Random Post

"വ്യാജന്മാർ" ദുരുപയോഗം ചെയ്യുന്ന "വൈദ്യൻ" എന്ന പദം.

"വ്യാജന്മാർ" ദുരുപയോഗം ചെയ്യുന്ന "വൈദ്യൻ" എന്ന പദം.
..................................................................

കുറച്ച് പച്ച മലയാളത്തിൽ പറയുന്നതിൽ ആർക്കും വിഷമം ഒന്നും തോന്നരുത് "വൈദ്യൻ" എന്ന 'പദം' ഏത് അണ്ടനും അടകോടനും ഉപയോഗിക്കാം എന്ന നിലയിലാണ് ഇന്നത്തെ നിയമങ്ങൾ. യഥാർത്ഥത്തിൽ ആയുർവേദ ശാസ്ത്രവും, സിദ്ധവൈദ്യവും, ഹോമിയോയും, നാച്ചുറോപതിയും (B.S.M.S/ B.A.M.S/B.N.Y.S/ B.U.M.S./ B.H.M.S.) കോളേജിൽ പോയി അഞ്ചര വർഷം കഷ്ടപ്പെട്ട് പഠിച്ച് പാസ്സായവർക്ക് മാത്രം അർഹതപ്പെട്ട ഒരു വാക്കാണ് "വൈദ്യൻ" എന്ന പദം.

ഇവിടെ അഞ്ചാം ക്ലാസ്സും ഗുസ്തിയും അറിയാവുന്ന പതിനായിരക്കണക്കിന് "വ്യാജന്മാർ" അവരുടെ പേരോടു കൂടി ജനങ്ങളെ ചൂഷണം ചെയ്യാനും പറ്റിക്കാനും വേണ്ടി കൂട്ടി ചേർക്കുന്ന ഒരു പദമാണ് "വൈദ്യൻ" ഉദാഹരണത്തിന് നാട്ടുവൈദ്യൻ, കാട്ടു വൈദ്യൻ, പാരമ്പര്യ വൈദ്യൻ മുതലായവ. നമ്മളെ മാറിമാറി ഭരിക്കുന്ന സർക്കാരുകൾ ഇതുവരെ ആർക്കാണ് "വൈദ്യൻ" എന്ന പദം ഉപയോഗിക്കാൻ കഴിയുക ആരാണ് ഇതിന് അർഹരായിട്ട് ഉള്ളത് എന്നത് വ്യക്തമായി പ്രതിപാദിക്കുന്ന ഒരു നിയമ നിർമ്മാണവും ഇന്നേവരെ നടത്തിയിട്ടില്ല. അതിന്റെ ധൈര്യത്തിലാണ് ഇവർ സമൂഹത്തിൽ യഥേഷ്ടം അഴിഞ്ഞാട്ടി നടക്കുന്നത്.

അതുകൊണ്ട് ഏത് അലവലാതിക്കും അവരുടെ പേരോടുകൂടി ചേർക്കാൻ കഴിയുന്ന പദമായി മാറിയിരിക്കുന്നു "വൈദ്യൻ" എന്ന പരിപാവനമായ ഒരു പദം. ഇത് നിങ്ങളോട് പറയുമ്പോൾ എനിക്ക് വളരെയധികം വിഷമവും അതിലുപരി ധാർമിക രോഷവും ഉണ്ട് കാരണം ആയുര്‍വേദ ശാസ്ത്രത്തില്‍ വിദഗ്ധനായ വ്യക്തിയെ ആ ശാസ്ത്രത്തിലെ വിദ്വാൻ എന്ന അര്‍ത്ഥത്തില്‍ "വൈദ്യന്‍" എന്നാണ് ഭാരതീയ സംസ്കാരത്തിൽ വിളിക്കുന്നത്. എന്തുകൊണ്ടാണ് വൈദ്യൻ എന്ന പദം "ശാസ്ത്രം" കഷ്ടപ്പെട്ട് പഠിച്ചവർ മാത്രം ഉപയോഗിക്കാൻ പാടുള്ളൂ എന്ന് കൃത്യമായി പ്രതിപാദിക്കുന്ന ഒരു നിയമനിർമ്മാണം നമ്മുടെ സർക്കാർ നടത്താത്തത്.

ഇത്തരമൊരു നിയമനിർമ്മാണം നടക്കാത്തതു കൊണ്ട് മാത്രമാണ് "വൈദ്യൻ" എന്ന പദം തന്റെ പേരിനോടൊപ്പം ചേർത്ത ധാരാളം "വ്യാജ വൈദ്യന്മാർ" ഇന്ന് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഉണ്ടാകാൻ കാരണം. ഒരു സുപ്രഭാതത്തിൽ സ്വന്തം പേരിനൊപ്പം "വൈദ്യൻ" എന്ന് ഏത് അലവലാതിക്കും ചേർക്കാവുന്ന "വ്യാജന്മാരുടെ സ്വന്തം നാടായി" കേരളം മാറിയിരിക്കുന്നു. ആർക്കാണ് "വൈദ്യൻ" എന്ന 'പദം' അവരുടെ പേരോടുകൂടി ചേർക്കാൻ അർഹതയുള്ളത് എന്നത് വ്യക്തമായി പ്രതിപാദിക്കുന്ന ഒരു നിയമനിർമ്മാണം നമ്മുടെ സർക്കാർ നടത്തിയാൽ മാത്രമേ ഇത്തരത്തിലുള്ള വ്യാജന്മാർ ജനങ്ങളെ ചൂഷണം ചെയ്യുന്നതിൽ നിന്നും നമ്മുടെ സമൂഹത്തെ സംരക്ഷിക്കുവാൻ സാധിക്കുകയുള്ളൂ.

ഒരു സുപ്രഭാതത്തിൽ "വൈദ്യൻ" എന്ന പദം സ്വന്തം പേരിനൊപ്പം ചേർത്ത് ജനങ്ങളെ വഞ്ചിക്കുന്ന ഒരു കൂട്ടം വഞ്ചകരെ തടയുന്നതിൽ ശക്തമായ ഒരു നിയമത്തിന്റെ അഭാവം മൂലം ഇന്നേവരെ സാധിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം ജനങ്ങൾ തിരിച്ചറിയുക. ഒരുകൂട്ടം "വ്യാജ വൈദ്യന്മാർ" ഉൾപ്പെടുന്ന "വോട്ടുബാങ്കുകളെ" സംരക്ഷിക്കുക എന്നതിലുപരി ജനങ്ങളുടെ ജീവനും, സ്വത്തിനും ഭീഷണിയായ ഒരു കൂട്ടം സാമൂഹ്യദ്രോഹികൾ "വൈദ്യൻ" എന്ന പദം ദുരുപയോഗം ചെയ്യുന്നത് തടയുക എന്ന നിലപാട് നമ്മുടെ സർക്കാർ കൈക്കൊള്ളേണ്ടി ഇരിക്കുന്നു. എനിക്കൊന്നേ പറയാനുള്ളൂ ഇത്തരത്തിൽ ജനങ്ങളെ കബളിപ്പിച്ച് "വൈദ്യൻ" എന്ന 'പദം' ദുരുപയോഗം ചെയ്ത് ജീവിക്കുന്ന ഈ ജനവഞ്ചകർ സമൂഹത്തെ കാർന്നുതിന്നുന്ന "കാൻസർ" തന്നെയാണ് അതിനെ വേരോടു കൂടി പിഴുതെറിയേണ്ട സമയമായിരിക്കുന്നു.

“കുവൈദ്യോ നൃപ ദോഷത:”

ശ്ലോകാർത്ഥം:- “വ്യാജ വൈദ്യൻമാർ ഉണ്ടാകുന്നത് ഭരണാധികാരിയുടെ കഴിവുകേടു കൊണ്ടാണ്"

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Post a Comment

0 Comments