ഹൃദ്രോഗത്തെ എങ്ങനെ പ്രതിരോധിക്കാം?
സ്വന്തം യൗവ്വനം ആസ്വദിച്ച് തീരുന്നതിനു മുൻപേ ഒരുപാട് യുവാക്കളും, യുവതികളും ഹൃദ്രോഗികൾ ആകുന്നു എന്ന യാഥാർത്ഥ്യം നാമോരോരുത്തരും മനസ്സിലാക്കേണ്ടതാണ്. യുവജനങ്ങൾ ഹൃദ്രോഗം മൂലം മരണമടഞ്ഞു എന്ന് വാർത്ത കേൾക്കുമ്പോൾ വളരെയധികം സങ്കടം തോന്നാറുണ്ട്. ഒരു സുപ്രഭാതത്തിൽ സ്വന്തം സ്വപ്നങ്ങളും ആഗ്രഹം എല്ലാം ബാക്കിവച്ച് മരണത്തിന് കീഴടങ്ങേണ്ടി വരുന്ന അവസ്ഥ തികച്ചും വേദനാജനകമായ ഒന്നാണത്. എനിക്ക് നിങ്ങളോട് പറയാനുള്ളത് ഹൃദ്രോഗം വന്നശേഷം ഹൃദയധമനികളിൽ മിനുക്കുപണി ചെയ്യുന്നതിനേക്കാൾ നല്ലത് രോഗത്തിന് വഴിപ്പെടാതിരിക്കുന്നതാണ്.
മനസ്സിൻറെ പര്യായമാണ് ❤ എന്ന് ആയുർവേദത്തിൽ പറയുന്നു. നിങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും അമിതമായ ഭയവും, ഉത്കണ്ഠയും നിങ്ങളുടെ ഹൃദയമിടിപ്പ് വർധിപ്പിക്കും. അതിനാലാണ് ചിലപ്പോൾ അമിതമായ മാനസികസമ്മർദ്ദം ഹൃദയസ്തംഭനത്തിന് വരെ കാരണമാകുന്നത്. ഹൃദയം സ്വസ്‌ഥമായിരിക്കണമെങ്കില്‍ മനസ്സ് ശാന്തമായിരിക്കണം. വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ ഹൃദയപേശികളിലെ രക്തധമനികള്‍ ചുരുങ്ങുന്നു. ഈ അവസരത്തില്‍ രക്തം പമ്പ് ചെയ്യുവാന്‍ ഹൃദയത്തിന് കൂടുതല്‍ പണിപ്പെടേണ്ടിവരുന്നു. ഇത് ഹൃദയാഘാതത്തിന് കാരണമാകാം.
മാനസിക സമ്മര്‍ദവും ഹൃദ്രോഗവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. മാനസികപിരിമുറുക്കം കൂടിയവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.ശാരീരിക വ്യായാമം കുറഞ്ഞതും കലോറി കൂടിയ ആഹാരങ്ങളുടെ ഉപഭോഗം കൂടിയതുമാണ് ലോകത്ത് ഹൃദ്രോഗികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുവാനുള്ള പ്രധാന കാരണം. അതുകൊണ്ട് രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് രോഗപ്രതിരോധത്തിനുള്ള മുൻകരുതലുകൾ എടുക്കുന്നതാണ്.
തണുപ്പ് കാലത്താണ് ഹൃദയാഘാതം കൂടുതൽ മാരകമാകുന്നത് തണുപ്പുള്ളപ്പോൾ രക്തസമ്മർദ്ദം വർദ്ധിക്കും ഇത് ഹൃദയത്തിനു ദോഷകരമാണ്. തണുപ്പുകാലത്ത് രക്തത്തിൻറെ സാന്ദ്രതയും അതുമൂലം ധമനികളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത ഏറുന്നു.ഹൃദ്രോഗചികിത്സ എന്നത് ഇന്നു ഹൃദയസ്തംഭനത്തിനെതിരായ ചികിത്സ എന്നു മാറിയിരിക്കുന്നു. പലതരം രോഗങ്ങൾ ഹൃദയത്തെ ബാധിക്കുമെങ്കിലും പെട്ടെന്നു ഹൃദയസ്തംഭനം ഉണ്ടാക്കുന്ന കൊറോണറി ഹൃദ്രോഗങ്ങളാണ് ഏറ്റവും പ്രധാനവും കൂടുതൽ ആളുകളെ അപകടപ്പെടുത്തുന്നതും.
ലോകത്താകമാനം ജീവനെടുക്കുന്നതിൽ ആദ്യ സ്ഥാനമാണ് ഹൃദയാഘാതത്തിനുള്ളത്.
ദക്ഷിണേന്ത്യയില്‍തന്നെ കേരളത്തിലാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍. അതുകൊണ്ടുതന്നെ ഈ രോഗം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ അതീവ ഗൌരവത്തോടെ നടപ്പാക്കേണ്ടിയിരിക്കുന്നു.
ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ നിങ്ങളെ സഹായിക്കുന്നു ചില നിർദ്ദേശങ്ങൾ ഞാൻ ചുവടെ കൊടുക്കുന്നു
1. പുകവലിക്കുന്നവരും, മദ്യപിക്കുന്ന ശീലവും ഉള്ളവരാണ് നിങ്ങൾ എങ്കിൽ ഇവ രണ്ടും ആദ്യം നിർത്തണം.
2. ശരീരഭാരം നിയന്ത്രിക്കുവാൻ വ്യായാമം ചെയ്യുക, ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക, മദ്യം വർജിക്കുക, ക്ഷീരഉൽപ്പന്നങ്ങൾ കുറയ്ക്കുക, പഴങ്ങളും പച്ചക്കറികളും സുലഭമായി കഴിക്കുക കഴിയുമെങ്കിൽ എയ്‌റോബിക് വ്യായാമമുറകൾതന്നെ പ്രധാനം. നടക്കുക, ഓടുക, സൈക്കിൾ ചവിട്ടുക, നീന്തുക ഇവയൊക്കെയാണ് എയ്‌റോബിക് വ്യായാമങ്ങൾ.
3: പ്രമേഹരോഗമുണ്ടോയെന്ന് തിട്ടപ്പെടുത്തണം.അതുപോലെതന്നെ രക്തസമ്മർദ്ദം ഉണ്ടോയെന്നും തിട്ടപ്പെടുത്തണം. രക്തസമ്മർദം 140/90-ൽ താഴെയാവണം. പ്രമേഹരോഗികളുടെ രക്തസമ്മർദം 130/80-ൽ കുറഞ്ഞിരിക്കണം. ഇതൊക്കെ ശ്രദ്ധിച്ച് ആരോഗ്യ പൂർണമായി ജീവിക്കാൻ നാം ശ്രമിക്കുക. അതുകൂടാതെ മാനസിക സമ്മര്‍ദ്ധം, കോപം മുതലായവ ലഘൂകരിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിമപ്പെടാതിരിക്കാന്‍ നമ്മെ സഹായിക്കും
3: വ്യായാമരഹിതമായ ജീവിതം രോഗങ്ങളെ മാടി വിളിക്കുകയാണ്. ഹൃദയത്തിനോ, ശ്വാസകോശങ്ങള്‍ക്കോ വേണ്ടത്ര പ്രയോജനം കിട്ടണമെങ്കില്‍ കൃത്യവും ഊര്‍ജസ്വലവുമായ വ്യായാമ പദ്ധതി സംവിധാനം ചെയ്യണം. വേഗത്തില്‍ നടക്കുക, ജോഗിംങ്ങ്, നീന്തുക, സൈക്കിള്‍ ചവിട്ടുക, ഡാന്‍സ് ചെയ്യുക തുടങ്ങിയവയില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായത് തെരഞ്ഞെടുക്കാം. കൃത്യമായി വ്യായാമ മുറകള്‍ അരമണിക്കൂറെങ്കിലും ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ചെയ്യണമെന്നു മാത്രം. വ്യായാമം ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കാനുള്ള സാധ്യത സാരമായി കുറക്കുന്നു
എന്ന തിരിച്ചറിവോടെ ജീവിത ശൈലിയില്‍ മാറ്റം വരുത്തണം
4:കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.രക്തത്തിൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് മുതലായ കൊഴുപ്പുകൾ വർധിക്കുമ്പോൾ രക്തസഞ്ചാരം തടസ്സപ്പെടുന്നു. ഹൃദയത്തിലേക്കു രക്തം എത്തിക്കുന്ന കൊറോണറി ധമനികൾ പെട്ടെന്ന് അടഞ്ഞുപോകുന്നതുകൊണ്ടു (Block) ഹൃദയാഘാതം (Myocardial infarction) ഉണ്ടാകുന്നു. ഇവരുടെ ധമനികളിൽ തടസ്സമുണ്ടാക്കിയ രക്തക്കട്ട (thrombus) പരിശോധിച്ചാൽ െകാളസ്ട്രോൾ അടങ്ങിയ ഒരു കട്ടി (Plaque) ഉണ്ടായതായി കാണാം. അപ്പോൾ കൊളസ്ട്രോൾ ഒരു പ്രധാന രോഗകാരണമല്ല എന്നു ചിലർ വാദിക്കുന്നതു വാസ്തവം അറിയാത്തതുകൊണ്ടുതന്നെയാണ്. െകാളസ്ട്രോൾ കൂടുന്നത് രണ്ടു കാരണങ്ങളാലാണ്. രക്തത്തിൽ സഞ്ചരിക്കുന്ന ഇതിന്റെ മൂന്നിൽ രണ്ടുഭാഗം കരളിൽ ഉൽപാദിക്കപ്പെടുന്നതാണ്. ഇതു നിയന്ത്രിക്കുന്നത് റിസപ്റ്റർ എന്നറിയപ്പെടുന്ന പ്രോട്ടീൻ ഘടകങ്ങളും നമ്മുടെ ജീനുകളുടെ പ്രവർത്തനവുമാണ്. മൂന്നിലൊരു ഭാഗം കൊളസ്ട്രോൾ ഭക്ഷണത്തിൽകൂടിയാണു വർധിക്കുന്നത്. സമീകൃത ആഹാരം വഴിയും ജീവിത ശൈലികൊണ്ടും ഇതു കുറെയൊക്കെ നിയന്ത്രിക്കാനാകും. എന്നാൽ വളരെ ഉയർന്ന നിലയിൽ കൊളസ്ട്രോൾ ഉള്ളവർ മരുന്നുകൾ കഴിക്കേണ്ടിവരും.ആഹാരത്തിൽ കൊഴുപ്പ് 20% ആയി നിയന്ത്രിക്കുക. പൂരിതമായവയും (Saturated fats) ട്രാൻസ്ഫാറ്റ് എന്ന പേരിലറിയപ്പെടുന്ന കൊഴുപ്പും കഴിയുന്നതും അഞ്ചു ശതമാനത്തിൽ കൂടാതിരിക്കാൻ ശ്രദ്ധിക്കണം. പൂരിത കൊഴുപ്പ് പാം ഒായിൽ,ഡാൽഡ, വെണ്ണ, നെയ്യ്, ആട്ടിറച്ചി, മാട്ടിറച്ചി, കോഴിയുടെ തൊലി തുടങ്ങിയവയിൽ കൂടുതലായി കാണുന്നു. ഒലീവ് ഒായിൽ, സസ്യഎണ്ണകൾ എന്നിവയിലെ അപൂരിത കൊഴുപ്പ് (Unsaturated fatty acids) ഹൃദയത്തിനു കൂടുതൽ ഗുണകരമാണ്. കേക്കുകൾ, ക്രീം, പേസ്ട്രി, എണ്ണയിൽ വറുത്ത പലഹാരങ്ങൾ, ഭക്ഷണസാധനങ്ങൾ ഇവയിലും ട്രാൻസ്ഫാറ്റ് കൂടുതലായി കാണുന്നു. ഇവ ഹൃദയത്തിനു വളരെ ഹാനികരമാണ്. കേരളീയർ പൊതുവേ വെളിച്ചെണ്ണ ഉപയോഗിക്കുന്നവരാണ്. ഇതു മിതമായ രീതിയിൽ ആകുന്നതുകൊണ്ടു കുഴപ്പമില്ല. എങ്കിലും എണ്ണയിൽ വറുത്ത ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. പഞ്ചസാരയുടെ ഉപയോഗവും കഴിയുന്നത്ര കുറയ്ക്കണം. കൊളസ്ട്രോൾ ഉയർത്തുമെന്നതിനാൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ ഒഴിവാക്കണം. കൊഴുപ്പ് അധികമായി അടങ്ങിയിട്ടുള്ള പോത്തിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി ഇവ പൂർണമായും ഒഴിവാക്കണം. കോഴി, താറാവ് തുടങ്ങിയവയുടെ തൊലി നീക്കി കറിവെച്ച് കഴിക്കാം. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ രക്തധമനികൾക്ക് സംരക്ഷണം നൽകുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് അവ ആഹാരത്തിൽ ഉൾപ്പെടുത്തണം.
5:ഇലക്കറികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കാരണം ഇവയിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ രക്തക്കുഴലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നുണ്ട്. ഇവയിലെ നാരുകൾ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും ആഗിരണത്തെ നിയന്ത്രിക്കുന്നുണ്ട്. ഒരു ഗ്ലാസ് പാൽ ദിവസവും പാടനീക്കി കുടിക്കുന്നതുകൊണ്ട് തെറ്റില്ല. ജങ്ക് ഫുഡുകളും ടിന്നിലടച്ചുവരുന്ന ഭക്ഷണസാധനങ്ങളും കൃത്രിമ ശീതളപാനീയങ്ങളും ഒഴിവാക്കണം.
6:മൂന്നു മാസത്തിലൊരിക്കൽ ഡോക്ടറെ കണ്ട് രക്തസമ്മർദം, രക്തത്തിലെ കൊളസ്ട്രോളിന്റെ നില, രക്തത്തിലെ ഷുഗറിന്റെ നില, ഹൃദയാരോഗ്യത്തിന്റെ സ്ഥിതി തുടങ്ങിയവ മനസ്സിലാക്കണം. വർഷത്തിലൊരിക്കലെങ്കിലും ഇ.സി.ജി, ടി.എം.ടി. ടെസ്റ്റ് നടത്തി ഹൃദയത്തിന്റെ പ്രവർത്തനക്ഷമതയും വിലയിരുത്തേണ്ടതുണ്ട്.
7:അണ്ടിപ്പരിപ്പുകളിലേത് ഹൃദയത്തിനു ഗുണകരമായ കൊഴുപ്പാണ്.
മത്സ്യത്തിലെ ഒമേഗ–3 ഫാറ്റി കൊഴുപ്പുകൾ ഹൃദയത്തിനു ഗുണകരമാണെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. മത്തി, അയല പോലുള്ള ചെറുമത്സ്യങ്ങളും മീനെണ്ണയും ഹൃദയത്തിനു സുരക്ഷിതമാണ്. ചുവന്ന വൈനിന്റെ മിതമായ ഉപയോഗം ഹൃദയത്തിനു നല്ലതാണ്.
8: പാരമ്പര്യസാധ്യതയുള്ളവർ 40 വയസ്സു മുതലേ വർഷം തോറും ഹൃദ്രോഗ പരിശോധനകൾ നടത്തണം. ഈസ്ട്രജൻ എന്ന സ്ത്രീഹോർമോൺ ഒരു പരിധിവരെ ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നു. കൂടാതെ കാർഡിയോ മയോപ്പതി എന്ന ഹൃദയമാംസപേശിയുടെ ബലക്ഷയം, ജന്മനാ ഉണ്ടാകുന്ന ചില സുഷിരങ്ങൾ എന്നിവയും പുരുഷന്മാരിലെന്നപോലെ സ്ത്രീകളിലും കണ്ടുവരുന്നു.
9 :നാരുള്ള പയറുകളും, പഴങ്ങളും, ഇലക്കറികളും ധാരാളം കഴിക്കണം അത് ഹൃദയത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്. അതുകൂടാതെ മൈദ പോലുള്ള ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കുക.ഈ ചൂടുകാലത്ത് ചുക്കും മല്ലിയും ഇട്ട് വെന്തവെള്ളം ചെറുചൂടോടെ ഇടയ്ക്ക് കുടിക്കുന്നത് ഹൃദയത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുകയും സഹായിക്കും.
10: ഹൃദയാരോഗ്യത്തിനായി യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കുക, ടെന്‍ഷനുണ്ടാക്കുന്ന കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുക, അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക, ദിവസവും കുറഞ്ഞത് ആറു മണിക്കൂർ ഉറങ്ങണം. എങ്കിൽ നിങ്ങൾ ആരോഗ്യമുള്ള ഒരു ഹൃദയത്തിന്റെ ഉടമയാകും.
ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ ചില പൊടിക്കൈകൾ
.....................................................
1: ഗോതമ്പ് വറുത്തുപൊടിച്ച് തേൻ, നെയ്യ്, ശർക്കര ഇവയിൽ കുഴച്ച് കഴിക്കുന്നത് ഹൃദ്രോഗികൾക്ക് നല്ലതാണ്.
2: നീർമരുത് തൊലി കഷായമാക്കി 25 മില്ലി രണ്ടുനേരം കഴിക്കുന്നത് ഹൃദ്രോഗികൾക്ക് നല്ലതാണ്.
3:ദിവസേന നാലഞ്ച് അല്ലി വെളുത്തുള്ളി പാലിൽ ചതച്ചിട്ട് കുറുക്കി കഴിക്കുന്നത് ഹൃദ്രോഗികൾക്ക് നല്ലതാണ്
4: ഓരില വേര് കഷായം സമം പശുവിൻ പാലിൽ ചേർത്ത് ദിവസവും കാച്ചിക്കുറുക്കി കഴിക്കുന്നത് ഹൃദ്രോഗികൾക്ക് നല്ലതാണ്
5: കറുകയില നീര്, തഴുതാമയില 10 ഗ്രാം വീതം എടുത്ത് അരച്ച് നീരെടുത്ത് വാഴപ്പിണ്ടി നീരിലോ കുമ്പളങ്ങാ നീരിൽ ചേർത്ത് ദിവസവും രാവിലെ കുടിക്കുന്നത് ഹൃദ്രോഗികൾക്ക് നല്ലതാണ്
6: പത്ത് ഗ്രാം നീർമരുതിൻ തോൽ ചൂർണ്ണം പാലിൽ കലക്കി തേൻ മേമ്പൊടി ചേർത്ത് ദിവസേന കാലത്ത് കഴിക്കുന്നത് ഹൃദ്രോഗികൾക്ക് നല്ലതാണ്.
ഞാൻ മുകളിൽ പറഞ്ഞ പ്രയോഗങ്ങൾ ഒരു വൈദ്യ നിർദ്ദേശാനുസരണം മാത്രം ഉപയോഗിക്കേണ്ടതാണ് സ്വയംചികിത്സ ആപൽക്കരമാണ്.
എന്തു കഴിക്കണമെന്നതിനെപ്പറ്റിയും എങ്ങനെ കഴിക്കണമെന്നതിനെപ്പറ്റിയും ചില പ്രകൃതി നിയമങ്ങളുണ്ട്. വായക്ക് രുചിയുണ്ടെന്ന് തോന്നുന്നതെന്തും മൂക്കറ്റം കഴിക്കുന്ന നിലപാട് മാറ്റേണ്ടിയിരിക്കുന്നു. ഓരോ ജീവിക്കും അനുയോജ്യമായ ആഹാരം പ്രകൃതി ഒരുക്കുന്നുണ്ട്.ഒരുകാലത്ത് ഏറ്റവും കൂടുതൽ ഹൃദ്രോഗമരണം നടന്നിരുന്നത് അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളിലുമായിരുന്നു. എന്നാൽ, കഴിഞ്ഞ ഇരുപതു വർഷമായി അവിടെ ഹൃദ്രോഗം കുറഞ്ഞുവരുന്നു. പ്രതിരോധ പ്രവർത്തനത്തിന്റെ വിജയമാണിത്. പക്ഷേ, ഇന്ത്യയിൽ പ്രത്യേകിച്ചു കേരളത്തിൽ ഇപ്പോൾ ഹൃദ്രോഗം കൂടിവരുന്നതായി റിപ്പോർട്ടുകളുണ്ട്. ഹൃദ്രോഗി ആകാതിരിക്കാൻ നിങ്ങൾ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ശരീരമാണ് ഏറ്റവും വലിയ ധനം എന്നുള്ള ഒരു തിരിച്ചറിവുണ്ടാവുക എന്നതാണ്.സ്വന്തം ശരീരത്തിൻറെ ആരോഗ്യത്തിന് വേണ്ടതായ പ്രവർത്തികൾ ചെയ്യുക അതിനനുയോജ്യമായ ഭക്ഷണക്രമം ചിട്ടപ്പെടുത്തുക. ഇത്തരത്തിൽ ഒരു സ്വയം അവബോധത്തിലേക്ക് എത്തിച്ചേരാൻ നമുക്ക് സാധിക്കട്ടെ . ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദമാണ് എന്ന് തോന്നുന്നെങ്കിൽ മറ്റുള്ളവരിലേക്കും പങ്കുവച്ച് എത്തിക്കുക.
നന്ദി
ഡോ. പൗസ് പൗലോസ് BAMS, MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW