Random Post

ഒരു പാതിരിയുടെ കഥ

ഒരു പാതിരിയുടെ കഥ
---------------------------------------

വൈകിട്ടത്തെ സായാഹ്ന സവാരി എല്ലാം കഴിഞ്ഞു ഫാദർ പോൾ പള്ളിമേടയിൽ വിശ്രമിക്കുകയായിരുന്നു. കയ്യിലൊരു കൊന്തയും പിടിച്ചു പ്രാർത്ഥിച്ചിരുന്ന അച്ഛന്റെ പ്രാർത്ഥനയെ തടസ്സപ്പെടുത്തി കൊണ്ട് മേശക്കു മുകളിൽ ഉള്ള ഫോൺ ശബ്ദിച്ചു ധ്യാനത്തിൽ ആയിരുന്നു അച്ഛൻ കണ്ണുതുറന്നു തെല്ലൊരു നീരസത്തോടെ കൂടി തന്റെ പ്രാർത്ഥന തടസ്സപ്പെടുത്തിയ ഫോണെടുത്തു.

മറുഭാഗത്ത് ഒരാൾ വലിയ വെപ്രാളത്തോട് കൂടി ഉറക്കെ കരഞ്ഞ് പറയുന്നു " അച്ചോ ഞങ്ങളെ രക്ഷിക്കണം മകൾ കുറച്ചുദിവസമായി വളരെ വയലന്റായി ആയി പെരുമാറുന്നു, അവൾക്കു യാതൊരു നിയന്ത്രണവുമില്ല, അസഭ്യം പറയുന്നു എന്തോ ഒരു പിശാച് കൂടിയ പോലെ അവൾ ഞങ്ങൾ പ്രാർത്ഥിക്കുമ്പോൾ അലറി വിളിക്കുന്നു. അച്ഛൻ എന്തെങ്കിലും ചെയ്യണം ഞങ്ങൾ ഒരു കാർ വിളിച്ച് പള്ളിയിലേക്ക് വരികയാണ്" ഒരു നിമിഷം നിശബ്ദമായി ഇരുന്നതിനു ശേഷം  ഉൾവിളി എന്നോണം അച്ഛൻ പറഞ്ഞു " വന്നോളൂ ഞാൻ പള്ളിയിലുണ്ടാകും " അച്ഛനിത് പറഞ്ഞപ്പോഴേക്കും പെട്ടെന്ന് കറണ്ട് പോയി പുറത്ത് പതിവില്ലാതെ നല്ല കാറ്റ് വീശി ജനലുകൾ കൊട്ടി അടഞ്ഞു.

തനിക്ക്  മുമ്പിൽ പ്രത്യക്ഷപ്പെട്ട അടയാളങ്ങളൊന്നും നന്നല്ല എന്നു തോന്നിയപ്പോൾ അച്ഛൻ പുറത്ത് ചെന്ന് പള്ളിപ്പരിസരത്ത് സംസാരിച്ച് കൊണ്ടിരിക്കുന്ന കൈക്കാരൻമാരോടും ഏതാനും യുവാക്കളോടും അവിടം വിട്ട് പോകേണ്ട ഒരു യുവതിയെ ചെറിയ  ബുദ്ധിമുട്ടുകൾ ഒക്കെയായിട്ട് പള്ളിയിലേക്ക് കൊണ്ടു വരുന്നുണ്ടെന്ന് പറഞ്ഞു. അച്ഛന്റെ മുഖത്ത് പതിവില്ലാത്ത ഭയവും, ആകുലതയും കണ്ട് അവരാരും പള്ളിയിൽ നിന്ന് പോകുന്നില്ല എന്ന് പറഞ്ഞു. അച്ഛൻ പള്ളിക്കകത്ത് വിശുദ്ധ കുർബാന എഴുന്നള്ളിച്ച് വെച്ച് പ്രാർത്ഥിച്ചതിന് ശേഷം തന്റെ പോക്കറ്റിലുള്ള ചെറിയ ഒരു ചെപ്പിൽ വിശുദ്ധ കുർബാന എടുത്ത് അടച്ച് അത് തന്റെ പോക്കറ്റിൽ സൂക്ഷിച്ചു.

ഇനി അച്ഛനെ കുറിച്ച് പറയാം അച്ഛൻ ബനഡിക്റ്റൻ ആശ്രമത്തിൽ നിന്ന് പൈശാചിക ബന്ധനങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച വ്യക്തിയാണ് പലരും ഇതിനു മുമ്പ് അച്ഛന്റെ അടുത്തു വന്നു രക്ഷപ്പെട്ടിട്ടുണ്ട് അതിനാലാണ് ആ കുടുംബം അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ അച്ഛനെ  സമീപിക്കാൻ തീരുമാനിച്ചത്. സമയം ഏകദേശം എട്ടുമണി കഴിഞ്ഞ കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാർ വരുന്ന ശബ്ദം കേട്ടു അതിന്റെ അകത്തുനിന്ന് ഒരു സ്ത്രീ അലറിവിളിക്കുന്ന ശബ്ദം ദൂരെനിന്നുതന്നെ കേൾക്കാൻ പറ്റുമായിരുന്നു.

കാർ പള്ളി കോമ്പൗണ്ടിൽ കടന്നു ഒരു സൈഡിൽ നിർത്തി അപ്പോൾ ആ സ്ത്രീ കാറിൽ നിന്നും ഉറക്കെ വിളിച്ചു പറഞ്ഞു " ഈ കാറിൽ നിന്നും ഞാൻ ഇറങ്ങില്ല എനിക്ക് ചുറ്റും തീയാണ്  എന്നെ നിങ്ങൾ തീയിൽ ചുട്ട് കൊല്ലും എനിക്ക് എന്റെ വീട്ടിൽ പോണം, എനിക്ക് ചുറ്റും തീയാണ് ഞാൻ കാറിൽ നിന്നും ഇറങ്ങില്ല നിങ്ങളെന്നെ തീയിൽ ചുട്ട് കൊല്ലും". അവളുടെ പേര് കാതറിൻ ഡിഗ്രിക്ക് പഠിക്കുന്നതിനിടയിൽ ചില സീക്രട്ട് ഗ്രൂപ്പുകളിൽ പോയി അവൾ ഒരു രസത്തിന് പൈശാചിക ആരാധനകൾ നടത്തിയിരുന്നു അതാണ് അവളെ ഈ അവസ്ഥയിൽ എത്തിച്ചത്.

അവളുടെ മാതാപിതാക്കളും പള്ളിയിൽ ഉണ്ടായിരുന്നു രണ്ടു കൈക്കാരന്മാരും ചേർന്നു ആ യുവതിയെ കാറിൽ നിന്ന് പിടിച്ചിറക്കി. അവർക്കാർക്കും പിടിച്ചുനിർത്താൻ കഴിയാത്ത വണ്ണം അസാമാന്യമായ ബലമായിരുന്നു അവൾക്ക്. കാറിൽ നിന്നും വലിച്ചിറക്കി പുറത്തു നിർത്തിയപ്പോൾ കാതറിൻ ഉറക്കെ വിളിച്ചു പറഞ്ഞു ''എനിക്ക് പൊള്ളുന്നു എനിക്ക് പൊള്ളുന്നു എന്നെ നരകത്തിലേക്ക് വിടരുത് എന്നോട് ദയ കാണിക്കണം" ഇതെല്ലാം കണ്ട് ഫാദർ പോൾ ഒന്നു പതറിയെങ്കിലും തന്റെ കൊന്ത മുറുകെപ്പിടിച്ചു പ്രാർത്ഥിച്ചു കൊണ്ടിരുന്നു.

അച്ഛൻ മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി ഫാദർ അടുത്തുവരുന്തോറും  അവൾ ഉറക്കെ വിളിച്ചു പറഞ്ഞു "അയ്യോ അമ്മേ എനിക്ക് ചൂട് കൂടുന്നു എന്റെ ശരീരം പൊള്ളുന്നു  അച്ഛനോട് ദൂരം പോകാൻ പറ" ഇതുകേട്ട് ആ കുട്ടിയുടെ അമ്മ "എന്റെ പൊന്നു മോളെ എല്ലാം ശരിയാകും" എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു. ഇത് കേട്ടതും അവൾ അട്ടഹസിച്ച് അലറിക്കൊണ്ട് പറഞ്ഞു " ഒന്നും ശരിയാവില്ല നിങ്ങൾക്ക് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല" ഇതെല്ലാം കേട്ട് യാതൊരു പതർച്ചയും കൂടാതെ ഫാദർ മെല്ലെ നടന്നു അവളുടെ അരികിലേക്ക് എത്തി എന്നിട്ട് തന്റെ കയ്യിലുള്ള ബനഡിക്റ്റൻ കുരിശ് അവളുടെ തലയിൽ വച്ച് പ്രാർത്ഥിച്ചു

"കർത്താവായ യേശുവേ,അങ്ങ് കുരിശില്‍ ചിന്തിയ തിരുരക്തത്തിന്‍റെ യോഗ്യതായാലും കുരിശിലെ വിജയത്താലും അങ്ങയോട് ഐക്യപ്പെട്ട് പ്രാര്‍ത്ഥിക്കുന്ന എന്റെയും ഈ കുടുംബത്തിന്റെയും പ്രാർത്ഥന കേട്ടു അങ്ങ് കാതറിൻ എന്ന പിശാചിക ബന്ധനത്തിലുള്ള ഈ കിട്ടിയേ അങ്ങയുടെ തിരുരക്തം കൊണ്ട് പൊതിഞ്ഞു അവളുടെ പൈശാചിക ബന്ധനത്തിൽ നിന്ന് മോചിപ്പിക്കുവാൻ കരുണ കാണിക്കണേ. ഇവളെ ഉപദ്രവിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ദുഷ്ട പിശാച്ചുക്കളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ബന്ധിച്ച് അവിടുത്തെ പാദപീഠത്തിങ്കല്‍ വെയ്ക്കുന്നു നിത്യ നരകത്തിലേക്ക് പോവുക"

അതിനുശേഷം ഫാദർ അവളുടെ ദേഹത്ത് ഹന്നാൻ വെള്ളം തെളിച്ചിട്ട് പറഞ്ഞു "കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ നിന്നെ ഞാൻ ബന്ധിക്കുന്നു ഈ ആത്മാവിനെ വെറുതെ വിടുക" അത് പറഞ്ഞ ഉടനെ ഒരു വലിയ അലർച്ചയോട് കൂടി അവൾ ബോധരഹിതയായി നിലത്തു വീണു. ഇത് കണ്ട് ചുറ്റും കൂടിയവർ എല്ലാം ഭയപ്പെട്ടു പുറകോട്ട് മാറി, എങ്ങും തളംകെട്ടിനിൽക്കുന്ന ഭയപ്പെടുത്തുന്ന നിശബ്ദത. ഇതെല്ലാം കണ്ടു എന്ത് പറയണം എന്നറിയാതെ എല്ലാവരും പരസ്പരം നോക്കി എന്നാൽ അപ്പോഴും ഫാദർ  നിശബ്ദമായ പ്രാർത്ഥനയിൽ ആയിരുന്നു. കുറച്ചുനേരം കഴിഞ്ഞ് ആ കുട്ടി കണ്ണ് തുറന്നു. അവൾ ഇപ്പോൾ ആ പഴയ കാതറിൻ അല്ല അവളുടെ മുഖത്ത് ദൈവീകമായ ഒരു ശാന്തത ഉണ്ട് തനിക്ക് ചുറ്റും എന്താണ് സംഭവിച്ചതെന്ന് അറിയാതെ അവൾ എല്ലാവരെയും നോക്കി മെല്ലെ പുഞ്ചിരിച്ചു. 

അവിടെ എന്താണ് സംഭവിച്ചതെന്ന് അവൾക്ക് ഓർമ്മയില്ല ഇപ്പോൾ അവളോട് ഒന്നും പറയേണ്ട എന്ന് ഫാദർ അവളുടെ മാതാപിതാക്കളോട് നിർദേശിച്ചു. ആ കുട്ടിയുടെ അച്ഛനും അമ്മയും ഫാദറുടെ കൈകൾ പിടിച്ചു നന്ദിയോട് കൂടി കുറച്ചുനേരം  പൊട്ടികരഞ്ഞു. സമയം ഏറെ വൈകിയതിനാൽ അച്ഛൻ അവരെ ആശ്വസിപ്പിച്ചു പറഞ്ഞു "ഇനി വൈകണ്ട തിരിച്ചു പൊയ്ക്കോളൂ സമയം ഏറെ വൈകി കർത്താവിന്റെ ദൂതന്റെ സംരക്ഷണം ഇനി നിങ്ങളോടു കൂടെ ഉണ്ടാകും. ഇനി പേടിക്കാനൊന്നുമില്ല സമാധാനത്തോടും കൂടി പോവുക, സർവ്വശക്തനായ ദൈവത്തിനോട് നന്ദി പറയുക" ഇത് പറഞ്ഞ് അച്ഛൻ അവരെയെല്ലാം ആശ്വസിപ്പിച്ചു യാത്രയാക്കി.

അവിടെ സഹായത്തിനുണ്ടായിരുന്ന കൈക്കാരന്മാർക്കും, യുവാക്കൾക്കും അപ്പോഴും അവിടെ നടന്ന സംഭവങ്ങളുടെ  ഞെട്ടൽ മാറിയിട്ടില്ല. അതിൽ ഒരു യുവാവ് തെല്ല് ഭയത്തോടുകൂടി ഫാദറിന്റെ അടുത്തു വന്നു ചോദിച്ചു  "അപ്പോൾ പിശാച് ഒക്കെ ശരിക്കും ഉള്ളതാണ് അല്ലേ ഫാദർ" അതിനുള്ള ഫാദർ പോളിന്റെ മറുപടി  ശാന്തമായ ഒരു ചെറുപുഞ്ചിരി മാത്രം. സമയം ഏറെ വൈകിയതിനാൽ അവരോടെല്ലാം ഇനി ഇവിടെ നിൽക്കണ്ട സ്വന്തം ഭവനങ്ങളിലേക്ക് പൊയ്ക്കൊള്ളുക എന്ന് പറഞ്ഞ് തന്റെ മനസ്സിൽ ദൈവത്തെ സ്തുതിച്ച് ഫാദർ പോൾ പള്ളിമേടയിലേക്ക് മെല്ലെ നടന്നു.

നന്ദി

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഡോ. പൗസ് പൗലോസ് MS(Ay)

സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ

Post a Comment

0 Comments