കേരളത്തിൽ വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയും അതിന്റെ കാരണങ്ങളും

കേരളത്തിൽ വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയും അതിന്റെ കാരണങ്ങളും
....................................................................

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനാൽ ഒരു കുട്ടി ആത്മഹത്യ ചെയ്ത വാർത്ത ടി.വി യിൽ കണ്ടപ്പോൾ വളരെയധികം വിഷമം തോന്നി അതുകൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്. ഞാൻ അതിനുശേഷം "ആത്മഹത്യ"എന്ന വാക്ക് ഗൂഗിളിൽ തിരഞ്ഞപ്പോൾ എനിക്ക് കിട്ടിയ സെർച്ച് റിസൾട്ടുകൾ ആണ് ഞാൻ സ്ക്രീൻഷോട്ട് ആയി ഇവിടെ കൊടുത്തിരിക്കുന്നത്. ഇത്രയും അഭ്യസ്തവിദ്യരായ യുവജനങ്ങൾ ഉള്ള ഈ നാട്ടിൽ എന്തുകൊണ്ട് ഇത്രയധികം ആത്മഹത്യ നടക്കുന്നു എന്നത് ചിന്തിക്കേണ്ട ഒരു വസ്തുതയാണ്.

ഇന്ന് വളരെ സുലഭമായി ലഭിക്കുന്ന ഇന്റർനെറ്റ് ഉൾപ്പെടെ മറ്റു പല സാമൂഹ്യ മാധ്യമങ്ങളും ആത്മഹത്യ നിരക്ക് കൂട്ടുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു എന്നതിന് ഞാൻ കൊടുത്ത സ്ക്രീൻഷോട്ട് തന്നെ ഒരു തെളിവാണ്. ആത്മഹത്യ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, എങ്ങനെ ആത്മഹത്യ ചെയ്യാം അതുകൂടാതെ ഏതെല്ലാം തരത്തിൽ ആത്മഹത്യ ചെയ്യാം എന്നതിനെ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്ന വെബ്സൈറ്റുകളും, ബ്ലോഗുകളും ഉള്ളപ്പോൾ ആത്മഹത്യകളുടെ എണ്ണം കൂടുന്നതിൽ അത്ഭുതപ്പെടാനില്ല.

സാധാരണഗതിയിൽ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ , സ്കീസോഫ്രീനിയ, മദ്യപാനം, മയക്കുമരുന്നുപയോഗം തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്. അതുകൂടാതെ സാമ്പത്തിക ബുദ്ധിമുട്ടുകൾ, മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിലെ പാകപ്പിഴകൾ, കുറ്റബോധം, രോഗം, പ്രണയനൈരാശ്യം, ബലാത്സംഗം, പരീക്ഷയിലെ പരാജയം തുടങ്ങിയവ മൂലമുണ്ടാകുന്ന സംഘർഷങ്ങൾ തുടങ്ങി പല കാരണങ്ങളും ആത്മഹത്യകൾക്കു പിന്നിലുണ്ട്.

ആധുനിക വൈദ്യശാസ്ത്രം ആത്മഹത്യയെ ഒരു മാനസിക രോഗം ആയിട്ടാണ് കാണുന്നത്. ആത്മഹത്യാ ശ്രമങ്ങൾ നടത്തി ക്കൊണ്ടിരിക്കുന്നവരെ അവരുടെ സമ്മതത്തോടെയോ അല്ലാതെയോ മാനസികരോഗ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കാവുന്നതാണ്. ആത്മഹത്യ ചെയ്യുന്നവരിൽ "സീറോടോണിൻ"
എന്ന ന്യൂറോ ട്രാൻസ്മിറ്റർ വളരെ കുറഞ്ഞ അളവിലാണ് കാണപ്പെടുന്നത്. അതുപോലെതന്നെ തലച്ചോറിൽ ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോപിക് ഫാക്റ്റർ (ബി.ഡി.എൻ.എഫ്.) എന്ന വസ്തുവിന്റെ അളവ് കുറവായിരിക്കുന്ന അവസ്ഥയ്ക്ക് ആത്മഹത്യയുമായി ബന്ധമുണ്ടെന്ന് കണ്ടിട്ടുണ്ട്.

ആത്മഹത്യ ചെയ്യുന്നവരിൽ പകുതിപ്പേർക്കും വിഷാദരോഗം കാണാറുണ്ട്.വിഷാദരോഗമോ ബൈപോളാർ അസുഖം പോലെ മാനസികനിലയെ ബാധിക്കുന്ന അസുഖങ്ങളോ ഉള്ളവർ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത 20 മടങ്ങാണ്. സ്കീസോഫ്രീനിയ (14%), വ്യക്തിത്വസംബന്ധമായ അസുഖങ്ങൾ(14%), ബൈപോളാർ അസുഖം, പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്നീ അസുഖങ്ങളുള്ളവരും ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത കൂടുതലാണ്. സ്കീസോഫ്രീനിയ ബാധിച്ചവരിൽ 5% ആത്മഹത്യയിലൂടെയാണ് മരിക്കുന്നത്.

ഇനി നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില ആത്മഹത്യ കണക്കുകൾ നിങ്ങളുടെ അറിവിലേക്കായി ആയി പങ്കുവയ്ക്കുന്നു. നമ്മുടെ ഭാരതത്തിൽ ആത്മഹത്യാ നിരക്കില്‍ കേരളം എട്ടാം സ്ഥാനത്ത്. കേരളത്തില്‍ നടക്കുന്ന ആത്മഹത്യകള്‍ കൂടുതലും കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. വിവാഹ ജീവിതത്തിലെ പിരിമുറുക്കങ്ങളും വിട്ടുവീഴ്ചാ മനോഭാവമില്ലാത്തതുമാണ് മിക്കപ്പോഴും ആത്മഹത്യകളിലേയ്ക്ക് നയിക്കുന്നത്. അത്തരം പിരിമുറുക്കമുള്ള സാഹചര്യങ്ങളിൽ വളരുന്ന കുട്ടികളും പിന്നീട് അവരുടെ ജീവിതത്തിൽ പ്രശ്നങ്ങളും, പ്രതിസന്ധികളും ഉണ്ടാവുമ്പോൾ ആത്മഹത്യ ഒരു പോംവഴി തെരഞ്ഞെടുക്കുന്നു.

കേരളത്തില്‍ പ്രതിദിനം 24 പേര്‍ ആത്മഹത്യ ചെയ്യുന്നു. 15-45 വയസ്സിനിടയ്ക്കുള്ളവരാണ് കൂടുതലും ആത്മഹത്യ ചെയ്യുന്നത്. ആത്മഹത്യ ചെയ്തവരില്‍ 78 ശതമാനവും വിവാഹിതരാണ്. ഓരോ വർഷവും എട്ട് ലക്ഷത്തോളം ആളുകൾ ലോകത്താകമാനം ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. അതായാത് ഓരോ നാൽപത് സെക്കന്റിലും ഒരു ആത്മഹത്യ സംഭവിക്കുന്നു.
നിങ്ങൾക്കിടയിലും കാണും ചിലപ്പോൾ ആത്മഹത്യ ചിന്താഗതികളുമായി നടക്കുന്നവർ. അവരെ ആ ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരു വിലപ്പെട്ട ജീവനെ നിങ്ങൾക്ക് സംരക്ഷിക്കാനാകും.

നന്ദി


ഡോ.പൗസ് പൗലോസ്

Comments