ഒരു അലൂമിനിയം പാത്രത്തിന്റെ കഥ

ഒരു അലൂമിനിയം പാത്രത്തിന്റെ കഥ
-------------------------------------------------------

ഇന്ന് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത് ഒരു കുടുംബത്തിൽ വില്ലനായി തീർന്ന ഒരു പാവം "അലൂമിനിയം പാത്രം" പിന്നീട് ആ വീട്ടിലെ ഹീറോ ആയ കഥയാണ്. ഇത് ഒരു രോഗി എന്നോട് പറഞ്ഞ വളരെ രസകരമായ ഒരു ജീവിത കഥയാണ്. ഒരുപക്ഷേ ആ രോഗിയുടെ സ്വന്തം അനുഭവക്കുറിപ്പ് ആയതിനാൽ ഈ കഥയിൽ അല്പം പോലും മായം ഇല്ല. ഞാനിവിടെ രോഗിയുടെ പേര് ഒന്നും പറയുന്നില്ല ഒരു മധ്യവയസ്ക, ആള് നല്ലൊരു പാചകക്കാരി ആണ് വളരെ നന്നായിട്ട് ഭക്ഷണമൊക്കെ പാകം ചെയ്യുന്ന ഒരു ചേട്ടത്തി. ഭക്ഷണത്തിൽ ഒക്കെ നന്നായിട്ട് എരിവും, പുളിയും, ഉപ്പും ഒക്കെ ചേർത്ത് വെക്കുന്ന തൃശ്ശൂരിൽ സ്ഥിരതാമസമാക്കിയ നല്ല കോട്ടയംകാരി അച്ചായത്തി. 🙅

നന്നായി പാചകം ചെയ്യുന്ന നമ്മുടെ ചേട്ടത്തി വീട്ടിലുള്ളവരെ എല്ലാം സ്വന്തം പാചക മികവുകൊണ്ട് കയ്യിലെടുക്കുന്ന ഒരു വ്യക്തി ആണ്. നല്ലൊരു കുടുംബിനിയായ ചേട്ടത്തി വീട്ടിലുള്ളവർക്ക് കാലത്തൊരു ഭക്ഷണം, ഉച്ചയ്ക്ക് വേറെ ഭക്ഷണം വൈകിട്ട് വേറെ ഭക്ഷണം ഇങ്ങനെ സുഭിക്ഷമായ ഒരു ഭക്ഷണക്രമമാണ് ഭവതിയുടെ വീട്ടിൽ. പക്ഷേ ഒരു കുഴപ്പം എന്താണെന്ന് വെച്ചാൽ ഈ വീട്ടിലുള്ളവർക്ക് എപ്പോഴും ഓരോ അസുഖങ്ങളാണ്. 🗣️

നമ്മുടെ കഥാപാത്രമായ ചേട്ടത്തിക്ക് മാത്രമല്ല ആ വീട്ടിലുള്ള എല്ലാവർക്കും പല തരത്തിൽ ഉള്ള അസുഖങ്ങൾ ആണ് പ്രധാനമായും കഫ സംബന്ധമായ രോഗങ്ങളാണ് ഉള്ളത്. അത് എന്തൊക്കെയാണെന്ന് വെച്ചാൽ ത്വഗ്രോഗങ്ങൾ, കഫക്കെട്ട്, അലർജി, ശരീരത്തിൽ നീർക്കെട്ട്, ബ്ലഡ് പ്രഷർ, ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം എന്നിങ്ങനെ പറയാൻ ഒരുപാടുണ്ട് .പക്ഷേ നമ്മുടെ ചേട്ടത്തിക്കും വീട്ടിലുള്ളവരും ഒരു പ്രത്യേക വാശിയിലാണ് മരുന്ന് എത്ര വേണേലും കഴിക്കാം എന്നാലും ഭക്ഷണരീതി യാതൊരു കാരണവശാലും മാറ്റില്ല. 🤷

എന്താല്ലേ ഓരോരോ വാശികളെ എനിക്ക് തോന്നി ഇവർ തിന്നാൻ വേണ്ടിയാണ് പ്രധാനമായും ജീവിക്കുന്നത് എന്ന്, അതെന്തെങ്കിലുമാവട്ടെ അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങൾ ഇനിയാണ് ഞാൻ കഥയിലേക്ക് കടക്കുന്നത്. നമ്മുടെ കഥയിലെ പ്രധാന കഥാപാത്രം ഒരു ''അലൂമിനിയം പാത്രമാണ്" 🥗 നല്ല അടിപൊളി കഥാപാത്രം അല്ല നിങ്ങൾ ചിലപ്പോൾ അതായിരിക്കും ഇപ്പോ ചിന്തിക്കാ. ഈ ചേട്ടത്തിക്ക് ഒരു പ്രത്യേകതയുണ്ട് ചോറ് ഉണ്ടാക്കുമ്പോൾ അരിയിൽ ഉപ്പിട്ടു വേവിക്കും അരി വേവിക്കാൻ ഉപയോഗിക്കുന്നത് ഒരു അലൂമിനിയം പാത്രത്തിലും ആണ്.

ഇവിടെ എന്താണ് പ്രശ്നം എന്നുവെച്ചാൽ ഇടയ്ക്കിടയ്ക്ക് ഭവതിയുടെ അലൂമിനിയം പാത്രത്തിൽ ഓട്ട വീഴും. അതുകൊണ്ട് നമ്മുടെ ചേട്ടത്തിക്ക് ഇടയ്ക്കിടയ്ക്ക് പുതിയ അലൂമിനിയം പാത്രം മേടിക്കേണ്ടി വരും. ഇതൊക്കെ വീട്ടിൽ വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കി, കാര്യം നല്ല പാചകക്കാരി ആണെങ്കിലും ഇതിന്റെ പേരിൽ വീട്ടിൽ ഇടയ്ക്കിടയ്ക്ക് ഭർത്താവും ആയി കശപിശ ഉണ്ടാകും. ഇതെന്താണ് ഈ അലൂമിനിയം പാത്രത്തിൽ ചോറു വയ്ക്കുമ്പോൾ പാത്രം ഓട്ട ആകുന്നത് എന്ന് നമ്മുടെ ചേട്ടത്തി ഗവേഷണം നടത്തിയപ്പോഴാണ് മനസ്സിലായത് ചോറിൽ ഉപ്പിട്ട് വേവിക്കുന്നത് കൊണ്ട് സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് ഇതെന്ന ദുഃഖകരമായ യാഥാർഥ്യം.

പിന്നീട് നമ്മുടെ ചേട്ടത്തി ഒരു "ഭീഷ്മ ശപഥം" അങ്ങ് ചെയ്തു ''ഇനി ഞാൻ ചോറിൽ ഉപ്പിട്ടു വെക്കില്ല അലൂമിനിയം പാത്രത്തിൽ ഓട്ടയായതിന്റെ പേരിൽ എന്നെ വഴക്കു കേൾപ്പിച്ച 'ഉപ്പ്' ഇനിമുതൽ എന്റെ ബദ്ധ ശത്രുവാണ് ഇത് സത്യം, സത്യം, സത്യം". പിന്നീട് ഉപ്പിനെ ശത്രുവായി കണ്ട ഭവതി ഒരു വാശി എന്നോണം ചോറിലും, കറിയിലും ഉപ്പിന്റെ ഉപയോഗം മനപ്പൂർവ്വം അങ്ങ് കുറച്ചു.

സംഗതി നമ്മുടെ ചേട്ടത്തി ഉപ്പിനെ വെറുത്തു എന്നുള്ള കാര്യം വീട്ടിൽ എല്ലാവർക്കും മനസ്സിലായി ഉപ്പിന്റെ അഭാവത്തിൽ ചോറിന്റെ രുചി കുറഞ്ഞു, ഒരു കറിക്കും രുചി ഇല്ല, എന്താ ചെയ്യാ വീട്ടിലുള്ളവരെല്ലാം ഇതൊക്കെ സഹിച്ച് ഉള്ളതുകൊണ്ട് അങ്ങ് തൃപ്തിപ്പെട്ടു.
ഇപ്പോഴാണ് എനിക്ക് ഒരു പ്രശസ്ത ഡയലോഗ് ഓർമ്മ വരുന്നത് "നീയില്ലാത്ത ജീവിതം എനിക്ക് ഉറപ്പില്ലാത്ത കഞ്ഞി പോലെയാണ്" അത് ഒരു പക്ഷെ ശരിയായിരിക്കും.

എന്തായാലും അത്തരത്തിലുള്ള ഭക്ഷണക്രമം ശീലിച്ചപ്പോൾ ആ വീട്ടിൽ നമ്മുടെ ചേട്ടത്തിക്ക് "നല്ല പാചകക്കാരി" എന്നുള്ള ആസ്ഥാന പട്ടം നഷ്ടപ്പെട്ടെങ്കിലും കുടുംബത്തിൽ എല്ലാവരുടെയും ആരോഗ്യത്തിന് കാര്യമായ മാറ്റം ഉണ്ടായി 👨‍👨‍👧‍👧. നമ്മുടെ ചേട്ടത്തിയുടെ ഇടയ്ക്കിടയ്ക്ക് വരുന്ന കഫക്കെട്ട് മാറി പിന്നെ കൂടിയ ബ്ലഡ് പ്രഷറും അങ്ങ് കുറഞ്ഞു, കുട്ടിക്ക് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ത്വക്ക് രോഗങ്ങളും അലർജിയും കുറഞ്ഞു, ഭർത്താവിന്റെ ഹൃദയസംബന്ധമായ കിതപ്പിന് നല്ല കുറവുണ്ട്, പിന്നെ വീട്ടിലുള്ള അമ്മാമ്മയുടെ കുറെ നാളായി നിയന്ത്രണ വിധേയമല്ലാത്ത ഡയബറ്റിസ് കൺട്രോളായി.

ഇതെല്ലാം വളരെ ആവേശത്തോടെയാണ് നമ്മുടെ ചേട്ടത്തി എന്നോട് പറഞ്ഞത് കാര്യം ഒരു വാശി പുറത്താണ് ഉപ്പിന്റെ ഉപയോഗം കുറച്ചെങ്കിലും ആ വാശി കാരണം വീട്ടിലേക്ക് ആരോഗ്യത്തിന്റെ രൂപത്തിൽ "മഹാലക്ഷ്മി" കടന്നുവന്നു. എല്ലാത്തിനും കാരണക്കാരൻ നമ്മുടെ ഹീറോ "അലൂമിനിയം പാത്രമാണ്"പണ്ട് ദേഷ്യത്തോട് കൂടി വീടിന്റെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞ അലൂമിനിയം പാത്രത്തെ ഇപ്പോൾ വളരെ സ്നേഹത്തോടു കൂടി നമ്മുടെ ചേട്ടത്തി നോക്കാറുണ്ട് എന്നറിഞ്ഞപ്പോൾ എനിക്കും ആ പാവം അലൂമിനിയം പാത്രത്തിനോട് ഒരു ബഹുമാനം ഒക്കെ തോന്നി.

ചിലപ്പോൾ നമ്മുടെ ചേട്ടത്തി വീടിന്റെ പടിവാതിൽക്കൽ എഴുതി ഒട്ടിച്ചിട്ടുണ്ടാകും "ഈ വീടിന്റെ ഐശ്വര്യം ഓട്ടയായ അലൂമിനിയം പാത്രം". അതിനാൽ പ്രിയപ്പെട്ടവരെ എനിക്ക് നിങ്ങളോട് പറയാനുള്ളത് ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിൽ നമുക്കും ഈ ചേട്ടത്തിയെ മാതൃകയാക്കാം. അനാരോഗ്യകരമായ അമിതമായ ഉപ്പിന്റെ ഉപയോഗം കുറയ്ക്കൂ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

Comments