്ങൾ ഉണ്ടാകാൻ കാരണമാകുന്ന അല്ലെങ്കിൽ ഇടയാക്കുന്ന സാഹചര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് സ്വയം ബോധവാന്മാരാക്കാൻ ഈ ഡയറി നിങ്ങളെ സഹായിക്കും.

7: നിങ്ങളുടെ നിയന്ത്രണം നിങ്ങൾ തന്നെ ഏറ്റെടുക്കുക
ഉപരിതലത്തിൽ പരിഹരിക്കാൻ അസാധ്യമായ ഒരു പ്രശ്നം കൊണ്ട് നിങ്ങളുടെ സ്ട്രെസ്സ് കൂടാൻ സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ പ്രശ്നങ്ങൾക്ക് നിങ്ങൾ തന്നെ പരിഹാരം കണ്ടെത്തുക അത് സ്വയം കണ്ടെത്തുകയോ മറ്റുള്ളവരുമായി ചർച്ച ചെയ്തു കണ്ടെത്തുകയോ ചെയ്യുക. അങ്ങനെ നിങ്ങളുടെ സമ്മർദ്ദത്തെ കുറയ്ക്കാൻ ഈ ടെക്നിക് സഹായിക്കുന്നു.

8:നിങ്ങളുടെ സമയം കൈകാര്യം ചെയ്യുന്നതിൽ ഒരു ചിട്ട കൊണ്ടുവരിക .ഈ ചിട്ട ഇല്ലായിമ മാനസികസമ്മർദ്ദത്തിന് ഒരു പ്രധാന കാരണമാണ്. നിങ്ങൾക്ക് എല്ലാം എളുപ്പത്തിൽ ചെയ്യാൻ കഴിയില്ലെന്ന് മനസിലാക്കുക, നിങ്ങളുടെ ചുമതലകൾ മുൻഗണനാടിസ്ഥാനത്തിൽ ആരംഭിക്കുക.

9:'ഇല്ല' എന്ന് പറയാൻ പഠിക്കുക.
ആവശ്യത്തിലധികം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാതിരിക്കുക. നിങ്ങളിൽ അടിച്ചേൽപ്പിക്കപ്പെടുന്ന കൂടുതലായി ഉത്തരവാദിത്തങ്ങൾ അല്ലെങ്കിൽ അപ്രധാനമായ ഉത്തരവാദിത്തങ്ങളോട് "ഇല്ല" എനിക്ക് ചെയ്യാൻ കഴിയില്ല എന്ന് പറയാൻ പഠിക്കുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കും.

10: നിങ്ങൾക്ക് ഇപ്പോൾ ഏതെങ്കിലും തരത്തിലുള്ള രോഗം ഉണ്ടെങ്കിൽ വിശ്രമിക്കുക. അൽപം വിശ്രമം നിങ്ങളുടെ ശരീരത്തിന്റെ ശക്തിയും, ഓജസ്സും വീണ്ടെടുക്കുന്നതിന് സഹായിക്കും അതിനാൽ നിങ്ങളുടെ ശരീരത്തി നോടും കരുണ കാണിക്കുക.

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇതിലുള്ള ആശയങ്ങൾ അർത്ഥവത്താണെന്ന് തോന്നുകയാണെങ്കിൽ മറ്റുള്ളവരിലേക്കും പങ്കുവച്ച് എത്തിക്കുക.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Comments