Random Post

കീടനാശിനിയുടെ ഉപയോഗം മനുഷ്യരെയാണോ കീടങ്ങളെ ആണോ കൊല്ലുന്നത്

കീടനാശിനിയുടെ ഉപയോഗം മനുഷ്യരെയാണോ കീടങ്ങളെ ആണോ കൊല്ലുന്നത്
........................................................

തികച്ചും വ്യത്യസ്തമായ ഒരു വിഷയമാണ് ഇന്ന് ഞാൻ നിങ്ങളുമായി പങ്കു വയ്ക്കുന്നത് കീടനാശിനികളുടെ അമിതമായ ഉപയോഗം നമ്മളിൽ പലരെയും രോഗികളാക്കുന്നു എന്ന വസ്തുത മുന്നിൽ കണ്ടുകൊണ്ട് ഈ ലേഖനം എഴുതുന്നത്. കൃഷി ഇടങ്ങളിൽ കീടനാശിനിയുടെ അമിതമായ ഉപയോഗം മൂലം പലരും മരിച്ചു എന്ന് ടി വിയിലൂടെയും മറ്റ് നവ മാധ്യമങ്ങളിലൂടെയും ഈയടുത്ത ദിവസങ്ങളിൽ നമ്മൾ കണ്ടതാണ്. അപ്പോഴാണ് ഈ കീടനാശിനിയെ കുറിച്ച് ഒന്ന് നെറ്റിൽ സെർച്ച് ചെയ്ത് നോക്കിയത് തികച്ചും ഭയപ്പെടുത്തുന്ന സെർച്ച് റിസൾട്ടുകൾ ആണ് എനിക്ക് ലഭിച്ചത്. പ്രകൃതിയുടെ ആവാസ വ്യവസ്ഥിതിയുടെ നിയമങ്ങൾക്കനുസരിച്ച് ഓരോ ചെറിയ കീടങ്ങൾക്കും അതിന്റെതായ ചില പങ്കുണ്ട്. ഈ കീടങ്ങളെ വിവിധ ജീവിതദശകളിൽ നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന വസ്തുക്കൾ കീടനാശിനി (Pesticide) എന്നറിയപ്പെടുന്നു. കീടനാശിനി ഉൾപ്പെടെ കുമിൾ വർഗത്തെ നശിപ്പിക്കുന്ന ഫൻജിസൈഡുകൾ (fungicides), എലിവർഗ്ഗങ്ങളെ നശിപ്പിക്കുന്ന റോഡന്റിസൈഡ്സ് (rodenticides), പാഴ്ചെടികളെ/കളകളെ നശിപ്പിക്കുന്ന ഹെർബിസൈഡ്സ്(herbicides), ഒച്ച്‌ നാശിനികൾ (molluscides) ബാക്ടീരിയനാശിനികൾ (bactericide), വിരനാശിനികൾ( nematicide), അണുനാശിനികൾ(disinfectants), ടിക്ക് / ഉണ്ണി നാശിനി (acaricide), അകറ്റുന്നവ (repellents) തുടങ്ങി ജൈവവും അജൈവവും ആയ നിരവധി കീടനാശിനികളുണ്ട്. കൃഷി, ആരോഗ്യം, മൃഗ സംരക്ഷണം തുടങ്ങി വിവധ മേഖലകളിൽ ഇവയുടെ ഉപയോഗം സർവ സാധാരണമാണ്. കാർഷീകോല്പാദന വർധനയുടെ പ്രധാന കാരണം ഇവയുടെ ഉപയോഗമാണ്. വിഷതീവ്രതയുടെ അടിസ്‌ഥാനത്തിൽ, ഉപയോക്താക്കൾക്കും പൊതുജനങ്ങൾക്കും പെട്ടെന്ന് തിരിച്ചറിയുന്നതിലേക്കായി ഇവ സൂക്ഷിക്കുന്ന പാത്രങ്ങൾക്ക് പുറത്ത് ഉപയോഗിക്കുന്ന ലേബലുകൾക്കുള്ളിൽ , തീവ്രതയുടെ അവരോഹണ ക്രമമനുസ്സരിച്ചു ചുവപ്പ്‌, മഞ്ഞ, നീല ,പച്ച നിറങ്ങളിലുള്ള ചതുര അടയാളം പ്രാമുഖ്യമായി അച്ചടിക്കണമെന്ന് നിയമം നിഷ്ക്കർഷിക്കുന്നു. വിഷം കുറഞ്ഞ കീടനാശിനികളെ യാണ് പച്ച ലേബൽ അടയാളപ്പെടുത്തിയിരിക്കുന്നത് ( Lightly toxic).നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനപ്പെട്ട വസ്തുത എന്തെന്നാൽ ലോക വ്യാപകമായി 30 ലക്ഷത്തോളം പേർക്ക് എല്ലാവർഷവും കീടനാശിനികളുടെ ഉപയോഗം മൂലം പല തരത്തിലുള്ള ഗുരുതര വിഷബാധ ഏൽക്കുകയും 2 ലക്ഷത്തോളം ജനങ്ങൾ മരണമടയുകയും ചെയ്യുന്നു. എന്റെ ചില കർഷക സുഹൃത്തുക്കൾ എന്നോട് വെള്ളപ്പൊക്കത്തിനു ശേഷം മണ്ണിന് പഴയ ഗുണമൊന്നുമില്ല എന്നും അതിനാൽ കീടനാശിനിയുടെ ഉപയോഗം കുറച്ചുകൂട്ടി അല്ലെങ്കിൽ വീട്ടാവശ്യത്തിന് ഉപയോഗിക്കാൻ പോലും പച്ചക്കറികൾ ലഭിക്കുന്നില്ല എന്നു പറഞ്ഞു.എനിക്ക് പറയാനുള്ളത് ഇത്തരത്തിൽ നമ്മൾ കീടനാശിനികൾ ഉപയോഗിക്കുമ്പോൾ കീടങ്ങളെയാണോ നമ്മളെയാണോ യഥാർത്ഥത്തിൽ കൊല്ലുന്നത് എന്ന് വീണ്ടും വിചാരം നടത്തേണ്ട സമയമായി.

അശാസ്ത്രീയമായ കീടനാശിനി ഉപയോഗം
.....................................................

അശാസ്ത്ര‍ീയമായ മരുന്നടിയാണ് മിക്കയിടങ്ങളിലും നടക്കുന്നത്. അതാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുന്നതും. പലതരം കീടനാശിനികൾ കൂട്ടിക്കലർത്തി അടിക്കുന്നതും പതിവാണ്. ഇതു ദോഷകരമായ പ്രതിപ്രവർത്തനങ്ങൾക്ക് ഇടയ‍ാക്കാം. കൂടുതൽ വിഷമടിച്ചാൽ കൂടുതൽ വിളവു കിട്ടുമെന്ന ലാഭക്കൊതിയിൽ പച്ചക്കറിപ്പാടങ്ങൾ വിഷത്തിൽ മുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. വളരെ കുറഞ്ഞ അളവിലാണെങ്കിൽ പോലും കീടനാശിനികളുടെ അംശം ദീർഘനാൾ ഉള്ളിലെത്തിയാൽ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. മനുഷ്യരിലെ കൊഴുപ്പു കലകളിലാണ് വിഷാംശം അടിഞ്ഞുകൂടുന്നത്. ഇങ്ങനെ ഉള്ളിലെത്തുന്ന ചില രാസവസ്തുക്കൾ കാലക്രമേണ വിഘട‍ിച്ച് ശരീരത്തിൽ നിന്നും നീക്കപ്പെടുന്നു.എന്നാൽ ചില രാസവസ്തുക്കൾ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിയാതെയായി അവിടെത്തന്നെ കെട്ടികിടക്കുന്നു. ആയുർവേദശാസ്ത്രത്തിൽ ഇത്തരത്തിൽ കാലങ്ങളോളം ശരീരത്തിൽ തങ്ങി നിൽക്കുകയും വിവിധ കാലാവസ്ഥകളിലും, ശരീരത്തിലെ രോഗപ്രതിരോധശക്തി കുറയുമ്പോഴും മനുഷ്യശരീരത്തിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഈ വിഷത്തെ "ദൂഷീവിഷം" എന്നാണ് പറയുന്നത്. ഇത്തരത്തിൽ ശരീരത്തിൽ കെട്ടികിടക്കുന്ന "ദൂഷീവിഷം" സപ്തധാതുക്കളേയും ദുഷിപ്പിക്കുന്നു. പലതരം വിഷയങ്ങളുടെ സംയുക്തം ശരീരത്തിൽ എത്തിയാൽ ഗരമെ എന്നും ഒക്കെ ആയുർവേദത്തിൽ പറയും, ഇത്തരത്തിലുള്ള വിഷങ്ങളെ ശരീരത്തിൽനിന്നും നിർഹരിക്കുവാൻ ശക്തമായ ആയുർവേദ ഔഷധങ്ങളും, പഞ്ചകർമ്മചികിത്സകളും ആവശ്യമാണ്. ഈ കാലഘട്ടത്തിൽ രണ്ടു തരത്തിലുള്ള കീടനാശിനികളാണ് പ്രധാനമായും ഉപയോഗിച്ചു കാണുന്നത്. ഒാർഗാനോഫോസ്ഫറസ് സംയുക്തങ്ങളും ഒാർഗാനോക്ലേ‍ാറിൻ സംയുക്തങ്ങളും. ഒർഗാനോഫോസ്ഫ‍േറ്റുകൾ കീടങ്ങളുടെ നാഡിവ്യൂഹത്തെ പ്രവർത്തനത്തെ തകരാറിലാക്കുന്നവയാണ്. സാമാന്യയുക്തിയിൽ ചിന്തിച്ചാൽ സമാനമായ ജൈവരാസഘടനയുള്ള മനുഷ്യരുടെ തലച്ച‍ോറിനും ഇവ ദോഷകരമായേക്കാമെന്നു മനസ്സിലാകും. ചില പഠനങ്ങൾ ഇതു സംബന്ധിച്ചു നടന്നിട്ടുമുണ്ട്.

കീടനാശിനികൾ ശരീരത്തിലുണ്ടാകുന്ന വിവിധങ്ങളായ രോഗങ്ങൾ
........................................................

ചില കീടനാശിനികൾ ശരീരത്തിലെത്തിയാൽ ചില ഹോർമോണുകളെ പോലെ പ്രവർത്തിക്കും. പല കീടനാശിനികൾക്കും ഈസ്ട്രജനു സമാനമായ ശേഷികളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.ഇത്തരം കീടനാശിനികൾ ശരീരത്തിലെത്തിയാൽ ശരീരം അതിനെ ഈസ്ട്രോജൻ എന്ന ഹോർമോൺ ആയി തെറ്റിദ്ധരിക്കും എന്നിട്ട് ഈസ്ട്രോജൻ ഹോർമോൺ ശരീരത്തിൽ കൂടിയാൽ ഉണ്ടാക്കാറുള്ള സമാനമായ ജൈവ മാറ്റങ്ങൾ ശരീരത്തിൽ ഉണ്ടാകും. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും അതുവഴി അർബുദങ്ങൾക്കും കാരണമാകും. ഇതിനു ചിലപ്പോൾ ദശാബ്ദങ്ങളെടുക്കാം.
കീടനാശിനികൾ നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ മന്ദ‍ീഭവിപ്പിക്കുന്നതിനാൽ കാലിലും കൈയിലും പെരുപ്പും, മരവിപ്പും പോലെ ന്യൂറോപ്പതിക്കു സമാനമായ പ്രശ്നങ്ങളുണ്ട‍ാക്കാം. അതുപോലെതന്നെ ഉദരസംബന്ധമായ പലരോഗങ്ങൾക്കും കീടനാശിനി ഒരു പ്രധാന കാരണമാണ് ആമാശയം, കുടൽ എന്നിവിടങ്ങളിൽ നീർവീക്കം, ഗ്യാസ്ട്രൈറ്റിസ്, ആമാശയവ്രണങ്ങൾ പോലുള്ള ഗുരുതര രോഗാവസ്ഥകൾ വന്നുചേരാം അതുപോലെതന്നെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ഒാർമക്കുറവ്,പേശീതളർച്ച, ബലക്ഷയം എന്നിവയ്ക്കു കാരണമാകാം. അതിനാൽ നിങ്ങൾ വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾ കൃഷി ചെയ്യുകയാണെങ്കിൽ അവയിൽ കീടനാശിനികൾ പരമാവധി ഉപയോഗിക്കാതെ കൃഷി ചെയ്യാൻ ശ്രമിക്കുക. നിങ്ങൾ മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പലതരം ഭക്ഷ്യോൽപന്നങ്ങളിൽ വളരെയധികം കീടനാശിനികൾ അളവിൽ അധികമായി ചേർത്ത് ഉത്പാദിപ്പിക്കുന്നവയാണ്. നമ്മുടെ രാജ്യത്ത് കീടനാശിനികൾ ഉപയോഗിക്കുന്ന അളവുകളെ സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും അമിതലാഭ കൊതി കാരണം പലരും അത് പാലിക്കാറില്ല.പലരാജ്യങ്ങളിലും നിരോധിച്ച കീടനാശിനികളാണ് നമ്മുടെ നാട്ടിൽ നാം യാതൊരു മാനദണ്ഡവുമില്ലാതെ ഉപയോഗിക്കുന്നത് അതിന് ദൂഷ്യവശങ്ങൾ എത്രത്തോളം ഭയാനകമാണെന്ന് നാം പലപ്പോഴും ചിന്തിക്കാറില്ല. വെറുതെയിരിക്കുമ്പോൾ നമുക്ക് ചുറ്റും നോക്കിയാൽ നമുക്ക് കിഡ്നിക്ക് സുഖം വന്ന രോഗികളെയും, കരളിന് അസുഖം വന്ന രോഗികളെയും നിഷ്പ്രയാസം കണ്ടെത്താൻ സാധിക്കും അതുപോലെതന്നെ അർബുദവും ഇന്ന് സർവ്വസാധാരണമായ ഒരു രോഗമായി മാറിയിരിക്കുന്നു, ജലവും വായുവും, മണ്ണും ഇത്തരത്തിൽ പല കീടനാശിനികളാൽ ദുഷിക്കുമ്പോൾ ആണ് പലപ്പോഴും നമ്മൾ രോഗികളാക്കുന്നത്. അതിനാൽ നിങ്ങൾ കൃഷി ചെയ്യുമ്പോൾ കീടനാശിനികൾ കുറിച്ച് ജൈവരീതിയിൽ കൃഷി ചെയ്യാൻ ശ്രമിക്കുക. നമ്മൾ കൃഷി ചെയ്തുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ ഭക്ഷിച്ച് മറ്റൊരു വ്യക്തി രോഗി ആവാതിരിക്കട്ടെ അതിന് പ്രതിജ്ഞാബദ്ധരാവുക. ഇത്തരത്തിലുള്ള ഒരു ഭക്ഷ്യ സംസ്കാരം വളർത്തിയെടുക്കാൻ നമുക്ക് പരിശ്രമിക്കാം.

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇതിലുള്ള ആശയങ്ങൾ അർത്ഥവത്താണെന്ന് തോന്നുകയാണെങ്കിൽ മറ്റുള്ളവരിലേക്കും പങ്കുവച്ച് എത്തിക്കുക.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

Post a Comment

0 Comments