യൂദാസ് എന്ന ആത്മവഞ്ചകൻ

യൂദാസിനെ ആത്മവഞ്ചനയുടെ പ്രതീകമായിട്ടാണ്‌ ഈ ലോകം കാണുന്നത്.
''യൂദാസ്"എന്ന ആത്മവഞ്ചകന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം ആണ് എന്റെ ഈ ലേഖനം. യേശു തിരഞ്ഞെടുത്ത പന്ത്രണ്ട്‌ ശിഷ്യരിലൊരുവന്‍ ആയിരുന്നു യുദാസ്‌ എന്ന് വിളിക്കപ്പെടുന്ന യുദാസ്‌ സ്‌കറിയോത്ത.മറ്റ്‌ ശിഷ്യരെ പോലെ യേശുവിനെ മുന്ന് വര്‍ഷക്കാലവും അനുഗമിച്ചവന്‍, ഗുരുമൊഴികള്‍ സ്വന്തം കാതുകളിലൂടെ ശ്രവിച്ചവന്‍, ചെയ്തികള്‍ സൂക്ഷിച്ചു വീക്ഷിച്ചവന്‍. അവിടുത്തെ അനന്തമായ കരുണ അനുഭവിച്ചവന്‍. പണത്തോട്‌ പ്രത്യേക താത്പര്യം കാണിച്ചതിനാലാവാം അത്‌ മാറാനായി ശിഷ്യസമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള പണക്കിഴി ഗുരു അവനെ ഏല്‍പ്പിച്ചത്‌.

മറ്റു ശിഷ്യരോടൊപ്പം അവനേയും എല്ലാ കഴിവുകളോടും അധികാരത്തോടും കൂടെ ശുശ്രൂഷക്കായി ഗുരു പറഞ്ഞയക്കുന്നുണ്ട്‌. ഒടുവില്‍ അന്ത്യാത്താഴവേളയില്‍ യേശു സ്വന്തം ശരീരവും രക്തവുമാണ്‌ പങ്കുവയ്കുന്നതെന്ന വചനങ്ങളോടെ യൂദാസിനും കൊടുക്കുന്നുണ്ട്‌ അപ്പവും വീഞ്ഞും. പക്ഷെ ഇതുകഴിഞ്ഞ്‌ ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ചുംബനത്തിലൂടെ ഗുരുവിനെ പടയാളികള്‍ക്ക്‌ കാണിച്ചുകൊടുത്ത്‌ അവന്‍ ഒറ്റിക്കൊടുക്കുന്നു. ഇടനെഞ്ച്‌ പൊടിഞ്ഞ്‌ ഗുരു അവനോട്‌ ചോദിക്കുന്നുണ്ട്‌ "യൂദാസേ, ചുംബനംകൊണ്ടോ നീ മനുഷ്യപുത്രനെ ഒററിക്കൊടുക്കുന്നത്‌?
ലൂക്കാ 22 : 48."

ദൈവമനുഷ്യസൗഹൃദത്തിന്റെ പരമപരിശുദ്ധമായ ബന്ധത്തോട്‌ മറ്റൊരു മനുഷ്യന്റെ ആത്മവഞ്ചന. ഒടുവില്‍ കുറ്റബോധത്താല്‍ നിരാശയിലേക്ക്‌ കൂപ്പുകുത്തി അവന്‍ ഒരു മരത്തില്‍ കെട്ടിതൂങ്ങി ചത്തു എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു
യേശുവിന്റെ  കൂടെ നടന്നു വഞ്ചിച്ച് ഒറ്റിക്കൊടുത്ത ശേഷം യൂദാസ്സിന് അതികഠിനമായ നിരാശ ഉണ്ടായിരുന്നു, അതാണ് പിന്നീട് അദ്ദേഹത്തെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു എന്നതാണ് ശരിയായ വസ്തുത എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. യേശുവിന്റെ 12 ശിഷ്യന്മാരിൽ ഒരാളായിരുന്നു യൂദാസ് സ്കറിയോത്ത എന്നും യേശുവിനെ യൂദാസ് 30 വെള്ളിക്കാശിനു വേണ്ടി ഒറ്റുകൊടുത്തുവെന്ന് ബൈബിൾ പറയുന്നു. യൂദാസ് ഗലീലിക്കാരനായിരുന്നുവെന്നും ശിമയോൻ സ്കറിയോത്ത എന്നയാളിന്റെ മകനായിരുന്നുവെന്നും ബൈബിൾ പറയപ്പെടുന്നു.

യൂദാസ് തൂങ്ങി ചത്തതോ അതോ നിലത്തു വീണു മരിച്ചതോ?
-------------------------------------------------------------------

"അവനെ ഒറ്റിക്കൊടുത്ത യൂദാസ്‌ അവന്‍ ശിക്‌ഷയ്‌ക്കു വിധിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ പശ്‌ചാത്തപിച്ച്‌ ആ മുപ്പതുവെള്ളിനാണയങ്ങള്‍ പ്രധാനപുരോഹിതന്‍മാരെയും പ്രമാണിമാരെയും ഏല്‍പിച്ചുകൊണ്ടു പറഞ്ഞു. നിഷ്‌കളങ്കരക്‌തത്തെ ഒറ്റിക്കൊടുത്ത്‌ ഞാന്‍ പാപം ചെയ്‌തിരിക്കുന്നു. അവര്‍ അവനോടു പറഞ്ഞു: അതിനു ഞങ്ങള്‍ക്കെന്ത്‌? അതു നിന്റെ കാര്യമാണ്‌. വെള്ളിനാണയങ്ങള്‍ ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞിട്ട്‌ അവന്‍ പോയി കെട്ടി ഞാന്നു ചത്തു.
(മത്തായി 27 :3-5)"

"എന്നാല്‍, അവന്‍ തന്‍െറ ദുഷ്‌കര്‍മത്തിന്‍െറ പ്രതിഫലംകൊണ്ട്‌ ഒരു പറമ്പു വാങ്ങി. അവന്‍ തലകുത്തി വീണു; ഉദരം പിളര്‍ന്ന്‌ അവന്‍െറ കുടലെല്ലാം പുറത്തു ചാടി. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 18)"

ഇവിടെ എനിക്ക് യൂദാസിന്റെ മരണത്തെ കുറിച്ച് കൂടുതൽ ശരീയായി തോന്നിയത് ഞാൻ പറയാം. യൂദാസ് മരിക്കാനായി മരക്കൊമ്പിൽ തൂങ്ങുന്നു. മരിക്കുന്നു അല്ലെങ്കില്‍ മരിക്കുന്നതിനു മുമ്പോ ഒന്നുങ്കില്‍ കൊമ്പ്  ഒടിഞ്ഞ് അല്ലെങ്കിൽ കയറ് പൊട്ടി നിലത്തു പാറയിൽ വീഴുന്നു. ആ വീഴ്ചയുടെ ആഘാതത്തിൽ വയ്യറ് പിളർന്ന്  ചിന്നഭിന്നമായി തീർന്ന് അതിദാരുണമായി മരിക്കുന്നു.

അരാണ് കുശവന്റെ പറമ്പ് വാങ്ങിയത്, പുരോഹിതരോ അതോ യൂദാസോ?
--------------------------------------------------------------

(അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 18)" പ്രകാരം യൂദാസാണ് സ്ഥലം വാങ്ങിക്കുന്നത്...

(മത്തായി 27 :6-7)" പ്രകാരം പുരോഹിതന്മാരാണ് അതു വാങ്ങിക്കുന്നത്.

ഇവിടെ കുശവന്റെ പറമ്പ് വാങ്ങിയതിനെ കുറിച്ച് എനിക്ക് കൂടുതൽ ശരിയായ തോന്നിയ കാര്യം ഞാൻ പറയാം. ഇവിടെ സത്യത്തില്‍ സഭവിച്ചിരിക്കുക പുരോഹിതര്‍ തന്നെയാണ് സ്ഥലം വാങ്ങിയത്, പക്ഷേ പണം അവരുടെതല്ലായിരുന്നു. ആയിരുന്നുവെങ്കില്‍ അവര്‍ക്ക് അത് ഭണ്ഡാരത്തില്‍ ഇടാമായിരുന്നു.യൂദാസ് ഒറ്റികൊടുക്കലിലൂടെ നേടിയ ചതിവിന്റെ പണമായതിനാലാണ് അവര്‍ അത് ചെയ്യാതിരുന്നത്. അവരുടെ പണമായിരുന്നുവെങ്കില്‍ പരദേശികളെ സംസ്കരിക്കാനായി അവര്‍ സ്ഥലം വാങ്ങി അതു നഷ്ടപ്പെടുത്തും എന്നു തോന്നുന്നില്ല
ഒരു പക്ഷേ യൂദാസിന്റെ പേരില്‍ തന്നെയായിരിക്കും യഹൂദര്‍ ആ സ്ഥലം വാങ്ങിയത്.ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ കാണാം യഹൂദര്‍ ആ പണത്തെ എങ്ങിനെ കാണുന്നു എന്ന് അതിനെ അവർ നീതിമാന്റെ രക്തത്തിന്റെ പണം എന്നാണ് പറയുന്നത്. ഒരു നിരപരാധിയുടെ രക്തത്തിന്റെ വില ആയതിനാലാണ് പീലാത്തോസു പോലും കൈകഴുകുന്നത് അത് ആ നീതിമാന്റെ രക്തത്തില്‍ പങ്കുചേരാതിരിക്കാനാണ്. അങ്ങിനെയുള്ള പണം സ്വന്തമാക്കാന്‍ പുരോഹിതര്‍ ഒരിക്കലും തയ്യാറാകുമായിരുന്നില്ല. അതു കൊണ്ടു കൂടിയാകണം പറമ്പ് യൂദാസിന്റെ പേരില്‍ വാങ്ങിയത്.

യൂദാസ് എന്ന ധനമോഹി
--------------------------------------

യൂദാസിനെ പണത്തിനോട് അത്യാർത്തി ഉണ്ടായിരുന്നു എന്നത് ബൈബിളിൽ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ചില ഉദാഹരണങ്ങൾ ഞാൻ താഴെ പറയുന്നു:-

പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസ്‌ സ്‌കറിയോത്താ പ്രധാന പുരോഹിതന്‍മാരുടെ അടുത്തു ചെന്നു ചോദിച്ചു:
(മത്തായി 26 : 14)

ഞാന്‍ അവനെ നിങ്ങള്‍ക്ക്‌ ഏല്‍പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക്‌ എന്തു തരും? അവര്‍ അവന്‌ മുപ്പതുവെള്ളിനാണയങ്ങള്‍ വാഗ്‌ദാനം ചെയ്‌തു.
(മത്തായി 26 : 15)

അപ്പോള്‍ മുതല്‍ അവന്‍ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ അവസരം അന്വേഷിച്ചുകൊണ്ടിരുന്നു.

(മത്തായി 26 : 14-16)

.........................................................

ബൈബിളിൽ നിന്ന് ഒരുദാഹരണം കൂടി

മറിയം വിലയേറിയതും ശുദ്‌ധവുമായ ഒരു കുപ്പി നാര്‍ദിന്‍ സുഗന്‌ധതൈലമെടുത്ത്‌ യേശുവിന്‍െറ പാദങ്ങളില്‍ പൂശുകയും തന്‍െറ തലമുടികൊണ്ട്‌ അവന്‍െറ പാദങ്ങള്‍ തുടയ്‌ക്കുകയും ചെയ്‌തു. തൈലത്തിന്‍െറ പരിമളംകൊണ്ടു വീടു നിറഞ്ഞു.
യോഹന്നാന്‍ 12 : 3

അവന്‍െറ ശിഷ്യന്‍മാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ്‌ സ്‌കറിയോത്താ പറഞ്ഞു:
യോഹന്നാന്‍ 12 : 4

എന്തുകൊണ്ട്‌ ഈ തൈലം മുന്നൂറു ദനാറയ്‌ക്കു വിറ്റു ദരിദ്രര്‍ക്കു കൊടുത്തില്ല?
യോഹന്നാന്‍ 12 : 5

അവന്‍ ഇതു പറഞ്ഞത്‌ അവനു ദരിദ്രരോടു പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവന്‍ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്‍െറ കൈയിലായിരുന്നതുകൊണ്ടും അതില്‍ വീഴുന്നതില്‍നിന്ന്‌ അവന്‍ എടുത്തിരുന്നതുകൊണ്ടുമാണ്‌.
യോഹന്നാന്‍ 12 : 6

ഈ ബൈബിൾ വചനങ്ങളിൽ നിന്നെല്ലാം നമുക്ക് യൂദാസിന് പണത്തിനോടുള്ള ആർത്തി എത്രമാത്രമെന്ന് വ്യക്തമാകും. പണത്തിനു വേണ്ടി മാത്രമാണ് യൂദാസ് യേശുവിനെ ഒറ്റു കൊടുത്ത്. ആ ആത്മവഞ്ചകൻ അവസാനം അവന്റെ ശിക്ഷ സ്വയം ഏറ്റുവാങ്ങി എന്നതാണ് സത്യം.

എന്താണ്‌ യൂദാസ്‌ ചെയ്ത തെറ്റ്‌?
----------------------------------------------------

പത്രോസും യൂദാസും ഒരു പോലെ തെറ്റ്‌ ചെയ്തവരാണ്‌, പത്രോസ്‌ ഗുരുവിനെ തള്ളിപറഞ്ഞു യുദാസ് ചുംബനം കൊണ്ട്‌ അവനെ കാണിച്ചു കൊടുത്തു.ഗുരുവിനെ തള്ളിപറയുമ്പോള്‍ സ്വന്തം ശരീരം എങ്ങനെ രക്ഷിക്കാമെന്നെ പത്രോസ്‌ ചിന്തിച്ചിട്ടുണ്ടാവുകയൊള്ളു, യൂദാസാവട്ടെ എങ്ങനെ ഗുരുവിനെ വിറ്റ്‌ കാശാക്കാമെന്നു കൂടി ചിന്തിച്ചു. തെറ്റുകള്‍ മാനുഷികമാണ്‌, അതിന്റെ ഗൗരവം വസ്തുതകള്‍ക്കനുസരിച്ച്‌ കൂടിയും കുറഞ്ഞുമിരിക്കും. കുറ്റം ചെയ്തവന്‌ ആദ്യം തോന്നുക തെറ്റിനെക്കുറിച്ചുള്ള തിരിച്ചറിവാണ്‌.

ഇത്‌ മനസാക്ഷിയുടെ സ്വരമാണ്‌, ഇരുവര്‍ക്കും അതുണ്ടായി എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ഇവിടെനിന്നും രണ്ടു വഴികള്‍ ഉണ്ട്‌; ഒന്ന് ദൈവത്തിന്റെ കരുണയിലാശ്രയിച്ച്‌ പശ്ചാതാപത്തിന്റെ വഴി. രണ്ട്‌, പാപികളെ തേടി വന്നവന്റെ അലിവിന്റെ മുഖം കാണാതെ ആത്മനാശത്തിന്റെ വഴിയിലൂടെയുള്ള യാത്ര. ഒന്നു ദൈവികകരുണയെക്കുറിച്ചുള്ള പ്രത്യാശയിലേക്കും തുടര്‍ന്ന് അത് നിത്യജീവനിലേക്കും മനുഷ്യനെ കൈപിടിച്ചുയര്‍ത്തുമ്പോള്‍ മറ്റൊന്ന് കനത്ത നിരാശയിലേക്കും തുടര്‍ന്ന് മരണത്തിലേക്കും അവനെ വഴിനയിക്കുന്നു.

ഈ തിരഞ്ഞെടുപ്പിലാണ്‌ യൂദാസിന്‌ അടിസ്ഥാനപരമായ തെറ്റ്‌ സംഭവിച്ചത്‌. ഹൃദയമുരുകുന്ന എളിമയാണ്‌ യതാര്‍ത്ഥ പശ്ചാതാപം. പത്രോസ്‌ മനം നൊന്ത്‌ കരഞ്ഞു എന്ന് സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ യൂദാസാവട്ടെ തന്റെ തെറ്റുകള്‍ക്കുപരിയായ ദൈവത്തിലേക്കു വിശ്വാസത്തോടെ മനമുയര്‍ത്താതെ തന്നില്‍ തന്നെ കുരുങ്ങി കിടന്ന് അവൻ ജീവിതം അവസാനിപ്പിച്ചു. അതായത്‌ ഗുരുവിനെ ഒറ്റികൊടുത്തതിനു ശേഷവും അവന്‌ രക്ഷക്ക്‌ മാര്‍ഗ്ഗമുണ്ടായിരുന്നു. കാരണം യൂദാസിനും വേണ്ടി കൂടിയാണ്‌ യേശു കുരിശില്‍ മരിച്ചത്‌, അവന്റേയും പാപപൊറുതിക്കു വേണ്ടി, പക്ഷെ അതുമവന്‍ നിഷേധിച്ചു.

അവന്റെ മുന്‍പില്‍ വാക്കിലൂടേയും പ്രവൃത്തിയിലൂടേയും തന്നെ വെളിപ്പെടുത്തിയിരുന്ന ദൈവത്തില്‍ യൂദാസ് വിശ്വാസമര്‍പ്പിച്ചില്ല. ചുങ്കകാരോടും പാപികളോടുമുള്ള യേശുവിന്റെ കാരുണ്യമൂറുന്ന മനോഭാവവും പാപമോചനവും ജീവിതത്തിലേക്കുള്ള തിരിച്ചുവരവും നേരിട്ടു ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചവനാണ്‌. എന്നിട്ടും സ്വന്തം ജീവിതത്തില്‍ അവിടുത്തെ ഈ കരുണയില്‍ അവന്‍ പ്രത്യാശ വച്ചില്ല. മറിച്ച്‌ ദൈവത്തിന്റെ ദാനമായ സ്വന്തജീവനെ നിഷേധിച്ച്‌ അവന്‍ ആത്മഹത്യ എന്ന് കുറുക്ക് വഴി തെരഞ്ഞെടുക്കുകയാണ് ചെയ്തത്. ഇതാണ് ദൈവനിഷേധി ആയ യൂദാസിന്റെ ആത്മവഞ്ചനയെ കുറിച്ച് എനിക്ക് നിങ്ങളോട് പങ്കുവെക്കാനുള്ള ചില കാര്യങ്ങൾ. ഇന്ന് നമ്മുടെ ഇടയിലും ഒരുപാട് യൂദാസ്സുമാർ ജീവിച്ചിരിപ്പുണ്ട്, ചെയ്ത തെറ്റിനെ കുറിച്ച് കുറ്റബോധം ഉണ്ടായിരുന്നിട്ടും പശ്ചാത്തപിച്ച് പുതിയ ഒരു ജീവിതം തുടങ്ങാതെ ഈ ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ ആത്മഹത്യ എന്ന പോംവഴി തിരഞ്ഞെടുക്കുന്നവർ.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

Comments