ഒരു തുമ്മൽ രോഗിയുടെ കഥ

ഒരു തുമ്മൽ രോഗിയുടെ കഥ
--------------------------------------------

ഈ കഥ എന്നോട് പറഞ്ഞത് എന്റെ പ്രിയപ്പെട്ട ഗുരുനാഥൻ ആയ ഡോ.മന്നച്ഛൻ സാറാണ്. ഞാൻ ഒഴിവു കിട്ടുമ്പോൾ സാറിന്റെ അടുത്തു പോയി സൊറ പറഞ്ഞിരിക്കും അതിനിടയിൽ ആയുർവേദ ശാസ്ത്രവുമായി ബന്ധപ്പെട്ട എന്റെ സംശയങ്ങൾ ചോദിച്ചു സംശയനിവാരണം നടത്തും ഇത് ഒരു സ്ഥിരം പരിപാടിയാണ്.

ഒരിക്കൽ ഞാൻ സാറിനോട് ചോദിച്ചു "സാർ ഈ വേഗങ്ങൾ നിരോധിച്ചാൽ ( suppression of natural urges) ഒരുപാട് രോഗങ്ങൾ ഉണ്ടാകുമെന്ന് ശാസ്ത്രത്തിൽ പറയുന്നില്ല അതിനു കുറച്ചു ഉദാഹരണം പറഞ്ഞ് തരണം"..... അപ്പോഴാണ് സാർ നമ്മുടെ കഥയിലെ പ്രധാന കഥാപാത്രമായ ആശാരിയുടെ കഥ പറഞ്ഞ് തന്നത്.

ഈ ആശാരി സാറിന്റെ അടുത്ത് അർദ്ദിതം ചികിത്സിക്കാനായി കുറച്ച് വർഷങ്ങൾക്ക് മുമ്പ് സമീപിച്ചതാണ്. സാർ, രോഗിയുടെ കേസ് ദോഷ നിരൂപണം ചെയ്തു വിശദമായി പഠിച്ചു പിന്നീട് മുമ്പുണ്ടായ അസുഖങ്ങളെക്കുറിച്ച് എല്ലാം ചോദിച്ചു മനസ്സിലാക്കി ഇതിൽ നിന്നും ഒരു രസകരമായ വസ്തുത സാർ കണ്ടെത്തി അതിനെ ചികിത്സിച്ചു അദ്ദേഹത്തിന്റെ രോഗം മാറി. ഇനി ഞാൻ ആ സസ്പെൻസ് എന്താണെന്ന് പറയാം.

ഈ രോഗിക്ക് പൊടി അലർജി ആണ് മരപ്പണി ആയതിനാൽ സ്ഥിരം പൊടി യുമായുള്ള സംസർഗം ഉണ്ടാകും അതുകൊണ്ട് എപ്പോഴും തുമ്മി കൊണ്ടിരിക്കും. തുമ്മൽ ഉണ്ടാകാതിരിക്കാൻ ആൻറി-ഹിസ്റ്റമിൻ ദിവസവും കാലങ്ങളായി ഇദ്ദേഹം കഴിക്കുന്നു. ഈ മരുന്നു കഴിച്ചു തുമ്മൽ മാറിയെങ്കിലും അദ്ദേഹത്തിന് വേറെ പല ശാരീരിക അസ്വസ്ഥതകളും അപ്പോൾ ഉണ്ട്.

അതിനു ശേഷം കുറച്ചു നാളുകൾക്കു മുമ്പ് അദ്ദേഹത്തിന് അർദ്ദിതം വന്നു മുഖവും കണ്ണും കോടി. അർദ്ദിതം മാറാൻ ഇദ്ദേഹം ചികിത്സകൾ ഒരുപാട് ചെയ്തു എന്നാലും വായുടെ കോടൽ പൂർണ്ണമായും മാറിയിട്ടില്ല. അതുപോലെതന്നെ കണ്ണ് പൂർണമായി തുറക്കാനും പറ്റില്ല അടക്കാനും പറ്റില്ല. രോഗിയെ വിശദമായി പഠിച്ചതിനു ശേഷം സാർ അദ്ദേഹത്തിന് ആവശ്യമായ മരുന്നുകൾ എല്ലാം കുറച്ചു കൊടുത്തു. പിന്നെ ദിവസവും പ്രതിമർശ നസ്യം ചെയ്യാനും പറഞ്ഞു. അതുകൂടാതെ ആൻറി-ഹിസ്റ്റമിൻ ഉപയോഗം പൂർണമായി നിർത്താനും പറഞ്ഞു.

ഇതിനുപുറമേ സാർ ഒരു രസകരമായ ചികിത്സ കൂടി നിശ്ചയിച്ചു അതാണ് ഈ ചികിത്സയിലെ രസം, അതെന്താണെന്നു വച്ചാൽ രോഗിയോട് കാർപ്പാസാസ്ഥ്യാദി തൈലം തലയിലും, മുഖത്തും പുരട്ടി കണ്ണടച്ച് രാവിലെ സൂര്യനെ നോക്കി നിൽക്കാൻ പറഞ്ഞു സംഗതി രണ്ടു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം തുമ്മാൻ തുടങ്ങി. ഇവിടെ ഈ രോഗി ചെയ്തത് എന്താണെന്ന് വെച്ചാൽ പൊടി അലർജി കൊണ്ടുള്ള തുമ്മൽ ഉണ്ടാകാനുള്ള കാരണം ചികിത്സിച്ചു സുഖപ്പെടുത്താൻ തയ്യാറാകാതെ ഒരു എളുപ്പ പണിക്ക് ആൻറി-ഹിസ്റ്റമിൻ തുടർച്ചയായി കഴിച്ച് തുമ്മൽ എന്നു വേഗത്തെ നിരോധിക്കുകയാണ് ചെയ്തത്.

പിന്നീട് കുറച്ചു ദിവസം സൂര്യനെ നോക്കിയാൽ അദ്ദേഹം നിർത്താതെ തുമ്മാൻ തുടങ്ങും. കൂടെ പ്രതിമർശ നസ്യം കൂടിയായപ്പോൾ കഫം എല്ലാം അങ്ങ് കുറഞ്ഞു പിന്നീട് തുമ്മൽ തന്നെ നിന്നു ഇപ്പോൾ അദ്ദേഹത്തിന് പൊടിയുടെ അലർജി ഒന്നുമില്ല. പിന്നെ ചികിത്സയും ഫലിച്ചു അർദ്ദിതം പൂർണ്ണമായും സുഖപ്പെട്ടു.

ഞാൻ സാറിനോട് ചോദിച്ചു "എന്തിനാണ് സാർ കാർപ്പാസാസ്ഥ്യാദി തൈലം പുരട്ടി സൂര്യൻ കണ്ണടച്ചു നോക്കി നിൽക്കാൻ പറഞ്ഞത്" അതിന് അദ്ദേഹം ഇങ്ങനെയാണ് മറുപടി പറഞ്ഞത് "തുമ്മൽ എന്ന വേഗം നിരോധിച്ചാൽ അർദ്ദിതം ഉണ്ടാകും എന്ന് ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട് ആ തടഞ്ഞുനിർത്തിയ വേഗത്തെ വീണ്ടും പുറപ്പെടുവിക്കാൻ സൂര്യനെ നോക്കാനും വേഗ നിരോധനത്തിന്റെ ചികിത്സയിൽ പറഞ്ഞിട്ടുണ്ട് അതെ ഞാൻ ചെയ്തുള്ളൂ കൂടെ ചില മരുന്നു അകത്ത് കൊടുത്തു രോഗിയുടെ രോഗം മാറി.."

ഈ കഥയിലൂടെ എനിക്ക് നിങ്ങളോട് പറയാനുള്ളത് നമ്മുടെ ശരീരത്തിലെ പ്രധാന വേഗങ്ങളാണ് മൂത്രം, മലം, അധോവായു, തുമ്മല്‍, വിശപ്പ്, ദാഹം, ഉറക്കം, ചുമ, എക്കിട്ടം, കോട്ടുവായ, കണ്ണീര്‍, ഛര്‍ദി, ശുക്ലം എന്നിവ ഈ വേഗങ്ങള്‍ (natural urges) നിങ്ങളുടെ ജൈവശരീരത്തിലെ ധര്‍മ നിര്‍വഹണ ശേഷിക്ക് അത്യന്താപേക്ഷിതമായ പ്രേരക ഘടകങ്ങളാണ് അതിനാൽ അവയെ തടുക്കാൻ പാടില്ല. ശരീരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് ഇത് ശരിയായ രീതിയിൽ പ്രവർത്തിച്ചേ മതിയാവൂ ഇതിനു വിഘാതം സംഭവിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമായ രോഗാവസ്ഥകള്‍ക്ക് കാരണമാകും.

വേഗങ്ങളെ ധരിക്കരുത് (തടയരുത്) എന്നാണ് ആയുർവേദം അനുശാസിക്കുന്നത്. വേഗധാരണംമൂലം ഉണ്ടായേക്കാവുന്ന അസ്വസ്ഥതകളെയും രോഗങ്ങളെയും കുറിച്ച് ഒരു പട്ടിക ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ കാണാം. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു. തുമ്മല്‍ തടുത്താല്‍ തലവേദന, കാഴ്ചക്കുറവ്, കേൾവിക്കുറവ്, കഴുത്തിന് പിടുത്തവും വേദനയും, മുഖപേശികള്‍ ഒരുവശത്തേക്ക് വലിവ്, അർദ്ദിതം എന്നിവയും ഉണ്ടാകും. ഛര്‍ദി വേഗം തടഞ്ഞാൽ ത്വക്രോഗങ്ങള്‍, പനി, ചുമ, ശ്വാസംമുട്ടല്‍, മുഖത്ത് നീര്, നെഞ്ചിനകത്ത് വിമ്മിട്ടം എന്നിവയാണ് ഉണ്ടാകുക. ഇതേപോലെ അതാത് വേഗങ്ങൾ തടഞ്ഞാൽ പല തരത്തിലുള്ള രോഗങ്ങളും ഉണ്ടാകും. അതിനാൽ നിങ്ങൾ നിങ്ങളുടെ വേഗങ്ങള്‍ (natural urges) അനാവശ്യമായി ധരിക്കരുത് (തടയരുത്) കാരണം അത്തരം പ്രവർത്തികൾ നിങ്ങളെ ഒരു രോഗിയാക്കി മാറ്റും.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് BAMS, MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ

Comments