ആയുർവേദം എന്താണ് എന്നതിനെ കുറിച്ച് ചെറിയൊരു രൂപരേഖ

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

ഇന്ന് ദേശീയ ആയുർവേദ ദിനം ഈ ദിവസം ആയുർവേദം എന്താണ് എന്നതിനെ കുറിച്ച് ചെറിയൊരു രൂപരേഖ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ഭാരതത്തിന്റെ തനതായ വൈദ്യശാസ്ത്രമാണ് ആയുർവേദം. ആയുസ്, വേദം എന്നീ രണ്ടു വാക്കുകൾ ചേർന്നാണ് ആയുർവേദം എന്ന പേരുണ്ടായത്.ഏറ്റവും പ്രാചീനമായ ശാസ്ത്രമായി കണക്കാക്കപ്പെടുന്ന, ആയുര്‍വേദം വൈദ്യശാസ്ത്രത്തിന്റെ അമ്മ എന്നാണ് യഥാര്‍ത്ഥത്തില്‍ പറയപ്പെടുന്നത്. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ശാസ്ത്രമാണ് ആയുർവേദം. 

വേദങ്ങളിൽ നിന്നാണ് അതിന്റെ ഉൽപ്പത്തി. അഥർവവേദത്തിന്റെ ഉപവേദമാണ് ആയുർവേദം എന്നാണ് കരുതപ്പെടുന്നത്. പൗരാണികരായ ഋഷിമാരാണ് ആയുർവേദത്തിന്റെ ആദ്യകാല ആചാര്യന്മാർ. അവരിൽ പ്രധാനികളായിരുന്നു. ചരകൻ, സുശ്രുതൻ, വാഗ്ഭടൻ എന്നിവർ.
ആയുർവേദം എന്നപദം ആദ്യം കാണുന്നത് സംഹിതകളിലാണ്. സംഹിതകൾ എന്നാൽ മാരീച കശ്യപൻ, ആത്രേയ പുനർവസു, ധന്വന്തരി എന്നീ ആചാര്യന്മാരുടെ വചനങ്ങൾ ക്രോഡീകരിച്ച് അവരുടെ ശിഷ്യന്മാർ രചിച്ച ഗ്രന്ഥങ്ങൾ ആണ്.
ആയുസ്സിന്റെ പരിപാലനത്തെ കുറിച്ച് അറിവും, അതു ലഭിക്കാനുള്ള ഉപായവും വളരെ ലളിതമാ‍യ രീതിയിൽ വിവരിച്ചിട്ടുള്ള ഒരു സമ്പൂർണ്ണ ജീവശാസ്ത്രമാണ് ആയുർവേദം. 

ആയുർവേദത്തിന്റെ അടിസ്ഥാനം ത്രിദോഷ സിദ്ധാന്തമാണ്. വാത-പിത്ത-കഫങ്ങൾ ആണ് ത്രിദോഷങ്ങൾ. അവയുടെ അസന്തുലിതാവസ്ഥയാണ് രോഗകാരണം എന്നാണ് ആയുർവേദ സിദ്ധാന്തം. ദോഷങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ് പഞ്ചഭൂതങ്ങൾ. പഞ്ചഭൂതനിർമ്മിതമായ പ്രകൃതിയിൽ, പഞ്ചഭൂതനിർമ്മിതമായ മനുഷ്യശരീരത്തെ, പഞ്ചഭൂതങ്ങൾ ഉപയോഗിച്ചു തന്നെ ചികിൽസിക്കുക എന്നതാണ് ആയുർവേദത്തിന്റെ തത്ത്വം.  ആയുർവ്വേദത്തിൽ രോഗ നിർണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ത്രിദോഷങ്ങളാണ്‌. ത്രിദോഷങ്ങളിൽ ഏതെങ്കിലും ഒന്നൊ, രണ്ടോ, അല്ലെങ്കിൽ മൂന്നുമോ, കൂടുകയൊ കുറയുകയോ ചെയ്താൽ ഉണ്ടാകുന്ന അവസ്ഥയാണ് രോഗം.

ശരീരം ദോഷധാതുമലമൂലമാണെന്നാണ്‌ ആയുർവേദസിദ്ധാന്തം. നാം കഴിക്കുന്ന ആഹാരം ശരീരമായി മാറുന്നു എന്നു പറഞ്ഞാൽ സപ്‌തധാതുക്കളായി-രസ, രക്ത, മാംസ, മേദോƒസ്ഥി, മജ്ജാശുക്ലങ്ങളായി- തീരുന്നുവെന്നാണല്ലോ അർഥം. സ്ഥൂലമായി ശരീരം സ്‌പതധാത്വാത്മകമാണ്‌. ധാതുക്കളുടെ ചയാƒപചയങ്ങളെയാണ്‌ ശരീരത്തിന്റെ വൃദ്ധിക്ഷയങ്ങൾ എന്നുപറയുന്നത്‌; ഈ ചയാƒപചയ പ്രക്രിയയുടെ നിയാമകഘടകങ്ങളാണ്‌ വാതപിത്തകഫങ്ങൾ. ഈ പ്രക്രിയക്കിടയിലുണ്ടാകുന്ന ഉപോത്‌പന്നങ്ങളാണ്‌ ദോഷമൂത്രപുരീഷാദിമലങ്ങൾ. ഇതിൽനിന്നും ശരീരം "ദോഷധാതുമലമൂല'മാണ്‌ എന്ന്‌ ധർമപരമായി നിർവചിക്കാം

ദ്രവ്യം പഞ്ചഭൂതാത്മകമാണ്‌ ശരീരം ദ്രവ്യവുമാണ്‌.ഗുണങ്ങള്‍ ദ്രവ്യനിഷ്‌ഠങ്ങളാണ്‌. പ്രധാനമായും ഇവ ഇരുപതാണ്‌. പഞ്ചഭൂതങ്ങളുടേതായ ഈ ഗുണങ്ങള്‍ സ്വാഭാവികമായും ദ്രവ്യത്തിൽ പ്രകടമാകുന്നു. ത്രിദോഷങ്ങളിലും ശരീരത്തിലും ഈ ഗുണങ്ങള്‍തന്നെയാണുള്ളത്‌. അതുകൊണ്ട്‌ ദോഷങ്ങള്‍ക്കും ശരീരത്തിനും സംഭവിക്കുന്ന വൈകല്യങ്ങളെ നികത്തി സമാവസ്ഥയിലാക്കുന്നതിനും ആ സമാവസ്ഥ നിലനിർത്തുന്നതിനും ദ്രവ്യത്തിനു കഴിയുന്നു.

സമഗ്രമായ ഒരു ചികിൽസാ സമ്പ്രദായമാണ് ആയുർവേദം - രോഗം വന്നിട്ടു ചികിൽസിക്കുന്നതിനേക്കാൾ നല്ലത്, രോഗം വരാതെ സൂക്ഷിക്കലാണ് എന്ന് ആയിരക്കണക്കിനു വർഷങ്ങൾ മുൻപേ പ്രഖ്യാപിച്ച ശാസ്ത്രം. അതുകൊണ്ടു തന്നെ, ആയുർവേദത്തിന് രണ്ടു പ്രധാന ശാഖകൾ ഉണ്ട്. അവയാണ് സ്വസ്ഥവൃത്തവും, ആതുരവൃത്തവും.
രോഗമില്ലാത്തയാളുടെ ആരോഗ്യം ഉയർന്ന നിലവാരത്തിൽ കാത്തു സൂക്ഷിക്കുന്നതിനും, രോഗം വരാതെ കാക്കുന്നതിനും വേണ്ട എല്ലാ നിർദ്ദേശങ്ങളും അടങ്ങിയ ശാഖയെ സ്വസ്ഥവൃത്തം എന്നു വിളിക്കുന്നു.
രോഗം വന്നാൽ ചികിൽസിക്കാനുള്ള നിർദ്ദേശങ്ങൾ നൽകുന്ന ശാഖയെ ആതുരവൃത്തം എന്നും വിളിക്കുന്നു.

പുരാതനകാലം മുതല്‌ക്കേ ആയുർവേദം കേരളത്തിൽ പ്രചരിച്ചുവരുന്നു. അടിസ്ഥാനപരമായി ഇത്‌ ഇതരഭാഗങ്ങളിലുള്ള ആയുർവേദസമ്പ്രദായങ്ങളിൽനിന്നും വ്യത്യസ്‌തമായിരുന്നില്ല. ചരകസുശ്രുതാദിഗ്രന്ഥങ്ങള്‍തന്നെയാണ്‌ കേരളീയവൈദ്യന്മാരും പിന്തുടർന്നിട്ടുള്ളത്‌. എങ്കിലും വാഗ്‌ഭടകൃതികളായ അഷ്‌ടാംഗസംഗ്രഹത്തിനും അഷ്‌ടാംഗഹൃദയത്തിനും ആണ്‌ ഇവിടെ ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചിട്ടുള്ളത്‌.

വാഗ്‌ഭടാചാര്യന്‍ കേരളത്തിൽ താമസിക്കുന്ന കാലത്താണ്‌ അഷ്‌ടാംഗഹൃദയം, അഷ്‌ടാംഗസംഗ്രഹം എന്നീ ഗ്രന്ഥങ്ങളുടെ പ്രധാന ഭാഗങ്ങള്‍ രചിച്ചതെന്നും അതുകൊണ്ടാണ്‌ ആ രണ്ടു ഗ്രന്ഥങ്ങളിലും കേരളത്തിന്റെതായ പ്രത്യേകതകള്‍ പ്രാധാന്യേന വിവരിച്ചിരിക്കുന്നതെന്നും കരുതപ്പെടുന്നു. വാഗ്‌ഭടാചാര്യന്‍ ഏറിയകാലവും കഴിച്ചുകൂട്ടിയത്‌ കേരളത്തിലാണെന്നും പ്രധാന ഗ്രന്ഥഭാഗങ്ങള്‍ രചിച്ചത്‌ ആലപ്പുഴജില്ലയിലെ ചേർത്തല എന്ന സ്ഥലത്തുവച്ചാണെന്നും പറയപ്പെടുന്നു. വാഗ്‌ഭശിഷ്യന്മാർ കേരളത്തിൽ താമസിച്ച്‌ ശിഷ്യപരമ്പരവഴി ശാസ്‌ത്രം പ്രചരിപ്പിച്ചവരാണ്‌. അഷ്‌ടാംഗഹൃദയത്തിന്‌ ശശിലേഖാവ്യാഖ്യാനം രചിച്ച ഇന്ദു ഒരു കേരളീയനാണ്‌. സംസ്‌കൃതത്തിലുള്ള വൈദ്യഗ്രന്ഥങ്ങള്‍ക്കു മുമ്പുതന്നെ വൈദ്യവിഷയങ്ങള്‍ അന്നത്തെ ജീവിതരീതികളോടും ആചാരങ്ങളോടും ബന്ധപ്പെട്ടിരുന്നതായും ജ്യോതിഷം, വേദാന്തം, മീമാംസ മുതലായവയെപ്പോലെ ആയുർവേദവും ഒരു സ്വതന്ത്രശാഖയായി വികസിച്ചു പരിലസിച്ചിരുന്നതായും കരുതപ്പെടുന്നു.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments