Random Post

ഒരു പുഞ്ചിരിക്കുന്ന കുട്ടിയുടെ കഥ

ഒരു പുഞ്ചിരിക്കുന്ന കുട്ടിയുടെ കഥ 🧕
---------------------------------------------------------------

ഇത് ഒരു പുഞ്ചിരിക്കുന്ന താത്തകുട്ടിയുടെ  കഥയാണ് എന്റെ മനസ്സിനെ വളരെയധികം സ്പർശിച്ച ഒരു രോഗി ആയതുകൊണ്ടാണ് ഈ കഥ ഞാൻ എഴുതുന്നത്. രണ്ടാഴ്ച മുമ്പ് എന്റെടുത്ത് ചികിത്സയ്ക്കായി ഒരു കുട്ടി 🧕 വന്നു അവൾക്ക് 15 വയസ്സ് പ്രായമുണ്ട് എന്നാൽ അവളുടെ ഉയരം വെച്ചുനോക്കിയാൽ തൂക്കം വളരെ കുറവാണ് 38 kg (അണ്ടർ വെയ്റ്റ്), അവളുടെ രോഗം എന്താണെന്ന് വെച്ചാൽ അവൾ എന്ത് കഴിച്ചാലും ഛർദ്ദിക്കും ദിവസവും ഒരു പത്തു വട്ടം എങ്കിലും ചർദ്ദിയും പിന്നെ എന്ത് കഴിച്ചാലും അപ്പോൾ കക്കൂസിൽ പോണം. കഴിഞ്ഞ ഒരു വർഷമായി അവളുടെ അവസ്ഥ ഇതാണ് കാണിക്കാത്ത ഡോക്ടർമാരില്ല ഇപ്പോൾ അതിഭയങ്കരമായ ക്ഷീണവും തളർച്ചയും, എപ്പോഴും ഉറക്കം ആണ് അതുകൊണ്ട് കഴിഞ്ഞ ഒരാഴ്ചയായി സ്കൂളിൽ പോകുന്നില്ല.

മെഡിക്കൽ കോളേജിൽ പോയി  ഗ്യാസ്ട്രോളജിസ്റ്റിനെ കണ്ട് ചെയ്യാവുന്ന ടെസ്റ്റുകൾ എല്ലാം ചെയ്തു . എൻഡോസ്കോപ്പി ചെയ്ത റിപ്പോർട്ടിൽ എന്താണ് രോഗകാരണം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു പ്രതിപാദനം ഇല്ല. വയറ്റിൽ ചെറിയ നീർക്കെട്ട് ഉണ്ടെന്നു മാത്രം എഴുതിയിരിക്കുന്നു. എനിക്ക് ആ കുട്ടിയോട് വളരെയധികം സഹതാപം തോന്നി എന്നെ കാണാൻ വന്നപ്പോൾ അവൾ കസേരയിൽ ചുരുണ്ടുകൂടി ഇരുന്നു; ആ മുഖത്ത് വല്ലാത്തൊരു നിരാശ എനിക്ക് കാണാൻ കഴിഞ്ഞു യാതൊരു ഉന്മേഷവും , ഉഷാറും ഇല്ല. ഞാൻ ചോദിച്ചതിന് ഒക്കെ വളരെ നിഷ്കളങ്കമായ പുഞ്ചിരിയോട് കൂടി അവൾ ഉത്തരം പറഞ്ഞു എന്റെ അടുത്ത് ചികിത്സയ്ക്ക് വന്നപ്പോഴും ഈ രോഗം മാറുമെന്ന് അവൾക്ക് യാതൊരു പ്രതീക്ഷയും ഇല്ല എന്നെനിക്ക് തോന്നി.

അപ്പോൾ അവളുടെ ഉമ്മാ പറഞ്ഞു "എപ്പോഴും ഈ ഇരിപ്പാണ് ഡോക്ടർ വയസ്സായ അമ്മാമമാരെ പോലെ ചുരുണ്ടുകൂടി എവിടെയെങ്കിലും ഇരിക്കും എന്ത് കഴിച്ചാലും ഛർദ്ദിക്കും ഇവർക്ക് എപ്പോഴും ക്ഷീണമാണ്. അവസാനം ഞാൻ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി എൻഡോസ്കോപ്പി ചെയ്തു നോക്കി അവർ പറഞ്ഞു ഇവൾക്ക് ഒരു കുഴപ്പവുമില്ല എന്നാണ്. എന്തും സഹിക്കാം പക്ഷേ ഈ ചർദ്ദി കണ്ടു നിൽക്കാൻ പറ്റില്ല".അമ്മ ഇതൊക്കെ പറയുമ്പോൾ അവൾ  ഇതെല്ലാം കേട്ട് ആ കസേരയിൽ ചുരുണ്ടുകൂടി ഇരുന്ന് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ എനിക്ക് ആ കുട്ടിയോട് വല്ലാതെ സഹതാപം തോന്നി കുറെ നേരം അവരുമായി സംസാരിച്ചു.

അതിൽനിന്ന് അവൾക്ക് വറുത്തതും പൊരിച്ചതും മാത്രമാണ് കൂടുതൽ ഇഷ്ടം എന്ന് മനസ്സിലായി. അതുകൊണ്ട് ആദ്യം ഈ നോൺവെജും , വറുത്തതും, പൊരിച്ചതും, അമിതമായ എരിവും, പുളിയും, ഉപ്പും പൂർണമായി നിർത്താൻ പറഞ്ഞു. പിന്നീട് ഞാൻ ഒരു ഡയറ്റ് നിർദ്ദേശിച്ചു അതെന്താണെന്ന് വച്ചാൽ രാവിലെ, ഉച്ചയ്ക്കും, വൈകിട്ടും ഓട്സും പച്ചക്കറികൾ പുഴുങ്ങിയതും മാത്രം കഴിക്കുക, മലരിട്ട് വെളുപ്പിച്ച വെള്ളം മാത്രം കുടിക്കുക. അതുകൂടാതെ കണ്ണൻ കായ പൊടി അടങ്ങിയ ബേബിവിറ്റ പാലിൽ കുറുക്കി രണ്ടുനേരം കഴിക്കുക. അതിന്റെ കൂടെ കഴിക്കാൻ ചില മരുന്നുകളും നിർദ്ദേശിച്ചു. ബേബിവിറ്റ കഴിക്കാൻ പറഞ്ഞത് അവൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്നാലും മനസ്സില്ലാമനസ്സോട് കൂടി "ഡോക്ടർ പറഞ്ഞ പോലെ ചെയ്യാം" എന്ന് വാക്ക് തന്നു അവൾ അവിടെ നിന്നു പോയി.

രണ്ടാഴ്ചയ്ക്കുശേഷം അവൾ ഇന്ന് എന്നെ കാണാൻ വന്നു സത്യം പറഞ്ഞാൽ അവളെ കണ്ട് ഞാൻ അത്ഭുതപ്പെട്ടുപോയി കാരണം എന്റെ മുമ്പിൽ നിൽക്കുന്നത് ആ പഴയ താത്തകുട്ടി അല്ല. ഇപ്പോൾ അവൾ നഷ്ടപ്പെട്ടുപോയ തേജസ്സും, ഓജസ്സും എല്ലാം തിരിച്ചുകിട്ടിയ ഒരു സുന്ദരിക്കുട്ടി ആണ്. അപ്പോഴും അവളുടെ മുഖത്ത് ആ നിഷ്കളങ്കമായ പുഞ്ചിരി ഉണ്ടായിരുന്നു. കൺസൾട്ടേഷൻ റൂമിലോട്ട് കയറി വന്നപ്പോൾ തന്നെ ഞാൻ അവളോട് വെയിങ്ങ് മെഷീനിൽ വെയിറ്റ്  നോക്കാൻ പറഞ്ഞു ഇപ്പോൾ 42 kg തൂക്കം രണ്ടാഴ്ചകൊണ്ട് അവൾക്ക് 4 kg കൂടി. അതുകണ്ടപ്പോൾ ആ ഉമ്മയുടെയും മകളുടെയും സന്തോഷം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.

അവളുടെ അമ്മ പറഞ്ഞു "ഒരുപാട് സന്തോഷമുണ്ട് ഡോക്ടറെ ഇപ്പോൾ അവൾക്ക് ആ പഴയ ചർദ്ദി ഇല്ല അതുതന്നെ വലിയൊരു ആശ്വാസം. പിന്നെ ക്ഷീണമെല്ലാം മാറി ഇപ്പോൾ ആള് വളരെ ഉഷാറാണ് എന്നെ വീട്ടുജോലിയിൽ എല്ലാം സഹായിക്കുന്നുണ്ട്, മുറ്റമടിക്കും പിന്നെ എപ്പോഴും ഉറങ്ങുന്ന ആ സ്വഭാവം ഇപ്പോൾ ഇല്ല. ഡോക്ടർ പറഞ്ഞ പോലെ അവൾ പത്ഥ്യം എല്ലാം നന്നായി നോക്കുന്നുണ്ട്. പിന്നെ കഴിഞ്ഞ ഈദ് പെരുന്നാളിൽ എല്ലാവരും കോഴിയിറച്ചി തിന്നുന്ന കണ്ടപ്പോൾ അവൾക്കും ഒരു കൊതി തോന്നി അനിയന്റെ പാത്രത്തിൽ നിന്ന് എടുത്ത് ഒരു കഷണം കഴിച്ചു അതല്ലാതെ വേറെ പത്ഥ്യങ്ങളൊന്നും തെറ്റിച്ചിട്ടില്ല".ഇതെല്ലാം ആ ഉമ്മ പറയുന്നതും കേട്ട് ഒരു ചെറുപുഞ്ചിരിയോട് കൂടി അവൾ ആ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു പക്ഷേ ഇപ്പോൾ അവൾക്ക് ആ ചുരുണ്ടുകൂടി ഉള്ള ഇരിപ്പ് അശേഷം ഇല്ല.

പിന്നീട് അവളുടെ നിഷ്കളങ്കമായ ഭാഷയിൽ അവൾ എന്നോട് ചോദിച്ചു "അതേ ഡോക്ടറെ എനിക്ക് എന്നാ പൊരിച്ച കോഴി തിന്നാൻ പറ്റാ" ആ ചോദ്യം കേട്ടപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നി കാരണം അവളുടെ ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടുവന്നത് ഞാനാണ് അതുകൊണ്ട് ഞാൻ അവളോട് വളരെ സ്നേഹത്തിൽ പറഞ്ഞു "ഇപ്പോൾ നിനക്ക് ദഹനശക്തി കുറച്ച് കുറവാണ് കുറച്ചുനാൾ പത്ഥ്യമെല്ലാം പാലിച്ച് നീ ഈ മരുന്നെല്ലാം കഴിച്ചു കഴിയുമ്പോൾ നല്ലൊരു ദഹനശക്തി കിട്ടും അപ്പൊ ഇതെല്ലാം നിനക്ക് കുറേശ്ശെ കഴിക്കാം. ഞാൻ നിനക്കൊരു ഉദാഹരണം പറഞ്ഞു തരാം വീട്ടിൽ അടുപ്പത്ത് തീ കത്തുമ്പോൾ അടുപ്പിലേക്ക് നീ  വലിയ ഒരു മരത്തടി എടുത്തു വച്ചു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക" അതിന് അവൾ വളരെ നിഷ്കളങ്കമായി ഉത്തരം പറഞ്ഞു "അത് കിടന്നു പുകയും" അപ്പോൾ ഞാൻ ചോദിച്ചു  " ആ കത്തുന്ന തീയിലേക്ക് കുറച്ചു വൈക്കോൽ എടുത്തു വച്ചാലോ" അതിനും അവൾ കൃത്യമായി ഉത്തരം പറഞ്ഞു "അത് ആളിക്കത്തും"

അപ്പോൾ ഞാൻ അവളെ വളരെ സ്നേഹത്തിൽ ഉപദേശിച്ചു "ഇതേപോലെ തന്നെയാണ് നമ്മുടെ ദഹനശക്തിയും അതിന് ദഹിപ്പിക്കാൻ കഴിയാവുന്ന ഭക്ഷണപദാർത്ഥങ്ങൾ മാത്രമേ അങ്ങോട്ടു ഇട്ട് കൊടുക്കാൻ പാടുള്ളൂ. അല്ലെങ്കിൽ നമ്മുടെ ദഹന ശക്തി കെട്ടുപോകും. ദഹിക്കാൻ എളുപ്പമുള്ളത് ഇട്ടു കൊടുത്താൽ അത് ആളിക്കത്തും. ദഹിക്കാൻ ബുദ്ധിമുട്ടുള്ളത് ആമാശയത്തിലേക്ക്  ഇട്ടുകൊടുത്താൽ അത് ദഹിക്കാതെ അവിടെ കിടക്കും. നിന്റെ ദഹനശക്തി എല്ലാം ശരിയാകുമ്പോൾ നമുക്ക് എല്ലാം കുറേശ്ശെ കഴിക്കാം ഒക്കെ" അതിന് അവൾ നല്ല അനുസരണയുള്ള കുട്ടിയായി മെല്ലെ തലയാട്ടി.

പിന്നെ അവൾ എന്നോട് പറഞ്ഞു "അതേ ഡോക്ടറെ ഞാൻ അവിടെ ഇരിക്കുമ്പോൾ ഒരു മാഗസിൻ വായിച്ചു അതിൽ ഡോക്ടർ എഴുതിയ കഥ ഞാൻ വായിച്ചു ആ കഥ എനിക്ക് ഇഷ്ടപ്പെട്ടു. അപ്പോ അലൂമിനിയം പാത്രത്തിൽ ഭക്ഷണം വയ്ക്കുന്നത് നല്ലതല്ല അല്ലേ. ഈ ഉമ്മ എല്ലാം അലൂമിനിയം പാത്രത്തിലാണ് വെക്കണത്" അപ്പോൾ അവളുടെ ഉമ്മ പറഞ്ഞു "അതേ ഡോക്ടറെ ആ മാഗസിൻ വായിച്ച് എന്റെ ഡോക്ടർ എഴുതിയ കഥയാണ് എന്ന് എന്നോട് പറഞ്ഞ്; അവളാ കഥ മുഴുവൻ എനിക്ക് പറഞ്ഞ് തന്നു". ഇതെല്ലാം കേട്ടപ്പോൾ എനിക്ക് വളരെയധികം ആത്മസംതൃപ്തി തോന്നി ഒരു പക്ഷേ ഒരു ഡോക്ടറിന് മാത്രം അനുഭവിക്കാൻ കഴിയുന്ന ഏറ്റവും മനോഹരമായ ഒരു ഫീലിംഗ്. ശേഷം ഞാൻ പറഞ്ഞു "നിന്നെ കുറിച്ചും ഞാൻ ഒരു കഥ എഴുതുന്നുണ്ട് ഒരു പുഞ്ചിരിക്കുന്ന കുട്ടിയുടെ കഥ" അത് കേട്ട് ആ അമ്മയും മകളും 👩‍👧 കുറച്ച്നേരം നിർത്താതെ പൊട്ടിച്ചിരിച്ചു.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments