ട്യൂബർക്കുലോസിസ് എന്ന രോഗവുമായി ബന്ധപ്പെട്ട് ഒരു അനുഭവക്കുറിപ്പ്

ട്യൂബർക്കുലോസിസ് എന്ന രോഗവുമായി ബന്ധപ്പെട്ട് ഒരു അനുഭവക്കുറിപ്പ്

കുറച്ച് നാളുകൾക്കു മുമ്പ് ഒരു രോഗി എന്നെ കാണാൻ വന്നു, എനിക്ക് പരിചയം ഉള്ള ഒരു സുഹൃത്തിന്റെ സഹോദരിയാണ് പ്രധാന ബുദ്ധിമുട്ടുകൾ എന്താണെന്ന് വെച്ചാൽ ഇടയ്ക്കിടെ വരുന്ന തലവേദന,  വല്ലപ്പോഴും ഛർദ്ദിയും മറ്റും, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ക്ഷീണം, ശോധന കുറവ്, വയറു ഇപ്പോഴും വീർത്തിരിക്കുക, ഉറക്കക്കുറവ്, ശരീരവേദന, ചെറിയ ഉൾകുളിര്, ഇടയ്ക്ക് ചെറിയ വയറുവേദന മുതലായവ ആയിരുന്നു പ്രധാനമായ ലക്ഷണങ്ങൾ. ആധുനിക വൈദ്യശാസ്ത്രത്തിലെ പല ടെസ്റ്റുകളും നടത്തി രണ്ടു മാസത്തിനിടെ മൂന്ന് ഡോക്ടർമാരെ കണ്ടു എന്നിട്ടും പ്രത്യേകിച്ച് ഫലമൊന്നുമുണ്ടായില്ല. ഞാൻ വിശദമായി ഹിസ്റ്ററി എടുത്തു എന്നിട്ടും ഒരു വ്യക്തമായ ഒരു ഡയഗ്നോസിസ് നടത്താൻ എനിക്കും കഴിഞ്ഞില്ല. തലവേദനയും മറ്റു ബുദ്ധിമുട്ടുകൾ ഉള്ള കാരണം സി.ടി സ്കാൻ, എംആർഐ ഒക്കെ എടുത്തിട്ടുണ്ട് ആ റിപ്പോർട്ടുകളെല്ലാം പരിശോധിച്ചു അതെല്ലാം നോർമൽ. ബ്ലഡ് ടെസ്റ്റിൽ ഒക്കെ  ചെറിയ ചില വേരിയേഷൻ ഉണ്ട് എന്നാൽ കാര്യമായി ഒന്നും കണ്ടില്ല. ആധുനിക വൈദ്യശാസ്ത്രത്തിലെ പല പരിശോധനകളും കഴിഞ്ഞു ഇതേവരെ അവർക്കും രോഗം കണ്ടെത്താൻ കഴിഞ്ഞില്ല. മുകളിൽ പറഞ്ഞ ബുദ്ധിമുട്ടുകൾ തീരെ കലശലായി അതിനാലാണ് എന്നെ കാണാൻ വന്നത്. ഞാൻ ക്ഷീണം മാറാനും, വിശപ്പു വരാനും മറ്റ് ബുദ്ധിമുട്ടുകളെല്ലാം മാറാൻ കുറച്ച് ആയുർവേദ മരുന്നുകൾ കൊടുത്തു. ആയുർവേദ മരുന്ന് ആദ്യമായി കഴിക്കുന്നത് കൊണ്ട് ആകും നമ്മുടെ രോഗിക്ക് കഷായവും, ചൂർണ്ണവും മറ്റും അകത്ത് ചെന്നതോടുകൂടി ഛർദ്ദിയും, പനിയും, ക്ഷീണവും മറ്റു ബുദ്ധിമുട്ടുകളും ഒക്കെ അങ്ങ് കൂടി, ആകക്കൂടെ ഒരു പരവേശം. കാര്യം അത്ര പന്തിയല്ലെന്ന് തോന്നിയത് കൊണ്ട് അപ്പോൾ തന്നെ ഞാൻ ഏതെങ്കിലുമൊരു നല്ല ഗ്യാസ്ട്രോ എൻട്രോളജിറ്റിനെ കണ്ട് വിദഗ്ധ ചികിത്സ തേടണം എന്ന് ഉപദേശിച്ചു. പിന്നീട് കുറച്ചുനാളത്തേക്ക് രോഗിയെ കുറിച്ച് വലിയ വിവരം ഒന്നും ഉണ്ടായില്ല. എന്നാൽ രണ്ടാഴ്ചക്ക് ശേഷം രോഗിയുമായി വളരെ അടുപ്പമുള്ള ഒരാൾ എന്നെ വ്യക്തിപരമായി വന്നു കണ്ട് ആ രോഗിക്ക് "ട്യൂബർക്കുലോസിസ്" ആയിരുന്നു എന്ന് പറഞ്ഞു. സംഗതി കേട്ടപ്പോൾ എനിക്കൊരു ഞെട്ടൽ ഉണ്ടായി രോഗിയുടെ കലശലായ "ക്ഷീണം ഇടയ്ക്ക് വരുന്ന ഉൾ കുളിരും"മറ്റും ട്യൂബർകുലോസിസ് കാരണമായിരുന്നു. ഒരുപക്ഷേ ആയുർവേദ മരുന്ന് ചെന്നപ്പോൾ അകത്തു ഒളിഞ്ഞുകിടന്ന പനിയും, ചർദ്ദിയും മറ്റു അസ്വസ്ഥതകളും, ക്ഷീണമൊക്കെ കൂടുതൽ തീവ്രമായി പുറത്തുചാടി കാണും. എന്തായാലും എനിക്കും അതിന് മുന്നേ ആ രോഗിയെ ചികിത്സിച്ച ഡോക്ടർക്കും കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിലും മറ്റൊരു വിദഗ്ധ ഡോക്ടർക്ക് ആ ഒളിഞ്ഞു കിടന്ന രോഗം കണ്ടെത്താൻ കഴിഞ്ഞു അതിന് ഒരുപക്ഷേ ഞാൻ കൊടുത്ത ആയുർവേദ മരുന്നുകൾ ഒരു നിമിത്തമായി കാണും. ഇപ്പോൾ രോഗി ട്യൂബർക്കുലോസിസ് നുള്ള മരുന്ന് കഴിച്ച് കൊണ്ടിരിക്കുന്നു. ഈയൊരു സംഭവം ഞാൻ പറയാൻ കാരണം ട്യൂബർക്കുലോസിസ് എന്ന രോഗം ഏത് രൂപത്തിലും വരാം എപ്പോഴും അതിതീവ്രമായ ചുമ ആകണം അതിന്റെ ലക്ഷണം എന്നില്ല. അതിനാൽ വിട്ടുമാറാത്ത പനിയും, ക്ഷീണവും ,വിശപ്പില്ലായ്മയും , ഇടയ്ക്കിടയ്ക്ക് വരുന്ന ചുമയും നിങ്ങൾക്കോ അതോ നിങ്ങൾക്ക് പ്രിയപ്പെട്ടവർക്കോ ഉണ്ടെങ്കിൽ ഒന്ന് സൂക്ഷിക്കുന്നത് നന്ന് അത്തരം ലക്ഷണങ്ങളെ നിസ്സാരവൽക്കരിച്ച് അവഗണിക്കരുത്. ഈയൊരു ചെറിയ സംഭവം നിങ്ങളോട് ഞാൻ പറയാൻ കാരണം മാർച്ച് 24 ലോക ക്ഷയരോഗദിനം. 1992 മുതൽ ഈ ദിനം ആചരിച്ച് വരുന്നു. അമ്പതു കൊല്ലത്തിലേറെയായി ക്ഷയരോഗത്തിനു ഫലപ്രദമായ മരുന്നും വാക്സിനും ലഭ്യമാണ്. നിങ്ങൾ അറിഞ്ഞിരിക്കുക ഓരോ വർഷവും ക്ഷയരോഗം (ടിബി) ആഗോളമായി 3 ദശലക്ഷം പേരുടെ മരണത്തിനിടയാക്കുന്നു.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Comments