Random Post

ആരോഗ്യത്തെ നശിപ്പിക്കുന്ന ആധുനിക ഭക്ഷണ സംസ്കാരം

ആരോഗ്യത്തെ നശിപ്പിക്കുന്ന ആധുനിക ഭക്ഷണ സംസ്കാരം
.............................................................................

ഓൺലൈൻ ഭക്ഷണസംസ്കാരം കൊടികുത്തിവാഴുന്ന ഒരു യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. പണ്ട് ഹോട്ടലിൽ പോയി കഴിച്ചിരുന്ന ഭക്ഷണസാധനങ്ങൾ ഇന്ന് വിരൽതുമ്പിൽ മൊബൈലിലൂടെ ലഭ്യമാകുന്ന രീതിയിൽ ആധുനിക സമൂഹം വളർന്നു കഴിഞ്ഞു. പല ഹോട്ടലുകളിലും തട്ടുകടകളിലും പഴകിയതും, അനാരോഗ്യകരവുമായ ഭക്ഷണ സാധനങ്ങളാണ് നമുക്ക് വിളമ്പുന്നത് എന്നത് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാവുന്ന ഒരു വസ്തുതയാണ്.ഈ ഭക്ഷണസാധനങ്ങൾ തന്നെയാണ് പല ആപ്പുകൾ വഴി നമ്മുടെ ആരോഗ്യത്തിന് "ആപ്പ്" വെക്കുവാനായി നമ്മുടെ വീട്ടുപടിക്കൽ മൊബൈൽ വഴി ഓർഡർ ചെയ്താൽ എത്തിച്ചേരുന്നത്. വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് പല ഹോട്ടലുകളും ഭക്ഷണം പാകം ചെയ്ത് വരുന്നത്, തട്ടുകടകളുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട വൃത്തി എന്നത് അവയുടെ ഏഴയലത്തു കൂടി കടന്നു പോയിട്ടുണ്ടാവില്ല . നമ്മളിൽ പലരും ഇവിടെ ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ച് രോഗികൾ ആയിട്ടുണ്ട് എന്നതാണ് സത്യം. പല ഹോട്ടലുകളെയും തട്ടുകടകളെയും നമുക്ക് വേണമെങ്കിൽ മാരക രോഗങ്ങളുടെ രോഗവാഹകർ എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം, കൊതിപ്പിക്കുന്ന രുചിയും നിറവും മണവുമൊക്കെയുള്ള ഭക്ഷണങ്ങള്‍ നിരത്തിവെച്ച് വഴിയോരത്ത് വിശക്കുന്നവരെ കാത്തിരിക്കുന്ന റസ്റ്റോറന്റുകളുടെ ഇരുണ്ട അടുക്കളകളെക്കുറിച്ച് നമ്മൾ ബോധവാൻമാരായിരിക്കണം.
ആവശ്യത്തിനും അനാവശ്യത്തിനും ആഘോഷത്തിനും ഹോട്ടല്‍ ഭക്ഷണം പതിവാക്കിയ മലയാളിക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയാണ് ഹോട്ടൽ ഭക്ഷണങ്ങളിലെ മായവും, വൃത്തികെട്ട സാഹചര്യങ്ങളിലെ ഭക്ഷണം പാചകം ചെയ്യുന്നതിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ. മലയാളികളുടെ തീന്മേശകള്‍ ഹോട്ടലുകളിലേക്ക് ഷിഫ്റ്റ് ചെയ്തിട്ട് കാലം കുറച്ചായി. വീട്ടിലൊരു വിരുന്നുകാരന്‍ വന്നാല്‍ പോലും ഹോട്ടലിലേക്ക് വിളിച്ചുകൊണ്ടുപോയി സല്‍ക്കരിക്കുന്നതിലാണ് പലര്‍ക്കും ഇന്ന് അഭിമാനം അതുമല്ലെങ്കിൽ കാറ്ററിംഗ് ഭക്ഷണം അല്ലെങ്കിൽ ഓൺലൈൻ ഭക്ഷണം. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ രാത്രിയിലേക്ക് ഹോട്ടലില്‍ നിന്ന് പാഴ്‌സല്‍ വാങ്ങിപ്പോകുന്ന മലയാളികളും ധാരാളം. പല വീടുകളിലും ഹോട്ടലില്‍ നിന്ന് വാങ്ങിയ പാഴ്‌സല്‍ ഭക്ഷണം ചൂടാക്കികഴിക്കാനുള്ള താല്‍ക്കാലിക സംവിധാനം മാത്രമാണ് അടുക്കള. മലയാളിയുടെ ഭക്ഷണ സംസ്‌കാരത്തില്‍ രണ്ട് പതിറ്റാണ്ടുകള്‍ക്കിടെ സംഭവിച്ച ഈ മാറ്റങ്ങളുടെ അടയാളമാണ് പെരുകുന്ന ഭക്ഷ്യശാലകള്‍. ഹോട്ടല്‍ ഭക്ഷണത്തിലെ പ്രധാന അപകടം പഴകിയ ഭക്ഷണമാണ്. പഴകിയ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അമിതമായ മസാലകളും സോസുകളുമൊക്കെ ചേര്‍ത്ത് പാകപ്പെടുത്തുന്നതായതുകൊണ്ട് പതിവായി കഴിക്കുന്നവര്‍ക്ക് പോലും പഴക്കം തിരിച്ചറിയാനാവില്ല. അജിനോമോട്ടോ പോലുള്ള രുചി വര്‍ധകങ്ങള്‍ ചേര്‍ത്ത് പഴക്കം മറച്ചുവെക്കാനുമാവും. പല ഹോട്ടലുകളിലും ശരിയായ ഫ്രീസര്‍ സംവിധാനമില്ലാത്താണ് ഭക്ഷ്യവസ്തുക്കള്‍ കേടാകാനുള്ള കാരണം. ഉള്ളവര്‍ തന്നെ വൈദ്യുതി ലാഭിക്കാനും മറ്റും ഫ്രീസര്‍ ഓഫാക്കിയിടുന്നു. പാചകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ ഒരേ ഫ്രീസറില്‍ തന്നെ സൂക്ഷിക്കുന്നു.
ഇത്തരത്തില്‍ സൂക്ഷിക്കുന്ന ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകള്‍ വേഗം വളരും. പലപ്പോഴും ഹോട്ടലില്‍ നിന്ന് കഴിക്കുന്ന വിഭവങ്ങള്‍ക്ക് എത്രനാള്‍ പഴക്കമുണ്ടെന്ന് കൃത്യമായി അറിയാന്‍ കഴിഞ്ഞെന്ന് വരില്ല. കൂടുതല്‍ ദിവസം പഴക്കമുള്ളതും ശരിയായ രീതിയില്‍ സൂക്ഷിക്കാത്തതുമായ ആഹാര സാധനങ്ങളില്‍ അണുക്കള്‍ വളരുകയും പെരുകുകയും അത് ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുകയും ചെയ്യും. പഴകിയ ഭക്ഷണം മൂലമുണ്ടാകുന്ന ഭക്ഷ്യവിഷബാധകളില്‍ പലപ്പോഴും വില്ലനാകുന്നത് ബാക്ടീരിയകളാണ്. സ്റ്റഫൈലോ കോക്കസ് ഏരിയസ്, സാല്‍മൊണല്ല, ക്‌ളോസ്ട്രീഡിയം പെര്‍ഫിന്‍ജസ്, ക്ലോസ്ട്രീഡിയം ബോട്ടുലിനം, കംപൈലോ ബാക്ടര്‍, കോളിഫോം തുടങ്ങിയവയാണ് പലപ്പോഴും മാരകമായ ഭക്ഷ്യവിഷബാധയുണ്ടാക്കുന്നത്. ശരിയായ രീതിയില്‍ സൂക്ഷിക്കാത്ത ഇറച്ചിയിലും മീനിലും മുട്ടയിലും തൈരിലുമൊക്കെ ഇത്തരം ബാക്ടീരിയകള്‍ വേഗം വളരും. ഓരോ 30 മിനുട്ടിലും അവ ഇരട്ടിച്ചുകൊണ്ടിരിക്കും. ബാക്ടീരിയകളുടെ എണ്ണം കൂടുന്നത് ഭക്ഷ്യവിഷബാധ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഹോട്ടല്‍ ഭക്ഷണത്തിലേയ്ക്ക് പലരെയും ആകര്‍ഷിക്കുന്നത് രുചി, മണം, കാഴ്ചയിലെ ഭംഗി തുടങ്ങിയവയൊക്കെയാണ്. ഇത്തരത്തില്‍ രുചിയും മണവും വര്‍ധിപ്പിക്കുവാന്‍ ചേര്‍ക്കുന്നത് കൃത്രിമ ചേരുവകളാണ് പ്രിസര്‍വേറ്റീവുകള്‍, കൃത്രിമ കളറുകള്‍, ടേസ്റ്റ് മേയ്‌ക്കേഴ്‌സ് തുടങ്ങിയവ. ഹോട്ടലുകളില്‍ ലഭിക്കുന്ന പാചകം ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ ഒരു തരത്തിലുള്ള നിറവും ചേര്‍ക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ബിരിയാണിയിലും പൊരിച്ച കോഴിയിലുമൊക്കെ പലപ്പോഴും ചുവപ്പും മഞ്ഞയും നിറം നല്‍കാന്‍ പല ഹോട്ടലുകാരും കൃത്രിമ നിറങ്ങള്‍ ചേര്‍ക്കാറുണ്ട്. ഭക്ഷ്യവസ്തുക്കളില്‍ പരിമിതമായ അളവില്‍ ചേര്‍ക്കാന്‍ അനുവദിക്കപ്പെട്ടിട്ടുള്ള എട്ടു നിറങ്ങളില്‍ ഒന്നും തന്നെ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ വ്യക്തമായി തന്നെ പറയുന്നുണ്ട്. ഒരു വര്‍ഷം വരെ തടവും മൂന്ന് ലക്ഷം വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
ഭക്ഷ്യവസ്തുക്കളുടെ രുചിയും മണവും നിറവുമൊക്കെ വര്‍ധിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുക്കളുടെ നിരന്തര ഉപയോഗം പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കും. തലവേദന മുതല്‍ ആസ്തമ, അലര്‍ജി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വിറ്റാമിന്‍ കുറവ്, സ്‌ട്രോക്ക് തുടങ്ങി കാന്‍സറിനുവരെ കാരണമാകുന്നു. ഉദാഹരണത്തിന് ഭക്ഷ്യവസ്തുക്കളില്‍ പൂപ്പലും യീസ്റ്റുമൊക്കെ പെരുകാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുവാണ് ബെന്‍സോയേറ്റുകള്‍. ഇത് ചര്‍മ അലര്‍ജി, ആസ്ത്മ, തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം തുടങ്ങിയവയ്ക്ക് ഇടയാക്കാം. ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന നിറമായ റെഡ് ഡൈ- 40 ജനന വൈകല്യങ്ങള്‍, അര്‍ബുദം തുടങ്ങിയവയ്ക്ക് കാരണമാകും.
രുചിയേറെയുള്ള ഹോട്ടല്‍ ഭക്ഷണങ്ങളുടെ മുഖ്യ ചേരുവകള്‍ പഞ്ചസാര, കൊഴുപ്പ്, ഉപ്പ് തുടങ്ങിയവയാണ്. ഇതില്‍ കൊഴുപ്പിനായി ചേര്‍ക്കുന്നത് പ്രധാനമായും ഡാല്‍ഡ, പാം ഓയില്‍, കൃത്രിമ കൊഴുപ്പുകള്‍ തുടങ്ങിയവയാണ്. വര്‍ധിച്ച കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, ഹൃദ്രോഗം, അമിത വണ്ണം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങള്‍ പെരുകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്തരം അമിത കൊഴുപ്പുപയോഗം. ആരോഗ്യവാനായ മുതിര്‍ന്ന ഒരാള്‍ക്ക് ഒരു ദിവസം വെറും മൂന്ന് ടേബിള്‍ സ്പൂണ്‍ എണ്ണയും, എട്ട് ഗ്രാം ഉപ്പും അഥവാ ഒന്നര ടീസ്പൂൺ, നാല് ടീസ്പൂണ്‍ അഥവാ 20 ഗ്രാം പഞ്ചസാരയും മാത്രമാണ് ആവശ്യമെന്നോര്‍ക്കുക. പല ഹോട്ടലുകളും മധുരത്തിനായി അസ്പാര്‍ട്ടൈം, സക്കറൈന്‍ തുടങ്ങിയ കൃത്രിമ മധുരങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇവ ദീര്‍ഘകാലം പതിവായി ഉപയോഗിക്കുന്നത് അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്കിടയാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.അമിതമായ എരിവും പുളിയും ഉപ്പുമെക്കെ അള്‍സര്‍ പോലുള്ള ഉദരപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
പൊറോട്ട, നൂഡില്‍സുകള്‍, ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയവയൊക്കെയടങ്ങിയ ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങളിലെ പ്രധാന ഘടകം മൈദയാണ്. ഗോതമ്പില്‍ നിന്ന് നാരുകള്‍ നീക്കി സംസ്‌കരിച്ചെടുക്കുന്ന, പോഷക ഗുണങ്ങള്‍ കുറഞ്ഞ മൈദയില്‍ ധാരാളം എണ്ണയും കൂട്ടിച്ചേര്‍ത്ത് പാകപ്പെടുത്തിയെടുക്കുന്നതാണ് ഒട്ടുമിക്ക ഫാസ്റ്റ് ഫുഡ് വിഭവങ്ങളും. ദഹന പ്രശ്‌നങ്ങള്‍, അമിത വണ്ണം, ഹൃദ്രോഗം, പലതരം കാന്‍സറുകള്‍ എന്നിവ വ്യാപകമാവാന്‍ വര്‍ധിച്ച മൈദ ഉപയോഗം കാരണമാകും. മൈദയുടെ സംസ്‌കരണത്തിനിടെ നിറം കൂട്ടാന്‍ ഉപയോഗിക്കുന്ന ബെന്‍സോയില്‍ പെറോക്‌സൈഡും മൃദുത്വം നല്‍കാൻ ഉപയോഗിക്കുന്ന അലോക്‌സാനുമൊക്കെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കാം. ലളിതമായ ജോലികള്‍ ചെയ്യുന്ന മുതിര്‍ന്ന ഒരാള്‍ക്ക് ഒരു ദിവസം വേണ്ടത് 2400 കലോറി ഊര്‍ജ്ജം മാത്രമാണ്. ഒരു ദിവസം കഴിക്കുന്ന മൂന്നു നേരത്തെ ഭക്ഷണത്തില്‍ നിന്നാണ് ഈ ഊര്‍ജ്ജവും അവശ്യ പോഷകങ്ങളും ലഭിക്കേണ്ടത്. എന്നാല്‍ ഒരു ഫാസ്റ്റ് ഫുഡ് ഔട്ട്‌ലറ്റിലെ ഒരു നേരത്തെ ആഹാരത്തില്‍ നിന്ന് പലപ്പോഴും ഇതിലെ വലിയൊരു പങ്കും ലഭിക്കുന്നുണ്ട്. ഇതിനൊപ്പം ഹാനികരമായ ധാരാളം കൊഴുപ്പുകളും ഉള്ളിലെത്തുന്നുണ്ട്. ഇത്തരത്തില്‍ ഫാസ്റ്റ് ഫുഡ്, ബേക്കറി പലഹാരങ്ങള്‍, കോളകള്‍, ഐസ്‌ക്രീം തുടങ്ങിയവയിലൂടെയൊക്കെ ഉള്ളിലെത്തുന്ന അമിത ഊര്‍ജ്ജം ചെലവഴിക്കപ്പെടാതെ വരുമ്പോള്‍ കൊഴുപ്പായി ശരീരത്തില്‍ സംഭരിക്കപ്പെടുന്നു. അമിത വണ്ണം, പ്രമേഹം, അമിതകൊളസ്‌ട്രോള്‍, അമിതരക്തസമ്മര്‍ദം, ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയവയ്ക്കുള്ള സാധ്യത ഇത്തരക്കാരില്‍ കൂടുതലായിരിക്കും. ഒരിക്കൽ ഉപയോഗിച്ച വെളിച്ചെണ്ണ തന്നെ മാസങ്ങളോളം ഉപയോഗിക്കുന്ന പല ഹോട്ടലുകളും തീൻമേശയിൽ വിളമ്പുന്നത് കാൻസർ പോലെയുള്ള മാരക രോഗങ്ങൾ ആണ്. മലയാളികളില്‍ 90 ശതമാനവും ഇന്ന് മാംസ ഭക്ഷണപ്രിയരാണ് അതുതന്നെ ജീവിതശൈലി രോഗങ്ങൾ ക്കുള്ള ഒരു പ്രധാന കാരണമാണ്. കേരളം ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനമായി സംസ്ഥാനം മാറിക്കൊണ്ടിരിക്കുമ്പോഴും നാം ഫാസ്റ്റ്ഫുഡ്, ജങ്ഫുഡ് വിഭവങ്ങളുടെ പിന്നാലെയാണ്. ചെറുപ്പത്തിലേ കുട്ടികളെയും അതുതന്നെ ശീലിപ്പിക്കുന്നു. നാടന്‍ വിഭവങ്ങള്‍ വീട്ടില്‍ തയ്യാറാക്കി കഴിക്കാന്‍ തയ്യാറായാല്‍ മാത്രം മലയാളിയെ ഇന്ന് അലട്ടുന്ന ഒട്ടുമിക്ക ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും.
ചൈനീസ് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക കാരണം രുചി കൂട്ടാന്‍ വേണ്ടി ചൈനീസ് ഫുഡില്‍ ചേര്‍ക്കുന്ന മോണോസോഡിയം ഗ്ലൂട്ടമേറ്റ് എന്ന വസ്തുവാണ് ഇവിടെ വില്ലന്‍. ഈ വസ്തുവിന്റെ ഉപയോഗം ചിലയാളുകളില്‍ തലവേദന, തലകറക്കം, ശരീരമാസകലമുള്ള നീറ്റല്‍, നെഞ്ചെരിച്ചില്‍, പുറംവേദന എന്നിവയ്‌ക്കെല്ലാം കാരണമാകാറുണ്ട്. ഇത്തരം ലക്ഷണങ്ങളെ "ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം" എന്നും വിളിക്കാറുണ്ട്.അലര്‍ജിയുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള ഹോട്ടലിൽ പോയി കഴിക്കാതിരിക്കുക തൊണ്ണൂറു ശതമാനവും വരുന്ന അലര്‍ജികള്‍ ഉണ്ടാക്കുന്നത് മുട്ട, പാല്‍, ഗോതമ്പ്, നിലക്കടല, ചിലതരം മത്സ്യങ്ങള്‍, കക്കയിറച്ചി, ഞണ്ട്, ചിലതരം കൊഞ്ച് എന്നിവയാണ്. സാധാരണയായി ഇവയില്‍ ഏതെങ്കിലും ഒരു ഭക്ഷ്യവസ്തുവിനോടു മാത്രമേ ഒരാള്‍ക്ക് അലര്‍ജിയുള്ളതായി കാണാറുള്ളൂ,മുകളിൽ പറഞ്ഞ ഭക്ഷണപദാർത്ഥങ്ങളിൽ ഏതെങ്കിലും ഒന്നിനോട് നിങ്ങൾക്ക് അലർജിയുണ്ടെങ്കിൽ അത്തരം ഭക്ഷണപദാർത്ഥങ്ങൾ യാത്ര പോകുമ്പോൾ കഴിക്കുന്നത് ഒഴിവാക്കുക.നിങ്ങൾക്ക് എന്തെങ്കിലും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കേണ്ട ഒരു സാഹചര്യം ഉണ്ടായാൽ വിശ്വസ്തവും ഗുണനിലവാരമുള്ള ഭക്ഷണ ശാലകളില്‍ നിന്ന് മാത്രം കഴിക്കുക. അപരിചിത സ്ഥലമാണെങ്കില്‍ സമീപ പ്രദേശത്തുള്ളവരോട് നല്ല ഹോട്ടലുകളെക്കുറിച്ച് അന്വേഷിച്ച് മനസ്സിലാക്കുന്നത് നന്നാവും.
രുചി വ്യത്യാസം വന്നതും പഴകിയത് ആണെന്ന് തോന്നുന്നതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എത്ര വില കൊടുത്ത് വാങ്ങിയതായാലും കഴിക്കരുത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് പൂപ്പലോ ദുര്‍ഗന്ധമോ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. മുറിച്ചുവെച്ചതും തുറന്ന് വെച്ചിരിക്കുന്നതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങരുത്. പഞ്ചസാരയും കൊഴുപ്പും ഉപ്പും കലോറിയും കുറഞ്ഞ സമീകൃതാഹാരം തിരഞ്ഞെടുക്കുക. കഴിവതും ഹോട്ടലുകളില്‍ നിന്ന് മാംസ വിഭവങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ ആരോഗ്യം ആണ് നിങ്ങളുടെ ഏറ്റവും വലിയ സമ്പത്ത് അതിനെ "കയ്യിലുള്ള പൈസ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുക" എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിൽ കയ്യിലുള്ള പൈസ കൊടുത്ത് സ്വന്തം ശരീരത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നതും രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നതുമായ ഭക്ഷണപദാർത്ഥങ്ങൾ വാങ്ങി കഴിക്കാതിരിക്കുക. ആയുർവേദ ഔഷധങ്ങൾ ആയ വില്വാദി ഗുളിക, വില്വാദി ലേഹ്യം അമൃതാരിഷ്ടം , അഭയാരിഷ്ടം മുതലായ ഔഷധങ്ങൾ ഏത് രീതിയിലുള്ള "ഫുഡ് പോയ്സൺ" അവസ്ഥകൾക്കും ഒരു പ്രാഥമിക ഔഷധമെന്ന നിലയിൽ കൊടുക്കാവുന്നതാണ് അതിനാൽ അത് എപ്പോഴും വീട്ടിൽ കരുതുക.

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇതിലുള്ള ആശയങ്ങൾ അർത്ഥവത്താണെന്ന് തോന്നുകയാണെങ്കിൽ മറ്റുള്ളവരിലേക്കും പങ്കുവച്ച് എത്തിക്കുക.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments