പരീക്ഷയിൽ തോൽക്കുമ്പോഴോം ചില വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നു

പരീക്ഷയ്ക്ക് മാർക്ക് കുറയുമ്പോഴും, പരീക്ഷയിൽ തോൽക്കുമ്പോഴോം ചില വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നു എന്ന് കേൾക്കുന്നത് വളരെ വേദനിപ്പിക്കുന്ന ഒരു കാര്യമാണ്. കാരണം പഠനകാലത്ത് ഞാനും ഒരു ആവറേജ് വിദ്യാർത്ഥിയായിരുന്നു പലപ്പോഴും തോൽവികൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. ജീവിതത്തിൽ ഇന്നേവരെ ഒരു പരീക്ഷയും അമിത പ്രാധാന്യത്തോടുകൂടി നോക്കി കണ്ടിട്ടില്ല. ഞാൻ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് അത് ഒരുപക്ഷേ ഈ പരീക്ഷ പേടി ഇല്ലാത്തത് കൊണ്ടാവും അതിനാൽ എന്റെ ഒരു ചെറിയ അനുഭവത്തിൽ നിന്നും എനിക്ക് പറയുവാനുള്ളത് പരീക്ഷയെ അമിതപ്രാധാന്യത്തോട് കൂടി നോക്കി കാണാതിരിക്കുക, തോൽവിയിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിക്കാനുണ്ട് അതിന് ഒരുപാട് ജീവിതാനുഭവങ്ങൾ സമ്മാനിക്കാൻ സാധിക്കും യഥാർത്ഥത്തിൽ ജീവിതത്തിൽ വിജയിക്കാനുള്ള കൽപ്പടവുകൾ ജീവിതത്തിൽ നമ്മളെ ഒരുപാട് വേദനിപ്പിച്ച തോൽവികൾ തന്നെയാണ്. ഇടയ്ക്ക് നമ്മൾ പത്രമാധ്യമങ്ങളിൽ വായിക്കാറുള്ള കാര്യമാണ് മാതാപിതാക്കൾ പരീക്ഷയിൽ മാർക്ക് കുറയുമ്പോൾ കുട്ടികളോട് ദേഷ്യപ്പെടുന്നു, കുറ്റപ്പെടുത്തുന്നു അവരെ അടിക്കുന്നു. ഇതെല്ലാം വളരെ തെറ്റായ ഒരു പ്രവണതയാണ് ജീവിതത്തിൽ പരാജയം ഏറ്റുവാങ്ങി വരുമ്പോൾ അവർക്ക് ഒരു താങ്ങും, തണലും ആകേണ്ട മാതാപിതാക്കൾ അവരോട് ശത്രുക്കളെ പോലെ പെരുമാറുന്നത് സഹിക്കാനാവാതെ ചിലപ്പോൾ ചില കുട്ടികൾ സ്വന്തം ജീവിതത്തിന്റെ വിലയറിയാതെ അത് അവസാനിപ്പിക്കുന്നു. അല്ലെങ്കിൽ വേറൊരു കൂട്ടർ പരീക്ഷയും പഠനത്തെയും അവസാനിപ്പിക്കുന്നു വേറെ ചിലർ സാമൂഹ്യദ്രോഹികൾ ആയി മാറുന്നു. പരീക്ഷയിൽ ഉന്നത വിജയം നേടാൻ അല്ല മാതാപിതാക്കൾ സ്വന്തം മക്കളെ പഠിപ്പിക്കേണ്ടത് അവരെ നല്ല മനുഷ്യരാവാൻ പഠിപ്പിക്കുക. നമ്മുടെ സമൂഹത്തിന് ആവശ്യം നല്ല മനുഷ്യരെയാണ് അല്ലാതെ
കുറെ മാർക്ക് നേടിയവരെ അല്ല അതിനാൽ അവരെ നല്ല ഒരു സാമൂഹ്യജീവി ആവാൻ പഠിപ്പിക്കുക. ഇങ്ങനെ സ്വന്തം മക്കൾക്ക് നേർവഴി കാണിച്ച് കൊടുത്ത് വിജയത്തിലും, പരാജയത്തിലും കൂടെ നിൽക്കുന്ന മാതാപിതാക്കൾ ആണ് അവരെ യഥാർത്ഥ ജീവിത വിജയത്തിന് സഹായിക്കുന്നവർ.

ഡോ.പൗസ് പൗലോസ്

Comments