ഉദരരോഗങ്ങൾ ശമിപ്പിക്കുവാൻ ചില നാട്ടറിവുകൾ

ഉദരരോഗങ്ങൾ ശമിപ്പിക്കുവാൻ ചില നാട്ടറിവുകൾ
............................................................

നമ്മുടെ നാട്ടിൽ പ്രചാരമുള്ള നാട്ടറിവുകളുടെ ശേഖരങ്ങളിൽ നിന്ന് വളരെ ഫലപ്രദമായ മരുന്നുകൾ തെരഞ്ഞെടുത്തു കഴിഞ്ഞാൽ അതിൽ ഉദരരോഗങ്ങൾക്ക് ഉള്ള പ്രതിവിധികൾ വളരെ പ്രാധാന്യം കല്പിച്ചു തന്നെ നമ്മുടെ പൂർവീകർ പറഞ്ഞിട്ടുള്ളതായി നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. അതുകൊണ്ടാവാം ഉദരവുമായി ബന്ധപ്പെട്ട ഒരുപാട് പ്രയോഗങ്ങൾ നമ്മുടെ നാട്ടറിവ് ശേഖരത്തില്‍ സജീവമായിരുന്നത്. പണ്ടൊക്കെ എന്തെങ്കിലും ഉദരസംബന്ധമായ അസുഖങ്ങൾ വന്നാൽ നമ്മുടെ മുത്തശ്ശിയും, മുത്തശ്ശനും സ്വന്തം അടുക്കള ആകുന്ന വൈദ്യശാലയിൽ നിന്നോ അല്ലെങ്കിൽ പുറത്തുള്ള തൊടിയിൽ നിന്ന് എന്തെങ്കിലും മരുന്നുകൾ കൊണ്ടുവന്ന് അത് കഴിച്ചിട്ടാണ് പലപ്പോഴും അവർ രോഗം മാറ്റിയിരുന്നത് പക്ഷേ ഇന്ന് നമുക്കത് അന്യമായിക്കഴിഞ്ഞു ആ കാലഘട്ടവും കഴിഞ്ഞു. ഈ ആധുനിക യുഗത്തിൽ നമ്മുടെ പൂർവികരുടെ സ്വത്തായ നാട്ടുവൈദ്യ ഗൃഹവൈദ്യ ചികിത്സാരീതികൾ  അന്യംനിന്നുപോയി കൊണ്ടിരിക്കുകയാണ്. ഉദര രോഗങ്ങൾക്ക് നമ്മുടെ നാട്ടിൽ സർവസാധാരണമായി ഉപയോഗിച്ചു വരുന്ന ചില നാട്ടുമരുന്നുകളെ കുറിച്ചാണ് ഈ ലേഖനത്തിൽ ഞാൻ പ്രതിപാദിക്കുന്നത്.

1: നിങ്ങൾക്കുണ്ടാകുന്ന ഗ്യാസ്ട്രബിള്‍ അഥവാ വായുകോപത്തിന് പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുകയെന്നത് വായുകോപം ശമിക്കാൻ വളരെ നല്ലതാണ്. വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി രാത്രി ഭക്ഷണത്തിനുശേഷം കുടിക്കുന്നത് മറ്റൊരു ചികിത്സ. ഉലുവ വേവിച്ചവെള്ളം അരിച്ചെടുത്ത് സേവിച്ചാലും മതി. അതുപോലെതന്നെ കറിവേപ്പില, കല്ലുപ്പും അരച്ച് ഭക്ഷണശേഷം ശേഷം കഴിക്കുന്നതും വളരെ നല്ലതാണ്.

2: ഈ ചൂടുകാലത്ത് വളരെ സാധാരണമായി കാണുന്ന ഒന്നാണ് ചക്കപ്പഴം, ഈ ചക്കപ്പഴം അമിതമായി കഴിച്ച് ദഹനക്കേട് ഉണ്ടായാൽ അതിനൊക്കെ നമുക്ക് മറുമരുന്നുണ്ട്. ചക്കപ്പഴം കഴിച്ച് ദഹനക്കേടുവന്നാല്‍ ചുക്കും കുരുമുളകും വെളുത്തുള്ളിയും കൊണ്ട് ഒരു ചമ്മന്തി ഉണ്ടാക്കി കഴിക്കുക അതുപോലെതന്നെ ചുക്ക് ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക  വളരെയധികം ഫലം കിട്ടും.

3: നിങ്ങൾ അമിതമായി വാഴ പഴം കഴിച്ചു ദഹനക്കേടു വന്നാൽ  കാച്ചിയ മോര് കഴിക്കുക.

4: അമിതമായി പുളിയുള്ള പഴങ്ങളും ഭക്ഷണപദാർത്ഥങ്ങൾ കഴിച്ച് ഉണ്ടാകുന്ന ഉദരപ്രശ്നങ്ങൾക്ക് ഒരു ടീസ്പൂൺ നല്ലെണ്ണ അല്ലെങ്കിൽ തേങ്ങാപ്പാൽ കഴിക്കുക.

5:പാൽ അമിതമായി കഴിച്ച ദഹനക്കേട് ഉണ്ടായാലോ അല്പം തിപ്പലി പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുക

6: വയറിളക്കം, വയറുകടി തുടങ്ങിയ  രോഗങ്ങള്‍ക്കെല്ലാം നമ്മുടെ പൂര്‍വികര്‍ ചില ഞൊടുക്ക് വിദ്യകൾ ഉപദേശിച്ചിട്ടുണ്ട്. വളരെ  സർവസാധാരണമായ ഒരു പ്രയോഗമാണ് കട്ടന്‍ചായയില്‍ ചെറുനാരങ്ങാനീരും തെല്ല് ഉപ്പുംചേര്‍ത്ത് കഴിക്കണമെന്നത് അത് എല്ലാവർക്കും അറിയുന്ന ഒരു കാര്യം ആണെന്ന് വിശ്വസിക്കുന്നു പറങ്കിമാവിന്റെ കുരുന്നില ഉപ്പുചേര്‍ത്തരച്ചു കഴിക്കുന്നതും വയറിളക്കത്തിന് നന്നാണത്രെ. ഉപ്പുചേര്‍ത്ത കരിക്കിന്‍ വെള്ളം, കറിവേപ്പില മോരില്‍ അരച്ച് കലക്കിയ പാനീയവും നല്ലതാണ്.   കൊടകപ്പാലയുടെ തൊലി അരച്ചുകലക്കിയ മോരും വയറൊഴിച്ചിലിന് പരിഹാരമായി നിര്‍ദ്ദേശിക്കാറുണ്ട്.

6: ഇനി നിങ്ങൾക്ക് ശോധന കുറവാണെങ്കിൽ കടുക്കാതോട് ഇടിച്ചുപൊടിച്ച് മോരില്‍ ഇട്ടുവച്ച് പിറ്റേന്ന് എടുത്ത് കുടിച്ചൽ സുഖശോധന ഉറപ്പ്.രാത്രി കിടക്കുമ്പോൾ ശുദ്ധിചെയ്ത ആവണക്കെണ്ണ ഒരു ടീസ്പൂൺ കഴിച്ചാൽ രാവിലെ നല്ല സുഖ ശോധന കിട്ടും.

7: ഇനി നിങ്ങൾക്ക് വിശപ്പു കുറവാണെങ്കിൽ കുരുമുളകും ജീരകവും സമം പൊടിച്ച് ഓരോനുള്ളുവീതം ഒരു സ്പൂണ്‍ ഇഞ്ചിനീരില്‍ ചേര്‍ത്ത്  ഭക്ഷണശേഷം കഴിച്ചാലും ദഹനവും വിശപ്പും നന്നായി ഉണ്ടാകും. ഇതൊക്കെയാണെങ്കിലും ഗുരുതരമായ രോഗാവസ്ഥയിൽ സ്വയം ചികിത്സ ഒരിക്കലും ആശാസ്യമല്ലെന്നോര്‍ക്കുക ഇപ്പോഴും ഒരു വൈദ്യ നിർദ്ദേശാനുസരണം ഏത് പ്രയോഗങ്ങളും ചെയ്യുന്നതാണ് ശ്രേഷ്ഠം.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Comments