Random Post

ഗബ്രിയേൽ മാലാഖ

ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു മാലാഖയാണ് 👼 വിശുദ്ധ ഗബ്രിയേൽ അതിനാൽ ഈ മാലാഖയെ കുറിച്ച് ഒരു ലേഖനം എഴുതണം എന്നു തോന്നി. ആരാണ് ഗബ്രിയേൽ മാലാഖ എന്നതിനെക്കുറിച്ച് ഒരു വ്യക്തമായ ധാരണ ഈ ലേഖനത്തിലൂടെ നിങ്ങൾക്ക് ലഭിക്കും എന്ന് വിശ്വസിക്കുന്നു. ഗബ്രിയേൽ എന്ന വാക്കിന് അർത്ഥം ദൈവമാണ് എന്റെ ശക്തി, ദൈവത്തിൽ ശക്തിയുള്ളവർ എന്നെല്ലാമാണ്. ദൈവത്തിന്റെ സന്ദേശം മനുഷ്യരിൽ എത്തിക്കുക എന്നതാണ് ഗബ്രിയേൽ മാലാഖയുടെ ദൗത്യം. കർത്താവിന്റെ മുന്നിൽ നിൽക്കുന്ന 7 മാലാഖമാരിൽ പ്രധാനിയാണ് ഗബ്രിയേൽ.  പൊതുവേ മാലാഖമാരെ ഒമ്പത്‌ വൃന്ദങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഇവർ നവവൃന്ദം മാലാഖമാര്‍ എന്നറിയപ്പെടുന്നു.

വിശുദ്ധ ലിഖിതങ്ങളില്‍ കാണപ്പെടുന്ന മാലാഖമാരുടെ ഓരോ വൃന്ദത്തിനും അവരുടെ സ്ഥാനമനുസരിച്ച് ഓരോ സ്ഥാനപേരുണ്ട്. മാലാഖമാരുടെ ഒമ്പത്‌ വൃന്ദങ്ങളെ കുറിച്ച് മഹാനായ വിശുദ്ധ ഗ്രിഗറി ഇപ്രകാരം പറഞ്ഞിരിക്കുന്നു. “വിശുദ്ധ ലിഖിതങ്ങളുടെ അടിസ്ഥാനത്തില്‍ ഒമ്പത്‌ തരം മാലാഖ വൃന്ദങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാമല്ലോ, ക്രമമനുസരിച്ച് - ദൈവദൂതന്‍മാര്‍, മുഖ്യദൂതന്‍മാര്‍, പ്രാഥമികന്‍മാര്‍, ബലവാന്മാര്‍, തത്വകന്മാര്‍, അധികാരികള്‍, ഭദ്രാസനന്മാര്‍, ക്രോവേന്മാര്‍, സ്രാപ്പേന്‍മാര്‍ എന്നിവരാണ് ആ വൃന്ദങ്ങള്‍”. ഇതിൽ ദൈവദൂതൻമാർ എന്ന ഗണത്തിൽ പെടുന്ന മാലാഖയാണ് വിശുദ്ധ ഗബ്രിയേൽ മാലാഖ.

ജൂതമതം, ക്രിസ്തുമതം, ഇസ്‌ലാം തുടങ്ങിയ സെമിറ്റിക് മതങ്ങളിൽ പരാമർശിക്കപ്പെടുന്നതും ദൈവത്തിൽ നിന്നുള്ള സന്ദേശവാഹകനെന്ന് വിശേഷിപ്പിക്കപ്പെടുന്നതുമായ മാലാഖയാണ് (അറബിക്: മലക്ക്) ഗബ്രിയേൽ. യഹൂദന്മാർ ഗബ്രിയേലിനെ വിധിയുടെ മാലാഖയായി അനുസ്മരിക്കുന്നു. പുതിയ നിയമത്തിലും പഴയ നിയമത്തിലും ഒരുപോലെ പ്രത്യക്ഷപ്പെടുന്ന മാലാഖയാണ് ഗബ്രിയേല്‍. ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെടുന്ന ഓരോ അവസരവും നമുക്ക് മനസ്സിലാക്കിത്തരുന്ന ഒരു രഹസ്യമുണ്ട്. മനുഷ്യവംശത്തിന് പ്രധാനപ്പെട്ട ഓരോ സന്ദേശം നല്കുക എന്നതായിരുന്നു മാലാഖയുടെ ഉത്തരവാദിത്തം. പ്രധാനമായും 5 ഘട്ടങ്ങളിലാണ് ഗബ്രിയേൽ മാലാഖ ദൈവത്തിന്റെ ദൂതുമായി ഭൂമിയിൽ വന്നതായി ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

1) പഴയനിയമത്തിലെ ദാനിയേലിന്റെ പുസ്തകത്തിൽ സിംഹക്കുഴിയില്‍ അകപ്പെട്ട ഡാനിയേലിന് ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെടുന്ന ഒരു രംഗമുള്ളത്. സിംഹക്കുഴിയില്‍ അകപ്പെട്ട ദാനിയേലിന്റെ അടുക്കലേക്കാണ് ഗബ്രിയേല്‍ മാലാഖ ആദ്യമായി എത്തുന്നത്. 

2)സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റിന്റെ (സ്നാപകയോഹന്നാൻ) ജനനവാര്‍ത്ത അറിയിക്കാനായി സക്കറിയാ പുരോഹിതന്റെ അടുക്കലെത്തുന്ന ഗബ്രിയേലിനെയും നമ്മള്‍ കാണുന്നുണ്ട്.

3)മറിയത്തെ മംഗളവാര്‍ത്ത അറിയിക്കുന്നതും ഗബ്രിയേലാണ്.

4)രക്ഷാകരചരിത്രത്തിന്റെ സന്ദേശവാഹകനായി മാറുന്ന ഈ ഗബ്രിയേലാണ് കർത്താവിന്റെ സന്ദേശവുമായി ജോസഫിന്റെ സ്വപ്‌നത്തിലെത്തുന്നത്.

5)പൂങ്കാവനത്തില്‍ പ്രാര്‍ത്ഥിച്ചിരുന്ന ഈശോയെ സ്വര്‍ഗ്ഗത്തില്‍ നിന്നെത്തിയ ഒരു മാലാഖ വന്ന് ആശ്വസിപ്പിക്കുന്നതായി (ലൂക്കായുടെ സുവിശേഷം 22:43) നാം വായിക്കുന്നുണ്ടല്ലോ? പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നത് ഈ മാലാഖയും ഗബ്രിയേല്‍ ആയിരുന്നുവെന്നാണ്.

ഇസ്‌ലാം മത വിശ്വാസ പ്രകാരം മുഹമ്മദിന് ദൈവത്തിൽ നിന്ന് ഖുർആൻ അവതരിച്ചത് ഗബ്രിയേൽ മുഖേനയാണ്. മാലാഖമാരുടെ നേതാവാണ് ഗബ്രിയേലെന്നും മുസ്‌ലിംകൾ വിശ്വസിക്കുന്നു. ഖുർആനിൽ ഈ മാലാഖയെ ഉദ്ദേശിച്ച് 'പരിശുദ്ധാത്മാവ്' ( റൂഹുൽ ഖുദ്സ്) എന്ന് വിളിച്ചിട്ടുണ്ട്. ബഹായി മതത്തിന്റെ ഗ്രന്ഥങ്ങളിലും ഗബ്രിയേലിന്റെ പരാമർശം കാണാം. ഗബ്രയേൽ മാലാഖയെ കുറിച്ചുള്ള പരാമർശം ദാനിയേലിന്റെ പുസ്തകത്തിലാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ബാബിലോണിയായിലെ നബുക്കഡ്നസറിന്റെ ആകമണ കാലത്ത് ദാനിയേൽ പ്രവാചകന് ചില ദിവ്യവചനങ്ങളുടെ അർത്ഥം വിശദീകരിക്കൻ ഗബ്രായേൽ മനുഷ്യ രൂപത്തിൽ വന്നതായി പറയുന്നു.

ഗബ്രിയേൽ മാലാഖ പുതിയ നിയമത്തിൽ
---------------------------------------------------------------

സ്നാപക യോഹന്നനിന്റെ ജനനം പ്രവചിച്ചുകൊണ്ട് ലൂക്കോസ് എഴുതിയ സുവിശേഷത്തിൽ ഗബ്രിയേലിനെക്കുറിച്ച പരാമർശം കാണുക:
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

(11).അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നിൽക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി. (12). സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി. (13). ദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം. (14).നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും. (15). അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും. (16). അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. (17). അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.(18). സെഖര്യാവു ദൂതനോടു; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു. (19)ദൂതൻ അവനോടു: ഞാൻ ദൈവസന്നിധിയിൽ നിലക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു. (20). തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്ക കൊണ്ടു അതു സംഭവിക്കുംവരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു. (ലൂക്കോസ്1:11-20 )

തുടർന്ന് ഇതേ സുവുശേഷത്തിൽ തന്നെ യേശുവിന്റെ ജനനം പ്രവചിച്ചുകൊണ്ട് മറിയത്തിന്റെയടുക്കൽ ഗബ്രിയേൽ പ്രത്യക്ഷപ്പെടുന്നത് വിവരിക്കുന്നു.
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

(26)ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, (27)ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു. (28)ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. (29)അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു. (30)ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. (31)നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. (32)അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും (33)അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. (34)മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. (35)അതിന്നു ദൂതൻ : പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. (36)നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം. (37)ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.(ലൂക്കോസ്1:26-37 )

ശുദ്ധീകരിക്കപ്പെട്ട ആത്മാക്കളാണ് മാലാഖമാര്‍. മാലാഖ എന്നാ വാക്കിന്റെ അര്‍ത്ഥം ദാസന്‍ അല്ലെങ്കില്‍ ദൈവത്തിന്റെ ദൂതന്‍ എന്നാണ്. മനുഷ്യരിലും ഉന്നത സ്ഥാനം വഹിക്കുന്ന സ്വര്‍ഗ്ഗീയ ആത്മാക്കളാണ് മാലാഖമാര്‍. മാലാഖമാര്‍ക്ക് ഭൗതീകമായ ശരീരമില്ല. കാലമോ സമയമോ കൂടാതെ സഞ്ചരിക്കുവാന്‍ മാലാഖമാര്‍ക്ക്‌ കഴിയും. അവര്‍ തങ്ങളുടെ നിലനില്‍പ്പിനൊ പ്രവര്‍ത്തികള്‍ക്കോ ഭൗതീകമായ ഒരു വസ്തുവിനെയോ അവര്‍ ആശ്രയിക്കുന്നുമില്ല. മാലാഖമാര്‍ക്ക്‌ ഭൗതീക ശരീരമില്ലെങ്കിലും ഭൗതീക ലോകത്ത്‌ സ്വാധീനം ചെലുത്തുവാന്‍ അവര്‍ക്ക്‌ കഴിയും. അവര്‍ പൂർണ്ണമായും വിശുദ്ധിയുള്ള ആത്മാക്കളാണ്. ഭൗതീകവസ്തുക്കളെ ചലിപ്പിക്കുന്നതിനോ, ഏതാകൃതി വേണമെങ്കിലും സ്വീകരിക്കുന്നതിനോ തക്ക ശക്തിയുള്ളവരാണ് മാലാഖമാര്‍. ദൈവത്തിന്റെ ദൂതരും, നമ്മുടെ സംരക്ഷകരും എന്ന അവരുടെ ദൗത്യത്തിന്റെ അടിസ്ഥാനത്തില്‍ ചിത്രകലകളില്‍ അവര്‍ക്ക്‌ പ്രതീകാത്മകമായി നാം നല്‍കിയിട്ടുള്ളതാണ് ചിറകുകളും വാളുകളും. ദൈവത്തിന്റെ  അശരീരിയായ സന്ദേശവാഹകരാണ് മാലാഖമാർ. മനുഷ്യരെ സൃഷ്ട്ടിക്കുന്നതിനു  മുൻപുതന്നെ അവരെ സൃഷ്ട്ടിച്ചുവെന്നു വിശുദ്ധഗ്രന്ഥത്തിൽനിന്നു വ്യക്തമാണ്. വിശുദ്ധരിൽ നിന്ന് ഭിന്നരാണ്‌ മാലാഖമാര്‍. എണ്ണിതീര്‍ക്കുവാന്‍ കഴിയാത്തവിധം ബാഹുല്യമുള്ള മാലാഖ കൂട്ടമാണ്‌ മാലാഖ വൃന്ദം. കത്തോലിക്കാ സഭയിൽ ഉള്ള വിശ്വാസത്തിൽ അടിയുറച്ചു നിൽക്കാൻ കഴിയാതെ വരുമ്പോൾ ദൈവത്തിന്റെ പ്രധാനദൂതനായ ഗബ്രിയേൽ മാലാഖയോടുള്ള മധ്യസ്ഥ പ്രാർത്ഥന നിങ്ങളെ സഭാ വിശ്വാസത്തിൽ അടിയുറച്ച് നിൽക്കുവാൻ സഹായിക്കും. ആ പ്രാർത്ഥന ഞാൻ താഴെ കൊടുത്തിരിക്കുന്നു.

"ഓ പ്രിയപ്പെട്ട വിശുദ്ധ ഗബ്രിയേലേ സ്വര്‍ഗ്ഗത്തിന്റെ സന്ദേശവാഹകനും മനുഷ്യാവതാരരഹസ്യം അറിയിച്ചവനുമായവനേ, കത്തോലിക്കാ വിശ്വാസത്തിന്റെ സത്യങ്ങള്‍ മനസ്സിലാക്കാനും അറിയുവാനും എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. ദൈവത്തിന്റെ കരുണയെയും നീതിയെയും കുറിച്ചുള്ള എന്റെ എല്ലാവിധ സംശയങ്ങളും ദൂരികരിക്കണമേ"

ആമ്മേന്‍

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments