ആർത്തവസംബന്ധമായ രോഗങ്ങളും ആയുർവേദ പരിഹാരമാർഗങ്ങളും
..................................................
മാഞ്ചോട്ടിൽ ഓടിക്കളിച്ചിരുന്ന കൊച്ചുമകൾ അവൾ പോലുമറിയാതെ ഒരു സുപ്രഭാതത്തിൽ മുതിർന്ന പെൺകുട്ടിയായി മാറുകയാണ്, ശരീരത്തിന് അകത്തും പുറത്തും മാറ്റങ്ങൾ വന്നു തുടങ്ങി എന്ന് അടയാളമെന്നോണം ആദ്യാർത്തവം കാണുന്നതോടെയാണ് പെൺകുട്ടി സ്ത്രീയാകാൻ തുടങ്ങുന്നത്. ആയുർവേദത്തിൽ പറയുന്ന ഋതുമതി എന്ന വാക്കുതന്നെ എത്ര ഭാവനാത്മകമാണ് പ്രകൃതിയിൽ "ഋതുക്കൾ" വന്നു പോകുന്നതു പോലെയാണ് അവർക്ക് മുറതെറ്റാതെ ആർത്തവം ഉണ്ടാകുന്നത് . യുഗാന്തരങ്ങളിലൂടെ മനുഷ്യജീവിത പ്രവാഹം അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്നത് ബീജസങ്കലനം നടന്ന ഭ്രൂണത്തെ ഗർഭപാത്രത്തിൽ വെച്ച് വളർത്തിയെടുത്താണ്.
ശാരീരികമായ മാറ്റങ്ങളുടെ ഉത്സവകാലമാണ് കൗമാരം ഒപ്പം മാനസികമായും നിരവധി മാറ്റങ്ങളിലൂടെ ഒരു സ്ത്രീ കടന്നു പോകുന്നു. ശാരീരികമായ വളർച്ച എത്തുന്നു എന്ന അർത്ഥത്തിൽ "പ്യുബർട്ടി" എന്നും മാനസികമായി വളർച്ച നേടുമെന്ന ഉദ്ദേശ്യത്തോടെ "അഡോളസൻസ്" എന്നും ഈ പ്രായത്തെ വിവരിക്കാറുണ്ട്. ആർത്തവത്തിന് ഉത്ഭവം ഗർഭപാത്രത്തിൽ നിന്നാണെന്നും രക്തവും ഗർഭപാത്രത്തിലെ ഉൾവശത്തെ കൊഴിഞ്ഞുപോകുന്ന കോശങ്ങളും കൂടിച്ചേർന്നതാണ് ആർത്തവരക്തം എന്നും നമുക്കറിയാം.കൊട്ടും കുരവയുമായി ഒരു പെൺകുട്ടിയിലെ ആദ്യ ആർത്തവം ആഘോഷിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു, ഏകദേശം 50 കൊല്ലങ്ങൾക്കു മുമ്പ് നമ്മുടെ നാട്ടിൽ സർവസാധാരണമായി ഒരു കാഴ്ചയായിരുന്നു അത് 'തെരണ്ടുകല്യാണം' 'വയസ്സറിയിക്കുക' എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ അതിപ്രധാനമായ ഒരു നാഴികക്കല്ലായി നമ്മുടെ മുൻതലമുറക്കാർ ആദ്യ ആർത്തവത്തിനു ആഘോഷത്തിന് പരിവേഷം നൽകിയത് ഉചിതമായിരുന്നു എന്ന് വേണം കരുതാൻ.ദേഹത്ത് അടിഞ്ഞുകൂടുന്ന അഴുക്ക് രക്തം പുറത്തേക്ക് പോകുന്നതാണ് മാസമുറ എന്ന് പരക്കെ ഒരു അന്ധ വിശ്വാസവും നിലനിൽക്കുന്നു എന്നാൽ അതല്ല യാഥാർത്ഥ്യം. ഗർഭപാത്രത്തിനുള്ളിലെ പാട "എൻഡോമെട്രിയം" ഓരോ മാസവും ഗർഭധാരണത്തിനായി തയ്യാറെടുക്കുന്നു ഗർഭധാരണം നടന്നില്ലെങ്കിൽ ആ പാട കൊഴിഞ്ഞു പോകുന്നു ഇതോടൊപ്പം കുറച്ചു രക്തം ഉണ്ടാകും അതാണ് ആർത്തവം അത് അറിയില്ലെങ്കിൽ മനസ്സിലാക്കുക.അപ്പോൾ ആദ്യ ആർത്തവം ഒരു സ്ത്രീക്ക് ഗർഭധാരണത്തിനുള്ള കഴിവ് വന്നതിനെ ലക്ഷണമായി കണക്കാക്കാം.ദേഹത്തിലെ പല ഗ്രന്ഥികൾ കൂട്ടായി പ്രവർത്തിച്ചാണ് ഇതിനുള്ള തയ്യാറെടുപ്പു നടത്തുന്നത് തലച്ചോറിലെ ഒരു ഭാഗമായ ഹൈപ്പോത്തലാമസ്, പിറ്റ്യൂട്ടറി ഗ്രന്ഥി, അണ്ഡാശയവും എന്നിവയാണ് ഇതിലെ പ്രധാന കണ്ണികൾ. അതുകൂടാതെ ഈസ്ട്രോജൻ, പ്രൊജസ്ട്രോൺ, ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോൺ, ല്യൂട്ടിനയ്സിംഗ് ഹോർമോൺ മുതലായ ഹോർമോണുകളും പ്രധാന പങ്കുവഹിക്കുന്നു.
ആർത്തവ വൈകല്യങ്ങൾക്ക് പ്രധാനമായ കാരണം പോഷകക്കുറവ്, വംശ സംബന്ധവും ഭൂമിശാസ്ത്രപരമായി ഘടകങ്ങൾ, മാനസിക സംഘർഷങ്ങൾ എന്നിവയും ആർത്തവചക്രത്തെ ബാധിക്കാറുണ്ട്. എല്ലാമാസവും അണ്ഡോല്പാദനം നടക്കണമെന്നില്ല അണ്ഡോല്പാദനം നടക്കാതെയും ആർത്തവം ഉണ്ടാകാം. സാധാരണയായി കണ്ടുവരുന്ന ആർത്തവ വൈകല്യങ്ങൾ ഇതെല്ലാമാണ് അകാല ആർത്തവം, ആർത്തവം ഇല്ലായ്മ, അൽപ ആർത്തവസ്രവം, ആർത്തവ പൂർവ അസ്വസ്ഥതകൾ, ആർത്തവകാല വേദന, അമിത രക്തസ്രാവം മുതലായവ ഇതിനെല്ലാം തന്നെ ഫലപ്രദമായ ആയുർവേദ ചികിത്സ ഇന്ന് ലഭ്യമാണ്. ആർത്തവം ഒരു സ്വാഭാവിക പ്രക്രിയയാണ് ശരീരത്തിന് ശുദ്ധിയും അശുദ്ധിയും ആയി അതിന് യാതൊരു ബന്ധവുമില്ല അത്തരത്തിലുള്ള അബദ്ധജഡിലമായ വിശ്വാസങ്ങൾ ഇന്ന് പൊതുജനങ്ങൾക്കിടയിൽ നിലനിൽക്കുന്നു .ആർത്തവം ഒരു ശാപമല്ല സ്ത്രീകളിൽ പ്രകൃതിദത്തമായ ഒരു സംഭവവികാസം മാത്രമാണ് ആ സമയത്ത് ആവശ്യം വേണ്ടത് ശരീരശുദ്ധി, ലഘുവായ വ്യായാമം, ശുദ്ധവായു, പോഷകാഹാരം എന്നിവയാണ്.മാതൃത്വം അഥവാ അമ്മയാവുക എന്നത് എല്ലാ സ്ത്രീകളുടെയും ജീവിതസാഫല്യമാണ് ഗർഭധാരണത്തിനായി മാസംതോറും അണ്ഡാശയത്തിൽ നിന്നും ഓരോ അണ്ഡം (സ്ത്രീ ബീജം) പുറത്തേക്ക് വരുന്നു ആ സമയത്ത് തന്നെ പുരുഷ ബീജവുമായി സംയോജിച്ച് ഗർഭധാരണം ഉണ്ടാകുന്നു. ഗർഭധാരണം നടക്കാത്തപക്ഷം അണ്ഡം നശിച്ച ഇല്ലാതാകും.ക്രമേണ ഗർഭാശയാന്തര കലകളും നശിച്ച ഇല്ലാതാവുകയും അലിഞ്ഞ് രക്തസ്രാവത്തോടൊപ്പം പുറത്തുപോവുകയും ചെയ്യും. അതിനാൽ ഇതിനെ 'രജസ്' എന്നും 'രജസ്രാവം' എന്ന് പറയുന്നു.എന്നാൽ കടുത്ത പോഷകാഹാരക്കുറവ്, കഠിനാധ്വാനം, മാനസിക വൈഷമ്യം, ക്ഷീണം ,തളർച്ച ഇവയുള്ളപ്പോൾ ആർത്തവം വൈകിയേക്കാം. ചെറുപ്പം മുതലേ മധുരം, എരിവ്, കയ്പ് മുതലായ എല്ലാ രസങ്ങളും പോഷകങ്ങളും അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ,പഴങ്ങൾ ഇവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഇത്തരം വൈഷമ്യങ്ങൾ ഉണ്ടാകാതിരിക്കാൻ സഹായിക്കും.ആർത്തവ സമയത്ത് അമിതമായി എരിവും, പുളിയും, ഉപ്പും മുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാതിരിക്കുക അത് ആർത്തവ വൈകല്യങ്ങൾക്ക് കാരണമാകും.13-15 വയസ്സു മുതൽ ശരാശരി 50 വയസ്സുവരെ ആർത്തവം കാണാവുന്നതാണ്.
ആർത്തവ സമയത്ത് നിങ്ങൾക്ക് അമിതമായി രക്തസ്രാവമുണ്ടെങ്കിൽ അശോകപ്പട്ട ഇട്ടു വെന്ത കഷായം, അതിൻറെ പൂവ് ചേർത്തരച്ചുണ്ടാക്കുന്ന പലഹാരങ്ങൾ ഉപയോഗിച്ചാൽ അമിതമായ രക്തസ്രാവം കുറയ്ക്കാൻ സഹായിക്കും. അതുപോലെതന്നെ കറുക പുല്ലിന്റെ നീര്, ആടലോടകത്തിൻറെ ഇല വാട്ടിപ്പിഴിഞ്ഞ നീര് ഇവയും അമിതമായ രക്തസ്രാവം കുറയ്ക്കുവാൻ പ്രയോജനം ചെയ്യും. യോഗാസനങ്ങൾ അനുഷ്ഠിക്കുന്ന സ്ത്രീകളിൽ ആർത്തവം സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകൾ വളരെ കുറച്ചേ കണ്ടുവരുന്നുള്ളു. പൊതുവേ ആർത്തവത്തകരാറുകൾ പ്രയോഗിച്ചുവരുന്ന ചില ഔഷധങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത് സുകുമാരം കഷായം, സപ്തസാരം കഷായം, ലക്ഷ്മണാരിഷ്ടം, നാളികേരാസവം ഗന്ധർവഹസ്താദി കഷായം, ചിരുവില്വാദി കഷായം, ഫലസർപ്പിസ്, അശോകാരിഷ്ടം, പുഷ്യനുഗ ചൂർണ്ണം, എള്ളിൻ കഷായം, കണാശതാഹ്വാദി കഷായം,ശതാവരി ഗുളം,ലോഹഭസ്മം, സുകുമാര ഘൃതം, പ്രവാള ഭസ്മം, ത്രിഫല കഷായം, രജപ്രവൃത്തിനി വടി മുതലായവ യുക്തിപൂർവ്വം വൈദ്യ നിർദ്ദേശാനുസരണം ഉപയോഗിക്കുക.
ചില പ്രയോഗങ്ങൾ
1:ആർത്തവ സമയത്തെ വയറു വേദനയ്ക്ക്
എള്ള് കഷായം വച്ച് കഴിക്കുക
2:ആർത്തവം ഉണ്ടാകാൻ
പ്ലാശിൻതൊലി, പുളിവേരിൻ തൊലി എന്നിവ കഷായം വെച്ചു കഴിക്കുക
3: ആർത്തവ ക്രമീകരണത്തിന്
അശോകത്തൊലി കഷായം വെച്ചു കഴിക്കുക
തമിഴാമ വേര് കഷായംവെച്ച് തേൻ ചേർത്ത് കഴിക്കുക
4:ആർത്തവകാലത്ത് അധികം രക്തം സ്രവിക്കുന്നത് നിൽക്കുന്നതിന്
പരുത്തി കുരു കഷായം വച്ച് തേൻ ചേർത്ത് ദിവസവും 2 നേരം കഴിക്കുക.
ആടലോടകവേര് കഷായം വച്ച് കഴിക്കുക
മുക്കുറ്റി വെണ്ണപോലെ അരച്ച് നെല്ലിക്ക വലിപ്പത്തിൽ അതിരാവിലെ കഴിക്കുക.
ഈ നിർദേശങ്ങളെല്ലാം വൈദ്യ നിർദ്ദേശാനുസരണം പ്രയോഗിക്കുന്നതാണ് ഉത്തമം.
നന്ദി
ഡോ. പൗസ് പൗലോസ് BAMS, MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ. തൃശ്ശൂർ
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW