Random Post

എന്താണ് ഡിസ്‌ലെക്സിയ ?

എന്താണ് ഡിസ്‌ലെക്സിയ.....!!!!!????

ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ ചർച്ചചെയ്യപ്പെടുകയും ഗൂഗിളിൽ സർച്ച് ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു വാക്ക് "ഡിസ്‌ലെക്സിയ''. അത് എന്താണ് സംഭവം എന്ന് നിങ്ങളും അറിഞ്ഞിരിക്കണം.
സംഭാഷണ ശബ്ദങ്ങൾ തിരിച്ചറിയുന്നതും അക്ഷരങ്ങളും, വാക്കുകളും, അക്കങ്ങൾ പഠിക്കുന്നതിനും ചില കുട്ടികൾ നേരിടുന്ന പഠനവൈകല്യമാണ് ഡിസ്ലെക്സിയ. തലച്ചോറിലെ ഭാഷാ പരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഭാഗങ്ങളിൽ ഉണ്ടാകുന്ന തകരാറുമൂലം
ഒരു വ്യക്തിക്ക് സാധാരണ പോലെ വായിക്കാനും മനസ്സിലാക്കാനുമുള്ള കഴിവ് നഷ്ടപ്പെടുന്നു.

അപ്പോൾ നിങ്ങൾക്ക് തോന്നും ഇത് ബുദ്ധിമാന്ദ്യം ആണോ എന്ന്.......?
.
.
.
.
.
എന്നാൽ ബുദ്ധിമാന്ദ്യം ആയി ഈ രോഗത്തിന് യാതൊരു ബന്ധവുമില്ല. സാധാരണ ബുദ്ധിശക്തിയുള്ള കുട്ടികൾക്ക് , എഴുത്ത്, വായന, ഗണിതം, എന്നിവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങളെയാണ് പഠനവൈകല്യം എന്ന് പൊതുവേ വിളിക്കുന്നത്‌. ശരാശരിയിലോ അതിലും കവിഞ്ഞ അളവിലോ ബുദ്ധി ഉണ്ടായിട്ടും അതിനു അനുസ്യൂതമായി പെരുമാറാൻ (behaviour) കഴിയാത്ത അവസ്ഥയാണ് ഡിസ്‌ലെക്സിയ. ബൌദ്ധിക (cognitive ) പ്രവർത്തനത്തിനു തകരാറുകൾ സംഭവിക്കുമ്പോഴാണ് ഡിസ്‌ലെക്സിയ ഉണ്ടാകുന്നത്. വായന, എഴുത്ത്, അക്ഷരവിന്യാസം, കണക്കുകൂട്ടൽ തുടങ്ങിയ കഴിവുകൾ സ്വായത്തമാക്കുവാൻ തന്മൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചിത്രരചനയും സംഗീതവും പോലെ അമൂർത്തമായ ആശയങ്ങൾ കൈകാര്യം ചെയ്യുന്നതു മസ്തിഷ്കത്തിന്റെ വലത്തേ അർധഗോളമാണ്. യുക്തിയും ഗണിതവും ഭാഷാസിദ്ധിയും ഇടത്തേ അർധഗോളത്തിലാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. വായിക്കുകയും കേൾക്കുകയും വഴിയുള്ള ഉൾക്കൊള്ളലും എഴുത്തിലൂടെയും സംസാരത്തിലൂടെയുമുള്ള ആശയവിനിമയവും ഇടത്തേ അർധഗോളത്തിലാണ്. വലത്തേ അർധഗോളത്തിലും ഒരു ചെറിയ 'ഭാഷാ കേന്ദ്രം' ഉണ്ട്. ദൃശ്യവും ശ്രാവ്യവുമായ സന്ദേശങ്ങൾ വിവിധ ഭാഗങ്ങളിലായി അപഗ്രഥിച്ചു തിരിച്ചറിയുകയാണ് ഭാഷ ഉപയോഗിക്കുമ്പോൾ മസ്തിഷ്കം ചെയ്യുന്നത്. ഡിസ്‌ലെക്സിയ മസ്തിഷ്കങ്ങൾ 'ഭാഷാകേന്ദ്ര'ങ്ങളുടെ കാര്യത്തിൽ ആന്തരഘടനയിൽ വ്യത്യസ്തമാണ്. ഇതുമൂലം സന്ദേശങ്ങൾ വേണ്ടവിധം അപഗ്രഥിക്കാനും പ്രതികരിക്കാനും അവർക്കു കഴിയാതെ വരുന്നു. ഇതു പഠനശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.
ഗർഭാവസ്ഥയിലോ, പ്രസവത്തിനോട് അനുബന്ധിച്ചോ തലച്ചോറിനു സംഭവിക്കുന്ന ആഘാതങ്ങൾ, അസാധാരണ രാസവ്യതിയാനങ്ങൾ എന്നിവയൊക്കെ ഡിസ്‌ലെക്സിയയ്ക്ക് കാരണമായേക്കാം.അപകടവും രോഗവും വഴി തലച്ചോറിൽ ഉണ്ടാകുന്ന ക്ഷതങ്ങൾമൂലവും, ഗർഭകാലത്തും പ്രസവസമയത്തും പ്രസവത്തിനു തൊട്ടുപിമ്പെയുമുള്ള വൈറൽ അണുബാധ, മരുന്നുകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് എന്നിവ നിമിത്തവും ഡിസ്‌ലെക്സിയ ഉണ്ടാകാവുന്നതാണ്. ഡിസ്‌ലെക്സിയ രോഗിയുടെ മസ്തിഷ്കകോശങ്ങളുടെ ക്രമീകരണവും പ്രവർത്തനവും മറ്റു വ്യക്തികളുടേതിൽ നിന്നും വ്യത്യസ്തമാണ്. ഇത് ജനിതകപരമോ പരിസ്ഥിതിപരമോ ആയ കാരണങ്ങൾകൊണ്ട് ഉണ്ടാകാം. ഈ രോഗത്തെക്കുറിച്ച് ഒരു സിനിമ തന്നെയുണ്ട്
.
.
.
.
.
.
''താരെ സമീൻ പർ'' എന്ന ഹിന്ദി ചിത്രത്തിൽ ഇത്തരത്തിലുള്ള ഒരു പഠന വൈകല്യമുള്ള കുട്ടികളുടെ ജീവിതം കഥയാണ് പറയുന്നത്. എട്ട് വയസ്സായ ഇഷാൻ എന്ന കുട്ടി ഡിസ്ലെക്സിയ (dyslexia) എന്ന പഠനവൈകല്യ പ്രശ്നം മൂലം അനുഭവിക്കുന്ന പ്രയാസങ്ങളും, മതാപിതാക്കളോ മറ്റു അദ്ധ്യാപകരോ തിരിച്ചറിയാതിരുന്ന ഈ അസുഖം, പുതുതായി വന്ന നികുംഭ് (ആമിർ ഖാൻ) എന്ന അദ്ധ്യാപകൻ മനസ്സിലാക്കി പഠനവൈകല്യത്തിൽ നിന്ന് ഇഷാനെ മോചിപ്പിക്കുന്നതും അവനിലെ പ്രതിഭയെ കണ്ടെത്തുന്നതുമാണ്‌ 'താരെ സമീൻ പർ' എന്ന ചലച്ചിത്രത്തിൻറെ ഇതിവൃത്തം.
മനഃശാസ്ത്രജ്ഞൻ, ശിശുരോഗവിദഗ്ദ്ധൻ, മനോരോഗചികിത്സകൻ, അധ്യാപകൻ, സാമൂഹ്യപ്രവർത്തകൻ, സ്പീച്ച് തെറാപിസ്റ്റ് എന്നിവരുൾപ്പെടുന്ന സംഘമാണ് ഡിസ്ലെക്സിയ സംബന്ധിച്ചുള്ള പരിശോധനകൾ നടത്തുന്നത്. ഇവർ കുട്ടികളുടെ ശാരീരിക മാനസികശേഷി, കാഴ്ചശക്തി, കേൾവിശക്തി, ഐ.ക്യൂ., വിദ്യാഭ്യാസപരമായ നേട്ടങ്ങൾ, മറ്റു കഴിവുകൾ എന്നിവ പരിശോധിക്കുന്നു. വായിക്കാനും അക്ഷരവിന്യാസം മനസ്സിലാക്കാനും കണക്കുക്കൂട്ടാനുമുള്ള കുട്ടികളുടെ കഴിവുകൾ അളന്നും നിരീക്ഷണം നടത്തിയും ദീർഘസംഭാഷണത്തിനു വിധേയമാക്കിയും തെറ്റുകളുടെ അപഗ്രഥനം നടത്തിയുമാണ് ഡിസ്ലെക്സിയയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നത്.
ഡിസ്ലെക്സിക്ക് കുട്ടികൾക്ക് പ്രത്യേക പരിഗണനകൾ നൽകാൻ സ്കൂളുകൾ തയ്യാറാകണം.അവരെ നമ്മളിൽ ഒരാളെ പോലെ പരിഗണിക്കവാൻ നമ്മുടെ സമൂഹവും വളരണം.
ഇത്തരം പഠന വൈകല്യമുള്ള കുട്ടികളിൽ ആത്മവിശ്വാസവും മതിപ്പും വർധിപ്പിക്കുവാൻ അധ്യാപകരും രക്ഷാകർത്താക്കളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.അല്ലാതെ അത്തരം കുട്ടികളെ ഒറ്റപ്പെടുത്തുകയോ, കുറ്റം പറയുകയും, കളിയാക്കുകയും ചെയ്യാതെ പ്രത്യേക പരിഗണന നൽകുകയും അവരുടെ കഴിവുകൾ കണ്ടെത്തി അതു വികസിപ്പിക്കുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്യുകയുമാണ് ഡിസ്ലെക്സിയ പരിഹരിക്കാനുള്ള മാർഗം. ആൽബർട്ട് ഐൻസ്റ്റീൻ, ലിയൊനാർഡോ ഡാവിഞ്ചി, തോമസ് ആൽവാ എഡിസൻ, വിൻസ്റ്റൻ ചർച്ചിൽ എന്നീ മഹാന്മാരെല്ലാം 'ഡിസ്ലെക്സിയ" എന്ന അവസ്ഥയെ വിജയകരമായി നേരിട്ടവരാണ്. അത് നാം ഇത്തരത്തിലുള്ള കുട്ടികളെ കാണുമ്പോൾ ഓർക്കുന്നത് നന്നായിരിക്കും.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

Post a Comment

0 Comments