ഉറക്കക്കുറവും ആയുർവേദ ചികിത്സകളും

ഉറക്കക്കുറവും ആയുർവേദ ചികിത്സകളും
---------------------------------------------

ആയുർവേദശാസ്ത്രത്തിൽ ഉറക്കത്തിനെ ശരീരത്തെ താങ്ങി നിർത്തുന്ന ഒരു തൂണിനോടാണ് ഉപമിച്ചിരിക്കുന്നത്. ഇന്ദ്രിയങ്ങൾ തളർച്ച കൊണ്ട് സ്വകർമ്മങ്ങളിൽ നിന്ന് വിരമിച്ച് ഇരിക്കുമ്പോൾ തമോഗുണ അധികമുള്ള നിദ്ര  മനുഷ്യനെ ബാധിക്കുന്നു. നിദ്രയുടെ സമയത്ത് എല്ലാ ഇന്ദ്രിയങ്ങളും സ്വന്തം വിഷയങ്ങളിൽ പിൻവലിയുന്നു, എന്നാൽ മനസ്സ് അതിന്റെ വിഷയങ്ങളിൽ നിന്ന് വിരമിക്കാതിരിക്കുകയും ചെയ്യുമ്പോൾ വിവിധതരം സ്വപ്നങ്ങളോടു കൂടിയ  ഗാഢമായ നിദ്ര മനുഷ്യനെ ആവരണം ചെയ്യുന്നു. ലോകത്തിന്റെ ആരംഭം മുതൽ ഉള്ളതായതിനാൽ രാത്രിയിലെ ഉറക്കം മനുഷ്യന് സാത്മ്യമായി തീർന്നു.

ഈ നിദ്രയുടെ സമയത്ത് നമ്മുടെ മനസ്സ് മുമ്പ് നമ്മൾ അനുഭവിച്ചിട്ടുള്ള വിവിധതരം ഓർമ്മകൾ ആകുന്ന വിഷയങ്ങളിൽ വ്യാപരിക്കുകയും ചെയ്യുന്നു അപ്പോൾ ആ വിഷയത്തിന്റെ സ്വഭാവം അനുസരിച്ചുള്ള സ്വപ്നങ്ങൾ നമ്മൾ കാണപ്പെടുന്നു. ആയുർവേദ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ബലവും, ആരോഗ്യവും, പൗരുഷവും, സുഖവും, ആയുസ്സും ഒരു മനുഷ്യന്റെ നിദ്രയെ ആശ്രയിച്ചിരിക്കുന്നു. അകാലത്ത് ഉള്ള നിദ്രയും, അധികമായ നിദ്രയും ഏതൊരു വ്യക്തിയുടെയും സുഖത്തെയും, ആയുസ്സിനേയും, ആരോഗ്യത്തെയും നശിപ്പിക്കുന്നു. അതിനാൽ ഒന്നു മനസ്സിലാക്കുക നിങ്ങളുടെ ഉറക്കം അമിതമായാലും, കുറഞ്ഞാലും, അകാലത്ത് ആയാലും അത് നിങ്ങളുടെ ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ് എന്നാണ് ആയുർവേദ ശാസ്ത്രത്തിൽ പറയുന്നത്.

രാത്രി ഉറക്കം ഒഴിയുന്നത് ശരീരത്തിന് രൂക്ഷത വർധിപ്പിക്കുന്നു അതുമൂലം വാതം കോപിക്കുന്നു; അതുപോലെ തന്നെ അമിതമായി പകൽ ഉറങ്ങിയാൽ ശരീരത്തിന്റെ സ്നിഗ്ദ്ധത വർദ്ധിക്കുകയും കഫപിത്ത വികാരങ്ങൾ ഉണ്ടാക്കുകയും ചെയ്യും ശരീരത്തിൽ നീർക്കെട്ട് പ്രധാന കാരണം പകൽ ഉറക്കം ആണ്. അതിനാൽ പകൽ ഉറക്കം നന്നല്ല എന്നാണ് ആയുർവേദത്തിൽ പറയുന്നത് എന്നാൽ ഉഷ്ണ കാലത്തും, മാനസികവും ശാരീരികവുമായ രോഗങ്ങൾ ഉള്ളപ്പോഴും കുറച്ചുനേരം പകൽ ഉറങ്ങുന്നത് നല്ലതാണ്. എന്നാൽ പൂർണ്ണ ആരോഗ്യവാനായ ഒരു വ്യക്തി അമിതമായി പകൽ ഉറങ്ങിയാൽ അത് പിന്നീട് അയാളെ ഒരു രോഗിയാക്കി മാറ്റാൻ മാത്രം ശക്തമായ ഒരു രോഗകാരണമായി ആയുർവേദം പറയുന്നു. അതുകൂടാതെ വിരുദ്ധാഹാരവും, അമിതാഹാരവും നിങ്ങളുടെ സുഖനിദ്ര ഇല്ലാതാക്കാമെന്ന് ആചാര്യന്മാർ അടിവരയിട്ടു പറയുന്നു. നിദ്രാനാശം വളരെ കാലം തുടർച്ചയായി നിലനിന്നാൽ അത് ഉന്മാദാദി മാനസിക രോഗങ്ങൾക്ക് കാരണമാകും എന്ന് പ്രത്യേകം ഓർക്കുക.

ശരീരത്തിന്ന് ഉറക്കം ആവശ്യമായി വരുമ്പോള്‍ കോട്ടുവായ് ഇടുന്നത് സാധാരണമാണ്. ശ്വാസകോശത്തിന്ന് കൂടുതല്‍ വായു ലഭിയ്ക്കുവാനുള്ള പ്രകൃതിദത്തമായ ഒരു രീതിയാണിത്. ശരീരത്തിന്ന് ഇപ്പോള്‍ ഉറക്കം ആവശ്യമാണെന്നതിന്റെ ലക്ഷണമാണിത്. അങ്ങിനെയുള്ള അവസ്ഥയില്‍ ഉടനെ ഉറങ്ങാന്‍ കിടക്കണം. അപ്പോള്‍ വലിയ ബുദ്ധിമുട്ടില്ലാതെ ഉറങ്ങിക്കൊള്ളും. അങ്ങനെ നമ്മുടെ ഇന്ദ്രിയങ്ങൾ മെല്ലെ മന്ദീഭവിച്ച് അര്‍ദ്ധബോധാവസ്തയിലേക്കും പിന്നീട് സുഖനിദ്രയിലേക്കും നീങ്ങുന്നു. അടഞ്ഞ കണ്ണുകളിലെ കൃഷ്ണമണികൾ സാവധാനം മേലോട്ട് മറിഞ്ഞ് ഗാഢനിദ്ര യിലേക്ക് നമ്മൾ തെന്നി വീഴുന്നു. പിന്നീട് മസ്തിഷ്‌കവും പഞ്ചേന്ദ്രിയങ്ങളുമായുള്ള ബന്ധം താല്‍ക്കാലികമായി ഇല്ലാതാകുന്നു.
ഉറക്കത്തില്‍ സംഭവിക്കുന്ന മാനസിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് നമ്മള്‍ പെട്ടെന്ന് മറന്നുപോകുന്നു എന്നതാണ് യാഥാര്‍ഥ്യം.

ഉറങ്ങാന്‍ കിടന്നുകഴിഞ്ഞാല്‍ ബോധപൂര്‍വ്വംതന്നെ ദേഹം പൂര്‍ണ്ണമായി തളര്‍ത്തിയിടണം. ദേഹത്തിന്ന് ഭാരമുണ്ടെന്ന്‌ പോലും തോന്നാന്‍ പാടില്ല. ഭാരം മുഴുവന്‍ കട്ടിലിന്ന് വിട്ടുകൊടുത്തിരിയ്ക്കണം.  യാതൊരുവിധ ചിന്തകളിലേക്കും മനസ്സിലൂടെ കടന്നു പോകാന്‍ അനുവദിക്കരുത്. അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് ഒരു സുഖനിദ്ര ലഭിക്കും.  
ഓരോരുത്തരിലും ഉറക്കത്തിന്റെ ആവശ്യം ഓരോ തോതിലാണ്. കുട്ടികള്‍ക്ക് കൂടുതല്‍ ഉറക്കം വേണ്ടിവരുമ്പോള്‍ പ്രായമായവര്‍ക്ക് അത്രയും വേണ്ടിവരാറില്ല. ചിലര്‍ക്ക് അഞ്ച് മണിക്കൂര്‍ ഉറക്കം മാത്രം വേണ്ടിവരുമ്പോള്‍ മറ്റു ചിലര്‍ ഏഴ് മണിക്കൂര്‍ സ്ഥിരമായി ഉറങ്ങുന്നു. ശരീരത്തിന്റെ കായിക പ്രവർത്തനങ്ങൾക്ക് ഒരു താത്കാലികമായ വിശ്രമാവസ്ഥയാണ് ഉറക്കം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.

ചില ആധുനിക വീക്ഷണങ്ങൾ
------------------------------------------------
1)ഇന്‍സോംനിയ ( Insomnia ):-

പ്രായഭേദമെന്യേ ഇന്ന് സര്‍വസാധാരണമായ ആരോഗ്യപ്രശ്നമാണ് ഇന്‍സോംനിയ. ഗാഡമായ ഉറക്കം ലഭിക്കുന്നതിനുള്ള താമസവും ഉറക്കം ഇടക്ക് മുറിയുന്നതോ ആയ അവസ്ഥയാണ് ഇത്. ദീര്‍ഘനാളത്തെ ഉറക്കമില്ലായ്മ അഥവാ ക്രോണിക്ക് ഇന്‍സോംനിയ ശരീരത്തെയും ജീവിതത്തെയും ഗുരുതരമായി തന്നെ ബാധിക്കും. ചിട്ടയായ ചികില്‍സയിലൂടെയും ജീവിതലൈിയിലൂടെയുമേ ഈ ഗുരുതരാവസ്ഥയില്‍ നിന്ന് ഒരു തിരിഞ്ഞുപോക്ക് സാധ്യമാകുകയുള്ളൂ. ഒരാഴ്ചയില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഉറക്കം കിട്ടാത്ത അവസ്ഥ ഒരു മാസത്തോളം തുടര്‍ന്നാല്‍ അത് ക്രോണിക്ക് ഇന്‍സോംനിയ ആയാണ് കണക്കാക്കുന്നത്. ഇന്‍സോംനിയാക്സ് എന്ന പേര് തന്നെ ഇത്തരക്കാരെ സൂചിപ്പിക്കാനാണ് ഉപയോഗിക്കാറ്.
ആരോഗ്യവാനായ ഒരു വ്യക്തി ഏകദേശം 6 മുതൽ 8 മണിക്കൂർ വരെയെങ്കിലും ഉറങ്ങിയിരിക്കണമെന്നാണ് കണക്ക്. എന്നാൽ, ക്രമം തെറ്റിയുള്ള ജീവിത സാഹചര്യത്തിൽ കൃത്യസമയത്തിനു ഉറക്കം കിട്ടാതെയാവുന്നു. രാത്രിയിൽ ആവശ്യമായ ഉറക്കം ലഭിക്കാതിരിക്കുക, പകൽ ക്ഷീണം അനുഭവപ്പെടുക, ഉന്മേഷക്കുറവ് അനുഭവപ്പെടുക, ഉറക്കത്തിനിടയിൽ എഴുനേല്‍ക്കുക എന്നിവയാണ് ഇന്‍സോംനിയയുടെ പ്രധാന ലക്ഷണങ്ങൾ. ഉറക്കമില്ലായ്മയുടെ പൊതു ഘടകം മാനസിക പിരിമുറുക്കവും, ആശങ്കയുമാണ്.
ഏതാനും ദിവസങ്ങള്‍ തുടര്‍ച്ചയായി ഉറങ്ങാതിരുന്നാല്‍ ആ നഷ്ടം പരിഹരിക്കുന്ന തരത്തിലുള്ള നീണ്ടുനില്‍ക്കുന്ന ഗാഢനിദ്ര എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. ഇത് ശരീരം നടപ്പിലാക്കുന്ന ഒരു തരത്തിലുള്ള പരിഹാരം ഉറക്കമാണ് (Compensatory Sleep) .

2)അമിതനിദ്ര: (Hypersomnia):-

ഹൈപ്പര്‍സോംനിയ അഥവാ അമിതനിദ്ര ഈ കാലഘട്ടത്തിലെ യുവതി യുവാക്കൾ നേരിടുന്ന പ്രധാന പ്രശ്നമാണ്.
ഒരാള്‍ വേണ്ടതിലധികം ഉറങ്ങുന്നതിനെ ഹൈപ്പര്‍സോംനിയ എന്ന് പറയുന്നു. വേണ്ടതിലധികം എന്നുദ്ദ്യേശിച്ചത് പകല്‍ സമയങ്ങളിലെ ഉറക്കും പത്ത് മണിക്കൂറിലധികം ആയാൽ അത് ഹൈപ്പര്‍സോംനിയ എന്ന അവസ്ഥയിൽ എത്തിച്ചേരുന്നു.
ഈ പകലുറക്കത്തെ നാര്‍കോലെപ്‌സി (Narcolepsy) എന്നാണ് പറയുന്നത്. ഇത്തരം ഒരാള്‍ക്ക് പരിസരബോധമില്ലാതെ പെട്ടന്നുറക്കം വരുന്നു.  ഹൈപ്പര്‍സോംനിയ ഒന്നുമുതല്‍ പന്ത്രണ്ട് ശതമാനം വരെയുള്ള ആളുകളില്‍ കണ്ടുവരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.

3)റസ്റ്റ്ലെസ് ലെഗ് സിന്‌ട്രോം (Restless leg syndrome):-

കാലിനു സദാ നേരം എന്തോ അസ്വസ്ഥത തോന്നുന്നതാണ് ഇതിന്റെ ലക്ഷണം. കാലില്‍ പെരുപ്പ് പോലെ തോന്നുക വഴി ഉറക്കവും ശരിയാകാതെ വരുന്നു.

4)പാരാസോംനിയാസ് (Parasomnias):-

ഉറക്കത്തില്‍ അറിയാതെയുള്ള വിചിത്രമായ ചലനങ്ങള്‍ ആണ് ഇതിന്റെ ലക്ഷണം. രാത്രി ഉറക്കത്തില്‍ നടക്കുക, സംസാരിക്കുക, മൂത്രം ഒഴിക്കുക, പല്ല് കടിക്കുക എന്നിവയെല്ലാം ഇതില്‍ ഉണ്ടാകും.

5)കൂര്‍ക്കം വലി (Sleep apnea):-

ഉറക്കത്തില്‍ ശ്വാസതടസ്സം ഉണ്ടാകുമ്പോള്‍ ആണ് കൂര്‍ക്കം വലിക്കുന്നത്. എന്നാലിത് അമിതമാകുമ്പോള്‍ സ്ലീപ് അപ്നിയ സംശയിക്കാം. ഉറക്കത്തില്‍ ശരീരത്തിലേക്ക് വായൂ പ്രവാഹം കുറയുന്നത് ഒരു ആരോഗ്യപ്രശ്‌നമാണ്.

ആയുർവേദ ചികിത്സ
----------------------------------

നിങ്ങൾക്ക് ഒരു സുഖനിദ്ര ലഭിക്കണമെങ്കിൽ അത് കിട്ടുവാൻ വേണ്ടി വളരെ ഫലപ്രദമായ ആയുർവേദ ചികിത്സ ഇന്ന് ലഭ്യമാണ്. വിവിധ തരം ആയുർവേദത്തിൽ ഔഷധങ്ങളും ആയുർവേദ ശാസ്ത്രത്തിൽ പറയുന്ന പഞ്ചകർമ്മ ചികിത്സയും മറ്റു പല പാരമ്പര്യ കേരളീയ ചികിൽസാരീതികളും സുഖനിദ്ര ലഭിക്കാൻ നിങ്ങളെ സഹായിക്കും.
ആയുർവേദ ചികിത്സകൾ ആയ ശിരോഭ്യംഗം, തൈലധാര, തക്രധാര, പിചു, നസ്യം, തളം, ഞവരക്കിഴി, കായ സേകം, സ്നേഹവസ്തി മുതലായ ചികിത്സാരീതികൾ ഉറക്കമില്ലായ്മയും അതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ വളരെ നല്ലതാണ്. അതുപോലെതന്നെ ആയുർവേദൗഷധങ്ങൾ ആയ സാരസ്വതാരിഷ്ടം, മാനസമിത്രവടകം അശ്വഗന്ധാരിഷ്ടം, പഞ്ചഗവ്യഘൃതം, വാതകുലാന്തക രസം, ക്ഷീരബല തൈലം, ചന്ദനാദി തൈലം, തുംങ്കധൂമാദി തൈലം, ക്ഷീരബല ആവർത്തി, ഗന്ധർവഹസ്താദി കഷായം, സ്മൃതിസാഗര രസം മുതലായ ഔഷധങ്ങളും വൈദ്യ നിർദ്ദേശാനുസരണം നിദ്രാ സംബന്ധമായ അസുഖങ്ങളിൽ ഉപയോഗിക്കാവുന്നതാണ്.
ഉറക്കമില്ലായ്മ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവർക്ക് അതിന്റെ പ്രയാസങ്ങൾ നന്നായി അറിയാൻ സാധിക്കും. ആന്തരികവും ബാഹ്യവുമായ കാരണങ്ങൾ ഉറക്കത്തെ ബാധിക്കും. ശാരീരിക രോഗങ്ങൾ കൊണ്ടു മനസ്സിൽ ഉണ്ടാകുന്ന വിഷാദ ആകുലചിന്തകൾ, ആകാംക്ഷ, ഉത്കണ്ഠ, മാനസിക സംഘർഷങ്ങൾ, നിഷേധാത്മക ചിന്തകൾ, കുറ്റബോധം തുടങ്ങിയ കാരണങ്ങൾ ഉറക്കമില്ലായ്മയുണ്ടാക്കും.
ജീവിതശൈലി രോഗങ്ങൾക്ക് ഒരു പ്രധാന കാരണം ഉറക്കകുറവാണ് എന്നത് പ്രത്യേകം ഓർക്കണം. നിദ്ര നാശം മൂലം നിങ്ങൾക്ക്
ഹൃദ്രോഗവും, പ്രമേഹം, രക്ത സമർദ്ദവും, ഓർമക്കുറവ്
ഏകാഗ്രതക്കുറവ്,  ചർമത്തിന്റെ ആരോഗ്യം നഷ്ടപ്പെടൽ, അമിതഭാരം, ഹൃദ്രോഗം
പ്രതിരോധശേഷിക്കുറവ്
ലൈംഗികപ്രശ്നങ്ങൾ
പ്രമേഹം, മലബന്ധം മുതലായ ഹായ് പലതരം അസുഖങ്ങളും ഉണ്ടാകാം. അതിനാൽ ഉറക്കത്തിന് കാര്യത്തിൽ വിട്ടുവീഴ്ചകൾ വേണ്ട കാരണം നിങ്ങളുടെ  ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സുഖനിദ്ര അനിവാര്യമാണ്.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Comments