പൊണ്ണത്തടി എന്ന ജീവിതശൈലി രോഗമുള്ളവർ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ





"പൊണ്ണത്തടി" എന്ന ജീവിതശൈലി രോഗമുള്ളവരും ശരീരം ''തടിക്കാൻ'' വേണ്ടി കഷ്ടപ്പെടുന്നവരും അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

...................................................



മെലിഞ്ഞിരിക്കുന്ന ശരീരത്തെ തടിപ്പിക്കുക എന്നതും നല്ല കൊഴുത്തുരുണ്ട ശരീരം സ്വന്തമാക്കുക എന്നതും കേരളത്തിലെ ഭൂരിഭാഗം സ്ത്രീയുടെയും പുരുഷന്റെയും ഒരു സ്വപ്നമാണ്. ഇത്തരത്തിൽ മെലിഞ്ഞിരിക്കുന്ന ശരീരത്തെ തടിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇടയ്ക്ക് എന്റെ അടുത്തത് മെലിഞ്ഞ ശരീരം എന്ന അപകർഷതാബോധവും പേറി ചില വ്യക്തികൾ ചികിത്സയ്ക്കായി വരാറുണ്ട്, അവരെ ഒരിക്കലും രോഗികൾ എന്ന് ഞാൻ പറയില്ല കാരണം മെലിഞ്ഞിരിക്കുക എന്നത് ഒരു രോഗാവസ്ഥയല്ല ചില പാരമ്പര്യമായ ജനതക ഘടനകൾ കാരണം ശരീരം വളർച്ചയുടെ ചില ഘട്ടങ്ങളിൽ ചിലപ്പോൾ കൗമാരപ്രായത്തിലും, ബാല്യകാലത്തിലും ഒക്കെ എത്ര ഭക്ഷണം കഴിച്ചാലും മെലിഞ്ഞിരിക്കും. മെലിഞ്ഞ ശരീരപ്രകൃതിയുള്ള അപ്പന്റെയും അമ്മയുടെയും മക്കൾ ഒരു പ്രായം വരെ മെലിഞ്ഞിരിക്കും. ഇതു മനസ്സിലാക്കാതെ ആ പാവം കുട്ടികളെ തടിപ്പിക്കാൻ വേണ്ടി വലിച്ചു വാരി തിന്നാൻ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കൾ അവരെ യഥാർത്ഥത്തിൽ രോഗികൾ ആക്കുകയാണ് ചെയ്യുന്നത്. മെലിഞ്ഞ ശരീരം ഒരു അനുഗ്രഹമായിട്ടും അതുപോലെതന്നെ തടിച്ച ശരീരം പല രോഗങ്ങളുടെയും വാസസ്ഥലവും, പല രോഗങ്ങൾക്കും ഒരു കാരണം ആയിട്ടും ആണ് ആയുർവേദത്തിൽ പറയുന്നത്. ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ഈ മെലിഞ്ഞ വ്യക്തികളുടെ പ്രധാന വിഷമം നാട്ടുകാരും,വീട്ടുകാരും, ബന്ധുക്കളും പങ്കുവെക്കുന്ന വ്യാകുലതകൾ ആണ് അത് പ്രധാനമായും ഇങ്ങനെയൊക്കെയാണ് "എന്താ മോനെ/മോളെ മെലിഞ്ഞിരിക്കുന്ന? വീട്ടിൽ തിന്നാൻ ഒന്നുമില്ലേ? എന്താ ശരീരം നന്നാവാത്തേ ?ശരീരത്തിൽ ഒന്നും പിടിക്കുന്നില്ല? എന്നൊക്കെ ചോദിച്ച് ആ പാവം മനുഷ്യന് പരമാവധി അപകർഷതാബോധവും ഉണ്ടാക്കി ക്കൊടുക്കാൻ പലപ്പോഴും ഞാൻ മേൽപ്പറഞ്ഞ ആളുകൾ മത്സരിക്കാറുണ്ട്. ഇങ്ങനെയുള്ള കർണകഠോരമായ ചോദ്യങ്ങൾ ചോദിച്ച് ആ വ്യക്തിയെ കൊണ്ട് ശരീരത്തിന് താങ്ങാവുന്നതിലധികം ഭക്ഷണം കഴിപ്പിച്ചു ആ വ്യക്തിയെ ഒരു തടിച്ചിയും/തടിയനുമായി കാണാതെ നാട്ടുകാർക്കും, വീട്ടുകാർക്കും ഒരു സമാധാനവും ഉണ്ടാവില്ല.ഇത്തരത്തിൽ നമ്മുടെ നാട്ടിൽ പരമ്പരാഗതമായി തടിച്ചികളെയും, തടിയൻമാരേയും സൃഷ്ടിച്ചു വരുന്നു. അതിനുശേഷം തടി കൂടി കൂടി കൂടി ഓരോരോ രോഗങ്ങൾ ജീവിതപങ്കാളിയായി വന്നു കൂടും. പിന്നീട് ആ രോഗവും പേറി ഡോക്ടറെ കാണുമ്പോഴാണ് ഈ പൊണ്ണത്തടി കാരണം ഉണ്ടായ രോഗങ്ങളെ ഒഴിവാക്കാൻ ഈ തിന്നു കൂട്ടിയ തടി കുറയ്ക്കണമെന്ന നഗ്ന സത്യം മനസ്സിലാക്കുന്നത്.അത് കേട്ട ഉടനെ പണ്ട് തടിവയ്ക്കാൻ ഭക്ഷണത്തോട് മല്ല് വെട്ടിയവർ പിന്നീട് ഭക്ഷണം കുറച്ച് വ്യായാമമൊക്കെ ചെയ്തു തടി കുറക്കാൻ ഇറങ്ങിത്തിരിക്കും. "ആരംഭശൂരത്വം" എന്നുപറഞ്ഞ് ഒരു സംഭവമുണ്ട് ആദ്യം കാണിച്ച ആവേശമൊന്നും പിന്നീട് കാണില്ല. തടികുറയ്ക്കാൻ ഓരോരോ കായിക അഭ്യാസങ്ങൾ അങ്ങ് ചെയ്തു തുടങ്ങും ഓട്ടം,ചാട്ടം,തലകുത്തി മറിയുക എന്ന് വേണ്ട എല്ലാ അഭ്യാസങ്ങളും കാണിക്കും. പക്ഷേ അപ്പോഴാണ് ആടുത്ത യാഥാർത്ഥ്യം മനസ്സിലാക്കുന്നത് നാട്ടുകാരെ കാണിക്കാനും സ്വയം സംതൃപ്തിയടയുന്നും ശരീരത്തിൽ ഉരുട്ടിക്കയറ്റിയ കൊഴുപ്പും മറ്റും അങ്ങനെ പെട്ടെന്ന് പോകില്ല എന്ന യാഥാർത്ഥ്യം. കുറച്ചെങ്കിലും കുറയണമെങ്കിൽ വളരെ കഷ്ടപ്പാടാണ് ഭക്ഷണനിയന്ത്രണം, വ്യായാമം ചെയ്യണം എന്നുവേണ്ട എല്ലാ പ്രക്രിയകളും ചിട്ടയായി ദീർഘകാലം ചെയ്താൽ കുറച്ച് തടി കുറയും . അതിന് കൂടുതൽ ആൾക്കാരും തയ്യാറാവാറില്ല അപ്പോൾ എന്തെങ്കിലും തരികിട ചെയ്തു തടി കുറയ്ക്കണം എന്നാകും അടുത്ത വേവലാതി പിന്നെയൊന്നും നോക്കില്ല മൊബൈൽ അങ്ങെടുത്തു നെറ്റിൽ സെർച്ച് ചെയ്യാൻ തുടങ്ങും പിന്നീട് എല്ലാം "ഗൂഗിൾ വൈദ്യരുടെ" കയ്യിലാണ്. പിന്നീട് ഇന്ന് മാർക്കറ്റിൽ തടികുറക്കാൻ ലഭ്യമായ എല്ലാ മരുന്നുകളും സ്വന്തം ശരീരത്തിൽ പരീക്ഷിക്കും അതുകൂടാതെ നാട്ടുവൈദ്യം, കാട്ടു വൈദ്യം, ഗൃഹവൈദ്യം എന്നു തുടങ്ങി എല്ലാ വൈദ്യവും സ്വന്തം ശരീരത്തിൽ പരീക്ഷിച്ചു പരീക്ഷിച്ച് സ്വന്തം ശരീരം തന്നെ ഒരു പരീക്ഷണവസ്തു ആക്കാൻ ആർക്കും ഒരു മടിയില്ല.സ്വന്തം ശരീരത്തിൽ ചെയ്യുന്ന ഇത്തരം പരീക്ഷണങ്ങൾ ക്കിടയിൽ ചിലർക്ക് മാരകമായ അസുഖങ്ങൾ പിടിപെടാറുണ്ട്. ചിലപ്പോൾ ചില അവയവങ്ങൾ തന്നെ അടിച്ചു പോകാറുണ്ട് ഇങ്ങനെയുള്ള വേദനിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് പലരും സ്വന്തം ശരീരത്തോട് ചെയ്യുന്ന ഈ പരീക്ഷണ ദ്രോഹങ്ങൾ അവസാനിപ്പിക്കുന്നത്.

ബോഡി മാസ് ഇൻഡക്സ് (BMI) എന്നുപറയുന്ന ഒരു സംഭവമുണ്ട് അതിലെ അളവുപയോഗിച്ചാണ്‌ ഒരു വ്യക്തി പൊണ്ണത്തടിയനാണോ എന്ന് തീരുമാനിക്കുന്നത്. നിങ്ങളുടെ ബി.എം.ഐ കണ്ടെത്തുന്നതിനു വേണ്ടി കിലോഗ്രാമിലുള്ള നിങ്ങളുടെ ശരീരഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ വര്‍ഗം കൊണ്ടു ഹരിച്ചാല്‍ കിട്ടുന്ന സംഖ്യയാണ് ബോഡി മാസ് ഇന്‍ഡക്‌സ് അഥവാ ബി.എം.ഐ. ഇത് 25ല്‍ താഴെ നില്‍ക്കുന്നതാണ് അനുയോജ്യം. 25നും 30നും ഇടയിലാണെങ്കില്‍ തൂക്കം കൂടുതലാണ്. 30ന് മുകളിലായാല്‍ പൊണ്ണത്തടിയായി കണക്കാക്കാം. അമിതമായ ഭക്ഷണം കഴിക്കാതെ തന്നെ പല കാരണങ്ങൾ കൊണ്ടും പൊണ്ണത്തടി വരാം ശരീരത്തിൽ ഹോർമോൺ തകരാറുണ്ടോ എന്ന് പരിശോധിക്കേണ്ടത് ചില ഘട്ടങ്ങളിൽ വളരെ അത്യാവശ്യമാണ് തൈറോഡ് ഗ്രന്ഥിയുടെ പ്രവർത്തനം ശരിക്കു നടക്കുന്നുണ്ടോയെന്നോ, അഡ്രിനാലിൻ ഗ്രന്ഥിയുടെ പ്രവർത്തനം മന്ദീഭവിച്ചിട്ടുണ്ടോയെന്നു തീർച്ചയായും അതിസ്ഥൗല്യം (അമിതവണ്ണം) ഉള്ളവർ പരിശോധിക്കേണ്ടതാണ്. ഭക്ഷണത്തിൽ കലോറികളുടെ ആധിക്യം, വ്യായാമക്കുറവ്, ജനിതകകാരണങ്ങൾ, അന്തഃസ്രാവീരോഗങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം എന്നിവയിലേതെങ്കിലും പൊണ്ണത്തടിക്ക് കാരണമാകാറുണ്ട്.പലകാരണങ്ങൾ കൊണ്ടാണ് കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകുന്നത്. ടിവിയുടെ അമിത ഉപയോ​ഗം, ഫാസ്റ്റ് ഫുഡിന്റെ ഉപയോ​ഗം, വ്യായാമമില്ലായ്മ എന്നിവയാണ് പ്രധാനമായി കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. അമിതവണ്ണം ഉള്ളവരിൽ ആയുര്‍ദൈഘ്യം കുറയും ഇടുപ്പിലും, പൃഷടഭാഗത്തും വേദന, സന്ധിവേദന, സന്ധിശോഥം, പ്രമേഹം, രക്തസമ്മര്‍ദ്ദം, മുട്ടുവേദന, കണങ്കാൽ വേദന, വന്ധ്യത, ഉറങ്ങുമ്പോൾ ശ്വാസതടസ്സം, ചില അർബുദങ്ങൾ, ഓസ്റ്റിയോആർത്രൈറ്റിസ്, രക്തസമ്മർദ്ദം, ഹൃദ്രോഗം, കരൾ രോഗം, മഹോദരം, വൃക്കരോഗം എന്നീ രോഗങ്ങൾ വരാനുള്ള സാധ്യത പൊണ്ണത്തടി മൂലം വർദ്ധിക്കുന്നു. പൊണ്ണത്തടിയുണ്ടെങ്കിൽ യുവജനങ്ങൾക്ക് പോലും ടൈപ്പ്‌ 2-ൽപ്പെട്ട പ്രമേഹം പിടിപെടാനുള്ള സാധ്യതയുണ്ട് അതുപോലെതന്നെ നിങ്ങളെ ഇന്‍സുലിന്‍ പ്രതിരോധത്തിലേക്ക് നയിക്കാന്‍ ഉദരഭാഗത്തെ കൊഴുപ്പിന് ശേഷിയുണ്ട്.പൊണ്ണത്തടിയുള്ളവരില്‍ അപകടകാരിയായ കൊളസ്‌ട്രോള്‍ ഘടകം, ട്രൈഗ്ലിസറൈഡ് നില ഉയര്‍ന്നിരിക്കും, നല്ല കൊളസ്‌ട്രോള്‍ നില കുറവും. ഉദരഭാഗത്തെ കൊഴുപ്പ് അതിറോസ്‌ക്ലീറോസിസിന് കാരണമാവാം. അമിത രക്തസമ്മര്‍ദമുള്ളവരില്‍ 75 ശതമാനത്തിലേറെപ്പേര്‍ക്കും ശരീരഭാരം കൂടുതലാണെന്ന്. കൃത്യമായ വ്യായാമവും ഭക്ഷണ ക്രമീകരണവും മാത്രമാണ് കുടവയർ കുറയ്‌ക്കാനുള്ള ഏകമാർഗം. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. എയ്‌റോബിക്‌സ് വ്യായാമമുറകളും യോഗയും വയർ കുറയ്‌ക്കാൻ ഏറെ പ്രയോജനം ചെയ്യും.പകലുറക്കം ഇല്ലാതിരിക്കുന്നതും തടികുറയ്ക്കാൻ നിങ്ങളെ സഹായിക്കും അതുപോലെ തന്നെ ഒരു മണിക്കൂർ കയ്യൊക്കെ ഒന്ന് വീശി നടക്കുന്നതും വളരെ നല്ലതാണ്. നാരുള്ള പച്ചക്കറി, പഴവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി അന്നജം കൂടുതലുള്ള ഭക്ഷണം നിയന്ത്രിക്കുന്നതും നല്ലതാണ്. അന്നജം കൂടുതലുള്ള പഴങ്ങളും കിഴങ്ങുവർഗങ്ങളും കുറയ്‌ക്കുക. ചോക്കലേറ്റ്, ഐസ്‌ക്രീം, ബേക്കറി പലഹാരം തുടങ്ങി കൊഴുപ്പടങ്ങിയതെന്തും പൂർണമായി ഒഴിവാക്കുക. അളവ് കുറച്ച് അത്താഴം കഴിവതും നേരത്തെയാക്കണം. ഭക്ഷണത്തിൽ പച്ചക്കറി കൂടുതൽ ഉൾപ്പെടുത്തണം.കൊഴുപ്പു കൂടിയ ആഹാരസാധനങ്ങൾ, മധുരപലഹാരങ്ങൾ, മത്സ്യം, മുട്ട, മാംസം, പാൽ, വെണ്ണ, നെയ്യ് എന്നിവയുടെ ഉപയോഗം അമിതമായാൽ മേദസ്സ് എന്ന ധാതു കൂടാനിടയുണ്ട് അതുകൂടി കൂടിയാണ് അവസാനം "ദുർമേദസ്" എന്ന് നമ്മൾ പറയുന്നത്. അനുദിനം ശരീരത്തിൽ അടിഞ്ഞുകൂടുന്ന മേദസ്സ് ശരീരത്തിന്റെ രൂപത്തിലും തൂക്കത്തിലും പ്രകടമായ മാറ്റം വരുത്തും.ഇനി ഞാൻ നിങ്ങൾക്ക് ഈ അമിതവണ്ണം കുറയ്ക്കാൻ ചില പൊടിക്കൈകൾ പറഞ്ഞുതരാം അതിരാവിലെ ഒരൗൺസ് എള്ളെണ്ണ സേവിച്ചാൽ അമിതവണ്ണം കുറഞ്ഞു കിട്ടും. അതേ പോലെ അതിരാവിലെ ശുദ്ധമായ തേൻ പച്ചവെള്ളത്തിൽ ഒഴിച്ചു കഴിച്ചാലും അമിതവണ്ണം കുറയും. ഉമി കളഞ്ഞ് യവം, ചാമ, തിന,നുറുക്ക് ഗോതമ്പ് മുതലായവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും തടി കുറയാൻ സഹായിക്കും. അതുപോലെതന്നെ മുതിര, ചെറുപയർ എന്നിവ ദുർമേദസ് കുറയ്‌ക്കും. വേങ്ങാക്കാതൽ കഷായം വെച്ച് ആറിയ ശേഷം തേൻ മേമ്പൊടി ചേർത്ത് സേവിച്ചാൽ അമിതവണ്ണം കുറയും.ത്രിഫലപ്പൊടി (കടുക്ക, നെല്ലിക്ക, താന്നിക്ക ഇവ സമം പൊടിച്ചെടുക്കുക) തേൻ ചേർത്തു കഴിച്ചാലും അമിതവണ്ണം കുറയും. ആയുർവേദ ഔഷധങ്ങളായ വരണാദി കഷായം, വരാദി കഷായം, അയസ്‌കൃതി, ലോഹഭസ്മം, കന്മദഭസ്മം, വിളംഗാദി ചൂർണ്ണം, കാഞ്ചനാര ഗുൽഗുലു, ത്രിഫലാ ഗുൽഗുലു, ഷഡ് ധരണം കഷായം, ഷഡ്ധരണ ചൂർണ്ണം മുതലായ ആയുർവേദ ഔഷധങ്ങൾ വൈദ്യ നിർദ്ദേശാനുസരണം കഴിക്കുന്നത് അമിതമായ വണ്ണം കുറയ്ക്കുന്നതിന് നിങ്ങളെ സഹായിക്കും.ആയുർവേദ പഞ്ചകർമ്മ ചികിത്സകൾ ആയ വസ്തി,വമനം,വിരേചനം, ഉദ്വർത്തനം, വിവിധതരം കിഴികൾ മുതലായ ചികിത്സാ രീതികൾ കൊണ്ടും അമിതമായ വണ്ണം ഒരു പരിധിവരെ നമുക്ക് കുറയ്ക്കുവാൻ സാധിക്കും.



ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇതിലുള്ള ആശയങ്ങൾ അർത്ഥവത്താണെന്ന് തോന്നുകയാണെങ്കിൽ മറ്റുള്ളവരിലേക്കും പങ്കുവച്ച് എത്തിക്കുക.



നന്ദി



ഡോ. പൗസ് പൗലോസ് BAMS, MS(Ay)



സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Comments