Random Post

കീറ്റോ ഡയറ്റിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ

"കീറ്റോ ഡയറ്റിൽ" ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ
.......................................................

കുറച്ച് നാളുകൾ ആയിട്ടുള്ളൂ ഈ "കീറ്റോഡയറ്റിനെ" കുറിച്ച് കേട്ടിട്ട് കേട്ടപ്പോൾ വളരെ രസകരമായി തോന്നി . പിന്നീടാണ് സംഭവത്തെക്കുറിച്ച് ഒന്ന് വിശദമായി വായിച്ചത് വായിച്ചപ്പോൾ അത്ര രസകരമായി തോന്നിയില്ല "അന്നജം ഒഴിവാക്കി മത്സ്യമാംസങ്ങൾ കഴിച്ച് തടി കുറയ്ക്കാം" കേൾക്കാൻ നല്ല രസം. എന്നാൽ ഈ ഭക്ഷണരീതി ദീർഘകാലം പിന്തുടർന്നാൽ അതിൽ ഒളിഞ്ഞിരിക്കുന്ന ചില അപകടങ്ങളുണ്ട് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു അത് നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.കീറ്റോ ഡയറ്റിൽ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ, സാധാരണ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഗ്ലൂക്കോസ് ഉണ്ടായി അതാണ് കോശങ്ങൾ അവരുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുക. തലച്ചോറിനൊക്കെ ഗ്ലൂക്കോസ് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. അത് കിട്ടിയില്ലേൽ പിന്നെ പണി പാളും. കീറ്റോ ഡയറ്റ് നോക്കുന്നവർ കഴിക്കുന്ന അന്നജത്തിന്റെ അളവ് കുറവായതുകൊണ്ട് ആവശ്യത്തിന് ഗ്ലൂക്കോസ് ഉണ്ടാക്കാൻ പറ്റില്ല. ഇത്തരക്കാരിൽ കൊഴുപ്പിനെ ഉപയോഗിച്ച് ശരീരം "കീറ്റോൺ ബോഡി" എന്ന ചെറിയ രാസവസ്തുക്കൾ ഉണ്ടാക്കും. കരളിലാണ് ഈ പ്രവർത്തനം നടക്കുക. ഈ കീറ്റോൺ ബോഡികൾ തലച്ചോറിനും മറ്റും ഉപയോഗിക്കാൻ സാധിക്കും. കീറ്റോ ഡയറ്റ് നോക്കുന്നവരിൽ രക്തത്തിൽ കീറ്റോൺ ബോഡികളുടെ അളവ് കൂടും അതാണ് ഈ പേരിന് കാരണമായത്.
മിതമായ അളവിൽ പ്രോട്ടീനുകളും വളരെ കുറച്ച് കാർബോഹൈഡ്രേറ്റും കൊഴുപ്പു കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുകയാണ് ഈ ഡയറ്റിൽ ചെയ്യുന്നത്. കാർബോഹൈഡ്രേറ്റിനെ (അന്നജത്തെ) ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യുന്നത് കീറ്റോസിസ് എന്ന പ്രക്രിയ വഴി കൊഴുപ്പിനെ കത്തിച്ചു കളയാൻ ശരീരത്തെ സഹായിക്കുന്നു.
നിങ്ങൾ കീറ്റോ ഡയറ്റ് പിന്തുടരുമ്പോൾ കഴിക്കുന്ന ആഹാരങ്ങൾ ഇവയെല്ലാമാണ്.
പ്രകൃതിദത്തമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന കൊഴുപ്പുകൾ ഉപയോഗിക്കാം. പൂരിത/അപൂരിത കൊഴുപ്പുകൾ കഴിക്കുന്നതിൽ തടസമില്ല. ട്രാൻസ് കൊഴുപ്പുകൾ ഒഴിവാക്കണം. ബട്ടർ, വെളിച്ചെണ്ണ, മുട്ടയുടെ മഞ്ഞ ഇവ കഴിക്കാം. അതുപോലെതന്നെ മാംസ്യം ( പ്രോട്ടീൻ )കൂടുതലും മൽസ്യം, റെഡ് മീറ്റ്, മുട്ടയുടെ വെള്ള, ചിക്കൻ, കൊഴുപ്പു കൂടിയ മീനുകൾ കഴിക്കാം.
പച്ചക്കറികളിൽ കിഴങ്ങു വർഗ്ഗങ്ങൾ ഒഴിവാക്കി ഇലവർഗ്ഗങ്ങൾ കൂടുതൽ കഴിക്കാം. പഴങ്ങളും മറ്റും വളരെ കുറക്കണം. പാൽ ഉൽപ്പന്നങ്ങളിൽ അന്നജം കുറഞ്ഞ പാലുല്പന്നങ്ങൾ കൂടുതൽ കഴിക്കാം. മയോനൈസ്, ചീസുകൾ ഇവ കൂടുതലും പാലും തൈരും കുറച്ചും ഉപയോഗിക്കാം .
പാനീയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അന്നജം കുറഞ്ഞ പാനീയങ്ങൾ കൂടുതൽ കുടിക്കാം. ചായ, കാപ്പി, ജ്യൂസുകൾ ഒക്കെ കുറക്കണം. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ അന്നജം ഒഴിവാക്കി ശരീരത്തെ ഇത്തരത്തിൽ പീഡിപ്പിക്കുന്നതിനോട് എനിക്ക് യാതൊരു യോജിപ്പുമില്ല. രണ്ടോ മൂന്നോ മാസം തുടർച്ചയായി അന്നജം ശരീരത്തിൽ എത്താതിരുന്നാൽ ദഹനം മോശമാകും അത് പിന്നീട് ഉദരപ്രശ്നങ്ങൾക്കും കാരണമാകും.
കാർബോ ഹൈഡ്രേറ്റിനെ (അന്നജത്തെ) ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യുന്നത് വഴി നിങ്ങളുടെ ശരീരത്തിൽ "കീറ്റോസിസ്" എന്ന പ്രക്രിയ ആരംഭിക്കുന്നു അത് വഴി കൊഴുപ്പിനെ കത്തിച്ചുകളയാൻ നിങ്ങൾ നിങ്ങളുടെ ശരീരത്തെ നിർബന്ധിതനാകുന്നു അല്ലെങ്കിൽ ഭീഷണിപ്പെടുത്തുന്നു എന്നുവേണമെങ്കിൽ പറയാം. പാവം ശരീരം അത് നിങ്ങളുടെ ഭീഷണിക്ക് വഴങ്ങി നിങ്ങളുടെ കൊഴുപ്പിനെ കത്തിച്ചുകളയുന്നു ശരിക്കും പറഞ്ഞാൽ സഹതാപം തോന്നുന്നുണ്ട് ആ പാവം ശരീരത്തിനോട് തികച്ചും ശാസ്ത്രീയമായ ഭീഷണി. ഈ കുറുക്ക് വഴിയിലൂടെ ചെറിയ സമയത്തിനുള്ളിൽ ഒരുപാട് ഭാരം കുറയുന്നത് ആരോഗ്യകരമല്ല എന്നതും ഓർമിക്കുക. എനിക്ക് പറയാനുള്ളത് നിങ്ങൾ ഇത്തരത്തിൽ വൻതോതിൽ സാച്ചുറേറ്റഡ് ഫാറ്റും ആനിമൽ പ്രോട്ടീനും കഴിക്കുന്നത് വൃക്ക, കരൾ, പാൻക്രിയാസ് രോഗികൾക്ക് ദോഷം ചെയ്യും. വൃക്കയിൽ കല്ലുള്ളവർക്കും യൂറിക്ക് ആസിഡ് അധികമുള്ളവർക്കും ഇത് അപകടകരമാണ് കീറ്റോഡയറ്റ് എന്ന് ദയവായി മനസ്സിലാക്കുക. നീങ്ങൾ ധാന്യങ്ങൾ ഒഴിവാക്കുന്നതിനാൽ ബി കോംപ്ലക്സുകളടക്കമുള്ള വൈറ്റമിനുകളുടെ ലഭ്യത കുറയും പഴങ്ങൾ കഴിക്കുന്നത് കുറയുന്നതിനാൽ ആന്റി ഓക്സിഡന്റ്സും ലഭിക്കാതാകും ഡയറ്റിന്റെ ഭാഗമായി പച്ചക്കറികൾ കഴിക്കണമെന്നുണ്ടെങ്കിലും പലരും ഇത് പാലിക്കാറില്ല.
ഇതിന്റെ ഫലമായി നാരുള്ള പദാർഥങ്ങൾ ശരീരത്തിലെത്തുന്നത് കുറയുന്നത് വഴി മലബന്ധവുമുണ്ടാകും.
കീറ്റോ ഡയറ്റ്​ പിന്തുടരു​മ്പാൾ ഇടക്കിടെ മൂത്രമൊഴിക്കേണ്ടി വരും. ഇത്​ മൂലം ശരീരത്തിൽ നിന്ന്​ ദ്രാവകവും സോഡിയം, മഗ്​നീഷ്യം, പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റ്സും നഷ്​ടമാകും. ഇത്​ വൃക്കയിലെ കല്ലിനും മറ്റ്​ വൃക്കരോഗങ്ങൾക്കും ഇടവരുത്തും.
അതുപോലെതന്നെ നിങ്ങൾ
മാംസ്യവും, കൊഴുപ്പും വലിയ അളവിൽ കഴിക്കുന്നത് നിങ്ങളുടെ ദഹനശക്തിയും കുറക്കുന്നു. കീറ്റോൺ ബോഡിയുടെ അളവ് കൂടുന്നത് വിശപ്പ് കുറയാൻ കാരണം ആകുന്നു. കൃത്യമായ പഠനങ്ങളുടെ പിൻബലം ഇല്ല എന്നതാണ് ഈ ന്യുജനറേഷൻ ഡയറ്റിന്റെ ഏറ്റവും വലിയ ന്യൂനത. അത്തരം ഒരു ഭക്ഷണരീതി തടി കുറയ്ക്കാൻ അതുകൊണ്ടു തന്നെ ഉപദേശിക്കാൻ പറ്റില്ല. ഭാരം കുറക്കാനുള്ള ഉത്തമമായ രീതി എന്നത് നമ്മൾ പിന്തുടരുന്ന ക്രമം കൊണ്ട് 10% എങ്കിലും ഭാരം കുറക്കാനും, അത് ഒരു വർഷമെങ്കിലും കൂടാതെ നോക്കുകയും വേണം. അത്തരത്തിൽ നോക്കുമ്പോൾ ഈ ഭക്ഷണരീതി ദീർഘകാലം നീണ്ടു നിൽക്കുന്ന മാറ്റം നൽകുന്നില്ല എന്നാണ് കാണുന്നത്.പ്രിയപ്പെട്ട സുഹൃത്തുക്കളേ നിങ്ങൾ ആദ്യമേ മനസ്സിലാക്കേണ്ടത്
അമിത വണ്ണം ഉണ്ടാകാതെ നോക്കുക എന്നതാണ് ഏറ്റവും പ്രാധാന്യം. അതിനായി ശരിയായ ഭക്ഷണരീതിയും, വ്യായാമങ്ങളും കുട്ടിക്കാലം തൊട്ടു ജീവിതത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കണം.അല്ലാതെ ഒരു സുപ്രഭാതത്തിൽ ബോധോദയം ഉണ്ടായി സ്വന്തം ശരീരത്തെ പീഡിപ്പിച്ച് തടി കുറയ്ക്കാൻ ശ്രമിക്കുന്നത് അത്ര ശരിയായ രീതിയല്ല എന്നാണ് എന്റെ അഭിപ്രായം. അതുമാത്രമല്ല ഇറച്ചി, പ്രത്യേകിച്ചും മട്ടൻ, ബീഫ്, പോർക്ക് എന്നീ റെഡ് മീറ്റുകൾ പല അർബുദങ്ങളുടെയും സാധ്യത കൂട്ടുന്നുണ്ട്. മാത്രമല്ല, ഇവയിൽ ഉള്ള കൊഴുപ്പ് മൊത്തം പൂരിത കൊഴുപ്പ് ആണ്. ആരോഗ്യത്തിനു നല്ലതാണ് എന്ന് തെളിഞ്ഞ പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗത്തിന് കീറ്റോ ഡയേറ്റിന്റെ വക്താക്കൾ തീരെ പ്രാധാന്യം കൊടുക്കുന്നില്ല. എന്തായാലും മൊത്തത്തിൽ ഒരു വശപിശക് അതുകൊണ്ട് കീറ്റോ ഡയറ്റി നോട് പൂർണ്ണമായും യോജിക്കാൻ കഴിയുന്നില്ല.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments