ശസ്ത്രക്രിയയുടെ പിതാവ് ആചാര്യൻ "സുശ്രുതൻ"

ശസ്ത്രക്രിയയുടെ പിതാവ് ആചാര്യൻ "സുശ്രുതൻ"
_________________________________________

ബി.സി ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു സുശ്രൂതൻ ഏകദേശം 2600 വർഷം മുമ്പാണ്‌ ഈ മഹാവൈദ്യൻ ജിവിച്ചിരുന്നത്‌ എന്നത്‌ ഒരു ഏകദേശ ധാരണയാണ്‌. ഇദ്ദേഹം "സുശ്രൂത സംഹിത"എന്ന വൈദ്യശാസ്ത്ര ഗ്രന്ഥത്തിന്റെ കർത്താവുമാണ്. 300 ശസ്ത്രക്രിയാ രീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമർശിക്കുന്ന ഈ ഗ്രന്ഥത്തിൽ മനുഷ്യ ശസ്ത്രക്രിയ രീതികളെ എട്ടായി തരംതിരിച്ചിരിക്കുന്നു. എട്ടുതരത്തിലുള്ള ശസ്ത്രക്രിയാ രീതികളെ കുറിച്ചാണ് സുശ്രുതസംഹിതയിൽ പ്രധാനമായും വിവരിക്കുന്നത്- ഛേദ്യം(മുറിക്കൽ), ഭേദ്യം(പിളർക്കൽ), ലേഖ്യം(ഉരക്കൽ), വേധ്യം(തുളയ്ക്കൽ), ഏഷ്യം(ശസ്ത്രം കടത്തൽ), ആഹാര്യം(പിടിച്ചെടുക്കൽ), വിസ്രാവ്യം(ചോർത്തിയെടുക്കൽ), സീവ്യം(തുന്നൽ) എന്നിങ്ങനെ. ആധുനിക വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാ രംഗത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് "ശസ്ത്രക്രിയയുടെ പിതാവ്" എന്നാണ് സുശ്രൂതൻ അറിയപ്പെടുന്നത്. സുശ്രുത സംഹിതയിൽ അസ്ഥി സന്ധികളുടെ ഒടിവ്, കുഴതെറ്റല്‍ എന്നിവയുടെ ചികിത്സ, ശരീരമുഴകളുടെ നീക്കം ചെയ്യല്‍, വൃണങ്ങൾ ഉണക്കൽ, മൂത്രാശയ കല്ലുകളുടെ ആഹരണ വിദ്യ, സിസേറിയൻ, അര്‍ശസ്, ഭഗന്ദരം, കുടലുകളുടെ ശസ്ത്രക്രിയ, തലയോട്ടിയിലെ ശസ്ത്രക്രിയ മുതലായ ധാരാളം ശസ്ത്രക്രിയ രീതികൾ വിവരിച്ചിരിക്കുന്നു. കൂടാതെ ആധുനിക ലോകത്ത് സുശ്രുതാചാര്യന് "ശസ്ത്രക്രിയയുടെ പിതാവ്" എന്ന പേര് നേടിക്കൊടുക്കാന്‍ കാരണമായി എന്ന് കരുതപ്പെടുന്ന "പ്ലാസ്റ്റിക് സര്‍ജറി" എന്ന് വിളിക്കപ്പെടുന്ന ആയുർവേദത്തിലെ "സന്ധാന കര്‍മ്മ വിധി" വളരെ വിശദമായി വിവരിച്ചിട്ടുണ്ട് ചെവി നഷ്ടപ്പെട്ടയാള്‍ക്ക് ചെവി തുന്നി ചേര്‍ക്കുക, മൂക്ക് നഷ്ട്ടപ്പെട്ടയാള്‍ക്ക് കവിളിലെ മാംസം മുറിച്ചെടുത്ത് മൂക്ക് പുനര്‍ന്നിര്‍മ്മിക്കുക തുടങ്ങിയ ശസ്ത്രക്രിയ വിദ്യകള്‍. അങ്ങനെ നിരവധി ചികിത്സ വിധികള്‍കൊണ്ട് അനുഗ്രഹീതമാണ് സുശ്രുത സംഹിത എന്ന ബൃഹത്തായ ഗ്രന്ഥം. ഗംഗാനദിയുടെ തീരത്ത് ഇന്നത്തെ  വരാണസിയിലാണ് സുശ്രൂതൻ ജനിച്ചത്. വിശ്വാമിത്ര മഹർഷിയുടെ മകനായ സുശ്രുതൻ ആയുർവേദ വിദഗ്ദ്ധനായ കാശിരാജാവ്‌ ദിവോദാസ ധന്വന്തരിയുടെ ശിഷ്യനായിരുന്നു. വാരണാസിയിൽ വെച്ച്‌ സുശ്രുതൻ ഗുരുമുഖത്തുനിന്ന്‌ വൈദ്യം അഭ്യസിച്ചു. ശസ്ത്രക്രിയയിൽ മാത്രമല്ല, ഇതര വൈദ്യശാസ്ത്രശാഖകളിലും പിൽക്കാലത്ത്‌ അദ്ദേഹം വിദഗ്ദ്ധനായി. ശല്യചികിത്സാ പ്രധാനമായ ആയുർവേദം വികസിപ്പിച്ചത്‌ സുശ്രുതനാണ്‌. അദ്ദേഹം തന്റെ കണ്ടെത്തലുകൾ 'ശല്യതന്ത്രം' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തി സൂക്ഷിച്ചു. അത്‌ ബി.സി മൂന്നാം ശതകത്തിൽ നാഗാർജുനൻ എന്നയാൾ പരിഷ്ക്കരിച്ചതാണ്‌ ഇന്നു ലഭ്യമായ 'സുശ്രുതസംഹിത'. നാഗാർജ്ജുനൻ  രചിച്ച ഉപായഹൃദയം എന്ന ആയുർവേദ ഗ്രന്ഥത്തിൽ സുശ്രുതനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്
സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കൽപസ്ഥാനം എന്നിങ്ങനെ അഞ്ചുഭാഗങ്ങളിലായി 120 അധ്യായങ്ങൾ കൂടാതെ 66 അധ്യായങ്ങളുള്ള ഉത്തരതന്ത്രവും ഉൾപ്പെട്ടതാണ്‌ "സുശ്രുത സംഹിത". സുശ്രുത സംഹിതയിൽ പറയുന്ന "ഉത്തരതന്ത്രം" എന്ന ഭാഗം പിന്നീട് നാഗാർജുനൻ സുശ്രുത സംഹിത പരിഷ്കരിച്ചപ്പോൾ  അദ്ദേഹത്താൽ കൂട്ടിച്ചേർക്കപ്പെട്ടതാണ് എന്നും പറയപ്പെടുന്നു.

വ്യാഖ്യാനങ്ങൾ

1)ഡൽഹണൻ ക്രി വ് 12ആം നൂറ്റാണ്ട് നാബന്ധ സംഗ്രഹം

2)ഗയദാസൻ 10ആം നൂറ്റാണ്ട്

3)ചന്ദ്രതൻ 12ആം നൂറ്റാണ്ട്

നന്ദി 🌹

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Comments