വാതരക്തം അറിഞ്ഞിരിക്കേണ്ട വസ്തുതകൾ
..............................................
നമ്മുടെ തെറ്റായ ജീവിതരീതികൊണ്ടും ഭക്ഷണരീതികൊണ്ടും നമ്മുടെ രക്തത്തെ ദുഷിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ് "യൂറിക്കാസിഡ്".ആയുർവേദ ശാസ്ത്ര വിധിയനുസരിച്ച് രക്തശുദ്ധി ഇല്ലാത്തതാണ് പല രോഗത്തിനും ഒരു പ്രധാനകാരണം.നമ്മുടെ ഭക്ഷണം തന്നെയാണ് നമ്മുടെ രക്തം ആയി പരിണമിക്കുന്നത് എന്നുള്ള യാഥാർത്ഥ്യം നാം എപ്പോഴും മനസ്സിൽ കൊണ്ടു നടക്കണം. ജീവന്റെ ഇരിപ്പിടമായ രക്തം ദുഷിച്ചാൽ അത് രോഗത്തിന് കാരണമാകുകയും , അ രക്തത്തിന്റെ പരിശുദ്ധി നിങ്ങൾക്ക് ആരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യും.യൂറിക് ആസിഡ് എന്നു പറയുന്നത് നമ്മുടെ രക്തത്തിലുള്ള ഒരു നിശബ്ദനായ വില്ലനാണ് അവൻ കൂടിയാൽ ആൾ ഇത്തിരി പ്രശ്നകാരനാണ് നിങ്ങളെ അത് വളരെയധികം വേദനിപ്പിക്കും. നിങ്ങളുടെ ശരീരത്തിലെ കോശങ്ങളിലെ ഡി. എൻ. എ. യുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിന്‍. കോശങ്ങൾ നശിക്കുമ്പോള്‍ അതിലെ പ്യൂരിൻ വിഘടിച്ചാണ് പ്രധാനമായും ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടാവുന്നത്. അത് കൂടാതെ നമ്മൾ കഴിക്കുന്ന ആഹാരത്തിലെ പ്രോട്ടീന്‍ വിഘടിച്ചുണ്ടാകുന്ന പ്യുരിന്‍ എന്ന സംയുക്തത്തിന്റെ ശരീരത്തിലെ രാസപ്രക്രിയയുടെ ഫലമായി വിഘടിച്ച് ഉണ്ടാകുന്ന ഉപോത്പന്നം ആണ് യൂറിക് ആസിഡ്.യൂറിക് ആസിഡിന്റെ തോത് രക്തത്തില്‍ ക്രമീകരിക്കുന്നത് കിഡ്‌നി ആണ്. ശരീരത്തില്‍ ഉണ്ടാകുന്ന യൂറിക് ആസിഡിന്റെ മൂന്നില്‍ രണ്ടു ഭാഗം മൂത്രത്തിലൂടെയും, മൂന്നില്‍ ഒരു ഭാഗം മലത്തിലൂടെയും പുറന്തള്ളപ്പെടുന്നു.
രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്ന അവസ്ഥയെ ഹൈപ്പര്‍ യൂറീസെമിയ എന്ന് പറയുന്നു. യൂറിക് ആസിഡിന്റെ അളവ് രക്തത്തില്‍ വര്‍ധിക്കുന്നത് യൂറിക് ആസിഡ് ക്രിസ്റ്റല്‍സ് ഉണ്ടാകുന്നതിനു കാരണമാകുന്നു. ഇങ്ങനെ രൂപപ്പെടുന്ന ക്രിസ്റ്റലുകള്‍ സന്ധികളിലും അനുബന്ധ കലകളിലും അടിഞ്ഞു കൂടുന്നു. ശരീരത്തിലെ രോഗ പ്രതിരോധ സംവിധാനം അടിഞ്ഞു കൂടിയിരിക്കുന്ന യൂറിക് ആസിഡ് ക്രിസ്റ്റലുകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുമ്പോള്‍ അവ ചില സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ് തുടങ്ങിയവ ഉണ്ടാകുന്നു. ഈ അവസ്ഥയാണ് ഗൗട്ട്. ആയുര്‍വേദത്തില്‍ ഇതിനെ 'വാതരക്തം' എന്നാണു അറിയപ്പെടുന്നത്.പ്രധാനമായി വാതവും രക്തവും കോപിച്ചുണ്ടാകുന്ന ഒരു രോഗം, നീര്, തടിപ്പ്, വേദന, ചുവപ്പ്, മുതലായവയും ശരീരത്തിന്റെ പലഭാഗത്തും തൊലിക്കു കീഴിൽ ലസികാഗ്രന്ധികൾ ഉരുണ്ടു തടിച്ചു കാണുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം വർദ്ധിച്ചാൽ പനി, ശരീരമാസകലം നീറ്റൽ,സന്ധികളിലെ കോച്ചിവലിക്കൽ, എന്നിവയും പ്രകടമാകുന്നു. രോഗത്തിന്റെ ആദ്യത്തെ അവസ്ഥയെ ഉത്താനം എന്നും രണ്ടാമത്തെ അവസ്ഥയെ ഗംഭീരം എന്നും പറയുന്നു.
ശരീര ഭാരം അധികമാവലും, വ്യായാമമില്ലായ്മയും, അമിതമായി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും യൂറിക് ആസിഡ് രക്തതില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.മാംസം കൊഴുപ്പ്, വിവിധയിനം യീസ്റ്റ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ബ്രഡ്ഡ്, ബിയര്‍, മദ്യം , കേക്ക്, കോള, ടിന്നില്‍ വരുന്ന ജ്യൂസ്,
മുതലായവ ഉപയോഗിക്കുന്നതുമൂലം യൂറിക് ആസിഡ് വര്‍ധിക്കുന്നു.പതിവായി ഇറച്ചി കഴിക്കുന്നത് യൂറിക് ആസിഡ് വർധിക്കാൻ കാരണമാവുന്നു.
മത്തി,ബ്രഡ്,ബിയർ,ഗോദമ്പ്, ഓട്സ് ഇവയും യൂറിക് ആസിഡ് വർധിപ്പിക്കും കാരണം ഇവയിൽ പ്യുരിൻ അമിതമായി അടങ്ങിയിരിക്കുന്നു.മത്സ്യങ്ങളില്‍ ചാള, അയല, ചൂര, കണവ, കൊഞ്ച്, കക്ക തുടങ്ങിയവയും പച്ചക്കറികളില്‍ വഴുതനങ്ങ, മഷ്റൂം, കോളിഫ്‌ലവര്‍ മുതലായവയും ഒഴിവാക്കലാണ് ഉത്തമം. കൈതച്ചക്ക, മുസംബി, വാഴപ്പഴം, ഞാവല്‍ പഴം,കറുത്ത ചെറി,ഇഞ്ചി, തക്കാളി, ചുവന്ന ക്യാബേജ്, നാരങ്ങാ, റാഗി,നാരുകള്‍ അടങ്ങിയതും മിതമായ പ്രോടീന്‍ ഉള്ളതുമായ ഭക്ഷണം കഴിക്കുന്നതും, ഇലക്കറികൾ,പഴവർഗങ്ങൾ, പയർ വർഗ്ഗങ്ങൾ,പാൽ, തൈര് ,ചായ, ഓറഞ്ച്, മുസംബി,ആപ്പിൾ, ധാന്യങ്ങൾ തുടങ്ങിയവ ധാരാളമായി കഴിക്കുക.വെള്ളം നന്നായി കുടിക്കുന്നതും നല്ലതാണ്.
ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ് എങ്കിലും വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.ഗൗട്ട് എന്നാല്‍ പെരുവിരല്‍ വീര്‍ത്ത് വേദനിക്കുന്ന അവസ്ഥ എന്നാണ് പലരുടെയും മിഥ്യാധാരണ. പെരുവിരലിന്റെ ചുവട്ടില്‍ തുടരെത്തുടരെ സൂചികൊണ്ട് കുത്തുന്ന പോലെയും വേദനയും മരവിപ്പും അനുഭവപ്പെടുന്നതാണ് ഗൗട്ടിന്റെ പ്രാരംഭ ലക്ഷണം. ചിലപ്പോള്‍ കാല് മുഴുവനും മരവിപ്പ്, പാദത്തിന് നൊമ്പരം തുടങ്ങിയ ലക്ഷണങ്ങളോടെയാവാം തുടക്കം. കണങ്കാല്‍, മുട്ട് തുടങ്ങിയ സന്ധികളെയും ബാധിക്കും. പക്ഷേ, ഒരു സമയം ഒരു സന്ധി-അപൂര്‍വമായി രണ്ടു സന്ധികളില്‍- മാത്രമേ വേദനയും നീരും ഗൗട്ട് എന്ന അവസ്ഥയിൽ അനുഭവപ്പെടുകയുള്ളൂ അതുപോലെതന്നെ ഒരു സന്ധിയില്‍ നിന്നും മറ്റൊരു സന്ധിയിലേക്ക് മാറി മാറിയും വേദന അനുഭവപ്പെടും. ഇതാണ് ഗൗട്ടിന്റെ പ്രത്യേകത. മറ്റ് സന്ധിവേദന രോഗങ്ങളില്‍ (ഉദാ: റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, സിസ്റ്റമിക് ലൂപ്പസ്) ഒരേസമയം വിവിധ സന്ധികളില്‍ വേദനയും നീരും അനുഭവപ്പെടും. ഗൗട്ട് പഴകിക്കഴിയുമ്പോള്‍ ത്വക്കില്‍ നിറംമാറ്റം സംഭവിക്കാം. ത്വക്കിനടിയില്‍ ചെറുമുഴ ഉണ്ടാകുന്നു. ടോഫി എന്നാണിത് അറിയപ്പെടുന്നത്. ടൊഫേഷ്യസ് ഗൗട്ട് ഇങ്ങനെയാണുണ്ടാവുന്നത്. ഗൗട്ട് തുടങ്ങിയാല്‍ ചികിത്സിച്ച് ഭേദപ്പെടുന്നില്ലെങ്കില്‍ കിഡ്‌നിയില്‍ യൂറിക് ആസിഡ് സ്റ്റോണ്‍ ഉണ്ടാവും.
ശരീരതൂക്കം അധികമുണ്ടെങ്കില്‍ ഭക്ഷണക്രമീകരണം, വ്യായാമം ഇവ ശീലിച്ച് കുറയ്ക്കണം. പട്ടിണി കിടന്നാല്‍ യൂറിക് ആസിഡ് വര്‍ധിക്കും.ശരീരത്തിൽ അധികമായുള്ള യൂറിക് ആസിഡ് ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. കാലിന്റെ പെരുവിരലിൽ ആണ് ആദ്യം ഇതു ഉണ്ടാകുന്നതെങ്കിലും പിന്നീട് കാലിന്റെ ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലും ഉണ്ടാകാം, ഈ രോഗാവസ്ഥയാണ് ഗൗട്ട്.
ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉണ്ടായാല്‍ അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദത്തിനും കാരണമായേക്കാം.സാധാരണയായി പുരുഷന്മാരിൽ ( 3-7 mg/dl ) എന്ന അളവിൽ ആണ് യൂറിക് ആസിഡ് കാണാറുള്ളത്. എന്നാൽ സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കുറവായിരിക്കും (2.4–6 mg/dl). ആർത്തവം ഉള്ള സ്ത്രീകളിൽ യൂറിക് ആസിഡ് ഉയരാതെ കാക്കുന്നത് അവരിലുള്ള ഈസ്ട്രജൻ എന്ന ഹോർമോൺ ആണ്. ഈ ഹോർമോണിന് യൂറിക് ആസിഡിനെ മൂത്രത്തിലൂടെ പുറന്തള്ളാനുള്ള കഴിവുണ്ട്. സോറിയാസിസ്,
ലിംഫോമ, ലുക്കീമിയ തുടങ്ങിയ അർബുദരോഗങ്ങളുടെ ചികിത്സയെ തുടർന്ന് അർബുദകോശങ്ങൾ പെട്ടെന്നു നശിക്കുമ്പോഴും അതികഠിനമായ വ്യായാമശീലത്തെ തുടർന്നും അപസ്മാരബാധയെ തുടര്‍ന്നും യൂറിക് ആസിഡ് അനിയന്ത്രിതമായി ഉയരാം.തൈറോയ്ഡിന്റെ പ്രവർത്തനം മന്ദിക്കുക, പാരാതൈറോയ്ഡ് അമിതമായി പ്രവര്‍ത്തിക്കുക, പൊണ്ണത്തടി, ഹൈപ്പർ ടെൻഷൻ, ഡൈയൂറിറ്റിക്സിന്റെ അമിത ഉപയോഗം, ശരീരത്തില്‍ നിന്നും അമിതമായി ജലം പുറത്തുപോവുക. കൊഴുപ്പ് രക്തത്തിൽ അമിതമായി കൂടുക എന്നിവ യൂറിക്കാസിഡ് കൂടുന്നതിന് മറ്റു കാരണങ്ങളായി പറയപ്പെടുന്നു.അതിനാൽ യൂറിക് ആസിഡ് ശരീരത്തിൽ രക്തത്തിൽ അമിതമായി കാണപ്പെടുന്ന രോഗികൾ അതിനെ കുറയ്ക്കാൻ സ്വന്തം ജീവിതരീതിയും ഭക്ഷണരീതിയും ആദ്യംതന്നെ ക്രമപ്പെടുത്തുക അതുപോലെ തന്നെ ധാരാളം വെള്ളം കുടിക്കുക. ആയുർവേദ ഔഷധങ്ങളായ അമൃതോത്തരം കഷായം, കോകിലാക്ഷം കഷായം, അമൃതാരിഷ്ടം, കൈശോരഗുഗുലു ഗുളിക, അമൃതഗൂഗ്ഗുലു ഗുളിക, രാസ്നേരണ്ഡാദി കഷായം, ഗുളുച്യാദി കഷായം മുതലായ ഔഷധങ്ങൾ അവസ്ഥ അനുസരണവും വൈദ്യ നിർദ്ദേശാനുസരണം സേവിച്ചാൽ രക്തത്തിലെ യൂറിക് ആസിഡ് അളവ് കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും.
ഡോ. പൗസ് പൗലോസ് BAMS, MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW