ഡോക്ടറെ ശരീരം മുഴുവൻ "നീർക്കെട്ടാണ്" ഒന്ന് തിരുമ്മി ഉഴിയണം

ഡോക്ടറെ ശരീരം മുഴുവൻ "നീർക്കെട്ടാണ്" ഒന്ന് തിരുമ്മി ഉഴിയണം
........................................................

ഈ ആധുനിക യുഗത്തിലും ഭൂരിഭാഗം ജനങ്ങൾക്കും ആയുർവേദത്തെക്കുറിച്ച് വളരെ വികലമായ ധാരണയാണുള്ളത്. പലപ്പോഴും രോഗികൾ ഒരു ആയുർവേദ ഡോക്ടറെ സമീപിക്കാറ് ഇൻറർനെറ്റിൽ രോഗലക്ഷണങ്ങളെ കുറിച്ചും രോഗത്തെക്കുറിച്ചും തിരഞ്ഞ്, ആരോടെങ്കിലും രോഗത്തെക്കുറിച്ച് ചർച്ച ചെയ്തും സ്വയം രോഗനിർണയം നടത്തിയും അതിനുള്ള ചികിത്സ സ്വയം നിശ്ചയിച്ചും ആണ് എന്താല്ലേ കേൾക്കുമ്പോൾ നല്ല രസമാണ്. ശരീരത്തിൽ ഏതു തരത്തിലുള്ള വേദന വന്നാലും അത് "നീരിറക്കം" ആണെന്ന് സ്വയമങ്ങ് നിശ്ചയിച്ച് ഞാൻ മുകളിൽ പറഞ്ഞ മാതിരി ഒന്ന് തിരുമ്മണം, ഉഴിയണം അല്ലെങ്കിൽ കിഴി കുത്തണം എന്ന് ചികിത്സയും നിശ്ചയിച്ചിട്ടാണ് രോഗികൾ പലപ്പോഴും എന്നെ ഉൾപ്പെടെ പല ഡോക്ടർമാരെയും സമീപിക്കാറ്. ഇത്തരത്തിലുള്ള രോഗികളുടെ സമീപനം എന്റെ സമപ്രായക്കാരും എന്നെക്കാളും സീനിയറും ആയിട്ടുള്ള പല ആയുർവേദ ഡോക്ടർമാരും പങ്കുവയ്ക്കാറുണ്ട്. ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം അവർക്ക് ഈ പാരമ്പര്യം കാഴ്ചപ്പാടുകൾ പകർന്നുകൊടുത്തത് പണ്ടത്തെ നാട്ടുവൈദ്യൻമാരും, ഉഴിച്ചിൽ വിദഗ്ധരും, പാരമ്പര്യ വൈദ്യന്മാർ എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടരും, പ്രകൃതിചികിത്സാ വിദഗ്ധർ എന്ന പേരിൽ വാതോരാതെ പ്രസംഗിക്കുന്ന ചില പ്രസംഗ തൊഴിലാളികളും ആണ്. ഈ പരമ്പരാഗത ചിന്താഗതിയിൽ നിന്നുള്ള മോചനം ഭൂരിഭാഗം ജനസമൂഹത്തിനും ഇന്നും ലഭിച്ചിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. ആയുർവേദം എന്നുപറഞ്ഞാൽ ചുവന്നരത്ത കഷായവും, ബലാരിഷ്ടവും, മഹേഷദ്രാവകവും(അല്ലെങ്കിൽ പോത്തിൻ ദ്രാവകം), ദശമൂലാരിഷ്ടവും, ധന്വന്തരം ഗുളികയും, കൊട്ടൻചുക്കാദി തൈലവും, പിണ്ഡ തൈലവും, രാസ്നാദി ചൂർണവും,അഷ്ട ചൂർണ്ണവും അമൃതാരിഷ്ടം, വെട്ടുമാറൻ ഗുളിക യും അതുകൂടാതെ തിരുമ്മലും, ഉഴിച്ചിലും, കിഴി കുത്തലും ആണെന്നാണ് ഇപ്പോഴും ഭൂരിഭാഗം ജനങ്ങളും ധരിച്ചുവെച്ചിരിക്കുന്നത്. അതിനെ വേറെ രീതിയിൽ പറയാം ചിലരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി രോഗികളെ മസ്തിഷ്കപ്രക്ഷാളനം ചെയ്ത് അവരുടെ ചിന്താരീതികൾ വളരെ കാലങ്ങളായി ഇത്തരത്തിൽ ആക്കി വച്ചിരിക്കുകയാണ്. പലപ്പോഴും രോഗികൾ വേദനയും ബുദ്ധിമുട്ടും വന്നാൽ ആദ്യം ഒരു ചോന്നരത്ത കഷായം അല്ലെങ്കിലും മഹാരാസനാദി കഷായം മേടിച്ച് കുടിച്ച് ഇത്തരത്തിലുള്ള ഏതെങ്കിലുമൊരു ഉഴിച്ചിൽ വിദഗ്ധരുടെ അടുത്തുപോയി യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാതെ കിഴി കുത്തിയും, ഉഴിഞ്ഞും ആ രോഗത്തെ അങ്ങ് കുളമാക്കി രോഗാവസ്ഥ മൂർച്ഛിപ്പിച്ചു പലപ്പോഴും ചികിത്സയ്ക്കായി സമീപിക്കാറുണ്ട്. ഇവരൊക്കെ ഇങ്ങനെ രോഗം കുളമായി കഴിഞ്ഞ് നമ്മുടെ അടുത്തു വരുമ്പോൾ പലപ്പോഴും പറയാറുള്ള ഒരു പതിവു പല്ലവി ഉണ്ട് "അതേ ഡോക്ടറെ വളരെ പ്രസിദ്ധനും, കഴിവുള്ളവനും പാരമ്പര്യമായി ഉഴിഞ്ഞ് നല്ല പരിചയമുള്ള നല്ല ഉഴിച്ചിൽ വിദഗ്ധനാണ് എന്താണെന്നറിയില്ല ആദ്യം ചെയ്തപ്പോൾ നല്ല സുഖമുണ്ടായിരുന്നു പിന്നീട് വേദന പൂർവാധികം ശക്തിയോടുകൂടി തിരിച്ചു വന്നു" , അവർ പറഞ്ഞത് സത്യമാണ് കാരണം വെറുതെ കിഴി കുത്തി ചൂടു കൊടുത്താൽ ആദ്യം ഒരു സുഖം കിട്ടും പക്ഷേ ഒരിക്കലും രോഗം മാറില്ല ഇതിനെയാണ് നമ്മുടെ നാട്ടിൽ "കയ്യിലെ പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുക" എന്ന് പറയുന്നത്. ശരിക്കും പറഞ്ഞാൽ ഇത്തരത്തിൽ ചികിത്സിച്ച് കുളമായി നമ്മളെ സമീപിക്കാനുള്ള രോഗികളുടെ അവസ്ഥയിൽ സഹതാപവും, സങ്കടവും ഒക്കെ തോന്നും കാരണം അവരുടെ അറിവില്ലായ്മയാണ് അവരെ ഇത്തരത്തിൽ അവരുടെ സമ്പത്തും, ആരോഗ്യവും ചൂഷണം ചെയ്യുന്നവരുടെ അടുത്ത് കൊണ്ടെത്തിക്കുന്നത്. പലപ്പോഴും ഈ രോഗികളെ എന്റെ കയ്യിൽ കിട്ടിയാൽ ഞാൻ "ആയുർവേദത്തെ" കുറിച്ച് ഒരു പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ചെറിയ ഒരു ബോധവൽക്കരണ ക്ലാസ് എടുത്ത് കൊടുക്കാറുണ്ട്. അവിടെ ഞാൻ സാധാരണ രോഗികളോട് പറയാറുള്ളത് ഇതൊക്കെയാണ് "പ്രിയപ്പെട്ട ചേട്ടാ/ചേച്ചി ആയുർവേദം എന്നുപറഞ്ഞാൽ ചുവന്നരത്ത കഷായവും, മഹേഷ് ദ്രാവകവും, കെട്ടൻചുക്കാതി തൈലവും, തിരുമ്മലും,ഉഴിച്ചിലും,കിഴി കുത്തലും അല്ല അതിന് വ്യക്തമായ ഒരു ശാസ്ത്രീയ അടിത്തറയുണ്ട്, അടിസ്ഥാന സിദ്ധാന്തങ്ങൾ ഉണ്ട്. അടിസ്ഥാനസിദ്ധാന്തം ആകുന്ന അടിത്തറയിൽ കെട്ടപ്പെട്ട ഒരു മഹത്തായ ഭാരതീയ ശാസ്ത്ര ശാഖയാണ് ആയുർവേദം. ഏകദേശം മൂവായിരം വർഷത്തോളം പഴക്കമുള്ള ഒരു ശാസ്ത്രം ത്രിദോഷ സിദ്ധാന്തത്തെയും, പഞ്ചഭൂതസിദ്ധാന്തത്തെയും അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ ചികിത്സാരീതികൾ ഉള്ള വളരെ മനോഹരമായ അല്ലെങ്കിൽ കാവ്യാത്മകമായ ഒരു ശാസ്ത്രം. പഠിക്കുന്തോറും ആഴവും, പരപ്പും വർധിച്ചുവരുന്ന ഒരു ശാസ്ത്രം അതിനെ ഒരു തിരുമ്മലിലും, ഉഴിച്ചിലിലോം തളച്ചിടരുത്. ആയുർവേദ ശാസ്ത്രത്തിൽ ഇന്ന് ആയിരക്കണക്കിന് മരുന്നുകൾ ഈ ആധുനിക യുഗത്തിൽ പോലും പല രോഗങ്ങൾക്കും ഉള്ള ചികിത്സയുമായി ബന്ധപ്പെട്ട് മാർക്കറ്റിൽ ലഭ്യമാണ്. നിങ്ങളീ പറഞ്ഞ ചുവന്നരത്ത കഷായവും, കൊട്ടൻചുക്കാദി തൈലത്തിലും മാത്രമല്ല ആയുർവേദ മരുന്നുകൾ ആയി ഉള്ളത്. അതുപോലെതന്നെ പരസ്യങ്ങൾ കണ്ടും, ഇൻറർനെറ്റിൽ തിരഞ്ഞും ദയവു ചെയ്തു മരുന്നുകൾ വാങ്ങി കഴിക്കരുത് അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും രോഗാവസ്ഥ കുളമാക്കും. നിങ്ങളുടെ മനസ്സിലുള്ള ധാരണ പോലെ തിരുമ്മലും, ഉഴിച്ചിലും, കിഴി കുത്തലും അല്ല ഈ ശാസ്ത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന ചികിത്സ. ആയുർവേദത്തിൽ വ്യക്തമായ പഞ്ചകർമ്മ ചികിത്സാ രീതികളുണ്ട്. നമ്മുടെ കേരളത്തിലെ മുഖമുദ്രയായ ചില സ്പെഷ്യൽ കേരള പഞ്ചകർമ്മ ചികിത്സാ രീതികളും ഉണ്ട് അതാണ് ഞവര കിഴി,ഞവരതേപ്പ്,പിഴിച്ചിൽ മുതലായവ ഇത്തരത്തിൽ പരമ്പരാഗതമായ ചികിത്സാരീതികൾ ഇന്നും നമ്മുടെ നാട്ടിൽ സത്യസന്ധമായി അനുവർത്തിക്കുന്നത് കൊണ്ടാണ് കേരളം ആയുർവേദത്തിന്റെ തലസ്ഥാനമയി മാറിയത്. "പലപ്പോഴും ഞാൻ ഈ ചെറിയ ഒരു ബോധവൽക്കരണ ക്ലാസ് ആയുർവേദത്തെ കുറിച്ച് രോഗികൾക്ക് എടുത്തു കൊടുക്കുമ്പോൾ മാത്രമാണ് പലരും ഇതാണ് ആയുർവേദം എന്ന് മനസ്സിലാക്കുന്നത്. അതിന് പ്രധാനകാരണം വളരെ കാലങ്ങളായി നമ്മുടെ ചിന്തകളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി തെറ്റായ ചിന്താധാരകൾ ആയുർവേദത്തെക്കുറിച്ച് നിങ്ങളിൽ കുത്തിനിറച്ച ചില വ്യാജ വൈദ്യന്മാരും, വ്യാജ പാരമ്പര്യ ചികിത്സകരും, വ്യാജ പ്രകൃതിചികിത്സകരുമാണ് ഇതിന്റെ പ്രധാന ഉത്തരവാദികൾ. അവർ അവരുടെ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടിയാണ് ഇത് ഇപ്പോഴും തുടർന്നു ചെയ്തുകൊണ്ടിരിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. നിങ്ങളുടെ ചിന്തകളിൽ അവർ നിക്ഷേപിച്ചിരിക്കുന്ന ഇത്തരം തെറ്റായ ചിന്താധാരകൾ അവിടെ നിന്ന് എടുത്ത് മാറ്റിയാൽ മാത്രമേ ശരിയായിട്ടുള്ള ആയുർവ്വേദവും, ആയുർവേദ ചികിത്സയും നിങ്ങൾക്കു ചുറ്റും ഉണ്ട് എന്നുള്ള അവബോധം നിങ്ങളിൽ ഉണ്ടാവുകയുള്ളൂ.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Comments