Random Post

ഒരു അഭിഭാഷകന്റെ കഥ

ഒരു അഭിഭാഷകന്റെ കഥ 👨‍⚖️
------------------------------------------------------

അതിരാവിലെ മുതൽ ശങ്കരൻ പോറ്റി അഭിഭാഷകന്റെ മുറിക്കു പുറത്ത് ഇരിപ്പാണ്. മാനസികമായി അയാൾ വല്ലാത്ത പിരിമുറുക്കം അനുഭവിക്കുന്നു എന്നത് അയാളുടെ മുഖത്തു നോക്കിയാൽ മനസ്സിലാകും. കുറച്ചു കഴിഞ്ഞപ്പോൾ ക്ലർക്ക് അദ്ദേഹത്തെ അഭിഭാഷകന്റെ മുറിയിലേക്കു വിളിച്ചു. കോടതിയിൽ ഹാജരാകണമെന്ന് പറഞ്ഞുള്ള നോട്ടീസും ആയിട്ടാണ് അയാൾ അഭിഭാഷകൻ മുറിയിലേക്ക് കടന്ന് വന്നത്.

അദ്ദേഹത്തെ സീനിയർ അഡ്വക്കേറ്റ് സാജൻ പീറ്റർ ഒരു ചെറുപുഞ്ചിരിയോട് കൂടി  ക്യാബിനിലേക്ക് സ്വാഗതം ചെയ്തു. അതിനുശേഷം അയാളിൽനിന്ന് ആ നോട്ടീസ് വാങ്ങി അഡ്വക്കേറ്റ് അത് മുഴുവൻ വായിച്ചു. ഭാര്യയെ അസഭ്യം പറഞ്ഞതിനാൽ അയാൾക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ കോടതിയിൽ കേസ് കൊടുത്തിരിക്കുകയാണ്. കോടതിയിൽ ഹാജരാകാനുള്ള നോട്ടീസ് കയ്യിൽ കിട്ടിയപ്പോൾ അതിന്റെ ആഘാതത്തിൽ അയാൾ ആകെ വിളറി വെളുത്തിരിക്കുന്നു. ഒരാഴ്ചമുമ്പ് ഭാര്യയുമായി ചെറിയൊരു വഴക്കുണ്ടായി അപ്പോൾ അദ്ദേഹം തന്റെ ഭാര്യയെ "കൂത്തിച്ചി മോളെ" എന്ന് അഭിസംബോധന ചെയ്തു അതിന്റെ ദേഷ്യത്തിൽ അവൾ വീടുവിട്ടിറങ്ങിയതാണ്.

പിന്നീട് പലവട്ടം അയാൾ അവളെ ഫോൺ ചെയ്തിട്ടും എടുത്തില്ല, ക്ഷിപ്രകോപിയായ അവളുടെ പ്രതികരണം  കോടതിയിൽ നിന്നുള്ള നോട്ടീസ്സിന്റെ രൂപത്തിലാണ് അദ്ദേഹത്തിന്റെ കയ്യിൽ കിട്ടിയത്. ഐ.പി.സി. 354 സ്വന്തം ഭർത്താവിനെ എങ്ങനെയെങ്കിലും ഒരു പാഠം പഠിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ ഭാര്യ. കോടതിയിൽ നിന്നുള്ള നോട്ടീസ് വായിച്ചിട്ട് നമ്മുടെ സാജൻ വക്കീൽ ചെറുതായി ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് സമാധാനമായി പൊയ്ക്കൊള്ളു കോടതിയിൽ വെച്ചു കാണാം എന്നു പറഞ്ഞു, വക്കീലിന്റെ വാക്കു കേട്ട് അയാളും ചെറിയ ഒരു ആശ്വാസത്തിൽ വീട്ടിലേക്ക് മടങ്ങി. വാദം കേൾക്കുന്ന ദിവസം വന്നു കോടതി തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ നമ്മുടെ ശങ്കരൻ പോറ്റിയുടെ കേസ് കോടതിയിൽ വിളിച്ചു.

കേസിനാസ്പദമായ സംഭവം വിവരിച്ച് എതിർഭാഗം വക്കീൽ ഭാര്യയെ തെറി പറഞ്ഞ് അധിക്ഷേപിച്ച ശങ്കരൻ പോറ്റിയെ ശിക്ഷിക്കണം എന്ന് ഘോരഘോരം വാദിച്ചു. അതിനുശേഷം നമ്മുടെ ശങ്കരൻ പോറ്റിയുടെ വക്കീൽ സീനിയർ അഡ്വക്കേറ്റ് സാജൻ പീറ്റർ സാവധാനം എഴുന്നേറ്റ് നിന്ന് ബഹുമാനപ്പെട്ട കോടതിയെ വണങ്ങി കൊണ്ട് തന്റെ വാദം ആരംഭിച്ചു "എതിർഭാഗം കക്ഷി ആരോപിക്കുന്നത് ശരിയാണ് ഇവർ തമ്മിൽ വഴക്കുണ്ടായപ്പോൾ ശങ്കരൻ പോറ്റി ഇദ്ദേഹത്തിന്റെ ഭാര്യയെ "കൂത്തിച്ചി മോളെ" എന്ന് വിളിച്ചു അത് ഒരു തെറി ആയിട്ടല്ല അദ്ദേഹം വിളിച്ചത് സംസ്കൃത പണ്ഡിതനായ ശങ്കരൻ പോറ്റി താനുമായി വഴക്കു കൂടുന്ന തന്റെ നർത്തകിയായ ഭാര്യ വഴക്കു കൂടുന്നതിനിടയിൽ ചടുലമായി കൈകാലുകൾ ചലിപ്പിച്ച് ദേഷ്യപ്പെടുന്നത് കണ്ട് അതിൽ ആകൃഷ്ടനായി ശബ്ദതാരാവലിയിൽ പറയുന്ന കൂത്തിച്ചി (കൂത്തിച്ചി-നൃത്തം ചെയ്യുന്നവൾ, നൃത്തം ആടുന്നവൾ) എന്ന് ആലങ്കാരികമായി പറഞ്ഞതാണ് അല്ലാതെ അദ്ദേഹം ഭാര്യയെ തെറി പറഞ്ഞതോ അധിക്ഷേപിച്ചതോ അല്ല അതിനാൽ ഇദ്ദേഹം നിരപരാധിയാണ് എന്ന് മാത്രമാണ് ബഹുമാനപ്പെട്ട കോടതി മുമ്പാകെ എനിക്ക് പറയുവാനുള്ളത്. ബഹുമാനപ്പെട്ട കോടതിക്ക് സംശയം ഉണ്ടെങ്കിൽ 'കൂത്തിച്ചി' എന്ന വാക്കിന്റെ അർത്ഥം ശബ്ദതാരാവലിയിൽ പരിശോധിച്ച് ബോധ്യപ്പെടുന്നതാണ്"

എന്നിട്ട് അദ്ദേഹം ശബ്ദതാരാവലി എന്ന പുസ്തകം കോടതിക്ക് കൈമാറി അത് വായിച്ചപ്പോൾ നമ്മുടെ സീനിയർ അഡ്വക്കേറ്റ് സാജൻ പീറ്റർ പറഞ്ഞത് ശരിയാണ് എന്ന് കോടതിക്ക് ബോധ്യപ്പെട്ടു കൂത്തിച്ചി എന്നാൽ നൃത്തം ചെയ്യുന്നവൾ എന്നാണ് ശബ്ദതാരാവലിയിൽ അർഥം പറഞ്ഞിരിക്കുന്നത്. അങ്ങനെ കോടതി 👨‍⚖️ ശങ്കരൻ പോറ്റിയെ വെറുതെ വിട്ടു ഇതെല്ലാം കേട്ട് കിളി പോയ ഭാര്യ നിർന്നിമേഷയായി അഭിഭാഷകനെയും ഭർത്താവിനെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു ഭർത്താവിനെ ഒരു പാഠം പഠിപ്പിക്കാൻ കഴിയാത്തതിലുള്ള അമർഷം അപ്പോഴും അവളുടെ മുഖത്ത് നിഴലിക്കുന്നുണ്ട്.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments