റഫായേൽ മാലാഖ

രണ്ടു മാലാഖമാരെ കുറിച്ച് നിങ്ങളോട് ഞാൻ പറഞ്ഞു ഇനി അവസാനമായി എനിക്ക് നിങ്ങളോട് പറയാൻ ഉള്ള മാലാഖയുടെ പേരാണ് റഫായേൽ മാലാഖ. പഴയ നിയമത്തിലെ തോബിത്തിന്റെ പുസ്തകത്തിലാണ് റഫായേല്‍ മാലാഖയെ കുറിച്ച് പരാമര്‍ശിക്കപ്പെടുന്നത്. നമ്മുക്ക് പ്രത്യേകമായ രോഗസൗഖ്യം ആവശ്യമുള്ള സമയത്ത് ശക്തമായ മാധ്യസ്ഥം യാചിച്ച് റഫായേലിനോട് പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്.  മനസ്സിന്റെയും ശരീരത്തിന്റെയും സൗഖ്യം ആവശ്യമുള്ള സമയത്ത് റഫായേല്‍ മാലാഖയുടെ മാധ്യസ്ഥത്തിന് വലിയ ശക്തിയുണ്ടെന്ന് തോബിത്തിന്റെ പുസ്തകം രേഖപ്പെടുത്തുന്നുണ്ട്. "ഡിവൈന്‍ ഹീലര്‍" എന്നാണ് റാഫേല്‍ എന്ന ഹീബ്രുവാക്കിന്റെ അര്‍ത്ഥം തന്നെ. അതുകൊണ്ടു തന്നെ മാനസികവും ശാരീരികവുമായ വേദന അനുഭവിക്കുന്ന വേളയില്‍ നമുക്ക് റഫായേല്‍ മാലാഖയോട് യാചിക്കാം.

“നീയും നിന്റെ മരുമകള്‍ സാറായും പ്രാര്‍ഥിച്ചപ്പോള്‍ നിങ്ങളുടെ പ്രാര്‍ഥന പരിശുദ്ധനായവനെ ഞാന്‍ (റഫായേൽ മാലാഖ) അനുസ്മരിപ്പിച്ചു. നീ മൃതരെ സംസ്കരിച്ചപ്പോള്‍ ഞാന്‍ (റഫായേൽ മാലാഖ) നിന്നോടൊത്തുണ്ടായിരുന്നു” (തോബിത്ത് 12:12).

ദൈവഭക്തനായിരുന്ന തോബിത്ത് പലപ്പോഴും മരിച്ചവരെ അടക്കം ചെയ്യാറുണ്ടായിരുന്നുവെന്ന് തോബിത്തിന്റെ പുസ്തകത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. യഹൂദരുടെ ശത്രുക്കളെ പോലും അദ്ദേഹം അടക്കം ചെയ്യാറുണ്ടായിരുന്നു. ഒരിക്കല്‍ അപ്രകാരം ചെയ്യുന്നതിനായി അദ്ദേഹം തന്റെ അത്താഴത്തിനിടയില്‍ നിന്നും പോലും എഴുന്നേറ്റ് പോയി. ദൈവത്തിന്റെ പ്രധാനദൂതനായ റഫായേല്‍ മാലാഖ തോബിത്തിന്റെ ഈ കാരുണ്യ പ്രവര്‍ത്തിയില്‍ വളരെയേറെ സന്തുഷ്ടനായി. അതിനാല്‍ റഫായേല്‍ മാലാഖ തോബിത്തിന്റെ മകനെ അവന്റെ ദൗത്യത്തില്‍ സഹായിക്കുകയും, വൃദ്ധനായ തോബിത്തിന്റെ കാഴ്ച തിരിച്ച് നല്‍കുകയും ചെയ്തു.

തോബിത്തിന്റെ കണ്ണുനീരോടു കൂടിയ പ്രാര്‍ത്ഥനകളും, മരിച്ചവരെ അടക്കം ചെയ്യുന്ന കാരുണ്യപ്രവര്‍ത്തികളും തന്നെ ഒരുപാട് പ്രീതിപ്പെടുത്തിയതിനാല്‍ താന്‍ സ്വയം തോബിത്തിന്റെ പ്രാര്‍ത്ഥനകളെ ദൈവത്തിന്റെ തിരുമുന്‍പാകെ സമര്‍പ്പിക്കുമെന്നുള്ള ബോധ്യവും റഫായേല്‍ മാലാഖ തോബിത്തിന് നല്‍കി. ഇനി ഞാൻ നിങ്ങളോട് തോബിയാസിന്റ കഥ പറയാം തോബിത്തിന്റെ മകനാണ് തോബിയാസ്. വിദൂരസ്തമായ മേദ്യാനിലെ രാഗെസിൽ, ഗബായേലെന്നയാളെ പണ്ട് സൂക്ഷിക്കാനേല്പിച്ചിരുന്ന പത്തു താലന്ത് വെള്ളി തിരികെ വാങ്ങാനായി തോബിത്ത് തോബിയാസിനെ അവിടേക്കയക്കുന്നു.

കൂടെപ്പോകാൻ ഒരു സഹായിയെ അന്വേഷിച്ചു പോയ തോബിയാസ് സ്വരൂപം മാറി മനുഷ്യരൂപം സ്വീകരിച്ച് റഫായേൽ മാലാഖ കണ്ടെത്തുന്നു. ബന്ധുവായ അസറിയായെന്നു സ്വയം പരിചയപ്പെടുത്തി തോബിത്തിന്റെ അടുത്തെത്തിയ റഫായേൽ മാലാഖ, യാത്രയിൽ തോബിയാസിനു സാഹായസംരക്ഷണങ്ങൾ നൽകിക്കൊള്ളാമെന്ന ഉറപ്പിൽ അയാൾക്കൊപ്പം പോകുന്നു. റഫായേലിന്റെ സഹായത്തോടെ തോബിയാസ് മേദ്യാനിലേക്കു യാത്ര ചെയ്യുന്നു. അവർക്കൊപ്പം തോബിയാസിന്റെ നായും ഉണ്ടായിരുന്നു.

വഴിക്ക് നദിയിൽ കുളിക്കാനിറങ്ങിയ തോബിയാസിനെ ഒരു മത്സ്യം ആക്രമിക്കുന്നു. റഫായേലിന്റെ നിർദ്ദേശമനുസരിച്ച് തോബിയാസ് മത്സ്യത്തെ പിടിച്ച് കരയിലെറിഞ്ഞു. മത്സ്യത്തെ കൊന്നു തിന്ന അവർ, റഫായേലിന്റെ നിർദ്ദേശമനുസരിച്ച് അതിന്റെ ഹൃദയവും, കരളും പിത്താശയവും ഔഷധമായുപയോഗിക്കാൻ സൂക്ഷിച്ചുവയ്ക്കുന്നു.

തോബിയാസിന്റെ വിവാഹം
👼👼👼👼👼👼👼👼👼👼

മേദ്യാനിൽ എത്തിയപ്പോൾ റഫായേൽ തോബിയാസിനോട് സുന്ദരിയായ സാറായെപ്പറ്റി പറയുന്നു. തോബിയാസിന്റെ അടുത്ത ബന്ധു കൂടിയായ അവളെ വിവാഹം കഴിക്കാൻ അവകാശപ്പെട്ടവനാണ് അയാളെന്നു കൂടി റഫായേൽ അയാളെ അറിയിക്കുന്നു. വിവാഹരാത്രിയിൽ പിശാചിനെ ഓടിക്കാനായി, നേരത്തെ സൂക്ഷിച്ചു വച്ചിട്ടുള്ള  മത്സ്യത്തിന്റെ ഹൃദയവും കരളും ഹോമിച്ചാൽ മതിയെന്ന നിർദ്ദേശവും ദൈവദൂതൽ തോബിയാസിനു നൽകുന്നു.

സാറായും തോബിയാസും വിവാഹിതരാവുകയും വിവാഹരാത്രിയിൽ മത്സ്യഭാഗങ്ങളുടെ ധൂപം പിശാചിനെ ഉത്തര ഈജിപ്തിലേക്കു  ഓടിച്ചുവിടുകയും ചെയ്യുന്നു. പിശാചിനെ പിന്തുടർന്നു ചെന്ന റഫായേൽ അതിനെ ബന്ധിക്കുന്നു. അതിനിടെ, പ്രഭാതത്തിൽ മകളുടെ എട്ടാം ഭർത്താവും മരിച്ചിരിക്കുമെന്നു കരുതിയ സാറായുടെ പിതാവ് രഹസ്യമായി അയാൾക്ക് ശവക്കുഴിയൊരുക്കുന്നു. സൂര്യോദയത്തിൽ മരുമകനെ ജീവനോടെ കണ്ടു സന്തോഷിച്ച അയാൾ, വലിയൊരു വിവാഹ വിരുന്നൊരുക്കുകയും ശവക്കുഴി രഹസ്യമായി മൂടിക്കുകയും ചെയ്യുന്നു. വിരുന്നു മൂലം ഒഴിവില്ലാതിരുന്ന തോബിയാസ്, പിതാവിന്റെ കടക്കാരനിൽ നിന്നു പണം വാങ്ങാൺ റഫായേലിനെ അയക്കുന്നു.

തോബിത്തിനു കാഴ്ച തിരികെ കിട്ടുന്നു
👼👼👼👼👼👼👼👼👼👼👼👼👼👼

ആഘോഷങ്ങൾ കഴിഞ്ഞപ്പോൾ, തോബിയാസും സാറായും നിനവേയിലേക്കു മടങ്ങുന്നു. തോബിത്തിന്റെ അന്ധത മാറ്റാൻ മത്സ്യത്തിന്റെ  പിത്തഗ്രന്ഥി ഉപയോഗിക്കാൻ റഫായേൽ തോബിയാസിനോടു പറയുന്നു. തോബിത്തിനു കാഴ്ച തിരികെ കിട്ടിക്കഴിഞ്ഞപ്പോൾ റഫായേൽ താൻ ആരാണെന്നു വെളിപ്പെടുത്തിയ ശേഷം സ്വർഗ്ഗത്തിലേക്കു മടങ്ങുന്നു.

താൻ മരിച്ചു കഴിയുമ്പോൾ, ദൈവകോപത്താൽ വിനാശത്തിനു വിധിക്കപ്പെട്ടിരിക്കുന്ന നിനവേ നഗരം വിട്ടു മേദ്യാനിലെ എക്ബത്താനയിലേക്കു പോകാൻ തോബിത്ത് മകനെ ഉപദേശിക്കുന്നു. ദീർഘായുസോളം ജീവിച്ച തോബിത്ത് പ്രാർത്ഥനകളോടെ മരിക്കുന്നു. പിതാവിനെ സംസ്കരിച്ച ശേഷം തോബിയാസ് സകുടുംബം മേദ്യാനിലേക്കു പോകുന്നു. അവിടെ അയാൾ  വാർദ്ധക്യത്തോളം വരെ ജീവിച്ചിരിക്കുന്നു

ദൂതന്‍ (റഫായേൽ മാലാഖ) അവനെ (പിശാചിനെ) ബന്‌ധിച്ചു. മണവറയില്‍ അവര്‍ തനിച്ചായപ്പോള്‍ തോബിയാസ്‌ എഴുന്നേറ്റു സാറായോടു പറഞ്ഞു: നമുക്ക്‌ എഴുന്നേറ്റു കര്‍ത്താവിന്‍െറ കാരുണ്യത്തിനായി പ്രാര്‍ഥിക്കാം.
തോബിത്‌ 8 : 4)

വിശുദ്ധ റാഫേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന
👼👼👼👼👼👼👼👼👼👼👼👼

ഞങ്ങളുടെ സഹായത്തിനായി മാലാഖമാരെ നിയോഗിച്ചു തന്ന ദൈവമേ, ജീവിത യാത്രയില്‍ എന്നും തുണയായി വി.റാഫായേല്‍ മാലാഖയെ നല്‍കിയതിന് അങ്ങേയ്ക്ക് നന്ദി പറയുന്നു. തോബിത്തിന്‍റെ അന്ധത നീക്കുവാന്‍ സഹായിച്ച വി. റാഫേല്‍ മാലാഖയേ, ആത്മീയ, ശാരീരിക അന്ധതയാല്‍ കഷ്ടപ്പെടുന്ന എല്ലാവര്‍ക്കും സൗഖ്യം തന്ന്‍ അനുഗ്രഹിക്കണമേ. സാറായെ പൈശാചിക ബന്ധനങ്ങളില്‍ നിന്ന്‍ മോചിപ്പിച്ചതുപോലെ വിവിധങ്ങളായ ബന്ധനങ്ങളില്‍ കഴിയുന്ന വ്യക്തികളേയും കുടുംബങ്ങളേയും സ്വതന്ത്രരാക്കണമേ. ജീവിത പങ്കാളിയെ കണ്ടെത്താന്‍ തോബിയാസിന്‍റെ സഹായകനായി നിന്ന അങ്ങ് വിവാഹിതരാകാന്‍ ഒരുങ്ങിയിരിക്കുന്നവരെ എല്ലാവര്‍ക്കും ദൈവം അനാദിയിലെ ഒരുക്കിയിരിക്കുന്നവരെ കണ്ടെത്താന്‍ സഹായിക്കണമേ. തോബിയാസിനെ, സഹയാത്രികനായി സുരക്ഷിത സ്ഥാനത്ത് എത്തിച്ച റഫായേല്‍ മാലാഖയേ, ഞങ്ങളുടേയും ഞങ്ങളുടെ പ്രിയപ്പെട്ടവരുടേയും അനുദിനയാത്രയിലും പ്രത്യേകിച്ച് ഞങ്ങളുടെ സ്വര്‍ഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള യാത്രയിലും ഞങ്ങള്‍ക്ക് കൂട്ടായിരിക്കണമേ. ഞങ്ങളുടെ ആവശ്യങ്ങളറിയുന്ന യേശുവേ, വി.റഫായേല്‍ മാലാഖ വഴി ഞങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റം ആവശ്യമായ അനുഗ്രഹം( ആവശ്യം പറയുക) സാധിച്ചു തരണമേ.

ആമ്മേന്‍

നന്ദി

👼👼👼👼👼👼👼👼👼👼👼

ഡോ. പൗസ് പൗലോസ് MS(Ay)

Comments