Random Post

അർബുദത്തെ തടയുന്ന ഘടകങ്ങൾ

അർബുദത്തെ തടയുവാൻ നിങ്ങൾക്ക് അവബോധം തരുന്ന രോഗത്തിന് കാരണമാകുന്ന ഘടകങ്ങൾ
..................................................................

അർബുദത്തിന് കാരണമാകുന്ന ഘടകങ്ങളെ കുറിച്ച് ഒരു അവബോധം ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് ലഭിക്കും. കോശങ്ങളുടെ അമിതവും, അനിയന്ത്രിതവുമായ വളര്‍ച്ചയാണ് ക്യാന്‍സര്‍. ആയുർവേദത്തിൽ ഇതിനെ "അർബുദം" എന്ന് പറയുന്നു എല്ലാ പ്രധാന ആയുർവേദ ഗ്രന്ഥങ്ങളിലും അർബുദത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. ആയുർവേദ ഗ്രന്ഥങ്ങളായ ചരക സംഹിത, സുശ്രുത സംഹിത, അഷ്ടാംഗഹൃദയം എന്നീ ഗ്രന്ഥങ്ങളിൽ അർബുദത്തെ കൃത്യമായി ദോഷാടിസ്ഥാനത്തിൽ വർഗീകരിച്ച് ചികിത്സ നിശ്ചയിച്ചിരിക്കുന്നു.
അതിനാൽ പ്രാചീനകാലം മുതൽതന്നെ ക്യാൻസറും നമ്മുടെ സമൂഹത്തിൽ ഉണ്ടായിരുന്നു എന്ന നിഗമനത്തിൽ ഇതിനാൽ എത്തിച്ചേരുവാൻ സാധിയ്ക്കും. ക്യാന്‍സറിന്റെ കാരണങ്ങളും വ്യത്യസ്‌തമാണ്‌. ഇവയില്‍ ചില കാരണങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. മറ്റു ചിലത്‌ നിയന്ത്രിക്കുക പ്രയാസമായിരിക്കും. ക്യാന്‍സറിന്റെ കാരണങ്ങളെ കുറിച്ച്‌ അറിഞ്ഞിരുന്നാല്‍ ഒരുപരിധി വരെ ക്യാന്‍സര്‍ ചെറുക്കാന്‍ കഴിയും.

1:പുകയിലയുടെയും മയക്കുമരുന്നിന്റെയും വര്‍ധിച്ച ഉപയോഗം, ഭക്ഷണസാധനങ്ങളില്‍ കീടനാശിനികളുടെ അമിതോപയോഗം, പ്രിസർവേറ്റീവുകൾ അമിതമായി ചേർത്ത ഭക്ഷണപദാർത്ഥങ്ങൾ, കൃത്രിമ നിറം ചേർത്തതോ , അജിനോമോട്ടോ ചേര്‍ത്തതുമായ ആഹാരസാധനങ്ങളുടെ ഉപഭോഗം. നമ്മുടെ കാലാവസ്ഥയ്ക്കും ശരീരപ്രകൃതിക്കും യോജിക്കാത്ത ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങള്‍ ശീലിക്കൽ.

2:കരളിലെ അർബുദത്തിനു കാരണമാകുന്നത് ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകളും ഗർഭാശയ ഗളാർബുദം (Cervical), ഗുദാർബുദം എന്നിവയ്ക്കു കാരണമാകുന്നത് ഹ്യൂമൺ പാപ്പിലോമാ വൈറസുകളായ HPV 16, 18 വൈറസുകളുമാണ്. ആമാശയാർബുദത്തിനു കാരണമാകുന്നത് ഹെലിക്കോബാക്ടർ പൈലോറി എന്ന വൈറസുകളാണ്.

3: മനുഷ്യ ശരീരത്തിൽ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന നിരവധി അന്തഃസ്രാവി (Endocrine glands) ഗ്രന്ഥികളുണ്ട് അവയുടെ പ്രവർത്തനത്തിന്റെ പാകപ്പിഴകൾ കൊണ്ട് അനവധി രോഗങ്ങൾ ഉണ്ടാകുന്നു. സ്തനം, ഗർഭാശയം, പുരുഷന്റെ മൂത്രാശയത്തോടു ബന്ധപ്പെട്ട പ്രോസ്റ്റ്രേറ്റ് ഗ്രന്ഥി (prostrate) എന്നിവയ്ക്കുണ്ടാകുന്ന അർബുദത്തിനു പ്രധാന കാരണം ഇത്തരത്തിലുള്ള അന്തഃസ്രാവ ഗ്രന്ഥികളുടെ പ്രവർത്തന വൈകല്യമാണ്

4:അർബുദത്തിനുള്ള മറ്റൊരു കാരണം പാരമ്പര്യസ്വഭാവ സവിശേഷതകളാണ് ഭ്രൂണാവസ്ഥയിൽ ഉണ്ടാകുന്ന ചില ഗതിവിഭ്രംശങ്ങളും മുരടിക്കലുകളും പലപ്പോഴും ദുഷ്ടാർബുദസ്ഥായിയായ മൂലവസ്തുക്കളെ സൃഷ്ടിക്കാറുണ്ട്. ഇങ്ങനെയുള്ള മൂലവസ്തുക്കൾ അത് വ്യക്തിയെ വളരെ എളുപ്പത്തിൽ അർബുദത്തിനു വിധേയമാവും. വൃക്കകളിലും വൃഷണങ്ങളിലും അണ്ഡാശയത്തിലും ഉണ്ടാകുന്ന പലതരം അർബുദങ്ങളും ഈ ഇനത്തിൽപ്പെട്ടവയാണ്. പൊതുവായി പറഞ്ഞാൽ കുട്ടികളിലും ചെറുപ്പക്കാരിലും കാണുന്ന കാൻസറിന്
പ്രധാന മിക്കപ്പോഴും പാരമ്പര്യ ഘടകമാണ്.

5: അണുപ്രസരണം അഥവാ റേഡിയേഷന്‍ ക്യാൻസറുണ്ടാകാൻ ഒരു പ്രധാനകാര്യമാണ്. അതുപോലെതന്നെ അതി തീഷ്ണമായ
വെയിലധികം കൊള്ളുന്നത് ക്യാൻസറിനു കാരണമാകുന്നു.

6: പ്രായം കൂടുംതോറും കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഇതിന് കാരണം ശരീരത്തിലേ കോശങ്ങള്‍ക്ക് കേടുപറ്റുന്നത് വര്‍ദ്ധിക്കാന്‍ പ്രായം ഇടയാക്കുന്നതുക്കൊണ്ടാണ്

7:അമിതവണ്ണം പലര്‍ക്കും ഒരു ഹരമാണ്‌ എന്നാല്‍ അമിതവണ്ണം തന്നെ ഒരു ആരോഗ്യപ്രശ്‌നമാണ്‌. മാത്രമല്ല അമിതവണ്ണം നിയന്ത്രിക്കാനും ബുദ്ധിമുട്ടാണ്‌. തടി കുറച്ച്‌ ആരോഗ്യകരമായ ഭാരം കൈവരിക്കുന്നത്‌ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്‌ക്കും.

8: വീട്ടാവശ്യങ്ങൾക്കുള്ള ആഹാരത്തില്‍ ഉപ്പിന്റെ അളവ്‌ കുറച്ചാല്‍ ഒരുപരിധി വരെ ക്യാന്‍സര്‍ സാധ്യത കുറയ്‌ക്കാനാകും. വളരെയധികം ഉപ്പ്‌ ചേര്‍ത്ത ആഹാരം കഴിക്കുന്നത്‌ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുക മാത്രമല്ല ആമാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

9:ലൈംഗിക ശുചിത്വമില്ലായ്മയാണ് ഗര്‍ഭാശയ ക്യാന്‍സറുണ്ടാക്കുന്ന വൈറസിനു മികച്ച ഒരു വിളനിലം ആകുന്നത് (എച്ച്.പി.വി വൈറസ്). ലൈംഗിക ശുചിത്വത്തിലൂടെ ഈ വൈറസിന്റെ പകര്‍ച്ച തടയാം.

10: പുരുഷന്മാരിൽ പ്രധാനമായും കാണുന്ന ഒരു ക്യാൻസറാണ് പ്രോസ്ട്രേറ്റ് കാൻസർ 50 വയസ്സിനു മുകളിലുള്ള പുരുഷന്‍മാര്‍ തീര്‍ച്ചയായും പ്രോസ്റ്റീവ് ക്യാന്‍സറില്ലെന്ന് ഉറപ്പുവരുത്താന്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധന നടത്തണം (PSA) പരിശോധിക്കണം. സ്ത്രീകൾക്കുണ്ടാകുന്ന പ്രധാന ക്യാൻസറാണ് സ്തനാര്‍ബുദം പ്രാരംഭദശയില്‍ കണ്ടുപിടിക്കാന്‍ 40 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ മാസത്തിലൊരിക്കലെങ്കിലും സ്വയം സ്തനപരിശോധന നടത്തണം. പരിശോധന എന്നാല്‍ സ്വന്തം സ്തനത്തെക്കുറിച്ച് സ്വയം ധാരണയുണ്ടാക്കലാണ്. എന്നാലേ സ്തനത്തിലുണ്ടാകുന്ന വ്യതിയാനം തിരിച്ചറിയാനാകൂ. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഡോക്ടറെ കണ്ട് മാമോഗ്രാം എന്ന പ്രത്യേക എക്സറേ പരിശോധന നടത്തണം.

11:ഇന്നത്തെ കാലത്ത് മനുഷ്യർക്ക് വ്യായാമം തീരെ ഇല്ല അത് ക്യാൻസറിന് ഒരു പ്രധാന കാരണമാണ് അതുപോലെതന്നെ അമിതമായ മാനസിക പിരിമുറുക്കവും ക്യാൻസറിന് കാരണമാകാം.

12:പഴവർഗ്ഗങ്ങളും, പച്ചക്കറികളും തീൻമേശയിൽ ഒഴിവാക്കി റെഡ്മീറ്റ് അമിതമായി ഉപയോഗിക്കുന്നതും. വർധിച്ചുവരുന്ന ഫാസ്റ്റ് ഫുഡ് സംസ്കാരവും ക്യാൻസറിന് ഒരു പ്രധാന കാരണമാണ്.

13:അമിതമായ ക്ഷീണം, തളർച്ച, വേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, മലത്തിലൂടെ രക്തം പോവുക ,മൂത്രം ഒഴിക്കുമ്പോൾ രക്തം പോവുക, ശരീരത്തിൽ ഒരു സുപ്രഭാതത്തിൽ കാണുന്ന മുഴകൾ, ഉണങ്ങാത്ത വ്രണങ്ങൾ മുതലായവ ചിലപ്പോൾ ക്യാൻസർ ലക്ഷണമാകാം അതിനാൽ ശ്രദ്ധിക്കുക.

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments