അടഞ്ഞ മനസ്സുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം

അടഞ്ഞ മനസ്സുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം
.............................................................................

അടഞ്ഞുപോയ മനസ്സുകൾക്കിടയിൽ ആണ് ഈ കാലഘട്ടത്തിൽ നമുക്ക് പലപ്പോഴും ജീവിക്കേണ്ടതായി വരുന്നത്. പലരും സ്വന്തം ഹൃദയത്തിന്റെ വാതായനങ്ങൾ മറ്റുള്ളവർക്ക് മുൻപിൽ കൊട്ടിയടച്ചു സ്വന്തം ലോകത്തിൽ വ്യാപരിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ഇത്തരം മാനസികാവസ്ഥ നമ്മൾ വെച്ചുപുലർത്തുമ്പോൾ അതിൽ ചില അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് അത് നമ്മുടെ ദുർബലനിമിഷങ്ങളിൽ തലപൊക്കി പുറത്തുവരാൻ സാധ്യതയുണ്ട്. ഇന്ന് നമ്മുടെ കൊച്ച് കേരളത്തിലെ ഗ്രാമങ്ങളിൽ പോലും പരസ്പരം ഇടപഴകി ജീവിക്കാൻ ഉള്ള അവസരങ്ങൾ ഇല്ലാതാകുമ്പോഴാണ് പലരും ഒറ്റപ്പെട്ട് പോകുന്നത അവസ്ഥ ഉണ്ടാകുന്നത്. പലപ്പോഴും നമ്മുടെ അഭിരുചികളെ പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു അവസ്ഥയിൽ ഇന്നത്തെ തിരക്കുപിടിച്ച ജീവിതം നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നു. കുടുംബത്തിലുള്ളവർ പോലും പരസ്പരം മനസ്സുതുറന്ന് സംസാരിക്കാതെ ഇന്നത്തെ ആധുനിക ഫോർ ജി ലോകത്ത് സ്വയമൊരു കൂടുകൂട്ടി ഒരു സെൽഫോണും നെഞ്ചോടു ചേർത്ത് പിടിച്ചു അതിൽ ഒതുങ്ങിക്കൂടി സംതൃപ്തിയോടെ ജീവിക്കുന്ന മനോഭാവമാണ് ഇന്ന് കൂടുതലും കണ്ടുവരുന്നത്. വീട്ടിനകത്ത് ജീവിക്കുന്നവരുടെ മനസ്സ് തുറന്നു കിടക്കുമ്പോൾ അവിടെ രഹസ്യ ജീവിതത്തീന് സ്ഥാനം ഇല്ലാതാകുന്നു. വീട്ടിലുള്ള വാതിലുകൾ തുറന്നിടുന്ന പോലെത്തന്നെ അവിടെ ജീവിക്കുന്നവരുടെ മനസ്സം തുറന്നതായിരിക്കണം. സമ്മർദമില്ലാത്ത ജീവിതം മനസ്സിനോടൊപ്പം തന്നെ ശരീരത്തിന് ആരോഗ്യം നൽകുന്നു.ആ ആരോഗ്യജീവിതം നമുക്ക് വീണ്ടും വീണ്ടും ജീവിക്കണമെന്ന് ആഗ്രഹം ഉണ്ടാകുന്നു. മനസ്സിലേക്ക് ഇറങ്ങുക എന്നതിനർത്ഥം മനസ്സ് തുറക്കുക എന്ന് തന്നെയാണ്. നിങ്ങൾക്ക് അതിന് കഴിഞ്ഞില്ലെങ്കിൽ മാനസികവും ശാരീരികവുമായ ശൂന്യത അനുഭവപ്പെടുന്നത് സ്വാഭാവികം മാത്രമാണ്. ജീവിതത്തിൽ ചില മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്നതിലൂടെ സ്വന്തം ജീവിതം തന്നെ നമുക്ക് മറ്റുള്ളവർക്ക് ഒരു വെളിച്ചമായി മാറ്റുവാൻ സാധിക്കുന്നു. മാതാപിതാക്കൾ മക്കളോട് മനസ്സുതുറന്ന് വർത്തമാനം പറയുമ്പോൾ മക്കളുടെ മനസ്സ് അറിയാതെ തുറന്നു പോകുന്നു. അപകടകരമായി പോകുന്ന വഴികളിൽ നിന്നും നിങ്ങളുടെ മക്കളെ പ്രതിരോധിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു മനശാസ്ത്ര സമീപനമാണിത്. ഒരിക്കലും ഒരു വ്യക്തിയെ നിരന്തരമായി നിരീക്ഷിച്ചത് കൊണ്ടും, വഴക്ക് പറഞ്ഞതുകൊണ്ടു നമുക്ക് മാറ്റിയെടുക്കാൻ സാധിക്കില്ല. അതേസമയം സ്നേഹം കൊണ്ട് അത് സാധ്യമാകും സ്നേഹത്തണലിൽ ഉറച്ചുനിന്നുകൊണ്ട് മാത്രമെ മറ്റുള്ളവരെ മാറ്റി എടുക്കാൻ സാധിക്കുകയുള്ളൂ. ആനന്ദത്തോടെ ജീവിക്കുക എന്നത് ഓരോ മനുഷ്യരുടെയും ആഗ്രഹമാണ് അത്തരം ആനന്ദത്തോടെ കൂടിയുള്ള ജീവിതം നിങ്ങൾക്ക് ദീർഘായുസ്സ് നൽകും. നമ്മുടെ ജീവിതം എന്തിനോ വേണ്ടിയുള്ള തിരക്കിലാണ് അവനവന് തന്നെ തിരിച്ചറിയാൻ കഴിയാത്ത തിരക്കുകൾ നിങ്ങളുടെ മനസ്സിന് നൽകുന്ന ചിന്താഭാരം തന്നെയാണ് നിങ്ങളുടെ ശരീരത്തിന്റെ ക്ഷീണത്തിന് പ്രധാനമായ കാരണം ആണ്. ഇത് കുറച്ചു കൊണ്ടുവരിക എന്നത് നമ്മുടെ ശരീരത്തോടും മനസ്സിനോടും നാം കാണിക്കുന്ന ഏറ്റവും വലിയ കരുണ ആയിരിക്കും. ഇന്ന് പരസ്പരം മനസ്സുതുറന്ന് വർത്തമാനം പറയുന്ന രീതി സ്വന്തം കുടുംബത്തിൽ തന്നെ കുറഞ്ഞ് പോയതിനാൽ ഇന്നത്തെ യുവാക്കളുടെയും, കൗമാരക്കാരുടെ ഇടയിൽ ഉണ്ടാകുന്ന ആത്മഹത്യ നിരക്ക് കൂടിക്കൊണ്ട് ഇരിക്കുകയാണ്. അതിനാൽ തന്നെ ജീവിതത്തിലെ ഏത് പ്രശ്നത്തെയും ഏറ്റവും അടുപ്പമുള്ളവരോട് തുറന്ന് പറയുക എന്ന ബാലപാഠമാണ് ജീവിതത്തിൽ നാം ആദ്യം പഠിക്കേണ്ടത്. ആത്മഹത്യ ജനകീയ വൽക്കരിക്കപ്പെട്ട ഒരു സമൂഹമായി കേരളം മാറിക്കഴിഞ്ഞു അതിന് പ്രധാനകാരണം ഇത്തരം അടഞ്ഞ മനസ്സുകൾ തിങ്ങിപ്പാർക്കുന്ന കുടുംബ പശ്ചാത്തലവും, ഈ ആധുനിക യുഗത്തിലെ കുടുംബ വ്യവസ്ഥയുമായും ആയി ഇതിനു വളരെയധികം ബന്ധമുണ്ട്. ചുരുക്കത്തിൽ ഇന്ന് കുടുംബജീവിതത്തിൽ പരസ്പരം മനസ്സുതുറന്ന് സംസാരിക്കാനുള്ള പ്രവണത കുറഞ്ഞുവരുന്നു. ജീവിതത്തെ നിയന്ത്രിക്കുന്നതിലും, മുന്നോട്ട് നയിക്കുന്നതിലും സംഭവിക്കുന്ന പാകപ്പിഴകളാണ് പലരുടെയും ജീവിത പരാജയത്തിന് കാരണം. അതിനാൽ നിങ്ങൾ മനസ്സിലാക്കേണ്ട ഒരേയൊരു കാര്യം ഇതാണ് ജീവിതം എന്നത് നിരന്തരം തിരുത്തപ്പെടേണ്ട ഒരു പുസ്തകമാണ് അപൂർണ്ണമായ നിങ്ങളുടെ ജീവിതത്തിലെ തിരുത്തലുകൾ മാത്രമാണ് പൂർണ്ണമായുള്ളത് എന്ന യാഥാർത്ഥ്യം തിരിച്ചറിയുക. ഇന്നത്തെ കുടുംബ ജീവിതത്തിലും വ്യക്തിജീവിതത്തിൽ നിന്നും ചോർന്നുപോയത് സ്നേഹമെന്ന വികാരം ആണ് ആ സ്നേഹത്തിന്റെ അസാന്നിദ്ധ്യം ബന്ധങ്ങളുടെ വലിപ്പത്തെ ചെറുതാക്കി തീർത്തു. അങ്ങനെ ഓരോ വ്യക്തിക്കും ഓരോ ലോകം എന്ന അവസ്ഥയിലേക്ക് നാം എത്തിച്ചേർന്നു. ജീവിതത്തിലെ ചില സുപ്രധാന ഘട്ടങ്ങളിൽ ഒരു തീരുമാനം എടുക്കുന്നതിനും, സ്വയം തിരിച്ചറിയുന്നതിനും, പ്രതികരിക്കുന്നതിനും കഴിയാത്ത മനസ്സ് ഒടുവിൽ ജീവിതത്തിൽനിന്ന് ഒളിച്ചോടാൻ തത്രപ്പാട് കൂട്ടുമ്പോൾ ആത്മഹത്യ എന്ന തിരഞ്ഞെടുപ്പ് നടത്താൻ പലരും നിർബന്ധിതരാവുന്നു. യഥാർത്ഥത്തിൽ ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒളിച്ചോടാൻ ആഗ്രഹിക്കുന്നവർ അവസാനം കണ്ടെത്തുന്ന ഒരു എളുപ്പത്തിലുള്ള പോംവഴിയാണ് ആത്മഹത്യ എന്നത്. ഈ ശുഷ്കമായ ജീവിതത്തിൽ നമുക്കുണ്ടാകുന്നു വേദനകളെയും, ദുഃഖങ്ങളെയും, പ്രതിസന്ധികളെയും ഇറക്കിവെക്കുന്ന ഒരിടം കുടുംബത്തിലോ, സുഹൃത്തുക്കളുടെ ഇടയിലോ ഓരോ വ്യക്തിക്കും ഉണ്ടാകണം അതല്ലെങ്കിൽ ഉണ്ടാക്കിയെടുക്കണം എങ്കിൽ മാത്രമേ ഇതിനൊരു തടയിടാൻ നമുക്ക് സാധിക്കുകയുള്ളൂ. മിക്കവാറും ആത്മഹത്യ ചെയ്യുന്നത് ഏതെങ്കിലും തരത്തിൽ മാനസിക രോഗം ഉള്ളവരാണ് വിഷാദം, ബൈപോളാർ ഡിസോർഡർ, ഉത്കണ്ഠ, അല്ലെങ്കിൽ സ്കീസോഫ്രീനിയ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആത്മഹത്യ പ്രവണത എന്നത് ഒരു രോഗമായി തന്നെയാണ് കണക്കാക്കുന്നത് സ്വന്തം ആത്മാവിനെ തന്നെ ഒരു വ്യക്തി ഹനിക്കുന്ന രോഗം. ഇതിന് പലപ്പോഴും കാരണമാകുന്നത് സ്വന്തം മനസ്സിനെയും ഹൃദയത്തെയും വാതായനങ്ങൾ മറ്റുള്ളവർക്ക് മുമ്പിൽ അടച്ചിട്ട സ്വയം ഒരു കൂട് കൂട്ടി അതിലിരിക്കുന്ന മനോഭാവം ആണെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. തുടക്കത്തിൽതന്നെ ഇത്തരം പ്രവണതകൾ വച്ചു പുലർത്തുന്നവരെ കണ്ടുപിടിക്കാൻ കുടുംബാംഗങ്ങൾക്കും, അവരുടെ അടുത്ത സുഹൃത്തുക്കൾക്കും സാധിക്കുകയാണെങ്കിൽ ഇവരെ ആത്മഹത്യയുടെ കരാളഹസ്തങ്ങളിൽ നിന്നും രക്ഷിക്കുവാൻ നമുക്ക് സാധിക്കും.

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇതിലുള്ള ആശയങ്ങൾ അർത്ഥവത്താണെന്ന് തോന്നുകയാണെങ്കിൽ മറ്റുള്ളവരിലേക്കും പങ്കുവച്ച് എത്തിക്കുക.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Comments