ഈ മരുന്നിനെക്കുറിച്ച് ഡോക്ടർക്ക് എന്താ അഭിപ്രായം.......?

ഈ മരുന്നിനെക്കുറിച്ച് ഡോക്ടർക്ക് എന്താ അഭിപ്രായം.......?

"ഗൂഗിൾ വൈദ്യം" കൊടികുത്തിവാഴുന്ന ഈ കാലഘട്ടത്തിൽ പലപ്പോഴും രോഗം വന്നാൽ രോഗി ആദ്യം "ഗൂഗിൾ വൈദ്യന്റെ" അടുത്തേക്കാണ് പോകാറ്. അതിനുശേഷം ഗൂഗിളിൽ തെളിഞ്ഞു വരുന്ന പല ലേഖനങ്ങൾ വായിച്ച് വളരെ ആത്മവിശ്വാസത്തോടെ സ്വയംചികിത്സ ചെയ്യാൻ അവിടെ വായിച്ചറിഞ്ഞ മരുന്നുകളെ കുറിച്ച് ആധികാരികമായി സംശയം ചോദിക്കുന്നത് പലപ്പോഴും മരുന്നു കൗണ്ടറിൽ മരുന്ന് എടുത്തുകൊടുക്കാൻ നിൽക്കുന്ന "കൗണ്ടർ വൈദ്യനോട്" ആയിരിക്കും എന്നത് വളരെ രസകരമായ വസ്തുതയാണ്. അതിനാൽ വിവരസാങ്കേതിക വിദ്യയുടെ തള്ളിക്കയറ്റം ഉള്ള ഈ കാലഘട്ടത്തിൽ പല രോഗികളും ആയുർവേദ ചികിത്സക്കായി

പോകുന്നതിന് മുമ്പ് ഗൂഗിൾ വൈദ്യനേയും, കൗണ്ടർ വൈദ്യനേയും കണ്ട് അവർ പറഞ്ഞ മരുന്നുകളെല്ലാം പരീക്ഷിച്ച് പരാജയപ്പെട്ടതിന് ശേഷം മാത്രമേ പലപ്പോഴും ആയുർവേദ ഡോക്ടർമാരുടെ അടുത്ത് ചികിത്സക്കായി വരാറുള്ളൂ. എന്നിട്ട് നമ്മൾ ആലോചിച്ച് ചിന്തിച്ച് ദോഷങ്ങളെ നിരൂപണം നടത്തി മരുന്ന് എഴുതി കഴിയുമ്പോൾ ചിലപ്പോൾ രോഗികൾ അവരുടെ രോഗാവസ്ഥയ്ക്ക് ഫലപ്രദമെന്ന് എവിടെയോ കണ്ടോ,കേട്ടോ അറിഞ്ഞ ഏതെങ്കിലും ഒരു ആയുർവേദ മരുന്നിനെ കുറിച്ചുള്ള വ്യാകുലത അവരുടെ സ്വതസിദ്ധമായ ശൈലിയിൽ ചോദിക്കാറുണ്ട് " അതേ ഡോക്ടറെ ഡോക്ടർക്ക് ഈ മരുന്നിനെ കുറിച്ച് എന്താ അഭിപ്രായം........?" അപ്പോൾ ഞാൻ വളരെ ശാന്തമായി "ഈ മരുന്നിനെക്കുറിച്ച് എവിടെനിന്നാ അറിഞ്ഞത് ചേട്ടാ/ചേച്ചി" എന്ന് ചോദിച്ചാൽ പലപ്പോഴും രോഗികൾ വളരെ അഭിമാനത്തോടു കൂടി ഗൂഗിൾ വൈദ്യനെ കുറിച്ച് പറയും "ഞാൻ ഈ മരുന്ന് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ കിട്ടിയതാണ് ഈ രോഗത്തിന് ഈ മരുന്ന് വളരെ നല്ലതാണെന്ന് അതിൽ എഴുതിയിട്ടുണ്ട് " അതല്ലെങ്കിൽ വേറെ ഒരു ഉത്തരം ഇതായിരിക്കും "ഈ മരുന്ന് ഈ രോഗത്തിന് 'ബെസ്റ്റാ' എന്ന് എന്നോട് ഒരു രോഗി പറഞ്ഞു, അല്ലെങ്കിൽ മരുന്ന് കൗണ്ടറിൽ നിൽക്കുന്ന ഒരു കൗണ്ടർ വൈദ്യൻ നിർദേശിച്ചതാണ്, അല്ലെങ്കിൽ അടുത്ത ഏതെങ്കിലും ബന്ധു പറഞ്ഞു , അല്ലെങ്കിൽ ഒരു പരസ്യത്തിൽ കണ്ടു...... ഇങ്ങനെ പോകും ആ മരുന്നിനെ കുറിച്ചുള്ള തിരക്കഥ" ചിലപ്പോഴൊക്കെ ഈ ഉത്തരം കേൾക്കുമ്പോൾ എനിക്ക് കുറച്ച് അസഹിഷ്ണുത വരും കാരണം തല പുകഞ്ഞ് നമ്മൾ മരുന്ന് എഴുതിയതൊക്കെ വെറുതെയായി. മരുന്ന് എഴുതി കഴിയുമ്പോൾ ഇത്തരം ചോദ്യങ്ങൾ കേട്ടാൽ ഏത് ഡോക്ടർക്കും ഒരു അസഹിഷ്ണുത അറിയാതെ വരും. അത് എനിക്കും ചിലപ്പോഴൊക്കെ വന്നു പോകാറുണ്ട്, എന്നാലും വളരെ സ്നേഹത്തോടെ കുറച്ചുസമയം മെനക്കെട്ട് ആയുർവേദ ശാസ്ത്രം ഇത്തരത്തിൽ സംശയങ്ങൾ ഉള്ള രോഗികളെ അവിടെയിരുത്തി ഒരു പത്തുമിനിറ്റ് ഹൃസ്വമായ ഒരു ക്ലാസ്സ് എടുത്ത് കൊടുക്കും "പ്രിയപ്പെട്ട ചേട്ടാ/ ചേച്ചി ആയുർവേദം എന്നുപറയുന്നത് ലേഖനം വായിച്ച് ചികിത്സിക്കൽ അല്ല, അത് രോഗിയെ കണ്ട്, രോഗിയുടെ ശരീരത്തിലെ ത്രിദോഷങ്ങളെ അടിസ്ഥാനപ്പെടുത്തി അതിനെ ദോഷ നിരൂപണം ചെയ്തു, രോഗിയുടെ ധാതുക്കളുടെ അവസ്ഥ അറിഞ്ഞ്, ശരീരബലവും, അഗ്നിബലവും നോക്കി,ത്രിദോഷ സിദ്ധാന്തത്തെയും, പഞ്ചഭൂത സിദ്ധാന്തത്തെയും, അഷ്ടസ്ഥാന പരീക്ഷയുടെയും അടിസ്ഥാനത്തിൽ രോഗിയെയും, രോഗത്തെയും വിശകലനം ചെയ്ത് ആ രോഗിക്ക് വേണ്ടി മാത്രം എഴുതപ്പെടുന്ന മരുന്നുകളാണ്. ആ മരുന്ന് ഒരു വൈദ്യനാൽ ഒരു രോഗിക്ക് കുറിക്കപ്പെട്ടു കഴിഞ്ഞാൽ ആ രോഗിക്ക് കിട്ടിയ ഫലം മറ്റൊരു രോഗിക്ക് കിട്ടിയെന്നു വരില്ല കാരണം ദോഷ അവസ്ഥയ്ക്കും, രോഗാവസ്ഥയ്ക്കും അനുസരിച്ച് ഓരോ രോഗിയും വ്യത്യസ്തരാണ് . നിങ്ങൾക്ക് ഞാനിപ്പോൾ കുറിക്കുന്ന മരുന്ന് ഉപയോഗിച്ച് നിങ്ങളുടെ രോഗം മാറിയെന്ന് വരാം. എന്നാൽ നിങ്ങൾ ദയവുചെയ്ത് ഇതേ മരുന്ന് ഉപയോഗിച്ചാൽ വേറൊരാൾക്ക് നിങ്ങൾക്ക് ഉണ്ടായ പോലെയുള്ള അസുഖം മാറുമെന്ന് സ്നേഹത്തോടുകൂടി നിർദേശിക്കുരുത് കാരണം അയാളുടെ അവസ്ഥയ്ക്കനുസരിച്ച് വേറെ ചില മരുന്നുകൾ ആണ് അയാൾക്ക് അനുയോജ്യമായി വരിക . നിങ്ങൾ ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തികൾ മറ്റൊരു രോഗിക്ക് ചെയ്യുന്നതുമൂലം രണ്ടുകാര്യങ്ങളാണ് സംഭവിക്കുന്നത് ഒന്ന് അയാളുടെ രോഗം മാറില്ല രണ്ടാമത് ആയുർവേദത്തിലുള്ള അയാളുടെ വിശ്വാസം നഷ്ടപ്പെട്ടും. അതിനാൽ ദയവു ചെയ്തു ഇത്തരം സൽകൃത്യങ്ങൾ ചെയ്യാതിരിക്കുക. ഈ രോഗം വന്നാൽ ഈ മരുന്ന് കഴിക്കൂ, അ രോഗം വന്നാൽ ആ മരുന്ന് കഴിക്കൂ എന്നുള്ള മരുന്നുകമ്പനികളുടെ പരസ്യങ്ങൾ കണ്ടും,കേട്ടും അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അതൊന്നും വൈദ്യ നിർദ്ദേശമില്ലാതെ വാങ്ങി കഴിക്കരുത്. ചിലപ്പോൾ ആ മരുന്ന് സേവ തന്നെ നിങ്ങളെ ഒരു മാറാരോഗിയായി മാറ്റിയേക്കാം" പലപ്പോഴും ഇത്തരത്തിലുള്ള ക്ലിനിക്കൽ ബോധവൽക്കരണ ക്ലാസ്സുകൾ വളരെ താൽപര്യത്തോടും കൂടി കേൾക്കുന്നവരെയും അതുപോലെതന്നെ അസഹിഷ്ണുതയോട് കൂടി കേൾക്കുന്നവരെയും എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. ഈ ആധുനിക യുഗം എന്ന് പറയുന്നത് അറിവിന്റെയും, വിജ്ഞാനത്തിന്റെയും കുത്തൊഴുക്ക് ഉള്ള ഒരു കാലഘട്ടമാണ് ആ കുത്തൊഴുക്കിൽ ആകൃഷ്ടരായി സ്വയംചികിത്സ നടത്തി സ്വന്തം ശരീരത്തെ ബലിയാട് ആക്കാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം.രോഗം മാറാൻ ഇത്തരം കുറുക്കുവഴികൾ നമ്മൾ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് സംഭവിക്കാൻ സാധ്യതയുള്ള പാളിച്ചകൾ തന്നെ നിങ്ങളെ ഒരു രോഗിയാക്കി മാറ്റിയേക്കാം.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

Comments