Random Post

ഒരു ഡിവോഴ്സ് കേസിന്റെ കഥ

ഒരു ഡിവോഴ്സ് കേസിന്റെ കഥ 👨‍⚖️
.........…...............................................

അന്ന് ഫാമിലി കോർട്ടിൽ വന്ന പുതിയ കേസുകൾ ഏതെല്ലാമെന്ന് ജഡ്ജി പരിശോധിക്കുകയായിരുന്നു അപ്പോഴാണ് ഒരു "ഡിവോഴ്സ് കേസിൽ" അദ്ദേഹത്തിന്റെ ശ്രദ്ധ ഉടക്കിയത്. എന്തുകൊണ്ടാണ് ആ ഭർത്താവ് ഡിവോഴ്സ് ആവശ്യപ്പെട്ടതെന്ന് പരിശോധിച്ചപ്പോൾ ആ ജഡ്ജിയുടെ മുഖപ്രസാദം ഒന്ന് മങ്ങി. അതിനുശേഷം ജഡ്ജി ആ കേസിനെ ആഴത്തിൽ പഠിച്ചു. സമയം കൃത്യം പതിനൊന്നു മണി കോടതിമുറിയിൽ അലാറം ഉച്ചത്തിൽ മുഴങ്ങി കോടതിക്കകത്ത് ഉള്ളവരെല്ലാം എണീറ്റ് നിൽക്കുമ്പോൾ വാതിൽ തുറന്ന് ജഡ്ജി ചേംബറിൽ നിന്ന്  കോടതിയിലേക്ക് പ്രവേശിച്ച് തന്റെ കസേരയിലിരുന്നു.

ആദ്യം തന്നെ ആ പുതിയ ഡിവോഴ്സ് കേസ് ആണ് അദ്ദേഹം വിളിച്ചത്. അപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഒരു മധ്യവയസ്കയായ സ്ത്രീയും ഡിവോഴ്സിന് അപേക്ഷിച്ച അവളുടെ ഭർത്താവും കോടതിയുടെ മുന്നിലോട്ട് കയറിവന്നു. "ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അയാൾക്ക് വെറുപ്പ് അനുഭവപ്പെടുന്നു" അതാണ് ഡിവോഴ്സിന് ഉള്ള കാരണമായി പറഞ്ഞിട്ടുള്ളത്. അതിന് ആസ്പദമായ സംഭവം ഇതാണ് ഒരിക്കൽ തിളച്ചവെള്ളം അടുപ്പത്ത് നിന്ന് ഇറക്കുമ്പോൾ അറിയാതെ കാൽവഴുതി ചൂടുവെള്ളം ആ സ്ത്രീയുടെ ദേഹത്തു വീണു അതിന്റെ തീക്ഷണതയിൽ അവളുടെ അരയ്ക്ക് കീഴ്പോട്ട് മുഴുവൻ പൊള്ളി. ഏകദേശം മൂന്നു മാസത്തോളം പൊള്ളലിന്  ചികിത്സിച്ചു പക്ഷേ അവിടം മുഴുവൻ ചുക്കിച്ചുളിഞ്ഞ് വികൃതം ആയിരിക്കുന്നു.

അതുകൊണ്ട് അയാൾക്ക് സ്വന്തം ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഒരു അറപ്പ്. അയാളെ അടുത്ത് വിളിച്ച് ആ ആദരണീയനായ ജഡ്ജി ചോദിച്ചു "താങ്കൾ ഒന്ന് ആത്മപരിശോധന ചെയ്തു നോക്കൂ താങ്കൾ ആ സ്ത്രീയുടെ ശരീരത്തിനെ മാത്രമാണോ അതോ ആ സ്ത്രീയുടെ ശരീരത്തിനെയും, മനസ്സിനെയും, ആത്മാവിനെയും ആണോ വിവാഹം കഴിച്ചത്. താങ്കൾക്കാണ് ഇതേ അവസ്ഥ വന്നത് എന്ന് വിചാരിക്കുക അപ്പോൾ താങ്കളുടെ ഭാര്യ താങ്കളുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ വെറുപ്പ് അനുഭവപ്പെടുന്നു എന്ന് പറഞ്ഞു ഡിവോഴ്സ് വേണ്ടി കോടതിയെ സമീപിക്കുമെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ അതിനുള്ള സാധ്യത വിരളമാണ്. വിവാഹം എന്നത് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്; താങ്കളുടെ ലൈഗികാസക്തി തൃപ്തിപ്പെടുത്താൻ പ്രാപ്തമായ ഒരു സ്ത്രീയെ ആണ് താങ്കൾ 'ഭാര്യ' എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ താങ്കൾക്ക് തെറ്റി. അതിനാൽ താങ്കൾ ഈ ഡിവോഴ്സ് കേസുമായി മുന്നോട്ടു പോകുന്നുണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ തീരുമാനിക്കണം"ഏതാനും നിമിഷങ്ങൾ ആ കോടതി മുഴുവൻ തളംകെട്ടിനിൽക്കുന്ന നിശബ്ദത.

അതിനുശേഷം അയാൾ അപ്പോഴും വളരെയധികം സ്നേത്തോടുകൂടി കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി തന്നെത്തന്നെ നോക്കുന്ന ഭാര്യയെ ഒരു നിമിഷം നോക്കി അതിനു ശേഷം ബഹുമാനപ്പെട്ട കോടതിയുടെ നേരെ തിരിഞ്ഞു കൊണ്ട് ഉത്തരം പറഞ്ഞു "ബഹുമാനപ്പെട്ട കോടതി എന്നോട് ക്ഷമിക്കണം എനിക്ക് എന്റെ തെറ്റ് മനസ്സിലായി. ഞാൻ എന്നെ കുറിച്ച് മാത്രമാണ് ഇതേവരെ ചിന്തിച്ചത് സാറ് എന്റെ കണ്ണുകൾ തുറന്നു ഇപ്പോഴാണ് എനിക്ക് എന്റെ ഭാര്യയുടെ വില മനസ്സിലായത്.  അതുകൊണ്ട് ഇനി ഈ കേസുമായി മുന്നോട്ടു പോകാൻ എനിക്ക് താൽപര്യമില്ല" അതു കേട്ടപ്പോൾ ജഡ്ജിയുടെ മുഖം വീണ്ടും വളരെയധികം പ്രസന്നമായി.

അദ്ദേഹം അവരോട് പറഞ്ഞു "ജീവിതം ഒന്നേയുള്ളൂ അത് ജീവിതപങ്കാളിയുമായി സന്തോഷത്തിലും, ദുഃഖത്തിലും ഒത്തൊരുമയോടുകൂടി ആസ്വദിച്ചു തീർക്കണം. ഒരു ജീവിതകാലം മുഴുവൻ ഒന്നിച്ച് ജീവിച്ചിട്ടും പരസ്പരം മനസ്സിലാക്കാതെ പോകുന്ന ഒരുപാട് ദമ്പതികൾ നമുക്കിടയിലുണ്ട്. നിങ്ങൾ ഇന്നു പരസ്പരം മനസ്സിലാക്കി അത് വലിയൊരു കാര്യമാണ്. മരണംവരെ ഇതേപോലെ പരസ്പരം മനസ്സിലാക്കി ജീവിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു " ഈ ജഡ്ജ്മെൻറ് കേട്ടപ്പോൾ അവിടെ കൂടിയിരുന്ന  വിവാഹമോചനത്തിനായി കാത്തു നിൽക്കുന്ന പല ദമ്പതികളുടെയും കണ്ണുകൾ നിറഞ്ഞു കാരണം  അവരിൽ പലരും പരസ്പരം  മനസ്സിലാക്കാൻ കഴിയാതെ ആ കോടതിവരാന്തയിൽ എത്തപ്പെട്ട ദമ്പതികളായിരുന്നു. അതിനുശേഷം പലരുടെയും കണ്ണുകളെ ഈറനണിയിച്ചു കൊണ്ട് ആ ദമ്പതികൾ 👫 പരസ്പരം കൈകൾ കോർത്തു പിടിച്ച് ആ ഫാമിലി കോടതിയുടെ പുറത്തേക്ക് നടന്നു.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments