ബൈബിളിൽ പറയുന്ന മറ്റൊരു അതിശക്തനായ മാലാഖയാണ് 'മിഖായേൽ മാലാഖ'. മിഖായേല്‍ എന്ന മുഖ്യ ദൂതന്റെ പേര് ഹീബ്രുവില്‍ അര്‍ത്ഥമാക്കുന്നത് ‘ദൈവത്തിനോട് അടുത്തവന്‍’ എന്നാണ്. സ്വര്‍ഗ്ഗീയ ദൂതന്മാരുടെ രാജകുമാരന്‍ എന്നും മിഖായേല്‍ മാലാഖ അറിയപ്പെടുന്നു. പടചട്ടയും പാദുകങ്ങളുമണിഞ്ഞ ഒരു യോദ്ധാവിന്റെ രൂപത്തിലാണ് വിശുദ്ധ മിഖായേലിനെ മിക്കപ്പോഴും ചിത്രീകരിച്ച് കണ്ടിട്ടുള്ളത്.
പുതിയ നിയമത്തിലെ വെളിപാടിന്റെ പുസ്തകത്തില്‍ വിശുദ്ധ മിഖായേലും മറ്റ് മാലാഖമാരും ലുസിഫറും മറ്റ് സാത്താന്‍മാരുമായി നിരന്തരം പോരാടുന്നതായി വിവരിച്ചിട്ടുണ്ട്. സാത്താനോട് പോരാടുന്നതിനും, മരണസമയത്ത് ആത്മാക്കളെ സാത്താന്റെ പിടിയില്‍നിന്നു രക്ഷിക്കുന്നതിനും, ആത്മാക്കളുടെ രക്ഷകനായിരിക്കുന്നതിനും, ആത്മാക്കളെ അന്തിമവിധിക്കായി കൊണ്ട് വരുന്നതിനും മറ്റുമായി നമുക്ക് വിശുദ്ധ മിഖായേലിന്റെ സഹായം അഭ്യര്‍ത്ഥിക്കാം.
ഭൗതികസമ്പത്തിനെക്കാളും എത്രയോ വിലപ്പെട്ടതാണ് ആത്മാവും ആത്മീയ സമ്പത്തും. ഇതറിയാവുന്ന സ്വർഗീയപിതാവ് നാമോരോരുത്തരും ജനിച്ചപ്പോൾത്തന്നെ ഒരു സുരക്ഷാഭടനെ തന്നിട്ടുണ്ട് അതാണ് നമ്മുടെ കാവൽമാലാഖ. ”നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും” (സങ്കീർത്തനങ്ങൾ 91:11-12).
ദാനിയേൽ പ്രവാചകന് സ്വർഗീയ സൈന്യങ്ങളുടെതന്നെ പ്രതാപവാനായ മിഖായേൽമാലാഖയെ കാവൽ മാലാഖയായി ലഭിച്ചത്. ദൈവവചനം മാലാഖമാരുടെ അസ്‌തിത്വം സ്ഥിരീകരിക്കുന്നു. ഈ ആത്മസൃഷ്ടികൾ ദശലക്ഷക്കണക്കിന് വരുമെന്ന് അതു നമ്മോടു പറയുന്നു. സ്വർഗീയ സംഗതികളെ കുറിച്ച് ദർശനം ലഭിച്ച, യഹോവയാം ദൈവത്തിന്റെ ദാസനായ, ദാനീയേൽ എഴുതി: ”നിന്റെ കാവൽദൂതനായ മിഖായേൽ ഒഴികെ എന്റെ പക്ഷത്തുനിന്ന് ഇവർക്കെതിരെ പൊരുതാൻ ആരുമില്ല” (ദാനിയേൽ 10:21).
ദാനിയേൽ പ്രവാചകന് തെളിഞ്ഞ ജ്ഞാനം, അറിവ്, അസാധാരണമായ ബുദ്ധി, വിജ്ഞാനം, സ്വപ്‌നങ്ങൾ വ്യാഖ്യാനിക്കാനും ഗൂഡാർത്ഥവാക്യങ്ങൾ വിശദീകരിക്കാനും പ്രശ്‌നങ്ങൾ പരിഹരിക്കാനുംവേണ്ട അറിവ് (ദാനിയേൽ 5:12) എന്നീ കൃപകൾ ഉണ്ടായിരുന്നു. യുഗാന്ത്യം മുന്നിൽ ദർശിച്ച് പ്രവചിച്ച ശക്തനും ധീരനുമായ പ്രവാചകനായിരുന്നു ദാനിയേൽ. അക്കാലത്ത് നിന്റെ ജനത്തിന്റെെറ ചുമതല വഹിക്കുന്ന മഹാപ്രഭുവായ മിഖായേല്‍ എഴുന്നേല്‍ക്കും. ജനത രൂപം പ്രാപിച്ചതുമുതല്‍ ഇന്നേവരെ സംഭവിച്ചിട്ടില്ലാത്ത കഷ്‌ട തകള്‍ അന്നുണ്ടാകും. എന്നാല്‍ ഗ്രന്‌ഥത്തില്‍ പേരുള്ള നിന്‍െറ ജനം മുഴുവന്‍ രക്‌ഷപെടും.
(ദാനിയേല്‍ 12 : 1)
മലാഖാമാരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചല്ലാതെ ഉത്ഭവത്തെപ്പറ്റി ബൈബിളില്‍ പരാമര്‍ശങ്ങളില്ല. ദൈവം മനുഷ്യനെ മാലാഖമാരെക്കാള്‍ അല്പം മാത്രം താഴ്ത്തി സൃഷ്ടിച്ചു (സങ്കീ. 8:5) എന്ന വചനത്തിലൂടെ മാലാഖമാര്‍ മനുഷ്യര്‍ക്ക് ഒപ്പമോ , മനുഷ്യര്‍ക്ക് മുന്‍പോ സൃഷ്ടിക്കപ്പെട്ടു എന്ന് കരുതാം. സന്ദേശം നല്‍കുക, സംരക്ഷിക്കുക , ശുശ്രൂഷിക്കുക, ആശ്വസിപ്പിക്കുക, കാവല്‍ ആയിരിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളുമായി ബന്ധപ്പെട്ടാണ് പുതിയ നിയമത്തില്‍ മലാഖാമാര്‍ പ്രത്യക്ഷപ്പെടുക.
മാലാഖമാരുടെ എണ്ണം തിട്ടപ്പെടുത്താനാവില്ല. സീനായ് മലയില്‍ പതിനായിരം മലാഖാമാരോടോത്ത് വരുന്ന യാഹോവയെക്കുറിച്ച് മോശ ( നിയമ. 33:2) പറയുന്നുണ്ട്. അസംഖ്യം മലാഖാമാരെക്കുറിച്ചാണ് ഹെബ്രായ ലേഖനത്തില്‍ കാണുക(12:22). പന്ത്രണ്ടു വ്യൂഹം മലാഖാമാരെക്കുറിച്ച് (മത്താ. 26:53) യേശുതന്നെ പറയുന്നുണ്ട്. പിന്നെ, ഞാന്‍ സിംഹാസനത്തിന്‍െറയും ജീവികളുടെയും ശ്രഷ്‌ഠന്‍മാരുടെയും ചുറ്റും അനേകം ദൂതന്‍മാരെ കണ്ടു; അവരുടെ സ്വരവും ഞാന്‍ കേട്ടു. അവരുടെ എണ്ണം പതിനായിരങ്ങളുടെ പതിനായിരങ്ങളും ആയിരങ്ങളുടെ ആയിരങ്ങളും ആയിരുന്നു.
(വെളിപാട് 5 : 11) എന്ന് കാണുന്നു. നവവൃന്ദം മലാഖാമാരെക്കുറിച്ചും ബൈബിളില്‍ പരാമര്‍ശങ്ങളുണ്ട്.
“കർത്താവിന്റെ മാലാഖ കർത്താവിനെ ഭയപ്പെടുന്നവരുടെ ചുറ്റും പാളയമടിക്കുന്നു, അവരെ രക്ഷിക്കുന്നു.” സങ്കീർത്തനം 34:7
മാലാഖമാർ അദൃശ്യരും ശക്തരും ബുദ്ധിയുള്ളവരുമായ ആത്മസൃഷ്ടികൾ ആണ്. ബൈബിളിൽ, മലഖ് എന്ന എബ്രായ പദവും എയ്‌ജെലോസ് എന്ന ഗ്രീക്കു പദവും, ആത്മസൃഷ്ടികളെ സൂചിപ്പിക്കേണ്ടിവരുമ്പോൾ, “മാലാഖ” എന്നു പരിഭാഷ ചെയ്യപ്പെടുന്നു. ഈ വാക്കുകൾ ഏതാണ്ട് 400 പ്രാവശ്യം ബൈബിളിൽ പ്രത്യക്ഷപ്പെടുന്നു. മാലാഖ എന്ന വാക്കിന് “സന്ദേശവാഹകൻ” എന്ന അർഥമാണ് ഉള്ളത്.
കാവൽ മാലാഖമാർ
🌹🌹🌹🌹🌹🌹🌹
ഓരോ ആത്മാവിനും ഓരോ വ്യക്തിപരമായ കാവൽമാലാഖയെ ഏർപ്പെടുത്തിയിട്ടുണ്ടന്ന ധാരണ സഭ പണ്ടു മുതലേ അംഗീകരിച്ചിട്ടുള്ള ഒരു വിശ്വാസസത്യമാണ്. ഇന്നു നമ്മൾ ചൊല്ലിക്കൊണ്ടിരിക്കുന്ന സുവിശേഷത്തിലെ : “ഈ ചെറിയവരിൽ ആരേയും നിന്ദിക്കാതിരിക്കുവാൻ സൂക്ഷിച്ചു കൊള്ളുക. സ്വർഗ്ഗത്തിൽ അവരുടെ ദൂതന്മാർ (കാവൽ മാലാഖ) നിന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചു കൊണ്ടിരിക്കുകയാണന്ന് ഞാൻ നിങ്ങളോട് പറയുന്നു”. (മത്തായി 18:10) എന്ന ഭാഗം ശ്രദ്ധിക്കുക.
മനുഷ്യാത്മാക്കളുടെ നന്മ ലെക്ഷ്യമാക്കി ദൈവം അവര്‍ക്ക് കാവല്‍ മാലഖമാരെ നല്‍കിയിട്ടുണ്ട്. ദൈവത്തിന്‍റെ മക്കളെ അവര്‍ വഴിനടത്തുന്നു. അവർ ദൈവത്തിന്‍റെ മുഖം സദാ കണ്ടുകൊണ്ടിരിക്കുന്നു
മനുഷ്യന്‍റെ വേദനയും ,ദുഖവുമെല്ലാം ദൈവ സന്നിധിയിലെത്തിക്കുന്നു
മനുഷ്യര്‍ക്ക് ദൈവികാനുഭവങ്ങള്‍ നല്‍കുന്നവരാണ് അവരുടെ കാവല്‍ മാലാഖമാർ.
മാലാഖമാര്‍ക്ക് അവരുടെ ഭാഷയുണ്ട്. നമ്മുടെ ആത്മാവും കാവൽ മാലാഖയും തമ്മിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഓരോ നഗരത്തിനും,ഓരോ രാജ്യത്തിനും പ്രത്യേകം കാവല്‍ മാലാഖമാര്‍ ഉണ്ട്. നാം അവരെ ബഹുമാനിക്കുകയും ,സഹായം അപേക്ഷിക്കുകയും ചെയ്യുന്നത് യുക്തമാണ്. വിശുദ്ധഗ്രന്ഥത്തിൽ സർവ്വസാധാരണമായി പറയുന്ന “മാലാഖമാർ” എന്ന ശരീരമില്ലാത്ത ആത്മീയ ജീവികളുടെ സാന്നിദ്ധ്യം ഒരു വിശ്വാസ സത്യമായിട്ട്: ‘The Catechism of the Catholic Church-ൽ പ്രസ്താവിച്ചിട്ടുണ്ട്. (328) “ജനനം മുതൽ മരണം വരെ, മാലാഖമാരുടെ, പ്രത്യേകിച്ചും, കാവൽമാലാഖയുടെ സംരക്ഷണത്തിന്റേയും മദ്ധ്യസ്ഥാപേക്ഷയുടേയും വലയത്തിനുള്ളിലാണ് മനുഷ്യർ ജീവിക്കുന്നത്.”
വിശുദ്ധ ബെർണാർഡ് ഇപ്രകാരമാണ് പറയുന്നത്, “നിന്റെ എല്ലാ വഴികളിലും മാലാഖമാർ നിനക്ക് അകമ്പടി സേവിക്കുന്നുണ്ടെന്ന് മനസ്സിലാക്കി, ഓരോ പ്രവർത്തിയും ചെയ്യേണ്ടതു പോലെ ചെയ്യാൻ നീ ജാഗരൂകനായിരിക്കുക; എന്തെന്നാൽ ആ ദൗത്യത്തിൽ അവർ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്. എവിടെ വസിച്ചാലും, ഏത് മുക്കിലും മൂലയിലും നീ അകപ്പെട്ടാലും, നിന്റെ കാവൽ മാലാഖയെ ആദരവോടെ ഓർക്കുക. അവൻ ഉണ്ടോ എന്ന് നീ സംശയിക്കുന്നുണ്ടോ? കാരണം നിനക്ക് അവനെ കാണാൻ പറ്റുന്നില്ലല്ലോ? കേവലം കാഴ്ചക്കും അപ്പുറത്ത് നിലനിൽപ്പ് ഉണ്ടെന്ന യാഥാർത്ഥ്യം ഓർക്കുക”.
മാലാഖമാര്‍ പാടിയ മധുരസത്യങ്ങള്‍
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
“അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!” (ലൂക്കാ 2:14).
ദാവീദിന്‍റെ പട്ടണമായ ബെത്ലഹെമിലെ ഒരു കാലിത്തൊഴുത്തില്‍, മറിയം എന്ന കന്യകയിലൂടെ ദൈവം മനുഷ്യനായി ഭൂജാതനായി. പിതാവ് തന്‍റെ ആദ്യജാ തനെ ലോകത്തിലേക്ക് അയച്ചപ്പോള്‍ പറഞ്ഞു: ദൈവത്തിന്‍റെ ദൂതന്മാരെല്ലാം (മാലാഖമാർ എല്ലാം) അവനെ ആരാധിക്കട്ടെ (ഹെബ്രായര്‍ 1:6).
വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മുഖ്യ ദൂദനായ വിശുദ്ധ മിഖായേലേ, സ്വര്‍ഗ്ഗിയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ, ഉന്നത ശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണ കര്‍ത്താക്കളോടും ഉപരിതലങ്ങളിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തില്‍ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛയില്‍ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത് വീണ്ടെടുക്കയുംചെയ്ത മനുഷ്യരെ പിശാചിന്‍റെ ക്രൂര ഭരണത്തില്‍ നിന്നും രക്ഷിക്കുവാന്‍ വരണമേ. അങ്ങയെ ആണല്ലോ തിരുസഭ തന്‍റെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കര്‍ത്താവ് രക്ഷിച്ച ആത്മാക്കളെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടി കൊണ്ട് പോകാന്‍ നിയുക്തനായിരിക്കുന്നത് അങ്ങ് തന്നെ ആണല്ലോ. ആകയാല്‍, ഞങ്ങളുടെ പാദങ്ങളുടെ കീഴില്‍ പിശാചിനെ അടിമപ്പെടുത്തുവാന്‍ സമാധാന ദാതാവായ ദൈവത്തോട് പ്രാര്‍ത്ഥിക്കണമേ . പിശാച് ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കര്‍ത്താവിന്‍റെ കരുണ, വേഗം ഞങ്ങളുടെ മേല്‍ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകള്‍ അത്യുന്നതന്‍റെ മുന്നില്‍ സമര്‍പ്പിക്കണമേ. ദുഷ്ട ജന്തുവും പഴയ സര്‍പ്പവുമായ സാത്താനേയും അവന്‍റെ കൂട്ടുകാരേയും പിടിച്ചുകെട്ടി പാതാളത്തില്‍ തള്ളി താഴ്ത്തണമേ. അവന്‍ ഇനി ഒരിക്കലും ജനങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ.
ആമ്മേന്‍
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, തൃശ്ശൂർ
0 Comments
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW