Random Post

മുണ്ടിനീര് അഥവാ കർണ്ണമുകുള ജ്വരം ആയുർവേദത്തിലൂടെ പ്രതിരോധിക്കാം

മുണ്ടിനീര് അഥവാ കർണ്ണമുകുള ജ്വരം ആയുർവേദത്തിലൂടെ പ്രതിരോധിക്കാം
----------------------------------------------------------

ആയുർവേദ ശാസ്ത്രത്തിൽ ക്ഷുദ്ര രോഗ അധികാരത്തിൽ പറയുന്ന "പാഷാണ ഗർദ്ധഭ" (पाषाणगर्दभ ) എന്ന രോഗമാണ് "മുണ്ടിനീര്" അഥവാ "കർണ്ണമുകുള ജ്വരം" ശാസ്ത്രത്തിൽ ചിലയിടത്ത് ഇതിനെ "ഉദർദ്ദം' എന്നും പറയുന്നു.ദോഷ അടിസ്ഥാനത്തിൽ പറയുമ്പോൾ മുണ്ടിനീരിനെ കഫവാതാധിക രോഗമെന്നാണ് ആയുർവേദം പറയുന്നത്. ഉമിനീര്‍ ഗ്രന്ഥിയില്‍ വരുന്ന വീക്കമാണ്‌ മുണ്ടിനീര്‌, സാംക്രമിക രോഗങ്ങളില്‍ പ്രധാനപ്പെട്ടതും സാധാരണയായി വേനല്‍ക്കാലത്തു കൂടുതലായി പടര്‍ന്നു പിടിക്കുന്നതുമായ ഒന്നാണ്‌ മുണ്ടി നീര്‌.

കേരളത്തിലെ  പലയിടത്തും ഇപ്പോള്‍ മുണ്ടി നീര്‌ പടര്‍ന്നു പിടിക്കുകയാണ്‌ പ്രധാനമായും മലയോര മേഖലയിൽ ആണ് ഇത് കൂടുതൽ ആയി കാണപ്പെടുന്നത്.  വായുടെ ഇരുവശത്തുമായി ആറ്‌ ഉമിനീര്‍ ഗ്രന്ഥികൾ കാണപ്പെടുന്നു. ഓരോ വശത്തും മൂന്നു വീതം.

ഇവയില്‍ പരോറ്റിഡ്‌ ഗ്രന്ഥി ചെവിയുടെ താഴെയായി കാണപ്പെടുന്നു.താടിയെല്ലിന്റെ അടിയിലായി സബ്‌ മാന്‍ഡിബുലാര്‍ ഗ്രന്ഥിയും നാവിന്റെ അടിയിലായി സബ്‌ ലിംഗ്വല്‍ ഗ്രന്ഥിയും കാണപ്പെടുന്നു. ഇവയില്‍ പ്രധാനപ്പെട്ടതും വലുതുമായ പരോറ്റിഡ്‌ ഗ്രന്ഥിയെയാണ്‌ സാധാരണയായി രോഗം ബാധിച്ചു കാണപ്പെടുന്നത്‌.

അതിനാല്‍ മുണ്ടിനീരിനെ പരോറ്റിഡൈറ്റിസ്‌ എന്നും പറയുന്നു. സാധാരണയായി കുട്ടികളില്‍ മാത്രമായി കണ്ടു വരുന്നതും, ഒരിക്കല്‍ വന്നാല്‍ ജീവിതാന്ത്യം വരെ പ്രതിരോധശേഷി നിലനില്‍ക്കുന്നതുമാണ്‌ മുണ്ടിനീര്‌. വളരെ അപൂര്‍വമായി മാത്രം മുതിര്‍ന്നവരിലും രോഗം കണ്ടുവരുന്നു. ഈ രോഗത്തിന് എതിരെ ഇന്ന് പ്രതിരോധ മരുന്ന് ലഭ്യമാണ്.

വീട്ടിലോ സ്‌കൂളിലോ ഒരു കുട്ടിക്ക്‌ രോഗബധയുണ്ടായാല്‍ മറ്റ്‌ കുട്ടികളിലേക്കും രോഗം അതിവേഗം പടര്‍ന്നു പിടിക്കും. രോഗാണു പാരാമിക്‌സോ വൈറസ്‌ വിഭാഗത്തില്‍പ്പെട്ട മംപ്‌സ്‌ വൈറസ്‌ ആണ്‌. രോഗാണു ശരീരത്തില പ്രവേശിച്ചശേഷം 2-4 ആഴ്ചകള്‍ക്ക് (സാധാരണ 14-18 ദിവസം)  ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക. ആദ്യ രോഗലക്ഷണം കാണുന്നതിനു 4-6 ദിവസം മുന്‍പ് മുതല്‍, രോഗലക്ഷണം കണ്ടുതുടങ്ങി ഒരാഴ്ച വരെ ഒരു രോഗി മറ്റുള്ളവരിലേയ്ക്ക് രോഗം പരത്തും.

ഇങ്ങനെ ഒരു രോഗിയില്‍ നിന്നും മറ്റൊരാളിലേയ്ക്ക് രോഗം പകരാനുള്ള സാധ്യത 86% വരെയാണ്. അതുകൊണ്ട്‌ ഈ ദിവസങ്ങളിലാണ്‌ രോഗപകര്‍ച്ച അധികമായി സംഭവിക്കുന്നത്‌.ഒരു പ്രാവശ്യം ഈ രോഗംബാധിച്ചാൽ വീണ്ടും ഈ രോഗം വരാനുള്ള സാധ്യതകുറവാണെങ്കിലും ഇതുണ്ടാക്കുന്ന അസ്വസ്ഥതയും പാർശ്വഫലങ്ങളും ഈ രോഗത്തെ ഗൗരവമുള്ളതാക്കുന്നു. പക്ഷേ ഈ രോഗം സാധാരണയായി മരണകാരണമാകാറില്ല.

പരോട്ടിഡ് ഗ്രന്ഥികളെസാധാരണയായി ബാധിക്കുന്ന മുണ്ടിനീര് അപൂർവ്വമായി നാഡിവ്യൂഹത്തെയും ബാധിക്കുന്നതായി കണ്ടു വരുന്നു. ഉമിനീർ ഗ്രന്ഥികളിൽനിന്ന് വായിലേയ്ക്ക് നീളുന്ന ഗ്രന്ഥിനാളികയിൽ നിന്നും തലച്ചോറിനെയും സൂഷുമ്‌നാ നാഡിയെയും പൊതിഞ്ഞിരിക്കുന്ന നേരിയ ദ്രാവകമായ സെറിബ്രോ സ്പൈനൽ ഫ്‌ളൂയിഡിൽ നിന്നും ഈ വൈറസിനെ വേർതിരിച്ചെടുക്കാം.

രോഗബാധിതന്റെ രക്തം, മൂത്രം, മുലപ്പാൽ എന്നിവയിലും ഈ വൈറസ് കാണപ്പെടുന്നു
കർണ്ണമൂലത്തിലുള്ള ഗ്രന്ഥികൾക്ക് വീക്കം ഉണ്ടാക്കുന്ന ഈ രോഗത്തിൽ പനിയും തലവേദനയും ചെവിവെദനയും ഉണ്ടാകാറുണ്ട്. ആദ്യം വശത്തുള്ള കർണ്ണമൂലത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന വീക്കം കവിളിന്റെ അധോഭാഗത്തു കൂടി വ്യാപിക്കുകയും പിന്നീട് മറുവശത്തുള്ള കർണ്ണമൂലത്തിലും കവിളിലും നീരുണ്ടാകുകയും ആദ്യമുണ്ടായ നീരുമായി ചേർന്ന് താടിയിൽ നല്ലതുപോലെ വീക്കമുണ്ടാവുകയും ചെയ്യുന്നു.

ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വായ തുറയ്ക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസമുണ്ടാകും. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങളാണ്. ചിലർക്ക് ഭക്ഷണം കഴിക്കാൻ പോലും വിഷമമുണ്ടാകും.

ഈ രോഗം വേണ്ടത്ര ഫലപ്രദമായി ചികിത്സിക്കാതിരുന്നാൽ ചില പ്രധാന അവയവങ്ങൾക്ക് രോഗബാധയുണ്ടാകാൻ സാധ്യതയുണ്ട്.വൃഷണ വിദ്രധി,ശുക്ല ഗ്രന്ഥി വീക്കം മുതലായവ.വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുക. അഞ്ചുമുതൽ മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. രോഗം കുട്ടികളിലേക്കാൾ ഗുരുതരമാകുന്നത് മുതിർന്നവരിലാണ്.

രോഗ ലക്ഷണങ്ങൾ പ്രാരംഭത്തിലെ ചികിത്സിച്ചില്ലെങ്കിൽ ഭാവിയിൽ വന്ധ്യത ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം. രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റ് പലരിലേക്കും പകർന്നിരിക്കുമെന്നതിനാൽ മുണ്ടിനീര് പകരുന്നത് നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്.അതിനാൽ അസുഖ ബാധിതർ പൂർണ്ണമായും അസുഖം മാറുന്നത് വരെ വീട്ടിൽ വിശ്രമിക്കുക.

രോഗത്തെ പ്രതിരോധിക്കാൻ രോഗികളുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. രോഗികളായ കുട്ടികളെ സ്‌കൂളിൽ വിടുന്നത് പൂർണ്ണമായും ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക. സാധാരണയായി ഒന്ന് മുതൽ രണ്ട് ആഴ്ചകൾ കൊണ്ട് രോഗം ഭേദമാകാറുണ്ട്.

മുണ്ടിനീരിന് വളരെ ഫലപ്രദമായ ആയുർവേദ ചികിത്സ ഇന്ന് ലഭ്യമാണ്. രോഗത്തിന്റെ ആദ്യാവസ്ഥയിൽ രോഗം പ്രധാനമായും അമാവസ്ഥയിൽ ആകുന്നതിനാൽ ആ അവസ്ഥ മാറിയതിനു ശേഷം മാത്രമേ മറ്റു ചികിത്സകൾ ചെയ്താൽ ഫലം കിട്ടുകയുള്ളൂ.പ്രാരംഭത്തിൽ പനിയുള്ളപ്പോൾ പാചനം ആയ ഉപചാരം ആണ് ആവശ്യം. അതിനാൽ ആമാവസ്ഥ മാറാൻ പാചനാമൃതം കഷായം, ശുണ്ഠീധാന്യക കഷായം, അമൃതോത്തരം കഷായം, അമൃതഷഡംഗം കഷായം മുതലായ കഷായങ്ങൾ കൊടുക്കുക അതിനുശേഷം ദശമൂലകടുത്രയം കഷായം, ഇന്ദുകാന്തം കഷായം, പഥ്യാകുസ്തുംബരാദി കഷായം, പുനർന്നവാദി കഷായം മുതലായ വളരെ നല്ലതാണ്.

അതുപോലെതന്നെ വെട്ടുമാറൻ ഗുളിക,സൂര്യപ്രഭ ഗുളിക,ചുക്കും തിപ്പലാദി ഗുളിക, മൃത്യുഞ്ജയ രസം, വില്വാദി ഗുളിക, ദുഷ്വിഷാരി ഗുളിക, താലീസപത്രാദി ചൂർണ്ണം, വ്യോഷാദിവടകം, വില്വാദി ലേഹ്യം,  ലക്ഷ്മിവിലാസരസം, അവിപത്തി ചൂർണ്ണം, അമൃതാരിഷ്ടം, സുദർശനം ഗുളിക , സുദർശനാരിഷ്ടം ,ദശമൂലഹരീതകി ലേഹ്യം, ശൃംഗ ഭസ്മം, പ്രവാള ഭസ്മം,രസസിന്ദൂരം, ചന്ദ്രപ്രഭാ ഗുളിക, അശ്വഗന്ധാരിഷ്ടം, ചന്ദനാസവം, ഗോരോചനാദി ഗുളിക ഇവ രോഗത്തിന്റെ അവസ്ഥാനുസരണം സേവിപ്പിക്കാം. ഇത് കൊണ്ട് ജ്വരത്തിനും, ആമാവസ്തയ്ക്കും ശമനമുണ്ടാകും.

ആമാവസ്ഥ മാറിയതിനു ശേഷം തുളസിയില, കൂവളത്തില, മുരിങ്ങയില, വിഷ്ണുക്രാന്തി, മല്ലി, മുയൽച്ചെവി സമൂലം,കുരുമുളക്, കരിനൊച്ചിയില ഇവയിട്ട് വെള്ളം തിളപ്പിച്ച് ആവികൊള്ളിച്ച് വിയർപ്പിക്കാം, സ്വേദനം നീരിനു  ഗുണകരമാണ്.കണ്ണുകളിൽ ആവി തട്ടാതിരിക്കാൻ ശ്രദ്ധിക്കണം. രണ്ടു മൂന്നു തവണ വീക്കം വിയർപ്പിച്ചു കഴിഞ്ഞാൽ അതിനു അയവും മാർദ്ദവവും ഉണ്ടാകും.

അതിനു ശേഷം നിചുളാദി ലേപം, പുനർന്നവാദി ലേപം, മൃണാളാദി ലേപനം, രാസ്‌നാദിചൂര്‍ണ്ണം നാരങ്ങാനീരില്‍ കുറുക്കി ലേപനം, അതുപോലെതന്നെ ശുദ്ധിചെയ്ത ഹരിതാലം, കൊട്ടം , ദേവദാരം ഇവ അരച്ച് ലേപനം ചെയ്യുന്നതും വളരെ ഫലം ചെയ്യുന്നതാണ്. മുണ്ടിനീര് അഥവാ  പാഷാണ ഗർദ്ധഭ ചികിത്സിക്കാൻ  പ്രധാനമായും ജ്വര ചികിത്സയിലും, ശോഫ ചികിത്സയിലും പ്രതിപാദിച്ചിട്ടുള്ള ചികിത്സാ സിദ്ധാന്തങ്ങളും, ഔഷധങ്ങളും അവയുടെ പ്രയോഗങ്ങളുമാണ് നമുക്ക് ആവശ്യമായി വരുന്നത്. ഈ ലേഖനം വായിച്ച് സ്വയം ചികിത്സ നടത്തരുത് സ്വയം ചികിത്സ അപകടങ്ങൾ ക്ഷണിച്ചു വരുത്തും. മുകളിൽ പറഞ്ഞ ഔഷധങ്ങൾ ഒരു ആയുർവേദ ഡോക്ടറുടെ നിർദേശ പ്രകാരവും, മേൽനോട്ടത്തിലും മാത്രം ഉപയോഗിക്കുക.

നന്ദി🌹🌹🌹🌹

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments