വിഷചികിത്സ ആയുർവേദത്തിൽ

🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍
🐍  വിഷചികിത്സ ആയുർവേദത്തിൽ 🐍
🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍

ആയുർവേദത്തിലെ വിഷചികിത്സാ വിഭാഗത്തെയാണ് "അഗദതന്ത്രം" എന്ന് പറയുന്നത്, ഈ ചികിത്സാവിഭാഗം 'ദംഷ്ട്രചികിത്സ' എന്നും അറിയപ്പെടുന്നു.
അഗദജം എന്ന പദത്തിന്റെ അർത്ഥം രോഗത്തെ ഇല്ലാതാക്കുന്നത് എന്നാണ്. ഗദം എന്ന ശബ്ദത്തിന് രോഗമെന്നാണു പ്രസിദ്ധാർഥമെങ്കിലും അത് വിഷശബ്ദത്തിന്റെ പര്യായവുമാണ് എന്ന് രാജനിഘണ്ടുവിൽ പറയുന്നു. ജന്തുക്കൾ, സസ്യങ്ങൾ, ധാതുദ്രവ്യങ്ങൾ എന്നിവ വഴിയും മറ്റു പല പ്രകാരത്തിലും വിഷബാധയുണ്ടായാൽ അവയെ തിരിച്ചറിയാനുള്ള ലക്ഷണങ്ങളെയും അവയ്ക്കുള്ള ചികിത്സാവിധികളെയും പ്രതിപാദിക്കുന്നതാണ് ആയുർവേദത്തിലെ വിഷചികിത്സാ വിഭാഗമായ അഗദതന്ത്രം. 

"അഗദതന്ത്രം നാമ സർപ്പകീടലൂതാ മൂഷികാദിദഷ്ട വിഷജ്ഞാനാർഥം വിവിധവിഷസംയോഗോപശമനാർഥം ച" 
(സുശ്രുതൻ സൂ. അ. 1/14)

ആയുർവേദത്തിലെ പ്രാമാണിക മൂലഗ്രന്ഥങ്ങളായ സുശ്രുതസംഹിത, ചരകസംഹിത, അഷ്ടാംഗഹൃദയം, ഹാരീതസംഹിത, അഷ്ടാംഗസംഗ്രഹം, ഭാവപ്രകാശം, വാസവരാജീയം, ശാർങ്ഗധരസംഹിത എന്നിവയിലെല്ലാം ഈ തന്ത്രം ഉൾപ്പെട്ടു കാണാം. സുശ്രുതത്തിലെ കല്പസ്ഥാനം മുഴുവൻ, ചരകം ചികിത്സാസ്ഥാനത്തിലെ 23-ം അധ്യായം, അഷ്ടാംഗസംഗ്രഹം ഉത്തരതന്ത്രത്തിൽ 40 മുതൽ 48 വരെയുള്ള അധ്യായങ്ങൾ അഷ്ടാംഗഹൃദയം ഉത്തരസ്ഥാനത്തിൽ 35 മുതൽ 38 വരെയുള്ള അധ്യായങ്ങൾ, ഹാരീതസംഹിത മൂന്നാം സ്ഥാനത്തിൽ 53-ം അധ്യായം, ഭാവപ്രകാശം ചികിത്സാസ്ഥാനം 57-ം അധ്യായം, വാസവരാജീയത്തിൽ 21-ഉം, 22-ഉം പ്രകരണങ്ങൾ ഇവയെല്ലാം അഗദതന്ത്രപ്രതിപാദകങ്ങളാണ്. 

ഈ പ്രമാണിക ഗ്രന്ഥങ്ങളിൽ അഷ്ടാംഗഹൃദയത്തിലെ അഗദതന്ത്രത്തെ ആസ്പദമാക്കിയുള്ള ചികിത്സാരീതിക്കാണ് കേരളത്തിൽ അധികം പ്രചാരമുള്ളത്. ഇതിനുപുറമേ, അഗദതന്ത്രത്തെ മാത്രം പുരസ്കരിച്ചുള്ള  നാരായണീയം, സാരസംഗ്രഹം,  ഉഡ്ഡീശം, ഉൽപ്പലം, ഹരമേഖല, ലക്ഷണാമൃതം, കാലവഞ്ചനം എന്നീ സംസ്കൃത ഗ്രന്ഥങ്ങളും, വിഷജ്യോത്സ്നിക, ചന്ദ്രിക, ചിത്രാരൂഢം, പ്രയോഗസമുച്ചയം, വിഷവൈദ്യപ്രവേശിക, സർവഗരളപ്രമോചനം, ഗൌളീശാസ്ത്രം, കാലവഞ്ചനം എന്നീ മലയാള ഗ്രന്ഥങ്ങളും തമിഴ്പ്പടി എന്ന തമിഴ് കൃതിയും കേരളത്തിൽ പ്രചാരത്തിലുണ്ട്. ഇവയിൽ സംസ്കൃതഗ്രന്ഥങ്ങൾ മുഴുവൻ കേരളീയർതന്നെ നിർമിച്ചതാണെന്നു പറഞ്ഞുകൂടാ. ഈ ഗ്രന്ഥങ്ങളിൽ എല്ലാം നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദശാസ്ത്രത്തിലെ വിഷവൈദ്യം വിശദമായി വിവരിക്കുന്നുണ്ട്.

ആയുർവേദ വിഷചികിത്സാ ചരിത്രം
------------------------------------------------------

ബ്രിട്ടീഷ്‌ കാലഘട്ടത്തിലെ ഭരണകൂടത്തിന്റെ വിവേചനനയങ്ങൾ ഈ ശാസ്ത്രശാഖയുടെ വ്യാപനത്തിനും  പ്രചാരത്തിനും ഏൽപ്പിച്ച പരിക്കുകൾ കുറച്ചൊന്നുമല്ല. ഈ ശാസ്ത്രസത്യങ്ങളെ പഠനവിധേയമാക്കാനോ, ശാസ്ത്രീയമായി വിശകലം ചെയ്യാനോ ,വേണ്ടത്‌ പോലെ തയ്യാറാകാതിരുന്ന ഭരണകൂടങ്ങൾ ഈ ശാഖക്ക്‌ ദയാവധം നൽകാനാണ്‌ ശ്രമിച്ചത്‌.

കേരളീയ പാരമ്പര്യ വിഷചികിത്സാ ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമാണ് കൊച്ചി രാജവംശത്തിനുള്ളത്. പ്രയോഗ സമുച്ചയം എന്ന വിഷചികിത്സാ ഗ്രന്ഥത്തിന്റെ കർത്താവും കിരീടാവകാശിയായ രാജകുമാരനുമായിരുന്നു കൊച്ചുണ്ണി തമ്പുരാൻ (1897-1937). അദ്ദേഹത്തിന്റെ പൂർണ്ണ നാമം മഹാരാജ കേരളവർമ കൊച്ചുണ്ണി തമ്പുരാൻ എന്നായിരുന്നു. അദ്ദേഹത്തെ മിടുക്കൻ തമ്പുരാനെന്നും അറിയപ്പെട്ടിരുന്നു. അക്കാലത്തെ പ്രഗല്ഭനായ വിഷഹാരിയുമായിരുന്നു അദ്ദേഹം.

പ്രയോഗ സമുച്ചയത്തിന്റെ അവതാരികയിൽ പുത്തേഴത്ത് രാമമേനോൻ കൊച്ചുണ്ണി തമ്പുരാനെക്കുറിച്ച് ഇങ്ങനെ എഴുതുന്നു.

“ വിഷ വൈദ്യ വിഷയമായ നല്ല പഠിപ്പും പാരമ്പര്യവും പരിചയവുമുണ്ടായിരുന്ന ഒരു പ്രഗല്ഭനായിരുന്നു ശ്രീ.കൊച്ചുണ്ണി തമ്പുരാൻ. തൃശൂർ പെരിങ്ങാവിലുണ്ടായിരുന്നു തിരുമനസ്സിലെ അധിവാസ സ്ഥാനം സകലർക്കും പ്രവേശനം സ്വാതന്ത്യവുമുണ്ടായിരുന്ന ഒരു അഭയ സ്ഥലമായിരുന്നു. സമയഭേതമോ, ജാതിഭേതമോ, ഉച്ചനീചത്വമോ കൂടാതെ വിഷബാധിതരായസകലരേയും സ്വീകരിക്കുകയും ചികിത്സിക്കുകയും ചെയ്ത് പോന്നു. അവിടുത്തെ ചികിത്സയുടെ ഗുണം അനുഭവിക്കാൻ സംഗതി വന്നിട്ടുള്ളവർ അവരവരുടെ അനുഭവങ്ങളെ രേഖപ്പെടുത്തുമെങ്കിൽ അതു വിനോദവും വിജ്ഞാനവും മാത്രമല്ല തിരുമനസ്സിലെ മഹാമനസ്‌കതയുടെ ചരിത്രവും നൽകുന്ന സൽകൃതിയായിരിക്കുന്നതാണ് ”

അദ്ദേഹം തുടർന്ന് ഇങ്ങനെ എഴുതുന്നു.

“ വലിയ സ്വതന്ത്രനും, ധീരനും, ഉദാരനും, ആശ്രിതവത്സലനും ആയിരുന്നു ആ തിരുമേനി. വിഷചികിത്സയിൽ വലിയ ആവേശമായിരുന്നു. തന്നിമിത്തം അദ്ദേഹത്തിന്റെ വസതി എപ്പോഴും ജനത്തിരക്ക് ഒഴിയാത്തതായിരുന്നു.
 പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌ വരെ  കോട്ടയ്ക്കൽ ആര്യ വൈദ്യശാല പ്രശംസനീയമാംവിധം വിഷ ചികിത്സ ചെയ്യുമായിരുന്നു"

അതുകൂടാതെ മണിപ്രവാള ശൈലിയിൽ എഴുതപ്പെട്ട വിഷവൈദ്യഗ്രന്ഥമാണ് ജ്യോത്സ്‌നിക. കാരാട്ടു നമ്പൂതിരിയാണ് ഗ്രന്ഥകർത്താവ്. കേരളത്തിലെ ഒട്ടുമിക്ക വൈദ്യന്മാരും ആധാരമാക്കുന്ന ഗ്രന്ഥമാണിത്. കാരാട്ടുനമ്പൂതിരി ജീവിച്ചിരുന്ന കാലമോ ജ്യോത്സ്‌നികയുടെ രചനാ കാലമോ വ്യക്തമല്ല. അഞ്ഞൂറു വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്നു.

പതിറ്റാണ്ടുകൾ മുൻപു വരെ കോട്ടക്കൽ ആര്യവൈദ്യശാലയിൽ വളരെ വിജയകരമായി വിഷവൈദ്യം ചെയ്തിരുന്നു എന്നത് ഒരു വസ്തുതയാണ്. സത്രം എന്ന് അറിയപ്പെട്ടിരുന്ന തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ 35 വർഷം മുമ്പ് വരെ എല്ലാ പാമ്പ് കടിയ്ക്കും ചികിത്സ നടത്തിയിരുന്നു. അന്ന് കടിയേറ്റ് കിടക്കുന്നവരെ പരിചരിക്കാൻ രാത്രി ഉറങ്ങാതിരിക്കുന്ന വൈദ്യൻമാർ ഉണ്ടായിരുന്നു. അപ്പോഴത്തെ സ്ഥിരം കാഴ്ചയായിരുന്നു 'ദിവസങ്ങളായി കടിയേറ്റ് കിടക്കുന്ന ആറേഴ് രോഗികളും രണ്ടു വൈദ്യന്മാരും ഒരു അറ്റൻഡറും '.രോഗിയുടെ കൂട്ടിരിപ്പുകാർ ആണ് അന്ന് ഒരു എരുക്കിലക്കിഴിയോ ജലധാരയോ ഒക്കെ ചെയ്തിരുന്നത്. പിന്നീട് മരുന്നുകളും സൗകര്യങ്ങളും സ്റ്റാഫും ഇല്ലാതെ, വിശ്വാസം പോര എങ്കിലും ആ സൗകര്യങ്ങൾ ഉള്ള ആധുനിക വൈദ്യ ആശുപത്രിയിലേക്ക് ജനങ്ങൾ മാറേണ്ടിവന്നതുകൊണ്ട് അന്യം  നിന്നതാണ് ഇവിടുത്തെ വിഷചികിത്സ. ആലപ്പുഴ ഡിഎംഒ ആയി റിട്ടയർ ചെയ്ത വെങ്കിട്ടരമണശർമ്മ ആണ് അവിടെ കടിയേറ്റവരോടൊപ്പം ഉറക്കമൊഴിഞ്ഞിരുന്ന അവസാനത്തെ വിഷചികിത്സകൻ.

ആന്റി വെനം നല്കുക എന്നതു തന്നെയാണ് സർപവിഷത്തിന്റെ ഇപ്പോഴുള്ള പ്രാധാന ചികിത്സ. അണലി വിഭാഗത്തിലുള്ളവ കടിച്ചാൽ മാറാതെ നില്ക്കുന്ന ത്വക് രോഗത്തിന് ആയുർവേദ ചികിത്സ ഫലപ്രദമാണ്. അതുപോലെതന്നെ സർപ്പദംശനം കൊണ്ടുണ്ടായ ഉണങ്ങാത്ത വ്രണങ്ങളും ആയുർവേദ ചികിത്സ വളരെ ഫലപ്രദമാണ്. അക്കാദമിക്ക് പഠനങ്ങൾക്ക് പുറത്ത് നോക്കിയാൽ സർപ്പവിഷ ചികിത്സ ചെയ്യുന്ന ധാരാളം വിദഗ്ധരെ കാണാം. ഈ അറിവുകളെ പഠനവിധേയമാക്കേണ്ടതും അക്കാദമിയിലേക്ക് സ്വാംശീകരിക്കേണ്ടതുമാണ്. എങ്കിലേ വിഷചികിത്സ അതിന്റെ പേര് അർത്ഥവത്താക്കുകയുള്ളൂ. ആന്റിവെനം എന്ന കണ്ടു പിടുത്തത്തിലൂടെ സർപ്പവിഷത്തെ വേഗത്തിൽ ഫലപ്രദമായി ചികിത്സിക്കാം എന്ന നില വന്നപ്പോൾ ആയുർവേദ വിഷചികിത്സ പുറകോട്ടു പോയി എന്നത് വസ്തുതയാണ്. 

എന്നാൽ നാട്ടറിവുകളുടെ ഒരു കലവറ തന്നെ വിഷചികിത്സയിൽ ഉണ്ട് എന്നത് അനിഷേധ്യമായ വസ്തുതയാണ്. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന വിഷ ചികിത്സ കേന്ദ്രം ആ പ്രദേശത്തെ നിരവധി ആളുകൾക്ക് മൃതസഞ്ജീവനി പോലെയാണ് 24 മണിക്കൂറും വൈദ്യസേവനം  തികച്ചും സൗജന്യമായി തന്നെ നൽകിവരുന്നു. കിടത്തി ചികിത്സ ആവശ്യമായ സന്ദർഭങ്ങളിൽ അതിനുള്ള സൗകര്യവും ലഭ്യമാണ്. മൂർഖൻ, ചുരുട്ട, അണലി, വെള്ളിക്കെട്ടൻ മുതലായ ആന്റിവെനം നൽകി അത്യാഹിത ചികിത്സ നൽകേണ്ട സന്ദർഭങ്ങളിൽ സമ്മിശ്ര ചികിത്സയിലൂടെ രോഗിയെ പൂർണ്ണ തോതിൽ സുഖപ്പെടുത്തുന്നു.  പഴുതാര വിഷം, ചിലന്തി വിഷം മുതലായ കേസുകളും ചികിത്സിക്കുന്നു.  ഇന്ത്യയിലെ വിവിധ കോളേജുകളിൽ നിന്നും അഗദ തന്ത്രം പഠിക്കാനും ഗവേഷണങ്ങൾ നടത്താനും ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾ എത്തി ചേരുന്ന ഒരു ആതുരചികിത്സ  കേന്ദ്രം കൂടിയാണ് പാപ്പിനിശ്ശേരി വിഷ ചികിത്സാകേന്ദ്രം. 

കേരളത്തിലെ പ്രശസ്തനായ പാരമ്പര്യ വിഷവൈദ്യന്മാരിൽ ഒരാളായിരുന്നു കുമാരൻ വൈദ്യർ. കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിയിലെ വിഷചികിത്സാകേന്ദ്രത്തിന്റെ സ്ഥാപകന്മാരിലൊരാളായിരുന്നു ഇദ്ദേഹം പരമ്പരാഗത വൈദ്യകുടുംബത്തിൽ പിറന്നു. അച്ഛൻ കുഞ്ഞിക്കൊട്ടൻ വൈദ്യർ.പതിനാലാം വയസ്സിൽ വിഷചികിത്സ ആരംഭിച്ചു. ആയുർവേദത്തിൽ അധിഷ്ഠിതമായ ചികിത്സാ രീതിയായിരുന്നു ആദ്യം പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രത്തിൽ തുടർന്നിരുന്നതെങ്കിലും 1967 ൽ പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ അലോപ്പതി ഡോക്ടർ സൈനുദ്ദീനുമായി സഹകരിച്ചു തുടങ്ങിയ സമ്മിശ്ര ചികിത്സ വൻ വിജയമായി. ആന്റി വെനവും ആയുർവേദ മരുന്നുകളും സംയോജിപ്പിച്ചുള്ള പുതിയ രീതി ആയിരക്കണക്കിനു രോഗികളുടെ ജീവൻ രക്ഷിച്ചു. പാമ്പു വിഷ ചിത്സാ രീതിയിലെ നൂതന ചികിത്സാരീതികളെക്കുറിച്ച് ഇന്ത്യൻ കൗൺസിൽ മെഡിക്കൽ സയൻസ് നടത്തിയ ഗവേഷണങ്ങളിൽ ഇദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. കേന്ദ്ര ഗവർമെന്റിന്റെ ആയുർവേദ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. വിഷവൈദ്യത്തിൽ ശിരോമണി ബിരുദം ലഭിച്ചിട്ടുണ്ട്.

അതുപോലെതന്നെ എട്ട് തലമുറകള്‍ ആയി ആയുർവേദ ശാസ്ത്രവിധി പ്രകാരം വിഷചികിത്സ നടത്തുന്ന വടക്കാഞ്ചേരി അവണപ്പറമ്പ് മനയിലെ ഇപ്പോഴത്തെ പ്രധാന വിഷ ചികിത്സകൻ ആണ് മഹേശ്വരന്‍ നമ്പൂതിരിപ്പാട്. അവണപ്പറമ്പ് ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെയും വടക്കാഞ്ചേരി വലിയമന പാര്‍വതി അന്തര്‍ജനത്തിന്റെയും ഏഴു മക്കളില്‍ രണ്ടാമനായാണ് മഹേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ ജനനം.  അച്ഛനും മുത്തച്ഛനും തന്നെയായിരുന്നു ആദ്യ ഗുരുക്കന്മാര്‍. മുത്തച്ചൻ നമ്പ്യാത്തന്‍ നമ്പൂതിരിപ്പാടിൽ നിന്നാണ് ഇദ്ദേഹം വിഷവൈദ്യം പഠിച്ചത്. നമ്പ്യാത്തന്‍ നമ്പൂതിരിപ്പാട് തലപ്പള്ളി താലൂക്ക് സര്‍ക്കാര്‍ വിഷചികിത്സാ കേന്ദ്രത്തിലെ പ്രധാന വൈദ്യനായിരുന്നു.
അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് രചിച്ച 'കേരളീയ വിഷചികിത്സ' വളരെ പ്രശസ്തമായ കൃതിയാണ്.

വിഷവിഭജനം
---------------------

അകൃത്രിമം, കൃത്രിമം എന്നിങ്ങനെ വിഷത്തിന് സാമാന്യേന രണ്ടു വിഭാഗം കല്പിച്ചിരിക്കുന്നു. കൃത്രിമ വിഷത്തിനു 'ഗരം' എന്നും പേരുണ്ട്. പ്രകൃതിവസ്തുക്കളില്‍ നിന്നു സ്വാഭാവികമായി ഉണ്ടാകുന്നവ അകൃത്രിമങ്ങളും വിവിധ ദ്രവ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്നവ കൃത്രിമങ്ങളുമാണ്. അകൃത്രിമത്തെ സ്ഥാവരം എന്നും ജംഗമം എന്നും രണ്ടായി വിഭജിച്ചിട്ടുണ്ട്. വൃക്ഷലതാദികളുടെ വേര്, ഇല, പൂവ്, കായ്, തേന്‍, പാല്‍, കാതല്‍, കറ, കിഴങ്ങ് എന്നിവയും ഫേനാശ്മം, ഹരിതാലം എന്നീ ധാതുദ്രവ്യങ്ങളും സ്ഥാവര വിഷത്തിന് ആസ്പദങ്ങളാണ്. സര്‍പ്പം, എലി, തേള്‍, ചിലന്തി, കീരി, പൂച്ച, തവള, കുരങ്ങ്, പേപ്പട്ടി, കുറുക്കന്‍, അരണ, ഗൌളി, ഓന്ത്, കടന്നല്‍, അട്ട, തേരട്ട, തൊട്ടാരട്ടി, വേട്ടാളന്‍, മത്സ്യം, നരി, സിംഹം,🐍🐡🕷️🐛🦊🐀 മുതലായവ സാമാന്യേന ജംഗമ വിഷത്തിനും ആസ്പദങ്ങളാണ്.

'സര്‍പ്പാഃകീടോന്ദുരാ ലൂതാ

വൃശ്ചികാ ഗൃഹഗോധികാഃ

ജളൗകാ മത്സ്യമാണ്ഡൂകാഃ

കണഭാഃ സകൃകണ്ടകാഃ

ശ്വസിംഹവ്യാഘ്രഗോമായു-

തരക്ഷുനകുലാദയഃ

ദംഷ്ട്രിണോ യേ വിഷം തേഷാം

ദംഷ്ട്രോത്ഥം ജംഗമം മതം' (ച. ചി. 23/9-10)

ഈ ജംഗമങ്ങളുടെ നോട്ടം, നിശ്വാസം, പല്ല്, മൂത്രം, ശുക്ളം, പുരീഷം, ഉമിനീര്‍, ശവം തുടങ്ങിയ 16 വിഷാധിഷ്ഠാനങ്ങളെ സുശ്രുതത്തിലും അഷ്ടാംഗസംഗ്രഹത്തിലും എണ്ണിപ്പറഞ്ഞിട്ടുണ്ട്. കൃത്രിമവിഷം (ഗരം) അല്പവീര്യങ്ങളും വിരുദ്ധവീര്യങ്ങളുമായ വിവിധ വസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കപ്പെടുന്നതാണ്. വശീകരണം മുതലായവയാണ് അതിന്റെ ഉദ്ദേശ്യം. മലയാളത്തില്‍ 'കൈവിഷം' എന്നു വിളിക്കപ്പെടുന്നതും ഇതുതന്നെ.

'സ്ഥാവരം ജംഗമം ചേതി

വിഷം പ്രോക്തമകൃത്രിമം

കൃത്രിമം ഗരസംജ്ഞം തു

ക്രിയതേ വിവിധൌഷധൈഃ' (അ. ഹൃ. ഉ.35/5)

ഗരം അകത്തു പെട്ടാല്‍ ഉണ്ടാകുന്ന വിഷാദപ്രധാനങ്ങളായ ലക്ഷണങ്ങളെയും അവയ്ക്കുള്ള പ്രതിവിധികളെയും അതില്‍ വിവരിച്ചിട്ടുണ്ട്.

സ്ഥാവരവിഷദ്രവ്യങ്ങളില്‍ മൂലവിഷങ്ങള്‍ (മൂലത്തില്‍=വേരില്‍-വിഷമുള്ളവ) 8; പത്രവിഷങ്ങള്‍ 5; ഫലവിഷങ്ങള്‍ 12; പുഷ്പവിഷങ്ങള്‍ 7; തോല്‍, കാതല്‍, കറ എന്നിവയില്‍ വിഷമുള്ളവ 5; ക്ഷീരവിഷങ്ങള്‍ 3; വിഷമുള്ള ധാതുദ്രവ്യങ്ങള്‍ 2; കന്ദ (കിഴങ്ങ്) വിഷങ്ങള്‍ 13 എന്നിങ്ങനെ 55 സ്ഥാവരവിഷാധിഷ്ഠാനങ്ങളെ സുശ്രുതന്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. കണവീരം, കുന്നി, കരിഞ്ചണ, മേന്തോന്നി, എന്നിവ വേരില്‍ വിഷമുള്ളവയ്ക്കും വത്സനാഭി, സര്‍ഷപം എന്നിവ കന്ദവിഷദ്രവ്യങ്ങള്‍ക്കും ഉദാഹരണങ്ങളാണ്. ഓരോ വര്‍ഗവും ശരീരത്തില്‍ സാമാന്യേന എന്തെന്തു ലക്ഷണങ്ങള്‍ ഉളവാക്കും എന്ന് വെവ്വേറെ എടുത്തുപറഞ്ഞിരിക്കുന്നു (സു. കല്പം അ. 2). കന്ദവിഷങ്ങള്‍ വളരെ തീക്ഷ്ണങ്ങളാണ്. അവയിലോരോന്നും ശരീരത്തിലേറ്റാലുണ്ടാകുന്ന വ്യത്യസ്തലക്ഷണങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്.

വിഷത്തിന്റെ ഗുണധര്‍മങ്ങൾ
---------------------------------------------

വിഷത്തെ മരണത്തിന്റെയും അമൃതത്തെ ജീവിതത്തിന്റെയും പ്രതീകങ്ങളായാണ് സങ്കല്പിച്ചുവരാറുള്ളത്. ശരീരത്തിലെ ഓജസ്സിനെ വിഷം ക്ഷയിപ്പിക്കുന്നു; അമൃതം വര്‍ധിപ്പിക്കുന്നു. ഓജസിന്റേതിന് വിപരീതമായ ഗുണധര്‍മങ്ങളാണ് വിഷത്തിനുള്ളത്. വിഷങ്ങള്‍ക്കെല്ലാം മാരകസ്വഭാവമുള്ള 10 ഗുണധര്‍മങ്ങള്‍ എടുത്തുപറഞ്ഞിരിക്കുന്നു. (i) രൂക്ഷത; (ii) തീക്ഷണത; (iii) സൂക്ഷ്മത- (എല്ലാ സൂക്ഷ്മധാത്വംശങ്ങളിലേക്കും കടന്നു ചെല്ലുവാനുള്ള കഴിവ്); (iv) ഉഷ്ണത്വം; (v) വ്യവായിത്വം (ശരീരമാകെ വേഗം വ്യാപിക്കുന്ന സ്വഭാവം); (vi) വികാശിത്വം (ദോഷധാതുമലങ്ങളെ ക്ഷയിപ്പിക്കാനുള്ള കഴിവ്); (vii) ആശുകാരിത്വം (സ്വധര്‍മം വേഗം നടത്താനുള്ള കഴിവ്); (viii) വൈശദ്യം (പ്രതിരോധങ്ങളെ ജയിച്ചു സ്വഗുണധര്‍മങ്ങളെ നിലനിര്‍ത്താനുള്ള കഴിവ്); (ix) ലാഘവം - കനക്കുറവ് (പ്രതിവിധികളില്‍നിന്ന് രക്ഷപ്പെടുവാനുള്ള സാമര്‍ഥ്യം -- ദുശ്ചികിത്സ്യത ഇതുകൊണ്ടുണ്ടാകുന്നു); (x) അപാകിത്വം (ധാത്വഗ്നി പാകം കൊണ്ടും മറ്റും പരിണമിച്ച് രൂപാന്തരപ്പെടാതിരിക്കല്‍). ഇവയില്‍ അപാകിത്വം എന്നതിനു പകരം, അനിര്‍ദേശ്യരസം (നാവിന്‍മേല്‍ തട്ടിയാല്‍ ഇന്നതെന്ന് വ്യക്തമാവാത്ത രസത്തോടുകൂടിയത്) എന്ന ഗുണധര്‍മത്തെ ചരകന്‍ കല്പിച്ചിരിക്കുന്നു. രൂക്ഷതകൊണ്ടു വാതത്തെയും ഉഷ്ണത്വംകൊണ്ടു പിത്തത്തെയും സൂക്ഷ്മത്വംകൊണ്ടു രക്തത്തെയും പ്രകോപിപ്പിക്കുകയും അവ്യക്ത രസത്വം കൊണ്ടു കഫത്തെയും ആന്തരികരസത്തെയും ദുഷിപ്പിക്കുകയും ചെയ്യുന്നു.

'ലഘു രൂക്ഷമാശു വിശദം

വ്യവായി തീക്ഷണം വികായി സൂക്ഷ്മം ച

ഉഷ്ണമനിര്‍ദേശ്യരസം

ദശഗുണമുക്തം വിഷം തജ്ഞൈ-

രൗക്ഷ്യാത് വാതമശൈത്യാത്

പിത്തം സൗക്ഷ്മ്യാദസൃക് പ്രകോപയതി

കഫമവ്യക്തരസത്വാ-

ദന്നരസാം ശ്ചാനുവര്‍ത്തതേ ശീഘ്രം' (ച.ചി.അ.23/33)

ഇപ്രകാരം മറ്റു ഗുണധര്‍മങ്ങളും ശരീരത്തില്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാവരം(സസ്യങ്ങൾ, ധാതുക്കൾ, മുതലായവ) ജംഗമം (ജീവനുള്ള പാമ്പ്, പഴുതാര, ചിലന്തി മുതലായവ) കൃത്രിമം (ഭൂമിയിൽ പ്രകൃത്യാ ഇല്ലാത്തതും എന്നാൽ മനുഷ്യ നിർമ്മിതവും ആയവ) എന്നിങ്ങനെ വിഷ പദാർത്ഥങ്ങളെ മൂന്നായി തരംതിരിച്ചിരി ക്കുകയും അവയോരോന്നിന്റെയും ലക്ഷണങ്ങളും ചികിത്സയും സവിസ്തരം പ്രതിപാദിക്കുകയും ചെയ്യുന്നു. ഉഗ്രവും ശീഘ്ര മരണകാരണങ്ങളും ആയ സർപ്പ വിഷങ്ങൾ തൊട്ടു വർഷങ്ങളോളം ശരീരത്തിൽ നിന്ന ശേഷം മതിയായ അനുകൂല ഘടകങ്ങൾ ഒത്തു വരുമ്പോൾ മാത്രം സ്വകർമ്മം നിർവഹിച്ചു, വിട്ടുമാറാത്ത അനേകം രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ദൂഷീവിഷങ്ങൾ വരെ ആയുർവ്വേദം വിവരിക്കുന്നു .
വത്സനാഭം, ചേർക്കുരു, കാഞ്ഞിരം തുടങ്ങിയ സസ്യങ്ങൾ, മെർക്കുറി, തുത്ത്, തുരിശ് തുടങ്ങിയ ധാതുക്കൾ എന്നിങ്ങനെ ഒട്ടുമിക്ക വിഷ പദാർത്ഥങ്ങളും ശരീരത്തിലുളവാക്കുന്ന ലക്ഷണങ്ങൾ അവയുടെ ചികിത്സ ഇത്തരം ദ്രവ്യങ്ങൾ മരുന്നിനൊ മറ്റാവശ്യങ്ങൾക്കോ ആയി ഉപയോഗിക്കേണ്ടി വരുമ്പോൾ ചെയ്യേണ്ട ശുദ്ധിക്രമങ്ങൾ എന്നിവ വിഷവൈദ്യ വിഭാഗം പ്രതിപാദിക്കുന്നു .

സ്ഥാവര വിഷവിഭാഗത്തിലാണ് വിഷസസ്യങ്ങളെ പ്രതിപാദിച്ചിരിക്കുന്നത്. ഒരു വിഷസസ്യത്തിന്റെ എല്ലാ ഭാഗങ്ങളും വിഷമയമായിരിക്കണമെന്നില്ല. ഒരേ ചെടിയില്‍ത്തന്നെ മാരകമായ വിഷമയഭാഗവും ഭക്ഷ്യയോഗ്യമായ ഭാഗവും കാണാറുണ്ട്. സസ്യത്തില്‍ അടങ്ങിയിരിക്കുന്ന ചിലയിനം ആല്‍ക്കലോയ്ഡുകള്‍, അമീനുകള്‍, ഗ്ലൂക്കോസൈഡുകള്‍, സാപോണിന്‍, ബാഷ്പശീലതൈലം, റസീനുകള്‍, ഓര്‍ഗാനിക് അമ്ലങ്ങള്‍, ടാനിനുകള്‍ തുടങ്ങിയ രാസഘടകങ്ങളാണ് വിഷസ്വഭാവത്തിന് ഇടയാക്കുന്നത്. വിവിധ ശുദ്ധീകരണ പ്രക്രിയകളിലൂടെ വിഷയത്തെ നിര്‍വീര്യമാക്കിയാണ് ഇത്തരം സസ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന അമൂല്യമായ ഔഷധഗുണത്തെ പ്രയോജനപ്പെടുത്തുക.  ഔഷധത്തിനും അലങ്കാരത്തിനുമായി പൂന്തോട്ടത്തിലും തൊടിയിലുമായി നട്ടുവളര്‍ത്തുന്ന ചില സസ്യങ്ങളുടെ പ്രത്യേക ഭാഗങ്ങളില്‍ വിഷസ്വഭാവം പതിയിരിപ്പുണ്ട്.
സസ്യവിഷബാധയില്‍ വളരെ പെട്ടെന്ന് പ്രതിവിധി ചെയ്യേണ്ടതുണ്ട്. ശരീരത്തില്‍ ആഗീകരണം ചെയ്തിട്ടില്ലാത്ത വിഷാംശത്തെ നീക്കംചെയ്യുക, ആഗീകരണം ചെയ്യപ്പെട്ടവയെ നിര്‍ഹരിക്കുക, വിഷവീര്യം കുറയ്ക്കാനായി പ്രത്യൗഷധം നല്‍കുക, വിഷബാധകൊണ്ട് ഉണ്ടാകുന്ന മറ്റു ലക്ഷണങ്ങള്‍ക്ക് ചികിത്സ നല്‍കുക എന്നിവ അതിപ്രധാനമാണ്. ഈ ചികിത്സാരീതികളെ കുറിച്ച് എല്ലാം ആചാര്യന്മാർ ഗ്രന്ഥങ്ങളിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. 

എന്താണ് ദൂഷീവിഷം എന്നു പറയുന്നത്....?
------------------------------------------------

അകൃത്രിമവും കൃത്രിമവുമായ ഏതു വിഷവും ചികിത്സകൊണ്ടും മറ്റും അല്പം ശമിച്ച് അതിനു വീര്യഹാനി സംഭവിക്കുമെങ്കിലും മേല്‍പ്പറഞ്ഞ ദശഗുണധര്‍മങ്ങളോടുകൂടി ശരീരത്തില്‍ അവശേഷിക്കുകയാണെങ്കില്‍ അതിനു ദൂഷിവിഷം എന്നുപറയും. കാലാന്തരത്തില്‍ അതും ശരീരനാശകമാണ്.  കിഴക്കന്‍ കാറ്റ്, അജീര്‍ണം, ശൈത്യം, മഴക്കാറ്, പകലുറക്കം, അപഥ്യാഹാരം എന്നിവകൊണ്ട് ദൂഷീവിഷം വികാരം പ്രാപിച്ച് സ്വയം ദുഷിക്കുകയും ധാതുക്കളെ ദുഷിപ്പിക്കുകയും ചെയ്യുന്നു. ദൂഷീവിഷം എന്ന പേര്‍ തന്നെ ഇതുകൊണ്ടുണ്ടായതാണ്. കീടനാശിനികളുടെ അമിതമായ ഉപയോഗം കൊണ്ടുണ്ടാകുന്ന വിഷബാധയെ ദുഷീവിഷം ആയിട്ടാണ് ആയുർവേദത്തിൽ കണക്കാക്കുന്നത്.

ആയുർവേദത്തിൽ സര്‍പ്പ വിഷത്തിന് ചികിത്സയുണ്ടോ...?
-------------------------------------------------

ആയുർവേദത്തിൽ നിജം' എന്നും 'ആഗന്തുകം' എന്നും രോഗത്തെ രണ്ടായി വിഭജിച്ചിട്ടുള്ളതില്‍ വിഷവികാരങ്ങളെ ആഗന്തുകവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആയുർവേദത്തിലെ അടിസ്ഥാന സിദ്ധാന്തങ്ങൾ ആയ ത്രിദോഷ സിദ്ധാന്തം, പഞ്ചമഹാഭൂത സിദ്ധാന്തം, സപ്തധാതുസിദ്ധാന്തം, രസ-ഗുണ-വീര്യ-വിപാക-പ്രഭാവ സിദ്ധാന്തം തുടങ്ങിയ ആയുര്‍വേദത്തിന്റെ മൗലികതത്ത്വങ്ങള്‍ തന്നെയാണ് അഗദതന്ത്രത്തിന്റെയും അടിസ്ഥാനപ്രമാണങ്ങള്‍.

ജംഗമവിഷങ്ങളില്‍ സര്‍പ്പവിഷമാണ് ഏറ്റവും മാരകമായിട്ടുള്ളത്. ദര്‍വീകരന്‍ (മൂര്‍ഖന്‍), മണ്ഡലി, രാജിലന്‍ എന്നിങ്ങനെ സര്‍പ്പങ്ങളെ സാമാന്യേന മൂന്നായി ആയുര്‍വേദത്തില്‍ തിരിച്ചിരിക്കുന്നു. ഈ മൂന്നും ജാതിനിയമങ്ങള്‍ നോക്കാതെ പരസ്പരം ഇണചേരുമെന്നും വ്യന്തരന്‍ എന്നൊരു വര്‍ഗമുണ്ടാവുമെന്നുമൊരു സങ്കല്പമുണ്ട്. ഇവയ്ക്കോരോന്നിനും അവാന്തരവിഭാഗങ്ങളും വളരെയേറെയുണ്ട്. സുശ്രുതം കല്പസ്ഥാനത്തില്‍ അവയിലോരോന്നിന്റെയും പേരുകൂടി എടുത്തുപറഞ്ഞിരിക്കുന്നു. വിഷത്തിന്റെയും പാമ്പുകളുടെയും സ്വഭാവങ്ങളെയും വിഷം ശരീരത്തിലേറ്റാല്‍ വാതാദികളില്‍ ഏതേതിന്നാണ് വികാരാധിക്യം വരിക എന്ന വസ്തുതയെയും അടിസ്ഥാനമാക്കിയാണ് ഈ വര്‍ഗവിഭജനം. മൂര്‍ഖന്റെ വിഷം രൂക്ഷഗുണപ്രധാനവും എരിവു രസമുള്ളതും താരതമ്യേന അധികം ഉഷ്ണവുമാണ്; മണ്ഡലിവിഷത്തിന് പുളിരസവും ഉഷ്ണത്വവും ഉണ്ടാകും; രാജിലവിഷം മധുരവും താരതമ്യേന ശീതവുമാണ്. മൂര്‍ഖവിഷം വാതത്തെയും മണ്ഡലിവിഷം പിത്തത്തെയും രാജിലവിഷം കഫത്തെയും കോപിപ്പിക്കുന്നു.

'ദര്‍വീകരാ മണ്ഡലിനോ

രാജീമന്തസ്തഥൈവ ച

സര്‍പ്പാ യഥാക്രമം വാത-

പിത്തശ്ളേഷ്മ പ്രകോപണാഃ' (ചി.അ. 23-124)

ഏതുതരം സര്‍പ്പമാണ് കടിച്ചതെന്നു വിവേചിച്ചറിയാനും അതു മൂലമുണ്ടായ ദോഷ കോപത്തെ അടിസ്ഥാനമാക്കി അഗദങ്ങളെ തിരഞ്ഞെടുത്തു വേണ്ട പ്രതിവിധികള്‍ ചെയ്യാനും കഴിയുന്നു. കടിച്ച സ്ഥലത്തുനിന്നു ചോര കുത്തിക്കളയുക (രക്തമോക്ഷണം), കടിവായ് പൊള്ളിക്കുക, പുറമേ മരുന്നുകള്‍ പുരട്ടുക, നസ്യം ചെയ്യിക്കുക, കണ്ണിലെഴുതുക മുതലായവയെല്ലാം സന്ദര്‍ഭാനുസരണം ചെയ്യാന്‍ വിധിച്ചിട്ടുള്ള ക്രിയാരീതികളാണ്. ദൂഷീവിഷം, ഗരം എന്നിവയ്ക്കുള്ള ചികിത്സയില്‍ ഛര്‍ദി, വിരേചനം മുതലായ ശോധനകര്‍മങ്ങള്‍ക്കും പ്രാധാന്യം കല്പിച്ചിരിക്കുന്നു. ഇതുകൂടാതെ നിരവധി ഔഷധ പ്രയോഗം സർപ്പവിഷ ചികിത്സയുടെവിവിധ ഘട്ടങ്ങളിൽ ആയുർവേദ ശാസ്ത്രത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. വിവിധ തരം സർപ്പങ്ങൾ,അവയുടെ ദംശ ലക്ഷണങ്ങൾ ,ഉടനെ ചെയ്യേണ്ടുന്ന ചികിത്സാകർമ്മങ്ങൾ ,വിഷം ശരീരത്തിൽ വ്യാപിക്കുമ്പോൾ ഉണ്ടാകുന്ന നീര്, തലവേദന, ബോധക്ഷയം, മൂത്രതടസ്സം, മലബന്ധം തുടങ്ങിയ ഉപദ്രവങ്ങൾ, അവയ്ക്കുള്ള പ്രധിവിധികൾ തുടങ്ങിയവ അതി ബൃഹത്തതായി തന്നെ പ്രതിപാദിക്കുന്നുണ്ട്. സർപ്പ ദംശത്തിനു ശേഷം ഉണ്ടായേക്കാവുന്ന ഉണങ്ങാത്ത വ്രണങ്ങൾ മുതലായ ഉപദ്രവങ്ങളുടെ ചികിത്സയിൽ ഇത്ര പ്രാവർത്തികമായ മറ്റൊരു സമ്പ്രദായം ഉണ്ടോ എന്ന് സംശയമാണ്. ജീവന് തന്നെ ഭീഷണിയായേക്കാവുന്നചിലതരം തേൾവിഷങ്ങൾ, ചിലന്തിവിഷം, പഴുതാര, കടന്നൽ തുടങ്ങി തവളുടെയും മത്സ്യത്തിന്റെയും വിഷലക്ഷണങ്ങളും ചികിത്സയും ഈ വിഭാഗം പ്രതിപാദിക്കുന്നു.
ആധുനിക വൈദ്യശാസ്ത്രം ഇനിയും വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ലാത്ത വിരുദ്ധാഹാരം മുതലായ ആശയങ്ങൾ ആയുർവ്വേദം വിവരിക്കുന്നുണ്ട്.

നന്ദി

🐍🐍🐍🐍🐍🐍🐍🐍🐍🐍🐍

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments