Random Post

എന്തുകൊണ്ടാണ് മനസ്സ് "ഹൃദയത്തിൽ" ആണെന്ന് ആയുർവേദത്തിൽ പറയുന്നത്

എന്തുകൊണ്ടാണ് മനസ്സ് "ഹൃദയത്തിൽ" ആണെന്ന് ആയുർവേദത്തിൽ പറയുന്നത്
.....................................................

ഈ പുതുവർഷം ആയിട്ട് എന്തെങ്കിലും പുതുമയുള്ള ലേഖനം എഴുതണം എന്ന് തോന്നി. അതിനാലാണ് ഒരുപാട് നാളായി എന്റെ ചിന്തയിൽ കുടുങ്ങിക്കിടക്കുന്ന ഒരു ആശയം ഈ പുതുവർഷം നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ആയുർവേദ ശാസ്ത്രത്തിൽ "മനസ്സ്" ഹൃദയത്തിൽ ആണെന്ന് പലഭാഗങ്ങളിലും പറയുന്നുണ്ട്, ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ചിന്തയുടെ ഇരിപ്പിടം ശിരസ്സാണ് എന്ന് ആചാര്യൻ പറയുന്നുണ്ടെങ്കിലും എന്തുകൊണ്ടാണ് "ഞാൻ എന്ന ഭാവത്തിന്റെ" ഇരിപ്പിടമായ ശിരസ്സിനെ അവഗണിച്ചു കൊണ്ട് ആചാര്യൻ "മനസ്സ്" നിങ്ങളുടെ ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നതെന്ന് പറഞ്ഞതെന്ന്. എന്നെ പലപ്പോഴും ചിന്താക്കുഴപ്പത്തിൽ ആഴ്ത്തിയ ഒരു ഒരു സംശയമാണിത് പലപ്പോഴും ഉത്തരം കിട്ടാത്ത ഒരു സംശയം. നമ്മൾ പലപ്പോഴും ചിലർ അവരുടെ ജീവിതത്തിലുണ്ടാകുന്ന സമ്മർദ്ദ ഘട്ടങ്ങളിൽ അല്ലെങ്കിൽ ചില സംഘർഷ ഘട്ടങ്ങളിൽ "ആ വ്യക്തി ഹൃദയം പൊട്ടി മരിച്ചു" എന്നും ജീവിതത്തിൽ ചില വ്യക്തികൾക്ക് പ്രതിസന്ധികളിൽ ഉണ്ടാകുന്ന ഭാരം "ഹൃദയത്തിന് താങ്ങാൻ കഴിയുന്നില്ല എന്നും"ചില അപ്രതീക്ഷിത സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമ്പോൾ "ഹൃദയം നിശ്ചലമായ അവസ്ഥയുണ്ടായി"എന്നും ചില വ്യക്തികൾ "ശിലാഹൃദയം" ഉള്ളവരാണെന്നും എന്നൊക്കെ ഒരുപക്ഷേ വളരെ കാവ്യാത്മകമായി പറഞ്ഞുകേട്ടിട്ടുണ്ട്. ജീവിതയാത്രയിൽ പലതരത്തിലുള്ള അനുഭവങ്ങളിലൂടെ രൂപപ്പെടുന്ന ചിന്തകളും ആ ചിന്തകൾ മൂലം നമ്മളിൽ രൂപാന്തരപ്പെടുന്ന വികാരങ്ങളും ആ വികാരങ്ങളിൽ നിന്നും ഉടലെടുക്കുന്ന പ്രവർത്തികളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവിതത്തിലെ ചില പ്രതികൂല നിമിഷങ്ങൾ അല്ലെങ്കിൽ ചില അപ്രതീക്ഷിത സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ട സന്ദർഭങ്ങളിൽ
നമ്മളിൽ രൂപപ്പെടുന്ന ചിന്തകളെയും ആ ചിന്തകളിൽ നിന്നുടലെടുക്കുന്ന വികാരങ്ങളെയും നമുക്ക് ഒന്ന് വിചിന്തനം ചെയ്യാം ഉദാഹരണത്തിന് അമിതമായ ദേഷ്യം,അമിതമായ സങ്കടം, അമിതമായ ഉത്കണ്ഠ, അമിതമായ മാനസിക സമ്മർദ്ദം മുതലായവ ഈ വൈകാരിക ഘട്ടങ്ങളിലെല്ലാം ചില പ്രത്യേക ഹോർമോണുകൾ നമ്മുടെ ശിരസ്സിലും, അഡ്രീനൽ ഗ്രന്ഥിയും പുറപ്പെടുവിക്കുന്നു ഈ ഹോർമോണുകൾക്ക് നമ്മുടെ രക്തത്തിലെ ജൈവഘടനയിൽ (blood biochemistry) മാറ്റം വരുത്തുവാൻ സാധിക്കും. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ രക്തമാണ് ഈ ഹോർമോണുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. ഈ ഉദ്യമത്തിന് നമ്മുടെ രക്തത്തെ സഹായിക്കുന്നത് നമ്മുടെ ഈ കൊച്ച് ഹൃദയവും, നമ്മൾ ജനിച്ച അന്നുമുതൽ ഒരുനിമിഷംപോലും വിശ്രമിക്കാതെ ആ ഹൃദയം നമുക്കുവേണ്ടി ഇടിച്ചു കൊണ്ടിരിക്കയാണ്. നമ്മൾ അടിയന്തരമായി നേരിടേണ്ട ചില ഘട്ടങ്ങളിൽ നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കുന്ന ഒരു ഹോർമോണാണ് അഡ്രിനാലിനും , നോർഅഡ്രിനാലിനും ഈ ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുമ്പോൾ നിങ്ങളുടെ ബ്ലഡ് പ്രഷർ വർദ്ധിക്കുന്നു അതോടൊപ്പം നിങ്ങളുടെ
ഹൃദയമിടിപ്പും കൂടുന്നു.നിങ്ങൾ ഒരു പ്രത്യേക സാഹചര്യത്തെ നേരിടാൻ നിങ്ങളെ ശക്തരാക്കും വിധം നിങ്ങളുടെ ശരീരത്തിലെ രക്തയോട്ടം കൂടുന്നു. അത് നമുക്കു വേണ്ടി ആ സാഹചര്യത്തിൽ ചെയ്യുന്നത് നമ്മുടെ ഹൃദയമാണ് . അതുപോലെതന്നെ നിങ്ങൾ സമ്മർദ്ദ ജനകമായ ഒരു സാഹചര്യത്തിൽ ജീവിക്കുമ്പോൾ അല്ലെങ്കിൽ സമ്മർദ്ദ ജനകമായ സാഹചര്യത്തിലൂടെ കടന്നു പോകേണ്ട ഒരു അവസരം ജീവിതത്തിൽ ഉണ്ടാകുമ്പോൾ നിങ്ങളുടെ ശരീരത്തിൽ ഉല്പാദിപ്പിക്കുന്ന ഒരു പ്രധാന ഹോർമോണാണ് "കോർട്ടിസോൾ" ഇത് നിങ്ങളുടെ ബ്ലഡ് പ്രഷർ ഉയർത്തുന്നതിനു വേണ്ടി നിങ്ങളുടെ ഹൃദയത്തിലും രക്തധമനികളിലും സമ്മർദ്ദം ചെലുത്തുന്നു. അതുമൂലം നിങ്ങളുടെ ബ്ലഡ് പ്രഷർ ഉയരുന്നു ഇവിടെയും ഈ സമ്മർദത്തെയും മുഴുവൻ താങ്ങേണ്ടി വരുന്നത് നിങ്ങളുടെ കൊച്ചു ഹൃദയത്തിലാണ്. നിങ്ങൾ നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങളിലൂടെ നേടിയെടുക്കുന്ന അറിവുകളും അതിൽ നിന്നും ഉടലെടുക്കുന്ന ചിന്തകളും ആ ചിന്തകളിൽ നിന്നും ഉടലെടുക്കുന്ന നല്ലതും/മോശവുമായ അല്ലെങ്കിൽ നെഗറ്റീവും/പോസിറ്റീവും ആയ വികാരങ്ങളുടെ സമ്മർദ്ദങ്ങൾ മുഴുവൻ അനുഭവിക്കേണ്ടി വരുന്നത് ഈ പാവം ഹൃദയത്തിലാണ്.നിങ്ങൾ അറിഞ്ഞിരിക്കേണ്ട മറ്റൊരുകാര്യം ഉണ്ട് നിങ്ങൾ സന്തോഷവാനാ/ സന്തോഷവതിയാ ആയിരിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന രണ്ടു ഹോർമോണുകളാണ് എൻഡോർഫിനും, ഡോപ്പാമിനും ഈ രണ്ടു ഹോർമോണുകളും നിങ്ങളുടെ ഹൃദയത്തിൻറെ ആരോഗ്യത്തിന് സഹായിക്കുന്ന രണ്ടു ഹോർമോണുകളാണ്. അതുപോലെതന്നെ പുരുഷ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ അമിതമായി കൂടിയാലും, അതുപോലെതന്നെ സ്ത്രീകളുടെ ശരീരത്തിൽ ഈസ്ട്രോജൻ കുറഞ്ഞാലും ഹൃദയത്തിന് നല്ലതല്ല. അതിനാലാണ് ആർത്തവ വിരാമത്തിൽ ഈസ്ട്രോജൻ കുറയുമ്പോൾ സ്ത്രീകളിൽ ഹൃദ്രോഗസാധ്യത കൂടുന്നത്. ചില ആളുകൾ ജിമ്മിൽ പോകുമ്പോൾ മസിൽ പെരുപ്പിക്കാൻ ടെസ്റ്റോസ്റ്റിറോൺ ഇൻജക്ഷൻ കുത്താറുണ്ട് അത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല അതു നിങ്ങളിൽ ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നു. ഈ ഹോർമോണുകൾ നല്ല ഒരു അളവിൽ (അമിതമായി കൂടുകയോ വളരെ ചെറിയ അളവിൽ കുറയുകയോ ചെയ്യാതെ) നിങ്ങളുടെ ശരീരത്തിൽ കൃത്യമായ അളവിൽ ഉണ്ടാകുന്നതിന് ചെറു വ്യായാമങ്ങളും , നിങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്ന ഏതെങ്കിലും ടിവി പ്രോഗ്രാം കാണുന്നതും, ഇഷ്ടപ്പെടുന്ന ഏതെങ്കിലും വ്യക്തികളുടെ കൂടി നിങ്ങളുടെ ഒഴിവ് സമയങ്ങൾ ചിലവഴിക്കുക,ഗാർഡനിംഗ്, സ്വിമ്മിംഗ്, ഡാൻസിങ്, യോഗ, ഏറോബിക് എക്സർസൈസുകൾ മുതലായി നിങ്ങൾ ആസ്വദിച്ചു ചെയ്യുന്ന പ്രവർത്തികളെല്ലാം സഹായിക്കും. ഇത്തരത്തിൽ നിങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കും അതുമൂലം നിങ്ങളുടെ ആയുസ്സ് വർദ്ധിക്കും. പഞ്ചേന്ദ്രിയങ്ങളുടെ നിങ്ങൾക്ക് ലഭിക്കുന്ന അറിവുകളിൽ നിന്ന് നിങ്ങളുടെ ചിന്തകളെ ഉത്പാദിപ്പിക്കുക (cognitive process)എന്നതും ആ ചിന്തകളിൽ നിന്നും ഉടലെടുക്കുന്ന വികാരങ്ങളെ നിയന്ത്രിക്കുക എന്നതും മാത്രമാണ് "ഞാൻ എന്ന ഭാവം നിങ്ങൾക്ക് നൽകുന്ന" ശിരസ്സിന്റെ പ്രധാന ധർമ്മം. എന്നാൽ നിങ്ങളിൽ ഉടലെടുക്കുന്ന ആ ചിന്തകൾ കാരണം നിങ്ങളുടെ വിവിധ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ സമ്മർദ്ദം മുഴുവൻ താങ്ങേണ്ടത് ഈ പാവം ഹൃദയമാണ് അതിനാൽ ആകാം ഈ "സമ്മർദ്ദം താങ്ങിയായ" ഹൃദയത്തെ ആചാര്യൻ "മനസ്സ്" എന്ന ഓമനപ്പേരിട്ട് വിളിച്ചത്. അതിനാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ സമ്മർദ്ദത്തിലാക്കുന്ന പ്രവർത്തികളിൽ നിന്നും പരമാവധി വിട്ടു നിൽക്കുക അല്ലെങ്കിൽ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്ന യോഗയും മറ്റു വ്യായാമങ്ങളും ചെയ്യുക.നിങ്ങൾക്ക് വേണ്ടിയും നിങ്ങളെ സ്നേഹിക്കുന്നവർക്ക് വേണ്ടിയും ഒരു മനുഷ്യായുസ്സ് മുഴുവൻ നിർത്താതെ ഇടിക്കുന്ന നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുക.

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇതിലുള്ള ആശയങ്ങൾ അർത്ഥവത്താണെന്ന് തോന്നുകയാണെങ്കിൽ മറ്റുള്ളവരിലേക്കും പങ്കുവച്ച് എത്തിക്കുക.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments