മുടി നരച്ചാൽ മാത്രമേ നല്ല ആയുർവേദ ഡോക്ടറാവൂ......?

മുടി നരച്ചാൽ മാത്രമേ നല്ല ആയുർവേദ ഡോക്ടറാവൂ......?

ഇടയ്ക്കിടയ്ക്ക് ചില രോഗികൾ എന്നെക്കുറിച്ച് ആരെങ്കിലുമൊക്കെ പറഞ്ഞ് കേട്ടിട്ടോ, അതുമല്ലെങ്കിൽ മറ്റേതെങ്കിലും സ്രോതസ്സുകളുടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്റെ എടുത്ത് ചികിത്സയ്ക്കായി വരാറുണ്ട്, എന്നിട്ട് അതിശയോക്തിയോടെ അവരിൽ ഭൂരിഭാഗം പേരും ചോദിക്കുന്ന ആദ്യ ചോദ്യം ഇതായിരിക്കും......

പലർക്കും പൗസ് എന്ന് പറയാൻ ഒരു ബുദ്ധിമുട്ട് അനുഭവപ്പെടാറുമുണ്ട് അതുകൊണ്ട് പയസ് പൗലോസ് ഡോക്ടറല്ലേ? അല്ലെങ്കിൽ പൗലോസ് ഡോക്ടറല്ലേ? എന്നാണ് ചോദിക്കാറ് ചിലപ്പോൾ ചില പ്രായമായ അമ്മച്ചിമാർ വന്നിട്ട് ഫൗസ് ഡോക്ടറല്ലേ എന്ന് ചോദിക്കാറുണ്ട് പക്ഷേ പലപ്പോഴും ആ വിളി കേൾക്കാൻ ഒരു രസമാണ്.
ഞാൻ പറയും "അതേ പൗലോസ് ഡോക്ടറാണ്". അതിനുശേഷം അവർക്കൊക്കെ ഉള്ള ഒരു പൊതുവായ സംശയം ചില രോഗികൾ എങ്കിലും തുറന്ന് പ്രകടിപ്പിക്കാറുണ്ട് "ഞാൻ വിചാരിച്ചു പൗലോസ് ഡോക്ടർ എന്നൊക്കെ കേട്ടപ്പോ നല്ല പ്രായമായിട്ടുള്ള ആളാണെന്ന് പക്ഷേ പൗലോസ് ഡോക്ടർ ചെറുപ്പം ആണല്ലോ...." എന്നിട്ട് രോഗികൾ വളരെ മനോഹരമായി എന്ന നോക്കി വെളുക്കനെ ഒന്ന് ചിരിക്കും ഞാനും ഇതുകേട്ട് പലപ്പോഴും ആത്മനിർവൃതി അടഞ്ഞ് പുഞ്ചിരിച്ച് പോകാറുണ്ട്. ശരിക്കും പറഞ്ഞാൽ കേൾക്കുമ്പോൾ ഒരു സന്തോഷം തോന്നും. എന്നാലും നമ്മൾ മലയാളികളുടെ....ഭൂരിഭാഗവും പഴയ തലമുറയിലുള്ളവർ പുതിയ തലമുറയിലുള്ളവർക്ക് ഇത്രയ്ക്കും ചിന്താഭാരം അനുഭവപ്പെടാറില്ല ഉള്ള ഒരു പൊതു മനോഭാവമാണ് ഇതിൽനിന്ന് വ്യക്തമാകുന്നത് "തലമുടി നരച്ചാൽ മാത്രമേ നല്ലൊരു ആയുർവേദ ഡോക്ടർ ആവൂ അല്ലെങ്കിൽ പാരമ്പര്യം ഉള്ളവർക്ക് മാത്രമേ നല്ലൊരു ആയുർവേദ ഡോക്ടർ ആകാൻ കഴിയൂ", കാരണം പാരമ്പര്യ ആയുർവേദ ഡോക്ടർമാർക്ക് രോഗം വന്നാൽ ചികിത്സിക്കാൻ ആയുർവേദത്തിലെ ചില "രഹസ്യ കൂട്ടുകൾ" അല്ലെങ്കിൽ ആർക്കും അറിയാത്ത രഹസ്യം ആയിട്ടുള്ള മരുന്നുകളൊക്കെ ഉണ്ടെന്നാണ് ജനങ്ങളുടെ പൊതുവേയുള്ള മിഥ്യാധാരണ. അതുമല്ലെങ്കിൽ വേറെ ഒരു രസകരമായി ഉള്ള ധാരണ ഇതാണ് നല്ല ഒരു ആയുർവേദ വൈദ്യൻ ആകണമെങ്കിൽ നാട്ടുവൈദ്യം, കാട്ടുവൈദ്യം, ഗൃഹവൈദ്യം, തെരുവ് വൈദ്യം, ലാടവൈദ്യം ഇങ്ങനെയുള്ള ഏതെങ്കിലും ഉടായിപ്പ് വൈദ്യം അറിഞ്ഞിരിക്കണം. അല്ലാതെ അഞ്ചരവർഷം ബി.എ.എം.എസും മൂന്നുവർഷം പോസ്റ്റ് ഗ്രാജുവേഷനും കഴിഞ്ഞിറങ്ങിയ പുതിയ തലമുറയ്ക്ക് വലിയ അറിവും, വിവരവും ഒന്നും ആയുർവേദത്തിൽ ഇല്ല എന്നുള്ള പരമ്പരാഗത ധാരണ ഇതേവരെ ഭൂരിഭാഗം പേരുടെയും മനസ്സിൽ നിന്നും പോയിട്ടില്ല. എനിക്ക് തോന്നുന്നു ഇന്നിറങ്ങുന്ന പുതിയ തലമുറയിലെ ഡോക്ടർമാർ ഒരുപക്ഷേ ഈ പഴയ തലമുറയിലെ മുടി നരച്ച ഡോക്ടർമാരെക്കാളും മികച്ച രീതിയിൽ തന്നെ ആയുർവേദ പരിശീലനം കഴിഞ്ഞിറങ്ങുന്നവരാണ്. അതുൾക്കൊള്ളാൻ പൊതുജനങ്ങൾക്ക് ഇപ്പോഴും പ്രയാസമാണ്. ഇത്തരത്തിലുള്ള ധാരണകളും, പരമ്പരാഗത വിശ്വാസങ്ങളും കാലം തന്നെ മാറ്റേണ്ടി വരും. എനിക്കിവിടെ നിങ്ങളോട് പറയാനുള്ളത് പാരമ്പര്യം ഇല്ലെങ്കിലും നാട്ടുവൈദ്യവും, കാട്ടുവൈദ്യവും പല പുതിയ ആയുർവേദ ഡോക്ടർമാർക്കും ഞാനുൾപ്പെടെ അറിയില്ലെങ്കിലും അവരും ആയുർവേദ ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി ചികിത്സിക്കാൻ അറിവും, കഴിവും ഉള്ളവരാണ്. അതുമാത്രമല്ല ഒരു കാര്യം കൂടി നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു "മുടി നരക്കുന്നത്" അല്ല ആയുർവേദ ശാസ്ത്രം അറിയാം എന്നുള്ളതിന്റെ ലക്ഷണം അതിനാൽ ആയുർവേദ വൈദ്യന്മാരെ കുറിച്ചുള്ള ഈ "ലക്ഷണശാസ്ത്രം" നിങ്ങളുടെ മനസ്സിൽ നിന്നും ദൂരെ കളയുക. എന്താണെന്നറിയില്ല ഈയൊരു ചിന്ത നിങ്ങളുമായി പങ്കുവയ്ക്കണമെന്നു തോന്നി......

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

Comments