Random Post

ആയുർവേദത്തിൽ ഹൃദ്രോഗത്തിന് ചികിത്സ ഉണ്ടോ...💝..?

ആയുർവേദത്തിൽ ഹൃദ്രോഗത്തിന് ചികിത്സ ഉണ്ടോ...💝..?

കുറച്ചുനാളുകൾക്കു മുമ്പ് എന്റെ അടുത്ത് മധ്യവയസ്കയായ ഒരു രോഗി വന്നു നടക്കുമ്പോൾ വളരെ കിതപ്പ്, ക്ഷീണം , തളർച്ച, ആയാസമുള്ള ജോലികൾ എടുത്താൽ ഉണ്ടാകുന്ന നെഞ്ചുവേദന, പിന്നെ ഇടയ്ക്കിടയ്ക്ക് വരുന്ന റുമറ്റോയ്ഡ് ആർത്രൈറ്റിസുമായി ബന്ധപ്പെട്ട വേദനകൾ ഇതെല്ലാമാണ് പ്രധാന ലക്ഷണങ്ങൾ. ഞാൻ സ്റ്റതസ്കോപ്പ് വെച്ച് രോഗിയുടെ ഹൃദയത്തിന്റെ താളം പരിശോധിച്ചപ്പോൾ അത്ര പന്തിയല്ലെന്ന് തോന്നി രോഗിയോട് ഉടനെ തന്നെ ഒരു ഹൃദ്രോഗ വിദഗ്ധനെ കണ്ട് ECG, treadmill test, ECHO എന്നിവ കേരളത്തിലെ പ്രശസ്തമായ ഹൃദ്രോഗ ആശുപത്രിയിൽ പോയി ചെയ്യാൻ പറഞ്ഞു.

രോഗി അതെല്ലാം ഡോക്ടറെ കണ്ട് ചെയ്തിട്ട് എന്റെ അടുക്കൽ വന്നു. സംഭവം പ്രതീക്ഷിച്ചപോലെ തന്നെ Moderate MR ( mitral regurgitation - In moderate mitral regurgitation around 30% of the blood in the heart is leaking backwards). അവിടെയുള്ള പ്രധാന ഡോക്ടർ രോഗിയോട് ഇപ്പോഴത്തെ രോഗാവസ്ഥ കൂടുതൽ മോശമാകാതെ ശ്രദ്ധിക്കണം എന്ന് പറഞ്ഞു. ഇതെല്ലാം കേട്ട് ഭയപ്പെട്ടാണ് രോഗി എന്റെ അടുത്ത് റിപ്പോർട്ടുകളുമായി വന്നത്. രോഗിയുടെ സമ്മതത്തോടുകൂടി രണ്ട് റിപ്പോർട്ടുകളും താഴെ ഫോട്ടോ എടുത്ത് അറ്റാച്ച് ചെയ്തിട്ടുണ്ട്. രോഗം പൂർണമായും സുഖപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിലും രോഗലക്ഷണങ്ങൾ മാറ്റാൻ കഴിയുമെന്നും, ഹൃദയത്തെ ബലപ്പെടുത്താൻ ചില ഔഷധങ്ങൾ തരാമെന്നും രോഗിയോട് പറഞ്ഞ് അവരെ അന്ന് ആശ്വസിപ്പിച്ചു.

എന്റെ അടുത്ത് ഹൃദയത്തെ ബലപ്പെടുത്താൻ ഈ രോഗി ഒരു വർഷത്തോളമായി ചികിത്സ ചെയ്യുന്നു. ഞാൻ ചെയ്ത ചികിത്സാരീതികളും മരുന്നുകളൊന്നും തൽക്കാലം ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നില്ല കാരണം പങ്കുവെച്ചാൽ കുറെ വിദ്വാന്മാർ ആയുർവേദ മരുന്നുകൾക്ക് പാർശ്വഫലങ്ങളില്ല എന്നും പറഞ്ഞ് ഈ മരുന്നെല്ലാം മേടിച്ച് വായുഗുളിക പോലെ കഴിക്കാൻ തുടങ്ങും അതെന്തായാലും വേണ്ട. വളരെ കുറച്ചു മരുന്നുകൾ മാത്രമാണ് നിശ്ചയിച്ചത് ചികിത്സയുടെ പല ഘട്ടങ്ങളിലായി ചില ഗുളികകളും, കഷായവും ഒരു ചൂർണ്ണവും ആണ് ഞാൻ ഈ രോഗിക്ക് കൊടുത്തത്. പിന്നെ രോഗിക്ക് പാലിക്കാൻ കഴിയുന്ന രീതിയിലുള്ള അധികം കഠിനമല്ലാത്ത പത്ഥ്യങ്ങളും. ഏകദേശം ഒരു വർഷത്തോളം ചികിത്സ കഴിഞ്ഞപ്പോൾ രോഗിയുടെ കിതപ്പ് പൂർണ്ണമായി മാറി കൊളസ്ട്രോൾ നോർമൽ ആയി, ബി.പി നോർമൽ ആയി 150/90 ആയിരുന്ന ബിപി ഇപ്പോൾ 110/80 ആണ് കഴിഞ്ഞ ആറു മാസമായി രോഗിയുടെ ബി.പി പൂർണമായും നോർമലാണ്.

അത് നിങ്ങൾക്ക് റിപ്പോർട്ടിൽ കാണുവാൻ സാധിക്കും അതുപോലെ തന്നെ രോഗിയുടെ അവസ്ഥയിൽ കാര്യമായ മാറ്റം ഉണ്ടായി Moderate MR change to Mild MR. രോഗി വീണ്ടും പരിശോധിച്ച് റിപ്പോർട്ടുമായി ചെന്നപ്പോൾ ഹൃദ്രോഗ വിദഗ്ധൻ വളരെ അത്ഭുതത്തോടെ ചോദിച്ചു ഇതെങ്ങനെയാണ് ഒരു വർഷത്തിനുള്ളിൽ ഈ മാറ്റം ഉണ്ടായത് അവിടെയുണ്ടായിരുന്ന ജൂനിയർ ഡോക്ടർമാരും ആ റിപ്പോർട്ട് തിരിച്ചും മറിച്ചും നോക്കി. എന്നിട്ട് പ്രധാന ഡോക്ടർ ദിവസവും നടക്കുന്നുണ്ടല്ലോ അല്ല എന്തായാലും നടത്തം കുറയ്ക്കേണ്ട , ഡയറ്റ് അതേപോലെതന്നെ പിന്തുടരൂ എന്നും പറഞ്ഞ് നമ്മുടെ രോഗിയെ ഉപദേശിച്ചു വിട്ടു. ഞാൻ രോഗിയോട് ചോദിച്ചു നിങ്ങൾ ആയുർവേദ മരുന്ന് ഉപയോഗിക്കുന്ന കാര്യം അവരോട് പറഞ്ഞില്ലേ.

അപ്പോൾ അവരെന്നോട് പറഞ്ഞത് വളരെ രസകരമായി മറുപടിയാണ് "ഹൃദ്രോഗത്തിന് ആയുർവേദം ഉപയോഗിക്കുന്നു എന്ന് ആ ഡോക്ടറോട് പറഞ്ഞാൽ അദ്ദേഹം എന്നെ വഴക്ക് പറയും, വലിയ ഡിഗ്രി ഒക്കെ ഉള്ള ആളല്ലേ ആയുർവേദത്തിൽ തീരെ വിശ്വാസമില്ല. എന്തായാലും രോഗാവസ്ഥയിൽ എങ്ങനെയാണ് മാറ്റം ഉണ്ടായത് എന്ന് എനിക്കും എന്റെ വീട്ടിലുള്ളവർക്കും ഡോക്ടർക്കും അറിയാലോ അതുമതി''. ഈ രോഗി ഇപ്പോഴും എന്റെ ചികിത്സയിലാണ്, രോഗിയുടെ ഇപ്പോഴത്തെ അവസ്ഥ രണ്ടാമത്തെ റിപ്പോർട്ടിൽ Associated disease states എന്നതിൽ നിങ്ങൾക്ക് കാണാൻ കഴിയും. രണ്ടാമത്തെ പരിശോധനാഫലം കണ്ടപ്പോൾ എനിക്ക് ഇനിയും ഈ രോഗിയിൽ ചില മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും എന്നുള്ള ഒരു വിശ്വാസമുണ്ട്.

ഇതര വൈദ്യ ശാസ്ത്രങ്ങളെ അപേക്ഷിച്ച് ആയുർവേദം പ്രാധാന്യം നൽകുന്ന ഒരു പ്രധാന സംഗതിയാണ് വേഗധാരണം. സ്വാഭാവികങ്ങളായ മല മുത്ര അധോവാത വേഗങ്ങളെ ബോധപൂർവം തടഞ്ഞുവെക്കുന്നതിനെയാണ് വേഗധാരണം എന്ന് പറയുന്നത്. ഇതുമൂലം പലതരത്തിലുള്ള രോഗങ്ങൾ ഒരു വ്യക്തിക്ക് ഉണ്ടാകുന്നു എന്ന് ആയുർവേദം പറയുന്നു.
രോഗാനുൽപാദനീയം എന്ന അധ്യായത്തിൽ "വേഗധാരണം" കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളിൽ പ്രധാനമായും ആചാര്യൻ എടുത്തുപറയുന്ന ഒരു രോഗമാണ് ഹൃദ്രോഗം. ഹൃദയ വികാരങ്ങളുടെ പ്രധാന കാരണം നമ്മുടെ തെറ്റായ ജീവിത ശൈലി നിമിത്തവും, നാം സേവിക്കുന്ന അസാത്മ്യവും, വിരുദ്ധവുമായ ഭക്ഷണങ്ങളുടെ നിരന്തര ഉപയോഗം,അമിതാശനം മൂലവും നമ്മുടെ ശരീരത്തിലെ അഗ്നിയുടെ കർമ ശക്തി ദുർബലമാകുന്നു. ദുർബലമായ അഗ്നി തന്നെയാണ് സർവ രോഗങ്ങളുടെയും അടിസ്ഥാന കാരണം. ചയാപചയ തകരാറുകൾ നിമിത്തം ശരീരത്തിൽ അടിഞ്ഞ് കൂടുന്ന മാലിന്യങ്ങളെ ഇല്ലാതാക്കാനായി ഉചിതമായ ശോധന ചികിത്സകൾ കൃത്യമായ ഇടവേളകളിൽ ചെയ്താൽ ഒരു പരിധിവരെ ഹൃദ്രോഗത്തെ പ്രതിരോധിക്കാം. ചിലപ്പോൾ നിങ്ങളുടെ ഹൃദ്രോഗത്തിന് കാരണം കിടക്കുന്നത് നിങ്ങളുടെ കോഷ്ഠത്തിലും, പക്വാശയത്തിലും ആകാം എന്നത് ഒരു തിരിച്ചറിയപ്പെടാത്ത യാഥാർത്ഥ്യമാണ്. ഈ രോഗത്തെ വാതിക ഹൃദ്രോഗം ആയി എടുത്താണ് ഞാൻ ചികിത്സ ആരംഭിച്ചത് എന്റെ ചികിത്സയുടെ പ്രധാന ലക്ഷ്യങ്ങൾ പ്രധാനമായും അഗ്നിയെ ബലപ്പെടുത്തുക സ്രോതോരോധം മാറ്റുക,അപാന വായുവിന്റെയും, വ്യാന വായുവിന്റെയും പ്രവർത്തനം ക്രമപ്പെടുത്തുക, കൂടാതെ രോഗിയുടെ ആവരണം മാറ്റുകയും ചെയ്യുക എന്നതായിരുന്നു. പിന്നെ ചികിത്സയ്ക്കിടെ രോഗിക്ക് യാതൊരു വിധ ധാതുക്ഷയവും വരാതെ നോക്കി. ഒരു ഡോക്ടറിൽ രോഗി അർപ്പിക്കുന്ന വിശ്വാസമാണ് ഒരു ഡോക്ടർക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം. 'ഡോക്ടേഴ്സ് ഡേ'👨‍⚕️ ആയിട്ട് ഇതൊന്നു പങ്കുവയ്ക്കണമെന്ന് തോന്നി.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments