Random Post

സിർകാഡിയൻ റിഥം അഥവാ "ബോഡി ക്ലോക്ക്"

"സിർകാഡിയൻ റിഥം" ⌛ അഥവാ "ബോഡി ക്ലോക്ക്"
-------------------------------------------------------------------

കുറെ നാളുകളായി എഴുതണം എഴുതണം എന്ന് വിചാരിച്ച ഒരു ലേഖനമാണിത് ഇപ്പോഴാണ് ഇത് എഴുതുവാനായി ഒരു മൂഡ് വന്നത് ചിലപ്പോൾ ഇത് എന്റെ സിർകാഡിയൻ റിഥത്തിന്റെ ഭാഗമാകാം 😀."ബോഡി ക്ലോക്ക്" ⌛എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന സിർകാഡിയൻ റിഥം ഒരു 24 മണിക്കൂർ സൈക്കിളാണ് അതിന്റെ താളങ്ങൾക്ക് അനുസരിച്ചാണ് നിങ്ങൾ എപ്പോൾ ഉറങ്ങണം, എഴുന്നേൽക്കണം, ഭക്ഷണം കഴിക്കണം എന്ന് നിങ്ങളുടെ ശരീരം നിങ്ങളോട് പറയുന്നത്. ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും അത്തരത്തിൽ ഉള്ള ഒരു താളക്രമം അവരുടെ മസ്തിഷ്കത്തിന്റെ അകത്തുണ്ട്.

നമ്മുടെ ശരീരത്തിലെ എല്ലാ ചയാപചയ പ്രക്രിയകളും നിയന്ത്രിക്കുന്നത് ഈ കൊച്ചു തലച്ചോറിന് അകത്തുള്ള ഒരു താളമാണ്. ഇത് കണ്ടുപിടിച്ചത് "മൈക്കൽ മോറിസ് റോസ്ബാഷ്" എന്ന് പേരുള്ള അമേരിക്കൻ ജെനറ്റിസിസ്റ്റും, ക്രോണോബയോളജിസ്റ്റുമാണ്. ഈ കണ്ടുപിടുത്തത്തിന് അദ്ദേഹത്തിന് 2017ൽ നോബൽ പ്രൈസ് ലഭിക്കുകയുണ്ടായി. അദ്ധേഹത്തിന്റെ അഭിപ്രായത്തിൽ നമ്മുടെ സെല്ലുകളിൽ ഒരു ആന്തരിക ക്ലോക്ക് ഉണ്ട് അത് രാവും പകലും ഉള്ള വ്യത്യസ്ത ഘട്ടങ്ങളുമായി നമ്മുടെ ജൈവ താളം പൊരുത്തപ്പെടുത്താൻ നമ്മുടെ ശരീരത്തെ സഹായിക്കുന്നു.

നിങ്ങളുടെ സിർകാഡിയൻ റിഥം അടിസ്ഥാനപരമായി നിങ്ങളുടെ തലച്ചോറിന്റെ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നു, കൃത്യമായ ഇടവേളകളിൽ ഉറക്കവും ഉയർച്ചയും തമ്മിലുള്ള ചക്രങ്ങൾ അവിടെ നിന്നും നിയന്ത്രിക്കപ്പെടുന്നു. നിങ്ങളുടെ തലച്ചോറിന്റെ ഒരു ചെറിയ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഹൈപ്പോതലാമസിന്റെ ഒരു ഭാഗം ആയ "സുപ്രാചിയാസ്മാറ്റിക് ന്യൂക്ലിയസ്" എന്നറിയപ്പെടുന്ന ഒരു "മാസ്റ്റർ ക്ലോക്ക്" ആണ് നമ്മുടെ ശരീരത്തിന്റെ താളം നിയന്ത്രിക്കുന്നത്.

സിർകാഡിയൻ റിഥം നിങ്ങളുടെ ഭക്ഷണരീതി, ദഹനം, ശരീര താപനില, മസ്തിഷ്ക തരംഗ പ്രവർത്തനം, ഹോർമോൺ ഉത്പാദനം, സെൽ പുനരുജ്ജീവിപ്പിക്കൽ, മറ്റ് ജീവശാസ്ത്രപരമായ പ്രവർത്തനങ്ങൾ എന്നിവയെല്ലാം സ്വാധീനിക്കുന്നു. മനുഷ്യർ ഉൾപ്പെടെ എല്ലാ മൃഗങ്ങളുടെയും ഉറക്കവും ഭക്ഷണരീതിയും നിർണ്ണയിക്കുന്നതിൽ സർക്കാഡിയൻ താളം വളരെ പ്രധാനമാണ്. ഇതിനർത്ഥം നമ്മുടെ സ്വന്തം സർക്കാഡിയൻ താളത്തെക്കുറിച്ച് നാം ബോധവാന്മാർ ആയിരിക്കണം. നിങ്ങളുടെ സിർകാഡിയൻ റിഥത്തിന്റ താളം തെറ്റിയാൽ പലതരത്തിലുള്ള ശാരീരിക മാനസിക രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് അതിനാൽ അത് തെറ്റാതെ വളരെയധികം ശ്രദ്ധിക്കണം.

നമ്മുടെ ശരീരത്തിലെ സർക്കാഡിയൻ റിഥം മനസ്സിലാക്കി അതിന്റെ താളത്തിനനുസരിച്ച് ജീവിതശൈലി ഷെഡ്യൂൾ ചെയ്യണം. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ ശരീരത്തിനും, മനസ്സിനും ഒരു താളമുണ്ട് (റിഥം) അതിന്റെ താളം തെറ്റാതെ നോക്കേണ്ടത് നിങ്ങളുടെ കടമയാണ്. നിങ്ങളുടെ ഉറക്ക സമയം, ഭക്ഷണ സമയം മുതലായവ നിങ്ങളുടെ സിർകാഡിയൻ റിഥത്തിന് അനുസരിച്ച് ക്രമപ്പെടുത്തണം എന്നാൽ മാത്രമേ നിങ്ങൾക്ക് നല്ല ഉറക്കവും വിശപ്പും ഉണ്ടാകൂ.

സിർകാഡിയൻ റിഥം ഒരു സ്വാഭാവിക, ആന്തരിക സംവിധാനമാണ് 24 മണിക്കൂർ കാലയളവിൽ ഉറക്കത്തിന്റെയും ഉണർവിന്റെയും വികാരങ്ങളെ നിയന്ത്രിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ശരീര പ്രക്രിയ. മസ്തിഷ്കത്തിന് അകത്തുള്ള ഈ സർക്കാഡിയൻ റിഥം നിങ്ങളുടെ ജനനം മുതൽ മരണം വരെ ഉള്ള ഓരോ ദിവസവും എപ്രകാരമായിരിക്കണം എന്ന് നിശ്ചയിക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. അതിനാൽ ആരോഗ്യകരമായ ഒരു ജീവിതം നയിക്കുന്നതിന് നിങ്ങളുടെ സർക്കാഡിയൻ റിഥത്തിന്റ താളം തെറ്റാതെ കാത്തു പരിപാലിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments