Random Post

ആഹാര സാധനങ്ങൾക്ക് രുചി കൂട്ടാൻ പ്രയോഗിക്കുന്ന "അജിനോമോട്ടോ"

എന്താണ് ആഹാര സാധനങ്ങൾക്ക് രുചി കൂട്ടാൻ പ്രയോഗിക്കുന്ന "അജിനോമോട്ടോ അഥവാ Mono Sodium Glutamate (MSG)"

"അജിനാമോട്ടോയെ" കുറിച്ച് പല തരത്തിലുള്ള തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകളും, ലേഖനങ്ങളും നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് കൊണ്ടാണ് ഞാൻ ഈ ലേഖനം എഴുതുന്നത്. ഇന്ന് നമുക്ക് മാർക്കറ്റിൽ ലഭ്യമായ അജിനാമോട്ടോ എത്രമാത്രം സുരക്ഷിതമാണ് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അതു വെറുമൊരു "ഉപ്പാണ്" അതിനെ പേടിക്കേണ്ടതില്ല എങ്ങനെ വേണേലും എത്ര വേണേലും ഉപയോഗിക്കാം ഇങ്ങനെ ഉള്ള തെറ്റായ പ്രചരണങ്ങൾ വളരെയധികം നടക്കുന്നുണ്ട് ഇത് വളരെ തെറ്റായ ഒരു അറിവാണ്. അജിനാമോട്ടോ ശരിയായ അളവിൽ അല്ലാതെ അമിതമായ അളവിൽ ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്നത് ശരീരത്തിന് ഹാനികരമാണ്. ഭക്ഷണ പദാർത്ഥങ്ങളിൽ പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോൾ രുചിയും മണവും കൂട്ടുന്നതിനായ് ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ്‌ അജീനൊമൊട്ടോ Mono Sodium Glutamate (MSG) എന്ന ഉപ്പ്. ഇത് വെളുത്ത തരികളായി കാണപ്പെടുന്നു. ഇത് ഗ്ലൂട്ടാമിക് ആസിഡിന്റെ സോഡിയം ലവണമാണ്‌. ജപ്പാനിലാണ്‌ ഇത് ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. 100 വർഷങ്ങൾക്ക് മുൻപ്‌ ജാപ്പനീസ് ശാസ്ത്രജ്ഞനായ "കികുനെ ഇക്കഡെ" ആണ് ഒരു തരം കടൽ പായലിൽ നിന്നും MSG വേർതിരിച്ചെടുത്തത്‌. ആദ്യകാലങ്ങളിൽ കടൽ പായലിൽ നിന്നും മറ്റു പ്രകൃതി വിഭവങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന അജിനാമോട്ടോ പൂർണ്ണമായും പ്രകൃതിദത്തമായതിനാൽ അതിന് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതു വ്യാവസായികമായി കരിമ്പ്, മൊലസ്സസ്, സ്റ്റാർച്ച് തുടങ്ങിയവ പുളിപ്പിച്ചു ഉണ്ടാക്കുന്നു. ഇതു ചേർത്തു ഉണ്ടാക്കുന്ന ഭക്ഷണപദാർഥങ്ങൾ കഴിക്കുമ്പോൾ ഉളവാകുന്ന രുചിയെ "ഉമാമി" എന്നാണ് പറയുന്നത്‌.ഇത് ചൈനീസ്, ജാപ്പനീസ്, കൊറിയൻ, തുടങ്ങിയ തെക്ക്‌കിഴക്കൻ ഭക്ഷണ സമ്പ്രദായങ്ങളിലാണ്‌ ഇതു കൂടുതലായും ഉപയോഗിച്ച്‌ കാണുന്നത്‌. ഇന്ന് നമുക്ക് ലഭിക്കുന്ന "അജിനോമോട്ടോ" വ്യാവസായിക അടിസ്ഥാനത്തിൽ രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്നതാണ്. നമ്മുടെ കേരളത്തിൽ അജിനാമോട്ടോ ഉപയോഗിക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും അജിനാമോട്ടോ ഉപയോഗിക്കുന്ന വിവരം നിയമം അനുശാസിക്കുന്ന വിധം വ്യക്തമായി

"ഈ സ്ഥാപനത്തിൽ താഴെ പറയുന്ന ഭക്ഷ്യവസ്തുക്കളിൽ മോണോസോഡിയം ഗ്ലൂട്ടോമേറ്റ് ചേർക്കുന്നു അതിനാൽ ഈ ഭക്ഷണം ഒരു വയസിൽ താഴെയുള്ള കുട്ടികൾക്ക് കൊടുക്കാൻ പാടില്ല"

എന്ന് എഴുതി പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിച്ച് ഭക്ഷ്യസുരക്ഷാ കമ്മീഷണർ 2015 ഡിസംബറിൽ ഉത്തരവിറക്കി. ഉത്തരവ് ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കാനും വ്യവസ്ഥയുണ്ട്. അജിനാമോട്ടോ അടങ്ങിയ ഭക്ഷണങ്ങൾ സ്ഥിരമായി കഴിക്കുന്നവർക്ക് കണ്ടുവരുന്ന ഒരു അസുഖമാണ് ''ചൈനീസ് റസ്റ്റോറൻറ് സിൻഡ്രം" നെഞ്ചുവേദന, വയറുവേദന, വയറിളക്കം, ചർദ്ദി, തലവേദന മുതലായവയാണ് ഇതിന്റെ ലക്ഷണം. ഈ അവസ്ഥ വന്നു ചേരുന്നതിന് പ്രധാനമായ കാരണം അമിതമായ അളവിൽ "അജിനാമോട്ടോ" നമ്മുടെ ശരീരത്തിൽ എത്തുന്നതാണ്.അതിനാൽ ഇത്തരം ലക്ഷണങ്ങൾ ഏതെങ്കിലും റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചതിനു ശേഷം ഉണ്ടായാലോ, കാറ്ററിങ് ഭക്ഷണം കഴിച്ചതിനു ശേഷം ഉണ്ടായാലോ നിങ്ങൾക്ക് "അജിനോമോട്ടോ" എന്ന നിശബ്ദ വില്ലനെ സംശയിക്കാം.

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ഇതിലുള്ള ആശയങ്ങൾ അർത്ഥവത്താണെന്ന് തോന്നുകയാണെങ്കിൽ മറ്റുള്ളവരിലേക്കും പങ്കുവച്ച് എത്തിക്കുക.

നന്ദി

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

Post a Comment

0 Comments